നിങ്ങൾ പുനർജന്മത്തിൽ വിശ്വസിക്കണമോ?
പ്രണയത്തിലാകുന്നതിനു പുനർജന്മ ആശയവുമായി ബന്ധമുണ്ടെന്ന് ഗ്രീക്കു തത്ത്വചിന്തകനായ പ്ലേറ്റോ കരുതി. ശരീരത്തിന്റെ മരണത്തിനുശേഷം, അമർത്ത്യ ദേഹി “ആശയലോക”ത്തേക്കു പോകുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു. ശരീരമില്ലാത്തതുകൊണ്ട്, അതവിടെ ആശയങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ട് കുറെക്കാലം സ്ഥിതിചെയ്യുന്നു. പിന്നീട്, അടുത്ത ജൻമത്തിൽ ദേഹി ഉപബോധാത്മകമായി ആശയലോകത്തെക്കുറിച്ച് ഓർക്കുകയും അതിനായി വാഞ്ഛിക്കുകയും ചെയ്യുന്നു. തങ്ങൾ അവ്യക്തമായി ഓർക്കുകയും തേടുകയും ചെയ്യുന്ന സൗന്ദര്യത്തിന്റെ ആദർശരൂപം തങ്ങളുടെ പ്രിയപ്പെട്ടവരിൽ കാണുമ്പോഴാണ് ആളുകൾ പ്രണയബദ്ധരാകുന്നതെന്നു പ്ലേറ്റോ പറയുന്നു.
ഉറവിടവും അടിസ്ഥാനവും തിരിച്ചറിയൽ
പുനർജന്മ പഠിപ്പിക്കലിനു ദേഹി അമർത്ത്യമായിരുന്നേ തീരൂ. അതുകൊണ്ട്, പുനർജന്മ പഠിപ്പിക്കലിന്റെ ഉറവിടം തേടിപ്പോയാൽ ചെന്നെത്തുന്നതു ദേഹി അമർത്ത്യമാണെന്നു വിശ്വസിച്ചിരുന്ന ആളുകളിലോ ജനതകളിലോ ആയിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ, ചിലർ വിശ്വസിക്കുന്നത് പുരാതന ഈജിപ്താണ് അതിന്റെ ഉറവിടമെന്നാണ്. പുരാതന ബാബിലോണിയയാണെന്നു മറ്റുചിലർ. ബാബിലോന്യ മതത്തിനു മാറ്റുകൂട്ടുന്നതിനുവേണ്ടി അതിന്റെ പുരോഹിതന്മാർ ദേഹിക്കു ദേഹാന്തരപ്രാപ്തിയുണ്ടെന്ന പഠിപ്പിക്കൽ അവതരിപ്പിച്ചു. അങ്ങനെ ദീർഘനാളുകൾക്കുമുമ്പു മരിച്ചുപോയ പ്രമുഖരായ പൂർവികരുടെ ഇപ്പോഴത്തെ അവതാരമാണ് തങ്ങളുടെ മതനേതാക്കന്മാരെന്ന് അവർ അവകാശപ്പെട്ടു.
എന്നിരുന്നാലും, പുനർജന്മവിശ്വാസം വളർന്നു വികാസം പ്രാപിച്ചത് ഇന്ത്യയിലായിരുന്നു. മനുഷ്യർക്കിടയിലെ ദുഷ്ടതയും കഷ്ടപ്പാടും സംബന്ധിച്ച സാർവലൗകിക പ്രശ്നങ്ങളെപ്രതി തല പുകയ്ക്കുകയായിരുന്ന ഹിന്ദു സന്ന്യാസിമാർ ചോദിച്ചു, ‘സ്രഷ്ടാവു നീതിനിഷ്ഠനാണെന്ന ആശയവുമായി ഇവയെങ്ങനെ പൊരുത്തപ്പെടും?’ ദൈവത്തിന്റെ നീതിയും ലോകത്തിൽ സംഭവിക്കുന്ന മുൻകൂട്ടിക്കാണാനാകാത്ത ദുരന്തങ്ങളും അസമത്വങ്ങളും തമ്മിലുള്ള പൊരുത്തക്കേടു പരിഹരിക്കാൻ അവർ ശ്രമിച്ചു. അവസാനം അവർ “കർമഫലസിദ്ധാന്തം”—‘മനുഷ്യൻ വിതയ്ക്കുന്നതുതന്നെ കൊയ്യു’മെന്ന കാര്യകാരണ തത്ത്വം—ആവിഷ്കരിച്ചു. അവർ അതിന്റെയൊരു ‘വരവുചെലവുവിവരപ്പട്ടിക’ ഉണ്ടാക്കി. ഒരുവന്റെ ഈ ജന്മത്തിലെ സത്പ്രവൃത്തികൾക്കും ദുഷ്പ്രവൃത്തികൾക്കും വരുംജന്മത്തിൽ പ്രതിഫലമോ ശിക്ഷയോ ലഭിക്കുമെന്ന് അവരതിൽ വിശദമാക്കി.
