നമുക്കു ദുഷ്ടമായതിനെ വെറുക്കാം
യഹോവ പരിശുദ്ധനായ ദൈവമാണ്. പുരാതന നാളുകളിൽ അവൻ “യിസ്രായേലിന്റെ പരിശുദ്ധ”നായിരുന്നു. അതുകൊണ്ടുതന്നെ യിസ്രായേല്യർ ശുദ്ധിയുള്ളവരും കളങ്കരഹിതരും ആയിരിക്കണമെന്ന് അവൻ ആവശ്യപ്പെട്ടു. (സങ്കീർത്തനം 89:18) തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തോട് അവൻ പറഞ്ഞു: “ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.” (ലേവ്യപുസ്തകം 11:45) ‘യഹോവയുടെ പർവ്വതത്തിൽ കയറാൻ’ ആഗ്രഹിച്ച ഏതൊരുവനും “വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും” ഉള്ളവൻ ആയിരിക്കേണ്ടിയിരുന്നു. (സങ്കീർത്തനം 24:3, 4) അതു കേവലം പാപപൂർണ പ്രവൃത്തികൾ ഒഴിവാക്കുന്നതിലുമധികം അർഥമാക്കി. അതു “ദോഷത്തെ വെറുക്കുന്ന”തിനെ അർഥമാക്കി.—സദൃശവാക്യങ്ങൾ 8:13.
യിസ്രായേൽ ജനതയ്ക്കു തെറ്റു മനസ്സിലാക്കി അത് ഒഴിവാക്കാൻ കഴിയേണ്ടതിനു യഹോവ സ്നേഹപൂർവം വിശദമായ നിയമങ്ങൾ ഏർപ്പെടുത്തി. (റോമർ 7:7, 12) ഈ നിയമങ്ങളിൽ ധാർമികത സംബന്ധിച്ചു കർശനമായ മാർഗനിർദേശങ്ങൾ ഉൾപ്പെട്ടിരുന്നു. വ്യഭിചാരം, സ്വവർഗരതി, നിഷിദ്ധബന്ധുവേഴ്ചാപരമായ ബന്ധങ്ങൾ, മൃഗസംഭോഗം എന്നിവയെല്ലാം അവിശുദ്ധമായ ആത്മീയ മാലിന്യങ്ങളായി തിരിച്ചറിയിക്കപ്പെട്ടിരുന്നു. (ലേവ്യപുസ്തകം 18:23; 20:10-17) അത്തരം അധമപ്രവൃത്തികൾക്കു കുറ്റക്കാരായവരെ യിസ്രായേൽ ജനത്തിൽനിന്നു ഛേദിച്ചുകളഞ്ഞിരുന്നു.
അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭ ‘ദൈവത്തിന്റെ യിസ്രായേൽ’ ആയിത്തീർന്നപ്പോൾ, സമാനമായ ധാർമിക നിലവാരങ്ങൾ അവർക്കു ലഭിച്ചു. (ഗലാത്യർ 6:16) ക്രിസ്ത്യാനികളും “ദുഷ്ടമായതിനെ വെറുക്കേ”ണ്ടിയിരുന്നു. (റോമർ 12:9, NW) യിസ്രായേലിനുള്ള യഹോവയുടെ വാക്കുകളും അവർക്കു ബാധകമായി: “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.” (1 പത്രൊസ് 1:15, 16) പരസംഗം, വ്യഭിചാരം, സ്വവർഗരതി, മൃഗസംഭോഗം, നിഷിദ്ധബന്ധുവേഴ്ച എന്നിങ്ങനെയുള്ള അവിശുദ്ധ നടപടികൾ ക്രിസ്തീയ സഭയെ ദുഷിപ്പിക്കാൻ പാടില്ലായിരുന്നു. അത്തരം സംഗതികളിൽ ഏർപ്പെടുന്നതു നിർത്താൻ കൂട്ടാക്കാത്തവർ ദൈവരാജ്യത്തിൽനിന്ന് ഒഴിവാക്കപ്പെടും. (റോമർ 1:26, 27; 2:22; 1 കൊരിന്ത്യർ 6:9, 10; എബ്രായർ 13:4) ഈ “അവസാന നാളുകളിൽ,” അതേ നിലവാരങ്ങൾ “വേറെ ആടുകൾ”ക്കും ബാധകമാണ്. (2 തിമൊഥെയൊസ് 3:1; യോഹന്നാൻ 10:16) തത്ഫലമായി, അഭിഷിക്ത ക്രിസ്ത്യാനികളും വേറെ ആടുകളും ശുദ്ധിയുള്ളവരും ആരോഗ്യമുള്ളവരുമായ ആളുകളാണ്. അങ്ങനെ, യഹോവയുടെ സാക്ഷികൾ എന്നനിലയിൽ അവർ അവന്റെ നാമം വഹിക്കാൻ യോഗ്യരാണ്.—യെശയ്യാവു 43:10.
