മുഴുസമയസേവനത്തിൽ സന്തോഷം നിലനിർത്താവുന്ന വിധം
ഈ ദൈവരഹിത ലോകത്തിന്റെ അന്ത്യനാളുകളിലാണു നാം ജീവിക്കുന്നതെന്നു ബൈബിൾ പ്രവചനത്തിന്റെ നിവൃത്തി വ്യക്തമായി പ്രകടമാക്കുന്നു. ഇതു മനസ്സിലാക്കിക്കൊണ്ട് യഹോവയുടെ ദാസൻമാർ തങ്ങൾക്കു ന്യായമായും കഴിയുന്നത്ര സമയം അവന്റെ രാജ്യസുവാർത്ത പ്രചരിപ്പിക്കുന്നതിനായി വിനിയോഗിക്കുന്നു. 6,00,000-ത്തിലധികം യഹോവയുടെ സാക്ഷികൾ മുഴുസമയ സേവനത്തിൽ പങ്കെടുക്കാൻ കഴിയത്തക്കവിധം തങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തിയിരിക്കുന്നു. അവരിൽ ചിലർ പയനിയർമാർ എന്നു വിളിക്കപ്പെടുന്ന മുഴുസമയ രാജ്യഘോഷകരാണ്. ചിലർ വാച്ച്ടവർ സൊസൈററിയുടെ കേന്ദ്രകാര്യാലയത്തിലോ അതിന്റെ ബ്രാഞ്ച് ഓഫീസുകളിലോ ഉള്ള സ്വമേധയാ സേവകരായ ബെഥേൽ അംഗങ്ങളാണ്. ശേഷിക്കുന്നവർ മിഷനറിമാരും സഞ്ചാരമേൽവിചാരകന്മാരുമാണ്.
അന്ത്യകാലത്തു “ദുർഘടസമയങ്ങൾ വരു”മെന്ന് ബൈബിൾ സൂചിപ്പിക്കുന്നു. (2 തിമൊഥെയൊസ് 3:1-5) “കിരാതമായ നിയമിത കാലങ്ങൾ” എന്ന് വിവർത്തനം ചെയ്യാവുന്ന ഒരു പദപ്രയോഗമാണ് ഗ്രീക്കു ബൈബിൾ പാഠം ഉപയോഗിക്കുന്നത്. ആയതിനാൽ നമ്മുടെ നാളിൽ പ്രശ്നരഹിതമായൊരു ജീവിതം ആരും പ്രതീക്ഷിക്കരുത്. ചില ക്രിസ്തീയ ശുശ്രൂഷകർക്ക് പ്രശ്നങ്ങൾ തികച്ചും ഗുരുതരമായി തോന്നുന്നു. അതുകൊണ്ട് അവർ സ്വയം ഇങ്ങനെ ചോദിച്ചേക്കാം: ‘എനിക്ക് മുഴുസമയ സേവനത്തിൽ തുടരാനാകുമോ, അതോ ഞാൻ നിർത്തണമോ?
പയനിയറോ ബെഥേൽ സ്വമേധയാസേവകനോ സഞ്ചാര മേൽവിചാരകനോ മിഷനറിയോ എന്ന നിലയിലുള്ള സേവനത്തെക്കുറിച്ചു പുനർവിചിന്തനം ചെയ്യാൻ ഒരുവനെ പ്രേരിപ്പിച്ചേക്കാവുന്ന സാഹചര്യങ്ങൾ ഏവയാണ്? ഗുരുതരമായൊരു ആരോഗ്യപ്രശ്നം ഉണ്ടായിരുന്നേക്കാം. ഒരുപക്ഷേ പ്രായംചെന്ന അല്ലെങ്കിൽ രോഗിയായ ഒരു ബന്ധുവിന് സ്ഥിരമായ പരിചരണം ആവശ്യമായിരിക്കാം. വിവാഹിത ദമ്പതികൾ ഒരു കുടുംബത്തിനു തുടക്കം കുറിക്കുന്നതുമാകാം. അത്തരം കാരണങ്ങളാലോ തിരുവെഴുത്തുപരമായ കടമകൾ നിമിത്തമോ മുഴുസമയ സേവനം നിർത്തുന്ന ഏതൊരുവനും ആ നടപടിയെപ്രതി ലജ്ജിക്കേണ്ടതില്ല.
