ശ്രേഷ്ഠമായതിനു വേണ്ടി വളരെയെല്ലാം ത്യജിക്കൽ
ജൂലിയസ് ഓവോ ബെല്ലോ പറഞ്ഞപ്രകാരം
മുപ്പത്തിരണ്ട് വർഷത്തോളം ഞാനൊരു ആലാഡുറാ ആയിരുന്നു. വിശ്വാസരോഗശാന്തിയും പ്രാർഥനകളും എന്റെ സർവ പ്രശ്നങ്ങളെയും പരിഹരിക്കുമെന്നും സകലവിധ അസുഖങ്ങളെയും സൗഖ്യമാക്കുമെന്നും ഞാൻ വിശ്വസിച്ചിരുന്നു. ഞാനൊരിക്കലും മരുന്നുകൾ വാങ്ങിയിരുന്നില്ല, വേദനാസംഹാരികൾ പോലും. ആ വർഷങ്ങളിലൊന്നും എന്റെ വീട്ടിൽനിന്ന് ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായും വന്നില്ല. എന്റെ കുട്ടികൾക്കാർക്കെങ്കിലും അസുഖം വരുമ്പോൾ, സൗഖ്യം പ്രാപിക്കുന്നതുവരെ അവർക്കു വേണ്ടി പ്രാർഥിച്ചുകൊണ്ടു ഞാൻ ദിനരാത്രങ്ങൾ ചെലവഴിക്കുമായിരുന്നു. ദൈവം എന്റെ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നുണ്ടെന്നും എന്നെ അനുഗ്രഹിക്കുന്നുണ്ടെന്നുമായിരുന്നു എന്റെ വിശ്വാസം.
“പ്രാർഥിക്കുന്നവൻ” എന്നർഥമുള്ള, യോരുബാ ഭാഷയിലുള്ള ഒരു പദത്തിൽനിന്നു വന്നിരിക്കുന്ന ഇത് ആത്മീയ സൗഖ്യമാക്കൽ നടത്തുന്ന ഒരു ആഫ്രിക്കൻ സഭാംഗത്തെ സൂചിപ്പിക്കുന്നു.
പടിഞ്ഞാറൻ നൈജീരിയയിലെ ഒരു പട്ടണമായ ആക്കുറെയിലെ ഏറ്റവും പ്രമുഖ സാമൂഹിക ക്ലബ്ബായിരുന്ന എഗ്ബാ ജോളിയിലെ അംഗമായിരുന്നു ഞാൻ. ഞങ്ങളുടെ സമൂഹത്തിൽ ഏറ്റവും ധനികരും പ്രബലരുമായ ആളുകളായിരുന്നു എന്റെ സ്നേഹിതർ. ആക്കുറെയിലെ രാജാവായ ഡെജി മിക്കപ്പോഴും എന്നോടൊപ്പം വീട്ടിൽ വരുമായിരുന്നു.
ആറു ഭാര്യമാരും അനേകം വെപ്പാട്ടികളുമുള്ള ഒരു ബഹുഭാര്യനുമായിരുന്നു ഞാൻ. എന്റെ ബിസിനസ് അഭിവൃദ്ധിപ്പെട്ടു. കാര്യങ്ങളെല്ലാം ഒരു കുഴപ്പവും കൂടാതെ നടന്നുപോയിരുന്നു. എന്നിരുന്നാലും, മുത്തിനെക്കുറിച്ചുള്ള യേശുവിന്റെ ഉപമയിലെ സഞ്ചാരവ്യാപാരിയെപ്പോലെ, അമൂല്യമായ ഒന്ന് ഞാൻ കണ്ടെത്തി. അതിനുവേണ്ടി, അഞ്ചു ഭാര്യമാർ, വെപ്പാട്ടികൾ, സഭ, സാമൂഹിക ക്ലബ്ബ്, ലോകപരമായ പ്രാമുഖ്യത എന്നിവയൊക്കെ ഞാൻ ത്യജിച്ചു.—മത്തായി 13:45, 46.
