യഹോവ വിശ്വസ്തതയോടെ പ്രവർത്തിക്കുന്നു
പീറ്റർ പാളിസർ പറഞ്ഞപ്രകാരം
അത് 1985 ഡിസംബറായിരുന്നു. കെനിയയിലെ നയ്റോബിയിലുള്ള രാജ്യാന്തര വിമാനത്താവളത്തിലേക്കു ഞങ്ങൾ ഇറങ്ങാൻ തുടങ്ങവെ വികാരാവേശം തിരതല്ലി. നഗരത്തിലേക്കുള്ള യാത്രയിൽ, പരിചിതമായ കാഴ്ചകളും ശബ്ദങ്ങളും ഓർമകൾ ഇരമ്പിയെത്താനിടയാക്കി.
യഹോവയുടെ സാക്ഷികളുടെ “നിർമലതാപാലകർ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ സംബന്ധിക്കാനാണ് ഞങ്ങൾ കെനിയയിൽ എത്തിയത്. പ്രസംഗവേലയിന്മേലുള്ള നിരോധനം നിമിത്തം പന്ത്രണ്ടു വർഷം മുമ്പ് ഞാനും ഭാര്യയും കെനിയ വിട്ടുപോകാൻ നിർബന്ധിതരായി. ഞങ്ങൾ അവിടെ ബെഥേലിലാണ് താമസിച്ചിരുന്നത്. യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് സൗകര്യങ്ങൾക്കു നൽകിയിരിക്കുന്ന പേരാണത്. അവിടം സന്ദർശിക്കാൻ തിരിച്ചെത്തിയപ്പോൾ എന്തൊരു ഹൃദ്യമായ ആശ്ചര്യമാണ് ഞങ്ങളെ കാത്തിരുന്നത്!
ബെഥേലിൽ ഉച്ചഭക്ഷണം തയ്യാറാക്കാൻ സഹായിച്ചിരുന്ന ഒരു യുവ സാക്ഷിയെ അവൾക്കു രണ്ടു വയസ്സുള്ളപ്പോൾ മുതൽ ഞങ്ങൾക്കറിയാമായിരുന്നു. ബെഥേൽ കുടുംബത്തിലെ ആറ് അംഗങ്ങളെയെങ്കിലും അവർ കുട്ടികളായിരുന്നപ്പോൾത്തന്നെ ഞങ്ങൾക്ക് അറിയാമായിരുന്നു. പ്രായപൂർത്തിയായ ചെറുപ്പക്കാരെന്നനിലയിൽ തങ്ങളുടെ കുടുംബത്തോടൊപ്പം അവരെല്ലാം ഇപ്പോഴും ശുശ്രൂഷയിൽ ഊർജസ്വലരായിരിക്കുന്നതു കാണുന്നത് എന്തൊരാനന്ദമായിരുന്നു! “വിശ്വസ്തനോട് നീ വിശ്വസ്തതയോടെ പ്രവർത്തിക്കും” എന്ന ബൈബിൾ വാഗ്ദാനത്തോടുള്ള ചേർച്ചയിൽ നമ്മുടെ ദൈവമായ യഹോവ അവർക്കായി കരുതി. (2 ശമൂവേൽ 22:26, NW) എന്റെ യൗവനകാലവും ഈ ചെറുപ്പക്കാർ നയിച്ചിരുന്ന പ്രതിഫലദായകമായ ജീവിതവും തമ്മിൽ എന്തൊരു വൈപരീത്യമാണു ഞാൻ കണ്ടെത്തിയത്!
ഉദ്ദേശ്യരഹിതമായ യൗവനകാലം
1918 ആഗസ്റ്റ് 14-ന് ഇംഗ്ലണ്ടിലെ സ്കാർബറയിൽ ഞാൻ ജനിച്ചു. രണ്ടു വർഷം കഴിഞ്ഞ് എന്റെ അമ്മയും അർധസഹോദരിയും കാനഡയിലേക്കു താമസംമാറി. അതുകൊണ്ട്, തുടർന്നുവന്ന മൂന്നു വർഷം ഞാൻ പിതാവിനോടും അദ്ദേഹത്തിന്റെ അമ്മയോടും സഹോദരിയോടുമൊപ്പം താമസിച്ചു. എനിക്ക അഞ്ചു വയസ്സായപ്പോൾ അമ്മ എന്നെ കാനഡയിലെ മോൺട്രിയലിലേക്കു തട്ടിക്കൊണ്ടുപോയി. നാലു വർഷം കഴിഞ്ഞ്, പിതാവിനോടൊപ്പം താമസിച്ച് സ്കൂളിൽ പോകാനായി അമ്മ എന്നെ ഇംഗ്ലണ്ടിലേക്കു തിരിച്ചയച്ചു.