എന്നാൽ, സന്തോഷമില്ലാത്തതു നിമിത്തം ഒരുവൻ മുഴുസമയ സേവനം നിർത്താൻ ഉദ്ദേശിക്കുന്നെങ്കിലോ? തന്റെ ശുശ്രൂഷയോട് ഒട്ടുംതന്നെ പ്രതികരണമില്ലെന്നു കണ്ട ഒരു പയനിയർ ഒരുപക്ഷേ ഇങ്ങനെ ചോദിച്ചേക്കാം: ‘വളരെ കുറച്ചുപേർ മാത്രം ശ്രദ്ധിക്കുന്നസ്ഥിതിക്ക് ഞാനെന്തിന് ആത്മത്യാഗപരമായ ഈ ജീവിതരീതി തുടരണം?’ ഒരു ബെഥേൽ സ്വമേധയാ സേവകന് തന്റെ നിയമനത്തിൽ അത്ര സന്തോഷമില്ലായിരിക്കാം. അല്ലെങ്കിൽ, പയനിയർ സേവനത്തിലായിരിക്കുമ്പോഴത്തെ തുടർച്ചയായ ആരോഗ്യപ്രശ്നങ്ങളായിരിക്കാം ഒടുവിൽ ഒരുവന്റെ സന്തോഷത്തെ കാർന്നുതിന്നുന്നത്. അങ്ങനെയുള്ളവർക്കു തങ്ങളുടെ സന്തോഷം എങ്ങനെ നിലനിർത്താനാകും? പരിചയസമ്പന്നരായ ചില ശുശ്രൂഷകർ പറയുന്നതെന്തെന്നു നമുക്കു പരിചിന്തിക്കാം.
നിരാശയെ തരണംചെയ്യൽ
സ്വിറ്റ്സർലൻഡിൽനിന്നുള്ള ആനി 1950-ൽ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ സംബന്ധിച്ചു. വിദേശത്തു മിഷനറി നിയമനം ലഭിക്കുന്നതിനായി അവർ കാത്തിരുന്നു. ബെഥേൽ സേവനത്തിനായി യൂറോപ്പിൽ തിരികെ നിയമിച്ചപ്പോൾ അവർ നിരാശിതയായി. എന്നിരുന്നാലും, ഭാഷാന്തര വിഭാഗത്തിലെ നിയമനം അവർ സ്വീകരിച്ചു, ഇപ്പോഴും ആ ജോലിചെയ്യുന്നു. അവർ തന്റെ നിരാശ തരണംചെയ്തതെങ്ങനെയാണ്? “ധാരാളം വേല ചെയ്യാനുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. എന്റെ വികാരങ്ങളും മുൻഗണനകളും ഒന്നും വേലയുടെയത്ര പ്രാധാന്യമുള്ളതല്ല,” ആനി വിശദീകരിക്കുന്നു.
നമ്മുടെ നിയമനത്തിൽ നാം നിരാശരാണെങ്കിൽ നമുക്ക് ഒരുപക്ഷേ ആനിയുടെ മനോഭാവം വളർത്തിയെടുക്കാൻ കഴിയും. നമ്മുടെ വ്യക്തിപരമായ മുൻഗണനയല്ല പരമപ്രധാനം. രാജ്യസന്ദേശം പ്രചരിപ്പിക്കുന്നതിനോടു ബന്ധപ്പെട്ട എല്ലാ വ്യത്യസ്ത ഉത്തരവാദിത്വങ്ങളും നന്നായി കൈകാര്യം ചെയ്യപ്പെടണമെന്നുള്ളതാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്ന സംഗതി. സദൃശവാക്യങ്ങൾ 14:23 നമ്മോടു പറയുന്നു: “എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും [“ഒരു നേട്ടമുണ്ടാകുന്നു” NW].” നമുക്കു ലഭിച്ചിരിക്കുന്ന നിയമനം എന്തുതന്നെയായിരുന്നാലും, അതു വിശ്വസ്തമായി നിർവഹിക്കുന്നത് രാജ്യവേലയുടെ പൂർത്തീകരണത്തിനു സഹായിക്കുന്നു. അത്തരമൊരു ദൈവദത്ത വേലയിൽ വലിയ സംതൃപ്തി, അതേ സന്തോഷം ഉണ്ടായിരിക്കാവുന്നതാണ്.—1 കൊരിന്ത്യർ 12:18, 27, 28 താരതമ്യം ചെയ്യുക.
