‘പരസ്പരം സൗജന്യമായി ക്ഷമിക്കുന്നതിൽ തുടരുക’
“പരസ്പരം സഹിഷ്ണുത പ്രകടമാക്കുകയും പരസ്പരം സൗജന്യമായി ക്ഷമിക്കുകയും ചെയ്യുന്നതിൽ തുടരുക.”—കൊലൊസ്സ്യർ 3:13, NW.
1. (എ) നാം “ഏഴുവട്ടം” ക്ഷമിക്കണമെന്ന് പത്രൊസ് പറഞ്ഞപ്പോൾ താൻ വളരെ ഉദാരമതിയാണെന്ന് അവൻ വിചാരിച്ചിരുന്നിരിക്കാവുന്നത് എന്തുകൊണ്ട്? (ബി) നാം “ഏഴു എഴുപതു വട്ടം” ക്ഷമിക്കണമെന്ന് യേശു പറഞ്ഞപ്പോൾ അവൻ എന്താണ് അർഥമാക്കിയത്?
‘കർത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴെച്ചാൽ ഞാൻ ക്ഷമിക്കണം? ഏഴുവട്ടം മതിയോ?’ (മത്തായി 18:21) അപ്രകാരം പറഞ്ഞപ്പോൾ, താൻ വളരെ ഉദാരമതിയാണെന്നു പത്രൊസ് വിചാരിച്ചിരുന്നിരിക്കാം. ആ കാലത്ത്, ഒരേ കുറ്റത്തിന് മൂന്നിലധികം തവണ ഒരുവൻ ക്ഷമിക്കരുതെന്ന് റബിമാരുടെ പാരമ്പര്യം പറഞ്ഞിരുന്നു.a അപ്പോൾ, “ഏഴുവട്ടമല്ല, ഏഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു” എന്ന് യേശു മറുപടി നൽകിയപ്പോൾ പത്രൊസിനുണ്ടായ അതിശയമൊന്നു സങ്കൽപ്പിച്ചുനോക്കൂ! (മത്തായി 18:22) ഏഴിന്റെ ആവർത്തനം “അനിശ്ചിതമായി” എന്ന് പറയുന്നതിനു തുല്യമായിരുന്നു. യേശുവിന്റെ വീക്ഷണത്തിൽ, ഒരു ക്രിസ്ത്യാനി മറ്റുള്ളവരോട് എത്ര പ്രാവശ്യം ക്ഷമിക്കണമെന്നതിന് ഫലത്തിൽ യാതൊരു പരിധിയുമില്ല.
2, 3. (എ) മറ്റുള്ളവരോടു ക്ഷമിക്കുന്നതു പ്രയാസകരമാണെന്നു തോന്നിയേക്കാവുന്ന ചില സാഹചര്യങ്ങൾ ഏവ? (ബി) മറ്റുള്ളവരോടു ക്ഷമിക്കുന്നതു നമുക്കു പ്രയോജനപ്രദമായിരിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
2 ആ ബുദ്ധ്യുപദേശം ബാധകമാക്കുന്നത് എല്ലായ്പോഴും എളുപ്പമല്ല. നമ്മിൽ ആരാണ് നീതിരഹിതമായ വ്രണപ്പെടുത്തലിന്റെ മനോവേദന അനുഭവിക്കാത്തത്? ഒരുപക്ഷേ നിങ്ങൾ വിശ്വാസമർപ്പിച്ച ഒരാൾ ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കാം. (സദൃശവാക്യങ്ങൾ 11:13) ഒരു അടുത്ത സുഹൃത്തിന്റെ ചിന്താശൂന്യമായ പരാമർശങ്ങൾ നിങ്ങളെ ‘വാളുകൊണ്ടെന്നപോലെ കുത്തി’യിട്ടുണ്ടായിരിക്കാം. (സദൃശവാക്യങ്ങൾ 12:18) നിങ്ങൾ സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്ത ഒരു വ്യക്തിയിൽനിന്നുള്ള ദുഷ്പെരുമാറ്റം ആഴമായ മുറിവുകൾക്കു കാരണമാക്കിയിട്ടുണ്ടാകാം. കോപാകുലരാകുക എന്നതായിരിക്കാം അത്തരം കാര്യങ്ങൾ സംഭവിക്കുമ്പോഴത്തെ നമ്മുടെ സ്വാഭാവിക പ്രതികരണം. കുറ്റക്കാരനോടുള്ള സംസാരം നിർത്താൻ, സാധ്യമെങ്കിൽ അയാളെ പൂർണമായി ഒഴിവാക്കാൻ നാം ചായ്വുള്ളവരായിരുന്നേക്കാം. അയാളോടു ക്ഷമിക്കുന്നത്, നമ്മോടു ചെയ്ത ദ്രോഹത്തിന് അയാൾ ശിക്ഷിക്കപ്പെടാതിരിക്കാൻ ഇടയാക്കുമെന്നു തോന്നിയേക്കാം. എന്നാൽ, നീരസം ഊട്ടിവളർത്തുന്നത് നാം നമ്മെത്തന്നെ വ്രണപ്പെടുത്തുന്നതിൽ കലാശിക്കുന്നു.
