രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
സത്യവുമായി സകലരുടെയും പക്കലെത്തുന്നു
പൗലൊസ് അപ്പോസ്തലൻ ദൈവരാജ്യത്തിന്റെ തീക്ഷ്ണതയുള്ള പ്രഘോഷകനായിരുന്നു. “സുവിശേഷം” പ്രസംഗിക്കാനുള്ള തന്റെ നിയോഗത്തിനു ഭംഗംവരുത്താൻ അവൻ എതിർപ്പിനെ അനുവദിച്ചില്ല. (1 കൊരിന്ത്യർ 9:16; പ്രവൃത്തികൾ 13:50-52) തന്റെ മാതൃക പിൻപറ്റാൻ പൗലൊസ് മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു.—1 കൊരിന്ത്യർ 11:1.
നിശ്ചയദാർഢ്യത്തോടെയുള്ള പ്രസംഗപ്രവർത്തനങ്ങൾക്കു ലോകവ്യാപകമായി അറിയപ്പെടുന്നവരാണു യഹോവയുടെ സാക്ഷികൾ. വാസ്തവത്തിൽ, ‘ശിഷ്യരാക്കാ’നുള്ള ദൈവനിയുക്ത വേല നിർവഹിക്കുന്നതിനായി, “സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും” അവർ മറ്റുള്ളവരോടു പ്രസംഗിക്കുന്നു. (മത്തായി 28:19, 20; 2 തിമൊഥെയൊസ് 4:2, പി.ഒ.സി. ബൈബിൾ) എതിർപ്പുകൾ അനുഭവിക്കുന്ന ദേശങ്ങളിൽപ്പോലും പരമാർഥഹൃദയരുടെ പക്കൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സർവപ്രധാന സന്ദേശവുമായി അവർ എത്തുന്നു. അതിനു ദൃഷ്ടാന്തമാണു പിൻവരുന്ന അനുഭവങ്ങൾ.
◻ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചിരിക്കുന്ന, പശ്ചിമ പസഫിക്കിലെ ഒരു ദ്വീപ്. അവിടെ 12 വയസ്സുള്ള ഒരു ആൺകുട്ടി, സ്കൂളിൽ തനിക്കു ചുറ്റുമുള്ളവർ മോശമായ കൂട്ടുകെട്ടുള്ളവരാണെന്നു മനസ്സിലാക്കി. അവന്റെ സഹപാഠികളിലനേകർ പതിവായി സിഗരറ്റു വലിക്കുകയും അശ്ലീല സാഹിത്യങ്ങൾ വായിക്കുകയും അധ്യാപകരെ ശല്യംചെയ്യുകയും അടിപിടിയിലേർപ്പെടുകയും ചെയ്യുമായിരുന്നു. തന്നെ മറ്റൊരു സ്കൂളിലേക്കു മാറ്റാമോ എന്ന് ആ കുട്ടി തന്റെ പിതാവിനോടു ചോദിക്കത്തക്കവണ്ണം കാര്യങ്ങൾ അത്ര വഷളായിരുന്നു. എന്നാൽ, അത് അത്ര നല്ല ആശയമല്ലെന്നു പിതാവു കാര്യകാരണസഹിതം മകനോടു വിവരിച്ചു. അടുത്തുള്ള സ്കൂളുകളിലെ കുട്ടികളുടെയും പെരുമാറ്റത്തിൽ വ്യത്യാസമൊന്നും കാണുകയില്ലെന്ന് ആ പിതാവിനു തോന്നിയിരുന്നു. എങ്കിലും, അദ്ദേഹത്തിനു മകനെ എങ്ങനെ സഹായിക്കാനാകുമായിരുന്നു?