മറ്റുള്ളവരുമായി ഒത്തുപോകൽ
മുഴുസമയ സേവനത്തിൽ—വയൽസേവനത്തിലോ ബെഥേലിലോ മിഷനറി ഭവനത്തിലോ ആയിരിക്കുമ്പോഴോ ഒരു സഞ്ചാരമേൽവിചാരകൻ എന്നനിലയിൽ സഭകൾ ഒന്നൊന്നായി സന്ദർശിക്കുമ്പോഴോ—എല്ലാത്തരം ആളുകളുമായി അടുത്ത സമ്പർക്കം പുലർത്തുന്നത് ഉൾപ്പെടുന്നു. അതുകൊണ്ട്, സന്തോഷം വലിയൊരു പരിധിവരെ മറ്റുള്ളവരുമായി നന്നായി ഒത്തുപോകുന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, ഈ അന്ത്യനാളുകളിലേക്കു മുൻകൂട്ടിപ്പറയപ്പെട്ടിരിക്കുന്ന ‘കിരാത കാലങ്ങൾ’ മാനുഷ ബന്ധങ്ങളുടെമേൽ വലിയ സമ്മർദം ചെലുത്തുന്നു. ഒരു ശുശ്രൂഷകന്, ആരെങ്കിലും തന്നെ അസ്വസ്ഥനാക്കിയിട്ടുണ്ടെങ്കിൽപ്പോലും സന്തോഷം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ എങ്ങനെ കഴിയും? ഒരുപക്ഷേ നമുക്കു വിൽഹെമിൽനിന്നു ചിലതു പഠിക്കാൻ കഴിഞ്ഞേക്കും.
1947-ൽ വിൽഹെം യൂറോപ്പിലെ ഒരു ബെഥേൽ കുടുംബാംഗമായി. അതിനുശേഷം പയനിയർ വേലയിലും സഞ്ചാരമേൽവിചാരകൻ എന്നനിലയിലുള്ള സേവനത്തിലും അദ്ദേഹം സമയം ചെലവഴിച്ചു. “ശരിയല്ലെന്നു വിചാരിക്കുന്നതോ വ്യക്തിപരമായി ഉത്കണ്ഠപ്പെടുത്തുന്നതോ ആയ കാര്യങ്ങൾ ഞാനും ഭാര്യയും കാണുമ്പോൾ അതെപ്പറ്റി ഞങ്ങൾ എന്തു വിചാരിക്കുന്നുവെന്ന് യഹോവയോടു പറഞ്ഞിട്ട് പരിഹരിക്കുന്നതിനായി കാര്യങ്ങൾ അവനെ ഭരമേൽപ്പിക്കുന്നു”വെന്ന് വിൽഹെം വിശദീകരിക്കുന്നു.—സങ്കീർത്തനം 37:5.
നിങ്ങളോടു അനാദരവോടെയോ ചിന്താശൂന്യമായോ സംസാരിച്ച ഒരു സഹക്രിസ്ത്യാനിയുടെ പെരുമാറ്റം ഒരുപക്ഷേ നിങ്ങളെ ബുദ്ധിമുട്ടിച്ചിരിക്കാം. നമുക്കെല്ലാവർക്കും സംസാരത്തിൽ അനേകം പ്രാവശ്യം പിഴവു സംഭവിക്കുന്നുവെന്ന് ഓർമിക്കുക. (യാക്കോബ് 3:2) അതുകൊണ്ട്, “പ്രാർത്ഥന കേൾക്കുന്നവ”നോട് അടുത്തുചെല്ലാൻ ഈ സാഹചര്യം ഉപയോഗിക്കരുതോ? (സങ്കീർത്തനം 65:2) ആ കാര്യത്തെക്കുറിച്ച് യഹോവയോടു സംസാരിക്കുക, എന്നിട്ട് അത് അവന്റെ കരങ്ങളിൽ വിടുക. മാറ്റങ്ങൾ വരുത്താൻ ദൈവം ആഗ്രഹിക്കുന്നെങ്കിൽ അവൻ അതു ചെയ്യും. മിഷനറി ഭവനങ്ങളിൽ താമസിക്കുന്നവർ സമാനമായ പ്രശ്നങ്ങളുണ്ടാകുന്നെങ്കിൽ, ഇക്കാര്യം മനസ്സിൽ പിടിക്കേണ്ടതാണ്. എന്തെന്നാൽ യഹോവയുടെ സേവനത്തിലെ തങ്ങളുടെ സന്തോഷം നിലനിർത്താൻ ഇതവരെ സഹായിക്കും.
