ക്ഷീണിതർക്കു സ്നേഹനിർഭരമായ ഒരു ക്ഷണം
“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങൾ എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങൾക്കു നവോന്മേഷം പകരും.”—മത്തായി 11:28, NW.
1. യേശു തന്റെ മൂന്നാമത്തെ പ്രസംഗപര്യടനത്തിനിടയിൽ ഗലീലയിൽ എന്താണു കണ്ടത്?
പൊ.യു. (പൊതുയുഗം) 32-ന്റെ ആരംഭഘട്ടം. യേശു ഗലീല പ്രദേശത്തു തന്റെ മൂന്നാമത്തെ പ്രസംഗപര്യടനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അവൻ നഗരങ്ങൾതോറും ഗ്രാമങ്ങൾതോറും സഞ്ചരിച്ച് “അവരുടെ പള്ളികളിൽ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു.” അവൻ അതു ചെയ്യുന്നതിനിടയിൽ പുരുഷാരത്തെ “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു.”—മത്തായി 9:35, 36.
2. യേശു എങ്ങനെയാണു ജനത്തെ സഹായിച്ചത്?
2 എന്നാൽ, പുരുഷാരത്തോടു കേവലം മനസ്സലിവു കാട്ടുന്നതിലുമധികം യേശു ചെയ്തു. “കൊയ്ത്തിന്റെ യജമാന”നായ യഹോവയാം ദൈവത്തോടു പ്രാർഥിക്കാൻ തന്റെ ശിഷ്യന്മാരോടു നിർദേശിച്ചശേഷം ജനങ്ങളെ സഹായിക്കാൻ അവൻ അവരെ അയച്ചു. (മത്തായി 9:38; 10:1) എന്നിട്ട് യഥാർഥ ആശ്വാസത്തിനും സാന്ത്വനത്തിനുമുള്ള മാർഗത്തെപ്പറ്റി അവൻ ജനങ്ങൾക്ക് ഉറപ്പേകി. അവൻ വ്യക്തിപരമായി ഹൃദയോഷ്മളമായ ഈ ക്ഷണം അവർക്കു നൽകി: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങൾ എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങൾക്കു നവോന്മേഷം പകരും. എന്റെ നുകം ഏൽക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുക, എന്തുകൊണ്ടെന്നാൽ ഞാൻ സൗമ്യസ്വഭാവിയും ഹൃദയത്തിൽ എളിയവനുമാകുന്നു, നിങ്ങൾ നിങ്ങളുടെ ദേഹികൾക്കു നവോന്മേഷം കണ്ടെത്തും.”—മത്തായി 11:28, 29, NW.
3. യേശുവിന്റെ ക്ഷണം അന്നത്തെപ്പോലെ ഇന്നും ഹൃദ്യമായിരിക്കുന്നത് എന്തുകൊണ്ട്?
3 തങ്ങൾ അത്യന്തം ഭാരം ചുമക്കുകയും ചുമടു വഹിക്കുകയും ചെയ്യുന്നതായി അനേകർക്കും തോന്നുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. (റോമർ 8:22; 2 തിമൊഥെയൊസ് 3:1) ചിലരെ സംബന്ധിച്ചിടത്തോളം ഉപജീവനത്തിനായുള്ള ശ്രമങ്ങൾ അവരുടെ സമയത്തിന്റെയും ഊർജത്തിന്റെയും സിംഹഭാഗവും കാർന്നുതിന്നുന്നതിനാൽ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ മറ്റെന്തെങ്കിലും കാര്യ ത്തിനോവേണ്ടി ചെലവഴിക്കാൻ സമയം തീരെ അവശേഷിക്കുന്നില്ല. ഗുരുതരമായ രോഗം, കഷ്ടപ്പാടുകൾ, വിഷാദം എന്നിവയും ശാരീരികവും വൈകാരികവുമായ മറ്റു കാരണങ്ങളും നിമിത്തം അനേകരും നട്ടംതിരിയുന്നു. സമ്മർദം ഏറുമ്പോൾ ചിലർ ഉല്ലാസത്തേട്ടങ്ങളിലും തീറ്റിയിലും കുടിയിലും മയക്കുമരുന്നു ദുരുപയോഗത്തിൽപ്പോലും സ്വയം ആഴ്ന്നിറങ്ങിക്കൊണ്ട് ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നു. തീർച്ചയായും, ഇത് അവരെ ദൂഷിത വലയങ്ങളിലേക്ക് എറിയുകയും അവരുടെമേൽ കൂടുതൽ പ്രശ്നങ്ങളും സമ്മർദങ്ങളും വരുത്തുകയും മാത്രമേ ചെയ്യൂ. (റോമർ 8:6) യേശുവിന്റെ സ്നേഹനിർഭരമായ ക്ഷണം അന്നത്തെപ്പോലെ ഇന്നും ഒരുപോലെ ഹൃദ്യമാണ് എന്നതു സ്പഷ്ടമാണ്.
