സ്വയനീതിക്കെതിരെ സൂക്ഷിക്കുക!
ഒന്നാം നൂറ്റാണ്ടിൽ പരീശന്മാർ ദൈവത്തിന്റെ നീതിയുള്ള ആരാധകരെന്ന സൽപ്പേരിനു പാത്രീഭൂതരായിരുന്നു. അവർ തിരുവെഴുത്തുകളുടെ ഉത്സുക പഠിതാക്കളായിരുന്നുവെന്നു മാത്രമല്ല അടിക്കടി പ്രാർഥിക്കുകയും ചെയ്യുമായിരുന്നു. ചിലർ അവരെ സൗമ്യരും ന്യായയുക്തരുമായി വീക്ഷിച്ചു. “പരീശന്മാർ പരസ്പരം പ്രീതിയുള്ളവരാണ്, കൂടാതെ സമുദായവുമായി ഒത്തിണങ്ങുന്ന ബന്ധവും നട്ടുവളർത്തുന്നു” എന്ന് യഹൂദ ചരിത്രകാരനായ ജോസീഫസ് എഴുതി. അക്കാലത്ത് അവർ യഹൂദസമുദായത്തിൽ ഒരുപക്ഷേ ഏറ്റവുമധികം ബഹുമാനിക്കപ്പെടുകയും അങ്ങേയറ്റം ആദരിക്കപ്പെടുകയും ചെയ്തിരുന്ന വ്യക്തികളായിരുന്നുവെന്നതിൽ അതിശയിക്കാനില്ല!
എന്നിരുന്നാലും, ഇന്ന് “പരീശ” എന്ന പദവും അതിനോടു ബന്ധപ്പെട്ട പദപ്രയോഗങ്ങളും അനാദരസൂചകവും കപടഭക്തൻ, സ്വയനീതിക്കാരൻ, മറ്റുള്ളവരെക്കാൾ വിശുദ്ധനെന്ന ഭാവക്കാരൻ, അതിഭക്തൻ, അധരസേവ അർപ്പിക്കുന്നവൻ എന്നീ പദപ്രയോഗങ്ങളുടെ പര്യായവുമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. പരീശന്മാർക്കു തങ്ങളുടെ സൽപ്പേരു നഷ്ടപ്പെടാൻ കാരണമെന്താണ്?
മിക്ക യഹൂദരിൽനിന്നും വിഭിന്നമായി യേശുക്രിസ്തു പരീശന്മാരുടെ ബാഹ്യാകാരത്താൽ വഞ്ചിക്കപ്പെട്ടിരുന്നില്ല എന്നതായിരുന്നു അതിനു കാരണം. “പുറമേ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കു”ന്ന “വെള്ളതേച്ച ശവക്കല്ലറകളോടു” അവൻ അവരെ സാദൃശ്യപ്പെടുത്തി.—മത്തായി 23:27.
അവർ പൊതു സ്ഥലത്തുനിന്നുകൊണ്ടു നീണ്ട പ്രാർഥനകൾ ചൊല്ലിയെന്നതു സത്യംതന്നെ. എന്നാൽ അത്, യേശു പറഞ്ഞതുപോലെ, മറ്റുള്ളവർ കാണാൻവേണ്ടി മാത്രമായിരുന്നു. അവരുടെ ആരാധന വെറും പ്രഹസനമായിരുന്നു. അത്താഴങ്ങളിൽ മുഖ്യസ്ഥാനവും സിന്നഗോഗുകളിൽ മുൻനിരയിൽ ഇരിപ്പിടങ്ങളും അവർ കാംക്ഷിച്ചു. യഹൂദരെല്ലാം തൊങ്ങലുകളുള്ള അങ്കികൾ ധരിക്കാൻ കടപ്പെട്ടിരുന്നപ്പോൾ പരീശന്മാർ അമിത നീളത്തിൽ തൊങ്ങലുകളുള്ള അങ്കികൾ ധരിച്ചുകൊണ്ട് ആളുകളിൽ മതിപ്പുളവാക്കാൻ ശ്രമിച്ചു. രക്ഷാകവചമായി ധരിച്ചിരുന്ന, തിരുവെഴുത്തുകൾ ആലേഖനംചെയ്ത വലിപ്പംകൂട്ടിയ പട്ടകൾ മറ്റുള്ളവരുടെ മുമ്പാകെ പ്രദർശിപ്പിക്കുന്നതിൽ അവർ അഭിമാനംകൊണ്ടിരുന്നു. (മത്തായി 6:5; 23:5-8) അവരുടെ കാപട്യവും അത്യാഗ്രഹവും അഹങ്കാരവും ഒടുവിൽ അവർക്ക് അപകീർത്തിവരുത്തി.