ആരോഗ്യം മോശമാകുമ്പോൾ
ചുരുക്കം ചിലർക്കേ നല്ല ആരോഗ്യമുള്ളൂ. ജീവിതത്തിലെ ഏറ്റവും ഊർജസ്വലമായ ഘട്ടം എന്നു വിളിക്കപ്പെടുന്ന കാലത്തായിരിക്കുന്നവരെപ്പോലും വിഷാദമോ രോഗമോ ബാധിച്ചേക്കാം. അനാരോഗ്യം നിമിത്തം ചിലർ മുഴുസമയ സേവനം നിർത്താൻ നിർബന്ധിതരാകുന്നു. എന്നാൽ അതിനുശേഷം രാജ്യപ്രസാധകർ എന്നനിലയിൽ അവർ വളരെ നല്ല വേലചെയ്യുന്നു. എന്നാൽ മറ്റുചിലർക്ക് ആരോഗ്യം മോശമാണെങ്കിലും മുഴുസമയ സേവനത്തിൽ തുടരാൻ സാധിക്കുന്നു. ദൃഷ്ടാന്തത്തിന് ഹാർട്ട്മൂട്ടിന്റെയും ജിസ്ലിൻണ്ടിന്റെയും കാര്യമെടുക്കുക.
ഹാർട്ട്മൂട്ട്-ജിസ്ലിൻണ്ട് ദമ്പതികൾ പയനിയർ ശുശ്രൂഷയിലും മിഷനറി സേവനത്തിലും സഞ്ചാരവേലയിലുമായി 30 വർഷം ചെലവഴിച്ചിരിക്കുന്നു. അവരിരുവരും ഗുരുതരമായ രോഗങ്ങൾക്കു വിധേയരായിട്ടുണ്ട്, അവ ചിലയവസരങ്ങളിൽ അവരെ ശാരീരികമായും വൈകാരികമായും തീർത്തും തളർത്തി. എന്നിട്ടും അവർ ഉത്കൃഷ്ടമായ സേവനമനുഷ്ഠിച്ചിരിക്കുന്നുവെന്നു മാത്രമല്ല സമാനമായ പരിശോധനകൾ അനുഭവിക്കുന്ന മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവർക്കു കഴിഞ്ഞിരിക്കുന്നു. എന്ത് ഉപദേശമാണ് അവർ നൽകുന്നത്? “ഭാവിയിലേക്കു നോക്കുക, ഗതകാലത്തേക്കല്ല. എല്ലാ സാഹചര്യവും പരമാവധി പ്രയോജനപ്പെടുത്തുക. ഓരോ ദിവസവും യഹോവയെ സ്തുതിക്കാനുള്ള ഒരു അവസരമെങ്കിലും കൈവന്നേക്കാം. ആ അവസരം ഉപയോഗപ്പെടുത്തി അത് ആസ്വദിക്കുക.”
ഹാന്നെലോറയുടെ കാര്യം പരിചിന്തിക്കുക. പയനിയറും മിഷനറിയും എന്നനിലയിലും ഭർത്താവിനോടൊപ്പമുള്ള സഞ്ചാരവേലയിലും ബെഥേൽ സേവനത്തിലുമായി 30 വർഷം ചെലവഴിച്ച അവർ അടിക്കടിയുള്ള രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ഹാന്നെലോറ പറയുന്നു: “യഹോവയെ സേവിക്കുന്നത് എളുപ്പമായിരിക്കുമ്പോൾ മാത്രമേ മനുഷ്യർ അപ്രകാരം ചെയ്യുകയുള്ളൂവെന്ന, സാത്താൻ ഉയർത്തിയ വിവാദപ്രശ്നത്തിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പീഡാനുഭവങ്ങൾ സഹിക്കുന്നതിനാൽ, സാത്താന്റെ വാദം തെറ്റാണെന്നു തെളിയിക്കുന്നതിൽ എനിക്കൊരു പങ്കുണ്ടായിരിക്കാൻ കഴിയും.” ഇതൊരു ശക്തമായ പ്രചോദനമായിരിക്കാവുന്നതാണ്. പരിശോധനയിൻ കീഴിലായിരിക്കുമ്പോൾ നിങ്ങൾ യഹോവയോടു കാണിക്കുന്ന വ്യക്തിഗത വിശ്വസ്തത അവനു പ്രധാനപ്പെട്ടതാണെന്ന് ഓർമിക്കുക.—ഇയ്യോബ് 1:8-12; സദൃശവാക്യങ്ങൾ 27:11.
