ദൈവവചനത്തിന്റെ വിദ്യാർഥികൾ ബിരുദംനേടുന്നു
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ അനുകരിക്കുന്ന യഹോവയുടെ സാക്ഷികൾ വീടുതോറുമുള്ള പ്രസംഗവേലയ്ക്കു പേരുകേട്ടവരാണ്. വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 102-ാമത് ക്ലാസ്സിന്റെ ബിരുദദാന പരിപാടിയുടെ പ്രാരംഭ പരാമർശങ്ങൾ ഈ വേലയ്ക്കു മുൻതൂക്കം കൊടുത്തു.
1997 മാർച്ച് 1. യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗമായ ആൽബർട്ട് ഷ്രോഡർ ഫ്രഞ്ച് പത്രികയായ ല പ്വാനിൽ അടുത്തയിടെ വന്ന ഒരു ലേഖനം ശ്രദ്ധയിൽപ്പെടുത്തി. റോമൻ കത്തോലിക്ക സഭ ഇറ്റലിയിൽ വീടുതോറും പ്രസംഗവേല തുടങ്ങാൻ പരിപാടിയിടുന്നതായി അതു വെളിപ്പെടുത്തി. “[വത്തിക്കാൻ മിഷനറിമാർ] യഹോവയുടെ സാക്ഷികളുടെ കളത്തിൽ വെറുംകൈയോടെ ഇറങ്ങേണ്ട സ്ഥിതിവിശേഷം ഉണ്ടാകാതിരിക്കാൻ വിശുദ്ധ മർക്കൊസിന്റെ സുവിശേഷത്തിന്റെ പത്തു ലക്ഷം പ്രതികൾ അച്ചടിക്കാൻവരെ വത്തിക്കാൻ ഏർപ്പാടുകൾ ചെയ്തിരിക്കുകയാണ്. കാരണം വീടുതോറുമുള്ള സുവാർത്താ ‘സമർപ്പണ’ത്തിൽ തങ്ങളുടെ സംഘത്തിനു വിദഗ്ധരെ [സാക്ഷികളെ] നേരിടേണ്ടിവരുന്നു,” പ്രസ്തുത ലേഖനം പ്രസ്താവിച്ചു.
ദൈവവചനം പ്രചരിപ്പിക്കുന്നതിൽ യേശുവിന്റെ വിദഗ്ധ പ്രസംഗരീതികൾ അനുകരിക്കുന്നവരിൽപ്പെട്ടവരാണ് 48 ബിരുദധാരികൾ. ന്യൂയോർക്കിലെ പാറ്റേഴ്സനിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് എട്ട് രാജ്യങ്ങളിൽനിന്നെത്തിയവരാണ് അവർ. അഞ്ചുമാസത്തെ സ്കൂൾപഠനത്തിനിടയിൽ, അവർ ബൈബിൾ മുഴുവനായി പഠിച്ചു. ദൈവസ്ഥാപനത്തിന്റെ ചരിത്രം, മിഷനറി ജീവിതത്തിന്റെ പ്രായോഗിക വശങ്ങൾ, ദൈവാത്മാവിന്റെ ഫലങ്ങൾ എന്നിവ ഉൾപ്പെട്ട ഒരു പഠനപരിപാടിയാണ് അവർക്കുണ്ടായിരുന്നത്. അവർ അയയ്ക്കപ്പെടാനിരുന്ന 17 രാജ്യങ്ങളിലെ വിദേശമിഷനറി സേവനത്തിനായി അവരെ ഒരുക്കുക എന്ന ഒരൊറ്റ ലക്ഷ്യമായിരുന്നു ഇതിനെല്ലാം പിന്നിലുണ്ടായിരുന്നത്. 5,015 പേരടങ്ങുന്ന ഒരു രാജ്യാന്തര സദസ്സ് അവരുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് പ്രസ്തുത സന്ദർഭത്തിന്റെ ആഹ്ലാദം നുകരാനെത്തിയിരുന്നു. ആ ഗിലെയാദ് വിദ്യാർഥികൾക്ക് അവസാനം എന്തു പ്രായോഗിക ബുദ്ധ്യുപദേശം ലഭിച്ചു?