ദൈവം പരീശന്മാരെ തള്ളിക്കളഞ്ഞിരിക്കുന്നതായി യേശു ഉറച്ച ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞു: ‘കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു: “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.’ (മത്തായി 15:7-9) അവരുടെ നീതി വാസ്തവത്തിൽ സ്വയനീതിയായിരുന്നു. ‘പരീശന്മാരുടെ പുളിച്ചമാവ് സൂക്ഷിച്ചുകൊൾവിൻ’ എന്ന് യേശു തന്റെ ശിഷ്യന്മാർക്കു മുന്നറിയിപ്പു നൽകിയതു മനസ്സിലാക്കാവുന്നതേയുള്ളു. (ലൂക്കൊസ് 12:1) ഇന്നു നാമും സ്വയനീതിക്കാർ ആയിത്തീരുന്നതിനെതിരെ ‘സൂക്ഷിക്കണം’ അഥവാ മതപരമായി കാപട്യമുള്ളവരായിത്തീരുന്നതിനെതിരെ ജാഗ്രതയുള്ളവരായിരിക്കണം.
അങ്ങനെ ചെയ്യുമ്പോൾ ഒരു കാര്യം നാം തിരിച്ചറിയണം, ഒരു വ്യക്തി ഒറ്റ രാത്രികൊണ്ടു സ്വയനീതിക്കാരനാകുന്നില്ല. മറിച്ച്, ക്രമാനുഗതമായ രീതിയിൽ ഒരു കാലയളവുകൊണ്ടാണ് ഈ പ്രവണത നുഴഞ്ഞുകയറുന്നത്. മനസ്സറിയാതെപോലും ഒരു വ്യക്തി പരീശന്മാരുടെ ഈ അനഭിലഷണീയ സ്വഭാവവിശേഷം ആർജിച്ചെന്നുവരാം.
ഒരു ഉന്നത മനോഭാവം
നാം ‘സൂക്ഷിക്കേണ്ട’ ചില സ്വഭാവവിശേഷങ്ങൾ ഏതെല്ലാമാണ്? സ്വയനീതിക്കാരായ വ്യക്തികൾ മിക്കപ്പോഴും തങ്ങൾ “ഒരിക്കലും തെറ്റുചെയ്തിട്ടില്ലെന്നപോലെ സംസാരിക്കുകയും നിലകൊള്ളുകയും നോക്കുകയും ചെയ്യുന്നു” എന്ന് എൻസൈക്ലോപീഡിയ ഓഫ് റിലിജൻ ആൻഡ് എത്തിക് വിശദീകരിക്കുന്നു. സ്വയനീതിക്കാർ പൊങ്ങച്ചക്കാരും സ്വയം ഉയർത്തുന്നവരുമായിരിക്കും. അതായിരുന്നു പരീശന്മാരുടെയും ഒരു മുഖ്യപ്രശ്നം.
ഈ പരീശ-സമാന മനോഭാവത്തെ ഒരു ഉപമയിലൂടെ യേശു വർണിച്ചു: “രണ്ടു മനുഷ്യർ പ്രാർത്ഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ. പരീശൻ നിന്നുകൊണ്ടു തന്നോടുതന്നേ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു. ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു.” അതിനുനേരേ വിപരീതമായി ചുങ്കക്കാരൻ താഴ്മയോടെ തന്റെ തെറ്റുകൾ ഏറ്റുപറയുകയും പൊങ്ങച്ചക്കാരനായ പരീശനെക്കാൾ നീതിമാനാണെന്നു തെളിയിക്കുകയും ചെയ്തു. “തങ്ങൾ നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെ” അഭിസംബോധ ചെയ്തുകൊണ്ടാണ് യേശു ഈ ഉപമ പറഞ്ഞത്.—ലൂക്കൊസ് 18:9-14.