ഞാനൊരു ആലാഡുറാ ആയിത്തീർന്ന വിധം
ആലാഡുറാകളെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് 1936-ലായിരുന്നു. അന്നെനിക്ക് 13 വയസ്സുണ്ട്. ഗേബ്രിയൽ എന്നൊരു സ്നേഹിതൻ എന്നോടു പറഞ്ഞു: “ക്രിസ്തുവിന്റെ അപ്പോസ്തലിക സഭയിൽ വരുകയാണെങ്കിൽ, ദൈവം സംസാരിക്കുന്നതു നിനക്കു കേൾക്കാം.”
“ദൈവം എങ്ങനെയാണു സംസാരിക്കുന്നത്?” ഞാൻ അവനോടു ചോദിച്ചു.
അവൻ പറഞ്ഞു: “വന്നു നോക്കൂ, അപ്പോൾ മനസ്സിലാകും.”
ദൈവം സംസാരിക്കുന്നതു കേൾക്കാൻ എനിക്ക് ഉദ്വേഗം തോന്നി. അതുകൊണ്ട് അന്നു രാത്രി ഞാൻ ഗേബ്രിയലിന്റെ കൂടെ ആ പള്ളിയിൽ പോയി. ആ കൊച്ചു കെട്ടിടം ആരാധകരെക്കൊണ്ടു നിറഞ്ഞിരുന്നു. അവിടെ കൂടിയിരുന്ന ജനം മന്ത്രിക്കാൻ തുടങ്ങി: “ജനങ്ങളേ, വരുവിൻ! യേശുനാഥൻ ഇവിടെയുണ്ട്!”
മന്ത്രണത്തിനിടയിൽ ആരോ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “പരിശുദ്ധാത്മാവേ, ഇറങ്ങിവരേണമേ!” മറ്റൊരാൾ മണി മുഴക്കി, സഭ നിശബ്ദമായി. അപ്പോൾ, ഒരു സ്ത്രീ വിചിത്രമായ ഏതോ ഭാഷയിൽ ആവേശപൂർവം എന്തോ പുലമ്പാൻ തുടങ്ങി. പെട്ടന്നവൾ വിളിച്ചു പറഞ്ഞു: “ജനങ്ങളേ, ദൈവത്തിന്റെ സന്ദേശം ശ്രദ്ധിപ്പിൻ! ദൈവം പറഞ്ഞിരിക്കുന്നത് ഇതാണ്: ‘മനുഷ്യരെ കൊല്ലാതിരിക്കാൻ വേട്ടക്കാർക്കു വേണ്ടി പ്രർഥിക്കുവിൻ!’” ആ അന്തരീക്ഷമാകെ വികാരം മുറ്റിനിന്നിരുന്നു.
അവൾ മുഖാന്തരം ദൈവം സംസാരിച്ചുവെന്നു ഞാൻ വിശ്വസിച്ചു. അതുകൊണ്ട് പിറ്റേ വർഷം ക്രിസ്തുവിന്റെ അപ്പോസ്തലിക സഭയിലെ ഒരംഗമായി ഞാൻ സ്നാപനമേറ്റു.
യഹോവയുടെ സാക്ഷികളുമായുള്ള ആദ്യ സമ്പർക്കം
ആഡെഡെജി ബോബോയി എന്നു പേരുള്ള ഒരു സാക്ഷിയിൽനിന്ന് 1951-ൽ ഞാൻ ഒരു വീക്ഷാഗോപുരം മാസിക കൈപ്പറ്റി. ആ മാസിക വളരെ രസകരമായിരുന്നു, അതുകൊണ്ട് ഞാൻ അതിനു വരിസംഖ്യ അയച്ചു, ക്രമമായി വായിക്കാനും തുടങ്ങി. 1952-ൽ യഹോവയുടെ സാക്ഷികൾ ആഡോ ഇക്കിറ്റിയിൽ നടത്തിയ ഒരു ചതുർദിന ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ഞാൻ സംബന്ധിച്ചു.
