‘നമുക്കു സത്യസന്ധരായ ആളുകളെ ആവശ്യമാണ്’
ഇന്നത്തെ ലോകത്തിൽ സത്യസന്ധത അപൂർവമാണ്. എങ്കിലും, അതു ക്രിസ്ത്യാനികൾക്ക് അടിസ്ഥാനപരമായ ഒരു യോഗ്യതയാണ്. പൗലൊസ് എഴുതി: “ഞങ്ങൾ സകലത്തിലും സത്യസന്ധരായി പെരുമാറാൻ ആഗ്രഹിക്കുന്നു.” (എബ്രായർ 13:18, NW) ഇതായിരുന്നു ഇറ്റലിയിലെ ഫേൻസയിലുള്ള യഹോവയുടെ സാക്ഷികളിലൊരുവളായ വിൽമ ചെയ്യാൻ ആഗ്രഹിച്ചത്.
തന്റെ നഗരത്തിലെ ഒരു സൂപ്പർമാർക്കറ്റിനു പുറത്തുവെച്ച് അവൾക്കൊരു പേഴ്സ് കളഞ്ഞുകിട്ടി. എന്നാൽ വൻതുക അടങ്ങിയ ആ പേഴ്സ് ഉടമസ്ഥനു തിരിച്ചുകൊടുക്കാനായി അവൾ ഒരു “മടിയും കൂടാതെ” പൊലീസിൽ ഏൽപ്പിക്കുകയാണ് ചെയ്തതെന്ന് ഈൽ റെസ്തോ ദെൽ കാർലീനോ എന്ന പത്രം വിവരിക്കുന്നു.
ഇതറിഞ്ഞ മേയർ, വിൽമയ്ക്ക് നന്ദിപറഞ്ഞുകൊണ്ട് ഒരു ഹ്രസ്വ കുറിപ്പ് അയച്ചു. അദ്ദേഹം എഴുതി: “ഈ അതിവിശിഷ്ട പ്രവൃത്തിക്കു ഞാൻ, നഗരത്തിന്റെ പേരിൽ, നിങ്ങൾക്കു ഹൃദയംഗമമായി നന്ദി പറയുന്നു. നമ്മുടെ കുലീന നഗരമായ ഫേൻസയിൽ നല്ലവരും സത്യസന്ധരുമായ ആളുകളെ ആവശ്യമാണ്.”
നല്ല പ്രവൃത്തികൾ അറിയപ്പെട്ടാലും ഇല്ലെങ്കിലും, സത്യസന്ധരായിരിക്കാൻ നാം എല്ലായ്പോഴും യത്നിക്കണം. വിശുദ്ധ തിരുവെഴുത്തുകൾ ഉദ്ബോധിപ്പിക്കുന്നതുപോലെ, “ഞങ്ങൾ ദൈവത്തിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും ശരിയായതു ചെയ്യാൻ ശ്രമിക്കുന്നു.”—2 കൊരിന്ത്യർ 8:21, ദ ജറുസലേം ബൈബിൾ.