അമ്മയും അർധസഹോദരിയും ഏതാണ്ട് ആറുമാസത്തിലൊരിക്കൽ വീതം എനിക്കു കത്തെഴുതുമായിരുന്നു. അവരുടെ എഴുത്തുകളുടെ അവസാനം, ഞാൻ രാജാവിനോടും രാജ്യത്തോടും വിശ്വസ്തനായ ഒരു നല്ല പൗരനായിരിക്കണമെന്നുള്ള ആഗ്രഹം അവർ പ്രകടിപ്പിക്കുമായിരുന്നു. എന്റെ മറുപടികൾ സാധ്യതയനുസരിച്ച് അവരെ നിരാശപ്പെടുത്തിയിരിക്കണം. കാരണം ദേശീയതയും യുദ്ധവും നീതിയുക്തമല്ലെന്നു വിശ്വസിക്കുന്നതായി ഞാൻ എഴുതി. എന്നാൽ, വ്യക്തമായ യാതൊരു മാർഗനിർദേശവും ലഭിക്കാതെ കൗമാരപ്രായത്തിൽ ഞാൻ ഉദ്ദേശ്യരഹിതമായ ഒരു ജീവിതം നയിച്ചു.
രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിന് ആറാഴ്ച മുമ്പ് 1939 ജൂലൈയിൽ എന്നെ നിർബന്ധിച്ച് ബ്രിട്ടീഷ് സൈന്യത്തിൽ ചേർത്തു. എനിക്ക് 20 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഞാനുൾപ്പെട്ട സേനാവ്യൂഹത്തെ പെട്ടെന്നുതന്നെ ഉത്തര ഫ്രാൻസിലേക്ക് അയച്ചു. ജർമൻ വിമാനങ്ങൾ ഞങ്ങളെ ആക്രമിച്ചപ്പോൾ ചെറുപ്പക്കാരായ ഞങ്ങൾ തോക്കുകൾ അവയ്ക്കുനേരേ ഉന്നംപിടിച്ച് നിറയൊഴിച്ചു. ഞങ്ങളുടെ ജീവിതം ഭയാനകമായിരുന്നു. മുന്നേറിക്കൊണ്ടിരിക്കുന്ന ജർമൻ സൈന്യങ്ങളുടെ മുന്നിൽനിന്നു ഞങ്ങൾ പിൻവാങ്ങി. 1940 ജൂൺ ആദ്യവാരം ഡൺകർക്കിൽനിന്ന് ഒഴിപ്പിച്ചുകൊണ്ടുപോന്നവരിൽ ഞാനും ഉണ്ടായിരുന്നു. ഒരു സേനാവ്യൂഹത്തിലെ എല്ലാവരുടെയും മൃതദേഹങ്ങൾ കടൽത്തീരത്തിനുചുറ്റും ചിതറിക്കിടക്കുന്ന ഭീതിദമായ കാഴ്ച ഞാനിപ്പോഴും ഓർമിക്കുന്നു. ആ അതിഭീകര അനുഭവത്തെ അതിജീവിച്ച് ഞാൻ ഒരു ചെറിയ ചരക്കുകപ്പലിൽ പൂർവഇംഗ്ലണ്ടിലെ ഹാർവിച്ചിൽ എത്തി.
പിറ്റേ വർഷം, അതായത് 1941 മാർച്ചിൽ എന്നെ ഇന്ത്യയിലേക്ക് അയച്ചു. അവിടെ എനിക്ക് വിമാനോപകരണ മെക്കാനിക്കായി പരിശീലനം ലഭിച്ചു. രോഗബാധ നിമിത്തം കുറെനാൾ ആശുപത്രിയിലായതിനെ തുടർന്ന്, ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലുള്ള ഒരു സൈനിക യൂണിറ്റിലേക്ക് എന്നെ മാറ്റി. വീട്ടിൽനിന്ന് വളരെ അകലെ, അപ്പോഴും സുഖംപ്രാപിക്കാതിരുന്ന ഞാൻ ഭാവിയെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങി. വിശേഷിച്ചും, മരിക്കുമ്പോൾ നമുക്ക് എന്താണു സംഭവിക്കുന്നതെന്നു ഞാൻ അമ്പരന്നു.
ഒരു പുതിയതരം വിശ്വസ്തത
എന്നോടൊപ്പം താമസിച്ചിരുന്നത് ഒരു സഹഇംഗ്ലീഷുകാരനായിരുന്ന ബെർട്ട് ഗെയ്ൽ ആയിരുന്നു. “മതം പിശാചിന്റേതാണ്” എന്ന് ഒരു ദിവസം അദ്ദേഹം പറഞ്ഞു. ആ അഭിപ്രായപ്രകടനം എന്നിൽ താത്പര്യമുണർത്തി. അദ്ദേഹത്തിന്റെ ഭാര്യ യഹോവയുടെ സാക്ഷികളിലൊരാളായി തീർന്നിരുന്നു. അവർ അദ്ദേഹത്തിന് ഇടയ്ക്കിടെ ബൈബിൾ പ്രസിദ്ധീകരണങ്ങൾ അയച്ചുകൊടുത്തു. അവയിൽ ഒന്ന്, പ്രത്യാശ (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം, എന്നിൽ താത്പര്യമുണർത്തി. പുനരുത്ഥാന പ്രത്യാശ സംബന്ധിച്ച അതിലെ ചർച്ച എനിക്ക് മനസ്സമാധാനം നൽകി.
