നൂറാം വയസ്സിലും ഊർജസ്വലൻ
റാൽഫ് മിച്ചെൽ പറഞ്ഞപ്രകാരം
സാമാന്യം ഉയരമുള്ള എന്റെ പിതാവ് ഒരു മെഥഡിസ്റ്റ് ഉപദേശിയായിരുന്നു. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ അദ്ദേഹത്തെ ഒരു പള്ളിയിൽനിന്നു മറ്റൊന്നിലേക്കു മാറ്റുമായിരുന്നു, കൂടുതലും ഒന്നിനുപിറകെ ഒന്നായി ചെറിയ പട്ടണങ്ങളിലേക്ക്. യു.എസ്.എ.-യിലുള്ള ഉത്തര കരലൈനയിലെ ആഷ്വിലും അതിൽ ഉൾപ്പെട്ടിരുന്നു. 1895 ഫെബ്രുവരിയിൽ അവിടെയാണു ഞാൻ പിറന്നത്. അങ്ങനെ, ക്രൈസ്തവലോകവുമായി സുപരിചിതനായി ഞാൻ വളർന്നുവന്നു.
മതോദ്ധാരണ യോഗങ്ങളിൽ, പരിശുദ്ധാത്മാവിനാൽ നിറയുന്നതിന്—അവർ പറയുന്നതനുസരിച്ച് “മതം കിട്ടുന്നതിന്”—ഒരു പയ്യനായിരുന്ന എന്നെ “ദുഃഖാർത്തർക്കുള്ള ബെഞ്ചി”ൽ കൊണ്ടിരുത്തുന്നതു ഞാൻ ഓർക്കുന്നു. പാപങ്ങൾ ഏറ്റുപറയുന്നതിനും പത്തുകൽപ്പനകൾ പാലിക്കുന്നതിനും നല്ലവനായിരിക്കുന്നതിനും എന്നോടു പറയുകയുണ്ടായി. തന്മൂലം, മരിക്കുമ്പോൾ ഞാൻ സ്വർഗത്തിൽ പോകുമായിരുന്നു. ആത്മഗതമെന്നോണം ഞാൻ പറഞ്ഞു, ‘പക്ഷേ, ഞാൻ നരകത്തിൽ പോകുമെന്നാണ് എനിക്കു തോന്നുന്നത്. കാരണം സ്വർഗത്തിൽ പോകാന്മാത്രം അത്ര നല്ലവനൊന്നുമല്ല ഞാൻ.” മുതിർന്നവർ—പ്രത്യേകിച്ചും ഉപദേശിമാർ—മാത്രമേ ബൈബിൾ പ്രമാണങ്ങൾക്കൊത്തവണ്ണം ജീവിക്കുന്നുള്ളൂ എന്നാണു ഞാൻ കരുതിയിരുന്നത്.
എന്നാൽ കൗമാരപ്രായത്തിലെത്തുന്നതിനു മുമ്പുതന്നെ മത കാപട്യം ഞാൻ തിരിച്ചറിയാൻ തുടങ്ങി. ഉദാഹരണത്തിന്, പൊതുസമ്മേളനത്തിൽ ബിഷപ്പിന്റെ ഫണ്ടിലേക്ക് ഒരു വലിയ തുക സംഭാവന ചെയ്യുന്നതിനു പിതാവ് കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങൾ പരിത്യജിക്കുമായിരുന്നു. കുറേക്കൂടെ വലിയ ഒരു പള്ളിയിലേക്ക് അതു തനിക്കു നിയമനം സാധ്യമാക്കിത്തീർക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. പഞ്ഞിക്കൃഷിക്കാരൻകൂടെയായിരുന്ന ഒരു പ്രാദേശിക ഉപദേശിയെ ഞാൻ ഓർക്കുന്നു. അയാൾ ഒരു പ്രമുഖസ്ഥാനം കൊത്തിയെടുക്കാൻ തക്കംപ്പാർത്തിരിക്കുകയായിരുന്നു. തന്മൂലം അയാൾ നൂറു കെട്ടു പഞ്ഞി വിറ്റ്, കീശ നിറയെ പണവുമായി പൊതുസമ്മേളനത്തിനു പോയി. സദസ്യരിൽനിന്ന്—അതിൽ ഭൂരിഭാഗവും ഉപദേശിമാരായിരുന്നു—കിട്ടാവുന്നതു മുഴുവൻ കിട്ടിക്കഴിഞ്ഞുവെന്നു ബോധ്യമായപ്പോൾ ഈ പഞ്ഞിക്കൃഷിക്കാരൻ ഉപദേശി ചാടിയെണീറ്റ് ഉറക്കെ ചോദിച്ചു: “നിങ്ങളുടെ ബിഷപ്പിനു നിങ്ങൾക്ക് ഇത്രയുമേ കൊടുക്കാനുള്ളോ? ഓരോ ഉപദേശിയും അഞ്ചു ഡോളർ നൽകുമ്പോൾ ഞാൻ പത്തു ഡോളർ നൽകും!” ആയിരം ഡോളർ ശേഖരിക്കുകയുണ്ടായി, ആ മനുഷ്യനെ ബിഷപ്പ് എന്റെ പിതാവിനുംമേൽ അധ്യക്ഷംവഹിക്കുന്ന തലവനാക്കി നിയോഗിച്ചു. അത്തരമൊരു നിയമനം ദൈവത്തിൽനിന്നു വന്നതാണെന്ന് എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അന്നുമുതൽ മതസംബന്ധമായ ഏതു കാര്യത്തിലും ഞാൻ സംശയാലുവായി.
