ഭക്തിവിരുദ്ധമായ പാരമ്പര്യങ്ങളെ ചെറുത്തുനിൽക്കുക!
‘സത്യം നിങ്ങളെ സ്വതന്ത്രമാക്കും’ എന്നു യേശുക്രിസ്തു പറഞ്ഞു. (യോഹന്നാൻ 8:32) അതേ, ക്രിസ്ത്യാനിത്വം ആളുകളെ സ്വതന്ത്രരാക്കുന്നു—അത് അവരെ അന്ധവിശ്വാസങ്ങളുടെ അടിമത്തത്തിൽനിന്നും വ്യാജ സിദ്ധാന്തങ്ങളിലും പ്രത്യാശകളിലുമുള്ള വിശ്വാസത്തിൽനിന്നും അധഃപതിച്ച ആചാരങ്ങളിൽനിന്നും സ്വതന്ത്രരാക്കുന്നു.
എന്നിരുന്നാലും, പുരാതന കാലങ്ങളിലെന്നപോലെ ഇന്നും ക്രിസ്ത്യാനികൾ പഴയ ആചാരങ്ങളിലേക്കു മടങ്ങുന്നതിനുള്ള സമ്മർദങ്ങളെ പലപ്പോഴും അഭിമുഖീകരിക്കുന്നു. (ഗലാത്യർ 4:9, 10) ജനസമ്മതിയുള്ള എല്ലാ ആചാരങ്ങളും ദ്രോഹകരമാണെന്നല്ല അതിന്റെ അർഥം. വാസ്തവത്തിൽ, ആരോഗ്യാവഹവും പ്രയോജനപ്രദവുമായ പ്രാദേശിക ആചാരങ്ങൾ ഒരു ക്രിസ്ത്യാനിക്ക് അനുഷ്ഠിക്കാം. എന്നാൽ ആചാരങ്ങൾ ദൈവവചനത്തിനു വിരുദ്ധമാകുമ്പോൾ ക്രിസ്ത്യാനികൾ വിട്ടുവീഴ്ച ചെയ്യുന്നില്ല. തൻമൂലം, ക്രിസ്മസ് ആഘോഷങ്ങളിലും ജന്മദിനങ്ങളിലും ദൈവവചനത്തിനു വിരുദ്ധമായ മറ്റ് ആചാരങ്ങളിലും പങ്കെടുക്കാൻ വിസമ്മതിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ പ്രഖ്യാതരാണ്.
ധീരമായ ഈ നിലപാടു മിക്കപ്പോഴും പരിചയക്കാരിൽനിന്നും അയൽപക്കക്കാരിൽനിന്നും അവിശ്വാസികളായ ബന്ധുക്കളിൽനിന്നുമുള്ള വളരെയേറെ പരിഹാസത്തിലും എതിർപ്പിലും പര്യവസാനിച്ചിരിക്കുന്നു. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രത്യേകിച്ചും. അവിടെ ശവസംസ്കാരങ്ങളിലും വിവാഹങ്ങളിലും ജന്മദിനങ്ങളിലും നാനാവിധ ആചാരങ്ങൾ പൊതുവേ അനുഷ്ഠിച്ചുവരുന്നു. അനുരൂപപ്പെടുന്നതിനുള്ള സമ്മർദങ്ങൾ ശക്തമാണെന്നുവരാം—ഭീഷണികളും അക്രമ പ്രവർത്തനങ്ങളും മിക്കപ്പോഴും അതിൽ ഉൾപ്പെട്ടിരിക്കുന്നു. അവിടത്തെ ക്രിസ്ത്യാനികൾക്ക് എങ്ങനെയാണ് ഉറച്ചു നിൽക്കാൻ കഴിയുക? അനുരഞ്ജനപ്പെടാതെ ഏറ്റുമുട്ടൽ ഒഴിവാക്കാൻ സാധിക്കുമോ? അതിന് ഉത്തരമായി, തിരുവെഴുത്തുവിരുദ്ധമായ പാരമ്പര്യങ്ങളെ ചില വിശ്വസ്ത ക്രിസ്ത്യാനികൾ എങ്ങനെ അഭിമുഖീകരിച്ചിരിക്കുന്നുവെന്നു നമുക്കു പരിശോധിക്കാം.
