ദൈവനാമത്തിൽ രഹസ്യം സൂക്ഷിക്കൽ
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റഞ്ച് മാർച്ചിൽ ജപ്പാനിലെ ടോക്കിയോ ഭൂഗർഭപാതയിൽ നടന്ന വിഷവാതക ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിനാളുകൾ രോഗികളായി. അതേസമയം അതൊരു രഹസ്യം വെളിപ്പെടുത്തി: ഓം ഷിൻരിക്യോ (ആത്യന്തിക സത്യം) എന്നറിയപ്പെടുന്ന ഒരു മതവിഭാഗം ഏതോ ഗൂഢലക്ഷ്യത്തിൽ ഉപയോഗിക്കാൻ സരിൻ വാതകായുധ ശേഖരം രഹസ്യമായി കുന്നുകൂട്ടിയിരിക്കുകയാണെന്ന്.
ഒരു മാസത്തിനുശേഷം ഐക്യനാടുകളിൽ ഒക്ക്ലഹോമ നഗരത്തിലെ ഫെഡറൽ ഗവൺമെൻറ് കെട്ടിടത്തിൽ ഒരു ബോംബുസ്ഫോടനം നടന്നു. കെട്ടിടം തകർന്നുതരിപ്പണമായി. 167 പേർ കൊല്ലപ്പെട്ടു. അതിനു കൃത്യം രണ്ടുവർഷംമുമ്പ് ടെക്സാസിലെ വാക്കോയിലുള്ള ബ്രാഞ്ച് ഡേവിഡിയൻ മതവ്യക്തിപൂജാ പ്രസ്ഥാനത്തിനെതിരെയുണ്ടായ ഗവൺമെൻറു നടപടിയുമായി ഇതിനു ബന്ധമുണ്ടെന്നാണു തെളിവു സൂചിപ്പിക്കുന്നത്. അന്ന് ആ വ്യക്തിപൂജാപ്രസ്ഥാനത്തിലെ 80 അംഗങ്ങൾ മരിക്കുകയുണ്ടായി. ആ ബോംബുസ്ഫോടനവും ഒരു രഹസ്യം വെളിപ്പെടുത്തി: ഐക്യനാടുകളിൽ ഇപ്പോൾ ഡസൻകണക്കിന് അർധസൈനിക മിലീഷ്യ സംഘങ്ങൾ പ്രവർത്തിക്കുന്നു, അവയിൽ ചിലതെങ്കിലും രഹസ്യമായി ഗവൺമെൻറുവിരുദ്ധ പ്രവർത്തനങ്ങൾക്കു പരിപാടിയിടുന്നതായി സംശയിക്കുന്നു.
പിന്നീട്, 1995-ന്റെ ഒടുവിൽ, ഫ്രാൻസിലെ ഗ്രെനോബിളിനടുത്തുള്ള വനപ്രദേശത്ത് 16 മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സോളാർ ടെമ്പിൾ വ്യക്തിപൂജാപ്രസ്ഥാനത്തിലെ അംഗങ്ങളായിരുന്നു അവർ. 1994-ൽ അംഗങ്ങളിൽ 53 പേർ ആത്മഹത്യ ചെയ്യുകയോ വധിക്കപ്പെടുകയോ ചെയ്തപ്പോൾ ഈ കൊച്ചു മതവ്യക്തിപൂജാ പ്രസ്ഥാനം സ്വിറ്റ്സർലൻഡിലും കാനഡയിലും വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. എന്നാൽ ആ ദുരന്തത്തിനുശേഷവും, ഈ മതവിഭാഗം പ്രവർത്തനം തുടരുകയാണ്. ഇപ്പോഴും അതിന്റെ പ്രചോദനവും ലക്ഷ്യങ്ങളും അജ്ഞാതമാണ്.
മതരഹസ്യങ്ങളാലുള്ള അപകടങ്ങൾ
അത്തരം സംഭവങ്ങളുടെ വെളിച്ചത്തിൽ, അനേകമാളുകളും മത സമൂഹങ്ങളുടെ പ്രവർത്തനത്തെ സംശയദൃഷ്ട്യാ വീക്ഷിക്കുന്നതിൽ എന്തെങ്കിലും അത്ഭുതമുണ്ടോ? തന്റെ വിശ്വാസത്തെ ദുരുപയോഗപ്പെടുത്തുകയും തനിക്കു യോജിപ്പില്ലാത്ത ലക്ഷ്യങ്ങൾ പിൻപറ്റാൻ ഇടയാക്കുകയും ചെയ്യുന്ന മതപരമോ അല്ലാത്തതോ ആയ ഒരു രഹസ്യസംഘടനയെ പിന്തുണയ്ക്കാൻ തീർച്ചയായും ആരും ആഗ്രഹിക്കുകയില്ല. എന്നാൽ സംശയാസ്പദ സ്വഭാവമുള്ള രഹസ്യസമൂഹങ്ങളുടെ കെണിയിലകപ്പെടുന്നത് ഒഴിവാക്കാൻ ആളുകൾക്ക് എന്തു ചെയ്യാവുന്നതാണ്?