1943-ന്റെ തുടക്കത്തിലൊരുനാൾ, ഞങ്ങളോടൊപ്പം സൈനികതാവളത്തിൽ ജോലിചെയ്തിരുന്ന സൈനികനല്ലായിരുന്ന, ആംഗ്ലോ-ഇന്ത്യനായ റ്റെഡി ഗ്രൂബെർട്ടിനോട് ബെർട്ട് സംസാരിച്ചു. റ്റെഡി ഒരു സാക്ഷിയായിരുന്നുവെന്നറിഞ്ഞപ്പോൾ ഞങ്ങൾ അത്ഭുതംകൂറി. യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളുടെമേൽ 1941-ൽ നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹം ഞങ്ങളെ ഡൽഹിയിലുള്ള സാക്ഷികളുടെ യോഗത്തിനു കൊണ്ടുപോയി. ആ കൊച്ചു സഭയിൽ, ജീവിതത്തിൽ ആദ്യമായി ഞാൻ യഥാർഥ, ഊഷ്മള സഹവർത്തിത്വം കണ്ടെത്തി. ഗ്രീസിൽനിന്നുള്ള പ്രായംചെന്ന ഒരു ക്രിസ്തീയ സഹോദരനായ ബേസിൽ റ്റ്സെയ്റ്റോസ് എന്നിൽ വ്യക്തിപരമായ താത്പര്യമെടുത്ത് എന്റെ ചോദ്യങ്ങൾക്കു മറുപടി നൽകി. നാം വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നതിന്റെ കാരണം, പുനരുത്ഥാനം, ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന നീതിനിഷ്ഠമായ പുതിയ ലോകം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം ബൈബിളിൽനിന്നു വ്യക്തമായ ഉത്തരങ്ങൾ നൽകി.—പ്രവൃത്തികൾ 24:15; റോമർ 5:12; 2 പത്രൊസ് 3:13; വെളിപ്പാടു 21:3, 4.
1942-ൽ പ്രസിദ്ധീകരിച്ച സമാധാനം—അതിനു നിലനിൽക്കാനാകുമോ? (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം വിശേഷാൽ എന്നിൽ താത്പര്യമുണർത്തി. അത് സർവരാജ്യസഖ്യത്തെ “കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗ”മായി തിരിച്ചറിയിച്ചു. (വെളിപ്പാടു 17:3, NW) വെളിപ്പാടു 17-ാം അധ്യായം 11-ാം വാക്യം ഉദ്ധരിച്ചുകൊണ്ട് ആ ചെറുപുസ്തകം ഇങ്ങനെ പറഞ്ഞു: “സഖ്യം ‘ഉണ്ടായിരുന്നതും ഇല്ലാത്തതുമാ’ണെന്ന് ഇപ്പോൾ പറയാൻ കഴിയും.” അത് തുടർന്നു പറഞ്ഞു: “ലോക രാഷ്ട്രങ്ങളുടെ സഖ്യം വീണ്ടും പ്രത്യക്ഷപ്പെടും.” മൂന്നിലധികം വർഷം കഴിഞ്ഞ് 1945-ൽ ഐക്യരാഷ്ട്ര സംഘടന രൂപീകൃതമായപ്പോൾ സംഭവിച്ചത് കൃത്യമായും അതാണ്!
സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളുടെമേലുള്ള നിരോധന കാലത്ത്, പുതുതായി കണ്ടെത്തിയ എന്റെ സുഹൃത്തുക്കളെ എനിക്കു സഹായിക്കാൻ കഴിഞ്ഞു. സമാധാനം—അതിനു നിലനിൽക്കാനാകുമോ? എന്ന ചെറുപുസ്തകം ഒരു പെട്ടിനിറയെ വന്നെത്തിയപ്പോൾ സുരക്ഷിതമായി സൂക്ഷിക്കാൻ വേണ്ടി സഭ അത് എന്നെ ഏൽപ്പിച്ചു. നിരോധിക്കപ്പെട്ട സാഹിത്യത്തിനായി പട്ടാള ക്യാമ്പിൽ തിരയുന്നതിനെക്കുറിച്ച് ആരാണ് ചിന്തിക്കുമായിരുന്നത്? ഓരോ പ്രാവശ്യവും ഞാൻ യോഗങ്ങൾക്കു ഹാജരായപ്പോൾ സഹോദരങ്ങൾക്കു വിതരണം ചെയ്യാനായി ഏതാനും ചെറുപുസ്തകങ്ങൾ എടുത്തിരുന്നു. തങ്ങളുടെ വീടുകൾ പരിശോധിക്കുമെന്ന് അവർ ഭയന്നപ്പോൾ ഞാൻ അവരുടെ വ്യക്തിപരമായ ബൈബിൾ സാഹിത്യങ്ങൾ പോലും ഒളിച്ചുവെച്ചു. ഒടുവിൽ, 1944 ഡിസംബർ 11-ന് നിരോധനം നീക്കംചെയ്തു.