4. യേശുവിന്റെ സ്നേഹനിർഭരമായ ക്ഷണത്തിൽനിന്നു പ്രയോജനമനുഭവിക്കുന്നതിന് ഏതു ചോദ്യങ്ങൾ നാം പരിചിന്തിക്കണം?
4 എങ്കിലും, യേശുവിന്റെ നാളിലെ ജനങ്ങൾ അവന് അവരോടു കരുണതോന്നത്തക്കവിധം “കുഴഞ്ഞവരും ചിന്നിയവരുമായി” എന്തിനാണു കീഴ്പെട്ടിരുന്നത്? അവർ ചുമക്കേണ്ടിവന്ന ഭാരങ്ങളും ചുമടുകളും എന്തായിരുന്നു? യേശുവിന്റെ ക്ഷണം അവരെ സഹായിക്കുമായിരുന്നതെങ്ങനെ? ക്ഷീണിതർക്കുള്ള യേശുവിന്റെ സ്നേഹനിർഭരമായ ക്ഷണത്തിൽനിന്നു പ്രയോജനമനുഭവിക്കുന്നതിന് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നമുക്ക് ഏറെ സഹായകമായിരിക്കും.
‘അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും’
5. യേശുവിന്റെ ശുശ്രൂഷയിൽ നടന്ന ഈ സംഭവത്തെപ്പറ്റി അപ്പോസ്തലനായ മത്തായി സൂചിപ്പിച്ചത് ഉചിതമായിരുന്നത് എന്തുകൊണ്ട്?
5 യേശുവിന്റെ ശുശ്രൂഷയിൽ നടന്ന ഈ സംഭവത്തെപ്പറ്റി മത്തായി മാത്രമേ റിപ്പോർട്ടു ചെയ്തുള്ളൂ എന്നതു രസകരമാണ്. ലേവി എന്നും അറിയപ്പെട്ടിരുന്ന മത്തായി ഒരു നികുതി പിരിവുകാരനെന്ന നിലയിൽ, ജനങ്ങൾ വഹിക്കുന്ന ഒരു പ്രത്യേക ഭാരത്തെപ്പറ്റി നല്ല അറിവുള്ളവനായിരുന്നു. (മത്തായി 9:9; മർക്കൊസ് 2:14) യേശുവിന്റെ കാലത്തെ ദൈനംദിന ജീവിതം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “പണമായോ വസ്തുവകകളായോ [യഹൂദർ] കൊടുക്കേണ്ടിയിരുന്ന നികുതി അത്യന്തം ഭാരമുള്ളവയായിരുന്നു. ഒരേ സമയം രണ്ടു തരത്തിലുള്ള നികുതി, രാഷ്ട്രീയ നികുതിയും മത നികുതിയും, അടയ്ക്കേണ്ടിയിരുന്നതിനാൽ എല്ലാംകൊണ്ടും അവ അത്യന്തം ഭാരമുള്ളവയായിരുന്നു; അതിലൊന്നും ചെറുതായിരുന്നില്ല.”
6. (എ) യേശുവിന്റെ നാളിലുണ്ടായിരുന്ന നികുതി സമ്പ്രദായം എന്തായിരുന്നു? (ബി) നികുതി പിരിവുകാർക്ക് വളരെ ദുഷ്കീർത്തി ഉണ്ടായിരുന്നതിനു കാരണമെന്ത്? (സി) സഹക്രിസ്ത്യാനികളെ എന്ത് ഓർമിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് അപ്പോസ്തലനായ പൗലോസ് തിരിച്ചറിഞ്ഞത്?
6 ഇതെല്ലാം പ്രത്യേകിച്ചും ഭാരിച്ചതാക്കി തീർത്തത് അന്നത്തെ നികുതി സമ്പ്രദായമായിരുന്നു. റോമാ അധികാരികൾ സംസ്ഥാനത്തിൽ നികുതി പിരിക്കാനുള്ള അവകാശം ഏറ്റവും വലിയ ലേലക്കാർക്ക് ഏൽപ്പിച്ചു കൊടുത്തിരുന്നു. ലേലക്കാർ യഥാർഥ നികുതി പിരിവിന്റെ മേൽനോട്ടം വഹിക്കുന്നതിന് പ്രാദേശിക സമുദായങ്ങളിലുള്ളവരെ ഏർപ്പെടുത്തി. ഈ ശ്രേണിയിലുള്ള ഏവരും തന്റെ കമ്മീഷനോട് അല്ലെങ്കിൽ പങ്കിനോട് ഒരു ഭാഗം ചേർക്കുന്നതു തികച്ചും ഉചിതമായി കണക്കാക്കി. ദൃഷ്ടാന്തത്തിന്, “ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷ”നെപ്പറ്റി ലൂക്കോസ് വിവരിച്ചിരിക്കുന്നു. (ലൂക്കൊസ് 19:2) “ചുങ്കക്കാരിൽ പ്രമാണി”യായിരുന്ന സക്കായിയും അയാളുടെ മേൽനോട്ടത്തിൻ കീഴിലുള്ളവരും ജനങ്ങളെ പിഴിഞ്ഞെടുത്തു സമ്പന്നരായി. അത്തരം സമ്പ്രദായത്തിലൂടെ ഉരുത്തിരിഞ്ഞ ദുർവിനിയോഗവും അഴിമതിയും നികുതി പിരിവുകാരെ പാപികളുടെയും വേശ്യകളുടെയും തട്ടിൽപ്പെടുത്തി, മിക്കപ്പോഴും അവർ അത് അർഹിക്കുന്നതുമായിരുന്നു. (മത്തായി 9:10; 21:31, 32; മർക്കൊസ് 2:15; ലൂക്കൊസ് 7:34) തങ്ങൾക്കു താങ്ങാവുന്നതിൽ അധികമാണ് ആ ഭാരം എന്നു ജനങ്ങൾക്കു തോന്നിയതിനാൽ, റോമാക്കാരുടെ നുകത്തിൽ രോഷം കൊള്ളാതെ “എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം” എന്നു സഹക്രിസ്ത്യാനികളെ ഓർമിപ്പിക്കേണ്ട ആവശ്യകത അപ്പോസ്തലനായ പൗലോസ് തിരിച്ചറിഞ്ഞതിൽ അതിശയിക്കാനില്ല.—റോമർ 13:7എ; ലൂക്കൊസ് 23:2 താരതമ്യം ചെയ്യുക.
