മേലാൽ കഷ്ടപ്പാടുകൾ ഇല്ലാതിരിക്കുമ്പോൾ
കഷ്ടപ്പാടുകൾ മനുഷ്യ കുടുംബത്തിനുള്ള ദൈവത്തിന്റെ ആദിമോദ്ദേശ്യത്തിന്റെ ഭാഗമായിരുന്നില്ല. അവൻ അത് ഉദ്ദേശിച്ചില്ല, അവൻ അത് ആഗ്രഹിക്കുന്നുമില്ല. ‘അങ്ങനെയെങ്കിൽ, അതെങ്ങനെ ആരംഭിച്ചു, ഇപ്പോൾവരെ അതു തുടരാൻ ദൈവം അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്?’ എന്നു നിങ്ങൾ ചോദിച്ചേക്കാം.—യാക്കോബ് 1:13 താരതമ്യം ചെയ്യുക.
മനുഷ്യ ചരിത്രത്തിന്റെ ഏറ്റവും പുരാതന രേഖയിൽ, ബൈബിളിൽ, വിശേഷിച്ചും ഉല്പത്തി പുസ്തകത്തിൽ അതിനുള്ള ഉത്തരമുണ്ട്. പിശാചായ സാത്താൻ ദൈവത്തിനെതിരെ മത്സരിച്ചപ്പോൾ നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമും ഹവ്വായും അവനെ പിൻപറ്റിയെന്ന് അതു പറയുന്നു. അവരുടെ പ്രവൃത്തികൾ സാർവത്രിക ക്രമസമാധാനത്തിന്റെ അടിത്തറയെത്തന്നെ ആക്രമിച്ച മൗലിക പ്രശ്നങ്ങൾ ഉയർത്തി. നന്മയും തിന്മയും എന്തെന്നു തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് അവകാശപ്പെടുകവഴി അവർ വെല്ലുവിളിച്ചത് ദൈവത്തിന്റെ പരമാധികാരത്തെയായിരുന്നു. ഭരിക്കാനും “നന്മതിന്മക”ളുടെ ഒരേയൊരു ന്യായാധിപൻ ആയിരിക്കാനുമുള്ള അവന്റെ അവകാശത്തെ അവർ ചോദ്യം ചെയ്തു.—ഉല്പത്തി 2:15-17; 3:1-5.
എന്തുകൊണ്ട് തന്റെ ഹിതം ഉടനടി നടപ്പാക്കിയില്ല?
‘അപ്പോൾ ദൈവം എന്തുകൊണ്ട് തന്റെ ഹിതം ഉടനടി നടപ്പാക്കിയില്ല?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. സംഗതി വളരെ ലളിതമായാണ് അനേകർക്കും തോന്നുന്നത്. ‘ദൈവത്തിന് അതിനുള്ള ശക്തിയുണ്ടായിരുന്നു. അവൻ അത് മത്സരികളെ നശിപ്പിക്കാൻ ഉപയോഗിക്കണമായിരുന്നു,’ അവർ പറയുന്നു. (സങ്കീർത്തനം 147:5) എന്നാൽ നിങ്ങളോടുതന്നെ ചോദിക്കുക, ‘ശ്രേഷ്ഠാധികാരം ഉപയോഗിച്ച് തങ്ങളുടെ ഹിതം നടപ്പാക്കുന്ന എല്ലാവരെയും ഞാൻ അന്ധമായി അംഗീകരിക്കുമോ? ഒരു ഏകാധിപതി ചാവേർപ്പടയെ അയച്ചു ശത്രുക്കളെ വകവരുത്തുമ്പോൾ സഹജമായിത്തന്നെ എനിക്കു വിരക്തി തോന്നുകയില്ലേ?’ ന്യായബോധമുള്ള മിക്കയാളുകളും അത്തരമൊരു സംഗതി അംഗീകരിക്കുകയില്ല.