കൺവെൻഷനിൽ ഞാൻ കണ്ട കാര്യങ്ങൾ എന്നിൽ മതിപ്പുളവാക്കി. ഒരു യഹോവയുടെ സാക്ഷി ആയിത്തീരുന്നതിനെക്കുറിച്ചു ഞാൻ സഗൗരവം ചിന്തിച്ചെങ്കിലും ആ ആശയം തള്ളിക്കളഞ്ഞു. അന്നെനിക്ക് മൂന്നു ഭാര്യമാരും ഒരു വെപ്പാട്ടിയും ഉണ്ടായിരുന്നുവെന്നതായിരുന്നു പ്രശ്നം. യാതൊരു പ്രകാരത്തിലും ഒരു ഭാര്യയോടൊത്തു മാത്രമായി ജീവിക്കാൻ എനിക്കു കഴിയുകയില്ലെന്നു ഞാൻ വിചാരിച്ചു.
ആക്കുറെയിൽ മടങ്ങിയെത്തിയപ്പോൾ, ഇനി എന്റെയടുക്കൽ വരേണ്ടതില്ലെന്ന് ഞാൻ ആഡെഡെജിയോടു പറഞ്ഞു. മാത്രമല്ല, വീക്ഷാഗോപുരത്തിനുള്ള വരിസംഖ്യ ഞാൻ പുതിക്കിയതുമില്ല. എന്റെ സഭാകാര്യങ്ങളിൽ ഞാൻ കൂടുതൽ വ്യാപൃതനായി. എന്തൊക്കെയാണെങ്കിലും, ക്രിസ്തുവിന്റെ അപ്പോസ്തലിക സഭയിൽ ചേർന്നപ്പോൾ മുതൽ ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നുവല്ലോ എന്നു ഞാൻ ന്യായവാദം ചെയ്തു. മൂന്നു സ്ത്രീകളെ വിവാഹം ചെയ്ത ഞാൻ അനവധി കുട്ടികളുടെ പിതാവായിത്തീർന്നു. ഞാൻ സ്വന്തമായി വീടു പണിതു. എനിക്കൊരിക്കലും ആശുപത്രിയിൽ പോകേണ്ടതായി വന്നിരുന്നില്ല. എന്റെ പ്രാർഥനകൾക്കു ദൈവം ഉത്തരം നൽകുന്നതായി തോന്നിയതിനാൽ, എന്തുകൊണ്ട് ഞാൻ മതം മാറണം?
പ്രാമുഖ്യതയും മിഥ്യബോധവും ഏറുന്നു
ഞാൻ സഭയ്ക്കു ധാരാളം പണം സംഭാവന ചെയ്യാൻ തുടങ്ങി. അവർ പെട്ടെന്നുതന്നെ എന്നെ സഭയിലെ ഒരു മൂപ്പനാക്കി. സഭയുടെ ഉള്ളുകള്ളികൾ മനസ്സിലാക്കാൻ ആ സ്ഥാനം എന്നെ സഹായിച്ചു. ഞാൻ കണ്ട കാര്യങ്ങൾ എന്നെ അസ്വസ്ഥനാക്കി. പാസ്റ്റർക്കും ‘പ്രവാചകന്മാർക്കും’ പ്രിയം പണമായിരുന്നു; അവരുടെ അത്യാഗ്രഹം എന്നെ അമ്പരപ്പിച്ചു.
ഉദാഹരണത്തിന്, 1967-ൽ പല ഭാര്യമാരിലായി എനിക്കു മൂന്നു കുട്ടികൾ ജനിച്ചു. കുട്ടിയുടെ പേരിടൽ ചടങ്ങ് നടത്തുക സഭയിൽ ഒരു ആചാരമായിരുന്നു. ആ ചടങ്ങിനായുള്ള ഒരുക്കത്തിൽ, മത്സ്യവും നാരങ്ങാനീരും കുപ്പിയിലാക്കിയ ലഘുപാനീയങ്ങളും ഞാൻ പാസ്റ്ററിനു സമ്മാനമായി കൊടുത്തു.