ഐക്യനാടുകൾ ഒന്നാം ലോകമഹായുദ്ധത്തിൽ മുങ്ങിത്തുടിച്ചപ്പോൾ ഞാൻ നിർബന്ധിത സൈനിക സേവനത്തിന് എടുക്കപ്പെട്ടു. സൈനികരായ ഞങ്ങളോടു രാജ്യത്തിനുവേണ്ടി കൂറോടെ പൊരുതാൻ സൈനികപുരോഹിതന്മാർ ഉപദേശിക്കുന്നതു ഞാൻ നന്നായി ഓർക്കുന്നു. ഇതു മതത്തോടുള്ള എന്റെ വെറുപ്പിനു വളമിടുക മാത്രമേ ചെയ്തുള്ളൂ. യുദ്ധത്തെ അതിജീവിച്ച്, വിദ്യാഭ്യാസം പൂർത്തിയാക്കി, വിവാഹിതനാകുകയായിരുന്നു എന്റെ ലക്ഷ്യം. എന്റെ ഭാവിപരിപാടിയിൽ മതത്തിനു യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല.
മനോനിലയിൽ ഒരു മാറ്റം
1922-ൽ ലവീസ് എന്നു പേരുള്ള ഒരു യുവതിയുമായി ഞാൻ അനുരാഗത്തിലായി. ദൈവഭക്തിയുള്ള ഒരു കത്തോലിക്കയായിരുന്നു അവൾ. ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ വിവാഹം കത്തോലിക്കാ രീതിയിൽ നടത്തണമെന്നായി അവൾ. എന്നാൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ ഒരു ചടങ്ങു ഞാൻ ആഗ്രഹിച്ചിരുന്നില്ല. തന്മൂലം ന്യൂയോർക്ക് സിറ്റിയിലുള്ള ഒരു മുനിസിപ്പൽ കെട്ടിടത്തിൽവെച്ചു വിവാഹിതരാകാൻ അവൾ സമ്മതംമൂളി.
ആദ്യമാദ്യം ഞങ്ങളുടെയിടയിൽ മതസംബന്ധമായ യാതൊരു ശണ്ഠയുമില്ലായിരുന്നു. എനിക്കു മതത്തിൽ ഒട്ടും വിശ്വാസമില്ലെന്നും അതേപ്പറ്റി സൂചിപ്പിക്കാത്തിടത്തോളം കാലം ഒരുമയോടെ, സസന്തോഷം കഴിഞ്ഞുപോകാമെന്നും ഞാൻ അവൾക്കു വ്യക്തമാക്കിക്കൊടുത്തു. പിന്നീട്, 1924-നും 1937-നും ഇടയിൽ കുട്ടികൾ പിറന്നു—ഒന്നിനുപിറകെ ഒന്നായി അഞ്ച് ആണും അഞ്ചു പെണ്ണും ആകുന്നതുവരെ! കുട്ടികളെ കത്തോലിക്കാ സ്കൂളിൽ അയയ്ക്കണമെന്നായി ലവീസ്. അവർക്ക് ഏതെങ്കിലും വിധത്തിലുള്ള മതപരിശീലനം ലഭിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. തന്മൂലം ഞങ്ങൾ അതേപ്പറ്റി തർക്കമായി.
