അസൂയ എന്റെ ജീവിതത്തെ നാശത്തിന്റെ വക്കോളമെത്തിച്ചു
ഞാൻ എന്റെ രണ്ടാം ഭർത്താവായ മാർക്കിനെa വിവാഹം ചെയ്തതോടെ അസൂയ എന്നെ വാസ്തവത്തിൽ ബാധിക്കാൻ തുടങ്ങി. ഞങ്ങൾക്ക് ആദ്യ വിവാഹത്തിലുണ്ടായ കുട്ടികളെ പരിപാലിക്കുകയും ഞങ്ങളുടെ മുൻ ഇണകളുമായി ഇടപെടുകയും ചെയ്യണമായിരുന്നു. ചിലപ്പോഴൊക്കെ സഹിക്കാനാവാത്ത സ്ഥിതിവിശേഷമുണ്ടായി. കുടുംബത്തിൽ വഴക്കുണ്ടായപ്പോഴെല്ലാം, മാർക്ക് എന്നെ പിന്തുണച്ചില്ലെന്ന് എനിക്കു തോന്നിത്തുടങ്ങി. അദ്ദേഹത്തിനിപ്പോഴും ഇഷ്ടം മുൻഭാര്യയോടായിരിക്കുമെന്ന് എനിക്കു തോന്നിത്തുടങ്ങി. എന്റെ അസൂയയെ നിയന്ത്രിക്കുന്നതിനുപകരം, അത് എന്റെ ജീവിതത്തെ നിയന്ത്രിക്കാൻ ഞാൻ അനുവദിച്ചു. മാർക്കിന്റെ മുൻഭാര്യ അടുത്തുള്ളപ്പോഴെല്ലാം എനിക്കു വല്ലാത്ത ഭയമായിരുന്നു.
ഞാൻ മാർക്കിനെ നിരന്തരം ശ്രദ്ധിക്കുമായിരുന്നു. എന്തിന്, അദ്ദേഹം എവിടെയാണു നോക്കിക്കൊണ്ടിരിക്കുന്നതെന്ന് അറിയാൻ ഞാൻ അദ്ദേഹത്തിന്റെ കണ്ണുകളെപ്പോലും ശ്രദ്ധിക്കുമായിരുന്നു. അദ്ദേഹം വിചാരിക്കാത്ത കാര്യങ്ങൾവരെ ഞാൻ അദ്ദേഹത്തിന്റെ നോട്ടത്തിൽനിന്നു വ്യാഖ്യാനിച്ചെടുത്തു. ഇപ്പോഴും സ്നേഹിക്കുന്നതു മുൻഭാര്യയെത്തന്നെയാണ് എന്നു വെട്ടിത്തുറന്നുപറഞ്ഞുകൊണ്ടു ചിലപ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തുമായിരുന്നു. ഇതിനാൽ പൊറുതിമുട്ടിയ അദ്ദേഹം ഒരു ക്രിസ്തീയ സമ്മേളനസ്ഥലത്തുനിന്നു പെട്ടെന്ന് എഴുന്നേറ്റു പോകുകപോലും ചെയ്ത ഒരു സംഭവമുണ്ടായി. യഹോവയുടെ മുമ്പാകെ എനിക്കു കുറ്റബോധം തോന്നി. ഞാൻ എന്റെ കുടുംബത്തിന്റെ ജീവിതം ദുരിതപൂർണമാക്കി, കാരണം കുട്ടികളും ഒടുവിൽ ഇതിനാൽ ബാധിക്കപ്പെട്ടു. ഞാൻ ചെയ്തുകൊണ്ടിരുന്ന സംഗതിയെപ്രതി എനിക്ക് എന്നോടുതന്നെ വെറുപ്പുതോന്നി. ഞാൻ എത്ര കഠിനമായി ശ്രമിച്ചിട്ടും, എന്റെ അസൂയയെ നിയന്ത്രിക്കാൻ സാധിക്കുന്നതായി തോന്നിയില്ല.