അന്ധവിശ്വാസപരമായ ശവസംസ്കാര ആചാരങ്ങൾ
ദക്ഷിണാഫ്രിക്കയിൽ ശവസംസ്കാരങ്ങളോടും ശവമടക്കുകളോടും ബന്ധപ്പെട്ട അസംഖ്യം പാരമ്പര്യങ്ങളുണ്ട്. ദുഃഖാർത്തർ പൊതുവേ, മുഴു രാത്രിയും—അല്ലെങ്കിൽ, പല രാത്രിയും—തീ കെടാതെ കത്തിച്ചുകൊണ്ടിരിക്കുന്ന വിലാപഭവനങ്ങളിൽ ചെലവഴിക്കുന്നു. ദുഃഖാർത്തർക്കു ഭക്ഷണം പാകം ചെയ്യാനോ തലമുടി കത്രിക്കാനോ ശവസംസ്കാരം നടക്കുന്നതുവരെ കുളിക്കാനോപോലും പാടില്ല. അതിനുശേഷം അവർ ഒരു ഔഷധിചേർത്ത പ്രത്യേക മിശ്രിതത്തിൽ കുളിക്കണം. അത്തരം ആചാരങ്ങൾ ക്രിസ്ത്യാനികൾക്കു സ്വീകാര്യമാണോ? അല്ല. അവയെല്ലാം ആത്മാവിന്റെ അമർത്യതയിലുള്ള വിശ്വാസത്തെയും മരിച്ചവരെപ്രതിയുള്ള അനാരോഗ്യകരമായ ഭയത്തെയും പ്രതിഫലിപ്പിക്കുന്നു.
സഭാപ്രസംഗി 9:5 ഇങ്ങനെ പറയുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല.” ഈ സത്യത്തെപ്പറ്റിയുള്ള അറിവ് ഒരുവനെ ‘മരിച്ചവരുടെ ആത്മാക്കളെ’ ഭയപ്പെടുന്നതിൽനിന്നു സ്വതന്ത്രനാക്കുന്നു. എന്നാൽ ഒരു ക്രിസ്ത്യാനി അത്തരം ആചാരാനുഷ്ഠാനങ്ങളിൽ ഏർപ്പെടാൻ സദുദ്ദേശ്യമുള്ള ബന്ധുക്കൾ ആവശ്യപ്പെടുമ്പോൾ അവൻ (അല്ലെങ്കിൽ അവൾ) എന്തു ചെയ്യണം?