കുർബാനദിവസം പാസ്റ്റർ മുഴു സഭയുടെയും മുമ്പാകെ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഈ സഭയിലെ സമ്പന്നരായ ആളുകൾ എന്നെ അതിശയിപ്പിച്ചിരിക്കുന്നു. പേരിടൽ ചടങ്ങ് നടത്താൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ അവർ കൊണ്ടുവരുന്നതോ, ലഘുപാനീയങ്ങളും മത്സ്യവും മാത്രം. മാംസമില്ല! ആടില്ല! സങ്കൽപ്പിച്ചു നോക്കൂ! കയീൻ ദൈവത്തിന് യാഗമായി അർപ്പിച്ചത് വലിയ കിഴങ്ങുകളായിരുന്നു, എന്നാൽ ആ യാഗത്തിൽ രക്തമില്ലാഞ്ഞതിനാൽ ദൈവം അതു സ്വീകരിച്ചില്ല. രക്തമുള്ള വസ്തുക്കളാണു ദൈവം ആഗ്രഹിക്കുന്നത്. ഹാബേൽ ഒരു മൃഗത്തെ കൊണ്ടുവന്നു, അവന്റെ യാഗം ദൈവം സ്വീകരിച്ചു.”
അപ്പോൾ, ഞാൻ കോപാകുലനായി അവിടെനിന്ന് ഇറങ്ങിപ്പോയി. എന്നാലും, അതിനുശേഷവും ഞാൻ സഭയിൽ ഹാജരായി. സാമൂഹിക കൂടിവരവുകളിലും ക്ലബ്ബിലെ യോഗങ്ങളിലും ഞാൻ അധികമധികം സമയം ചെലവഴിച്ചു. ചിലപ്പോൾ രാജ്യഹാളിലെ യോഗങ്ങളിൽ ഞാൻ സംബന്ധിക്കുമായിരുന്നു. കൂടാതെ, വീക്ഷാഗോപുരത്തിനുള്ള വരിസംഖ്യ പുതുക്കി. എന്നാൽ, അപ്പോഴും യഹോവയുടെ സാക്ഷികളിൽ ഒരുവനായിത്തീരാൻ ഞാൻ ഒരുക്കമല്ലായിരുന്നു.
യഹോവയെ സേവിക്കാനുള്ള തീരുമാനം
1968-ൽ എന്നെ സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവുണ്ടായി. മലാവിയിലെ യഹോവയുടെ സാക്ഷികൾക്കു നേരിട്ട മൃഗീയ പീഡനത്തെക്കുറിച്ചുള്ള ഒരു ലേഖനം വീക്ഷാഗോപുരത്തിൽ ഞാൻ ഒരു നാൾ വായിക്കാൻ തുടങ്ങി. തന്റെ വിശ്വാസത്തിനു വിട്ടുവീഴ്ച വരുത്താൻ വിസമ്മതിച്ചതു നിമിത്തം ഒരു മരത്തോടു ചേർത്തു ബന്ധിച്ച് ആറു പ്രാവശ്യം ബലാൽസംഗം ചെയ്യപ്പെട്ട 15 വയസ്സുകാരിയെക്കുറിച്ച് അതു പറഞ്ഞു. വളരെ അസ്വസ്ഥനായ ഞാൻ മാസിക താഴെയിട്ടെങ്കിലും അതേക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നു. എന്റെ സഭയിലെ ഒരു പെൺകുട്ടിയും അത്തരം വിശ്വാസം കാണിക്കുകയില്ലെന്നു ഞാൻ മനസ്സിലാക്കി. അന്നു വൈകുന്നേരം മറ്റൊരു സമയത്ത്, ആ മാസിക വീണ്ടുമെടുത്ത് അതേ പേജ് ഞാൻ വീണ്ടും വായിച്ചു.