‘എന്നാൽ ദൈവം ആ അധികാരം ഉപയോഗിക്കുന്നെങ്കിൽ, ആരും അവന്റെ നടപടികളെ ചോദ്യം ചെയ്യുകയില്ല’ എന്നു നിങ്ങൾ പറഞ്ഞേക്കാം. നിങ്ങൾക്ക് ഉറപ്പുണ്ടോ? ദൈവം അധികാരം ഉപയോഗിക്കുന്നതിനെ ആളുകൾ ചോദ്യം ചെയ്യുന്നുവെന്നതു വസ്തുതയല്ലേ? ദുഷ്ടത വെച്ചുപൊറുപ്പിക്കുന്ന സംഗതിയിലേതുപോലെ, ചിലപ്പോഴെല്ലാം അവൻ അത് എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്ന് അവർ ചോദിക്കുന്നു. മറ്റു സമയങ്ങളിൽ അവൻ അത് എന്തിന് ഉപയോഗിച്ചു എന്നും അവർ ചോദിക്കുന്നു. വിശ്വസ്തനായ അബ്രാഹാമിനുപോലും ദൈവം തന്റെ ശത്രുക്കൾക്കെതിരെ ശക്തി ഉപയോഗിക്കുന്നതു സംബന്ധിച്ചു ബുദ്ധിമുട്ടു തോന്നി. ദൈവം സോദോമിനെ നശിപ്പിക്കാൻ തീരുമാനിച്ച അവസരം അനുസ്മരിക്കുക. മോശം ആളുകളോടൊപ്പം നല്ലയാളുകളും മരിക്കുമെന്ന തെറ്റിദ്ധാരണയിൽനിന്ന് ഉടലെടുത്ത ഭയമായിരുന്നു അബ്രാഹാമിന്. അവൻ പറഞ്ഞു: “ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല.” (ഉല്പത്തി 18:25) സമ്പൂർണ അധികാരം ദുരുപയോഗിക്കില്ലെന്ന ഉറപ്പ് അബ്രാഹാമിനെപ്പോലെ ശരിയായ മനോനിലയുള്ള ആളുകൾക്കുപോലും ആവശ്യമാണ്.
തീർച്ചയായും, ദൈവത്തിന് ആദാമിനെയും ഹവ്വായെയും സാത്താനെയും ഉടനടി നശിപ്പിക്കാമായിരുന്നു. എന്നാൽ അത് മറ്റു ദൂതന്മാരെ അല്ലെങ്കിൽ പിൽക്കാലത്ത് അവന്റെ പ്രവൃത്തികളെക്കുറിച്ച് അറിയുമായിരുന്ന ഭാവി സൃഷ്ടികളെ എങ്ങനെ ബാധിക്കുമായിരുന്നുവെന്നു ചിന്തിക്കുക. ദൈവത്തിന്റെ ഭരണം ശരിയാണോ അല്ലയോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ അവരെ അലട്ടുമായിരുന്നില്ലേ? വാസ്തവത്തിൽ, തന്നെ എതിർക്കുന്ന ആരെയും നിർദയം ഉന്മൂലനം ചെയ്യുന്ന, നീഷേ വർണിച്ചതുപോലുള്ള സർവാധികാരിയായ ഒരു സ്വേച്ഛാധിപതിയാണ് ദൈവം എന്ന ആരോപണത്തിന് അവൻ വിധേയനാകുമായിരുന്നില്ലേ?
ആളുകളെക്കൊണ്ട് ശരി ചെയ്യിക്കരുതോ?