പിതാവു മരിച്ചുപോയ ജെയ്ൻ എന്നു പേരുള്ള ആഫ്രിക്കക്കാരിയായ ഒരു സാക്ഷിയുടെ അനുഭവം പരിചിന്തിക്കുക. ശവസംസ്കാര സ്ഥലത്ത് എത്തിയ ഉടനെ, മരിച്ചയാളുടെ ആത്മാവിനെ പ്രീണിപ്പിക്കുന്നതിന് അവളും കുടുംബത്തിലെ മറ്റംഗങ്ങളും ശവത്തിനു ചുറ്റും മുഴുരാത്രിയും ഡാൻസ് ചെയ്യണമെന്ന് അവളോടു പറഞ്ഞു. “യഹോവയുടെ സാക്ഷികളിൽ ഒരാൾ എന്നനിലയിൽ എനിക്ക് അത്തരം ആചാരങ്ങളിൽ പങ്കെടുക്കാൻ കഴിയുകയില്ലെന്നു ഞാൻ അവരോടു പറഞ്ഞു” എന്നു ജെയ്ൻ വിശദീകരിക്കുന്നു. “എന്നിരുന്നാലും, ശവസംസ്കാരം കഴിഞ്ഞു പിറ്റേന്ന്, മരിച്ചയാളുടെ ആത്മാവിൽനിന്നുള്ള സംരക്ഷണത്തിനായി വിരഹാർത്തരായ കുടുംബാംഗങ്ങളെ തങ്ങൾ കുളിപ്പിക്കാൻ പോവുകയാണെന്നു പ്രായമായ ബന്ധുക്കൾ പറഞ്ഞു. അതിൽ പങ്കുകൊള്ളാനും ഞാൻ വിസമ്മതിച്ചു. അതേസമയം അമ്മയെ തനിച്ച് ഒരു വീട്ടിലാക്കിയിരിക്കയായിരുന്നു. അവരെ കാണാൻ ആഗ്രഹിക്കുന്ന ഏവനും ഒരു മദ്യംകലർന്ന പാനീയം കുടിക്കണമായിരുന്നു.
“ഇതിലൊന്നിലും ഏർപ്പെടാൻ ഞാൻ സമ്മതിച്ചില്ല. അതിനുപകരം ഭക്ഷണം പാകം ചെയ്യുന്നതിനു ഞാൻ വീട്ടിൽപ്പോയി. അതു ഞാൻ അമ്മ താമസിക്കുന്ന വീട്ടിലേക്കു കൊണ്ടുപോയി. ഇത് എന്റെ കുടുംബത്തെ വല്ലാതെ നിരാശപ്പെടുത്തി. എനിക്കെന്തോ കുഴപ്പമുണ്ടെന്ന് എന്റെ ബന്ധുക്കൾ വിചാരിച്ചു.” അതിലുമുപരി, അവർ അവളെ പരിഹസിക്കുകയും, “നിന്റെ മതം നിമിത്തം നീ ഞങ്ങളുടെ പാരമ്പര്യം തള്ളിക്കളഞ്ഞതുകൊണ്ടു നിന്റെ പിതാവിന്റെ ആത്മാവു നിന്നെ ഉപദ്രവിക്കും. നിനക്കു കുട്ടികളുമുണ്ടാവില്ല” എന്നു പറഞ്ഞുകൊണ്ട് അവളെ ചീത്തവിളിക്കുകയും ചെയ്തു. എന്നിട്ടും, ജെയ്ൻ അവരെ ഭയപ്പെട്ടില്ല. പരിണതഫലമോ? അവൾ പറയുന്നു. അന്ന് എനിക്കു രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ഇന്നെനിക്ക് ആറുപേരുണ്ട്! എനിക്കു വീണ്ടുമൊരിക്കലും കുട്ടികളുണ്ടാവില്ല എന്നു പഴിചാരിയവരെ ഇതു നിശബ്ദരാക്കി.”
ലൈംഗിക “ശുദ്ധീകരണം”
ഇണയുടെ മരണശേഷമുള്ള ശുദ്ധീകരണ ചടങ്ങാണു മറ്റൊരാചാരം. ഒരു ഭാര്യ മരിക്കുന്നെങ്കിൽ അവളുടെ കുടുംബാംഗങ്ങൾ വിഭാര്യനു ഭാര്യാസഹോദരിയെയോ മരിച്ചുപോയ ഭാര്യയുടെ അടുത്ത ബന്ധുക്കളിലൊരാളെയോ കൊടുക്കുന്നു. അവളുമായി ലൈംഗിക ബന്ധം പുലർത്താൻ അവൻ കടപ്പെട്ടിരിക്കുന്നു. അതിനുശേഷമേ താൻ ഇച്ഛിക്കുന്ന എതൊരാളെയും വിവാഹം ചെയ്യാൻ അയാൾക്കു കഴിയുകയുള്ളു. ഒരു സ്ത്രീയുടെ ഭർത്താവു മരിക്കുമ്പോഴും ഇതേ സംഗതി സംഭവിക്കുന്നു. അതിജീവിച്ച ഇണയെ മരിച്ച ഇണയുടെ ആത്മാവിൽനിന്നു ശുദ്ധിയാക്കുകയാണ് ഈ ആചാരത്തിന്റെ ഉദ്ദേശ്യമെന്നു കരുതിപോരുന്നു.