ഞങ്ങളുടെ സേനാവിഭാഗത്തിനുവേണ്ടി സംഘടിപ്പിച്ച 1943-ലെ ക്രിസ്മസ് ആഘോഷങ്ങളുടെ സമയത്ത് ക്രിസ്തീയ പിഠിപ്പിക്കലുകളോടുള്ള എന്റെ വിശ്വസ്തത പരിശോധിക്കപ്പെട്ടു. ഡിസംബറിലെ തണുപ്പുകാലത്തല്ല യേശു ജനിച്ചതെന്നും ആദിമ ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിച്ചിരുന്നില്ലെന്നും ഞാൻ മനസ്സിലാക്കിയിരുന്നതിനാൽ പങ്കെടുക്കാൻ ഞാൻ വിസമ്മതിച്ചു.—ലൂക്കൊസ് 2:8-12 താരതമ്യം ചെയ്യുക.
“ഏകീകൃത പ്രഘോഷകർ” കൺവെൻഷൻ 1944 ഡിസംബർ 27 മുതൽ 31 വരെ ജബൽപ്പൂരിൽ നടന്നപ്പോൾ ഹാജരായ ഏകദേശം 150 പേരിൽ ഞാനുമുണ്ടായിരുന്നു. ഒട്ടേറെ കൺവെൻഷൻ പ്രതിനിധികൾ ഡൽഹിയിൽനിന്നും ട്രെയിനിൽ യാത്രചെയ്തു. 600-ലധികം കിലോമീറ്റർ വരുന്ന ഒരു യാത്ര. ആ തുറന്ന പശ്ചാത്തലത്തിലെ വിസ്മയാവഹമായ അന്തരീക്ഷം ഞാൻ ഒരിക്കലും മറക്കുകയില്ല. അവിടെ യഹോവയുടെ സ്ഥാപനം പ്രവർത്തനത്തിലായിരിക്കുന്നതു ഞാൻ കണ്ടു.
കൺവെൻഷൻ പ്രതിനിധികളെ സ്കൂൾ ഡോർമിറ്ററികളിൽ താമസിപ്പിച്ചു. അവിടെ ഞങ്ങൾ രാജ്യഗീതങ്ങൾ ആലപിക്കുകയും സന്തോഷകരമായ ക്രിസ്തീയ സഹവർത്തിത്വം ആസ്വദിക്കുകയും ചെയ്തു. ആ കൺവെൻഷന്റെ സമയത്ത് ഞാൻ പരസ്യമായ പ്രസംഗവേലയിൽ പങ്കുപറ്റാൻ തുടങ്ങി. അന്നുമുതൽ എന്നും ആ വേല എനിക്കു പ്രിയപ്പെട്ടതായിരിക്കുന്നു.
ഇംഗ്ലണ്ടിലെ മുഴുസമയ ശുശ്രൂഷ
1946-ൽ ഞാൻ ഇംഗ്ലണ്ടിലേക്കു മടങ്ങുകയും പെട്ടെന്നുതന്നെ വൂൾവെർട്ടൺ സഭയുമായി സഹവസിക്കാൻ തുടങ്ങുകയും ചെയ്തു. ഞങ്ങൾ ഏകദേശം പത്തു രാജ്യപ്രസാധകർ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും, വീട്ടിലായിരിക്കുന്ന പ്രതീതി അവർ എന്നിലുളവാക്കി. ഇന്ത്യയിലെ എന്റെ സഹോദരന്മാരുടെ ഇടയിൽ അനുഭവപ്പെട്ട അതേ സംതൃപ്തി എനിക്കു തോന്നി. ആത്മാർഥതയും ഊഷ്മള ഹൃദയവുമുള്ള വ്യക്തിയെന്നനിലയിൽ വിറാ ക്ലിഫ്റ്റൻ സഭയിൽ ശ്രദ്ധേയയായിരുന്നു. ഒരു പയനിയർ—മുഴുസമയ ശുശ്രൂഷകർ അങ്ങനെ വിളിക്കപ്പെടുന്നു—ആയിരിക്കുക എന്നുള്ള എന്റെ ആഗ്രഹംതന്നെയാണ് അവൾക്കുമുള്ളതെന്നു മനസ്സിലാക്കിയപ്പോൾ, 1947 മേയ് 24-ന് ഞങ്ങൾ വിവാഹിതരായി. ഞാൻ ഒരു വാഹനഭവനം അഥവാ സഞ്ചരിക്കുന്ന ഭവനം പുതുക്കിയെടുത്തു. പിറ്റേ വർഷം, ഹൺഡിങ്ടൺ എന്ന ഗ്രാമീണ പട്ടണത്തിൽ ഞങ്ങൾക്ക് ആദ്യത്തെ പയനിയർ നിയമനം ലഭിച്ചു.