‘ദൈവത്തിന് ആളുകളെക്കൊണ്ടു ശരി ചെയ്യിക്കരുതോ?’ എന്നു ചിലർ ചോദിക്കുന്നു. കൊള്ളാം, ഇതും പരിചിന്തിക്കുക. ചരിത്രത്തിലുടനീളം, ആളുകളെ തങ്ങളുടെ ചിന്തയോട് ഇണക്കുവാൻ ഗവൺമെൻറുകൾ ശ്രമിച്ചിട്ടുണ്ട്. ഒരുപക്ഷേ മയക്കുമരുന്നോ ശസ്ത്രക്രിയയോ ഉപയോഗിച്ച്, അല്ലെങ്കിൽ പ്രജകളുടെ ഇച്ഛാശക്തി എന്ന അത്ഭുതകരമായ പ്രാപ്തി കവർന്നെടുത്തുകൊണ്ട് ചില ഗവൺമെൻറുകളോ ഭരണാധിപന്മാരോ പല വിധത്തിലുള്ള മസ്തിഷ്കപ്രക്ഷാളന പരിപാടികൾ നടത്തിയിട്ടുണ്ട്. സ്വതന്ത്ര ധാർമിക കാര്യസ്ഥന്മാർ ആയിരിക്കാനുള്ള പ്രാപ്തിയെ, ദുർവിനിയോഗത്തിനു സാധ്യതയുണ്ടെങ്കിൽക്കൂടി, നാം വിലമതിക്കുന്നില്ലേ? ആ സ്വാതന്ത്ര്യം എടുത്തുകളയാനുള്ള ഏതെങ്കിലും ഗവൺമെൻറിന്റെയോ ഭരണാധിപന്റെയോ ശ്രമത്തെ നിങ്ങൾ അംഗീകരിക്കുമോ?
തന്റെ നിയമം ഉടനടി ബലംപ്രയോഗിച്ചു നടപ്പാക്കുന്നതിനുപകരം ദൈവത്തിനു വേറെ എന്തു മാർഗമുണ്ടായിരുന്നു? തന്റെ നിയമം തിരസ്കരിച്ചവർക്കു തന്റെ ഭരണത്തിൽനിന്നു താത്കാലികമായി സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കലാണ് മത്സരത്തെ ഏറ്റവും നന്നായി നേരിടേണ്ട വിധമെന്ന് യഹോവയാം ദൈവം തീരുമാനിച്ചു. ഇതു മുഖാന്തരം ആദാമിൽനിന്നും ഹവ്വായിൽനിന്നുമുള്ള മനുഷ്യ കുടുംബത്തിനു ദൈവത്തിന്റെ നിയമത്തിനു കീഴ്പെടാതെ തങ്ങളെത്തന്നെ ഭരിക്കാനാകുന്ന ഒരു പരിമിത കാലഘട്ടം ലഭിക്കുമായിരുന്നു. എന്തിനാണ് അവൻ ഇതു ചെയ്തത്? എന്തെന്നാൽ അപരിമിത ശക്തി ഉപയോഗിച്ചു തന്റെ ഹിതം നടത്തിയാൽപ്പോലും, തന്റെ ഭരണവിധം, എല്ലായ്പോഴും ശരിയും നീതിനിഷ്ഠവും ആണെന്നും തനിക്കെതിരായ ഏതൊരു മത്സരവും ഉടനെയോ പിന്നീടോ ദുരന്തത്തിൽ കലാശിക്കുമെന്നും തെളിയിക്കുന്ന അവിതർക്കിതമായ തെളിവു കാലക്രമത്തിൽ കുന്നുകൂടുമെന്ന് അവന് അറിയാമായിരുന്നു.—ആവർത്തനപുസ്തകം 32:4; ഇയ്യോബ് 34:10-12; യിരെമ്യാവു 10:23.
എല്ലാ നിഷ്കളങ്കരുടെയും കാര്യമോ?
‘അതിനിടെ, എല്ലാ നിഷ്കളങ്കരുടെയും കാര്യമോ?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ‘വാസ്തവത്തിൽ അവരെ വേദനിപ്പിച്ചിട്ടാണോ നിയമത്തിന്റെ ഏതെങ്കിലുമൊരു വിശദാംശം തെളിയിക്കുന്നത്?’ നിയമത്തിന്റെ ഏതോ ഒരു അവ്യക്ത വിശദാംശം തെളിയിക്കുന്നതിനല്ല ദൈവം ദുഷ്ടത നിലനിൽക്കാൻ അനുവദിച്ചിരിക്കുന്നത്. മറിച്ച്, താൻ മാത്രമാണു പരമാധികാരിയെന്നും എല്ലാ സൃഷ്ടികളുടെയും നിലനിൽക്കുന്ന സമാധാനത്തിനും സന്തോഷത്തിനും തന്റെ നിയമങ്ങൾ അനുസരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നുമുള്ള അടിസ്ഥാന സത്യം എന്നന്നേക്കുമായി സ്ഥാപിക്കുന്നതിനാണ്.
