“സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല”
സാമുവൽ ഡി. ലഡെസൂയി പറഞ്ഞപ്രകാരം
വർഷങ്ങളിലുടനീളം ചെയ്തുതീർത്ത കാര്യങ്ങളിലേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ എനിക്കു വിസ്മയം തോന്നുകയാണ്. യഹോവ ഭൂവ്യാപകമായി അത്ഭുത കൃത്യങ്ങൾ ചെയ്തുകൊണ്ടാണിരിക്കുന്നത്. 1931-ൽ ഞങ്ങളിൽ ഏതാനുംപേർ ചേർന്നു പ്രസംഗവേല തുടങ്ങിയ നൈജീരിയയിലെ ഇലെഷയിൽ ഇപ്പോൾ 36 സഭകളുണ്ട്. വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിലെ ബിരുദധാരികൾ 1947-ൽ ആദ്യമായി എത്തിച്ചേർന്നപ്പോൾ ഉണ്ടായിരുന്ന ഏതാണ്ടു 4,000 പ്രസാധകർ ഇപ്പോൾ 1,80,000-മായി വർധിച്ചിരിക്കുകയാണ്. സംഭവിക്കാനിരുന്ന വികസനത്തെപ്പറ്റി ആദ്യകാലങ്ങളിൽ ഞങ്ങൾ പ്രതീക്ഷിക്കുകപോയിട്ടു സ്വപ്നം കാണുകപോലും ചെയ്തിരുന്നില്ല. മഹത്തായ ഈ വേലയിൽ എനിക്ക് ഒരു പങ്കുണ്ടായിരുന്നതിൽ ഞാൻ എത്ര നന്ദിയുള്ളവനാണ്! ഞാൻ അതേപ്പറ്റി നിങ്ങളോടു പറയട്ടെ.
എന്റെ പിതാവിന്റെ തൊഴിൽ പട്ടണംതോറും സഞ്ചരിച്ചു തോക്കുകളും വെടിമരുന്നും വിൽക്കുകയായിരുന്നു; അദ്ദേഹം വീട്ടിലുണ്ടായിരുന്ന സമയം വളരെ വിരളമാണ്. അദ്ദേഹത്തിന് എന്റെ അറിവിൽ ഏഴു ഭാര്യമാർ ഉണ്ടായിരുന്നു, എന്നാൽ എല്ലാവരും അദ്ദേഹത്തോടൊപ്പമായിരുന്നില്ല താമസിച്ചിരുന്നത്. എന്റെ മാതാവിനെ പിതാവ് അദ്ദേഹത്തിന്റെ മരിച്ചുപോയ സഹോദരനിൽനിന്ന് അവകാശമായി സ്വീകരിച്ചതാണ്. അമ്മ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയായിത്തീർന്നു, ഞാൻ അമ്മയോടൊപ്പമാണു താമസിച്ചിരുന്നത്.
ഒരു ദിവസം പിതാവ് അടുത്തുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്ന ആദ്യ ഭാര്യയെ സന്ദർശിച്ചശേഷം വീട്ടിൽ വന്നു. എന്റെ അർധസഹോദരൻ സ്കൂളിൽ പോകുന്ന കാര്യം അദ്ദേഹം അവിടെവെച്ചു മനസ്സിലാക്കി. എന്റെ അർധസഹോദരന് പത്തു വയസ്സുണ്ടായിരുന്നു, എന്റെ അതേ പ്രായം. അതുകൊണ്ടു ഞാനും സ്കൂളിൽ പോകണമെന്നു പിതാവ് തീരുമാനിച്ചു. അദ്ദേഹം എനിക്ക് ഒൻപതു പെൻസ് തന്നു—ഒരു പാഠപുസ്തകത്തിന് മൂന്നു പെൻസും ഒരു സ്ലേറ്റിന് ആറു പെൻസും. അത് 1924-ലായിരുന്നു.
ഒരു ബൈബിളധ്യയനക്കൂട്ടം രൂപീകരിക്കുന്നു
ചെറുപ്പംമുതലേ എനിക്കു ദൈവവചനമായ ബൈബിളിനോടു പ്രതിപത്തിയുണ്ടായിരുന്നു. സ്കൂളിലെ ബൈബിൾ ക്ലാസ്സുകൾ ഞാൻ ആസ്വദിച്ചിരുന്നു, തന്നെയുമല്ല സൺഡേ സ്കൂൾ അധ്യാപകർ എല്ലായ്പോഴും എന്നെ അഭിനന്ദിക്കാറുമുണ്ടായിരുന്നു. അതുകൊണ്ട്, 1930-ൽ ഒരു സന്ദർശക ബൈബിൾ വിദ്യാർഥി നൽകിയ ഒരു പ്രസംഗത്തിനു ഹാജരാകുന്നതിനുള്ള അവസരം ഞാൻ മുതലെടുത്തു. ഇലെഷയിൽ ആദ്യമായി പ്രസംഗം നടത്തിയവരിൽ ഒരാളായിരുന്നു അദ്ദേഹം. പ്രസംഗത്തിനുശേഷം അദ്ദേഹം ദൈവത്തിന്റെ കിന്നരം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ യൊറൂബ ഭാഷയിലുള്ള ഒരു പ്രതി എനിക്കു തന്നു.