സഭയെ ശുദ്ധമായി സൂക്ഷിക്കൽ
നേർവിപരീതമായി, ലോകം എല്ലാവിധ അധാർമികതയും വെച്ചുപൊറുപ്പിക്കുന്നു. സത്യക്രിസ്ത്യാനികൾ വ്യത്യസ്തരാണെങ്കിലും, ഇപ്പോൾ യഹോവയെ സേവിക്കുന്ന അനേകരും ഒരിക്കൽ ലോകത്തിലായിരുന്നുവെന്ന കാര്യം അവർ മറക്കരുത്. നമ്മുടെ പരിശുദ്ധനായ ദൈവത്തെ അറിയുന്നതിനുമുമ്പ്, ‘ദുർന്നടപ്പിന്റെ കവിച്ചിലിൽ’ കിടന്നുരുണ്ട്, വീഴ്ചഭവിച്ച തങ്ങളുടെ ജഡത്തിന്റെ അഭിലാഷങ്ങളിലും മിഥ്യാസങ്കൽപ്പങ്ങളിലും മുഴുകാതിരിക്കാൻ യാതൊരു കാരണവും കാണാതിരുന്ന അനേകരുണ്ട്. (1 പത്രൊസ് 4:4) ജാതികളിലെ അധമരായ ആളുകളുടെ മ്ലേച്ഛമായ ആചാരങ്ങൾ വർണിച്ചശേഷം, പൗലൊസ് അപ്പോസ്തലൻ പറഞ്ഞു: “നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു.” അവൻ തുടർന്നിങ്ങനെ പറഞ്ഞു: “എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.”—1 കൊരിന്ത്യർ 6:11.
എത്ര ആശ്വാസപ്രദമായ പ്രസ്താവനയാണത്! ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ ഒരു വ്യക്തി എന്തു ചെയ്താലും, ക്രിസ്തുവിനെ സംബന്ധിച്ച മഹത്ത്വമാർന്ന സുവാർത്ത ഹൃദയത്തിൽ തട്ടുന്നതോടെ അയാൾ മാറ്റം വരുത്തുന്നു. അയാൾ വിശ്വാസം പ്രകടമാക്കുകയും യഹോവയാം ദൈവത്തിനു തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ദൃഷ്ടിയിൽ കഴുകി ശുദ്ധീകരിക്കപ്പെട്ട് അയാൾ അന്നുമുതൽ ധാർമികമായി നിർമല ജീവിതം നയിക്കുന്നു. (എബ്രായർ 9:14) അയാൾ മുമ്പു ചെയ്ത പാപങ്ങൾക്കു മോചനം ലഭിക്കുന്നു. ‘മുമ്പിലുള്ളതിന്നായി ആഞ്ഞു’മുന്നേറാൻ അയാൾക്കാവും.a—ഫിലിപ്പിയർ 3:13, 14; റോമർ 4:7, 8.
കൊലപാതകത്തിനും വ്യഭിചാരത്തിനും ശേഷം ദാവീദ് അനുതാപം പ്രകടമാക്കിയപ്പോൾ യഹോവ ക്ഷമിച്ചു. അധാർമിക വിഗ്രഹാരാധനയിലും വലിയ രക്തച്ചൊരിച്ചിലിലും ഏർപ്പെട്ട മനശ്ശെ അനുതാപം കാട്ടിയപ്പോഴും അവൻ ക്ഷമിച്ചു. (2 ശമൂവേൽ 12:9, 13; 2 ദിനവൃത്താന്തം 33:2-6, 10-13) ആത്മാർഥതയോടും താഴ്മയോടുംകൂടെ അനുതപിച്ച് അവനെ സമീപിക്കുന്നെങ്കിൽ നമ്മോടും ക്ഷമിക്കാൻ അവനു മനസ്സൊരുക്കമുണ്ടെന്നതിൽ നമുക്കു ശരിക്കും നന്ദിയുള്ളവരായിരിക്കാം. എന്നാൽ യഹോവ ദാവീദിനോടും മന ശ്ശെയോടും ക്ഷമിച്ചുവെങ്കിലും ഈ രണ്ടു മനുഷ്യരും—അവരോടൊപ്പം യിസ്രായേല്യരും—തങ്ങളുടെ പാപപൂർണ പ്രവൃത്തികളുടെ ഭവിഷ്യത്തുകളും പേറി ജീവിക്കേണ്ടിവന്നു. (2 ശമൂവേൽ 12:11, 12; യിരെമ്യാവു 15:3-5) സമാനമായ ഒരു വിധത്തിൽ, അനുതാപമുള്ള പാപികളോടു യഹോവ ക്ഷമിക്കുന്നുവെങ്കിലും, അവരുടെ പ്രവൃത്തികൾക്ക് ഭവിഷ്യത്തുകൾ ഉണ്ടാകും, അവ ഒഴിവാക്കാനാവില്ല.