പുതുമിഷനറിമാർക്കു സമയോചിത പ്രോത്സാഹനം
അധ്യക്ഷന്റെ പ്രാരംഭ പരാമർശങ്ങൾക്കുശേഷം, ഭരണസംഘത്തിന്റെ പേഴ്സണൽ കമ്മിറ്റിയിലെ ഒരു സഹായിയായ റാൽഫ് വോൾസ് പുതുമിഷനറിമാർക്കുള്ള പ്രായോഗിക ബുദ്ധ്യുപദേശമടങ്ങുന്ന ആദ്യത്തെ ഹ്രസ്വ പ്രസംഗം നടത്തി. “സ്നേഹിക്കാൻ ഓർമിക്കുവിൻ” എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. ലോകം അധികമധികം സ്നേഹശൂന്യമായിത്തീരുമെന്ന് ബൈബിളിൽ 2 തിമൊഥെയൊസ് 3-ാം അധ്യായത്തിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. 1 കൊരിന്ത്യർ 13:1-7-ൽ കാണുന്ന സ്നേഹത്തെക്കുറിച്ചുള്ള വിവരണത്തിനു ചേർച്ചയിൽ, അദ്ദേഹം പുതുമിഷനറിമാർക്ക് ഈ സമയോചിത ഓർമിപ്പിക്കൽ നൽകി: “മിഷനറിമാരെന്ന നിലയിൽ നിങ്ങൾ മണിക്കൂർ വിഹിതത്തിലുമധികം പ്രവർത്തിച്ചേക്കാം. ഗിലെയാദ് പരിശീലനത്തിൽനിന്നു നേടിയ നല്ല പരിജ്ഞാനസമ്പത്തും നിങ്ങൾക്കുണ്ടായിരിക്കാം. അല്ലെങ്കിൽ ബ്രാഞ്ച് നിയമനങ്ങളിൽ നാം തീക്ഷ്ണതയോടെ ഓവർടൈം ചെയ്തേക്കാം. എന്നാൽ നാം സ്നേഹിക്കാൻ വിസ്മരിക്കുന്നെങ്കിൽ നമ്മുടെ ഈ ഉദ്യമങ്ങൾക്കും ത്യാഗങ്ങൾക്കുമൊന്നും യാതൊരു വിലയുമില്ല.”
പരിപാടിയുടെ അടുത്ത ഭാഗം നിർവഹിച്ചത് “യഹോവ നമ്മെ വിജയത്തിലേക്കു നയിക്കുന്നു” എന്ന വിഷയം അവതരിപ്പിച്ച ഭരണസംഘാംഗമായ ക്യാരി ബാർബർ ആയിരുന്നു. പീഡനങ്ങളുണ്ടായിരുന്നിട്ടും, ഒന്നാം ലോകമഹായുദ്ധത്തെത്തുടർന്നുള്ള എളിയ തുടക്കത്തിൽനിന്ന് യഹോവയാം ദൈവം തന്റെ വിശ്വസ്ത ദാസന്മാരെ രാജ്യത്തെക്കുറിച്ചുള്ള സുവാർത്താ ഘോഷണത്തിൽ വിജയത്തിലേക്കു നയിച്ചിരിക്കുന്നു. 1931-ൽ ബൈബിൾ വിദ്യാർഥികൾ—അവർ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—ക്രൈസ്തവലോകത്തിലെ പുരോഹിതവർഗത്തെ അസ്വസ്ഥരാക്കിക്കൊണ്ട് യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചു. “പരമാവധി ആളുകൾക്ക് ആ പാവന നാമത്തെക്കുറിച്ച് അറിയുന്നതിന് അവസരം പ്രദാനം ചെയ്യുകയെന്ന മഹത്തായ വേലയിൽ ഒരു വലിയ പങ്കുണ്ടായിരിക്കുന്നതിന്റെ വിശിഷ്ടപദവി ഗിലെയാദ് പരിശീലനം ലഭിച്ച മിഷനറിമാരുടെ 102-ാമത്തെ ക്ലാസ്സിന് ഇപ്പോഴുണ്ട്,” ബാർബർ സഹോദരൻ പ്രസ്താവിച്ചു. 1943-ൽ 54 രാജ്യങ്ങളിലേ പ്രസംഗവേലയുണ്ടായിരുന്നുള്ളൂ. എന്നാൽ ഗിലെയാദ് സ്കൂളിൽനിന്നു പരിശീലനം ലഭിച്ച മിഷനറിമാർ ഇന്ന് അത് 233 രാജ്യങ്ങളിലേക്കു വ്യാപിപ്പിച്ചിരിക്കുന്നു. അത്തരം 7,131 മിഷനറിമാരുടെ നീണ്ട പട്ടികയിലേക്ക് ഇവരും ചേരുകയാണ്.