ഞാൻ സൺഡേ സ്കൂളിൽ ക്രമമായി ഹാജരായി. അവിടെ പഠിപ്പിച്ചുകൊണ്ടിരുന്ന ചില തത്ത്വങ്ങളെ ഖണ്ഡിക്കുന്നതിന് ദൈവത്തിന്റെ കിന്നരം ഇപ്പോൾ ഞാൻ കൂടെകൊണ്ടുപോകാൻ തുടങ്ങി. വാഗ്വാദങ്ങളായിരുന്നു ഫലം. തന്നെയുമല്ല ഈ ‘പുതിയ പഠിപ്പിക്കൽ’ പിൻപറ്റുന്നതിനെതിരെ പള്ളിയിലെ നേതാക്കൾ മിക്കപ്പോഴും എനിക്കു മുന്നറിയിപ്പും നൽകി.
പിറ്റേവർഷം, ഞാൻ തെരുവിലൂടെ നടക്കവേ ഒരാളുടെ പ്രസംഗം കേട്ടുനിൽക്കുന്ന ഒരു കൂട്ടം ആളുകളുടെ സമീപമെത്തി. ബൈബിൾ വിദ്യാർഥിയായിരുന്ന ജെ. ഐ. ഓവനപ്പാ ആയിരുന്നു പ്രസംഗകൻ. ലേഗോസിൽനിന്നു പ്രസംഗവേലയുടെ മേൽനോട്ടം വഹിച്ചിരുന്ന (മിക്കപ്പോഴും ബൈബിൾ ബ്രൗൺ എന്നു വിളിച്ചിരുന്ന) വില്യം ആർ. ബ്രൗൺ ആയിരുന്നു അദ്ദേഹത്തെ അങ്ങോട്ടയച്ചത്.a ദൈവത്തിന്റെ കിന്നരം പഠിക്കുന്നതിന് ഇലെഷയിൽ ഒരു ചെറിയ ബൈബിളധ്യയനക്കൂട്ടം രൂപീകരിച്ചിരിക്കുന്നുവെന്ന് എനിക്ക് അറിയാൻ കഴിഞ്ഞു, തന്മൂലം ഞാനും അവരോടുകൂടെ ചേർന്നു.
കൂട്ടത്തിൽ ഏറ്റവും പ്രായക്കുറവ് എനിക്കായിരുന്നു—ഏതാണ്ടു 16 വയസ്സുള്ള കേവലം ഒരു സ്കൂൾ കുട്ടി. 30-നും അതിനുമുകളിലും പ്രായമുള്ള പുരുഷന്മാരുമായി സഹവസിക്കുന്നതിൽ സാധാരണഗതിയിൽ എനിക്കു ജാള്യതയും ഭീതിയുമൊക്കെ തോന്നേണ്ടതായിരുന്നു. എന്നാൽ ഞാൻ അവരോടൊപ്പമുണ്ടായിരുന്നതിൽ അവർക്കു വളരെ സന്തോഷമായിരുന്നു, അവർ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അവർ എനിക്കു പിതാക്കന്മാരെപ്പോലെയായിരുന്നു.
വൈദികരുടെ എതിർപ്പ്
പെട്ടെന്നുതന്നെ ഞങ്ങൾക്കു വൈദികരിൽനിന്ന് എതിർപ്പുണ്ടാകാൻ തുടങ്ങി. മുമ്പ് തമ്മിൽത്തല്ലിക്കൊണ്ടിരുന്ന കത്തോലിക്കരും ആംഗ്ലിക്കരും മറ്റുള്ളവരും ഇപ്പോൾ ഞങ്ങൾക്കെതിരെ ഒറ്റക്കെട്ടായി. ഞങ്ങളെ നിരുത്സാഹപ്പെടുത്താനുള്ള നടപടിയെടുക്കാൻവേണ്ടി അവർ പ്രദേശത്തെ മുഖ്യന്മാരുമായി ഗൂഢാലോചന നടത്തി. ഞങ്ങളുടെ പുസ്തകങ്ങൾ ജനത്തിനു ദ്രോഹം ചെയ്യുന്നവയാണെന്ന് അവകാശപ്പെട്ടുകൊണ്ട് അവ കണ്ടുകെട്ടാൻ അവർ പൊലീസിനെ അയച്ചു. എന്നിരുന്നാലും, അവർക്കു പുസ്തകങ്ങൾ എടുത്തുകൊണ്ടുപോകാൻ യാതൊരു അവകാശവുമില്ലെന്നു ജില്ലാ ഓഫീസർ മുന്നറിയിപ്പു നൽകിയതുകൊണ്ടു രണ്ടാഴ്ചക്കുശേഷം പുസ്തകങ്ങൾ തിരികെ കിട്ടി.
അതിനുശേഷം ഞങ്ങളെ ഒരു യോഗത്തിനു വിളിപ്പിക്കുകയുണ്ടായി. അവിടെ ഞങ്ങൾ ഓബാ അഥവാ സർവാധികാരിയായ മുഖ്യനെയും ഒപ്പം പട്ടണത്തിലെ മറ്റു പ്രധാനികളെയും സന്ധിച്ചു. അന്നു ഞങ്ങൾ 30 പേരുണ്ടായിരുന്നു. “അപകടകരങ്ങളായ” പുസ്തകങ്ങൾ വായിക്കുന്നതിൽനിന്നു ഞങ്ങളെ തടയുകയായിരുന്നു ഉദ്ദേശ്യം. ഞങ്ങൾ അപരിചിതരാണോ എന്ന് അവർ ആരാഞ്ഞു. എന്നാൽ അവർ ഞങ്ങളുടെ മുഖത്തു സൂക്ഷിച്ചു നോക്കിയിട്ടു പറഞ്ഞു, “ഇതു നമ്മുടെ പിള്ളേരല്ലേ, അവരുടെ കൂട്ടത്തിൽ ചില അപരിചിതരുണ്ടെന്നേയുള്ളൂ.” ഞങ്ങളെ ഉപദ്രവിക്കാനുദ്ദേശിച്ചുള്ള ഒരു മതത്തിന്റെ പുസ്തകങ്ങൾ ഞങ്ങൾ തുടർന്നു വായിക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്നു ഞങ്ങളോടു പറഞ്ഞു.