ആ നാളുകളിൽ, ഗ്രാമപ്രദേശത്തേക്ക് ഞങ്ങൾ അതിരാവിലെ സൈക്കിളിൽ പോകുമായിരുന്നു. മുഴുദിവസവും നീളുന്ന ഞങ്ങളുടെ പ്രസംഗത്തെ തടസ്സപ്പെടുത്തിയത് അൽപ്പനേരത്തെ ഉച്ചഭക്ഷണം മാത്രമായിരുന്നു. വീടുകളിലേക്ക് സൈക്കിൾ ചവിട്ടവെ കാറ്റ് എത്ര ശക്തമായിരുന്നാലും, അല്ലെങ്കിൽ മഴ എത്ര കഠിനമായിരുന്നാലും കർത്താവിന്റെ വേലയിൽ ഞങ്ങൾ സന്തുഷ്ടരും സംതൃപ്തരുമായിരുന്നു.
ശുശ്രൂഷ വികസിപ്പിക്കാനും മറ്റു രാജ്യങ്ങളിലുള്ള ആളുകളുമായി “സുവാർത്ത” പങ്കുവെക്കാനും ഞങ്ങൾ അതിയായി ആഗ്രഹിച്ചു. (മത്തായി 24:14) അതുകൊണ്ട്, യു.എസ്.എ-യിലെ ന്യൂയോർക്കിലുള്ള ദക്ഷിണ ലാൻസിങ്ങിലെ ഗിലെയാദ് മിഷനറി സ്കൂളിൽ പങ്കെടുക്കാൻ ഞങ്ങൾ അപേക്ഷിച്ചു. ഒടുവിൽ, 26-ാമത്തെ ഗിലെയാദ് ക്ലാസ്സിൽ ഞങ്ങളെ സ്വീകരിച്ചു, 1956 ഫെബ്രുവരിയിൽ ബിരുദംനേടുകയും ചെയ്തു.
ആഫ്രിക്കയിലെ വികസിത ശുശ്രൂഷ
ആഫ്രിക്കയിലെ ഉത്തര റൊഡേഷ്യയിൽ (ഇപ്പോഴത്തെ സാംബിയ) ആയിരുന്നു ഞങ്ങളുടെ മിഷനറി നിയമനം. അവിടെ എത്തിച്ചേർന്ന ഉടൻതന്നെ ആ രാജ്യത്തെ ബെഥേലിൽ സേവിക്കാൻ ഞങ്ങളെ വിളിച്ചു. എന്റെ ബെഥേൽ ജോലിയുടെ ഭാഗമായി പൂർവ ആഫ്രിക്കയുമായുള്ള എഴുത്തുകുത്തുകൾക്കു ഞാൻ മേൽനോട്ടം വഹിച്ചു. 1956-ൽ, ഉത്തര റൊഡേഷ്യയിൽ 24,000-ത്തിലധികം സാക്ഷികൾ ഉണ്ടായിരുന്നപ്പോൾ, ആ പൂർവ ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നായ കെനിയയിൽ നാലു സാക്ഷികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആവശ്യം അധികമുള്ളിടത്തു സേവിക്കുന്നത് എത്ര നന്നായിരിക്കുമെന്നു വിറായും ഞാനും ചിന്തിച്ചു തുടങ്ങി.
അപ്പോൾ അവിചാരിതമായി, എനിക്കു ഗിലെയാദ് സ്കൂളിലേക്കു മറ്റൊരു ക്ഷണം ലഭിച്ചു. ഇത്തവണത്തേത് മേൽവിചാരകൻമാർക്കായുള്ള പത്തുമാസത്തെ കോഴ്സായിരുന്നു. വിറായെ ഉത്തര റൊഡേഷ്യയിൽ വിട്ടിട്ട് അന്ന് ഗിലെയാദ് സ്കൂൾ സ്ഥിതിചെയ്തിരുന്ന ന്യൂയോർക്ക് നഗരത്തിലേക്കു ഞാൻ പോയി. 1962 നവംബറിൽ കോഴ്സ് പൂർത്തിയാക്കിയ ശേഷം കെനിയയിൽ ഒരു ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കുന്നതിനായി എന്നെ അവിടേക്കു നിയമിച്ചു. അതിനോടകം കെനിയയിൽ നൂറിലധികം സാക്ഷികൾ ഉണ്ടായിരുന്നു.
വിറായെ കണ്ടുമുട്ടുന്നതിനായി ഉത്തര റൊഡേഷ്യയിലേക്കുള്ള എന്റെ മടക്കയാത്രയിൽ കെനിയയിലെ നയ്റോബിയിൽ ഹ്രസ്വനേരം തങ്ങാൻ എനിക്ക് അനുവാദമുണ്ടായിരുന്നു. എന്നാൽ ഞാൻ അവിടെ എത്തിയപ്പോൾ, കെനിയയിൽ പ്രവേശിക്കുന്നതിന് അപ്പോൾത്തന്നെ ഔദ്യോഗിക അനുവാദം ലഭിക്കാൻ സാധ്യതയുണ്ടെന്നുള്ള വാർത്തയുമായി 25-ാമത്തെ ഗിലെയാദ് ക്ലാസ്സിൽനിന്നു ബിരുദം നേടിയ ബിൽ നിസ്ബറ്റ് എന്നെ സന്ദർശിച്ചു. ഞങ്ങൾ ഇമിഗ്രേഷൻ അധികാരികളെ സമീപിച്ചു. ഏതാനും മിനിറ്റുകൾക്കുള്ളിൽ, അവിടെ അഞ്ചു വർഷം പ്രവർത്തിക്കുന്നതിനുള്ള അനുവാദം എനിക്കു ലഭിച്ചു. അതുകൊണ്ട് ഞാൻ ഒരിക്കലും ഉത്തര റൊഡേഷ്യയിലേക്കു മടങ്ങിപ്പോയില്ല; പകരം വിറാ നയ്റോബിയിൽവെച്ച് എന്നോടൊപ്പം ചേർന്നു.