11-ാമത്തെ ഗിലെയാദ് ക്ലാസ്സിൽനിന്നു ബിരുദം നേടുകയും ജപ്പാനിൽ 25 വർഷത്തിലധികം മിഷനറിയായി സേവിക്കുകയും ചെയ്തിട്ടുള്ള, മറ്റൊരു ഭരണസംഘാംഗമായ ലോയ്ഡ് ബാരിയായിരുന്നു അടുത്ത പ്രസംഗകൻ. “ഇതിൽ ഉറെച്ചുനില്ക്ക” എന്ന വിഷയത്തിലൂടെ അദ്ദേഹം പ്രോത്സാഹനം നൽകി. “നിങ്ങളുടെ സന്തോഷത്തിൽ ഏറിയപങ്കും സഹിച്ചുനിൽക്കുന്നതിൽനിന്നായിരിക്കും,” അദ്ദേഹം വിദ്യാർഥികളോടു പറഞ്ഞു. മിഷനറി വേലയിലോ ഏതൊരു ദിവ്യാധിപത്യ നിയമനത്തിലോ സഹിച്ചുനിൽക്കുന്നതുകൊണ്ടുള്ള പ്രതിഫലങ്ങളെന്തെല്ലാമാണ്? “എല്ലാറ്റിലുമുപരി, നമ്മുടെ സഹിഷ്ണുത യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു . . . പരിശോധനയിൻകീഴിൽ നിർമലത കാക്കുന്നതിൽ വലിയ സംതൃപ്തിയുണ്ട് . . . മിഷനറി സേവനം നിങ്ങളുടെ ജീവിതനിയോഗമാക്കുക . . . ‘നന്നു’ എന്നൊരു ഹൃദയോഷ്മളമായ അഭിനന്ദനം നിങ്ങൾക്കു പ്രതിഫലമായി ലഭിക്കും.” (മത്തായി 25:21; സദൃശവാക്യങ്ങൾ 27:11) പ്രസംഗത്തിന്റെ ഉപസംഹാരത്തിൽ, തങ്ങളുടെ ജീവിതംതന്നെ മിഷനറിപ്രവർത്തനമാക്കി മാറ്റാൻ ദൃഢചിത്തരായിക്കൊണ്ട് പുതുമിഷനറിമാർ “ഇതിൽ ഉറെച്ചുനില്ക്കാ”ൻ ബാരി സഹോദരൻ ഹൃദയംഗമമായി ശുപാർശ ചെയ്തു.—1 തിമൊഥെയൊസ് 4:16.
അനേകം ഗിലെയാദ് ക്ലാസ്സുകളിൽ പഠിപ്പിച്ചിട്ടുള്ള കാൾ ആഡംസ് “നിങ്ങളെന്തു കാണും?” എന്ന ചോദ്യം അവതരിപ്പിച്ചു. പുതുമിഷനറിമാർ തങ്ങളുടെ നിയമനങ്ങളിൽ എന്തു കാണുമെന്നത് അവരുടെ ശാരീരിക കാഴ്ചശക്തിയെ മാത്രമല്ല, ഹൃദയദൃഷ്ടികളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. (എഫെസ്യർ 1:18) ഇതിനുള്ള ഉദാഹരണമാണു വാഗ്ദത്തദേശം ഒറ്റുനോക്കിയപ്പോൾ ഇസ്രായേല്യ ചാരന്മാർ കണ്ടത്. 12 ചാരന്മാരും ശാരീരിക കാഴ്ചപ്പാടിൽനിന്നു കണ്ടത് ഒരേ സംഗതിതന്നെയാണ്, എന്നാൽ രണ്ടുപേർമാത്രമേ വാഗ്ദത്ത ദേശത്തെ ദൈവത്തിന്റെ കാഴ്ചപ്പാടിൽനിന്നു കണ്ടുള്ളൂ. മിഷനറിമാർക്കും സംഗതികൾ വ്യത്യസ്ത കാഴ്ചപ്പാടിൽ കാണാനാകും. അവർ സേവിക്കാൻ പോകുന്ന ചില രാജ്യങ്ങളിൽ പട്ടിണിയും കഷ്ടപ്പാടും