രാജ്യപ്രഘോഷകർ റിപ്പോർട്ടുചെയ്യുന്നു
സാക്ഷീകരണം ഭവനത്തിലും സ്കൂളിലും ഫലം നൽകുന്നു
മറ്റുള്ളവർക്കു നന്മ ചെയ്യുന്നത് ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ ഭാഗമാണ്, പ്രത്യേകിച്ചും ദൈവരാജ്യത്തിന്റെ സുവാർത്ത പങ്കിട്ടുകൊണ്ട്. “നന്മ ചെയ്വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു” എന്നു സദൃശവാക്യങ്ങൾ 3:27 പറയുന്നു. അർജൻറീനയിൽ മൂന്നാം വർഷ ഹൈസ്കൂൾ വിദ്യാർഥിയായ ഒരു യുവ സാക്ഷി സ്കൂളിലെ ഒരു സുഹൃത്തുമായി രാജ്യത്തിന്റെ സുവാർത്ത പങ്കിടാൻ ആഗ്രഹിച്ചു. അവൻ അങ്ങനെ ചെയ്തതു ദൂരവ്യാപക ഫലങ്ങൾ ഉളവാക്കി.
മതങ്ങളെല്ലാമൊന്നും നല്ലതല്ല എന്ന് ഒരു ദിവസം ഈ യുവ സാക്ഷി തന്റെ സുഹൃത്തിനോടു പറഞ്ഞു. താൻ തീയതൊന്നും ചെയ്യുന്നില്ലെന്ന് ആ യുവാവു മറുപടി പറഞ്ഞപ്പോൾ സാക്ഷി പറഞ്ഞു: “നീ ദൈവത്തിനുവേണ്ടിയും ഒന്നും ചെയ്യുന്നില്ല.” അത് ആ യുവാവിനെ ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇത് അന്ത്യനാളുകളാണെന്നും ദൈവത്തിന്റെ അംഗീകാരമുണ്ടായിരിക്കുന്നതിന് ഒരുവനു സൂക്ഷ്മമായ ബൈബിൾ പരിജ്ഞാനം ഉണ്ടായിരിക്കണമെന്നും അതു ബാധകമാക്കണമെന്നും സാക്ഷി പിന്നീടു പറഞ്ഞു. അവന്റെ സുഹൃത്തു സമ്മതംമൂളി. എന്നാൽ ഒരു ബൈബിളധ്യയനം നടത്താൻ അവന്റെ കുടുംബാംഗങ്ങൾ അവനെ അനുവദിക്കുമായിരുന്നോ? തന്റെ സുഹൃത്തിന്റെ ചിന്തയെ ഉണർത്തുന്നതിന് നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം വായിക്കാൻ സാക്ഷി അവനോട് അഭ്യർഥിച്ചു.
സമയം കടന്നുപോയി. സുഹൃത്ത് സ്കൂളും വിട്ടു. ഒരു വർഷത്തിലേറെയായി അവനെപ്പറ്റി ഒരു വിവരവുമില്ലായിരുന്നു. അങ്ങനെയിരിക്കെ, ഒരു നാൾ ആ യുവ സാക്ഷിയെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ആ സുഹൃത്ത് അവനെ ടെലഫോണിൽ വിളിച്ചു. ബൈബിൾ പ്രവചനങ്ങൾ വാസ്തവമായും നിവർത്തിക്കുന്നതു തനിക്കു കാണാൻ കഴിയുന്നുണ്ടെന്നു സുഹൃത്തു പറഞ്ഞു. ഉടനെതന്നെ സാക്ഷി അവനോടൊപ്പം ബൈബിൾ പഠിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു.
സ്കൂളിലെ തന്റെ പഴയ സുഹൃത്തിനെ കാണാൻ പോയപ്പോൾ സുഹൃത്തിന്റെ മാതാപിതാക്കൾ തങ്ങളുടെ മകൻ എന്ത് ഏടാകൂടത്തിലാണ് അകപ്പെട്ടിരിക്കുന്നതെന്നോർത്ത് ഏറെ ഉത്കണ്ഠയുള്ളവരായിരിക്കുന്നതായി ശ്രദ്ധിച്ചു. തന്റെ സഹോദരനു ബുദ്ധിഭ്രമം സംഭവിച്ചുവെന്നു സുഹൃത്തിന്റെ ഇളയ സഹോദരൻ പോലും വിചാരിച്ചു. തന്മൂലം അടുത്ത അധ്യയനത്തിൽ മാതാപിതാക്കൾ അവനോടൊപ്പം ഇളയ സഹോദരനെയും ഇരുത്തി. പിന്നീട്, ഈ ചെറുപ്പക്കാരൻ തന്റെ സഹോദരനു ബുദ്ധഭ്രമമില്ലെന്നു നിറകണ്ണുകളോടെ മാതാപിതാക്കളെ അറിയിച്ചു. അതിന് അവന്റെ അമ്മയുടെ പ്രതികരണമോ, “ഒരു തൊന്തരവിനു പകരം എനിക്കിപ്പോൾ രണ്ടു തൊന്തരവായി!”
തന്മൂലം, അടുത്ത അധ്യയനത്തിൽ അവരും ഇരുന്നു. പയ്യന്മാർക്കു ബുദ്ധിഭ്രമമില്ലെന്ന് അവർക്കു സമ്മതിക്കാതെ തരമില്ലായിരുന്നു. പിന്നീട് അവർക്കും ഭർത്താവിനും വേണ്ടി ബൈബിളധ്യയനം ക്രമീകരിച്ചു. പെട്ടെന്നുതന്നെ മുഴു കുടുംബവും രാജ്യഹാളിൽ സഭായോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. ഒടുവിൽ, വല്യമ്മയും വല്യപ്പനും ബൈബിൾ പഠിക്കാനും യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി. അതേത്തുടർന്ന് ആദ്യത്തെ യുവാവു സ്നാപനമേറ്റു. അദ്ദേഹം വിവാഹിതനായി. അദ്ദേഹവും ഭാര്യയും തീക്ഷ്ണതയുള്ള പ്രസാധകരാണ്.
അതിനുപുറമേ, സ്കൂളിലെ അനൗപചാരിക സാക്ഷീകരണത്തിലൂടെ ആ യുവ സാക്ഷി വേറെ രണ്ടു സഹപാഠികളെയും അവരിലൊരാളുടെ അമ്മയെയും സഹോദരിയെയും ബൈബിൾ പഠിക്കുന്നതിനു സഹായിച്ചു. ആ യുവ സാക്ഷി സഹപാഠികൾക്കു നന്മ ചെയ്യുന്നതിൽനിന്നു പിന്മാറാതിരുന്നതിനാൽ മൊത്തത്തിൽ 11 ആളുകൾ ബൈബിൾ സത്യം മനസ്സിലാക്കുകയുണ്ടായി. എന്തൊരു സന്തോഷജനകമായ പരിണതഫലം! തീർച്ചയായും, “യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.”—സങ്കീർത്തനം 144:15.