രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ദൈവവചനത്തിന്റെ ശുദ്ധീകരണശക്തി
പുനരധിവാസകേന്ദ്രങ്ങളിൽനിന്നു പുറത്തുവരുന്ന മയക്കുമരുന്നാസക്തരിൽ അധികവും പഴയശീലങ്ങളിലേക്കു തിരിയുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. എന്നാൽ, മിക്കപ്പോഴും വൈദ്യശാസ്ത്രത്തിനു ചെയ്യാനാകാത്തതു ദൈവവചനത്തിനു ചെയ്യാനാകും. (എബ്രായർ 4:12) മയക്കുമരുന്നാസക്തി തരണംചെയ്യാനും പിൻവരുന്ന ബുദ്ധ്യുപദേശം ബാധകമാക്കാനും ദൈവത്തിന്റെ വചനവും ആത്മാവും അനേകരെ സഹായിച്ചിരിക്കുന്നു: “നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.”—2 കൊരിന്ത്യർ 7:1.
മ്യാൻമാറിൽനിന്നുള്ള ഒരനുഭവം അതു ദൃഷ്ടാന്തീകരിക്കുന്നു. വർഷങ്ങളോളം മയക്കുമരുന്നാസക്തിയുമായി മല്ലടിച്ച ഒരാൾ ഇങ്ങനെ വിവരിക്കുന്നു: “കൗമാരപ്രായത്തിലേ ഞാൻ മയക്കുമരുന്നിന് അടിമയായി. ആ ശീലമുപേക്ഷിക്കാൻ പല തവണ ശ്രമിച്ചുനോക്കിയെങ്കിലും എനിക്കതിനു കഴിഞ്ഞില്ല. മയക്കുമരുന്നു ശീലം നിലനിർത്താൻ ഞാൻ മോഷണം തുടങ്ങി. തത്ഫലമായി, 1988-ൽ എന്നെ ഒരു വർഷത്തേക്കു ജയിലിലടച്ചു.
“മോചനം ലഭിച്ചയുടനെ ഞാൻ പഴയ സുഹൃത്തുക്കളുമായി സമ്പർക്കം പുതുക്കി. താമസിയാതെ, ഞാൻ വീണ്ടും മയക്കുമരുന്നു ശീലത്തിലേക്കു തിരിഞ്ഞു. എന്റെ ഈ സ്വവിനാശക ഗതി നിമിത്തം കുടുംബാംഗങ്ങൾ ഞാനുമായുള്ള സകല ബന്ധവും വിച്ഛേദിച്ചു. അതിനുപുറമേ, എന്റെ മത്സരാത്മക സ്വഭാവം സമൂഹത്തിലുള്ള സകലരും എന്നെ ഭയപ്പെടാൻ ഇടയാക്കി. അവരും എന്നെ അകറ്റിനിർത്താൻ തുടങ്ങി.
“അങ്ങനെയിരിക്കെ ഒരിക്കൽ, അനിവാര്യമായതു സംഭവിച്ചു—ഞാൻ അമിതമായി മയക്കുമരുന്നു കഴിച്ചു. വീണ്ടും എന്നെ ജയിലിലടച്ചു. ഇത്തവണ മൂന്നുവർഷത്തേക്കായിരുന്നു. ജയിൽ ജീവിതം വളരെ ദുഷ്കരമായിരുന്നെങ്കിലും ഞാൻ ഒരു വിധത്തിൽ അതിജീവിച്ചു.
“ജയിലിൽനിന്നു വീട്ടിൽ തിരിച്ചെത്തിയശേഷം, ഞാൻ ചെയ്തുപോയ തെറ്റുകൾക്കു കുടുംബാംഗങ്ങളോടു ക്ഷമാപണം നടത്തി. അവർ ദയാപുരസ്സരം എന്നെ കൈക്കൊണ്ടു. എന്നാൽ, പഴയ ശീലങ്ങളിലേക്കു മടങ്ങാൻ കൂട്ടുകാർ എന്റെമേൽ സമ്മർദം ചെലുത്തി.
“ഒടുവിൽ, ഒരു പ്രത്യേക ബൈബിൾ സ്കൂളിൽ എന്നെ ചേർക്കാൻ മുത്തശ്ശി തന്റെ പ്രദേശത്തെ ഒരു പാസ്റ്ററോടു ശുപാർശചെയ്തു. പാസ്റ്റർ സമ്മതം മൂളി. എങ്കിലും, അതിൽ ഹാജരാകുന്നതിനുമുമ്പ്, ഞാൻ വാസ്തവമായും ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ യഹോവയുടെ സാക്ഷികളോടൊപ്പം പഠിക്കണമെന്ന് എന്റെ അമ്മാവി പറഞ്ഞു. അവർ ഒരു യഹോവയുടെ സാക്ഷിയാണ്.
“ഞാൻ രാജ്യഹാളിൽ ചെന്നു. അവിടെ എന്നെ ഒരാൾക്കു പരിചയപ്പെടുത്തി. അദ്ദേഹം എന്നെ ബൈബിൾ പഠിപ്പിക്കാമെന്നു സമ്മതിച്ചു. ഹാജരായിരുന്നവരിൽ അനേകർ എന്നെ ഊഷ്മളമായി അഭിവാദനം ചെയ്യുകയും എനിക്കു സ്വാഗതമരുളുകയും ചെയ്തു.
“ബൈബിൾ പഠിച്ച്, ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങിയതോടെ, മയക്കുമരുന്നിനോടുള്ള അഭിനിവേശം ദൈവത്തോട് അടുക്കുന്നതിനുള്ള ആഗ്രഹത്തിനു വഴിമാറി. ഒരു വർഷത്തിനുശേഷം, ജീവിതം യഹോവയാം ദൈവത്തിനു സമർപ്പിക്കുന്ന ഘട്ടത്തോളം ഞാൻ പുരോഗമിച്ചു. പിന്നീട്, ഞാൻ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി.
“അടുത്തയിടെ, വീടുതോറും പോകവേ ഒരു മുൻകാല മയക്കുമരുന്നു സഹകാരിയെ ഞാൻ കണ്ടുമുട്ടി. വിസ്മയാവഹമായ എന്റെ മാറ്റം അവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അതു സാക്ഷീകരണത്തിനു വഴിതുറന്നു. എനിക്കങ്ങനെ രാജ്യപ്രത്യാശയെക്കുറിച്ച് അവനോടു സംസാരിക്കാൻ കഴിഞ്ഞു.
“ഒടുവിൽ ഞാൻ ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യവും അർഥവും കണ്ടെത്തി. ദൈവസഹായവും അവന്റെ വചനത്തിലെ ബുദ്ധ്യുപദേശവും നിമിത്തം മയക്കുമരുന്നു ദുരുപയോഗമെന്ന ദുഷിപ്പിക്കുന്ന ശീലത്തിന്റെ നീരാളിപ്പിടുത്തത്തിൽനിന്നു സ്വയം മോചിപ്പിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് എനിക്കിപ്പോൾ സാധിക്കുന്നു.”