നമ്മുടെ സ്വതഃസിദ്ധമായ കഴിവുകളും നേട്ടങ്ങളും നിമിത്തം നാം മറ്റുള്ളവരെക്കാൾ മെച്ചമാണെന്ന് അപൂർണരായ നമുക്കു ചിലപ്പോഴൊക്കെ തോന്നിയേക്കാം. എങ്കിലും ക്രിസ്ത്യാനികൾ അത്തരം ചിന്തകൾക്കു പെട്ടെന്നു വിരാമമിടണം. വർഷങ്ങളോളം ക്രിസ്തീയ ജീവിതം നയിച്ചതിന്റെ അനുഭവപരിചയം നിങ്ങൾക്ക് ഉണ്ടെന്നുവരാം. നിങ്ങളൊരുപക്ഷേ പ്രഗൽഭനായ ഒരു ബൈബിൾ ഉപദേഷ്ടാവാണെന്നു വരാം. അതല്ല സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം വാഴുന്നതിന് അഭിഷേകം ചെയ്യപ്പെട്ടതായി ഒരുപക്ഷേ നിങ്ങൾ അവകാശപ്പെടുന്നുണ്ടാവാം. സഭയിലുള്ള ചിലർ മുഴുസമയപ്രവർത്തകർ, മൂപ്പന്മാർ, ശുശ്രൂഷാദാസന്മാർ എന്നിങ്ങനെ പ്രത്യേക പദവികൾ ആസ്വദിക്കുന്നുണ്ട്. നിങ്ങൾ സ്വയം ഇങ്ങനെ ചോദിക്കുവിൻ: ‘യഹോവ നൽകിയവയെ മറ്റുള്ളവരെക്കാൾ ഉന്നതനെന്ന മനോഭാവം തോന്നുന്നതിന് അടിസ്ഥാനമായി ഉപയോഗിക്കുന്നെങ്കിൽ അവന് എന്തു തോന്നും?’ തീർച്ചയായും അത് അവനെ അപ്രീതിപ്പെടുത്തും.—ഫിലിപ്പിയർ 2:3, 4.
ദൈവദത്തമായ കഴിവുകളും പദവികളും അധികാരവും നിമിത്തം ഒരു ക്രിസ്ത്യാനി ഉന്നതമനോഭാവം പ്രകടമാക്കുന്നുവെങ്കിൽ അയാൾ വാസ്തവത്തിൽ ദൈവത്തിനുമാത്രം അർഹതപ്പെട്ട മഹത്ത്വവും ബഹുമാനവും ദൈവത്തിൽനിന്നു കവർന്നെടുക്കുകയാണ്. “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയര”രുതെന്നു ക്രിസ്ത്യാനികളെ ബൈബിൾ വ്യക്തമായി ഗുണദോഷിക്കുന്നുണ്ട്. “തമ്മിൽ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നുകൊൾവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുതു” എന്ന് അതു നമ്മെ ഉദ്ബോധിപ്പിക്കുന്നു.—റോമർ 12:3, 16.
“വിധിക്കരുത്”
ഒരു ബൈബിൾ എൻസൈക്ലോപീഡിയ പറയുന്നതനുസരിച്ച്, സ്വയനീതിക്കാരനായ ഒരു വ്യക്തി “താൻ ധാർമികമായി നേരുള്ളവനാണെന്നോ നിയമത്തിന്റെ ഉദ്ദേശ്യം ഗണ്യമാക്കാതെ അതിന്റെ വാക്കുകളിൽ കടിച്ചുതൂങ്ങുന്നതിനാൽ ദൈവമുമ്പാകെ നല്ല നിലയുള്ളവനാണെന്നോ സ്വയം കണക്കാക്കുന്നു.” “മറ്റുള്ളവരിലുള്ള തിന്മ തിരഞ്ഞുകണ്ടുപിടിക്കാൻവേണ്ടി തങ്ങളുടെ സമയം മുഴുവൻ ചെലവഴിക്കുന്ന അമിത മതഭക്ത”രായി മറ്റൊരു കൃതി സ്വയനീതിക്കാരെ വർണിക്കുന്നു.