ഉണ്ടായിരുന്നേക്കാം, പ്രത്യാശയ്ക്കു വകയുമില്ലായിരുന്നേക്കാം. എന്നാൽ അവർ നിഷേധാത്മകമായി പ്രതികരിച്ചു നിയമനം വിട്ടുകളയരുത്. ആഡംസ് സഹോദരൻ അടുത്തകാലത്തെ ക്ലാസ്സിൽനിന്നുള്ള ഒരു മിഷനറിയുടെ പരാമർശം ഉൾപ്പെടുത്തി. ആ മിഷനറി പറഞ്ഞതിങ്ങനെയായിരുന്നു: “ഈ അനുഭവങ്ങൾ ഞാനിവിടെത്തന്നെ താമസിക്കണമെന്ന് എന്നെ ബോധ്യപ്പെടുത്തുന്നു. ഈ ആളുകൾക്ക് ഭാവിയെക്കുറിച്ചുള്ള പ്രത്യാശ ആവശ്യമാണ്. അവരുടെ ജീവിതത്തിനു പുരോഗതിയുണ്ടാക്കാൻ ഞാനാഗ്രഹിക്കുന്നു.” തങ്ങൾക്കു നിയമനം ലഭിക്കുന്ന രാജ്യത്തെ, യഹോവ തന്റെ ആഗോള പറുദീസയുടെ ഭാഗമാക്കാൻ നിശ്ചയിച്ചുറച്ചിരിക്കുന്ന പ്രദേശമായി കാണാനും അവിടുത്തെ ആളുകളെ പുതിയലോക സമൂഹത്തിന്റെ ഭാവിയംഗങ്ങളായി വീക്ഷിക്കാനും പുതുമിഷനറിമാരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആഡംസ് സഹോദരൻ പ്രസംഗം ഉപസംഹരിച്ചു.
പരിപാടിയുടെ ഈ ഭാഗത്തെ അവസാന പ്രസംഗം നിർവഹിച്ചത് ഗിലെയാദ് അധ്യാപകനാകുന്നതിനുമുമ്പ് വർഷങ്ങളോളം മിഷനറിവയലിൽ സേവിച്ചിട്ടുള്ള വാലസ് ലിവെറൻസ് ആയിരുന്നു. “ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തികളെക്കുറിച്ചുള്ള ഉൾക്കാഴ്ചയോടെ പ്രവർത്തിക്കുവിൻ” എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. ഉൾക്കാഴ്ചയോടെ പ്രവർത്തിക്കുന്നതിൽ സൂക്ഷ്മതയോടും വിവേകത്തോടും സാമാന്യബുദ്ധിയോടുംകൂടെ പ്രവർത്തിക്കുന്നത് ഉൾപ്പെടുന്നു. ഇസ്രായേലിലെ ശൗൽ രാജാവ് ചെയ്യാൻ പരാജയപ്പെട്ട ഒരു സംഗതിയായിരുന്നു അത്.—1 ശമൂവേൽ 13:9-13; 15:1-22.
ഉൾക്കാഴ്ചയോടെ പ്രവർത്തിക്കാനുള്ള ഒരു വിധം പുതിയ ഭാഷ പഠിക്കുന്നതും ആളുകളുമായി പരിചിതരാകുന്നതുമുൾപ്പെടെ പുതിയ ജീവിതരീതിയോടു പൊരുത്തപ്പെടാനുള്ള വെല്ലുവിളികൾ സ്വീകരിക്കുന്നതാണ്. വെല്ലുവിളികൾ സ്വീകരിച്ച് പ്രതിബന്ധങ്ങൾ തരണം ചെയ്യുന്നതിൽ മിഷനറിമാർക്കുള്ള അനുഭവങ്ങൾ അവരെ ആത്മീയമായി ബലിഷ്ഠരാക്കും, ദൈവം നിയമിച്ചുകൊടുത്ത പ്രദേശം കീഴടക്കിയപ്പോൾ യോശുവയും കാലേബും ബലിഷ്ഠരാക്കപ്പെട്ടതുപോലെ.