3 അതുകൊണ്ട് ക്ഷമിക്കാൻ യേശു നമ്മെ പഠിപ്പിക്കുന്നു—“ഏഴു എഴുപതു വട്ടം” വരെ. തീർച്ചയായും അവന്റെ പഠിപ്പിക്കലുകൾ ഒരിക്കലും നമുക്കു ദ്രോഹം ചെയ്യുകയില്ല. അവൻ പഠിപ്പിച്ച കാര്യങ്ങളെല്ലാം, ‘ശുഭകരമായി പ്രവർത്തിപ്പാൻ നമ്മെ അഭ്യസിപ്പിക്കുന്ന’ യഹോവയിൽനിന്നുള്ളവയാണ്. (യെശയ്യാവു 48:17; യോഹന്നാൻ 7:16, 17) മറ്റുള്ളവരോട് ക്ഷമിക്കുന്നത് ന്യായമായും നമുക്ക് പ്രയോജനപ്രദമായിരിക്കണം. നാം എന്തുകൊണ്ട് ക്ഷമിക്കണമെന്നും നമുക്കത് എങ്ങനെ ചെയ്യാൻ കഴിയുമെന്നും ചർച്ചചെയ്യുന്നതിനു മുമ്പ്, ആദ്യം ക്ഷമ എന്താണെന്നും എന്നാൽ എന്തല്ലെന്നും വ്യക്തമാക്കുന്നത് സഹായകമായിരിക്കാം. മറ്റുള്ളവരാൽ ദ്രോഹിക്കപ്പെടുമ്പോൾ, ക്ഷമയെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തിന് ക്ഷമിക്കുന്നതിനുള്ള നമ്മുടെ പ്രാപ്തിയുടെ മേൽ കുറെ സ്വാധീനം ഉണ്ടായിരുന്നേക്കാം.
4. മറ്റുള്ളവരോടു ക്ഷമിക്കുന്നത് എന്ത് അർഥമാക്കുന്നില്ല, എന്നാൽ ക്ഷമ നിർവചിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
4 മറ്റുള്ളവർ നമ്മെ ദ്രോഹിക്കുമ്പോൾ അവരോടു ക്ഷമിക്കുന്നത് അവർ ചെയ്തതിനെ നാം ഗൗനിക്കാതിരിക്കുന്നെന്നോ ഗൗരവം കുറച്ചു കാണുന്നെന്നോ അർഥമാക്കുന്നില്ല; മറ്റുള്ളവർ നമ്മെക്കൊണ്ട് അനുചിതമായി മുതലെടുക്കാൻ നാം അനുവദിക്കുന്നെന്നും അതിനർഥമില്ല. യഹോവ നമ്മോടു ക്ഷമിക്കുമ്പോൾ അവൻ നിശ്ചയമായും നമ്മുടെ പാപങ്ങളെ നിസ്സാരമായി തള്ളിക്കളയുന്നില്ലല്ലോ. പാപികളായ മനുഷ്യർ തന്റെ കരുണയെ ചവുട്ടിമെതിക്കാൻ അവൻ ഒരിക്കലും അനുവദിക്കുകയുമില്ല. (എബ്രായർ 10:29) തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) പുസ്തകം ക്ഷമയെ, “ഒരു കുറ്റക്കാരനോട് പൊറുക്കുന്ന പ്രവർത്തനം; അയാളുടെ കുറ്റം നിമിത്തം അയാളോടു നീരസം തോന്നുന്നത് നിർത്തൽ, പ്രായശ്ചിത്തം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് വേണ്ടെന്നുവെക്കൽ” എന്നു നിർവചിച്ചിരിക്കുന്നു. (വാല്യം 1, പേജ് 861)b മറ്റുള്ളവരോടു ക്ഷമിക്കുന്നതിന് ബൈബിൾ നമുക്കു ശക്തമായ കാരണങ്ങൾ നൽകുന്നു.