ഒഴിവാക്കാനാവാത്ത ഭവിഷ്യത്തുകൾ
ഉദാഹരണത്തിന്, അധാർമികതയിൽ മുങ്ങിത്തുടിച്ച് എയ്ഡ്സ് പിടിപെട്ടയാൾ സത്യം സ്വീകരിച്ച് സമർപ്പണത്തിന്റെയും സ്നാപനത്തിന്റെയും ഘട്ടത്തോളം ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയേക്കാം. അയാളിപ്പോൾ ആത്മീയമായി ശുദ്ധിയുള്ള ഒരു ക്രിസ്ത്യാനിയാണ്. ദൈവവുമായി നല്ല ബന്ധവും ഭാവിയെക്കുറിച്ചുള്ള അത്ഭുതകരമായ പ്രത്യാശയുമുണ്ട്. പക്ഷേ അയാൾക്ക് എയ്ഡ്സുമുണ്ട്. പ്രസ്തുത രോഗംമൂലം അയാൾ അവസാനം മരിച്ചേക്കാം. ദുഃഖപൂർണമെങ്കിലും അതു മുൻനടത്തയുടെ ഒഴിവാക്കാനാവാത്ത ഭവിഷ്യത്താണ്. ചില ക്രിസ്ത്യാനികളുടെ കാര്യത്തിൽ മുൻകാലത്തെ കൊടിയ അധാർമികതയുടെ ഫലങ്ങൾ മറ്റുവിധങ്ങളിൽ നിലനിന്നേക്കാം. സ്നാപനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടാലും, ഒരുപക്ഷേ ഈ വ്യവസ്ഥിതിയിലെ ശേഷിച്ച ജീവിതകാലമൊക്കെയും തങ്ങളുടെ മുൻകാല അധാർമിക ജീവിതരീതിയിലേക്കു തിരിച്ചുപോകാനുള്ള ജഡത്തിലെ പ്രേരണകളുമായി അവർക്കു പോരാടേണ്ടിവന്നേക്കാം. യഹോവയുടെ ആത്മാവിന്റെ സഹായത്താൽ, അനേകരും ചെറുത്തുനിൽക്കുന്നതിൽ വിജയിക്കുന്നുണ്ട്. എന്നാൽ നിരന്തരമായ ഒരു പോരാട്ടംതന്നെ അവർ നടത്തേണ്ടിവരും.—ഗലാത്യർ 5:16, 17.
തങ്ങളുടെ പ്രേരണകൾക്കു കടിഞ്ഞാണിടുന്നിടത്തോളം കാലം അത്തരക്കാർ പാപം ചെയ്യുന്നില്ല. എന്നാൽ അവർ പുരുഷന്മാരെങ്കിൽ, ശക്തമായ ജഡിക പ്രേരണകളോടു പോരാടേണ്ടതുള്ളപ്പോൾത്തന്നെ, സഭയിലെ ഉത്തരവാദിത്വം ‘കാംക്ഷിക്കാ’തിരിക്കാൻ അവർ ജ്ഞാനപൂർവം തീരുമാനിച്ചേക്കാം. (1 തിമൊഥെയൊസ് 3:1) എന്തുകൊണ്ട്? എന്തെന്നാൽ സഭ മൂപ്പന്മാരിൽ അർപ്പിക്കുന്ന വിശ്വാസം അവർക്ക് അറിവുള്ളതാണ്. (യെശയ്യാവു 32:1, 2; എബ്രായർ 13:17) വ്യക്തിപരവും സ്വകാര്യവുമായ അനേകം കാര്യങ്ങൾ മൂപ്പന്മാരുമായി കൂടിയാലോചിക്കുന്നുണ്ടെന്നും അവർക്കു ലോലമായ സ്ഥിതിവിശേഷങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അവർ തിരിച്ചറിയുന്നു. അത്തരം ഉത്തരവാദിത്വ സ്ഥാനത്തിനായി കാംക്ഷിക്കുന്നത് അശുദ്ധമായ ജഡിക മോഹങ്ങളുമായി നിരന്തരം പോരാടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സ്നേഹപൂർവകമോ ജ്ഞാനപൂർവകമോ ന്യായയുക്തമോ ആയിരിക്കുകയില്ല.—സദൃശവാക്യങ്ങൾ 14:16; യോഹന്നാൻ 15:12, 13; റോമർ 12:1.