7. റോമാക്കാരുടെ ശിക്ഷാനിയമം ജനങ്ങൾക്കു ഭാരം കൂട്ടിയതെങ്ങനെ?
7 “ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം” എന്നും പൗലോസ് ക്രിസ്ത്യാനികളെ ഓർമിപ്പിച്ചു. (റോമർ 13:7ബി) ശിക്ഷാനിയമത്തിന്റെ ക്രൂരതയും കാഠിന്യവും നിമിത്തം റോമാക്കാർ പേരുകേട്ടവരാണ്. ആളുകളെ നേർവഴിക്കു കൊണ്ടുവരുന്നതിന്, ചാട്ടവാറുകൊണ്ടുള്ള അടിയും പ്രഹരങ്ങളും നിർദയമായ ജയിൽവാസവും വധവും സ്ഥിരം പരിപാടിയായിരുന്നു. (ലൂക്കൊസ് 23:32, 33; പ്രവൃത്തികൾ 22:24, 25) തങ്ങൾക്ക് ഉചിതമെന്നു തോന്നുമ്പോൾ അത്തരം ശിക്ഷ നൽകുന്നതിന് യഹൂദ മതനേതാക്കന്മാർക്കുപോലും അധികാരം നൽകിയിരുന്നു. (മത്തായി 10:17; പ്രവൃത്തികൾ 5:40) അത്തരമൊരു സമ്പ്രദായം അതിന്റെ കീഴിൽ ജീവിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം തീർച്ചയായും മർദകമായിരുന്നു, കുറഞ്ഞപക്ഷം അടിച്ചമർത്തുന്നതെങ്കിലുമായിരുന്നു.
8. മത നേതാക്കന്മാർ ജനങ്ങളെ ഭാരപ്പെടുത്തിയതെങ്ങനെ?
8 റോമാക്കാരുടെ നികുതി-നിയമങ്ങളെക്കാൾ കഷ്ടമായിരുന്നു പൊതു ജനങ്ങളുടെമേൽ അന്നത്തെ മതനേതാക്കന്മാർ വെച്ചിരുന്ന ഭാരം. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും” എന്നു യേശു ജനങ്ങളെ വിശേഷിപ്പിച്ചപ്പോൾ വാസ്തവത്തിൽ അവന്റെ മുഖ്യ താത്പര്യം ഇക്കാര്യത്തിലായിരുന്നെന്നു തോന്നുന്നു. പീഡിതർക്കു പ്രത്യാശയും ആശ്വാസവും പ്രദാനം ചെയ്യുന്നതിനു പകരം മതനേതാക്കന്മാർ “ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽകൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല” എന്ന് യേശു പറഞ്ഞു. (മത്തായി 23:4; ലൂക്കൊസ് 11:46) സുവിശേഷ ഗ്രന്ഥങ്ങളിൽ മതനേതാക്കന്മാരെ—പ്രത്യേകിച്ചു പരീശന്മാരെയും ശാസ്ത്രിമാരെയും—അഹങ്കാരികളും ഹൃദയശൂന്യരും കപടഭക്തരുമായ ഒരു വിഭാഗമെന്ന നിലയിൽ സ്പഷ്ടമായി ചിത്രീകരിച്ചിരിക്കുന്നത് ഏതൊരാൾക്കും വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. സാധാരണ ജനങ്ങളെ പഠിപ്പില്ലാത്തവരും അശുദ്ധരും ആയി അവർ കണ്ടു, തങ്ങളുടെ മധ്യേയുള്ള വിദേശികളെ അവർ പുച്ഛിച്ചു തള്ളി. അവരുടെ മനോനിലയെപ്പറ്റി ഒരു വ്യാഖ്യാനം ഇങ്ങനെ പറയുന്നു: “കുതിരപ്പുറത്ത് അമിതഭാരം കയറ്റുന്നവന് ഇക്കാലത്തു നിയമ പ്രകാരം തീരുവ ചുമത്താവുന്നതാണ്. മതപരമായ യാതൊരു പരിശീലനവും ലഭിക്കാത്ത ‘നിലത്തെ ആളുക’ളുടെ പുറത്ത് 613 കല്പനകൾ വെച്ചിട്ട് അവരെ സഹായിക്കാൻ യാതൊന്നും ചെയ്യാതെ അവരെ ദൈവവിചാരമില്ലാത്തവരെന്നു കുറ്റംവിധിക്കുന്ന ഒരുവനെ സംബന്ധിച്ചോ?” തീർച്ചയായും, മോശൈക ന്യായപ്രമാണമല്ല ജനത്തിന്റെമേൽ അടിച്ചേൽപ്പിച്ചിരുന്ന പാരമ്പര്യങ്ങളായിരുന്നു യഥാർഥ ഭാരം.