1939-ന്റെ ആരംഭത്തിൽ മതത്തെക്കുറിച്ചുള്ള എന്റെ വീക്ഷണത്തെ മാറ്റിമറിച്ച ഒരു സംഭവം നടന്നു. യഹോവയുടെ സാക്ഷികളിൽ രണ്ടുപേരായ ഹെൻട്രി വെബറും ഹാരി പയറ്റും ന്യൂ ജേഴ്സിയിലെ റോസെലിലുള്ള എന്റെ വീട്ടിൽ വന്നു. ചർച്ചചെയ്യാൻ എനിക്ക് ഒട്ടും താത്പര്യമില്ലാഞ്ഞ ഒരു വിഷയത്തെപ്പറ്റി, മതത്തെപ്പറ്റിയാണ് അവർ എന്നോടു സംസാരിക്കാൻ ആഗ്രഹിക്കുന്നതെന്നു പെട്ടെന്നുതന്നെ വ്യക്തമായി. ‘നിങ്ങൾ കൊലചെയ്യരുത്’ എന്നു നാട്ടിലെ പുരോഹിതന്മാർ പറയുമ്പോൾ ‘നിങ്ങളുടെ രാജ്യത്തിനുവേണ്ടി പൊരുതുക’ എന്നു സൈനിക മതപുരോഹിതന്മാർ പറഞ്ഞുവെന്ന വസ്തുത അപ്പോഴും എന്റെ വിശ്വാസത്തെ ഉലച്ചിരുന്നു. എന്തൊരു കാപട്യം! ഈ സാക്ഷികളെ രണ്ടിനെയും നേരെയാക്കിയിട്ടേയുള്ളൂ എന്നു ഞാൻ വിചാരിച്ചു. “ഞാൻ നിങ്ങളോടൊരു കാര്യം പറഞ്ഞോട്ടെ. നിങ്ങളുടെ മതമാണു സത്യമെങ്കിൽ മറ്റുള്ളതെല്ലാം വ്യാജമായിരിക്കണം. മറ്റുള്ളതിൽ ഒരെണ്ണമെങ്കിലും ശരിയാണെന്നുവരികിൽ ശേഷിച്ചതെല്ലാം, നിങ്ങളുടേതുൾപ്പെടെ, വ്യാജമായിരിക്കണം. സത്യമതം ഒന്നേ ഉണ്ടായിരിക്കൂ,” ഞാൻ അവരോടു പറഞ്ഞു. ഞാൻ പറഞ്ഞതിനോട് അവർ യോജിച്ചപ്പോൾ ഞാൻ അതിശയിച്ചുപോയി!
അടുത്തതായി, അവർ എന്നോട് എന്റെ ബൈബിൾ എടുത്ത് 1 കൊരിന്ത്യർ 1:10 വായിക്കാൻ ആവശ്യപ്പെട്ടു. അവിടെ ഞാൻ ഇങ്ങനെ വായിച്ചു: “നിങ്ങൾ എല്ലാവരും ഒരേ കാര്യം സംസാരിക്കുകയും നിങ്ങളുടെയിടയിൽ ഭിന്നതകളില്ലാതെ ഏകമനസ്സോടും ഏകാഭിപ്രായത്തോടും കൂടിയവരായിരിക്കുകയും ചെയ്യണം എന്നു സഹോദരരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു അപേക്ഷിക്കുകയാണ്.” (ജയിംസ് രാജാവിന്റെ ഭാഷാന്തരം) ആ തിരുവെഴുത്ത് എന്നിൽ താത്പര്യമുണർത്തി. അതേസമയംതന്നെ, ആ രണ്ടു പുരുഷന്മാരും എന്നെ ഏതോ വ്യക്തിപൂജാപ്രസ്ഥാനത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണെന്ന ഭയവും എനിക്കുണ്ടായിരുന്നു. എങ്കിലും ഒരു സംഗതി ഞാൻ മനസ്സിലാക്കി—ക്രിസ്ത്യാനികളുടെ ഇടയിൽ ഭിന്നതകൾ പാടില്ല. എന്റെ മനസ്സിൽ അനേകം ചോദ്യങ്ങളുദിച്ചു. ഉദാഹരണത്തിന്, മരണത്തിൽ ദേഹിക്ക് എന്തു സംഭവിക്കുന്നു? അവരോടൊത്ത് ആ ചോദ്യം ചർച്ചചെയ്യുന്നതു ഞാൻ അത്യന്തം ആസ്വദിക്കുമായിരുന്നു! എന്നാൽ അതു മതവുമായുള്ള ബന്ധത്തിൽ വീട്ടിൽ അത്യധികം കോളിളക്കമുണ്ടാക്കുമെന്നു ഞാൻ കരുതി.