സ്നാപനമേൽക്കുന്നതിനുമുമ്പ് ബാലപീഡകനായിരുന്ന ഒരാൾക്ക് മറ്റു ഭവിഷ്യത്തും നേരിട്ടേക്കാം. സത്യം പഠിക്കുമ്പോൾ അയാൾ അനുതപിച്ചു മാറ്റം വരുത്തുന്നു. ആ ഹീനമായ പാപം അയാൾ സഭയിൽ ആവർത്തിക്കുന്നില്ല. അതിനുശേഷം അയാൾ നല്ല പുരോഗതി വരുത്തി തന്റെ തെറ്റായ പ്രചോദനങ്ങളെ പൂർണമായി നിയന്ത്രിക്കുകയും സഭയിലെ ഉത്തരവാദിത്വ സ്ഥാനം ‘കാംക്ഷിക്കാൻ’ ചായ്വു കാട്ടുകയും പോലും ചെയ്തേക്കാം. ഒരു മുൻബാലപീഡകൻ എന്നനിലയിൽ സമുദായത്തിലുള്ള കുപ്രസിദ്ധി മാറ്റിയെടുക്കാൻ അയാൾ ഇനിയും പ്രവർത്തിക്കേണ്ടതുണ്ടെന്നുവരുകിലോ? അയാൾ “നിരപവാദ്യ”നും “പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും” “അനിന്ദ്യ”നും ആയിരിക്കുമോ? (1 തിമൊഥെയൊസ് 3:1-7, 10; തീത്തൊസ് 1:7) ഇല്ല. ആയിരിക്കുകയില്ല. അതുകൊണ്ട്, അയാൾ സഭാപദവികൾക്കു യോഗ്യനാകുകയില്ല.
ഒരു സമർപ്പിത ക്രിസ്ത്യാനി പാപംചെയ്യുമ്പോൾ
നാം ബലഹീനരാണെന്നും സ്നാപനത്തിനുശേഷവും പാപം ചെയ്തേക്കാമെന്നും യഹോവയ്ക്കറിയാം. യോഹന്നാൻ അപ്പോസ്തലൻ തന്റെ നാളിലെ ക്രിസ്ത്യാനികൾക്ക് എഴുതി: “നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.” (1 യോഹന്നാൻ 2:1, 2) അതേ, പാപത്തിൽ വീഴുന്ന സ്നാപനമേറ്റ ക്രിസ്ത്യാനികളോടു യഹോവ, യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ, ക്ഷമിക്കും—പക്ഷേ അവർ തങ്ങളുടെ തെറ്റായ ഗതിയെക്കുറിച്ച് അനുതപിക്കുകയും അത് ഉപേക്ഷിക്കുകയും വേണം.
ഇതിനൊരു ഉദാഹരണമാണ് ഒന്നാം നൂറ്റാണ്ടിൽ കൊരിന്ത്യ സഭയിൽ കണ്ടത്. ആ പുതിയ സഭയിൽ ഒരുവൻ നിഷിദ്ധ ബന്ധുവേഴ്ചയിൽ ഏർപ്പെട്ടിരിക്കുന്നതായി പൗലൊസ് അപ്പോസ്തലൻ കേട്ടു. അതു ചെയ്യുന്ന വ്യക്തിയെ പുറത്താക്കാൻ അവൻ നിർദേശം കൊടുത്തു. പിന്നീട്, ആ പാപി അനുതപിച്ചു. തുടർന്ന് അവനെ തിരിച്ചെടുക്കാൻ പൗലൊസ് സഭയോട് ആവശ്യപ്പെട്ടു. (1 കൊരിന്ത്യർ 5:1, 13; 2 കൊരിന്ത്യർ 2:5-9) അങ്ങനെ, യഹോവയുടെ സ്നേഹദയയുടെ സൗഖ്യമാക്കൽശക്തിയാലും യേശുവിന്റെ മറുവിലയാഗത്തിന്റെ വൻമൂല്യത്താലും പ്രസ്തുത മനുഷ്യൻ പാപത്തിൽനിന്നു ശുദ്ധീകരിക്കപ്പെട്ടു. അത്തരം സംഗതികൾ ഇന്നും സംഭവിക്കാം. എന്നിരുന്നാലും, ഗുരുതരമായ പാപം ചെയ്യുന്ന സ്നാപനമേറ്റ ഒരു വ്യക്തി അനുതപിക്കുകയും യഹോവയുടെ ദൃഷ്ടിയിൽ ക്ഷമ ലഭിച്ചവനായിരിക്കുകയും ചെയ്താലും അയാളുടെ പാപത്തിനു നിലനിൽക്കുന്ന ഭവിഷ്യത്തുകൾ ഉണ്ടായേക്കാം.—സദൃശവാക്യങ്ങൾ 10:16, 17; ഗലാത്യർ 6:7.