“കർമം” എന്നതിനു “പ്രവൃത്തി”യെന്നേ അർഥമുള്ളൂ. ഒരു ഹൈന്ദവൻ സാമൂഹികവും മതപരവുമായ ആചാരങ്ങൾ പിൻപറ്റുന്നെങ്കിൽ അയാളുടേത് സത്കർമമെന്നും പിൻപറ്റുന്നില്ലെങ്കിൽ ദുഷ്കർമമെന്നും പറയുന്നു. അയാളുടെ പ്രവൃത്തിയാണ്, അഥവാ കർമമാണ് ഓരോ പുനർജന്മത്തിലും അയാളുടെ ഭാവി നിർണയിക്കുന്നത്. “ശാരീരിക പ്രത്യേകതകൾ പാരമ്പര്യമനുസരിച്ചായിരിക്കുമെങ്കിലും എല്ലാ മനുഷ്യരും ജനിക്കുന്നത് മുഖ്യമായും മുൻജന്മ കർമങ്ങളാൽ രൂപപ്പെടുത്തപ്പെട്ട സ്വഭാവത്തിന്റെ അടിസ്ഥാനരേഖയുമായാണ്” എന്നു തത്ത്വജ്ഞാനിയായ നിഖിലാനന്ദ പറയുന്നു. “[ഇപ്രകാരം] സ്വന്തം വിധിക്ക് ഉത്തരവാദിയും ശിൽപ്പിയും മനുഷ്യൻതന്നെയാണ്.” എന്നിരുന്നാലും ആത്യന്തിക ലക്ഷ്യം ഈ ജീവിതചക്രത്തിൽനിന്നു മുക്തിനേടി പരംപൊരുളായ ബ്രഹ്മത്തിൽ ലയിച്ചുചേരലാണ്. സാമൂഹികമായി സ്വീകാര്യമായ നടത്തയ്ക്കും പ്രത്യേക ഹൈന്ദവപരിജ്ഞാനത്തിനുംവേണ്ടി പ്രയത്നിച്ച് ഇതു നേടാനാകുമെന്നാണു വിശ്വാസം.
അങ്ങനെ കർമഫലസിദ്ധാന്തം ഉപയോഗിച്ച് ദേഹിയുടെ അമർത്ത്യതയെക്കുറിച്ചുള്ള പഠിപ്പിക്കലിന്മേൽ പടുത്തുയർത്തിയിരിക്കുന്നതാണ് പുനർജന്മവിശ്വാസം. ഈ ആശയങ്ങളെക്കുറിച്ച് ദൈവത്തിന്റെ നിശ്വസ്ത വചനമായ ബൈബിളിന് എന്താണു പറയാനുള്ളതെന്നു നമുക്കു നോക്കാം.
മമനുഷ്യന്റെ ഒരു ഭാഗം അമർത്ത്യമോ?