അപ്പോൾ, ആ രണ്ടുപേരിൽ ഒരാൾ പറഞ്ഞു: “അടുത്ത വാരം മടങ്ങിവന്നു നിങ്ങളോടു വീണ്ടും സംസാരിക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്.” നയപൂർവം അവരെ ഒഴിവാക്കാൻ ഞാൻ ശ്രമിച്ചു, എന്നാൽ ഭാര്യ ചാടിപ്പറഞ്ഞു: “റാൽഫ്, എപ്പോൾ മടങ്ങിവരണമെന്ന് അവർ ചോദിക്കുന്നു.” അതെന്നെ അതിശയിപ്പിച്ചു, കാരണം അവൾ ശുഷ്കാന്തിയുള്ള ഒരു കത്തോലിക്കാ സ്ത്രീയായിരുന്നു! എങ്കിലും, ഞാൻ വിചാരിച്ചു ‘മതപരമായ വിഷയത്തെപ്പറ്റി യോജിപ്പിലെത്താൻ പറ്റിയ ചില ആശയങ്ങൾ ഞങ്ങൾക്കു കണ്ടെത്താൻ കഴിഞ്ഞേക്കും.’ അതുകൊണ്ട് ഹെൻട്രി വെബറും ഹാരി പയറ്റും പിറ്റേ വെള്ളിയാഴ്ച മടങ്ങിവരുന്നതിനു ഞാൻ സമ്മതിച്ചു.
അങ്ങനെയാണു ഞാൻ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയത്. അതിനുശേഷം താമസിയാതെ, ന്യൂയോർക്ക് സിറ്റിയിലുള്ള മാഡിസൻ സ്ക്വയർ ഗാർഡനിൽ നടന്ന ഒരു കൺവെൻഷനിൽ പങ്കെടുക്കാൻ എനിക്കു ക്ഷണം കിട്ടി. “ഗവൺമെൻറും സമാധാനവും” എന്ന വിഷയത്തെപ്പറ്റി ജോസഫ് എഫ്. റതർഫോർഡ് 1939 ജൂൺ 25-നു നടത്തിയ പ്രസംഗം ഞാൻ വ്യക്തമായി ഓർക്കുന്നു. ഹാജരായിരുന്ന 18,000 പേരിലൊരാളായിരുന്നു ഞാൻ. അന്താരാഷ്ട്ര റേഡിയോ ഫോൺ ലൈനുകളുമായി ബന്ധപ്പെടുത്തിയവരെ ഉൾപ്പെടുത്തുമ്പോൾ വാസ്തവത്തിൽ 75,000 പേർ ആ പ്രസംഗം കേൾക്കുകയുണ്ടായി.
എങ്കിലും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. കത്തോലിക്കാ പുരോഹിതനായ ചാൾസ് കാഗ്ലന്റെ അനുയായികൾ സമ്മേളനം കലക്കുമെന്നു ഭീഷണിപ്പെടുത്തി. പറഞ്ഞപോലെതന്നെ, റതർഫോർഡ് സഹോദരന്റെ പ്രസംഗം ഏതാണ്ടു പകുതിയായപ്പോൾ, കോപാകുലരായ നൂറുകണക്കിനു ജനങ്ങൾ കൂക്കുവിളിക്കാനും “ഹെയ്ൽ ഹിറ്റ്ലർ!” “വിവാ ഫ്രാങ്കോ!” എന്നിങ്ങനെ മുദ്രാവാക്യങ്ങൾ മുഴക്കാനും തുടങ്ങി. ടെലഫോൺ ലൈനുകളിലൂടെപോലും കേൾക്കത്തക്കവണ്ണം പ്രക്ഷോഭം അത്രകണ്ടു ബഹളമയമായിരുന്നു! കലഹക്കാരെ അമർച്ചചെയ്യുന്നവർക്ക് ഏതാണ്ടു 15 മിനിറ്റു വേണ്ടിവന്നു അവരെ ഒന്നു നിയന്ത്രിക്കാൻ. ആ നേരമെല്ലാം റതർഫോർഡ് സഹോദരൻ നിർഭയം സംസാരിച്ചുകൊണ്ടേയിരുന്നു. സദസ്യരുടെ കരഘോഷം അദ്ദേഹത്തിനു പിന്തുണനൽകി.