ഞാൻ സഗൗരവം ബൈബിൾ പഠിക്കാൻ തുടങ്ങി. എന്റെ പരിജ്ഞാനം വർധിച്ചപ്പോൾ, സഭ ഞങ്ങളെ എത്രത്തോളം വഴിതെറ്റിച്ചിരുന്നുവെന്ന് എനിക്കു മനസ്സിലായിത്തുടങ്ങി. പുരാതന കാലങ്ങളിൽ സത്യമായിരുന്നതുപോലെ, ഞങ്ങളുടെ പുരോഹിതന്മാർ ‘ചെയ്തുകൊണ്ടിരുന്നത് ദുഷ്കർമ്മമല്ലാതെ’ മറ്റൊന്നുമായിരുന്നില്ല. (ഹോശേയ 6:9) അത്തരം പുരുഷന്മാർ യേശു മുന്നറിയിപ്പു നൽകിയ കള്ളയപ്പോസ്തലന്മാരുടെ കൂട്ടത്തിൽപ്പെടുമായിരുന്നു! (മത്തായി 24:24) വീണ്ടുമൊരിക്കലും ഞാൻ അവരുടെ ദർശനങ്ങളിലും വീര്യപ്രവൃത്തികളിലും വിശ്വസിച്ചില്ല. വ്യാജമതത്തിൽനിന്നു സ്വതന്ത്രമാകാനും അത്തരം സ്വാതന്ത്ര്യം കൈവരിക്കാൻ മറ്റുള്ളവരെ സഹായിക്കാനും ഞാൻ തീരുമാനിച്ചു.
എന്നെ സഭയിൽ നിർത്താനുള്ള ശ്രമങ്ങൾ
ഞാൻ സഭ വിട്ടുപോകാൻ തീരുമാനിച്ചുറച്ചിരിക്കുന്നുവെന്നു സഭാമൂപ്പന്മാർക്കു മനസ്സിലായപ്പോൾ, അതരുതെന്ന് എന്നോട് അപേക്ഷിക്കാൻ അവർ ഒരു പ്രതിനിധിസംഘത്തെ അയച്ചു. നല്ലൊരു വരുമാനമാർഗം നഷ്ടമാകാൻ അവർ ആഗ്രഹിച്ചില്ല. ആക്കുറെയിലെ ക്രിസ്തുവിന്റെ അപ്പോസ്തലിക സഭകളുടെ ബാബാ എഗ്ബെ അഥവാ രക്ഷാധികാരിയായി എന്നെ നിയമിക്കാമെന്ന് അവർ എന്നോടു വാഗ്ദാനം ചെയ്തു.
ഞാനത് നിരസിക്കുക മാത്രമല്ല അതിനുള്ള കാരണവും വ്യക്തമാക്കി. ഞാനിങ്ങനെ പറഞ്ഞു: “സഭ ഞങ്ങളോടു ഭോഷ്കു പറയുകയായിരുന്നു. നല്ലവരായ എല്ലാവരും സ്വർഗത്തിൽ പോകുമെന്ന് അവർ പറയുന്നു. എന്നാൽ ഞാൻ ബൈബിൾ വായിച്ചു, 1,44,000 പേർ മാത്രമേ സ്വർഗത്തിൽ പോകുകയുള്ളൂവെന്ന് എനിക്കു നല്ല ബോധ്യമുണ്ട്. നീതിമാന്മാരായ മറ്റാളുകൾ പറുദീസാഭൂമിയിൽ ജീവിക്കും.”—മത്തായി 5:5; വെളിപ്പാടു 14:1, 3.