ഈ ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതിന്, നമുക്ക് ഈ വിഷയം സംബന്ധിച്ച ഏറ്റവും ആധികാരിക ഉറവിടമായ, സ്രഷ്ടാവിന്റെ നിശ്വസ്ത വചനത്തിലേക്കു തിരിയാം. ആദ്യ മനുഷ്യനായ ആദാമിന്റെ സൃഷ്ടിയെക്കുറിച്ചു വിവരിച്ചുകൊണ്ട്, ബൈബിളിന്റെ പ്രാരംഭ പുസ്തകം പറയുന്നു: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായിതീർന്നു [നീഫെഷ്].”a (ഉല്പത്തി 2:7) വ്യക്തമായും, തിരുവെഴുത്തുകൾ ദേഹിയെ ആദ്യ മനുഷ്യനിൽനിന്നു വ്യതിരിക്തമായി പരാമർശിക്കുന്നില്ല. മനുഷ്യന് ഒരു ദേഹി ഇല്ല, മനുഷ്യൻ ഒരു ദേഹി ആകുന്നു. ഇവിടെ ദേഹി എന്നതിനുള്ള എബ്രായ പദം നീഫെഷ് ആണ്. ബൈബിളിൽ ഈ പദം ഏതാണ്ട് 700 പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ബൈബിൾ അതിനെ മമനുഷ്യന്റെ വ്യതിരിക്തവും അമൂർത്തവുമായ ഏതോ ഭാഗമായി ഒരിക്കലും പരാമർശിക്കുന്നില്ല, പകരം സ്പർശനീയവും മൂർത്തവുമായ ഒന്നായിട്ടാണു പരാമർശിക്കുന്നത്.—ഇയ്യോബ് 6:7; സങ്കീർത്തനം 35:13; 107:9; 119:28.
മരണത്തിൽ എന്തു സംഭവിക്കുന്നു? മരണത്തിൽ ആദാമിന് എന്തു സംഭവിച്ചുവെന്നു ചിന്തിക്കുക. അവൻ പാപം ചെയ്തപ്പോൾ, ദൈവം അവനോടു പറഞ്ഞു: “നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു . . . നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്പത്തി 3:19) അതിന്റെ അർഥമെന്തെന്നു ചിന്തിക്കുക. ദൈവം ആദാമിനെ പൊടിയിൽനിന്നു സൃഷ്ടിക്കുന്നതിനുമുമ്പ്, അവൻ സ്ഥിതിചെയ്തിരുന്നില്ല. മരണത്തിനുശേഷം, ആദാം ഇല്ലായ്മ എന്ന അതേ അവസ്ഥയിലേക്കു തിരിച്ചുപോയി.
ലളിതമായി പറഞ്ഞാൽ, മരണം ജീവന്റെ വിപരീതമാണെന്നു ബൈബിൾ പഠിപ്പിക്കുന്നു. സഭാപ്രസംഗി 9:5, 10-ൽ നാം വായിക്കുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ. ചെയ്വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.”
ഇതിന്റെയർഥം മരിച്ചവർക്ക് എന്തെങ്കിലും ചെയ്യാനോ ചിന്തിക്കാനോ സാധ്യമല്ലെന്നാണ്. അവർക്കു ചിന്തകളില്ല, അവരൊന്നും ഓർക്കുന്നുമില്ല. സങ്കീർത്തനക്കാരൻ പ്രസ്താവിക്കുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു. അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.”—സങ്കീർത്തനം 146:3, 4.
മരണത്തിൽ ദേഹി മറ്റൊരു ശരീരത്തിലേക്കു പോകുന്നില്ലെന്നു ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. എന്നാൽ അതു മരിക്കുകതന്നെ ചെയ്യുന്നു. “പാപം ചെയ്യുന്ന ദേഹി മരിക്കും” എന്നു ബൈബിൾ തറപ്പിച്ചുപറയുന്നു. (യെഹെസ്കേൽ 18:4, 20; പ്രവൃത്തികൾ 3:23; വെളിപ്പാടു 16:3) അങ്ങനെ, പുനർജന്മവാദത്തിന്റെ അടിത്തറയായ, ദേഹിയുടെ അമർത്ത്യതയെക്കുറിച്ചുള്ള പഠിപ്പിക്കലിന് തിരുവെഴുത്തുകളിൽ യാതൊരു പിന്തുണയുമില്ല. അതുകൊണ്ടുതന്നെ പ്രസ്തുത വാദത്തിനു കഴമ്പില്ല. അപ്പോൾപ്പിന്നെ, നാം ഈ ലോകത്തിൽ കാണുന്ന കഷ്ടപ്പാടുകൾക്കുള്ള വിശദീകരണമെന്ത്?
ആളുകൾ കഷ്ടപ്പെടുന്നതെന്തുകൊണ്ട്?