മറ്റുള്ളവരോടു ക്ഷമിക്കേണ്ടത് എന്തുകൊണ്ട്?
5. മറ്റുള്ളവരോടു ക്ഷമിക്കേണ്ടതിന്റെ ഏതു പ്രധാന കാരണം എഫെസ്യർ 5:1-ൽ സൂചിപ്പിച്ചിരിക്കുന്നു?
5 മറ്റുള്ളവരോടു ക്ഷമിക്കേണ്ടതിന്റെ ഒരു പ്രധാന കാരണം എഫെസ്യർ 5:1-ൽ സൂചിപ്പിച്ചിരിക്കുന്നു: “ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.” ഏതു സംഗതിയിലാണ് നാം “ദൈവത്തെ അനുകരി”ക്കുന്നവർ ആയിത്തീരേണ്ടത്? “ആകയാൽ” എന്ന പദം, പ്രസ്തുത പ്രയോഗത്തെ മുൻ വാക്യവുമായി ബന്ധിപ്പിക്കുന്നു, അതു പറയുന്നു: “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (എഫെസ്യർ 4:32) അതേ, ക്ഷമയുടെ കാര്യത്തിൽ നാം ദൈവത്തെ അനുകരിക്കുന്നവരായിത്തീരണം. ഒരു കൊച്ചുകുട്ടി തന്റെ പിതാവിനെപ്പോലെതന്നെയായിരിക്കാൻ ശ്രമിക്കുന്നതുപോലെ, യഹോവ ആഴമായി സ്നേഹിക്കുന്ന മക്കളെന്ന നിലയിൽ നാം നമ്മുടെ ക്ഷമാശീലനായ സ്വർഗീയ പിതാവിനെപ്പോലെ ആയിത്തീരാൻ ആഗ്രഹിക്കണം. യഹോവ സ്വർഗത്തിൽനിന്നു നോക്കുമ്പോൾ തന്റെ ഭൗമിക പുത്രന്മാർ പരസ്പരം ക്ഷമിച്ചുകൊണ്ട് തന്നെപ്പോലെയായിരിക്കാൻ ശ്രമിക്കുന്നതു കാണുന്നത് അവന്റെ ഹൃദയത്തെ എത്ര സന്തോഷിപ്പിക്കും!—ലൂക്കൊസ് 6:35, 36; മത്തായി 5:44-48 താരതമ്യം ചെയ്യുക.
6. യഹോവയുടെ ക്ഷമയും നമ്മുടെ ക്ഷമയും തമ്മിൽ ഏതു വിധത്തിലാണ് വളരെ വലിയ അന്തരമുള്ളത്?
6 യഹോവ ക്ഷമിക്കുന്നതുപോലെ പൂർണമായൊരു അർഥത്തിൽ ക്ഷമിക്കാൻ നമുക്കാവില്ലെന്നുള്ളത് സത്യംതന്നെ. എന്നാൽ നാം പരസ്പരം ക്ഷമിക്കേണ്ടതിന്റെ കൂടുതലായ കാരണം അതുതന്നെയാണ്. ഇത് പരിചിന്തിക്കുക: യഹോവയുടെ ക്ഷമയും നമ്മുടെ ക്ഷമയും തമ്മിൽ വളരെ വലിയൊരു അന്തരമുണ്ട്. (യെശയ്യാവു 55:7-9) നമുക്കെതിരെ പാപം ചെയ്തിട്ടുള്ളവരോട് നാം ക്ഷമിക്കുമ്പോൾ, ഉടനെയോ കുറെക്കഴിഞ്ഞോ അവരുടെ ക്ഷമ നമുക്കും ആവശ്യമായി വന്നേക്കാം എന്ന തിരിച്ചറിവോടെയാണ് നാമതുചെയ്യുന്നത്. മനുഷ്യരുടെ കാര്യത്തിൽ, അത് എല്ലായ്പോഴും പാപികൾ പാപികളോടു ക്ഷമിക്കുന്ന സംഗതിയാണ്. എന്നാൽ യഹോവയോടുള്ള ബന്ധത്തിൽ ക്ഷമ എല്ലായ്പോഴും ഒരു ദിശയിലേക്കു മാത്രമുള്ളതാണ്. അവൻ നമ്മോടു ക്ഷമിക്കുന്നു, എന്നാൽ നാമൊരിക്കലും അവനോടു ക്ഷമിക്കേണ്ടിവരുന്നില്ല. പാപം ചെയ്യാത്ത യഹോവയ്ക്ക് വളരെ സ്നേഹത്തോടെയും സമ്പൂർണമായും നമ്മോടു ക്ഷമിക്കാൻ കഴിയുമെങ്കിൽ, പാപികളായ നാം പരസ്പരം ക്ഷമിക്കാൻ ശ്രമിക്കേണ്ടതല്ലേ?—മത്തായി 6:12.