എനിക്കെതിരെ എന്റെ ഭാര്യമാരെ തിരിക്കാൻ സഭയിലെ പാസ്റ്റർ ശ്രമിച്ചു. ഞങ്ങളുടെ വീട്ടിൽ വരുന്നതിൽനിന്നു യഹോവയുടെ സാക്ഷികളെ തടയാൻ അദ്ദേഹം അവരോടു പറഞ്ഞു. എന്റെ ഭാര്യമാരിൽ ഒരാൾ എനിക്കുള്ള ഭക്ഷണത്തിൽ വിഷം ചേർത്തു. സഭയിൽവെച്ചു തങ്ങൾ കണ്ട ഒരു ദർശനത്തെക്കുറിച്ച് അവരിൽ രണ്ടു പേർ എനിക്കു മുന്നറിയിപ്പു നൽകി. സഭ വിട്ടുപോയാൽ ഞാൻ മരിക്കുമെന്നായിരുന്നത്രേ ദർശനം. എന്നിട്ടും, ഞാൻ ഭാര്യമാരോട് സാക്ഷീകരിക്കുന്നതിൽ തുടർന്നു, എന്നോടൊപ്പം യോഗങ്ങൾക്കു വരാൻ ഞാനവരെ ക്ഷണിക്കുകയും ചെയ്തു. “മറ്റു ഭർത്താക്കന്മാരെ നിങ്ങൾക്ക് അവിടെവെച്ചു കാണാം,” ഞാൻ പറഞ്ഞു. എന്നാൽ, അവരിലാരും യാതൊരു താത്പര്യവും കാട്ടിയില്ലെന്നു മാത്രമല്ല, അവർ എന്നെ നിരുത്സാഹപ്പെടുത്തുന്നതിൽ തുടരുകയും ചെയ്തു.
ഒടുവിൽ, 1970 ഫെബ്രുവരി 2-ന് അടുത്തുള്ള ഒരു പട്ടണത്തിലേക്കുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, വീട് ഒഴിഞ്ഞുകിടന്നിരുന്നു. എന്റെ ഭാര്യമാരെല്ലാം കുട്ടികളെയുംകൊണ്ടു വീടുവിട്ടുപോയിരുന്നു.
ഒരു ഭാര്യയോടു പറ്റിനിൽക്കൽ
‘ഇപ്പോഴെനിക്ക് എന്റെ വൈവാഹികനില നേരെയാക്കാൻ കഴിയും,’ ഞാൻ വിചാരിച്ചു. ആദ്യം വിവാഹം കഴിച്ച ജാനറ്റിനെ, വീട്ടിലേക്കു വരാൻ ഞാൻ ക്ഷണിച്ചു. അവൾ സമ്മതിച്ചു. എന്നാൽ, അവളുടെ കുടുംബം അതിനെ ശക്തമായി എതിർത്തു. ജാനറ്റിനോടു തിരികെ വരാൻ ഞാൻ ആവശ്യപ്പെട്ടതായി എന്റെ മറ്റു ഭാര്യമാർ അറിഞ്ഞു. അവർ അവളുടെ പിതാവിന്റെ വീട്ടിൽ പോയി അവളെ തല്ലാൻ ശ്രമം നടത്തി. അപ്പോൾ, അവളുടെ കുടുംബം ഒരു യോഗത്തിനായി എന്നെ വിളിച്ചു.
ആ യോഗത്തിൽ 80-ഓളം പേർ സന്നിഹിതരായിരുന്നു. കുടുംബത്തലവനായ, ജാനറ്റിന്റെ ഇളയച്ഛൻ പറഞ്ഞു: “ഞങ്ങളുടെ മകളെ പുനർവിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ, ഈ മറ്റു സ്ത്രീകളെയും നിങ്ങൾ സ്വീകരിച്ചേ പറ്റൂ. എന്നാൽ പുതിയ മതം ആചരിച്ചുകൊണ്ട് ഒരു ഭാര്യയോടൊത്തു താമസിക്കാനാണു നിങ്ങളുടെ ആഗ്രഹമെങ്കിൽ, വേറെ പെണ്ണിനെ നോക്കിക്കോളൂ. നിങ്ങൾ ജാനറ്റിനെ തിരികെ സ്വീകരിക്കുന്നപക്ഷം, നിങ്ങളുടെ മറ്റു ഭാര്യമാർ അവളെ കൊല്ലും. ഞങ്ങളുടെ മകൾ മരിക്കാൻ ഞങ്ങളാഗ്രഹിക്കുന്നില്ല.”