മനുഷ്യ കുടുംബത്തിന് ഇതു വരുത്തിയേക്കാവുന്ന ഏതൊരു ഹാനിയും തനിക്കു പൂർണമായും പരിഹരിക്കാവുന്നതേയുള്ളൂവെന്നു ദൈവത്തിനറിയാമെന്നത് മനസ്സിൽപ്പിടിക്കേണ്ട നിർണായക സംഗതിയാണ്. വേദനയുടെയും കഷ്ടപ്പാടുകളുടെയും താത്കാലിക കാലഘട്ടത്തിനു പ്രയോജനപ്രദമായ ഒരു അനന്തരഫലം ഉണ്ടാകുമെന്ന് അവനറിയാം. കുട്ടിയുടെ ജീവൻ അപകടപ്പെടുത്തിയേക്കാവുന്ന ഏതോ രോഗത്തിനെതിരെ സംരക്ഷണം നൽകാൻ ഡോക്ടർ രോഗപ്രതിരോധ കുത്തിവയ്പ്പു നടത്തുമ്പോൾ കുട്ടിക്കു വേദനിക്കുന്നു. എന്നാൽ അപ്പോഴും സ്വന്തം കുട്ടിയെ കുത്തിവയ്പ്പിനായി ബലംപ്രയോഗിച്ചു പിടിച്ചുകൊടുക്കുന്ന മാതാവിന്റെ കാര്യമോ? കുട്ടിക്കു വേദനിക്കണമെന്ന് ഒരു മാതാവും ആഗ്രഹിക്കില്ല. രോഗിക്ക് അസ്വാസ്ഥ്യമുണ്ടാക്കാൻ ഒരു ഡോക്ടറും ആഗ്രഹിക്കില്ല. താൻ എന്തിനു വേദന അനുഭവിക്കുന്നുവെന്ന് കുട്ടിക്ക് അപ്പോൾ മനസ്സിലാകുന്നില്ലെങ്കിലും അത് അനുവദിച്ചതിന്റെ കാരണം പിൽക്കാലത്ത് അവനു മനസ്സിലായിക്കൊള്ളും.
കഷ്ടപ്പെടുന്നവർക്കു യഥാർഥ ആശ്വാസം?
ഈ സംഗതികൾ അറിയുന്നതുകൊണ്ടൊന്നും കഷ്ടപ്പെടുന്നവർക്കു കാര്യമായ ആശ്വാസമില്ലെന്നു ചിലർക്കു തോന്നിയേക്കാം. “പട്ടിണി കിടക്കുന്ന മനുഷ്യനോട് ആഹാരസാധനങ്ങളുടെ രസതന്ത്രത്തെക്കുറിച്ചു പ്രസംഗിക്കുന്നത് അയാളെ സഹായിക്കു”മെന്നു പറയുന്നതുപോലെയാണ് “കഷ്ടമനുഭവിക്കുന്നവനോടു” കഷ്ടപ്പാടുകൾ എന്തുകൊണ്ടെന്നതിനുള്ള യുക്തിസഹമായ വിശദീകരണമെന്ന് ഹാൻസ് ക്യുങ് പ്രസ്താവിക്കുന്നു. “കഷ്ടപ്പാടിൽ മിക്കവാറും തളർന്നുപോയ മനുഷ്യന് വിദഗ്ധമായ ന്യായവാദം വാസ്തവത്തിൽ പ്രോത്സാഹനമാകുമോ?” എന്ന് അദ്ദേഹം ചോദിക്കുന്നു. ആകട്ടെ, ദൈവവചനമായ ബൈബിളിനെ അവഗണിക്കുന്ന മനുഷ്യരുടെ എല്ലാ ‘വിദഗ്ധ ന്യായവാദവും’ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കു പ്രോത്സാഹനം കൊടുത്തിട്ടില്ലല്ലോ. മനുഷ്യൻ കഷ്ടപ്പാടുകൾ അനുഭവിക്കണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടുള്ളതാണെന്നും അവസാനം സ്വർഗത്തിൽ ജീവൻ നേടുന്നവർക്കായുള്ള കണ്ണീർത്താഴ്വരയായി അഥവാ ഒരു പരീക്ഷാസ്ഥലമായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഭൂമിയെ എന്നും അർഥമാക്കുന്ന അത്തരം മാനുഷിക ന്യായവാദംകൊണ്ടു പ്രശ്നം വഷളാകാനേ ഉതകിയിട്ടുള്ളൂ. എന്തൊരു ദൈവദൂഷണം!