മാർക്ക് എന്നെ സഹായിച്ചില്ല, പകരം തിരിച്ചടിക്കാൻ തുടങ്ങി. ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തുമ്പോൾ, പിന്നെ എന്റെ നേരേ തിരിഞ്ഞ് ആക്രോശമാണ്, “നിനക്ക് അസൂയയാണ്, അസൂയ. അതുതന്നെ.” അദ്ദേഹം എന്നെ അസൂയപ്പെടുത്താൻ മനഃപൂർവം ശ്രമിക്കുകയാണെന്നുപോലും തോന്നി. എന്റെ അസൂയ മാറ്റാനുള്ള മാർഗം അതാണെന്ന് ഒരുപക്ഷേ അദ്ദേഹം വിചാരിച്ചിരിക്കാം. എന്നാൽ അതു കാര്യങ്ങളെ കൂടുതൽ വഷളാക്കിയതേയുള്ളൂ. മറ്റുള്ള സ്ത്രീകളെ നോക്കി അവർക്ക് എന്തൊരു സൗന്ദര്യം എന്നൊക്കെയായി പിന്നെ അദ്ദേഹത്തിന്റെ കമൻറുകൾ. ഇത് എന്നിൽ ഉളവാക്കിയതോ കൂടുതലായ അധമത്വചിന്ത, എന്നെ ഇനി ആവശ്യമില്ല എന്ന തോന്നൽ. അതോടെ മറ്റൊരു വികാരം—വെറുപ്പ്—അതിന്റെ വൃത്തികെട്ട തലപൊക്കി, സംഗതി അത്രത്തോളമെത്തി. ആ അവസ്ഥയിൽ എന്നിൽ ശക്തമായ മാനസിക സംഘട്ടനം നടന്നു, ഇനി അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവുമായി ഒരു ബന്ധവുംവേണ്ട, ഒഴിവാക്കിയേക്കാം എന്നാഗ്രഹിക്കുകയും ചെയ്തു.
‘അസൂയ അസ്ഥികൾക്കു ദ്രവത്വം’ എന്നു ബൈബിൾ പറയുമ്പോൾ അതു കൃത്യമായും അങ്ങനെതന്നെയാണ്. (സദൃശവാക്യങ്ങൾ 14:30) ഇപ്പോൾ എന്റെ ആരോഗ്യം മോശമാവാൻ തുടങ്ങി. എനിക്കു വയറ്റിലെ അൾസർ പിടിപെട്ടു. അതു ഭേദമാകാൻ വളരെ നാളുകളെടുത്തു. മാർക്കു ചെയ്തതെല്ലാം സംശയത്തോടെ വീക്ഷിച്ചുകൊണ്ട് ഞാൻ എന്റെ ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീശയിൽ തപ്പി വല്ല ഫോൺ നമ്പരും കിട്ടിയാൽ, മറുതലയ്ക്കൽ ആരാണെന്നറിയാൻ ഉടനെ വിളിച്ചുനോക്കുമായിരുന്നു. ഉള്ളിന്റെ ഉള്ളിൽ എനിക്ക് എന്നെക്കുറിച്ചുതന്നെ ലജ്ജതോന്നി. യഹോവയുടെ മുമ്പാകെയുള്ള ലജ്ജനിമിത്തം ഞാൻ കരയുമായിരുന്നു. എന്നിട്ടും എനിക്ക് എന്നെത്തന്നെ പിടിച്ചുനിർത്താനായില്ല. ഞാൻതന്നെയായിരുന്നു എന്റെ ഏറ്റവും വലിയ ശത്രു.
എന്റെ ആത്മീയതയും അങ്ങേയറ്റം ബാധിക്കപ്പെട്ടു. എനിക്കു പ്രാർഥിക്കാൻപോലും കഴിയാതായി. എനിക്കു യഹോവയോടു സ്നേഹമുണ്ടായിരുന്നു. വാസ്തവത്തിൽ, ശരിയായതു ചെയ്യണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. ഭാര്യാഭർത്താക്കന്മാരെക്കുറിച്ചു പറയുന്ന എല്ലാ തിരുവെഴുത്തുകളും എനിക്ക് അറിയാമായിരുന്നു, എന്നാൽ അവ ബാധകമാക്കാൻ എനിക്കു സാധിക്കുന്നില്ലായിരുന്നു. വളരെ നല്ല കുട്ടികളായിരുന്നു എനിക്കുണ്ടായിരുന്നത്, എന്നിട്ടും, ജീവിതത്തിലാദ്യമായി ജീവിക്കണമെന്ന ആശ നശിച്ചു.