വ്യക്തമായും, ഒരു രഹസ്യസമൂഹത്തിൽ ചേരാൻ ഉദ്ദേശിക്കുന്ന ഏതൊരാളും അതിന്റെ യഥാർഥ ലക്ഷ്യങ്ങൾ തിട്ടപ്പെടുത്തുന്നതു ജ്ഞാനപൂർവകമാണ്. സുഹൃത്തുക്കളുടെയോ പരിചയക്കാരുടെയോ സമ്മർദത്തിനു വഴങ്ങരുത്. ആവേശത്തിന്റെപുറത്തല്ല, വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം തീരുമാനം. അതിൽനിന്നുള്ള ഏതൊരു ഭവിഷ്യത്തും അനുഭവിക്കേണ്ടിവരുന്നത് മറ്റുള്ളവരല്ല, വ്യക്തിതന്നെയാകുമെന്ന് ഓർക്കുക.
ആദരണീയ ലക്ഷ്യങ്ങളില്ലാത്ത, അപകടകരമായ കൂട്ടങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നതിന് ഏറ്റവും ഉറപ്പുള്ള മാർഗം ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നതാണ്. (യെശയ്യാവു 30:21) രാഷ്ട്രീയ നിഷ്പക്ഷത കാക്കുന്നതും മറ്റുള്ളവരോട്, ശത്രുക്കളോടുപോലും, സ്നേഹം പ്രകടമാക്കുന്നതും ‘ജഡത്തിന്റെ പ്രവൃത്തികൾ’ ഒഴിവാക്കി ദൈവാത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. അതിലുപരി, യേശു ലോകത്തിന്റെ ഭാഗമല്ലാതിരുന്നതുപോലെ, സത്യക്രിസ്ത്യാനികൾ ലോകത്തിന്റെ ഭാഗമായിരിക്കരുത്. ഈ ഗതി ലൗകിക രഹസ്യസമൂഹങ്ങളിൽ ചേരുന്നതിനുള്ള സാധ്യതയെ തള്ളിക്കളയുന്നു.—ഗലാത്യർ 5:19-23; യോഹന്നാൻ 17:14, 16; 18:36; റോമർ 12:17-21; യാക്കോബ് 4:4.
യഹോവയുടെ സാക്ഷികൾ ബൈബിളിന്റെ ശുഷ്കാന്തിയുള്ള വിദ്യാർഥികളാണ്. തങ്ങളുടെ വിശ്വാസം ഗൗരവമായി എടുത്ത് അതനുസരിച്ചു ജീവിക്കാൻ പരസ്യമായി ശ്രമിക്കുന്നവരാണ് അവർ. “സമാധാനം അന്വേഷിച്ചു പിന്തുടരു”ന്ന ഒരു മതസമൂഹമായാണ് അവർ ലോകവ്യാപകമായി അറിയപ്പെടുന്നത്. (1 പത്രൊസ് 3:11) യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ (ഇംഗ്ലീഷ്) എന്ന അവരുടെ പുസ്തകം യഥോചിതം ഇങ്ങനെ പ്രസ്താവിക്കുന്നു: “യാതൊരർഥത്തിലും യഹോവയുടെ സാക്ഷികൾ ഒരു രഹസ്യസമൂഹമല്ല. അവരുടെ ബൈബിളധിഷ്ഠിത വിശ്വാസങ്ങൾ അവരുടെ പ്രസിദ്ധീകരണങ്ങളിൽ പൂർണമായും വിശദമാക്കിയിട്ടുണ്ട്, അവ ഏവർക്കും ലഭ്യമാണ്. അതിനുപുറമേ, യോഗങ്ങൾക്കു ഹാജരായി അവിടെ നടക്കുന്നതു നേരിട്ടു കണ്ടുമനസ്സിലാക്കുന്നതിനു പൊതുജനങ്ങളെ ക്ഷണിക്കാൻ യഹോവയുടെ സാക്ഷികൾ പ്രത്യേകം ശ്രമിക്കുന്നുമുണ്ട്.”