ഒന്നും മിണ്ടാതെ ഞങ്ങൾ വീട്ടിലേക്കു പോയി, കാരണം ആ പ്രമുഖരിൽ യാതൊരു ശ്രദ്ധയും ചെലുത്താതിരിക്കാൻ ഞങ്ങൾ തീരുമാനിച്ചുറച്ചിരുന്നു. പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങളിൽ ഞങ്ങളിൽ മിക്കവരും വളരെ സന്തുഷ്ടരായിരുന്നതിനാൽ പഠനം തുടരാൻതന്നെ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തു. തന്മൂലം, ഞങ്ങളിൽ മിക്കവരും ഒരു ആശാരിയുടെ പണിപ്പുരയിൽവെച്ചു പഠനം തുടർന്നു, ചിലർ പേടിച്ച് ഞങ്ങളുടെ കൂട്ടത്തിൽനിന്നു പോയെങ്കിൽത്തന്നെയും. ഞങ്ങൾക്കു നിർവാഹകൻ ഇല്ലായിരുന്നു. പ്രാർഥനയോടെ തുടങ്ങും, പുസ്തകത്തിന്റെ ഖണ്ഡികകൾ ഞങ്ങൾ ഊഴമനുസരിച്ചു വായിക്കും, ഏതാണ്ട് ഒരു മണിക്കൂറിനുശേഷം ഞങ്ങൾ വീണ്ടും പ്രാർഥിച്ചശേഷം വീട്ടിൽ പോകും. എന്നാൽ ഞങ്ങൾ നിരീക്ഷണവിധേയരായിരുന്നു. മുഖ്യന്മാരും മതനേതാക്കന്മാരും രണ്ടാഴ്ച കൂടുമ്പോൾ ഞങ്ങളെ വിളിപ്പിച്ചിട്ട് ബൈബിൾ വിദ്യാർഥികളുടെ സാഹിത്യം വായിക്കുന്നതിനെതിരെ മുന്നറിയിപ്പു നൽകുമായിരുന്നു.
ഇതിനിടെ, ഞങ്ങൾക്കു ലഭിച്ച തുച്ഛമായ അറിവുപയോഗിച്ചു ഞങ്ങൾ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുകയായിരുന്നു. അനേകരും ഞങ്ങൾ പറയുന്നത് അംഗീകരിച്ചു. ആളുകൾ ഒന്നൊന്നായി ഞങ്ങളുടെകൂടെ ചേർന്നു. ഞങ്ങൾക്ക് അതീവ സന്തോഷം തോന്നി, എങ്കിലും ഞങ്ങൾ സഹവസിച്ചുകൊണ്ടിരുന്ന മതത്തെപ്പറ്റി ഞങ്ങൾക്ക് അധികമൊന്നും അറിഞ്ഞുകൂടായിരുന്നു.
ഞങ്ങളെ സംഘടിതരാക്കുന്നതിന് 1932-ന്റെ ആരംഭത്തിൽ ലേഗോസിൽനിന്ന് ഒരു സഹോദരൻ എത്തിച്ചേർന്നു, ഏപ്രിലിൽ “ബൈബിൾ” ബ്രൗണും. 30 പേരുള്ള ഒരു കൂട്ടം ഉണ്ടെന്നു കണ്ട് ബ്രൗൺ സഹോദരൻ ഞങ്ങളുടെ വായനയിലുണ്ടായ പുരോഗതിയെപ്പറ്റി ചോദിച്ചു. ഞങ്ങൾക്കറിയാവുന്നതെല്ലാം ഞങ്ങൾ അദ്ദേഹത്തോടു പറഞ്ഞു. ഞങ്ങൾ സ്നാപനമേൽക്കാൻ യോഗ്യരാണെന്ന് അദ്ദേഹം പറഞ്ഞു.
വേനൽക്കാലമായിരുന്നതുകൊണ്ടു സ്നാപനമേൽക്കാൻ ഇലെഷയിൽനിന്നു 14 കിലോമീറ്റർ യാത്രചെയ്യേണ്ടിവന്നു, ഞങ്ങൾ 30 പേരോളം സ്നാപനമേറ്റു. അന്നുമുതൽ, രാജ്യ പ്രസംഗകരായിരിക്കാൻ യോഗ്യതയുള്ളവരാണെന്നു ഞങ്ങൾക്കു സ്വയം തോന്നി, വീടുതോറും പോകാനും തുടങ്ങി. ഇതു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിൽ ഞങ്ങൾ ഉത്സുകരായിരുന്നു. ഞങ്ങൾ അഭിമുഖീകരിച്ച വ്യാജ ഉപദേശങ്ങളെ ബൈബിളിന്റെ പിൻബലത്തിൽ ഖണ്ഡിക്കുന്നതിനു നന്നായി തയ്യാറാകേണ്ടതുണ്ടായിരുന്നു. അതുകൊണ്ട്, യോഗങ്ങളിൽവെച്ചു ഞങ്ങൾ ആ ഉപദേശങ്ങളെപ്പറ്റി ചർച്ചചെയ്യുകയും അറിയാവുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പരസ്പരം സഹായിക്കുകയും ചെയ്യുമായിരുന്നു.