മമനുഷ്യന്റെ കഷ്ടപ്പാടുകൾക്കുള്ള അടിസ്ഥാന കാരണം പാപിയായ ആദാമിൽനിന്നു നാം അവകാശപ്പെടുത്തുന്ന അപൂർണതയാണ്. “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (റോമർ 5:12) ആദാമിൽനിന്നു ജനിച്ചവരായതുകൊണ്ട് നാമെല്ലാം രോഗം, വാർധക്യം, മരണം എന്നിവയ്ക്കു വിധേയരാകുന്നു.—സങ്കീർത്തനം 41:1, 3; ഫിലിപ്പിയർ 2:25-27.
കൂടാതെ, സ്രഷ്ടാവിന്റെ മാറ്റമില്ലാത്ത ധാർമിക നിയമം പ്രസ്താവിക്കുന്നു: “വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും.” (ഗലാത്യർ 6:7, 8) അതുകൊണ്ട് കുത്തഴിഞ്ഞ ജീവിതരീതിയുടെ ഫലമായി വൈകാരിക ക്ലേശവും ഇച്ഛിക്കാത്ത ഗർഭധാരണവും ലൈംഗികമായി പകരുന്ന രോഗങ്ങളും ഉണ്ടാകുന്നു. “[ഐക്യനാടുകളിൽ] മുഖ്യമായും പുകവലിനിമിത്തം ഉണ്ടാകുന്ന മാരകമായ അർബുദങ്ങളുടെ സംഖ്യ അതിശയിപ്പിക്കുന്നതാണ്, 30 ശതമാനം. അത്രയുംതന്നെ ശതമാനം ആളുകളുടെ ജീവിതരീതിനിമിത്തവും—വിശേഷിച്ചും ഭക്ഷണക്രമ ശീലങ്ങളും വ്യായാമമില്ലായ്മയും—സംഭവിക്കുന്നുണ്ട്,” സയൻറിഫിക് അമേരിക്കൻ എന്ന മാഗസിൻ പറയുന്നു. കഷ്ടപ്പാടിനിടയാക്കുന്ന ചില ദുരന്തങ്ങൾക്കു കാരണം മനുഷ്യൻ ഭൂമിയുടെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിലെ പാളിച്ചകളാണ്.—വെളിപ്പാടു 11:18 താരതമ്യം ചെയ്യുക.
അതേ, മനുഷ്യന്റെ കഷ്ടപ്പാടുകൾക്ക് ഏറിയപങ്കും ഉത്തരവാദി മനുഷ്യൻതന്നെയാണ്. എന്നിരുന്നാലും, ദേഹി അമർത്ത്യമല്ലാത്തതിനാൽ, ‘വിതക്കുന്നതുതന്നെ കൊയ്യു’മെന്ന നിയമത്തിന്റെ പിൻബലത്തിൽ മമനുഷ്യന്റെ കഷ്ടപ്പാടുകളെ കർമവുമായി—മുൻജന്മമെന്നു പറയപ്പെടുന്നതിലെ പ്രവൃത്തികളുമായി—ബന്ധപ്പെടുത്താനാവില്ല. “മരിച്ചവൻ പാപത്തിൽനിന്നു മോചനം പ്രാപിച്ചിരിക്കുന്നു,” ബൈബിൾ പ്രസ്താവിക്കുന്നു. (റോമർ 6:7, 23) അതുകൊണ്ട് പാപഫലം മരണത്തിനുശേഷം അനുഭവിക്കേണ്ടിവരില്ല.