വളരെ നേരത്തെ സംസാരത്തിനുശേഷം, ഒരു ഭാര്യ മാത്രം ഉണ്ടായിരിക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നതായി ആ കുടുംബത്തിനു ബോധ്യമായി. ഒടുവിൽ അവർ വഴങ്ങിത്തന്നു. ഇളയച്ഛൻ പറഞ്ഞു: “നിന്റെ ഭാര്യയെ ഞങ്ങൾ നിന്നിൽനിന്ന് അകറ്റുകയില്ല. നിനക്കവളെ കൂടെ കൊണ്ടുപോകാം.”
1970 മേയ് 21-ന് ഞാനും ജാനറ്റും തമ്മിലുള്ള നിയമപരമായ വിവാഹം നടന്നു. ഒമ്പതു ദിവസത്തിനുശേഷം, യഹോവയുടെ സാക്ഷികളിൽ ഒരുവനായി ഞാൻ സ്നാപനമേറ്റു. അതേ വർഷം ഡിസംബറിൽ ജാനറ്റും സ്നാപനമേറ്റു.
യഹോവയുടെ അനുഗ്രഹം ആസ്വദിക്കുന്നു
സാക്ഷികളായിത്തീർന്നാൽ ഞങ്ങൾ മരിച്ചുപോകുമെന്ന് ഞങ്ങളുടെ മുൻ സഭാംഗങ്ങൾ പ്രവചിച്ചിരുന്നു. അത് ഏതാണ്ട് 30 വർഷം മുമ്പായിരുന്നു. ഞാൻ ഇപ്പോൾ മരിച്ചാൽതന്നെ, അതു ഞാൻ സാക്ഷിയായതുകൊണ്ടായിരിക്കുമോ? എന്റെ ഭാര്യ ഇപ്പോൾ മരിക്കുന്നെങ്കിൽ, അത് അവൾ ഒരു യഹോവയുടെ സാക്ഷിയായതുകൊണ്ടാണെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ?
സത്യത്തിന്റെ മാർഗം എന്റെ 17 കുട്ടികളെയും കാണിക്കാൻ ഞാൻ അത്യധ്വാനം ചെയ്തിരിക്കുന്നു. ഞാൻ സാക്ഷിയായ സമയത്ത് അവരിൽ പലർക്കും പ്രായപൂർത്തിയെത്തിയിരുന്നെങ്കിലും, ബൈബിൾ പഠിക്കാൻ ഞാൻ അവരെ പ്രോത്സാഹിപ്പിക്കുകയും യോഗങ്ങൾക്കും കൺവെൻഷനുകൾക്കും കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. അവരിൽ അഞ്ചു പേർ എന്നോടൊപ്പം യഹോവയെ സേവിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷമാണ്. ഒരുവൻ എന്നോടൊപ്പം സഭയിൽ ഒരു മൂപ്പനായി സേവനമനുഷ്ഠിക്കുന്നു. മറ്റൊരുവൻ അടുത്തുള്ള ഒരു സഭയിൽ ശുശ്രൂഷാദാസനാണ്. എന്റെ രണ്ടു കുട്ടികൾ നിരന്തരപയനിയർമാരാണ്.
പിന്തിരിഞ്ഞുനോക്കുമ്പോൾ, യഹോവയുടെ ഒരു ദാസനായിത്തീരാൻ എന്നെ സഹായിക്കുന്നതിൽ അവൻ കാണിച്ചിരിക്കുന്ന അനർഹദയയിൽ ഞാൻ വിസ്മയം കൂറുന്നു. “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല” എന്ന യേശുവിന്റെ വാക്കുകൾ എത്രയോ സത്യം!—യോഹന്നാൻ 6:44.