ഞങ്ങളുടെ പ്രസംഗപ്രവർത്തനം
ഞങ്ങൾ പട്ടണത്തിൽ മുഴുവൻ പ്രസംഗിച്ചു. ആളുകൾ ഞങ്ങളെ പരിഹസിക്കുകയും കൂക്കുവിളിക്കുകയും ചെയ്തു, എങ്കിലും ഞങ്ങൾ അതു കാര്യമാക്കിയില്ല. വളരെയേറെ കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നുവെങ്കിലും ഞങ്ങളുടെ പക്കൽ സത്യം ഉണ്ടായിരുന്നതിനാൽ ഞങ്ങൾക്ക് അതിയായ സന്തോഷമനുഭവപ്പെട്ടു.
ഞായറാഴ്ചതോറും ഞങ്ങൾ വീടുവീടാന്തരം പോയി. ആളുകൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ ഞങ്ങൾ ഉത്തരം പറയാൻ ശ്രമിക്കും. ഞായറാഴ്ച ദിവസങ്ങളിൽ വൈകുന്നേരം ഞങ്ങൾ പരസ്യപ്രസംഗം നടത്തുമായിരുന്നു. രാജ്യഹാളില്ലാതിരുന്നതിനാൽ തുറസ്സായ സ്ഥലത്തായിരുന്നു യോഗങ്ങൾ നടത്തിയിരുന്നത്. ആളുകളെ വിളിച്ചുകൂട്ടി പ്രസംഗം നടത്തിയശേഷം ചോദ്യങ്ങൾ ചോദിക്കാൻ ഞങ്ങൾ അവരോട് അഭ്യർഥിക്കുമായിരുന്നു. ചിലപ്പോഴൊക്കെ ഞങ്ങൾ പള്ളിയിലും പ്രസംഗിച്ചു.
യഹോവയുടെ സാക്ഷികളെപ്പറ്റി ആളുകൾ ഒരിക്കലും കേട്ടിട്ടില്ലാത്ത ഇടങ്ങളിലേക്കും ഞങ്ങൾ യാത്രചെയ്തു. മിക്കപ്പോഴും ഞങ്ങൾ സൈക്കിളിൽ സഞ്ചരിക്കുമായിരുന്നു, എന്നാൽ ചിലപ്പോൾ ഞങ്ങൾ ബസും വാടകയ്ക്കെടുക്കുമായിരുന്നു. ഒരു ഗ്രാമത്തിൽ പ്രവേശിച്ചശേഷം ഉച്ചത്തിൽ ഹോൺ അടിക്കും. മുഴു ഗ്രാമവും അതു കേൾക്കുമായിരുന്നു! സംഭവിക്കുന്നതെന്താണെന്ന് അറിയാൻ ജനങ്ങൾ ഓടിക്കൂടുമായിരുന്നു. അപ്പോൾ ഞങ്ങൾ സന്ദേശമറിയിക്കും. ഞങ്ങൾ പറഞ്ഞു നിർത്തുമ്പോൾ ഞങ്ങളുടെ സാഹിത്യത്തിന്റെ പ്രതികൾ കൈപ്പറ്റുന്നതിനുവേണ്ടി ആളുകൾ തിക്കുംതിരക്കും കൂട്ടുകയായി. ഞങ്ങൾ വളരെയേറെ സാഹിത്യം സമർപ്പിച്ചിരുന്നു.
ദൈവരാജ്യം വരുന്നത് അതിവാഞ്ഛയോടെ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. 1935-ലെ വാർഷിക പുസ്തകം കിട്ടിയപ്പോൾ അതിൽ മുഴു വർഷത്തേക്കുമുള്ള ദിനവാക്യ ചർച്ചകൾ കൊടുത്തിരിക്കുന്നതുകണ്ട് ഒരു സഹോദരൻ ഇങ്ങനെ ചോദിച്ചതായി ഞാൻ ഓർക്കുന്നു: “അർമഗെദോൻ വരുന്നതിനുമുമ്പ് ഒരു മുഴുവർഷം കൂടെ നമ്മൾ പൂർത്തിയാക്കാൻ പോവുകയാണെന്നാണോ ഇത് അർഥമാക്കുന്നത്?”
മറുപടിയായി നിർവാഹകൻ ചോദിച്ചു: “അർമഗെദോൻ നാളെ വരുന്നുവെന്നിരിക്കട്ടെ, നാം വാർഷിക പുസ്തകത്തിന്റെ വായന അതോടെ നിർത്തുമെന്നാണോ സഹോദരാ താങ്കൾ കരുതുന്നത്?” അല്ല എന്ന് ആ സഹോദരൻ ഉത്തരം നൽകിയപ്പോൾ നിർവാഹകൻ ചോദിച്ചു: “എങ്കിൽപ്പിന്നെ താങ്കളെന്തിനാ വിഷമിക്കുന്നത്?” ഞങ്ങൾ അന്നു കാത്തിരുന്നപോലെ ഇന്നും യഹോവയുടെ ദിനം വരാൻ അത്യാകാംക്ഷയോടെ കാത്തിരിക്കുന്നു.