ഞങ്ങൾക്കുവേണ്ടി ഒരുക്കിയിരുന്ന സ്വാഹിലി ഭാഷാ കോഴ്സിൽ പങ്കെടുത്ത ശേഷം ഞങ്ങൾ നയ്റോബിയിലെ ചെറിയ സഭയോടൊത്തു ശുശ്രൂഷ ചെയ്തു. സ്വാഹിലിയിലുള്ള പ്രസംഗം ഞങ്ങൾ വായിച്ചുകഴിയുമ്പോൾ ചിലപ്പോൾ, “എനിക്ക് ഇംഗ്ലീഷ് അറിയില്ല!” എന്നു വീട്ടുകാരൻ പറയുമായിരുന്നു. അതു ഗണ്യമാക്കാതെ ഞങ്ങൾ സ്ഥിരോത്സാഹം കാണിച്ചു ക്രമേണ ഭാഷാ തടസ്സം തരണംചെയ്തു.
യെരൂശലേം, യെരീഹോ തുടങ്ങിയ ബൈബിൾ പേരുകളുള്ള വിശാലമായ ഭവന സഞ്ചയങ്ങൾ ഞങ്ങളുടെ പ്രദേശത്തുണ്ടായിരുന്നു. താത്പര്യം പെട്ടെന്നു വളരുകയും ഈ പ്രദേശങ്ങളിൽനിന്ന് അനേകർ രാജ്യപ്രസാധകരാകുകയും ചെയ്തു. ബൈബിൾ സത്യത്തിന് അവരുടെമേൽ എന്തൊരു ശ്രദ്ധേയമായ ഫലമാണുണ്ടായിരുന്നത്! രാജ്യത്തോടുള്ള വിശ്വസ്തത യഹോവയുടെ ജനത്തിനിടയിൽ ഐക്യം കൈവരുത്തിയപ്പോൾ ഗോത്രമഹിമയുടെ വികാരങ്ങൾ പൊയ്പോയി. സാക്ഷികളുടെ ഇടയിൽ ഗോത്രാന്തര വിവാഹങ്ങൾ പോലും നടന്നു. സാക്ഷികളല്ലാത്തവരെ സംബന്ധിച്ചിടത്തോളം അതു തികച്ചും അസാധാരണമായിരുന്നു.
പുതിയ രാജ്യപ്രഘോഷകർ സത്യത്തെ ഉത്സാഹപൂർവം ആശ്ലേഷിച്ചു. ഉദാഹരണത്തിന്, തന്റെ ഭവനപ്രദേശത്ത് ബൈബിൾ സത്യം തുളച്ചുകടക്കണമെന്ന് സാംസൺ അതിയായി ആഗ്രഹിച്ചതിനാൽ അവിടേക്ക് പയനിയർമാരെ അയയ്ക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചുകൊണ്ടേയിരുന്നു. അവർക്കു താമസസൗകര്യം നൽകുന്നതിന് അദ്ദേഹം യുക്കംബാനി പ്രദേശത്തുള്ള തന്റെ വീട് കുറെക്കൂടെ വലുതാക്കി. രാജ്യപ്രഘോഷകരുടെ ഒരു പുതിയ സഭ പെട്ടെന്നുതന്നെ അവിടെ സ്ഥാപിതമായി.
പൂർവ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ നമ്മുടെ സഹോദരങ്ങളെ ഞാൻ നിരവധി തവണ സന്ദർശിച്ചു. ജയിൽവാസവും മർദനവും രഹസ്യാന്വേഷണ വിഭാഗത്തിന്റെ തുടർച്ചയായ നിരീക്ഷണവും ഗണ്യമാക്കാതെ അവർ ശുശ്രൂഷയിൽ മാസംതോറും ശരാശരി 20-ലധികം മണിക്കൂർ ചെലവഴിച്ചിരുന്നു. കെനിയയിലെ ഒരു ഡിസ്ട്രിക്ററ് കൺവെൻഷനിൽ പങ്കെടുക്കാൻ ഒരിക്കൽ രണ്ടു ബസ്സുനിറയെ എത്യോപ്യൻ സഹോദരീസഹോദരൻമാർ അപകടം നിറഞ്ഞ മലമ്പാതകൾ കടന്ന് ഒരാഴ്ച യാത്രചെയ്തു. അവരുടെ നാട്ടിൽ രാജ്യസാഹിത്യം ലഭ്യമാക്കാൻ ക്രമീകരിക്കുന്നതിലെ അവരുടെ മിടുക്ക് അനിതരസാധാരണമായിരുന്നു. അവർക്കു തുടർച്ചയായി അതു വിതരണം ചെയ്യാൻ സഹായിക്കുന്നതിൽ കെനിയയിലുള്ള ഞങ്ങൾക്ക് സന്തോഷമായിരുന്നു.