അത്തരം “ശുദ്ധീകരണ”ത്തിനു വിധേയരാകാൻ വിസമ്മതിക്കുന്ന ഏവനും ബന്ധുക്കളുടെ ഉഗ്രകോപത്തിനു പാത്രമാകുന്നു. അവനോ അവളോ ഒറ്റപ്പെടുത്തലിനും ആക്ഷേപത്തിനും ശാപവാക്കുകൾക്കും ഇരയായെന്നു വരാം. എന്നുവരികിലും, ക്രിസ്ത്യാനികൾ ഈ ആചാരം പിന്തുടരാൻ വിസമ്മതിക്കുന്നു. വിവാഹത്തിനു വെളിയിലുള്ള ലൈംഗികത തീർച്ചയായും ഒരു “ശുദ്ധീകരണം” അല്ലെന്ന്, ദൈവദൃഷ്ടിയിൽ ദുഷിപ്പിക്കുന്നതാണെന്ന് അവർക്കറിയാം. (1 കൊരിന്ത്യർ 6:18-20) കൂടാതെ, ക്രിസ്ത്യാനികൾ “കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ” വിവാഹം ചെയ്യാവൂ.—1 കൊരിന്ത്യർ 7:39.
സാംബിയയിൽ വൈലറ്റ് എന്നു പേരുള്ള ഒരു ക്രിസ്തീയ സ്ത്രീയുടെ ഭർത്താവ് മരിച്ചു. പിന്നീട്, ബന്ധുക്കൾ അവളുടെയരികെ ഒരു പുരുഷനെ കൊണ്ടുവന്നിട്ട് അയാളുമായി ലൈംഗികബന്ധം പുലർത്താൻ നിർബന്ധം ചെലുത്തി. വൈലറ്റ് സമ്മതിച്ചില്ല. അതിനു ശിക്ഷയായി പൊതു കിണറ്റിൽനിന്നു വെള്ളം കോരുന്നതിൽനിന്ന് അവളെ വിലക്കി. അവൾക്കു ദ്രോഹമൊന്നും വരാതിരിക്കണമെന്നുണ്ടെങ്കിൽ പ്രധാന നിരത്തിലൂടെ നടക്കരുതെന്നും അവൾക്കു മുന്നറിയിപ്പു നൽകി. എന്നിരുന്നാലും, അവൾ ബന്ധുക്കളുടെയോ സഹഗ്രാമീണരുടെയോ ഭീഷണിക്കു വശംവദയായില്ല.
പിന്നീട്, വൈലറ്റിനെ ഒരു പ്രാദേശിക കോടതിയിലേക്കു വിളിപ്പിച്ചു. താൻ അവിഹിത ലൈംഗികബന്ധത്തിൽ ഏർപ്പെടാത്തതിനു കാരണമെന്താണെന്ന് അവിടെവെച്ച് അവൾ ഒട്ടും പതറാതെ വിശദീകരിച്ചു. അവളുടെ വിശ്വാസത്തിനു വിരുദ്ധമായ പ്രദേശിക ആചാരങ്ങളും പാരമ്പര്യങ്ങളും മുറുകെപ്പിടിക്കാൻ അവളെ നിർബന്ധിക്കാൻ കോടതിക്കാവില്ല എന്നു പറഞ്ഞുകൊണ്ടു കോടതി അവൾക്കനുകൂലമായി വിധികൽപ്പിച്ചു. രസകരമെന്നു പറയട്ടെ, അനുരഞ്ജനത്തിനുള്ള അവളുടെ ദൃഢമായ വിസമ്മതം ഗ്രാമത്തിൽ പിന്നീട് ഇതേ വിഷയത്തെ അഭിമുഖീകരിക്കേണ്ടിവന്ന സാക്ഷികളായ സ്ത്രീകളുടെമേൽ സമ്മർദം കുറയ്ക്കാനുതകി.