യുദ്ധവർഷങ്ങൾ
രണ്ടാം ലോകമഹായുദ്ധകാലത്തു നമ്മുടെ പുസ്തകങ്ങളുടെ ഇറക്കുമതി നിരോധിച്ചിരുന്നു. ഇലെഷയിലുള്ള ഒരു സഹോദരൻ അറിയാതെ ഒരു പൊലീസുകാരന് ധനം എന്ന പുസ്തകം സമർപ്പിച്ചു. പൊലീസുകാരൻ ചോദിച്ചു: “ഈ പുസ്തകം ആരുടേതാണ്?” അതു തന്റെ സ്വന്തമാണെന്നു സഹോദരൻ പറഞ്ഞു. നിരോധിക്കപ്പെട്ട പുസ്തകമാണ് അതെന്നു പറഞ്ഞു പൊലീസുകാരൻ സഹോദരനെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി ജയിലിലടച്ചു.
ഞാൻ പൊലീസ് സ്റ്റേഷനിൽചെന്ന് അന്വേഷണങ്ങൾക്കുശേഷം സഹോദരനെ ജാമ്യത്തിലിറക്കി. എന്നിട്ടു ലേഗോസിലുള്ള ബ്രൗൺ സഹോദരനെ ഫോണിൽവിളിച്ചു സംഭവിച്ചതൊക്കെ അറിയിച്ചു. നമ്മുടെ പുസ്തകത്തിന്റെ വിതരണത്തെ നിരോധിക്കുന്ന എന്തെങ്കിലും നിയമം നടപ്പിലുണ്ടോ എന്നും ഞാൻ ചോദിച്ചു. നിരോധിച്ചിരിക്കുന്നതു നമ്മുടെ പുസ്തകങ്ങളുടെ ഇറക്കുമതിയാണ്, വിതരണമല്ല എന്ന് ബ്രൗൺ സഹോദരൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിയാൻ മൂന്നു ദിവസത്തിനു ശേഷം ബ്രൗൺ സഹോദരൻ ലേഗോസിൽനിന്ന് ഒരു സഹോദരനെ അയച്ചു. മാസികകളും പുസ്തകങ്ങളുമായി എല്ലാവരും പ്രസംഗവേലയ്ക്കു പോകണമെന്ന് ആ സഹോദരൻ തീരുമാനിച്ചു.
ഞങ്ങൾ വ്യത്യസ്ത ദിശകളിലേക്കു പിരിഞ്ഞു. ഏതാണ്ട് ഒരു മണിക്കൂറിനുശേഷം, സഹോദരങ്ങളിൽ അധികംപേരെയും അറസ്റ്റു ചെയ്തതായി എനിക്ക് അറിവുകിട്ടി. തന്മൂലം, സന്ദർശക സഹോദരനും ഞാനും പൊലീസ് സ്റ്റേഷനിൽ ചെന്നു. പുസ്തകങ്ങളുടെമേൽ നിരോധനം ഏർപ്പെടുത്തിയിട്ടില്ല എന്നുള്ള ഞങ്ങളുടെ വിശദീകരണം പൊലീസ് ചെവിക്കൊണ്ടില്ല.
അറസ്റ്റുചെയ്യപ്പെട്ട 33 സഹോദരന്മാരെ ഈഫേയിലുള്ള ചീഫ് മജിസ്ട്രേട്ടിന്റെ കോടതിയിലേക്ക് അയയ്ക്കുകയുണ്ടായി, ഞാൻ അവരെ അനുഗമിച്ചു. ഞങ്ങളെ കൊണ്ടുപോകുന്നതു കണ്ടു പട്ടണത്തിലുള്ള ആളുകൾ കൂക്കിവിളിച്ചു, “ഇതോടെ അവരുടെ കാര്യം കഴിഞ്ഞു. അവർ വീണ്ടും ഇങ്ങോട്ടു വരാൻ പോകുന്നില്ല.”
നൈജീരിയയിൽ ചീഫ് മജിസ്ട്രേട്ടിന്റെ മുമ്പിൽ കുറ്റം അവതരിപ്പിച്ചു. സകല പുസ്തകങ്ങളും മാസികകളും പ്രദർശിപ്പിക്കുകയുണ്ടായി. ഈ ആളുകളെ അറസ്റ്റുചെയ്യാൻ ചീഫ് പൊലീസിന് അധികാരം നൽകിയത് ആരാണെന്ന് അദ്ദേഹം ചോദിച്ചു. ജില്ലാ ഓഫീസറിന്റെ നിർദേശപ്രകാരമാണു താൻ അങ്ങനെ ചെയ്തതെന്നു ചീഫ് പൊലീസ് മറുപടി നൽകി. ചീഫ് പൊലീസിനെയും ഞങ്ങളുടെ പ്രതിനിധികളിൽ ഞാനുൾപ്പെടെ നാലുപേരെയും ചീഫ് മജിസ്ട്രേട്ട് തന്റെ മുറിയിലേക്കു വിളിപ്പിച്ചു.