1973-ൽ കെനിയയിൽ നമ്മുടെ വേല ഔദ്യോഗികമായി നിരോധിച്ചു. മിഷനറിമാർ രാജ്യം വിട്ടുപോകാൻ നിർബന്ധിതരായി. അപ്പോഴേക്കും കെനിയയിൽ 1,200-ലധികം സാക്ഷികളുണ്ടായിരുന്നു. ഞങ്ങൾക്ക് ഒരു അവിസ്മരണീയ യാത്രയയപ്പു നൽകാനായി ഇവരിൽ മിക്കവരും വിമാനത്താവളത്തിലുണ്ടായിരുന്നു. ഞങ്ങൾ ഏതെങ്കിലും പ്രശസ്ത വ്യക്തികളാണോയെന്നു ചോദിക്കാൻ അവരുടെ സാന്നിധ്യം ഒരു സഹയാത്രികനെ പ്രേരിപ്പിച്ചു. വിറായും ഞാനും ഇംഗ്ലണ്ടിലേക്കു മടങ്ങി. ഞങ്ങൾക്ക് അവിടെ ഒരു നിയമനം വാഗ്ദാനം ചെയ്തു. എന്നാൽ ആഫ്രിക്കയിലേക്കു മടങ്ങിപ്പോകാൻ ഞങ്ങൾ അതിയായി ആഗ്രഹിച്ചു.
തിരിച്ച് ആഫ്രിക്കയിലേക്ക്
അങ്ങനെ, ഏതാനും മാസങ്ങൾക്കു ശേഷം, പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയുടെ തലസ്ഥാനമായ അക്രയിലുള്ള ബെഥേലിലേക്കു ഞങ്ങൾക്ക് പുതിയ നിയമനം ലഭിച്ചു. അവിടുത്തെ എന്റെ നിയമനങ്ങളിലൊന്ന് സഹോദരൻമാർ അവിടെ അനുഭവിച്ച യാതനകൾ നേരിട്ടു കാണാനിടയാക്കി. ബെഥേൽ കുടുംബത്തിനുവേണ്ട ഭക്ഷണവും മറ്റു സാധനങ്ങളും വാങ്ങുന്നതിന്റെ ചുമതല വഹിക്കവെ, ഭക്ഷണസാധനങ്ങളുടെ തീപിടിച്ച വില എന്നെ അത്ഭുതസ്തബ്ധനാക്കി. മിക്കപ്പോഴും ഒരുവന് ആവശ്യമുണ്ടായിരുന്ന സാധനങ്ങൾ വാങ്ങാൻ കഴിയുമായിരുന്നില്ല. പെട്രോളിന്റെയും സ്പെയർ പാർട്സിന്റെയും ദൗർലഭ്യം പ്രശ്നങ്ങൾ വർധിപ്പിച്ചു.
ഘാനയിലെ സഹോദരന്മാർ വളർത്തിയെടുത്തിരുന്ന ക്ഷമാശീലത്തിന്റെ പ്രാധാന്യം ഞാൻ മനസ്സിലാക്കി. കൈക്കൂലികൊടുത്ത് ജീവിതാവശ്യങ്ങൾ നേടാനുള്ള പ്രലോഭനം നിരസിക്കുമ്പോൾത്തന്നെ അവർ നിലനിർത്തിയിരുന്ന സന്തുഷ്ട മനോഭാവം കാണുന്നതു തികച്ചും പ്രോത്സാഹജനകമായിരുന്നു. തത്ഫലമായി, ഘാനയിലെ യഹോവയുടെ സാക്ഷികൾ സത്യസന്ധതയ്ക്കു പ്രസിദ്ധരായിത്തീർന്നു. അനേകം ഉദ്യോഗസ്ഥൻമാരുടെ മുമ്പാകെ അവർക്കു നല്ലൊരു പേരുണ്ടായിരുന്നു.
ഭൗതിക ഭൗർലഭ്യങ്ങൾക്കു മധ്യേയും അവിടെ ആത്മീയ സുഭിക്ഷത വർധിച്ചുകൊണ്ടിരുന്നു. രാജ്യത്തുടനീളം മിക്കവാറും എല്ലാ ഭവനങ്ങളിലും നമ്മുടെ ബൈബിൾ പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നു. 1973-ൽ ഞങ്ങൾ എത്തിച്ചേർന്നപ്പോൾ 17,156 ആയിരുന്ന ഘാനയിലെ രാജ്യപ്രഘോഷകരുടെ എണ്ണം 1981-ൽ 23,000 ആയി വർധിക്കുന്നതു ഞങ്ങൾ കണ്ടു. നിസ്സംശയമായും, ഇന്ത്യയിലും ആഫ്രിക്കയിലുംവെച്ച് വർഷങ്ങളോളം വെയിലേറ്റതിന്റെ ഫലമായി രൂക്ഷമായിത്തീർന്ന തൊലിപ്പുറത്തെ കാൻസർ ആ വർഷം പെട്ടെന്നു കൂടിയതുനിമിത്തം ക്രമമായ ചികിത്സയ്ക്കുവേണ്ടി ഘാന വിട്ട് ഇംഗ്ലണ്ടിലേക്കു മടങ്ങിപ്പോകാൻ ഞങ്ങൾ നിർബന്ധിതരായി.