എന്നാൽ യഥാർഥ ആശ്വാസം ബൈബിൾ നൽകുന്നുണ്ട്. കഷ്ടപ്പാടുകൾക്കുള്ള യുക്തിസഹമായ വിശദീകരണം നൽകുക മാത്രമല്ല, കഷ്ടപ്പാടുകൾ താത്കാലികമായി അനുവദിച്ചതിനാൽ ഉണ്ടായ സകല ഹാനിയും താൻ പരിഹരിക്കുമെന്ന ദൈവത്തിന്റെ ഉറപ്പുള്ള വാഗ്ദത്തത്തിൽ അതു വിശ്വാസം പടുത്തുയർത്തുകയും ചെയ്യുന്നു.
“എല്ലാ സംഗതികളുടെയും പുനഃസ്ഥാപനം”
ആദ്യ മനുഷ്യസൃഷ്ടികൾ മത്സരിക്കുന്നതിനുമുമ്പ് താൻ ഉദ്ദേശിച്ചിരുന്ന അതേ അവസ്ഥയിലേക്കു ദൈവം താമസിയാതെ സംഗതികൾ പുനഃസ്ഥിതീകരിക്കും. മനുഷ്യൻ സ്വതന്ത്രമായി ഭരിക്കാൻ ദൈവം അനുവദിച്ചുകൊടുത്ത സമയം തീരാറായി. “യേശുവിനെ” ദൈവം അയയ്ക്കാനിരിക്കുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. “പുരാതന കാലത്തെ തന്റെ വിശുദ്ധ പ്രവാചകന്മാരുടെ വായിലൂടെ ദൈവം അരുളിച്ചെയ്ത എല്ലാ സംഗതികളുടെയും പുനഃസ്ഥാപന കാലംവരെ സ്വർഗം” അവനെ “തീർച്ചയായും അതിനുള്ളിൽത്തന്നെ നിർത്തേണ്ടതാകുന്നു.”—പ്രവൃത്തികൾ 3:20, 21, NW.