മിസ്റ്റർ ബ്രൗൺ ആരാണെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം വാച്ച് ടവർ സൊസൈറ്റിയുടെ ലേഗോസിലെ പ്രതിനിധിയാണെന്നു ഞങ്ങൾ പറഞ്ഞു. ഞങ്ങളുടെ കാര്യം പറഞ്ഞുകൊണ്ട് മിസ്റ്റർ ബ്രൗണിന്റെ ഒരു ടെലഗ്രാം തനിക്കു കിട്ടിയെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം കേസ് അന്നത്തെ ദിവസം നിർത്തിവയ്ക്കുകയും സഹോദരങ്ങൾക്കു ജാമ്യം നൽകുകയും ചെയ്തു. പിറ്റേന്ന് അദ്ദേഹം സഹോദരങ്ങളെ വെറുതെവിടുകയും പുസ്തകം തിരിച്ചേൽപ്പിക്കാൻ പൊലീസിനോട് ആജ്ഞാപിക്കുകയും ചെയ്തു.
ഞങ്ങൾ ഗാനമാലപിച്ചുകൊണ്ട് ഇലെഷയിലേക്കു മടങ്ങി. വീണ്ടും ജനങ്ങൾ ഒച്ചയിടാൻ തുടങ്ങി, എന്നാൽ ഇത്തവണ അവർ പറഞ്ഞതിങ്ങനെയാണ്, “അവർ വീണ്ടും വന്നല്ലോ!”
വിവാഹം സംബന്ധിച്ചു യഹോവയുടെ പ്രമാണം വ്യക്തമാക്കി
1947-ലാണ് ആദ്യത്തെ മൂന്നു ഗിലെയാദ് ബിരുദധാരികൾ നൈജീരിയയിൽ എത്തിച്ചേർന്നത്. ആ സഹോദരന്മാരിൽ ഒരാളായ ടോണീ ആറ്റ്വുഡ് ഇപ്പോഴും ഇവിടെ നൈജീരിയ ബെഥേലിൽ സേവനമനുഷ്ഠിക്കുന്നു. അവർ വന്നതിൽപ്പിന്നെ നൈജീരിയയിൽ യഹോവയുടെ സ്ഥാപനത്തിൽ വലിയ മാറ്റങ്ങൾ ഞങ്ങൾ കണ്ടു. ഒരു വലിയ മാറ്റം സംഭവിച്ചതു ബഹുഭാര്യത്വത്തെക്കുറിച്ചുള്ള ഞങ്ങളുടെ വീക്ഷണഗതിയിലായിരുന്നു.
1941 ഫെബ്രുവരിയിൽ ഞാൻ ഓലാബിസി ഫാസൂബായെ വിവാഹംചെയ്തു. കൂടുതലായി ഭാര്യമാരെ എടുക്കരുതെന്നു തിരിച്ചറിയാൻപോന്ന വിവരം അന്നെനിക്കുണ്ടായിരുന്നു. എന്നാൽ 1947-ൽ മിഷനറിമാർ വരുന്നതുവരെ ബഹുഭാര്യത്വം സഭകളിൽ സർവസാധാരണമായിരുന്നു. ഒന്നിൽ കൂടുതൽ ഭാര്യമാരെ വിവാഹംചെയ്തത് അറിവില്ലായ്മ നിമിത്തമാണെന്നു ബഹുഭാര്യരായ സഹോദരന്മാരോടു പറയപ്പെടുകയുണ്ടായി. തന്മൂലം, അവർക്കു രണ്ടോ മൂന്നോ നാലോ അഞ്ചോ ഭാര്യമാരുണ്ടെങ്കിൽ കൂടെക്കഴിയാൻ അവരെ അനുവദിക്കാം, എന്നാൽ അവർ വീണ്ടും വിവാഹം ചെയ്തുകൂടായിരുന്നു. ഞങ്ങൾക്കുണ്ടായിരുന്ന നയം അതായിരുന്നു.
ഞങ്ങളോടൊത്തു സഹവസിക്കാൻ അനേകർക്കും താത്പര്യമുണ്ടായിരുന്നു, പ്രത്യേകിച്ചും ഇലെഷയിലുള്ള ചെരബിം, സെരാഫിം സമുദായത്തിൽപെട്ടവർക്ക്. സത്യം പഠിപ്പിച്ച ഏക ജനം യഹോവയുടെ സാക്ഷികളാണെന്ന് അവർ പറഞ്ഞു. അവർ ഞങ്ങളുടെ പഠിപ്പിക്കലുകളെ അംഗീകരിക്കുകയും തങ്ങളുടെ പള്ളികൾ രാജ്യഹാളായി മാറ്റുന്നതിന് ആഗ്രഹിക്കുകയും ചെയ്തു. ഇതിനായി ഞങ്ങൾ അശ്രാന്ത പരിശ്രമം നടത്തുകയായിരുന്നു. അവരുടെ മുഖ്യന്മാരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾപോലും ഞങ്ങൾക്കുണ്ടായിരുന്നു.