വാസ്തവത്തിൽ അതോടെ എന്റെ ജിജ്ഞാസ വർധിച്ചു. ഒരു കത്തോലിക്കാ പുരോഹിതൻ യഹോവയുടെ സാക്ഷികൾക്കെതിരെ ഇത്രമാത്രം വിദ്വേഷം ഇളക്കിവിടുന്നതെന്തുകൊണ്ടാണ്? റതർഫോർഡിന്റെ പ്രസംഗത്തിൽ കഴമ്പുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. എന്നെപ്പോലുള്ള ആളുകൾ കേൾക്കാൻ പാതിരിമാർ ആഗ്രഹിക്കാത്ത എന്തോ ഒന്നുതന്നെ. അതുകൊണ്ടു ഞാൻ ബൈബിൾ പഠിക്കുന്നതിലും പുരോഗമിക്കുന്നതിലും തുടർന്നു. ഒടുവിൽ 1939 ഒക്ടോബറിൽ ഞാൻ യഹോവയ്ക്കുള്ള എന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. എന്റെ കുട്ടികളിൽ ചിലർ തുടർന്നുവന്ന വർഷവും ഭാര്യ ലവീസ് 1941-ലും സ്നാപനമേറ്റു.
പീഡനങ്ങൾ സഹിക്കുന്നു
ഞാൻ സത്യം സ്വീകരിച്ചു കഴിഞ്ഞ ഉടനെ എന്റെ അമ്മ മരിച്ചു. ശവസംസ്കാരത്തിനായി എനിക്ക് ഉത്തര കാലിഫോർണിയയിലേക്കു തിരിച്ചുപോകേണ്ടിവന്നു. മെഥഡിസ്റ്റ് പള്ളിക്കുള്ളിൽ നടത്തുന്ന ശവസംസ്കാര ചടങ്ങുകളിൽ നല്ല മനസ്സാക്ഷിയോടെ പങ്കെടുക്കാനാവില്ലെന്ന് എനിക്കു തോന്നി. അതുകൊണ്ട് അങ്ങോട്ടു പുറപ്പെടുന്നതിനുമുമ്പു ഞാൻ പിതാവിനു ഫോൺചെയ്ത്, ശവം ശവസംസ്കാര മന്ദിരത്തിൽ വയ്ക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. എന്നാൽ ഞാൻ അവിടെ എത്തിയപ്പോൾ അവർ പള്ളിയിലേക്കു പുറപ്പെട്ടു കഴിഞ്ഞിരുന്നു. ഞാൻ തീർച്ചയായും അവിടെ ചെല്ലുമെന്നാണ് അവർ കരുതിയത്.
എന്നാൽ, ഞാൻ പോയില്ല. അതു കുടുംബത്തിൽ കോളിളക്കം സൃഷ്ടിച്ചു. എന്റെ സഹോദരി എഡ്നയും ഞാനും ഉറ്റ സുഹൃത്തുക്കളായിരുന്നെങ്കിലും അമ്മയുടെ ശവസംസ്കാരശേഷം അവൾ എന്നോടു സംസാരിക്കാതായി. ഞാൻ അവൾക്കു കത്തുകൾ എഴുതി, എന്നാൽ അവൾ മറുപടിയെഴുതിയില്ല. ന്യൂയോർക്കിലെ സിറ്റി കോളെജിൽ അധ്യാപകരുടെ കോഴ്സിൽ പങ്കെടുക്കാൻ എഡ്ന ഓരോ വേനൽക്കാലത്തും വന്നപ്പോൾ ഞാൻ അവളെ കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ തനിക്കു വളരെ തിരക്കാണെന്നു പറഞ്ഞുകൊണ്ട് അവൾ എന്നെ കാണാൻ വിസമ്മതിക്കുമായിരുന്നു. ഞാൻ അവൾക്കു വെറുമൊരു ശല്യമായി തോന്നിച്ചതുകൊണ്ട് ഒടുവിൽ, ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട്, അനേകം വർഷങ്ങൾ കഴിഞ്ഞാണ് എനിക്ക് അവളിൽനിന്നു വീണ്ടും വിവരം ലഭിച്ചത്.