യേശുക്രിസ്തു എന്തു ചെയ്യും? അവൻ ദൈവത്തിന്റെ എല്ലാ ശത്രുക്കളെയും ഭൂമിയിൽനിന്നു തുടച്ചുനീക്കും. (2 തെസ്സലൊനീക്യർ 1:6-10) അതു മനുഷ്യ ഏകാധിപതികൾ നടപ്പാക്കുന്നതുപോലെ തകൃതിയായുള്ളൊരു വധനിർവഹണമായിരിക്കുകയില്ല. തന്റെ ഹിതം നടപ്പാക്കാൻ തന്റെ അപരിമിത ശക്തി താമസിയാതെതന്നെ ഉപയോഗിക്കുന്നതിൽ ദൈവത്തിന്റെ പക്ഷത്ത് തികഞ്ഞ ന്യായമുണ്ടെന്ന് മനുഷ്യന്റെ ദുർഭരണത്തിന്റെ ദാരുണ ഭവിഷ്യത്തുകൾ നൽകുന്ന തെളിവുകളുടെ വൻകൂമ്പാരം പ്രകടമാക്കും. (വെളിപ്പാടു 11:17, 18) ഇതിനർഥം ഭൂമിയിൽ മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്തതരത്തിലുള്ള “ഉപദ്രവം” ആദ്യം ഉണ്ടാകുമെന്നാണ്. നോഹയുടെ നാളിലെ പ്രളയവുമായി സാമ്യമുണ്ടെങ്കിലും ഇത് അതിനെക്കാൾ വളരെ വലുതായിരിക്കും. (മത്തായി 24:21, 29-31, 36-39, NW) ഈ “മഹോപദ്രവ”ത്തെ അതിജീവിക്കുന്നവർ “തന്റെ വിശുദ്ധ പ്രവാചകന്മാരുടെ വായിലൂടെ” ദൈവം കൊടുത്ത എല്ലാ വാഗ്ദത്തങ്ങളുടെയും നിവൃത്തി കാണുമ്പോൾ “ആശ്വാസകാലങ്ങൾ” അനുഭവിക്കും. (പ്രവൃത്തികൾ 3:19; വെളിപ്പാടു 7:14-17, NW) ദൈവം എന്താണു വാഗ്ദാനം ചെയ്തിരിക്കുന്നത്?
യുദ്ധവും രക്തച്ചൊരിച്ചിലും വരുത്തിക്കൂട്ടിയിട്ടുള്ള കഷ്ടപ്പാടുകൾ അവസാനിക്കുമെന്ന് ദൈവത്തിന്റെ പുരാതന പ്രവാചകന്മാർ പറയുന്നു. ഉദാഹരണത്തിന്, സങ്കീർത്തനം 46:9 നമ്മോടു പറയുന്നു: “അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു.” നിഷ്കളങ്കരായ ഇരകളും ദയനീയാവസ്ഥയിലായ അഭയാർഥികളും, ബലാൽസംഗത്തിന് ഇരയായവരും വൈകല്യമുള്ളവരും ക്രൂരമായ യുദ്ധങ്ങളിൽ കശാപ്പുചെയ്യപ്പെടുന്നവരും മേലാൽ ഉണ്ടായിരിക്കുകയില്ല! യെശയ്യാ പ്രവാചകൻ പറയുന്നു: “ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.”—യെശയ്യാവു 2:4.
കുറ്റകൃത്യങ്ങളും അനീതിയും നിമിത്തമുണ്ടായ കഷ്ടപ്പാടുകളും അവസാനിക്കുമെന്നും പ്രവാചകന്മാർ മുൻകൂട്ടിപ്പറയുന്നു. “നേരുള്ളവർ ദേശത്തു വസിക്കു”മെന്നും വേദനയും കഷ്ടപ്പാടുകളും വരുത്തുന്നവർ “അതിൽനിന്നു നിർമ്മൂലമാകു”മെന്നും സദൃശവാക്യങ്ങൾ 2:21, 22 വാഗ്ദാനം ചെയ്യുന്നു. ഇനിമേൽ ‘മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരം’ പ്രയോഗിക്കുകയില്ല. (സഭാപ്രസംഗി 8:9) എല്ലാ ദുഷ്ടന്മാരും എന്നേക്കുമായി നീക്കംചെയ്യപ്പെടും. (സങ്കീർത്തനം 37:10, 38) കഷ്ടപ്പാടുകൾ ഒന്നുമില്ലാതെ എല്ലാവർക്കും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാനാകും.—മീഖാ 4:4.