അപ്പോഴാണു ബഹുഭാര്യത്വം സംബന്ധിച്ചുള്ള പുതിയ മാർഗനിർദേശം ലഭിച്ചത്. 1947-ൽ മിഷനറിമാരിൽ ഒരാൾ ഒരു സർക്കിട്ട് സമ്മേളനത്തിൽ ഒരു പ്രസംഗം നടത്തി. നല്ല നടത്തയെയും ശീലങ്ങളെയുംപറ്റി അദ്ദേഹം സംസാരിച്ചു. അടുത്തതായി അദ്ദേഹം, അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ലെന്നു പറയുന്ന 1 കൊരിന്ത്യർ 6:9, 10 ഉദ്ധരിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: “ബഹുഭാര്യർ ദൈവരാജ്യം അവകാശമാക്കുകയില്ല!” സദസ്യർ ബഹളംവച്ചുകൊണ്ടു പറഞ്ഞു: “ഓ, ബഹുഭാര്യർ ദൈവരാജ്യം അവകാശമാക്കുകയില്ലപോലും!” കക്ഷിപിരിവുണ്ടായി. അത് ഒരു യുദ്ധംപോലെ ആയിരുന്നു. പുതുതായി സഹവസിക്കാൻ തുടങ്ങിയ അനേകർ, “ദൈവത്തിനു നന്ദി, ഈ സ്ഥാപനവുമായി നമ്മൾ ആഴമായ ബന്ധം സ്ഥാപിക്കാത്തതു നന്നായി” എന്നു പറഞ്ഞുകൊണ്ടു സഹവാസം നിർത്തി.
എന്നിരുന്നാലും, ഭൂരിപക്ഷം സഹോദരന്മാരും കൂടുതലായുണ്ടായിരുന്ന ഭാര്യമാരെ പറഞ്ഞുവിട്ടുകൊണ്ടു തങ്ങളുടെ സ്ഥിതിഗതികൾ നേരെയാക്കാൻ തുടങ്ങി. ഭാര്യമാർക്കു പണം നൽകിക്കൊണ്ടു പറഞ്ഞു: ‘നിങ്ങൾ ചെറുപ്പമാണെങ്കിൽ വേറൊരു ഭർത്താവിനെ തിരയുക. നിങ്ങളെ വിവാഹം ചെയ്തതിൽ ഞാൻ തെറ്റുകാരനാണ്. ഇപ്പോൾ ഞാൻ ഒരു ഭാര്യയുടെ ഭർത്താവായേ മതിയാകൂ.’
പെട്ടെന്നുതന്നെ മറ്റൊരു പ്രശ്നം തലപൊക്കി. ചിലർ ഒരു ഭാര്യയെ തങ്ങളോടൊപ്പം നിർത്തുകയും മറ്റുള്ളവരെ പറഞ്ഞുവിടുകയും ചെയ്യാൻ തീരുമാനമെടുത്തശേഷം ആ തീരുമാനത്തിനു മാറ്റം വരുത്തിക്കൊണ്ട് തങ്ങളോടൊപ്പം നിർത്തിയ ഭാര്യയെ പറഞ്ഞുവിട്ടിട്ട് നേരത്തെ പറഞ്ഞുവിട്ട ഭാര്യമാരിലൊരാളെ തിരിച്ചെടുക്കാൻ ആഗ്രഹിച്ചു! അതുകൊണ്ടു വീണ്ടും കുഴപ്പമാരംഭിച്ചു.
“യൌവനത്തിലെ ഭാര്യ”യെപ്പറ്റി പരാമർശിക്കുന്ന മലാഖി 2:14-നെ ആസ്പദമാക്കി ബ്രുക്ലിൻ ഹെഡ്ക്വാർട്ടേഴ്സിൽനിന്നു കൂടുതലായ മാർഗനിർദേശം ലഭിച്ചു. ഭർത്താക്കന്മാർ ആദ്യം വിവാഹംചെയ്ത ഭാര്യയെ തങ്ങളോടൊപ്പം നിർത്തണമെന്നായിരുന്ന മാർഗനിർദേശം. അങ്ങനെയാണ് ആ പ്രശ്നം ഒടുവിൽ പരിഹരിച്ചത്.
സേവന പദവികൾ
1947-ൽ സൊസൈറ്റി സഭകളെ ബലപ്പെടുത്താനും അവയെ സർക്കിട്ടുകളായി സംഘടിപ്പിക്കാനും തുടങ്ങി. അറിവിൽ പുരോഗതിപ്രാപിച്ചവരും പക്വമതികളുമായ സഹോദരന്മാരെ ഇപ്പോൾ സർക്കിട്ട് ദാസന്മാർ എന്നുവിളിക്കുന്ന, ‘സഹോദരങ്ങൾക്കു സേവകരാ’യി നിയമിക്കാൻ അവർ ആഗ്രഹിച്ചു. അത്തരമൊരു നിയമനം ഞാൻ സ്വീകരിക്കുമോ എന്നു ബ്രൗൺ സഹോദരൻ എന്നോടു ചോദിച്ചു. യഹോവയുടെ ഹിതം ചെയ്യാനാണു ഞാൻ സ്നാപനമേറ്റത് എന്നു പറഞ്ഞുകൊണ്ട് ഞാൻ ഇങ്ങനെ കൂട്ടിച്ചേർത്തു. “താങ്കൾ എന്നെ സ്നാനപ്പെടുത്തുക പോലും ചെയ്തു. ഇപ്പോൾ യഹോവയെ സേവിക്കുന്നതിനു കൂടുതലായ ഒരവസരം ലഭിക്കുമ്പോൾ ഞാനതു നിരസിക്കുമെന്നു താങ്കൾക്കു തോന്നുന്നുണ്ടോ?”