ഇക്കാര്യത്തിൽ പരീശന്മാർ കുറ്റക്കാരായിരുന്നു. ക്രമേണ, മനുഷ്യനിർമിതമായ അവരുടെ നിയമങ്ങൾ ദൈവനിയമങ്ങളെയും തത്ത്വങ്ങളെയുംകാൾ പ്രാധാന്യമുള്ളതായി തോന്നിച്ചു. (മത്തായി 23:23; ലൂക്കൊസ് 11:41-44) അവർ സ്വയം ന്യായാധിപതികളാക്കിവെച്ചു, സ്വയനീതിയിലധിഷ്ഠിതമായ തങ്ങളുടെ പ്രമാണങ്ങൾ അനുസരിക്കാത്ത ഏവനെയും കുറ്റംവിധിക്കാൻ ചായ്വുള്ളവരുമായിരുന്നു. അവരുടെ ഉന്നതമനോഭാവവും അത്യുക്തികലർത്തിയ ആത്മാഭിമാനവും മറ്റുള്ള ജനങ്ങളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഉളവാക്കി. യേശുവിനെ നിയന്ത്രിക്കാനാവാതെ വന്ന അവരുടെ കഴിവുകേട് അവരെ രോഷാകുലരാക്കി. തന്മൂലം അവർ അവനെ കൊല്ലാൻ അവസരം തേടി.—യോഹന്നാൻ 11:47-53.
സ്വയം ന്യായാധിപതിയാക്കിത്തീർക്കുന്ന, എല്ലായ്പോഴും തെറ്റുകണ്ടെത്താൻ ശ്രമിക്കുന്ന, ചുറ്റുമുള്ള സകലരെയും സൂക്ഷ്മമായി പരിശോധിക്കുകയും ഭരിക്കുകയും ചെയ്യുന്ന ഒരുവനോടൊത്തുള്ള സഹവാസം എത്ര അസുഖകരമാണ്. വാസ്തവത്തിൽ സഭയിലുള്ള ആർക്കും മറ്റുള്ളവരുടെമേൽ തന്റെ അഭിപ്രായങ്ങളും സ്വയനിർമിത നിയമങ്ങളും അടിച്ചേൽപ്പിക്കാനുള്ള അധികാരമില്ല. (റോമർ 14:10-13) ദൈനംദിന ജീവിതത്തിലെ അനേക വശങ്ങളും വ്യക്തിപരമായ തീരുമാനങ്ങളിൽ പെടുന്നുവെന്നു സന്തുലിത ചിന്താഗതിക്കാരായ ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു. പരിപൂർണത തേടുകയും അധികാരപൂർവം ആവശ്യപ്പെടുകയും ചെയ്യുന്നതിനു പ്രവണതയുള്ളവർ പ്രത്യേകിച്ചും മറ്റുള്ളവരെ ന്യായംവിധിക്കുന്നത് ഒഴിവാക്കണം.
യഹോവയുടെ ഭൗമിക സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിനു സംഭാവന ചെയ്യുന്ന മാർഗനിർദേശങ്ങളുണ്ടായിരിക്കാൻ ക്രിസ്തീയ സഭയ്ക്ക് അധികാരമുണ്ടെന്നതു ശരിതന്നെ. (എബ്രായർ 13:17) എന്നാൽ ചിലർ ഈ മാർഗനിർദേശങ്ങളെ വളച്ചൊടിക്കുകയോ സ്വയനിർമിത നിയമങ്ങൾ അവയോടു കൂട്ടിച്ചേർക്കുകയോ ചെയ്തിരിക്കുന്നു. ഒരു സ്ഥലത്തു ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിലുള്ള എല്ലാ വിദ്യാർഥികളും സൂട്ടുകൾ ധരിച്ച്, ജാക്കറ്റിന്റെ ബട്ടൻസിട്ട്, പ്രസംഗം നടത്തേണ്ടിയിരുന്നു. അപ്രകാരം ചെയ്യാൻ പരാജയപ്പെടുന്ന ഒരു വിദ്യാർഥിക്കു ഭാവിയിൽ പ്രസംഗം നടത്താൻ കഴിയുമായിരുന്നില്ല. മയമില്ലാത്ത അത്തരം നിയമങ്ങൾ ഉണ്ടാക്കുന്നതിനു പകരം ദയാപൂർവം, ആവശ്യാനുസരണം വ്യക്തിപരമായ സഹായം നൽകുന്നതു ന്യായയുക്തവും ദൈവവചനത്തിന്റെ സത്തയ്ക്കു നിരക്കുന്നതുമായിരിക്കില്ലേ?—യാക്കോബ് 3:17.