നിങ്ങളുടെ ആരോഗ്യത്തോടുള്ള ബന്ധത്തിൽ സമനിലയോടുകൂടിയ ഒരു തീരുമാനമെടുക്കാൻ ശ്രമിക്കുമ്പോൾ, വ്യവസ്ഥിതിയുടെ സമാപനം സംബന്ധിച്ച യേശുക്രിസ്തുവിന്റെ പ്രവചനത്തിന്റെ രണ്ടു വശങ്ങൾ പരിഗണിക്കുക. ഒന്നിനു പിറകെ ഒന്നായി ഓരോ സ്ഥലത്തും പകർച്ചവ്യാധികളുണ്ടാകുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും” എന്നും അവൻ പറഞ്ഞു. (മത്തായി 24:3, 14; ലൂക്കൊസ് 21:11) അന്ത്യനാളുകളിൽ തന്റെ അനുഗാമികൾ രോഗങ്ങളുമായി മല്ലിടേണ്ടിവരുമെന്ന് യേശുവിന് അറിയാമായിരുന്നു. എന്നാൽ പ്രസംഗപ്രവർത്തനം, നല്ല ആരോഗ്യം ആസ്വദിക്കുന്നവരാൽ മാത്രമല്ല, മറിച്ച് ഗുരുതരമായ രോഗമുള്ളവരാലും നിർവഹിക്കപ്പെടുമെന്ന് അവൻ തിരിച്ചറിഞ്ഞു. അനാരോഗ്യം ഗണ്യമാക്കാതെ മുഴുസമയ സേവനത്തിൽ തുടരാൻ നമുക്കു കഴിയുന്നെങ്കിൽ, യഹോവയുടെ നാമത്തോടു നാം കാണിക്കുന്ന സ്നേഹം അവൻ മറന്നുകളയുകയില്ല.—എബ്രായർ 6:10.
പൊതുജന ഉദാസീനതയിന്മധ്യേ സന്തോഷം നിലനിർത്തൽ
രാജ്യപ്രസംഗ വേലയോട് ആളുകൾ പ്രതികരിക്കുന്ന വിധം നമ്മുടെ മനോഭാവത്തെ ബാധിച്ചേക്കാം. “വീട്ടുകാരനുമായി സംഭാഷണം തുടങ്ങുക ബുദ്ധിമുട്ടാണെന്ന് പയനിയർമാർക്കു പോലും തോന്നുന്നു”വെന്ന് പരിചയസമ്പന്നനായ ഒരു ശുശ്രൂഷകൻ പറഞ്ഞു. “സന്തോഷം നിലനിർത്താനായി നാമെല്ലാം പോരാടേണ്ടതുണ്ട്.” അതേ, പൊതുജന ഉദാസീനത വയൽസേവനത്തിലെ നമ്മുടെ സന്തോഷത്തിനു മങ്ങലേൽപ്പിച്ചേക്കാം. അതുകൊണ്ട്, പതിവായി ഉദാസീനതയെ നേരിടുന്ന ഒരു പയനിയർക്ക് എങ്ങനെ സന്തോഷം നിലനിർത്താൻ കഴിയും? പരിശോധിച്ചു ഫലപ്രദമെന്നു തെളിഞ്ഞ പിൻവരുന്ന നിർദേശങ്ങൾ പരിചയസമ്പന്നരായ ശുശ്രൂഷകർ നൽകുന്നു.