കഷ്ടപ്പാടിന്റെ യഥാർഥ കാരണം
9. യേശുവിന്റെ നാളിലെ ജനങ്ങളുടെ അവസ്ഥ ശലോമോൻ രാജാവിന്റെ നാളിലേതിനോടു താരതമ്യപ്പെടുത്തുമ്പോൾ എങ്ങനെയുണ്ടായിരുന്നു?
9 ചിലപ്പോഴെല്ലാം, ജനങ്ങളുടെമേൽ ഏൽപ്പിച്ചിരുന്ന സാമ്പത്തിക ഞെരുക്കം ഭാരിച്ചതായിരുന്നു, തന്മൂലം ദാരിദ്ര്യം വ്യാപകമായിരുന്നു. മോശൈക ന്യായപ്രമാണം അനുശാസിച്ച ന്യായമായ നികുതികൾ ഇസ്രായേല്യർ നൽകേണ്ടിയിരുന്നു. പിന്നീട്, ശലോമോന്റെ ഭരണകാലത്ത്, ആലയ നിർമാണവും മറ്റു നിർമാണങ്ങളും പോലുള്ള ചെലവേറിയ ദേശീയ പദ്ധതികൾക്കും ജനം ചെലവിടേണ്ടിവന്നു. (1 രാജാക്കന്മാർ 7:1-8; 9:17-19) എന്നിട്ടും ജനം “തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തുപോന്നു. . . . ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിർഭയം വസിച്ചു” എന്നു ബൈബിൾ നമ്മോടു പറയുന്നു. (1 രാജാക്കന്മാർ 4:20, 25) ഈ വ്യത്യാസത്തിനു കാരണമെന്തായിരുന്നു?
10. ഒന്നാം നൂറ്റാണ്ടോടെ ഇസ്രായേലിലുണ്ടായ അവസ്ഥയ്ക്കു കാരണമെന്തായിരുന്നു?
10 ജനത സത്യാരാധനയിൽ ഉറച്ചുനിന്നിടത്തോളം കാലം അവർ യഹോവയുടെ പ്രീതി ആസ്വദിച്ചു, കൂടാതെ ദേശവ്യാപകമായ ഭാരിച്ച ചെലവിനിടയിൽപ്പോലും സുരക്ഷിതത്വവും സമൃദ്ധിയും നൽകി അവൻ അവരെ അനുഗ്രഹിച്ചു. എന്നിരുന്നാലും, അവർ “[അവനെ] വിട്ടുമാറി . . . [അവന്റെ] കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ”യിരുന്നാൽ അവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നു യഹോവ മുന്നറിയിപ്പു നൽകി. വാസ്തവത്തിൽ, “യിസ്രായേൽ സകലജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും.” (1 രാജാക്കന്മാർ 9:6, 7) അങ്ങനെതന്നെയാണു സംഭവിച്ചതും. ഇസ്രായേൽ വിദേശികളുടെ അധീനതയിലായി, ഒരിക്കൽ മഹനീയമായിരുന്ന രാജ്യം വിദേശ സാമ്രാജ്യങ്ങളിൻ കീഴിലുള്ള ഒന്നുമാത്രമായി മാറി. അവരുടെ ആത്മീയ ബാധ്യതകൾ അവഗണിച്ചതിന് എത്ര ഘോരമായ പരിണതഫലങ്ങൾ!
11. ജനം “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി” യേശുവിനു തോന്നാൻ കാരണമെന്ത്?