നല്ലൊരു പങ്കു കഷ്ടപ്പാടുകൾക്കും കാരണം പിശാചായ സാത്താനാണ്. വാസ്തവത്തിൽ, ഈ ലോകം സാത്താന്റെ അധീനതയിലാണ്. (1 യോഹന്നാൻ 5:19) യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, ‘അവന്റെ നാമം നിമിത്തം’ അവന്റെ ശിഷ്യന്മാരെ ‘എല്ലാവരും പകെക്കും.’ (മത്തായി 10:22) തത്ഫലമായി, പലപ്പോഴും നീതിമാന്മാർക്കാണ് ദുഷ്ടന്മാരെക്കാൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഈ ലോകത്തിൽ സംഭവിക്കുന്ന ചില സംഗതികളുടെ കാരണം നമുക്കു പെട്ടെന്നു പിടികിട്ടിയെന്നുവരില്ല. ഏറ്റവും വേഗതയുള്ള ഓട്ടക്കാരൻ വീണ് മത്സരത്തിൽനിന്നു പുറത്തായേക്കാം. പ്രബലമായ ഒരു സൈന്യം അതിനെക്കാൾ ശക്തി കുറഞ്ഞ ഒരു സൈന്യത്തോടു തോറ്റേക്കാം. ജ്ഞാനിയായ ഒരു മനുഷ്യൻ നല്ലൊരു തൊഴിൽ കിട്ടാതെ പട്ടിണി കിടന്നേക്കാം. ബിസിനസിൽ നല്ല വൈദഗ്ധ്യമുള്ളവർ പ്രതികൂല സാഹചര്യങ്ങൾനിമിത്തം കഴിവു പ്രയോഗിക്കാനാകാതെ ദാരിദ്ര്യത്തിലായേക്കാം. അറിവുള്ള വ്യക്തികൾ അധികാര സ്ഥാനങ്ങളിലുള്ളവരുടെ കോപത്തിനിരയായി ഗതികേടിലായേക്കാം. എന്തുകൊണ്ടാണിങ്ങനെ? “കാരണം അവരുടെമേലെല്ലാം കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളുമാണു വന്നു ഭവിക്കുന്നത്.”—സഭാപ്രസംഗി 9:11, NW.
കഷ്ടപ്പാടുകളുടെ കാരണം വിശദീകരിക്കാൻ ഹിന്ദു സന്ന്യാസിമാർ ശ്രമിക്കുന്നതിനു വളരെക്കാലം മുമ്പുതന്നെ മനുഷ്യവർഗം കഷ്ടപ്പാടുകൾ അനുഭവിച്ചിരുന്നു. എന്നാൽ ഒരു മികച്ച ഭാവിക്കുള്ള പ്രത്യാശയുണ്ടോ? മരിച്ചവർക്കു ബൈബിൾ എന്തു പ്രത്യാശയാണു വെച്ചുനീട്ടുന്നത്?
സമാധാനപൂർണമായ ഭാവി
സാത്താന്റെ നിയന്ത്രണത്തിലുള്ള ഈ ലോകസാമൂഹിക വ്യവസ്ഥിതിക്കു താൻ താമസിയാതെ അന്തംവരുത്തുമെന്നു സ്രഷ്ടാവു വാഗ്ദാനം ചെയ്തിരിക്കുന്നു. (സദൃശവാക്യങ്ങൾ 2:21, 22; ദാനീയേൽ 2:44) നീതിനിഷ്ഠമായ ഒരു പുതിയ മനുഷ്യ സമൂഹം—“ഒരു പുതിയ ഭൂമി”—അപ്പോൾ ഒരു യാഥാർഥ്യമായിത്തീരും. (2 പത്രൊസ് 3:13) അന്ന് “നിവാസികളിലാരും താൻ രോഗിയാണെന്നു പറയുകയില്ല.” (യെശയ്യാവു 33:24, പി.ഒ.സി. ബൈബിൾ) മരണത്തിന്റെ കഠിനവേദനപോലും നീക്കംചെയ്യപ്പെടും, കാരണം ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4, 5.
ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന പുതിയ ലോകത്തിലെ നിവാസികളെക്കുറിച്ചു സങ്കീർത്തനക്കാരൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) കൂടാതെ, സൗമ്യതയുള്ളവർ “സമാധാനസമൃദ്ധിയിൽ . . . ആനന്ദിക്കും.”—സങ്കീർത്തനം 37:11.
മുൻലേഖനത്തിൽ സൂചിപ്പിച്ച മുകുന്ദ്ഭായ് ദൈവത്തിന്റെ അത്ഭുതകരമായ വാഗ്ദത്തങ്ങളെക്കുറിച്ചൊന്നും അറിയാതെ മരണത്തിൽ നിദ്രപ്രാപിച്ചിരിക്കുകയാണ്. എന്നാൽ മരിച്ചവരെ സമാധാനപൂർണമായ അത്തരമൊരു പുതിയ ലോകത്തിലേക്ക് ഉയിർപ്പിക്കാൻ ദൈവത്തിന് ഉദ്ദേശ്യമുണ്ടെന്ന് അറിയാതെ കോടിക്കണക്കിനാളുകൾ മരിച്ചിട്ടുണ്ട്. ബൈബിളിൽ അവർക്ക് ഈ വാഗ്ദാനമുണ്ട്: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.”—പ്രവൃത്തികൾ 24:15; ലൂക്കൊസ് 23:43.