ഉദാഹരണത്തിന്, ഒരു സമർപ്പിത പെൺകുട്ടി പരസംഗം ചെയ്യുന്നെങ്കിൽ, തന്റെ പ്രവൃത്തിയെപ്രതി അവൾ അങ്ങേയറ്റം ദുഃഖിക്കുകയും അവസാനം സഭയുടെ സഹായത്താൽ ആത്മീയാരോഗ്യത്തിലേക്കു പുനഃസ്ഥിതീകരിക്കപ്പെടുകയും ചെയ്തേക്കാം. എന്നാൽ അധാർമികതനിമിത്തം അവൾ ഗർഭിണിയാകുന്നെങ്കിലോ? താൻ ചെയ്ത പ്രവൃത്തിഹേതുവായി തന്റെ മുഴുജീവിതവും അനിവാര്യമാംവിധം മാറ്റിമറിക്കപ്പെടുന്നു. വ്യഭിചാരം ചെയ്യുന്ന ഒരു മനുഷ്യൻ അനുതപിക്കുന്നതിനാൽ പുറത്താക്കപ്പെടാതിരുന്നേക്കാം. എന്നാൽ അയാളുടെ നിഷ്കളങ്കയായ ഇണയ്ക്ക് അയാളിൽനിന്നു വിവാഹമോചനം നേടാനുള്ള തിരുവെഴുത്തു കാരണങ്ങളുണ്ട്, അവർ ചിലപ്പോൾ അങ്ങനെ ചെയ്തെന്നുമിരിക്കും. (മത്തായി 19:9) അവർ അങ്ങനെ ചെയ്യുന്നെങ്കിൽ, ആ മനുഷ്യൻ ശേഷിച്ച ജീവിതകാലമൊക്കെയും തന്റെ പാപത്തിന്റെ ദാരുണ ഭവിഷ്യത്തുകളുംപേറി ജീവിക്കേണ്ടിവരും.—1 യോഹന്നാൻ 1:9.
മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനായി നിർദാക്ഷിണ്യം ഭാര്യയെ വിവാഹമോചനം ചെയ്യുന്ന മനുഷ്യന്റെ കാര്യമോ? ഒരുപക്ഷേ അവസാനം അയാൾ അനുതപിക്കുകയും സഭയിൽ പുനഃസ്ഥിതീകരിക്കപ്പെടുകയും ചെയ്തേക്കാം. വർഷങ്ങൾകൊണ്ട് അയാൾ പുരോഗതി വരുത്തുകയും “പക്വതയിലേക്കു മുന്നേറു”കയും ചെയ്തേക്കാം. (എബ്രായർ 6:1, NW) എന്നാൽ അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഇണയില്ലാതെ ജീവിക്കുന്നിടത്തോളംകാലം, സഭയിൽ ഒരു ഉത്തരവാദിത്വ സ്ഥാനത്തു സേവിക്കാൻ അയാൾ യോഗ്യനായിരിക്കുകയില്ല. ആദ്യ ഭാര്യയിൽനിന്നു വിവാഹമോചനം നേടുന്നതിനുള്ള തിരുവെഴുത്തുപരമായ അടിസ്ഥാനമില്ലാതിരുന്നതുകൊണ്ട് അയാൾ “ഏകഭാര്യയുടെ ഭർത്താവു” അല്ല.—1 തിമൊഥെയൊസ് 3:2, 12.
ക്രിസ്ത്യാനി ദുഷ്ടമായതിനോടു വെറുപ്പു നട്ടുവളർത്തേണ്ടത് എന്തുകൊണ്ട് എന്നതിനുള്ള ശക്തമായ കാരണങ്ങളല്ലേ ഇവ?
ബാലപീഡകന്റെ കാര്യമോ?