ഉദാസീനത ഒരു വെല്ലുവിളിയായിരുന്നേക്കാം, എന്നാൽ അതൊരു പരാജയത്തെ അർഥമാക്കേണ്ടതില്ല. വ്യാപകമായ ഉദാസീനത മുഴുസമയ സേവനം നിർത്താനുള്ള ഒരു കാരണമല്ല. തിരുവെഴുത്തുകളുടെ ഉത്സാഹപൂർവമായ പഠനത്തിനുവേണ്ടി വേണ്ടത്ര സമയം മാറ്റിവെക്കുന്നെങ്കിൽ ഉദാസീനതയിൻമധ്യേ നമുക്കു സന്തോഷം നിലനിർത്താൻ കഴിയും. അത് ‘നമ്മെ എല്ലാ സത്പ്രവൃത്തിക്കും സജ്ജരാക്കുന്നു.’ സുവാർത്ത ശ്രദ്ധിക്കാത്തവരോടും സംസാരിക്കുന്നത് അതിൽ ഉൾപ്പെടുന്നു. (2 തിമൊഥെയൊസ് 3:16, 17, NW) യിരെമ്യാ പ്രവാചകനെ ശ്രദ്ധിക്കാൻ ജനങ്ങൾക്ക് ആഗ്രഹമില്ലായിരുന്നെങ്കിലും, അവൻ പിന്മാറിയില്ല. (യിരെമ്യാവു 7:27) ക്രിസ്തീയ പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ ബൈബിൾ പഠിക്കുമ്പോൾ, വിശ്വാസത്തെ ശക്തീകരിക്കുകയും ഉദാസീനതയെ നേരിടാൻ നമ്മെ സഹായിക്കുകയും ചെയ്യുന്ന ആശയങ്ങൾക്ക് നാം ശ്രദ്ധനൽകുന്നെങ്കിൽ അതു വളരെയേറെ പ്രയോജനം ചെയ്യും.
ഉദാസീനത ഒരു വെല്ലുവിളിയാണെന്നു സമ്മതിച്ചുകൊണ്ട്, നാം പ്രസംഗിക്കുന്നവരോടുള്ള നമ്മുടെ മനോഭാവം നമുക്കു പരിശോധിക്കാം. എന്തുകൊണ്ടാണ് അവർ ഉദാസീനരായിരിക്കുന്നത്? ദൃഷ്ടാന്തത്തിന്, യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ വ്യാപകമായ ഉദാസീനതയ്ക്കുള്ള ഒരു കാരണം വ്യാജമതത്തിന്റെ അപലപനീയമായ ചരിത്രമാണ്. തങ്ങളുടെ ജീവിതത്തിൽ മതത്തിന് ഒരു സ്ഥാനമുണ്ടെന്ന് ആളുകൾ മേലാൽ വിചാരിക്കുന്നില്ല, മതത്തോടുള്ള ബന്ധത്തിൽ യാതൊന്നും ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല. തൊഴിലില്ലായ്മ, ആരോഗ്യം, കുറ്റകൃത്യം, അസഹിഷ്ണുത, പരിസ്ഥിതി, യുദ്ധഭീഷണി എന്നിങ്ങനെ ആളുകളെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ട് നാം വഴക്കമുള്ളവരായിരിക്കേണ്ടതുണ്ട്.
വീട്ടുകാരനോടുള്ള നമ്മുടെ പ്രാരംഭവാക്കുകളിൽ പ്രാദേശിക താത്പര്യമുള്ള ഒരു കാര്യം പരാമർശിക്കാവുന്നതാണ്. കാര്യമായ വിജയമൊന്നും ലഭിക്കാതിരുന്ന ഒരു ഗ്രാമത്തിൽ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ഡിറ്റ്മാർ ചെയ്തത് അതാണ്. തലേദിവസം ആ ഗ്രാമത്തിൽ ഒരു ദുരന്തമുണ്ടായെന്ന് ഒരു സ്ഥലവാസി പറഞ്ഞു. അതിനുശേഷം എല്ലാ വീട്ടിലും ഡിറ്റ്മാർ ആ ദുരന്തത്തിൽ തനിക്കുള്ള ആത്മാർഥമായ ഖേദം പ്രകടിപ്പിച്ചു. “ഉടൻതന്നെ ആളുകൾ സംസാരിക്കാൻ തുടങ്ങി,” അദ്ദേഹം പറയുന്നു. “ആ ദുരന്തം എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നു. ഞാൻ അവരുടെ ജീവിതത്തിൽ താത്പര്യം പ്രകടിപ്പിച്ചതുകൊണ്ട് ആ ദിവസം എനിക്ക് നിരവധി നല്ല സംഭാഷണങ്ങൾ നടത്താൻ കഴിഞ്ഞു.”