ഇവിടെ “പുനരുത്ഥാനം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം അനാസ്താസിസ് ആണ്. അതിന്റെ അക്ഷരീയ അർഥം “വീണ്ടും എഴുന്നേൽക്കൽ” എന്നാണ്. അതിനാൽ ഒരു വ്യക്തിയുടെ ജീവിതഘടനയുടെ പൂർണമായ പുനഃപ്രവർത്തനമാണ് പുനരുത്ഥാനത്താൽ സാധ്യമാക്കുന്നത്.
ഭൂമിയെയും ആകാശത്തെയും സൃഷ്ടിച്ചവന്റെ ജ്ഞാനം അപരിമേയമാണ്. (ഇയ്യോബ് 12:13) മരിച്ചവരുടെ ജീവിതഘടനയെ ഓർക്കുന്നത് അവനൊരു പ്രശ്നമേയല്ല. (യെശയ്യാവു 40:26 താരതമ്യം ചെയ്യുക.) യഹോവയാം ദൈവത്തിന്റെ സ്നേഹത്തിനും പരിധിയില്ല. (1 യോഹന്നാൻ 4:8) അതുകൊണ്ട്, അവൻ തന്റെ പൂർണതയുള്ള ഓർമശക്തി ഉപയോഗിക്കും, ചെയ്തുപോയ തെറ്റുകൾക്കു മരിച്ചവരെ ശിക്ഷിക്കാനല്ല, മറിച്ച് മരിക്കുന്നതിനുമുമ്പ് അവർക്കുണ്ടായിരുന്ന വ്യക്തിത്വത്തോടെ അവരെ ഒരു പറുദീസാ ഭൂമിയിലേക്കു തിരിച്ചുകൊണ്ടുവരുന്നതിന്.
മുകുന്ദ്ഭായിയെപ്പോലുള്ള കോടാനുകോടി ആളുകൾക്ക്, പുനരുത്ഥാനത്തിലൂടെ വീണ്ടും തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒത്തുചേരാനാകും. എന്നാൽ ഇപ്പോൾ ജീവിക്കുന്നവർക്ക് അത് എന്തർഥമാക്കുമെന്നു വിഭാവന ചെയ്യുക. ഉദാഹരണത്തിന്, ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള അത്ഭുതകരമായ സത്യത്തെക്കുറിച്ച് അറിഞ്ഞ, മുകുന്ദ്ഭായിയുടെ മകന്റെ കാര്യമെടുക്കാം. ഓരോ ജന്മത്തിലും ദുഷ്ടതയും കഷ്ടപ്പാടും നിറഞ്ഞ അവസ്ഥയിലെത്തിപ്പെടുന്ന പുനർജന്മങ്ങളുടെ മിക്കവാറും അന്തമില്ലാത്ത ചക്രത്തിൽ തന്റെ അച്ഛൻ കുടുങ്ങിയിട്ടില്ലെന്ന് അറിയുന്നത് അദ്ദേഹത്തിന് എന്തൊരാശ്വാസമാണ്! അദ്ദേഹം മരണത്തിൽ നിദ്രകൊള്ളുകയാണ്, ഒരു പുനരുത്ഥാന പ്രത്യാശയോടെ. താൻ ബൈബിളിൽനിന്നു പഠിച്ച സംഗതികൾ അച്ഛനുമായി ഒരു നാൾ പങ്കുവെക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചു ചിന്തിക്കുന്നത് ആ മകന് എത്ര പുളകപ്രദമാണ്!
ദൈവം “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ഇച്ഛിക്കുന്നു. (1 തിമൊഥെയൊസ് 2:3, 4) ഇതിനോടകംതന്നെ ദൈവഹിതം നിവർത്തിക്കുന്ന ലക്ഷക്കണക്കിനാളുകളുണ്ട്. അവരോടൊപ്പം നിങ്ങൾക്കും ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ എങ്ങനെ സാധിക്കും എന്നതിനെക്കുറിച്ചു പഠിക്കാനുള്ള സമയമാണിപ്പോൾ.—യോഹന്നാൻ 17:3.