11 താൻ കണ്ട ജനം “കുഴഞ്ഞവരും ചിന്നിയവരുമായി” യേശുവിനു തോന്നാൻ കാരണമെന്തെന്നു മനസ്സിലാക്കാൻ ഇതെല്ലാം നമ്മെ സഹായിക്കുന്നു. ഇവർ ദൈവനിയമം അനുസരിച്ചു ജീവിക്കാൻ ശ്രമിക്കുകയും അംഗീകൃതമായ വിധത്തിൽ തങ്ങളുടെ ആരാധന അർപ്പിക്കുകയും ചെയ്തിരുന്ന യഹോവയുടെ ജനമായിരുന്ന ഇസ്രായേല്യരായിരുന്നു. എന്നുവരികിലും, അവർ രാഷ്ട്രീയ-വ്യാവസായിക ശക്തികളാൽ മാത്രമല്ല അവരുടെ ഇടയിലുള്ള വിശ്വാസത്യാഗികളായ മതനേതാക്കന്മാരാലും ചൂഷണം ചെയ്യപ്പെട്ടിരുന്നു. അവർ “ഇടയനില്ലാത്ത ആളുകളെപ്പോലെ”യായിരുന്നു. കാരണം തങ്ങളെ സംരക്ഷിക്കുന്നതിനോ തങ്ങൾക്കായി വാദിക്കുന്നതിനോ അവിടെ അവർക്ക് ആരുമില്ലായിരുന്നു. കയ്പേറിയ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുന്നതിന് അവർക്കു സഹായം ആവശ്യമായിരുന്നു. യേശുവിന്റെ സ്നേഹനിർഭരവും മൃദുലവുമായ ക്ഷണം എത്ര സമയോചിതമായിരുന്നു!
ഇന്ന് യേശുവിന്റെ ക്ഷണം
12. ദൈവദാസരിൽ ചിലർക്കും ആത്മാർഥരായ മറ്റുള്ളവർക്കും ഇന്ന് അനുഭവപ്പെടുന്ന സമ്മർദങ്ങളേവ?
12 അനേകവിധങ്ങളിൽ കാര്യങ്ങൾ ഇന്നും അങ്ങനെയൊക്കെത്തന്നെയാണ്. സത്യസന്ധമായ ജീവിതം നയിക്കാൻ ശ്രമിക്കുന്ന ആത്മാർഥരായ അനേകരും ഈ ദുഷിച്ച വ്യവസ്ഥിതിയിൽനിന്നുള്ള സമ്മർദങ്ങളും തിരക്കും അതു ദുഷ്കരമാക്കിത്തീർക്കുന്നതായി കണ്ടെത്തുന്നു. യഹോവക്കു തങ്ങളുടെ ജീവിതം സമർപ്പിച്ചിരിക്കുന്നവർപോലും ഇതിൽനിന്നു വിമുക്തരല്ല. തങ്ങളുടെ സകല ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ ആഗ്രഹമുണ്ടെന്നുവരികിലും, യഹോവയുടെ ദാസരിൽ ചിലർക്ക് അങ്ങനെ ചെയ്യാൻ വർധിച്ച അളവിൽ പ്രയാസമനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നു. തങ്ങൾ ഞെരുക്കപ്പെടുന്നതായും ക്ഷീണിച്ചും തളർന്നും പോയതായും അവർക്കു തോന്നുന്നു. എല്ലാം ഇട്ടെറിഞ്ഞ് എവിടെയെങ്കിലും അപ്രത്യക്ഷമാകാൻ കഴിഞ്ഞാൽ ആശ്വാസം കിട്ടും, അങ്ങനെ തങ്ങളുടേതായ ഒരു ലോകത്തു ജീവിക്കാമല്ലോ എന്നുപോലും ചിലർക്കു തോന്നുന്നു. നിങ്ങൾക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? നിങ്ങളുടെ ഉറ്റവരിലാരെങ്കിലും അത്തരം സാഹചര്യത്തിലുള്ളതായി നിങ്ങൾക്കറിയാമോ? ഉവ്വ്, യേശുവിന്റെ ഹൃദയോഷ്മളമായ ക്ഷണത്തിന് ഇന്നു നമ്മളെ സംബന്ധിച്ചിടത്തോളം വളരെയധികം അർഥമുണ്ട്.
13. ആശ്വാസവും ഉന്മേഷവും കണ്ടെത്താൻ യേശുവിനു നമ്മെ സഹായിക്കാനാവുമെന്നു നമുക്കു തീർച്ചയുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
13 യേശു സ്നേഹനിർഭരമായ തന്റെ ക്ഷണം വെച്ചുനീട്ടുന്നതിനുമുമ്പ്, ഇങ്ങനെ പ്രസ്താവിച്ചു: “എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.” (മത്തായി 11:27) യേശുവും അവന്റെ പിതാവും തമ്മിലുള്ള ഈ ഉറ്റ ബന്ധം നിമിത്തം യേശുവിന്റെ ക്ഷണം സ്വീകരിക്കുകയും അവന്റെ ശിഷ്യനാവുകയും ചെയ്തുകൊണ്ടു നമുക്ക് “സർവ്വാശ്വാസവും നല്കുന്ന ദൈവ”മായ യഹോവയുമായി ഉറ്റ, വ്യക്തിപരമായ ബന്ധത്തിലാകാൻ കഴിയുമെന്ന് ഉറപ്പു നൽകപ്പെട്ടിരിക്കുന്നു. (2 കൊരിന്ത്യർ 1:3; യോഹന്നാൻ 14:6 താരതമ്യം ചെയ്യുക.) അതിനു പുറമേ, ‘സകലവും അവങ്കൽ ഭരമേല്പിച്ചിരിക്കുന്ന’തിനാൽ യേശുക്രിസ്തുവിനു മാത്രമേ നമ്മുടെ ഭാരം ലഘൂകരിക്കാനുള്ള അധികാരവുമുള്ളൂ. ഏതു ഭാരങ്ങൾ? ദുഷിച്ച രാഷ്ട്രീയ, വാണിജ്യ, മതസമ്പ്രദായങ്ങൾ ചെലുത്തുന്ന ഭാരങ്ങളും നമ്മുടെ അവകാശപ്പെടുത്തിയിരിക്കുന്ന പാപവും അപൂർണതയും വരുത്തിവയ്ക്കുന്ന ഭാരങ്ങളും. തുടക്കംമുതലേ എത്ര പ്രോത്സാഹജനകവും ഉറപ്പേകുന്നതുമായ ആശയമാണത്!