ആ വർഷം ഒക്ടോബറിൽ ഞങ്ങളിൽ ഏഴു പേരെ ലേഗോസിലേക്കു വിളിപ്പിക്കുകയും സർക്കിട്ട് വേലയ്ക്കു പുറപ്പെടുന്നതിനുമുമ്പു ഞങ്ങൾക്കു പരിശീലനം നൽകുകയും ചെയ്തു. അന്നൊക്കെ സർക്കിട്ടുകൾ വളരെ വലുതായിരുന്നു. മുഴു രാജ്യവും വെറും ഏഴു സർക്കിട്ടുകളായിട്ടാണു തിരിച്ചത്. സഭകൾ കുറവായിരുന്നു.
സഹോദരന്മാർക്കു സേവകർ എന്നനിലയിലുള്ള ഞങ്ങളുടെ വേല കഠിനാധ്വാനമായിരുന്നു. ഉഷ്ണമേഖലാ പ്രദേശത്തെ പൊള്ളുന്ന ചൂടിൽ ദിവസേന ഞങ്ങൾ അനേകം കിലോമീറ്ററുകൾ നടക്കുമായിരുന്നു. വാരംതോറും ഞങ്ങൾക്കു ഗ്രാമംതോറും സഞ്ചരിക്കണമായിരുന്നു. ചിലപ്പോഴൊക്കെ കാല് ഒടിഞ്ഞു പോകുമെന്ന് എനിക്കുതോന്നി. ചിലപ്പോഴൊക്കെ തോന്നി എന്റെ കഥ കഴിഞ്ഞുവെന്ന്! എന്നാൽ അത്യന്തം സന്തോഷത്തിനും വകയുണ്ടായിരുന്നു, അധികമധികം ആളുകൾ സത്യം സ്വീകരിക്കുന്നതു കാണുമ്പോൾ പ്രത്യേകിച്ചും. എന്തിന്, വെറും ഏഴു വർഷത്തിനുള്ളിൽ പ്രസാധകരുടെ സംഖ്യ നാലിരട്ടിയായി!
1955 വരെ ഞാൻ സർക്കിട്ട് വേലയിൽ പങ്കുപറ്റി. മോശമായ ആരോഗ്യനില ഇലെഷയിലേക്കു തിരികെ പോരാൻ എന്നെ നിർബന്ധിതനാക്കി. അവിടെ ഞാൻ നഗരമേൽവിചാരകനായി നിയമിക്കപ്പെട്ടു. വീട്ടിലായിരുന്നത് എന്റെ കുടുംബത്തെ ആത്മീയമായി സഹായിക്കുന്നതിനു കൂടുതൽ സമയം മാറ്റിവയ്ക്കാൻ എന്നെ പ്രാപ്തനാക്കി. ഇന്ന് എന്റെ ആറു മക്കളും യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്നു.
യഥാർഥസ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല
പിന്നിട്ട വർഷങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ നന്ദിയുള്ളവനായിരിക്കുന്നതിന് എനിക്ക് അനേകം കാരണങ്ങളുണ്ട്. നിരാശകളും ദുഃഖങ്ങളും രോഗങ്ങളും ഉണ്ടായിട്ടുണ്ട്, എന്നാൽ അനേകം സന്തോഷങ്ങളും ഉണ്ടായിരുന്നിട്ടുണ്ട്. ഞങ്ങളുടെ അറിവും ഗ്രാഹ്യവും വർഷങ്ങളിലൂടെ വർധിച്ചുവെങ്കിലും “സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല” എന്ന 1 കൊരിന്ത്യർ 13:8-ന്റെ അർഥം അനുഭവത്തിലൂടെ ഞാൻ മനസ്സിലാക്കിയിരിക്കുന്നു. യഹോവയെ സ്നേഹിക്കുകയും അവന്റെ സേവനത്തിൽ ദൃഢചിത്തരായിരിക്കുകയും ചെയ്യുന്നപക്ഷം അവൻ പ്രയാസങ്ങളിൽ സഹായമേകുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യും.
സത്യത്തിന്റെ പ്രകാശം കൂടിക്കൂടിവരുകയാണ്. ഞങ്ങൾ ആദ്യം തുടക്കമിട്ട കാലങ്ങളിൽ വിചാരിച്ചത് അർമഗെദോൻ പെട്ടെന്നു വരുമെന്നാണ്; അതുകൊണ്ടാണു ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തുതീർക്കാൻ തിടുക്കംകൂട്ടിയത്. എങ്കിലും അതെല്ലാം ഞങ്ങളുടെ പ്രയോജനത്തിൽ കലാശിച്ചു. അതുകൊണ്ടാണു ഞാൻ സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകളോടു യോജിക്കുന്നത്: “ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.”—സങ്കീർത്തനം 146:2.
[അടിക്കുറിപ്പ]
a അന്തിമപ്രമാണമെന്ന നിലയിൽ ബൈബിളിലേക്കു വിരൽചൂണ്ടുന്നതു ബ്രൗൺ സഹോദരന്റെ പതിവായിരുന്നതിനാലാണ് അദ്ദേഹം ബൈബിൾ ബ്രൗൺ എന്നറിയപ്പെട്ടത്.—1992 ഡിസംബർ 1 വീക്ഷാഗോപുരത്തിന്റെ 32-ാം പേജിൽ “ഒരു യഥാർത്ഥ സുവിശേഷകന്റെ കൊയ്ത്ത്” കാണുക.
[23-ാം പേജിലെ ചിത്രം]
സാമുവൽ 1955-ൽ മിൽട്ടൻ ഹെൻഷലിനോടൊപ്പം
[24-ാം പേജിലെ ചിത്രം]
സാമുവൽ ഭാര്യ ഓലാബിസിയോടൊപ്പം