സത്യമതം തീർച്ചയായും രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. തങ്ങളുടെ തനിമ മറച്ചുപിടിക്കാതിരിക്കാൻ അല്ലെങ്കിൽ യഹോവയുടെ സാക്ഷികളെന്ന നിലയിൽ തങ്ങളുടെ ഉദ്ദേശ്യമെന്തെന്നതു സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കാൻ സത്യദൈവത്തിന്റെ ആരാധകർ പ്രബോധിപ്പിക്കപ്പെട്ടിരിക്കുന്നു. യേശുവിന്റെ ആദിമ ശിഷ്യന്മാർ തങ്ങളുടെ പഠിപ്പിക്കൽകൊണ്ട് യെരൂശലേമിനെ നിറച്ചു. തങ്ങളുടെ വിശ്വാസങ്ങളും പ്രവർത്തനങ്ങളും അവർ തുറന്നവതരിപ്പിച്ചു. ഇന്നത്തെ യഹോവയുടെ സാക്ഷികളുടെ കാര്യത്തിലും അതു ശരിയാണ്. ക്രിസ്ത്യാനികളുടെ ധീരമായ പരസ്യസാക്ഷീകരണം നിമിത്തം സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ ആരാധനാസ്വാതന്ത്ര്യം അന്യായമായി നിയന്ത്രിക്കുന്ന സാഹചര്യത്തിൽ, അവർ “മനുഷ്യരെക്കാൾ അധികമായി ദൈവത്തെ ഭരണാധികാരിയായി” അനുസരിച്ചുകൊണ്ട് ജാഗ്രതാപൂർവവും ധൈര്യസമേതവും തങ്ങളുടെ പ്രവർത്തനം തുടരണമെന്നതു മനസ്സിലാക്കാവുന്നതാണ്.—പ്രവൃത്തികൾ 5:27-29, NW; 8:1; 12:1-14; മത്തായി 10:16, 26, 27.
യഹോവയുടെ സാക്ഷികൾ ഒരു രഹസ്യ വ്യക്തിപൂജാപ്രസ്ഥാനമോ മതവിഭാഗമോ ആയിരിക്കാമെന്നു നിങ്ങൾ എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കിൽ, അതിനു കാരണം അവരെക്കുറിച്ചുള്ള നിങ്ങളുടെ അജ്ഞതയാകാം. ഒന്നാം നൂറ്റാണ്ടിൽ അനേകരുടെയും സ്ഥിതിവിശേഷം അതായിരുന്നിരിക്കണം.
പൗലൊസ് അപ്പോസ്തലൻ റോമിൽവെച്ച് “യെഹൂദന്മാരിൽ പ്രധാനികളായവ”രുമൊത്ത് ഒരുമിച്ചുകൂടിയതിനെക്കുറിച്ച് പ്രവൃത്തികൾ 28-ാം അധ്യായം നമ്മോടു പറയുന്നു. അവർ അവനോടു പറഞ്ഞു: “ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങൾ അറിയുന്നതിനാൽ നിന്റെ മതം ഇന്നതു എന്നു നീ തന്നേ പറഞ്ഞുകേൾപ്പാൻ ആഗ്രഹിക്കുന്നു.” (പ്രവൃത്തികൾ 28:16-22) മറുപടിയായി, പൗലൊസ് “ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു . . . അവർക്കു ബോധം വരുമാറു . . . വിവരിച്ചു.” “ചിലർ സമ്മതിച്ചു.” (പ്രവൃത്തികൾ 28:23, 24) സത്യക്രിസ്ത്യാനിത്വം സംബന്ധിച്ചുള്ള യഥാർഥ വസ്തുതകൾ ലഭിച്ചത് തീർച്ചയായും അവരുടെ നിത്യപ്രയോജനത്തിനുതകി.
ദൈവത്തിനു തുറന്ന, പരസ്യ സേവനത്തിനായി സമർപ്പിതരായിരിക്കുന്നതുകൊണ്ട്, അറിയാൻ ആഗ്രഹിക്കുന്ന ആർക്കും തങ്ങളുടെ പ്രവർത്തനത്തെയും വിശ്വാസങ്ങളെയും കുറിച്ചുള്ള യഥാർഥ വിവരങ്ങൾ വെളിപ്പെടുത്തിക്കൊടുക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ. അതുകൊണ്ട് വിവരങ്ങൾ നന്നായി പരിശോധിച്ച് അവരുടെ വിശ്വാസം സംബന്ധിച്ചു ശരിയായ അറിവു നിങ്ങൾക്കുതന്നെ നേടരുതോ?
[6-ാം പേജിലെ ചിത്രം]
തങ്ങൾ ആരെന്നും എന്തു ചെയ്യുന്നുവെന്നും വെളിപ്പെടുത്താൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