പ്രായപൂർത്തിയായ, സ്നാപനമേറ്റ ഒരു ക്രിസ്ത്യാനി ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നെങ്കിലോ? യഹോവ അയാളോട് ഒരിക്കലും ക്ഷമിക്കുകയില്ലാത്തവിധം അത്രയ്ക്കു ദുഷ്ടനാണോ ആ പാപി? അങ്ങനെ ആയിരിക്കണമെന്നില്ല. ‘പരിശുദ്ധാത്മാവിന്റെ നേരെയുള്ള ദൂഷണം’ പൊറുക്കത്തക്കതല്ലെന്ന് യേശു പറഞ്ഞു. സത്യം അറിഞ്ഞിട്ടും മനഃപൂർവം പാപം ചെയ്യുന്നത് ശീലമാക്കുന്ന വ്യക്തിക്കുവേണ്ടി ഒരു ബലിയും അവശേഷിക്കുന്നില്ലെന്ന് പൗലൊസ് പറഞ്ഞു. (ലൂക്കൊസ് 12:10; എബ്രായർ 10:26, 27, NW) എന്നാൽ നിഷിദ്ധബന്ധുവേഴ്ചാപരമോ അല്ലാത്തതോ ആയാലും ഒരു കുട്ടിയോടു ലൈംഗികദുഷ്പെരുമാറ്റം നടത്തുന്ന പ്രായപൂർത്തിയായ ഒരു ക്രിസ്ത്യാനിയോടു ക്ഷമിക്കാവുന്നതല്ലെന്നു ബൈബിൾ ഒരിടത്തും പറയുന്നില്ല. തീർച്ചയായും, ഹൃദയത്തിൽനിന്ന് ആത്മാർഥമായി അനുതപിച്ച് തന്റെ പ്രവൃത്തികൾ ഉപേക്ഷിക്കുന്നെങ്കിൽ അയാളുടെ പാപങ്ങൾ കഴുകി ശുദ്ധീകരിക്കാവുന്നതാണ്. എന്നിരുന്നാലും, താൻ വളർത്തിയെടുത്ത തെറ്റായ ജഡിക പ്രചോദനങ്ങളോട് അയാൾ അപ്പോഴും പോരാടേണ്ടതുണ്ടായിരിക്കാം. (എഫെസ്യർ 1:7) അയാൾക്ക് ഒഴിവാക്കാനാവാത്ത ഭവിഷ്യത്തുകളും ഉണ്ടായേക്കാം.
ബാലപീഡകൻ പാർക്കുന്ന രാജ്യത്തെ നിയമമനുസരിച്ച്, അയാൾ തടവിൽ കിടക്കുകയോ ഗവൺമെൻറിന്റെ മറ്റു ശിക്ഷാവിധികൾ നേരിടുകയോ ചെയ്യേണ്ടിവന്നേക്കാം. ഇതിൽനിന്നു സഭ അയാളെ സംരക്ഷിക്കുകയില്ല. കൂടാതെ, അയാൾ ഒരു ഗുരുതരമായ ബലഹീനത വെളിപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഭാവിയിൽ അതും കണക്കിലെടുക്കേണ്ടിവരും. അയാൾക്ക് അനുതാപമുണ്ടെന്നു തോന്നുന്നപക്ഷം, ആത്മീയ പുരോഗതിവരുത്താനും വയൽസേവനത്തിലും ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിലും പങ്കെടുക്കാനും സേവനയോഗത്തിൽ പഠിപ്പിക്കൽ ഒഴിച്ചുള്ള ഭാഗങ്ങൾ നിർവഹിക്കാനും അയാളെ പ്രോത്സാഹിപ്പിക്കും. എങ്കിലും, സഭയിൽ ഉത്തരവാദിത്വ സ്ഥാനത്തു സേവിക്കുന്നതിന് അയാൾ യോഗ്യത നേടുമെന്ന് ഇതിനർഥമില്ല. ഇതിനുള്ള തിരുവെഴുത്തു കാരണങ്ങൾ എന്തെല്ലാമാണ്?