മൊണീക്ക എന്നു പേരുള്ള ആഫ്രിക്കക്കാരിയായ ഒരു സാക്ഷി ഭർത്താവിന്റെ മരണശേഷം സമാനമായ സമ്മർദത്തെ ചെറുത്തുനിന്നു. അവൾക്കു വേറൊരു ഭർത്താവിനെ നൽകാൻ അയാളുടെ കുടുംബാംഗങ്ങൾ നിർബന്ധം ചെലുത്തി. മൊണീക്ക ഇങ്ങനെ പറയുന്നു: “1 കൊരിന്ത്യർ 7:39-ൽ കൊടുത്തിരിക്കുന്ന കൽപ്പന അനുസരിക്കാൻ ദൃഢനിശ്ചയം ചെയ്തുകൊണ്ട് ഞാൻ അതിനു വിസമ്മതിച്ചു.” എന്നാൽ സമ്മർദം അവിടംകൊണ്ടു തീർന്നില്ല. “അവർ എന്നെ ഭീഷണിപ്പെടുത്തി. നീ സമ്മതിക്കാത്തപക്ഷം ഇനി മേലാൽ നീ വിവാഹം കഴിക്കുകയില്ല എന്ന് അവർ പറഞ്ഞു,” മൊണീക്ക അനുസ്മരിക്കുന്നു. “എന്റെ സഹക്രിസ്ത്യാനികളിൽ ചിലർ രഹസ്യമായി ഇവ്വണ്ണം ശുദ്ധീകരണച്ചടങ്ങിൽ ഏർപ്പെട്ടതായിപ്പോലും അവർ അവകാശപ്പെട്ടു.” എന്നുവരികിലും, മൊണീക്ക ഉറച്ചു നിലകൊണ്ടു. രണ്ടു വർഷം ഞാൻ ഏകയായി കഴിഞ്ഞു, അതിനുശേഷം ഞാൻ ക്രിസ്തീയ രീതിയിൽ വീണ്ടും വിവാഹിതയായി. മൊണീക്ക ഇപ്പോൾ ഒരു നിരന്തര പയനിയറായി സേവനമനുഷ്ഠിക്കുന്നു.
ഗർഭമലസലും ചാപിള്ള ജനനവും
ദക്ഷിണാഫ്രിക്കയിലുള്ള ക്രിസ്ത്യാനികൾ ഗർഭമലസലിനെയും ചാപിള്ള ജനനത്തെയും ചുറ്റിപ്പറ്റിയുള്ള ആചാരങ്ങളെയും അഭിമുഖീകരിക്കേണ്ടതുണ്ട്. ദാരുണമായ അത്തരം സംഭവങ്ങൾ മനുഷ്യ അപൂർണതയുടെ ഫലമാണ്—ദിവ്യ ശിക്ഷയല്ല. (റോമർ 3:23) എങ്കിലും, ഒരു സ്ത്രീക്കു ഗർഭമലസിയാൽ ഒരു കാലഘട്ടംവരെ സമുദായഭ്രഷ്ടയോടെന്നപോലെ അവളോടു പെരുമാറണമെന്ന് ആഫ്രിക്കയിലെ പാരമ്പര്യം അനുശാസിക്കുന്നു.