14. ഏതുവേലയിൽനിന്നു നവോന്മേഷം പ്രദാനംചെയ്യാനാണ് യേശുവിനു കഴിഞ്ഞത്?
14 “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങൾ എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങൾക്കു നവോന്മേഷം പകരും” എന്ന് യേശു തുടർന്നു പറഞ്ഞു. (മത്തായി 11:28, NW) യേശു കഠിനാദ്ധ്വാനത്തെ എതിർത്തു പറയുകയായിരുന്നില്ല എന്നതു തീർച്ചയാണ്, കാരണം തന്റെ ശിഷ്യന്മാരെ ഏൽപ്പിച്ചിരുന്ന വേലയിൽ കഠിനയത്നം നടത്താൻ അവൻ അവരെ പതിവായി ബുദ്ധ്യുപദേശിച്ചിരുന്നു. (ലൂക്കൊസ് 13:24) എന്നാൽ, “അദ്ധ്വാനം” (“കഠിനവേല,” രാജ്യവരിമധ്യം) എന്നത്, മിക്കപ്പോഴും തക്ക ഫലം ലഭിക്കാതെ ഏറെനേരം ചെയ്യുന്ന, തളർച്ച ബാധിക്കുന്ന വേലയെയാണ് അർഥമാക്കുന്നത്. ‘ഭാരം ചുമക്കുക’ എന്നതിന്റെ അർഥം സാധാരണ പ്രാപ്തിക്കുമപ്പുറം കനത്ത ഭാരം ചുമക്കുക എന്നാണ്. ഒരുവൻ മറഞ്ഞിരിക്കുന്ന നിധിക്കുവേണ്ടി കുഴിക്കുന്നതും ഒരുവൻ നിർബന്ധിത സേവനം അനുഷ്ഠിക്കുന്നിടത്തു കുഴിക്കുന്നതും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ വ്യത്യാസം മനസ്സിലാക്കാൻ സാധിക്കും. അവർ ഒരുപോലെ കഠിനാധ്വാനം ചെയ്യുന്നവരാണ്. എന്നാൽ ഒരാൾ ജോലി ഉത്സാഹപൂർവം ഏറ്റെടുത്തിരിക്കുന്നു, അതേ സമയം മറ്റേയാളുടേതോ അന്തമില്ലാത്ത മുഷിപ്പൻ ജോലിയും. വേലയുടെ ഉദ്ദേശ്യം അല്ലെങ്കിൽ ഉദ്ദേശ്യമില്ലായ്മ, ഇതാണു വ്യത്യാസം.
15. (എ) നമ്മൾ ചുമലിൽ വലിയൊരു ഭാരം ചുമക്കുന്നുവെന്നു നമുക്കു തോന്നുന്നുവെങ്കിൽ ഏതു ചോദ്യങ്ങൾ സ്വയം ചോദിക്കണം? (ബി) നമ്മുടെ ഭാരങ്ങളുടെ സ്രോതസ്സിനെപ്പറ്റി എന്തു പറയാവുന്നതാണ്?
15 നിങ്ങൾ ‘അദ്ധ്വാനിക്കുകയും ഭാരം ചുമക്കുകയും’ ചെയ്യുന്നതായി, നിങ്ങളുടെ സമയവും ആരോഗ്യവും അനവധി കാര്യങ്ങൾക്കായി ചെലവഴിക്കേണ്ടി വരുന്നതായി, നിങ്ങൾക്കു തോന്നാറുണ്ടോ? നിങ്ങൾ ചുമക്കുന്ന ഭാരം ചുമക്കാവുന്നതിലധികമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ, ഇങ്ങനെ ചോദിക്കുന്നതു സഹായകമാകും, ‘ഞാൻ എന്തിനുവേണ്ടിയാണ് അധ്വാനിക്കുന്നത്? ഏതു തരത്തിലുള്ള ചുമടാണു ഞാൻ ചുമക്കുന്നത്? ഇതു സംബന്ധിച്ച് ഒരു ബൈബിൾ വ്യാഖ്യാതാവ് 80 വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ പറഞ്ഞു: “നമ്മൾ ജീവിതത്തിലെ ഭാരങ്ങളെപ്പറ്റി പരിശോധിക്കുന്നെങ്കിൽ അവ രണ്ടു വിഭാഗത്തിൽ പെടുന്നതായി കാണാം; സ്വയം ചുമത്തിയവയും ഒഴിച്ചുകൂടാനാവാത്തവയും എന്നു നമുക്കവയെ വിളിക്കാം: നമ്മുടെ പ്രവൃത്തികളുടെ ഫലമായുള്ളവയും അല്ലാത്തവയും.” “നമ്മുടെ ഭാരങ്ങളിൽ സ്വയം ചുമത്തിയവ എത്രത്തോളമാണെന്നു കർശനമായ ഒരു ആത്മപരിശോധനയ്ക്കുശേഷം കണ്ടെത്തുമ്പോൾ നമ്മിലനേകരും അതിശയിച്ചുപോകും” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
16. നമ്മൾ ബുദ്ധിരഹിതമായി സ്വയം ചമുത്തിയേക്കാവുന്ന ഭാരങ്ങൾ ഏവ?