അഭിമുഖങ്ങൾ
പരിപാടിയുടെ തുടർന്നുള്ള ഭാഗം അഭിമുഖങ്ങളുടെ ഒരു പരമ്പരയായിരുന്നു. ഹരോൾഡ് ജാക്സൻ, രജിസ്ട്രാറും ദീർഘകാലമായി ഗിലെയാദ് സ്കൂൾ അധ്യാപകനുമായ 85 വയസ്സുള്ള യുളൈസിസ് ഗ്ലാസിനെ അഭിമുഖം നടത്തി. വയലിലുള്ള അനേകം മിഷനറിമാർ വർഷങ്ങൾ നീണ്ട അദ്ദേഹത്തിന്റെ വിശ്വസ്ത പഠിപ്പിക്കലും പരിശീലനവും ഇപ്പോഴും അനുസ്മരിക്കുന്നു. അടുത്തതായി എത്തിയത് മാർക്ക് നൂമർ ആയിരുന്നു. ഗിലെയാദ് സ്കൂളിൽ അധ്യാപകനാകുന്നതിനുമുമ്പ് പല വർഷങ്ങൾ ആഫ്രിക്കയിൽ വിദേശസേവനത്തിൽ ചെലവഴിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അഞ്ചുമാസത്തെ സ്കൂൾപഠനത്തിനിടയിൽ വിദ്യാർഥികളുടെ ശുശ്രൂഷയെക്കുറിച്ച് അദ്ദേഹം അവരെ അഭിമുഖം നടത്തി. ദൈവവചനത്തിൽ തത്പരരായ ആളുകൾ പ്രാദേശിക വയലിലുണ്ടെന്നു വ്യക്തമായി പ്രകടമാക്കുന്നതായിരുന്നു അവരുടെ അനുഭവങ്ങൾ.
പിന്നെ റോബർട്ട് സിരങ്കോയും ചാൾസ് മോലഹൊനും ആ കെട്ടിടത്തിലുള്ള, ബ്രാഞ്ച് ഭാരവാഹികൾക്കുള്ള മറ്റൊരു സ്കൂളിൽ പങ്കെടുത്ത അനുഭവസമ്പന്നരായ പുരുഷന്മാരുമായി സംസാരിച്ചു. ബിരുദം നേടുന്ന ക്ലാസ്സിനുള്ള അവരുടെ ഉപദേശത്തിൽ താഴ്മയുള്ളവരായിരിക്കുന്നതിന്റെയും സഭാ ഐക്യത്തിനു സംഭാവന ചെയ്യേണ്ടതിന്റെയും ആവശ്യം അവർ ഉൾപ്പെടുത്തി. മിഷനറിവേലയിൽ എന്തു സംഭവിക്കുമെന്നതിനെക്കുറിച്ചു ബിരുദധാരികൾക്കു മുൻവിധി പാടില്ലെന്നും അതേസമയം ഏതു സ്ഥിതിവിശേഷത്തെയും നേരിടാൻ മനസ്സൊരുക്കം വേണമെന്നും അവർ നിർദേശിച്ചു. ഈ ബുദ്ധ്യുപദേശം ബാധകമാക്കുന്നത് ദൈവവചനം പഠിപ്പിക്കുന്നവരെന്ന നിലയിലുള്ള തങ്ങളുടെ നിയമനങ്ങൾ നിർവഹിക്കുന്നതിനു പുതുമിഷനറിമാരെ നിസ്സംശയമായും സഹായിക്കും.