ക്രിസ്തീയ സഭയിലെ മൂപ്പന്മാർ വലിയൊരു പ്രോത്സാഹനമായിരുന്നു. എന്നെ സഹായിക്കാൻ തങ്ങളാലാവുന്നത് അവർ ചെയ്തു. എന്നാൽ അവർ എന്റെ അസൂയയുടെ കാര്യമെടുത്തിടുമ്പോഴൊക്കെ, ജാള്യതനിമിത്തം ഞാൻ അതു നിഷേധിക്കുമായിരുന്നു. അങ്ങനെയൊരു ഒരു പ്രശ്നംതന്നെ എനിക്കുണ്ടെന്നു സമ്മതിക്കാൻ ഞാൻ കൂട്ടാക്കിയില്ല.
അവസാനം, എന്റെ ആരോഗ്യം അങ്ങേയറ്റം വഷളായി. ഒരു ഓപ്പറേഷനുവേണ്ടി ആശുപത്രിയിൽ പോകാതെ തരമില്ലെന്നായി. ഇതുപോലെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് അവിടെവെച്ച് എനിക്കു ബോധ്യമായി. വൈകാരികമായി ഉൾപ്പെടാതെയുള്ള ഞങ്ങളുടെ സ്ഥിതിവിശേഷം പരിശോധിക്കാൻ മൂന്നു മാസം വേറിട്ടുതാമസിക്കാൻ ഞാനും മാർക്കും തീരുമാനിച്ചു. ഈ കാലഘട്ടത്ത്, വിസ്മയാവഹമായ ഒരു കാര്യം സംഭവിച്ചു. “മദ്യാസക്തരായ മുതിർന്ന കുട്ടികൾക്കു സഹായം”b എന്ന ശീർഷകത്തിൽ ഉണരുക! മാസികയിൽ ഒരു ലേഖനം വന്നു.
നിങ്ങൾക്ക് അറിയാമോ, എന്റെ അമ്മ ഒരു മദ്യാസക്തയായിരുന്നു. എനിക്കു നേരേ ശാരീരികോപദ്രവങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, മാതാപിതാക്കൾ തമ്മിലോ, അല്ലെങ്കിൽ എന്നോടോ ശാരീരിക സ്നേഹപ്രകടനമൊന്നും ഒരിക്കലും കാട്ടിയിരുന്നില്ല. അമ്മ എന്നെ കൈകൊണ്ടു ചേർത്തുപിടിച്ചതോ എന്നെ സ്നേഹിക്കുന്നുവെന്ന് എന്നോട് എപ്പോഴെങ്കിലും പറഞ്ഞതോ ഒന്നും എനിക്ക് ഓർമയില്ല. അതുകൊണ്ട്, സ്നേഹിക്കേണ്ടത് എങ്ങനെയെന്നോ, അല്ലെങ്കിൽ അത്രതന്നെ പ്രാധാന്യമുള്ള സംഗതിയായ സ്നേഹിക്കപ്പെടേണ്ടത് എങ്ങനെയെന്നോ വാസ്തവത്തിൽ അറിയാതെയാണു ഞാൻ വളർന്നത്.
എന്റെ പിതാവിനു മറ്റു സ്ത്രീകളുമായി അടുപ്പമുണ്ടായിരുന്നെന്നും അമ്മയ്ക്ക് അദ്ദേഹത്തെ വിശ്വാസമില്ലായിരുന്നുവെന്നും അമ്മ എന്നോടു പലപ്പോഴും പറയുമായിരുന്നു. അതുകൊണ്ട്, പൊതുവേ പുരുഷന്മാരെ വിശ്വസിക്കാതെയാണു ഞാൻ വളർന്നുവന്നതെന്നു തോന്നുന്നു. എന്നെ വളർത്തിക്കൊണ്ടുവന്ന വിധം ഹേതുവായി, മറ്റുള്ളവരുമായുള്ള, വിശേഷിച്ചും മറ്റു സ്ത്രീകളുമായുള്ള, ബന്ധത്തിൽ എനിക്ക് എപ്പോഴും അധമത്വചിന്തയാണുണ്ടായിരുന്നത്. ആ ഉണരുക! ലേഖനം വായിച്ചതിനാൽ എനിക്ക് ഈ സംഗതികളുടെ അർഥം ഗ്രഹിക്കാറായി. അങ്ങനെ ആദ്യമായി അസൂയ എന്ന എന്റെ പ്രശ്നത്തിന്റെ മൂലകാരണങ്ങൾ എനിക്കു പിടികിട്ടി.