പതാകവന്ദനത്തിനു വിസമ്മതിച്ചതുകൊണ്ട് എന്റെ ആറു മക്കളെ 1941-ൽ സ്കൂളിൽനിന്നു പുറത്താക്കി. അതുപോലെതന്നെ ഐക്യനാടുകളിലും കാനഡയിലും വേറെയും അനേകം കുട്ടികളെ സ്കൂളിൽനിന്നു പുറത്താക്കി. നിയമമനുശാസിക്കുന്ന വിദ്യാഭ്യാസം കരസ്ഥമാക്കുന്നതിനു സാക്ഷികൾ രാജ്യസ്കൂളുകൾ എന്ന പേരിൽ തങ്ങളുടെ സ്വന്തം സ്കൂളുകൾ ക്രമീകരിച്ചു. ന്യൂ ജേഴ്സിയിലെ ലേക്വുഡിലുണ്ടായിരുന്ന ഒരു മുൻ ഹോട്ടലിൽ നടത്തിയ സ്കൂളിലായിരുന്നു എന്റെ മക്കൾ പഠിച്ചത്. ഒന്നാം നിലയിൽ ഒരു രാജ്യഹാൾ ഉണ്ടായിരുന്നു. അതോടുചേർന്നു ക്ലാസ്സ് മുറിയും അടുക്കളയും ഊണുമുറിയും. പെൺകുട്ടികളുടെ കിടപ്പുമുറികൾ രണ്ടാം നിലയിലായിരുന്നു, ആൺകുട്ടികളുടേതു മൂന്നാം നിലയിലും. അതൊരു നല്ല സ്കൂളായിരുന്നു. അവിടെ താമസിച്ചിരുന്ന കുട്ടികളിലധികവും വാരാന്തങ്ങളിൽ മാത്രമേ വീട്ടിൽപോയിരുന്നുള്ളൂ. ദൂരെ താമസിച്ചിരുന്നവർ ഒന്നിടവിട്ട വാരാന്തങ്ങളിലും.
സത്യത്തിലെ എന്റെ ആദ്യ വർഷങ്ങൾ മുതലേ എനിക്ക് ഒരു പയനിയർ—യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ സുവിശേഷപ്രസംഗകരെ അങ്ങനെയാണു വിളിക്കുന്നത്—ആകാനുള്ള ഉത്ക്കടമായ ആഗ്രഹമുണ്ടായിരുന്നു. 1941-ൽ മിസ്സോറിയിലെ സെൻറ് ലൂയിസിൽ നടന്ന കൺവെൻഷൻ പരിപാടിയിൽ ഒരു സഹോദരൻ 12 മക്കളെ വളർത്തുന്നതോടൊപ്പംതന്നെ തനിക്ക് എങ്ങനെ പയനിയറിങും ചെയ്യാൻ കഴിയുന്നുവെന്നു പറഞ്ഞു. ‘12 പേരുള്ള അദ്ദേഹത്തിനു പയനിയറിങ് ചെയ്യാമെങ്കിൽ 10 പേരുള്ള എനിക്കും പയനിയറിങ് ചെയ്യാൻ കഴിയും,’ ഞാൻ ചിന്തിച്ചു. എന്നിരുന്നാലും, 19 വർഷം കഴിഞ്ഞല്ലാതെ പയനിയറിങ് ചെയ്യാൻ സാഹചര്യങ്ങൾ എന്നെ അനുവദിച്ചില്ല. ഒടുവിൽ, 1960 ഒക്ടോബർ 1-ന് ഒരു നിരന്തര പയനിയർ എന്നനിലയിൽ എനിക്കു യഹോവയെ സേവിക്കാൻ തുടങ്ങുന്നതിനു കഴിഞ്ഞു.