അവസാനമായി, ഭരണസംഘാംഗമായ തിയോഡർ ജാരറ്റ്സ് “ആർ ആരെ സ്വാധീനിക്കുന്നു?” എന്ന വിഷയത്തെക്കുറിച്ചു സദസ്സിനോടു പ്രസംഗിച്ചു. ക്രിസ്ത്യാനികളെന്ന നിലയിൽ നാം ആത്മാവിന്റെ ഫലം പ്രകടമാക്കുമ്പോൾ, നമുക്കു മറ്റുള്ളവരുടെമേൽ നല്ല സ്വാധീനമായിരിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശദമാക്കി. “ആരോഗ്യാവഹവും ആത്മീയവുമായ വിധത്തിൽ ആളുകളെ സ്വാധീനിച്ചിട്ടുള്ള പ്രശംസനീയ ചരിത്രമാണ് യഹോവയുടെ സ്ഥാപനം അയച്ച മിഷനറിമാർക്കുള്ളത്” എന്ന് അദ്ദേഹം പ്രസ്താവിച്ചു. മിഷനറിമാർ വെച്ച നല്ല മാതൃകയുടെ ഫലമായി ദൈവത്തെ സേവിക്കാൻ സഹായിക്കപ്പെട്ടിട്ടുള്ള വ്യക്തികൾ പറഞ്ഞ ചില അഭിപ്രായങ്ങളും അദ്ദേഹം പരാമർശിച്ചു. പിന്നീട് അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു: “യഹോവയുടെ ജനം ഉണ്ടാക്കിയെടുത്തിട്ടുള്ള സൽപ്പേരു നിങ്ങൾ നിലനിർത്തുമാറാകട്ടെ. നിങ്ങളുടെ വിദേശ നിയമനത്തിൽ അർഹതയുള്ളവരെ തേടിക്കൊണ്ട് വാതിലിൽ മുട്ടുന്നതു തുടരുക . . . കൂടാതെ നിങ്ങളുടെ നേരുള്ളതും ശുദ്ധവുമായ നടത്തയാൽ ഈ ലോകത്തിന്റെ ആത്മാവിനെ ചെറുത്ത് നന്മയ്ക്കുള്ള ഒരു സ്വാധീനമായി യഹോവയ്ക്കു സ്തുതിയും ബഹുമാനവും വരുത്തുക.”
പരിപാടിയുടെ സമാപനത്തിൽ, അടുത്തും അകലെയുമുള്ള പ്രദേശങ്ങളിൽനിന്നുള്ള ആശംസകൾ പങ്കുവെച്ചിട്ട് അധ്യക്ഷൻ ബിരുദങ്ങൾ നൽകുകയും മിഷനറിമാരുടെ നിയമനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. അതിനുശേഷം, പ്രസ്തുത പഠനം പ്രദാനം ചെയ്തതിനു കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട് ബിരുദധാരികളിലൊരാൾ ക്ലാസ്സ്പ്രമേയം വായിച്ചു. വ്യക്തമായും, 102-ാമത്തെ ക്ലാസ്സിന്റെ ബിരുദദാന പരിപാടി സന്നിഹിതരായിരുന്ന എല്ലാവരെയും ദൈവവചനം പ്രചരിപ്പിക്കുന്നതിൽ മുന്നേറാൻ കൂടുതൽ ദൃഢചിത്തരാക്കി.
[31-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ ബിരുദം നേടുന്ന 102-ാമത്തെ ക്ലാസ്സ്
ചുവടെ ചേർത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക് എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) ഡഫി, സി.; അലക്സിസ്, ഡി.; ഹാർഫ്, ആർ.; ലീ, ജെ.; കൊറീ, വി.; നൊർറ്റം, റ്റി.; മൊറാ, എൻ.; ജൊർനറ്റ്, എഫ്. (2) യൂപ്വിക്, എൽ.; സിങ്, കെ.; ഹാർറ്റ്, ബി.; കിർകൊറിയൻ, എം.; ലീ, എസ്.; രാസ്റ്റൽ, എസ്.; സ്സൂലൻ, കെ.; കോലറ്റ്, കെ. (3) സിങ്, ഡി.; പീറ്റ്ലൂ, ജെ.; പീറ്റ്ലൂ, എഫ്.; ബോകോക്, എൻ.; റ്റൊർമ, സി.; മസ്ലൊ, എ.; റിച്ചാർഡ്സൻ, സി.; നൊർറ്റം, ഡി. (4) ഹാർഫ്, ജെ.; ജൊർനറ്റ്, കെ.; ബാർബർ, എ.; ലോബർറ്റോ, ജെ.; ലോബർറ്റോ, ആർ.; മസ്ലൊ, എം.; മൊറാ, ആർ.; ഹാർറ്റ്, എം. (5) റ്റൊർമ, എസ്.; രാസ്റ്റൽ, എ.; ഡയസ്, ആർ.; ഡയസ്, എച്ച്.; വൈസ്സർ, എം.; വൈസ്സർ, ജെ.; കിർകൊറിയൻ, ജി.; സ്സൂലൻ, എ. (6) അലക്സിസ്, ആർ.; ബാർബർ, ഡി.; യൂപ്വിക്, എച്ച്.; ഡഫി, സി.; കോലറ്റ്, റ്റി.; റിച്ചാർഡ്സൻ, എം.; ബോകോക്, എസ്.; കൊറീ, ജി.