ഒരു കാരണം, മൂപ്പൻ “ആത്മനിയന്ത്രണമുള്ള” ആളായിരിക്കണം എന്നതാണ്. (തീത്തൊസ് 1:8) നമുക്കാർക്കും പൂർണ ആത്മനിയന്ത്രണം ഇല്ലെന്നതു ശരിതന്നെ. (റോമർ 7:21-25) എന്നാൽ കുട്ടികളോടുള്ള ലൈംഗികദുഷ്പെരുമാറ്റം എന്ന പാപം ചെയ്യുന്ന പ്രായപൂർത്തിയായ ഒരു സമർപ്പിത ക്രിസ്ത്യാനി അസ്വാഭാവികമായ ജഡിക ബലഹീനത വെളിച്ചത്താക്കുന്നു. പ്രായപൂർത്തിയെത്തിയ അത്തരമൊരാൾ മറ്റു കുട്ടികളോടും ലൈംഗികദുഷ്പെരുമാറ്റം നടത്താനിടയുണ്ടെന്ന് അനുഭവം പ്രകടമാക്കുന്നു. കുട്ടികളോട് ലൈംഗികദുഷ്പെരുമാറ്റം കാട്ടുന്ന സകലരും ആ പാപം ആവർത്തിക്കുന്നില്ലെന്നതു ശരിയാണെങ്കിലും, അനേകരും അതു ചെയ്യുന്നുണ്ട്. കുട്ടികളോടു ലൈംഗികദുഷ്പെരുമാറ്റം ആരെല്ലാം ആവർത്തിക്കും ആരെല്ലാം ആവർത്തിക്കുകയില്ല എന്നെല്ലാം പറയാൻ സഭയ്ക്കു ഹൃദയങ്ങൾ പരിശോധിക്കാനാവില്ല. (യിരെമ്യാവു 17:9) അതുകൊണ്ട് തിമൊഥെയൊസിനുള്ള പൗലൊസിന്റെ ബുദ്ധ്യുപദേശം കുട്ടികളോടു ലൈംഗികദുഷ്പെരുമാറ്റം കാട്ടിയിട്ടുള്ള സ്നാപനമേറ്റ പ്രായപൂർത്തിയായവരുടെ കാര്യത്തിൽ പ്രത്യേകിച്ചും ബാധകമാണ്: “യാതൊരുത്തന്റെ മേലും വേഗത്തിൽ കൈവെക്കരുതു; അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുതു.” (1 തിമൊഥെയൊസ് 5:22) നമ്മുടെ കുട്ടികളുടെ സംരക്ഷണത്തെപ്രതി, കുട്ടികളോടു ലൈംഗികദുഷ്പെരുമാറ്റം ചെയ്യുന്നതിൽ കുപ്രസിദ്ധനായ ഒരാൾ സഭയിൽ ഉത്തരവാദിത്വ സ്ഥാനത്തിനു യോഗ്യത നേടുന്നില്ല. കൂടാതെ, അയാൾക്ക് ഒരു പയനിയർ ആകാനോ മറ്റേതെങ്കിലും പ്രത്യേക, മുഴുസമയ സേവനത്തിൽ ഏർപ്പെടാനോ കഴിയുകയില്ല.—പുറപ്പാടു 21:28, 29-ലെ തത്ത്വം താരതമ്യം ചെയ്യുക.
‘മറ്റുതരത്തിലുള്ള പാപങ്ങൾ ചെയ്യുകയും അനുതാപം പ്രകടമാക്കി എന്നു തോന്നുകയും ചെയ്ത ചിലർ പിന്നീട് അതേ പാപം ആവർത്തിച്ചിട്ടില്ലേ?’ എന്നു ചിലർ ചോദിച്ചേക്കാം. ഉണ്ട്, അങ്ങനെ സംഭവിച്ചിട്ടുണ്ട്, എന്നാൽ പരിഗണിക്കേണ്ട മറ്റു ഘടകങ്ങളുമുണ്ട്. ഉദാഹരണത്തിന്, ഒരു വ്യക്തി പ്രായപൂർത്തിയായ മറ്റൊരാളുടെനേരെ അധാർമിക മുന്നേറ്റങ്ങൾ നടത്തുന്നുവെങ്കിൽ, പ്രായപൂർത്തിയായ ആ വ്യക്തിക്ക് അയാളുടെ അല്ലെങ്കിൽ അവളുടെ മുന്നേറ്റങ്ങളെ ചെറുക്കാനുള്ള പ്രാപ്തിയുണ്ടായിരിക്കണം. എന്നാൽ കുട്ടികളെ കബളിപ്പിക്കാനോ ആശയക്കുഴപ്പത്തിലാക്കാനോ ഭയപ്പെടുത്താനോ വളരെ എളുപ്പമാണ്. കുട്ടികൾക്കു ജ്ഞാനമില്ലാത്തതിനെക്കുറിച്ചു ബൈബിൾ പറയുന്നുണ്ട്. (സദൃശവാക്യങ്ങൾ 22:15; 1 കൊരിന്ത്യർ 13:11) താഴ്മയോടുകൂടിയ നിഷ്കളങ്കതയുടെ മാതൃകയായി യേശു കുട്ടികളെ ചൂണ്ടിക്കാട്ടി. (മത്തായി 18:4; ലൂക്കൊസ് 18:16, 17) അനുഭവജ്ഞാനം തീരെ ഇല്ല എന്നതും കുട്ടിയുടെ നിഷ്കളങ്കതയിൽ ഉൾപ്പെടുന്നു. മിക്ക കുട്ടികളും തുറന്നിടപെടുന്നവരും പ്രസാദിപ്പിക്കാൻ ഉത്സുകരുമാണ്. അതുകൊണ്ടുതന്നെ തങ്ങൾക്കു പരിചയമുള്ളവരും തങ്ങൾ വിശ്വസിക്കുന്നവരുമായ പ്രായപൂർത്തിയായവരുടെ കെണിയിലകപ്പെട്ട് അവർ ദുഷ്പെരുമാറ്റത്തിനു വിധേയമാകുന്നു. അതുകൊണ്ട്, സഭയ്ക്ക് അതിന്റെ കുട്ടികളെ യഹോവയുടെ മുമ്പാകെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വമുണ്ട്.