[അടിക്കുറിപ്പുകൾ]
a നീഫെഷ് എന്ന എബ്രായ പദവും സൈക്കി എന്ന ഗ്രീക്കു പദവും മലയാളത്തിലുള്ള ബൈബിളുകളിൽ “ദേഹി,” “ആത്മാവ്,” “ജീവൻ,” “വ്യക്തി” എന്നിങ്ങനെ പല വിധത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു. (ഉദാഹരണത്തിന്, സത്യവേദ പുസ്തകം, പി.ഒ.സി. ബൈബിൾ, ഓശാന ബൈബിൾ എന്നിവയിൽ യെഹെസ്കേൽ 18:4-ഉം മത്തായി 10:28-ഉം കാണുക.) നിങ്ങളുടെ ബൈബിൾ ഈ മൂലഭാഷാ പദങ്ങളെ ആത്മാവ് എന്നോ ദേഹി എന്നോ, അല്ലെങ്കിൽ മറ്റേതെങ്കിലും പദമോ ഉപയോഗിച്ച് ഒരേ രീതിയിലോ അല്ലാതെയോ പരിഭാഷപ്പെടുത്തിയാലും, നീഫെഷ് എന്ന പദവും സൈക്കി എന്ന പദവും പ്രത്യക്ഷപ്പെടുന്ന പാഠഭാഗം പരിശോധിക്കുന്നത് ഈ പദങ്ങൾ പുരാതന കാലത്തെ ദൈവജനത്തിന് എന്തർഥമാക്കിയെന്നു കാണാൻ നിങ്ങളെ സഹായിക്കും. അങ്ങനെ ദേഹി വാസ്തവത്തിൽ എന്താണെന്നു നിങ്ങൾക്കുതന്നെ നിർണയിക്കാനാകും.
[7-ാം പേജിലെ ആകർഷകവാക്യം]
“അവരുടെമേലെല്ലാം കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളുമാണു വന്നു ഭവിക്കുന്നത്.”—സഭാപ്രസംഗി 9:11, NW.
[6-ാം പേജിലെ ചതുരം]
ദൈവത്തിന്റെ വ്യക്തിത്വവും കർമഫലസിദ്ധാന്തവും
“കർമഫലത്തെ തടുക്കാനാവില്ല, അതിൽനിന്നൊരു വിടുതലും സാധ്യമല്ല. അതിനാൽ ദൈവത്തിന് ഇടപെടേണ്ട ആവശ്യമില്ലെന്നുവരുന്നു. പ്രതീകാത്മകമായി പറയുകയാണെങ്കിൽ, അവൻ ആ നിയമം സ്ഥാപിച്ചിട്ട് പിൻവാങ്ങി” എന്നു മോഹൻദാസ് കെ. ഗാന്ധി വിശദീകരിക്കുന്നു. എങ്കിലും ഗാന്ധിക്ക് ഇതു മനസ്സു കുഴപ്പിക്കുന്ന ഒരു പ്രശ്നമായിരുന്നു.
എന്നാൽ പുനരുത്ഥാന വാഗ്ദാനം വെളിപ്പെടുത്തുന്നതനുസരിച്ച് ദൈവം തന്റെ സൃഷ്ടിയിൽ ആഴമായ താത്പര്യമുള്ളവനാണ്. മരിച്ചയാളെ ഭൂമിയിലെ പറുദീസയിലേക്കു തിരികെ കൊണ്ടുവരുന്നതിന്, ദൈവം ആ വ്യക്തിയെക്കുറിച്ചുള്ള സകലതും അറിയുകയും ഓർത്തിരിക്കുകയും ചെയ്യേണ്ടതുണ്ട്. ദൈവം നിശ്ചയമായും നമ്മിൽ ഓരോരുത്തർക്കുംവേണ്ടി കരുതുന്നുണ്ട്.—1 പത്രൊസ് 5:6, 7.
[5-ാം പേജിലെ ചിത്രം]
ഹൈന്ദവ ജീവിതചക്രം
[8-ാം പേജിലെ ചിത്രം]
ദൈവവചനം പുനരുത്ഥാനത്തെക്കുറിച്ചു പഠിപ്പിക്കുന്നു