അടുത്തകാലത്തു ഗർഭമലസിയ ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് ഒരു സാക്ഷി വരുന്നതു കണ്ട് അത്ഭുതംകൂറി. അദ്ദേഹം വീടിനടുത്തെത്താറായപ്പോൾ അവൾ ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഇങ്ങോട്ടു വരരുത്! ഞങ്ങളുടെ ആചാരപ്രകാരം, ഗർഭമലസിയിട്ട് അധികനാളാകാത്ത ഒരു സ്ത്രീയെ സന്ദർശിച്ചുകൂടാ.” എന്നിരുന്നാലും, യഹോവയുടെ സാക്ഷികൾ എല്ലാതരത്തിലുമുള്ള ആളുകളുടെ പക്കലും ബൈബിൾ സത്യങ്ങൾ കൊണ്ടുപോകുന്നുവെന്നും ഗർഭമലസൽ സംബന്ധിച്ച പ്രാദേശിക ആചാരങ്ങൾ തങ്ങൾ അനുഷ്ഠിക്കുന്നില്ലെന്നും സാക്ഷി പറഞ്ഞു. എന്നിട്ട്, അദ്ദേഹം യെശയ്യാവു 65:20, 23 വായിച്ച് ദൈവരാജ്യത്തിൻ കീഴിൽ ഗർഭമലസലും ചാപിള്ള ജനനവും ഉണ്ടായിരിക്കുകയില്ലെന്നു വിശദീകരിച്ചു. തന്മൂലം, ആ സ്ത്രീ ഒരു ബൈബിളധ്യയനം സ്വീകരിച്ചു.
ചാപിള്ളകളെ അടക്കം ചെയ്യുന്നതിനോടുള്ള ബന്ധത്തിലും അന്ധവിശ്വാസപരമായ ആചാരങ്ങൾ അനുഷ്ഠിക്കേണ്ടതായി വന്നെന്നു വരാം. ജോസഫ് എന്നു പേരുള്ള ഒരു സാക്ഷി അത്തരമൊരു ശവസംസ്കാരത്തിൽ പങ്കെടുത്തപ്പോൾ, സന്നിഹിതരായിരുന്ന സകലരും എന്തോ ഔഷധിയിൽ തങ്ങളുടെ കൈകൾ കഴുകി ആ ഔഷധം നെഞ്ചിൽ പുരട്ടണമെന്ന് അദ്ദേഹത്തോടു പറയപ്പെട്ടു. ശിശുവിന്റെ ‘ആത്മാവ്’ മടങ്ങിവന്ന് അവരെ ദ്രോഹിക്കുന്നതു തടയുന്നതിനാണത്രേ ഇങ്ങനെ ചെയ്യുന്നത്. മരിച്ചവർക്കു ജീവിച്ചിരിക്കുന്നവരെ ദ്രോഹിക്കാനാവില്ലെന്ന് അറിഞ്ഞുകൊണ്ടു ജോസഫ് ആദരപൂർവം അതു ചെയ്യാൻ വിസമ്മതിച്ചു. എന്നിട്ടും ആ ഔഷധം തേക്കാൻ ചിലർ അദ്ദേഹത്തിന്റെമേൽ സമ്മർദം ചെലുത്തി. ജോസഫ് വീണ്ടും വിസമ്മതിച്ചു. ഈ ക്രിസ്ത്യാനി നിർഭയം നിലകൊള്ളുന്നതു കണ്ടു സന്നിഹിതരായിരുന്ന മറ്റുള്ളവരും സമാനമായി ഔഷധികൾ നിരസിച്ചു.
ഏറ്റുമുട്ടലുകൾ ഒഴിവാക്കുക, എന്നാൽ ഉറച്ചു നിൽക്കുക
ജീവിച്ചിരിക്കുന്നവരോടുള്ള ഭയവും പേടിയും സമുദായഭ്രഷ്ടരാകുമെന്ന ഭയവും അനുരഞ്ജനത്തിനു ശക്തമായ സ്വാധീനശക്തികളായിരിക്കാൻ കഴിയും. സദൃശവാക്യങ്ങൾ 29:25 [ദാനീയേൽ ബൈബിൾ] ഇങ്ങനെ പറയുന്നു: “മാനുഷഭയം ഒരു കെണി ആകുന്നു.” മുകളിൽ പറഞ്ഞ അനുഭവങ്ങൾ ആ വാക്യത്തിന്റെ അടുത്തഭാഗത്തിന്റെ വാസ്തവികത പ്രകടമാക്കുന്നു: “യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷ പ്രാപിക്കും.”