16 നാം സ്വയം അടിച്ചേൽപ്പിച്ചേക്കാവുന്ന ചില ഭാരങ്ങൾ ഏതെല്ലാമാണ്? ഭൗതികത്വവും സുഖലോലുപതയും അധാർമികതയും നടമാടുന്ന ഒരു ലോകത്താണു നാം ഇന്നു ജീവിക്കുന്നത്. (2 തിമൊഥെയൊസ് 3:1-5) സമർപ്പിത ക്രിസ്ത്യാനികൾപോലും ലോകത്തിന്റെ ഫാഷനുകൾക്കും ജീവിതരീതികൾക്കും അനുരൂപമായി ജീവിക്കാനുള്ള നിരന്തര സമ്മർദത്തിൻ കീഴിലാണ്. “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം” എന്നിവയെപ്പറ്റി അപ്പോസ്തലനായ യോഹന്നാൻ എഴുതി. (1 യോഹന്നാൻ 2:16) നമ്മെ വളരെ എളുപ്പം ബാധിച്ചേക്കാവുന്ന ശക്തമായ സ്വാധീനങ്ങളാണ് ഇവ. ലോകത്തിന്റെ ഉല്ലാസങ്ങളിൽ മുഴുകുന്നതിനോ ഒരു പ്രത്യേക ജീവിതരീതി നിലനിർത്തുന്നതിനോവേണ്ടി ചിലർ ഭീമമായ കടത്തിൽ അകപ്പെടാൻ സന്നദ്ധരായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. പിന്നെ, കടം വീട്ടാൻ വേണ്ട തുക സമ്പാദിക്കാൻ അവർ ഒന്നുകിൽ ഉള്ള ജോലിയിൽ വളരെയധികം സമയം ചെലവഴിക്കേണ്ടതോ അല്ലെങ്കിൽ പല ജോലികൾ ചെയ്യേണ്ടതോ ആവശ്യമായി വരുന്നു.
17. ചുമടു ചുമക്കാൻ ബുദ്ധിമുട്ടു വരുത്തിത്തീർത്തേക്കാവുന്ന സാഹചര്യം എന്ത്, അത് എങ്ങനെ പരിഹരിക്കാം?
17 മറ്റുള്ളവർക്കുള്ള ചില വസ്തുക്കൾ തനിക്കുണ്ടായിരിക്കുന്നതോ അവർ ചെയ്യുന്ന ചില കാര്യങ്ങൾ താൻ ചെയ്യുന്നതോ തെറ്റല്ലെന്ന് ഒരു വ്യക്തി ന്യായവാദം ചെയ്യുന്നെങ്കിൽ അയാൾ അനാവശ്യമായി തന്റെമേൽ ഭാരം കൂട്ടുകയാണോ എന്നു വിശകലനം ചെയ്യുന്നതു പ്രധാനമാണ്. (1 കൊരിന്ത്യർ 10:23) ഒരു വ്യക്തിക്ക് ഒരു പരിധിവരെയേ ചുമക്കാനാവുകയുള്ളൂ എന്നതിനാൽ വേറൊരു ചുമട് എടുക്കുന്നതിന് ഇപ്പോഴുള്ള എന്തെങ്കിലും ഉപേക്ഷിക്കേണ്ടതുണ്ട്. നമ്മുടെ ആത്മീയ ക്ഷേമത്തിന് അത്യന്താപേക്ഷിതമായ കാര്യങ്ങൾ—വ്യക്തിപരമായ ബൈബിളധ്യയനം, യോഗത്തിൽ സംബന്ധിക്കൽ, വയൽ സേവനം—ആണ് ആദ്യം ഉപേക്ഷിക്കുക പതിവ്. അതിന്റെ ഫലം, ആത്മീയ ബലക്ഷയമാണ്. അത് ചുമടു വഹിക്കുന്നതു കൂടുതൽ പ്രയാസകരമാക്കിത്തീർക്കുന്നു. “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ട്, ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കെണിപോലെ വരാതിരിക്കുവാൻ സൂക്ഷിച്ചു കൊള്ളുവിൻ” എന്നു യേശുക്രിസ്തു മുന്നറിയിപ്പു നൽകി. (ലൂക്കൊസ് 21:34, 35, ദാനീയേൽ ബൈബിൾ; എബ്രായർ 12:1) ഒരുവൻ അമിതഭാരം ചുമന്ന്, ക്ഷീണിതനാണെങ്കിൽ ഒരു കെണി തിരിച്ചറിഞ്ഞ് അതിൽനിന്നു രക്ഷപെടുക പ്രയാസമായിരിക്കും.