ഒരു അപ്രതീക്ഷിത സന്ദർശനം
1975-ൽ എനിക്ക് സഹോദരി എഡ്നയുടെ ഫോൺ വന്നു. എനിക്കപ്പോൾ 80 വയസ്സുണ്ടായിരുന്നു. അവളെ കാണുകയോ അവളുടെ ശബ്ദം കേൾക്കുകയോ ചെയ്തിട്ട് 20 വർഷത്തോളമായിരുന്നു. അവൾ വിമാനത്താവളത്തിൽനിന്നാണു വിളിച്ചത്, തന്നെയും ഭർത്താവിനെയും വീട്ടിലേക്കു കൊണ്ടുപോകാൻ അവൾ എന്നോട് ആവശ്യപ്പെട്ടു. എഡ്നയെ വീണ്ടും കാണാൻ കഴിഞ്ഞതു നന്നായി. എന്നാൽ ഏറ്റവും വലിയ അതിശയം വരുന്നതേയുണ്ടായിരുന്നുള്ളൂ. വീട്ടിലേക്കു പോകുംവഴി അവളുടെ ഭർത്താവു പറഞ്ഞു, “മതപരിവർത്തനം ചെയ്ത ഒരാൾ നിങ്ങളോടൊപ്പമുണ്ട്.” അദ്ദേഹം എന്താണ് അർഥമാക്കിയതെന്ന് എനിക്കറിയില്ലായിരുന്നു. വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും പറഞ്ഞു, “ഇതാ, മതപരിവർത്തനം ചെയ്ത ഒരാൾ ഇവിടിരിക്കുന്നു.” ഭാര്യയ്ക്ക് അപ്പോഴേ കാര്യം പിടികിട്ടി. എന്റെ സഹോദരിയുടെ നേരെ തിരിഞ്ഞ് അവൾ ചോദിച്ചു, “എഡ്നാ, നീയൊരു സാക്ഷിയാണോ?” “തീർച്ചയായും,” എഡ്ന മറുപടി പറഞ്ഞു.
എഡ്ന സത്യം സ്വീകരിക്കാൻ ഇടയായതെങ്ങനെയാണ്? കൊള്ളാം, 1972-ൽ, ഞങ്ങളുടെ ശിഥിലമായ ബന്ധം കൂട്ടിയോജിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ ഞാൻ അവൾക്ക് വീക്ഷാഗോപുരത്തിന്റെ ഒരു ദാനവരിസംഖ്യ അയച്ചുകൊടുത്തിരുന്നു. ഒരു വർഷം കഴിഞ്ഞ് എഡ്ന രോഗബാധിതയായി വീട്ടിൽത്തന്നെയായിരുന്നു. ആ മാസികകൾ അവളുടെ മേശപ്പുറത്തു പൊതിയഴിക്കാതെ കിടന്നിരുന്നു. ജിജ്ഞാസ നിമിത്തം എഡ്ന ഒരെണ്ണം തുറന്നു വായിക്കാൻ തുടങ്ങി. മാസിക വായിച്ചുകഴിഞ്ഞപ്പോൾ അവൾ ആത്മഗതമെന്നോണം പറഞ്ഞു, ‘ഇതാണു സത്യം!’ യഹോവയുടെ സാക്ഷികൾ അവളുടെ വീടു സന്ദർശിച്ചപ്പോഴേക്കും വീക്ഷാഗോപുരം മാസികകൾ മുഴുവൻ അവൾ വായിച്ചുകഴിഞ്ഞിരുന്നു. അവൾ ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു, ക്രമേണ ഒരു യഹോവയുടെ സാക്ഷിയായി.
നഷ്ടവുമായി മല്ലിടുന്നു
ഭാര്യ ലവീസിന് ഒടുവിൽ പ്രമേഹം പിടിപെട്ടു. അവളുടെ നില വഷളായി, 1979-ൽ 82-ാം വയസ്സിൽ അവൾ മരിച്ചു. ലവീസിന്റെ മരണത്തോടെ ഞാൻ പാതി മരിച്ചവനെപ്പോലെയായി. എന്റെ മുഴു ജീവിതവും അസ്തമിച്ചു. എന്തുചെയ്യണമെന്ന് എനിക്ക് ഒരെത്തുംപിടിയും കിട്ടിയില്ല. എനിക്കൊരു ഭാവിപരിപാടിയുമില്ലായിരുന്നു. എനിക്ക് അത്യന്തം പ്രോത്സാഹനം ആവശ്യമായിരുന്നു. ഒരു സഞ്ചാരമേൽവിചാരകനായിരുന്ന റിച്ചാർഡ് സ്മിത്ത് പയനിയറിങ് തുടരുന്നതിന് എന്നെ പ്രോത്സാഹിപ്പിച്ചു. പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ട മറ്റുള്ളവരെ സമാശ്വസിപ്പിക്കുന്നതിൽനിന്നാണ് എനിക്ക് ഏറ്റവും സാന്ത്വനം ലഭിച്ചതെന്നു ഞാൻ കണ്ടെത്തി.