ഇംഗ്ലണ്ടിലെ പുതിയ സാഹചര്യങ്ങൾ
ഞങ്ങളുടെ തിരിച്ചുവരവ് എന്നെ സംബന്ധിച്ചിടത്തോളം ശുശ്രൂഷയിലെ ഗണ്യമായൊരു ക്രമപ്പെടുത്തലിനെ അർഥമാക്കി. ദൈവത്തെയും ബൈബിളിനെയും ആദരിച്ചിരുന്ന ആളുകളോടു സ്വതന്ത്രമായി സംസാരിക്കുന്നത് എന്റെ സ്ഥിരം പതിവായിരുന്നു. എന്നാൽ ലണ്ടനിൽ അത്തരമൊരു മനോഭാവം അപൂർവമായേ എനിക്കു കണ്ടെത്താനായുള്ളൂ. ബ്രിട്ടനിലെ സഹോദരൻമാരുടെ സ്ഥിരോത്സാഹം എന്നെ അതിശയിപ്പിച്ചു. ആത്മീയമായി “കുഴഞ്ഞവരും ചിന്നിയവരുമായ”വരുമായ ആളുകളോടു കൂടുതൽ സമാനുഭാവം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കാൻ ഇത് എന്നെ സഹായിച്ചിരിക്കുന്നു.—മത്തായി 9:36.
ആഫ്രിക്കയിൽനിന്നുള്ള ഞങ്ങളുടെ മടക്കയാത്രയ്ക്കുശേഷം, 1991 സെപ്റ്റംബറിൽ, 73-ാം വയസ്സിൽ വിറാ മരിക്കുംവരെ ഞങ്ങൾ ഒരുമിച്ച് ലണ്ടൻ ബെഥേലിൽ സേവിച്ചു. വളരെയേറെ വർഷങ്ങൾ എന്നോടൊപ്പം ഒരുമിച്ചു പ്രവർത്തിച്ച അത്തരമൊരു വിശ്വസ്ത സഹകാരിയുടെ നഷ്ടം സഹിക്കുന്നത് അത്ര എളുപ്പമല്ലായിരുന്നു. എനിക്ക് അവളുടെ അസാന്നിധ്യം വളരെയേറെ അനുഭവപ്പെടുന്നുണ്ട്. എന്നാൽ, ഏകദേശം 250 അംഗങ്ങളുള്ള ഞങ്ങളുടെ ബെഥേൽ കുടുംബത്തിൽനിന്ന് എനിക്കു ലഭിക്കുന്ന ഉത്തമ പ്രോത്സാഹനത്തിൽ ഞാൻ സന്തുഷ്ടനാണ്.
മുന്നോട്ടു ഗമിക്കുന്ന യഹോവയുടെ സ്ഥാപനത്തെ അനുഭവിച്ചറിയുന്നതും അനേകർ മുഴുസമയ ശുശ്രൂഷയെ തങ്ങളുടെ ജീവിതരീതിയാക്കുന്നത് കാണുന്നതും ഞാൻ ഒരു യഥാർഥ പദവിയായി കരുതുന്നു. ഇതിനെക്കാൾ മെച്ചമായ ഒരു ജീവിതരീതിയില്ലെന്നു നിങ്ങൾക്കുറപ്പേകാൻ എനിക്കു കഴിയും. കാരണം “യഹോവ . . . തന്റെ വിശ്വസ്തരെ ഉപേക്ഷിക്കുകയില്ല.”—സങ്കീർത്തനം 37:28, NW.
[23-ാം പേജിലെ ചിത്രം]
1947 മുതൽ 1955 വരെ ഞങ്ങൾ ഇംഗ്ലണ്ടിൽ പയനിയറിങ് ചെയ്തു
[23-ാം പേജിലെ ചിത്രം]
ഇന്ത്യയിലെ ഒരു കൺവെൻഷന്റെ സമയത്ത് ആദ്യമായി വയൽ ശുശ്രൂഷയിൽ
[23-ാം പേജിലെ ചിത്രം]
ഞങ്ങൾ ഉത്തര റൊഡേഷ്യയിൽ മിഷനറിമാരായിരുന്നപ്പോൾ
[23-ാം പേജിലെ ചിത്രം]
1985-ൽ, 12 വർഷമായി ഞാൻ കാണാതിരുന്ന സുഹൃത്തുക്കളോടൊപ്പം