ആളുകളെ കണ്ടുമുട്ടുന്നിടത്തെല്ലാം നാം അവർക്കു രാജ്യസാക്ഷ്യം നൽകേണ്ടതുണ്ട്. അനൗപചാരിക സാക്ഷീകരണം ഫലപ്രദമായിരുന്നേക്കാം. ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഈ പ്രവർത്തനത്തിൽ നമ്മെത്തന്നെ പരിശീലിപ്പിക്കാവുന്നതാണ്. സൗഹൃദപരമായ ഏതാനും വാക്കുകളോ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പ്രതികൾ വീട്ടുകാരനു സമർപ്പിക്കുന്നതോ സന്തോഷമുളവാക്കിയേക്കാം. നാം മടക്കസന്ദർശനങ്ങൾ നടത്തി ഒരു താത്പര്യക്കാരനുമായി ബൈബിളധ്യയനം തുടങ്ങുന്നെങ്കിൽ, “ബൈബിൾ പഠിക്കാനാഗ്രഹിക്കുന്ന മറ്റാരെയെങ്കിലും നിങ്ങൾക്കറിയാമോ?” എന്ന് ചോദിച്ചുകൊണ്ട് നമുക്കൊരു വിവരശേഖരണം നടത്താവുന്നതാണ്. മറ്റൊരു ഭവനബൈബിളധ്യയനം തുടങ്ങുന്നതിലേക്ക് ഇതു നയിച്ചേക്കാം. എന്തുതന്നെയായാലും, ഉദാസീനത നമ്മെ നിരുത്സാഹപ്പെടുത്താൻ അനുവദിക്കുന്നതിനു പകരം യഹോവയിൽ പ്രാർഥനാപൂർവം ആശ്രയിച്ചുകൊണ്ട് നമുക്കു ക്രിയാത്മക മനോഭാവമുള്ളവരായിരിക്കാം.
മറ്റുള്ളവരിൽനിന്നുള്ള പ്രോത്സാഹനം
യൂർഗെനും ക്രിസ്റ്റ്യായും 30-തിലധികം വർഷമായി പയനിയറിങ്ങിലും സഞ്ചാരവേലയിലും ഏർപ്പെട്ടിരിക്കുകയായിരുന്നു. അവരുടെ ഒരു നിയമനത്തിന്റെ ഭാഗമായി, ഭൂരിപക്ഷം ആളുകളും ഉദാസീനരും മർക്കടമുഷ്ടിക്കാരുമായ ഒരു പ്രദേശത്തു പ്രസംഗിക്കണമായിരുന്നു. കുറച്ചു പ്രോത്സാഹനത്തിനായി യൂർഗെനും ഭാര്യയും എത്രമാത്രം വാഞ്ഛിച്ചു! എന്നാൽ, ചില കാരണങ്ങളാൽ സഭയിലെ മറ്റുള്ളവർ അവരുടെ ആവശ്യത്തോടു പ്രതികരിച്ചില്ല.
അതുകൊണ്ട്, “ചില പയനിയർമാർക്ക് വിഷമകരമായ സമയങ്ങളുണ്ടെന്ന്” യൂർഗെന് അനുഭവത്തിൽനിന്നറിയാം. “മൂപ്പൻമാരിൽനിന്നും മറ്റു പ്രസാധകരിൽനിന്നും അവർക്കു കൂടുതൽ പ്രോത്സാഹനം ആവശ്യമാണ്.” യോശുവയെ പ്രോത്സാഹിപ്പിക്കാനും ശക്തിപ്പെടുത്താനും ദൈവം മോശയോടു പറഞ്ഞു. (ആവർത്തനപുസ്തകം 3:26-28) ക്രിസ്ത്യാനികൾ പരസ്പരം പ്രോത്സാഹനത്തിന്റെ ഉറവുകളായിരിക്കണം. (റോമർ 1:11, 12) കെട്ടുപണിചെയ്യുന്ന വാക്കുകൾക്കൊണ്ടും ഇടയ്ക്കിടെ ശുശ്രൂഷയിൽ കൂടെ പോയിക്കൊണ്ടും രാജ്യപ്രസാധകർക്കു മുഴുസമയ സേവനത്തിലുള്ളവരെ പ്രോത്സാഹിപ്പിക്കാനാകും.