1979-ൽ വാച്ച് ടവർ സൊസൈറ്റി ഇസ്രായേലിലേക്ക് ഒരു പര്യടനത്തിനുള്ള പദ്ധതികൾ രൂപീകരിക്കുകയായിരുന്നു, ഞാനും പേർചാർത്തി. ആ പര്യടനം എനിക്കു വളരെയധികം ഉത്തേജനമേകി. വീട്ടിൽ മടങ്ങിയെത്തിയ ഉടനെ ഞാൻ വീണ്ടും പയനിയർ സേവനത്തിൽ ഏർപ്പെട്ടു. അന്നുമുതൽ ഓരോ വർഷവും രാജ്യത്തിന്റെ മറ്റുഭാഗത്ത്, നിയമിക്കപ്പെടാത്തതോ അടിക്കടി പ്രവർത്തിച്ചു തീർക്കാത്തതോ ആയ പ്രദേശത്തു സഹായം നൽകുക എന്റെ ഒരു പതിവാക്കി. പ്രായാധിക്യമായിട്ടും ഈ പദവിക്കു സ്വയം ലഭ്യമാക്കാൻ ഇപ്പോഴും എനിക്കു കഴിയുന്നുണ്ട്.
ഈ വർഷങ്ങളിലെല്ലാമായി, എന്റെ കണക്കനുസരിച്ച് 50-ഓളം വ്യക്തികളെ, ജീവന്റെ പാതയിൽ പ്രവേശിക്കുന്നതിനു സഹായിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം എനിക്കുണ്ടായിട്ടുണ്ട്. എന്റെ മക്കളിൽ മിക്കവരും സത്യത്തിലാണ്. എന്റെ രണ്ടു പെൺമക്കൾ നിരന്തരപയനിയർമാരായി സേവിക്കുന്നു. മറ്റൊരു മകൾ ലെവീസ് ബ്ലന്റൻ ഭർത്താവ് ജോർജിനോടൊപ്പം യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനമായ ബ്രുക്ലിൻ, ന്യൂയോർക്കിൽ സേവനമനുഷ്ഠിക്കുന്നു. എന്റെ ആൺമക്കളിലൊരാൾ അനേകം വർഷങ്ങളായി മൂപ്പനെന്ന നിലയിൽ സേവനമനുഷ്ഠിച്ചിരിക്കുന്നു.
നമ്മുടെ ആദ്യമാതാപിതാക്കളിൽനിന്ന് അവകാശപ്പെടുത്തിയ അപൂർണതനിമിത്തം നാമെല്ലാം തീർച്ചയായും രോഗത്തിനും മരണത്തിനും വശംവദരാണ്. (റോമർ 5:12) എന്റെ ജീവിതവും വേദനകളിൽനിന്നും യാതനകളിൽനിന്നും സ്വതന്ത്രമായിരുന്നിട്ടില്ലെന്നതു വാസ്തവംതന്നെ. എനിക്കിപ്പോൾ ഇടതു കാലിൽ വാതമുണ്ട്. ചിലപ്പോഴൊക്കെ അതെന്നെ വളരെയധികം അസ്വസ്ഥനാക്കാറുണ്ട്. എന്നാൽ ചുറുചുറുക്കുള്ളവനായിരിക്കുന്നതിൽനിന്ന് അതെന്നെ തടഞ്ഞിട്ടില്ല. അങ്ങനെയുണ്ടാവല്ലേയെന്നാണ് എന്റെ പ്രാർഥനയും. പ്രവർത്തനത്തിൽ തുടരാനാണ് എന്റെ ആഗ്രഹം. യഹോവയുടെ നാമവും അവന്റെ ഉദ്ദേശ്യവും പ്രസിദ്ധമാക്കുന്നതിന് എന്നാലാവുന്നതെല്ലാം ചെയ്തുകൊണ്ട് അന്ത്യത്തോളം പയനിയർ സേവനത്തിൽ തുടരുകയെന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.
[23-ാം പേജിലെ ചിത്രം]
മകൾ റീറ്റയോടൊപ്പം