നല്ല പരിശീലനം ലഭിച്ച കുട്ടികൾ മാതാപിതാക്കളെയും മൂപ്പന്മാരെയും പ്രായപൂർത്തിയായ മറ്റുള്ളവരെയും അനുസരിക്കാനും ആദരിക്കാനും പഠിക്കുന്നു. (എഫെസ്യർ 6:1, 2; 1 തിമൊഥെയൊസ് 5:1, 2; എബ്രായർ 13:7) പ്രായപൂർത്തിയായ ഈ പ്രമുഖരിൽ ഒരാൾ കുട്ടിയുടെ ആ നിഷ്കളങ്കമായ വിശ്വാസത്തെ മുതലെടുത്ത് ലൈംഗിക പ്രവൃത്തികൾക്കായി അവനെയോ അവളെയോ വശീകരിക്കുകയോ അതിനുനേരെ ബലപ്രയോഗം നടത്തുകയോ ചെയ്യുന്നെങ്കിൽ അത് അമ്പരപ്പിക്കുന്ന ഒരു വികടത്തരംതന്നെയായിരിക്കും. ഈ വിധം ലൈംഗികദുഷ്പെരുമാറ്റത്തിനു വിധേയമാക്കപ്പെട്ടിരിക്കുന്നവർക്ക് അതിന്റെ ഫലമായുള്ള വൈകാരിക പീഡയുമായി പലപ്പോഴും വർഷങ്ങളോളം പോരാടേണ്ടിവരുന്നു. അതുകൊണ്ട്, ഒരു ബാലപീഡകൻ സഭാപരമായ കടുത്ത ശിക്ഷണനടപടിക്കും വിലക്കുകൾക്കും വിധേയനാവും. പ്രമുഖവ്യക്തി എന്നനിലയിലുള്ള അയാളുടെ പദവിയല്ല പ്രധാനം, മറിച്ച് സഭയുടെ കളങ്കരഹിതമായ ശുദ്ധിയാണ്.—1 കൊരിന്ത്യർ 5:6; 2 പത്രൊസ് 3:14.
ഒരു ബാലപീഡകൻ ആത്മാർഥമായി അനുതപിക്കുന്നെങ്കിൽ, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിലെ ജ്ഞാനം അയാൾ അംഗീകരിക്കും. ദുഷ്ടമായതിനെ വെറുക്കാൻ അയാൾ ശരിക്കും പഠിക്കുന്നെങ്കിൽ, അയാൾ താൻ പ്രവർത്തിച്ചതിനെ വെറുക്കുകയും തന്റെ പാപം ആവർത്തിക്കുന്നത് ഒഴിവാക്കാൻ പോരാടുകയും ചെയ്യും. (സദൃശവാക്യങ്ങൾ 8:13; റോമർ 12:9) കൂടാതെ, യഹോവയുടെ സ്നേഹത്തിന്റെ മാഹാത്മ്യത്തിന് അയാൾ തീർച്ചയായും അവനോടു നന്ദിയുള്ളവനായിരിക്കും. ആ സ്നേഹത്തിന്റെ ഫലമായി അയാളെപ്പോലെ അനുതാപമുള്ളൊരു പാപിക്കു തുടർന്നും നമ്മുടെ പരിശുദ്ധനായ ദൈവത്തെ ആരാധിക്കാനും ഭൂമിയിൽ എന്നേക്കും വസിക്കാനിരിക്കുന്ന “നേരുള്ളവരു”ടെ കൂട്ടത്തിൽ ആയിരിക്കുന്നതിനു പ്രത്യാശിക്കാനും കഴിയും.—സദൃശവാക്യങ്ങൾ 2:21.
[അടിക്കുറിപ്പ്]
a 1996 മേയ് 1 വീക്ഷാഗോപുര ലക്കത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
[28-ാം പേജിലെ ആകർഷകവാക്യം]
അനുതാപമുള്ള പാപികളോടു യഹോവ ക്ഷമിക്കുമ്പോൾത്തന്നെ, അവരുടെ പ്രവൃത്തികൾക്ക് ഒഴിവാക്കാനാവാത്ത ഭവിഷ്യത്തുകൾ ഉണ്ടായേക്കാം