ആശ്വാസവും നവോന്മേഷവും
18. തന്റെ അടുക്കൽ വന്നവർക്ക് യേശു എന്താണു വാഗ്ദാനം ചെയ്തത്?
18 അതുകൊണ്ട്, യേശു സ്നേഹപുരസ്സരം അതിനു പ്രതിവിധി നൽകി: “എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങൾക്കു നവോന്മേഷം പകരും.” (മത്തായി 11:28, NW) ഇവിടെ “നവോന്മേഷം” പകരും എന്നും 29-ാം വാക്യത്തിൽ “നവോന്മേഷം” കണ്ടെത്തും എന്നും പറഞ്ഞിരിക്കുന്ന പദങ്ങൾ, “ശബത്ത്” അല്ലെങ്കിൽ “ശബത്താചരണം” എന്ന എബ്രായ പദത്തിനു സെപ്റ്റ്വജിൻറ് ഭാഷാന്തരം ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദത്തിൽനിന്നാണു വന്നിരിക്കുന്നത്. (പുറപ്പാടു 16:23) അങ്ങനെ, തന്റെ അടുക്കൽ വരുന്നവർക്കു മേലാൽ വേലയൊന്നും ഉണ്ടായിരിക്കയില്ല എന്ന് യേശു വാഗ്ദാനം ചെയ്തില്ല, മറിച്ച്, ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ തങ്ങളുടെ വേല നിർവഹിക്കുന്നതിനു യോഗ്യരായിരിക്കാൻ തക്കവണ്ണം താൻ അവർക്കു നവോന്മേഷം പകരും എന്ന് അവൻ വാഗ്ദാനം ചെയ്തു.
19. ഒരുവൻ ‘യേശുവിന്റെ അടുക്കൽ വരുന്നത്’ എങ്ങനെയാണ്?
19 എങ്കിലും, ഒരുവൻ ‘യേശുവിന്റെ അടുക്കൽ വരുന്നത്’ എങ്ങനെയാണ്? തന്റെ ശിഷ്യന്മാരോടു യേശു ഇങ്ങനെ പറഞ്ഞു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.” (മത്തായി 16:24) തന്മൂലം, യേശുവിന്റെ അടുക്കൽ വരുക എന്നത്, ഒരുവന്റെ ഹിതം ദൈവത്തിന്റെയും ക്രിസ്തുവിന്റെയും ഹിതത്തിനു കീഴ്പെടുത്തിക്കൊണ്ട് ഒരു നിശ്ചിത അളവിലുള്ള ഉത്തരവാദിത്വമാകുന്ന ചുമടു തുടർച്ചയായി ചുമക്കുന്നതിനെ അർഥമാക്കും. ഇതെല്ലാം നിങ്ങളിൽനിന്നു കൂടുതൽ നിഷ്കർഷിക്കുന്നുണ്ടോ? അതിന് അമിത വിലയൊടുക്കേണ്ടി വരുന്നുണ്ടോ? ക്ഷീണിതർക്ക് സ്നേഹനിർഭരമായ ക്ഷണം നൽകിയശേഷം യേശു എന്താണു പറഞ്ഞതെന്നു നമുക്കു പരിചിന്തിക്കാം.
നിങ്ങൾക്ക് ഓർമിക്കാൻ കഴിയുന്നുവോ?
◻ ഏതു വിധങ്ങളിലാണു യേശുവിന്റെ നാളിലെ ജനങ്ങൾ ഭാരപ്പെട്ടിരുന്നത്?
◻ ജനത്തിന്റെ കഷ്ടപ്പാടിന്റെ യഥാർഥ കാരണം എന്തായിരുന്നു?
◻ നാം അത്യന്തം ഭാരപ്പെട്ടിരിക്കുന്നതായി തോന്നുമ്പോൾ സ്വയം എങ്ങനെ പരിശോധിക്കണം?
◻ നാം ജ്ഞാനപൂർവകമല്ലാതെ സ്വയം എന്തു ഭാരങ്ങൾ ചുമത്തിയേക്കാം?
◻ യേശു വാഗ്ദാനം ചെയ്ത ഉന്മേഷം നമുക്കെങ്ങനെ നേടാം?
[15-ാം പേജിലെ ചിത്രം]
നാം നമ്മുടെമേൽത്തന്നെ ചുമത്തിയേക്കാവുന്ന ചില ഭാരങ്ങൾ ഏവ?
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy of Bahamas Ministry of Tourism