ചെറുപ്പക്കാർക്കുവേണ്ടിയുള്ള ഒരു പുസ്തകം തന്റെ വീട്ടിലുള്ളതായി ആ പിതാവിന് ഓർമവന്നു. യഹോവയുടെ സാക്ഷിയായിരുന്ന ഒരു ബന്ധുവിൽനിന്നു സമ്മാനമായി കിട്ടിയതായിരുന്നു അത്. അദ്ദേഹം ആ പുസ്തകം തേടിയെടുത്തു മകനു കൊടുത്തു. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്നായിരുന്നു അതിന്റെ ശീർഷകം.a “സമപ്രായക്കാരിൽനിന്നുള്ള സമ്മർദ്ദത്തെ എനിക്ക് എങ്ങനെ നേരിടാൻ കഴിയും?” എന്ന അധ്യായം പ്രത്യേകിച്ചും സഹായകമായി ആ കുട്ടി കണ്ടെത്തി. ആത്മാഭിമാനം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം മാത്രമല്ല, ബുദ്ധിശൂന്യമായ ഗതി പിൻപറ്റാൻ മറ്റുള്ളവർ സമ്മർദം ചെലുത്തുമ്പോൾ നയപൂർവം എങ്ങനെ ചെറുത്തു നിൽക്കാമെന്നും അത് അവനെ പഠിപ്പിച്ചു. പുസ്തകത്തിലുള്ള തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട്, സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തെ എങ്ങനെ വിജയപ്രദമായി നേരിടാമെന്ന് ആ കുട്ടി മനസ്സിലാക്കി.
ഇതും ഗുണകരമായ മറ്റു മാറ്റങ്ങളും മകനിൽ ശ്രദ്ധിച്ച പിതാവ് ആ പുസ്തകം വായിക്കാൻ തീരുമാനിച്ചു. പുസ്തകത്തിൽ നൽകിയിരിക്കുന്ന പ്രായോഗിക ബുദ്ധ്യുപദേശങ്ങളിൽ മതിപ്പുതോന്നി ആ പിതാവ് യഹോവയുടെ സാക്ഷികളോട് ഒരു ഭവന ബൈബിളധ്യയനം ആവശ്യപ്പെട്ടു. പിന്നീട്, കുടുംബത്തിലെ മറ്റംഗങ്ങളും അധ്യയനത്തിൽ അദ്ദേഹത്തോടു ചേർന്നു. ഫലമോ? ആ കുട്ടിയും ഇളയ സഹോദരനും പിതാവും കുട്ടിയുടെ മുത്തശ്ശനും മുത്തശ്ശിയും ഇപ്പോൾ യഹോവയുടെ സാക്ഷികളാണ്.
◻ അതേ ദേശത്തുതന്നെ, യഹോവയുടെ സാക്ഷികളിൽ രണ്ടുപേർ ബൈബിൾ തത്ത്വങ്ങളോടുള്ള കർശനമായ അനുസരണം നിമിത്തം ജയിലിലടയ്ക്കപ്പെട്ടു. എങ്കിലും, ദൈവരാജ്യത്തെക്കുറിച്ചു സധൈര്യം പ്രസംഗിക്കുന്നതിനു പ്രതിബന്ധം സൃഷ്ടിക്കാൻ അവർ തങ്ങളുടെ സാഹചര്യത്തെ അനുവദിച്ചില്ല. അവർ ഒരു ജയിലുദ്യോഗസ്ഥനെ സമീപിച്ച്, കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ സ്മാരകം അവിടെ ആഘോഷിക്കാൻ അനുവാദം വാങ്ങി. 14 തടവുകാർ ബൈബിളിൽ താത്പര്യം കാട്ടുകയും ആ സുപ്രധാന സംഭവത്തിൽ സാക്ഷികളോടൊപ്പം കൂടിവരുകയും ചെയ്തപ്പോൾ അവർ എത്രമാത്രം ആഹ്ലാദചിത്തരായി! മോചിതരായശേഷം ആ തടവുകാരിൽ ചിലർ തുടർന്നും യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുകയും അവരുമായി സഹവസിക്കുകയും ചെയ്തു.
25-ലധികം രാജ്യങ്ങളിൽ, യഹോവയുടെ സാക്ഷികൾ നിരോധനമോ വ്യത്യസ്ത വിധത്തിലുള്ള എതിർപ്പോ പീഡനമോ നിമിത്തം കഷ്ടതയനുഭവിക്കുന്നുണ്ട്. എങ്കിലും, അപ്പോസ്തലന്മാരെപ്പോലെ അവർ, “വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടി”രിക്കുന്നു.—പ്രവൃത്തികൾ 5:42.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.