ഒരു ക്രിസ്ത്യാനി വ്യക്തിപരമായ അനേകം ബുദ്ധിമുട്ടുകൾ സഹിക്കുന്നപക്ഷം അയാൾ ആത്മീയതയിൽ ന്യൂനതയുള്ളവനാണെന്ന വീക്ഷണഗതിയെയും സ്വയനീതി പ്രോത്സാഹിപ്പിച്ചെന്നുവരാം. അതുതന്നെയാണു സ്വയനീതിക്കാരായ എലീഫസ്, ബിൽദാദ്, സോഫർ എന്നിവർ ഇയ്യോബിനെക്കുറിച്ചു ധരിച്ചത്. സാഹചര്യത്തിന്റെ മുഴു ചിത്രവും അവർക്കു ലഭിച്ചിരുന്നില്ല. തന്മൂലം, ഇയ്യോബ് തെറ്റുകാരനാണെന്നു കുറ്റപ്പെടുത്തിയത് അവരുടെ പക്ഷത്തുനിന്നുള്ള ധിക്കാരമായിരുന്നു. ഇയ്യോബിന്റെ പീഡനങ്ങളെക്കുറിച്ചു വളച്ചൊടിച്ചു മൂല്യനിർണയം ചെയ്തതിനു യഹോവ അവരെ ശിക്ഷിച്ചു.—ഇയ്യോബ് 4, 5, 8, 11, 18, 20 എന്നീ അധ്യായങ്ങൾ കാണുക.
വഴിപിഴച്ച തീക്ഷ്ണത
സ്വയനീതിയും തീക്ഷ്ണതയും മിക്കപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മതഭക്തരായ യഹൂദന്മാരെപ്പറ്റി, അവർ “പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ [“തീക്ഷ്ണതയുള്ളവർ,” NW] . . . അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല” എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (റോമർ 10:2, 3) ഒരു പരീശനെന്ന നിലയിൽ പൗലോസിനുതന്നെയും അത്യധികം തീക്ഷ്ണതയുണ്ടായിരുന്നു, അത് യഹോവയുടെ നീതിയിൽ അധിഷ്ഠിതമല്ലാതിരുന്ന, വഴിപിഴച്ച തീക്ഷ്ണത ആയിരുന്നുവെന്നുമാത്രം.—ഗലാത്യർ 1:13, 14; ഫിലിപ്പിയർ 3:6.
“അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു?” എന്നു ബൈബിൾ അനുശാസിക്കുന്നത് ഉചിതമായിത്തന്നെയാണ്. (സഭാപ്രസംഗി 7:16) സഭയിൽ ഒരു ക്രിസ്ത്യാനി മനസ്സാക്ഷിക്കൊത്തവണ്ണം പ്രവർത്തിക്കാൻ തുടങ്ങിയെന്നുവരാം, എന്നാൽ അയാളുടെ നീതിബോധവും തീക്ഷ്ണതയും സ്വയനീതിയായി അധഃപതിച്ചേക്കാം. യഹോവയുടെ നീതിക്കുപകരം മാനുഷജ്ഞാനത്താൽ നയിക്കപ്പെടുമ്പോൾ മതപരമായ തീക്ഷ്ണത മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം. എങ്ങനെ?