ഞാൻ ആ ഉണരുക! ലേഖനം എന്റെ ഭർത്താവായ മാർക്കിനെ കാണിച്ചു. എന്നെ മെച്ചമായി മനസ്സിലാക്കാൻ അത് അദ്ദേഹത്തെയും സഹായിച്ചു. വേർപിരിയാൻ പരിപാടിയിടുന്ന ദമ്പതിമാർക്കുള്ള ബൈബിൾ ഉപദേശം ഉടനടി പിൻപറ്റാൻ എനിക്കും അദ്ദേഹത്തിനും സാധിച്ചു. ഞങ്ങൾ വിട്ടുവീഴ്ചയ്ക്കു തയ്യാറായി. (1 കൊരിന്ത്യർ 7:10, 11) ഇപ്പോൾ ഞങ്ങളുടെ വിവാഹജീവിതം മുമ്പത്തെക്കാളും മെച്ചപ്പെട്ടിരിക്കുന്നു. മിക്ക കാര്യങ്ങളും ഞങ്ങൾ ഒരുമിച്ചു ചെയ്യുന്നു, വിശേഷിച്ചും ക്രിസ്തീയ പ്രവർത്തനങ്ങളുടെ കാര്യംവരുമ്പോൾ. മാർക്ക് കൂടുതൽ സമാനുഭാവം കാട്ടുന്നുണ്ട്. അദ്ദേഹം എന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു മിക്കവാറും ദിവസേന എന്നോടു പറയാറുണ്ട്. ഇപ്പോൾ ഞാൻ അതു വാസ്തവത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു.
മാർക്കിന്റെ മുൻ ഭാര്യയെ കാണാനുള്ള സാധ്യതയുണ്ടെന്നു മനസ്സിലാക്കുമ്പോഴെല്ലാം, കരുത്തിനായി ഞാൻ യഹോവയോടു പ്രാർഥിക്കാറുണ്ട്. പക്വതയുള്ള ക്രിസ്തീയ രീതിയിൽ പ്രവർത്തിക്കാൻ എന്നെ സഹായിക്കണമേയെന്നു ഞാൻ യാചിക്കാറുണ്ട്. അതു ഫലപ്രദമാണ്. എനിക്ക് അവരോടുള്ള അമർഷത്തിന്റേതായ വികാരങ്ങൾ അപ്രത്യക്ഷമാവുകയാണ്. നിഷേധാത്മക ചിന്തകളിൽ ഞാൻ മേലാൽ കുടുങ്ങിക്കിടക്കുന്നില്ല. ഭാവനയെ കാടുകയറാൻ ഞാനൊട്ട് അനുവദിക്കുന്നുമില്ല.
അസൂയയുടേതായ ചില അനുചിത വികാരങ്ങൾ എനിക്കിപ്പോഴും വരാറുണ്ട്. അത് എന്നിൽനിന്നു പരിപൂർണമായി നീക്കംചെയ്യാൻ ദൈവത്തിന്റെ പുതിയ ലോകത്തിലെ പൂർണതയുള്ള ജീവിതത്തിനു മാത്രമേ സാധിക്കുകയുള്ളൂ. അതിനിടയിൽ, എന്നെ നിയന്ത്രിക്കാൻ അസൂയയെ അനുവദിക്കുന്നതിനുപകരം, അസൂയയെ നിയന്ത്രിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. അതേ, അസൂയ എന്റെ ജീവിതത്തെ നാശത്തിന്റെ വക്കോളമെത്തിച്ചു. യഹോവയും അവന്റെ സ്ഥാപനവും ഹേതുവായി, ഞാനിപ്പോൾ വളരെ സന്തോഷമുള്ള വ്യക്തിയാണ്. എന്റെ ആരോഗ്യവും സാധാരണമട്ടിലായിരിക്കുന്നു. എനിക്ക് എന്റെ ദൈവമായ യഹോവയുമായി ഒരിക്കൽക്കൂടി ദൃഢമായ ബന്ധം ലഭിച്ചിരിക്കുന്നു.—സംഭാവന ചെയ്യപ്പെട്ടത്.
[അടിക്കുറിപ്പുകൾ]
a പേരിനു മാറ്റം വരുത്തിയിട്ടുണ്ട്.
b 1992 മേയ് 22 ഉണരുക! (ഇംഗ്ലീഷ്) 8-12 പേജുകൾ കാണുക.