യഹോവയിങ്കലെ സന്തോഷം—നമ്മുടെ സങ്കേതം
പയനിയർമാരോ മിഷനറിമാരോ എന്നനിലയിലോ ബെഥേൽ സേവനത്തിലോ സഞ്ചാരവേലയിൽ സഭകൾ സന്ദർശിച്ചോ ജീവിതം ഒട്ടുമുക്കാലും ചെലവഴിച്ചിട്ടുള്ള ക്രിസ്ത്യാനികൾ, മിക്ക പ്രശ്നങ്ങളും ഹ്രസ്വ കാലത്തേക്കുള്ളതാണെന്നും എന്നാൽ ചിലവ ദീർഘകാലം നിലനിൽക്കുന്നതാണെന്നും മനസ്സിലാക്കിയിരിക്കുന്നു. ഒഴിയാബാധയെന്നവണ്ണം തോന്നിക്കുന്ന ചുരുക്കം ചില പ്രശ്നങ്ങൾപോലും നമ്മുടെ സന്തോഷം കവർന്നെടുക്കരുത്. പ്രശ്നങ്ങൾ നമ്മെ നിരാശപ്പെടുത്തുമ്പോഴെല്ലാം “നമുക്കുള്ള ഒട്ടനവധി അനുഗ്രഹങ്ങളെക്കുറിച്ചും വലിയ യാതനകൾ അനുഭവിക്കുന്ന ആയിരക്കണക്കിനു മറ്റുള്ളവരെക്കുറിച്ചും നാം ചിന്തിക്കണ”മെന്ന് 45-ലധികം വർഷം വിദേശ നിയമനത്തിൽ സേവിച്ച റാമോൻ നിർദേശിക്കുന്നു. തീർച്ചയായും, ലോകവ്യാപകമായുള്ള നമ്മുടെ സഹവിശ്വാസികൾ യാതനകൾ അനുഭവിക്കുന്നു. യഹോവ വാസ്തവത്തിൽ നമുക്കെല്ലാം വേണ്ടി കരുതുന്നു.—1 പത്രൊസ് 5:6-9.
അതുകൊണ്ട്, മുഴുസമയ സേവനത്തിൽ പങ്കെടുക്കാനും അതിൽ തുടരാനും നമ്മുടെ വ്യക്തിപരമായ സാഹചര്യങ്ങൾ നമ്മെ അനുവദിക്കുന്നെങ്കിൽ, നമ്മുടെ സ്വർഗീയ പിതാവിൽ ആശ്രയിച്ചുകൊണ്ട് നമുക്ക് സന്തോഷം നിലനിർത്താം. അവൻ തന്റെ ദാസരെ ശക്തീകരിക്കുന്നു. ‘യഹോവയിങ്കലെ സന്തോഷം നമ്മുടെ സങ്കേതമാ’ണെന്ന് നാമെല്ലാം ഓർമിക്കണം.—നെഹെമ്യാവു 8:10.
[21-ാം പേജിലെ ചിത്രം]
“എന്റെ വികാരങ്ങളും മുൻഗണനകളും ഒന്നും വേലയുടെയത്ര പ്രാധാന്യമുള്ളതല്ല”
[22-ാം പേജിലെ ചിത്രം]
“അതേപ്പറ്റി ഞങ്ങൾ എന്തു വിചാരിക്കുന്നുവെന്ന് യഹോവയോടു പറഞ്ഞിട്ട് കാര്യങ്ങൾ അവനെ ഭരമേൽപ്പിക്കുന്നു”
[23-ാം പേജിലെ ചിത്രങ്ങൾ]
“എല്ലാ സാഹചര്യവും പരമാവധി പ്രയോജനപ്പെടുത്തുക. ഓരോ ദിവസവും യഹോവയെ സ്തുതിക്കാനുള്ള ഒരു അവസരമെങ്കിലും കൈവന്നേക്കാം”
[23-ാം പേജിലെ ചിത്രം]
“പീഡാനുഭവങ്ങൾ സഹിക്കുന്നതിനാൽ, സാത്താന്റെ വാദം തെറ്റാണെന്നു തെളിയിക്കുന്നതിൽ എനിക്കൊരു പങ്കുണ്ടായിരിക്കാൻ കഴിയും”
[24-ാം പേജിലെ ചിത്രങ്ങൾ]
“ചില പയനിയർമാർക്ക് വിഷമകരമായ സമയങ്ങളുണ്ട്. മൂപ്പൻമാരിൽനിന്നും മറ്റു പ്രസാധകരിൽനിന്നും അവർക്കു കൂടുതൽ പ്രോത്സാഹനം ആവശ്യമാണ്”
[24-ാം പേജിലെ ചിത്രം]
‘നമുക്കുള്ള ഒട്ടനവധി അനുഗ്രഹങ്ങളെക്കുറിച്ചു നാം ചിന്തിക്കണം’