എന്നുവരികിലും, ഏറ്റുമുട്ടലുകൾ മിക്കപ്പോഴും ഒഴിവാക്കാവുന്നതാണ്. ദൃഷ്ടാന്തത്തിന്, ഒരു ക്രിസ്ത്യാനിയെ ഒരു ബന്ധുവിന്റെ ശവസംസ്കാരത്തിനു വിളിച്ചുവെന്നിരിക്കട്ടെ. അനുരഞ്ജനപ്പെടുത്താൻ സാധ്യതയുള്ള സാഹചര്യം വരുന്നതുവരെ അയാൾ കാത്തിരിക്കേണ്ടതില്ല. “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചു കൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.”—സദൃശവാക്യങ്ങൾ 27:12.
എന്തെല്ലാം ആചാരങ്ങൾ അതേത്തുടർന്നുണ്ടായിരിക്കും എന്നു നയപൂർവം ചോദിക്കുന്നതു ബുദ്ധിയായിരിക്കും. അവ ആക്ഷേപകരമാണെങ്കിൽ, തനിക്ക് എന്തുകൊണ്ടു പങ്കെടുക്കാനാവില്ല എന്നു വിശദീകരിക്കുന്നതിനു ക്രിസ്ത്യാനിക്ക് ഈ സന്ദർഭം ഉപയോഗിക്കാം, “സൌമ്യതയും ഭയഭക്തിയും” സഹിതമായിരിക്കണം അതു ചെയ്യുക. (1 പത്രൊസ് 3:15) ഒരു ക്രിസ്ത്യാനി തന്റെ ബൈബിളധിഷ്ഠിത നിലപാട് ആദരപൂർവം കാലേകൂട്ടി വിശദീകരിക്കുന്നെങ്കിൽ മിക്കപ്പോഴും ബന്ധുക്കൾ അദ്ദേഹത്തിന്റെ വിശ്വാസങ്ങളെ ആദരിക്കാൻ പ്രവണത കാട്ടുകയും ഭീഷണികളും വിരട്ടലും ഉപയോഗിക്കാൻ സാധ്യത കുറയുകയും ചെയ്യും.
ബന്ധുക്കളുടെ പ്രതികരണം എന്തുതന്നെ ആയിക്കൊള്ളട്ടെ, ദൈവത്തെ അനാദരിക്കുന്ന പാരമ്പര്യങ്ങൾ പിന്തുടർന്നുകൊണ്ട് ഒരു ക്രിസ്ത്യാനിക്ക് അനുരഞ്ജനപ്പെടാനാവില്ല—അയാളുടെമേൽ എന്തുതന്നെ ഭീഷണികളും ദ്രോഹവും വന്നാലും വേണ്ടില്ല. അന്ധവിശ്വാസപരമായ ഭയത്തിൽനിന്നു നാം സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്.”—ഗലാത്യർ 5:1.
[29-ാം പേജിലെ ചിത്രം]
ഇപ്പോൾ മരിച്ച ഒരു വ്യക്തിക്ക് ഒരു മധ്യസ്ഥനായി പ്രവർത്തിച്ചുകൊണ്ട് പണ്ടേ മരിച്ചുപോയിട്ടുള്ള ബന്ധുക്കളുടെ പക്കൽ സന്ദേശം എത്തിക്കുന്നതിനു കഴിയുമെന്ന് അനേകരും വിശ്വസിക്കുന്നു