കൂടാതെ, ശാരീരികവും വൈകാരികവുമായ രോഗങ്ങൾ വരുത്തിയ കഷ്ടപ്പാടും അവസാനിക്കുമെന്നു പ്രവാചകന്മാർ വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 33:24) അന്ധരും ബധിരരും വികലാംഗരും മറ്റെല്ലാവിധ രോഗബാധിതരും സൗഖ്യമാക്കപ്പെടുമെന്ന് യെശയ്യാവ് വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 35:5, 6) ദൈവം മരണത്തിന്റെ ഫലങ്ങൾപോലും നീക്കും. “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു . . . പുനരുത്ഥാനം ചെയ്യു”മെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (യോഹന്നാൻ 5:28, 29) “പുതിയ ആകാശവും പുതിയ ഭൂമി”യും സംബന്ധിച്ചുള്ള ദർശനത്തിൽ “ദൈവം . . . അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” എന്നു യോഹന്നാനോടു പ്രസ്താവിക്കപ്പെട്ടു. (വെളിപ്പാടു 21:1-5എ) അതൊന്നു വിഭാവന ചെയ്യൂ! വേദനയില്ല, കണ്ണീരില്ല, മുറവിളിയില്ല, മരണമില്ല—മേലാൽ കഷ്ടപ്പാടുകൾ ഇല്ല!
താത്കാലികമായി ദുഷ്ടത അനുവദിച്ചതിന്റെ ഫലമായുണ്ടായ എല്ലാ ദുരന്തങ്ങൾക്കും പരിഹാരമുണ്ടാക്കും. ദൈവം ഒരിക്കലും ഉദ്ദേശിച്ചിരുന്നിട്ടില്ലാത്ത മനുഷ്യ വേദനയുടെയും കഷ്ടപ്പാടുകളുടെയും ഓർമകൾപോലും പൂർണമായും മായ്ച്ചുകളയും. “മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോകയും . . . മുമ്പിലത്തവ ആരും ഓർക്കുകയില്ല,” യെശയ്യാവ് മുൻകൂട്ടിപ്പറഞ്ഞു. (യെശയ്യാവു 65:16, 17) പറുദീസാ ഭൂമിയിൽ തികഞ്ഞ സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുന്ന പൂർണതയുള്ള മനുഷ്യകുടുംബം എന്ന ദൈവത്തിന്റെ ആദിമോദ്ദേശ്യം പൂർണമായും സാക്ഷാത്കരിക്കപ്പെടും. (യെശയ്യാവു 45:18) അവന്റെ പരമാധികാരത്തിലുള്ള ഉറപ്പ് പരിപൂർണമായിരിക്കും. ദൈവം മനുഷ്യ കഷ്ടപ്പാടുകൾക്ക് അന്തംവരുത്തുന്ന സമയത്ത്, നീഷേ ആരോപിച്ചതുപോലെ, താൻ ഏതോ തരത്തിൽ ‘സ്വേച്ഛാധിപതിയും തട്ടിപ്പുകാരനും വഞ്ചകനും വധനിർവാഹകനും’ അല്ല, മറിച്ച് താൻ എല്ലായ്പോഴും സ്നേഹസമ്പന്നനും ജ്ഞാനിയും സമ്പൂർണ അധികാരം പ്രയോഗിക്കുന്നതിൽ ന്യായം കാട്ടുന്നവനുമാണെന്ന് അവൻ തെളിയിക്കുന്ന സമയത്തു ജീവിക്കുന്നത് എന്തൊരു പദവിയാണ്!
[5-ാം പേജിലെ ചിത്രം]
പ്രജകളുടെ ഇച്ഛാശക്തി കവർന്നെടുത്തുകൊണ്ട് ചില ഭരണാധിപന്മാർ മസ്തിഷ്കപ്രക്ഷാളന പരിപാടികൾ നടത്തിയിട്ടുണ്ട്
[കടപ്പാട]
UPI/Bettmann
[7-ാം പേജിലെ ചിത്രം]
മേലാൽ കഷ്ടപ്പാടുകൾ ഇല്ലാതിരിക്കുന്ന സമയത്ത് നാമെല്ലാം ജീവിതം അതിന്റെ തികവിൽ ആസ്വദിക്കും