ഉദാഹരണത്തിന്, മറ്റുള്ളവരുടെ ആത്മീയാവശ്യങ്ങളിൽ അത്യന്തം ശ്രദ്ധചെലുത്തുന്ന മാതാപിതാക്കൾ അതിനിടയിൽ തങ്ങളുടെ സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങൾ അവഗണിച്ചെന്നുവരാം. അല്ലെങ്കിൽ മാതാപിതാക്കൾ കുട്ടികൾക്കു ചെയ്യാനാവുന്നതിലുമധികം അവരിൽനിന്ന് ആവശ്യപ്പെട്ടുകൊണ്ട് അമിത തീക്ഷ്ണതയുള്ളവരായിരുന്നേക്കാം. (എഫെസ്യർ 6:4; കൊലൊസ്സ്യർ 3:21) അത്തരം ന്യായരഹിതമായ ആവശ്യങ്ങൾ നിറവേറ്റാനാവാതെ ചില കുട്ടികൾ കപടജീവിതം നയിച്ചുകൊണ്ട് അതിനോടു പ്രതികരിക്കുന്നു. ന്യായയുക്തനായ ഒരു പിതാവ് തന്റെ കുടുംബത്തിന്റെ പരിമിതികൾ തിരിച്ചറിയുകയും ഉചിതമായ ഭേദഗതികൾ വരുത്തുകയും ചെയ്യും.—ഉല്പത്തി 33:12-14 താരതമ്യം ചെയ്യുക.
മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ മർമപ്രധാനമായിരിക്കുന്ന നയവും സമാനുഭാവവും ആർദ്രതയും നമ്മിൽനിന്ന് അപഹരിക്കാൻ അമിത തീക്ഷ്ണതയ്ക്കു കഴിയും. രാജ്യതാത്പര്യങ്ങളുടെ ഉന്നമനത്തിനായി ഒരു വ്യക്തി കഠിനമായി പ്രവർത്തിക്കുന്നുവെന്നുവരാം. എന്നിരുന്നാലും, അയാളുടെ അമിത തീക്ഷ്ണത കാലത്തിന്റെ ഒഴുക്കിൽ ആളുകളെ ക്ഷതപ്പെടുത്തിയേക്കാം. “എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല. എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല” എന്നു പൗലോസ് പറഞ്ഞു.—1 കൊരിന്ത്യർ 13:2, 3.
താഴ്മയുള്ളവരെ ദൈവം അംഗീകരിക്കുന്നു
സ്വയനീതിയെന്ന ഭീഷണിയെ ക്രിസ്ത്യാനികളെന്ന നിലയിൽ നാം മുളയിലേ തിരിച്ചറിയണം. ഉന്നതമനോഭാവവും മറ്റുള്ളവരെ വിധിക്കുന്ന ശീലവും മാനുഷജ്ഞാനത്തിൽ അധിഷ്ഠിതമായ അന്ധമായ തീക്ഷ്ണതയും നാം ഒഴിവാക്കണം.
കപട മനോഭാവത്തിനെതിരെ നാം “സൂക്ഷിക്കു”മ്പോൾ മറ്റുള്ളവരെ സ്വയനീതിക്കാർ എന്നു വിധിക്കുന്നതിനു പകരം നമ്മുടെതന്നെ പ്രവണതകളിലും ഭാവങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതു നന്നായിരിക്കും. യേശു പരീശന്മാരെ ന്യായംവിധിക്കുകയും അവരെ നിത്യനാശത്തിനു യോഗ്യരായ ‘സർപ്പസന്തതിക”ളായി കുറ്റംവിധിക്കുകയും ചെയ്തുവെന്നതു സത്യംതന്നെ. എന്നാൽ യേശുവിനു മനുഷ്യരുടെ ഹൃദയങ്ങളെ ശോധനചെയ്യാൻ കഴിയുമായിരുന്നു. നമുക്കതിനുള്ള കഴിവില്ല.—മത്തായി 23:33.
നമുക്കു നമ്മുടെതന്നെ നീതിയല്ല ദൈവത്തിന്റെ നീതി അന്വേഷിക്കാം. (മത്തായി 6:33) എന്നാൽ മാത്രമേ നമുക്കു യഹോവയുടെ അംഗീകാരം ഉണ്ടായിരിക്കുകയുള്ളൂ. കാരണം ബൈബിൾ നമ്മെ ഇങ്ങനെ അനുശാസിക്കുന്നു: “എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.”—1 പത്രൊസ് 5:6, ദാനീയേൽ ബൈബിൾ.