7. കരുണ കാണിക്കാൻ ഒരടിസ്ഥാനമുള്ളപ്പോൾ നാം മറ്റുള്ളവരോടു ക്ഷമിക്കാൻ വിസമ്മതിച്ചാൽ, അത് യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ എങ്ങനെ പ്രതികൂലമായി ബാധിച്ചേക്കാം?
7 കൂടുതൽ പ്രധാനമായി, കരുണ കാണിക്കാൻ ഒരടിസ്ഥാനമുള്ളപ്പോൾ നാം മറ്റുള്ളവരോടു ക്ഷമിക്കാൻ വിസമ്മതിച്ചാൽ, അതിന് യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കാൻ കഴിയും. പരസ്പരം ക്ഷമിക്കാൻ യഹോവ നമ്മോടു വെറുതെ പറയുകമാത്രമല്ല, നാം അപ്രകാരം ചെയ്യാൻ അവൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു. തിരുവെഴുത്തുകൾ പറയുന്നതനുസരിച്ച്, നമുക്ക് യഹോവയുടെ ക്ഷമ ആവശ്യമാണെന്നത് അല്ലെങ്കിൽ അവൻ നമ്മോടു ക്ഷമിച്ചിരിക്കുന്നുവെന്നത് ക്ഷമിക്കുന്നവരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്. (മത്തായി 6:14; മർക്കൊസ് 11:25; എഫെസ്യർ 4:32; 1 യോഹന്നാൻ 4:11) അതുകൊണ്ട്, ക്ഷമിക്കാൻ ശക്തമായ കാരണമുള്ളപ്പോൾ മറ്റുള്ളവരോട് അങ്ങനെ ചെയ്യാൻ നാം മനസ്സൊരുക്കമുള്ളവരല്ലെങ്കിൽ, യഹോവയിൽനിന്ന് നമുക്ക് അത്തരം ക്ഷമ വാസ്തവത്തിൽ പ്രതീക്ഷിക്കാനാകുമോ?—മത്തായി 18:21-35.
8. ക്ഷമിക്കുന്നത് നമ്മുടെ ക്ഷേമത്തിൽ കലാശിക്കുന്നത് എന്തുകൊണ്ട്?
8 യഹോവ തന്റെ ജനത്തെ “അവർ നടക്കേണ്ടുന്ന നല്ല വഴി” പഠിപ്പിക്കുന്നു. (1 രാജാക്കന്മാർ 8:36) അന്യോന്യം ക്ഷമിക്കാൻ അവൻ നമ്മെ ഉപദേശിക്കുമ്പോൾ, അവന്റെ ഹൃദയത്തിലുള്ളത് നമ്മുടെ ക്ഷേമമാണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. “ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ” എന്ന് ബൈബിൾ നമ്മോടു പറയുന്നത് നല്ല കാരണത്തോടെയാണ്. (റോമർ 12:19) നീരസമുണ്ടായിരിക്കുന്നത് ജീവിതത്തിൽ വലിയൊരു ഭാരമാണ്. നാം അത് വെച്ചുപുലർത്തുമ്പോൾ, അതു നമ്മുടെ ചിന്തകളെ വിഴുങ്ങുന്നു, സമാധാനം കവർന്നെടുക്കുന്നു, സന്തോഷം കെടുത്തുന്നു. അസൂയപോലെ, ദീർഘകാല കോപത്തിനും നമ്മുടെ ശാരീരിക ആരോഗ്യത്തിന്മേൽ ഹാനികരമായ ഫലമുളവാക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 14:30) നാം ഇതെല്ലാം അനുഭവിക്കുമ്പോൾ, കുറ്റക്കാരൻ നമ്മുടെ പ്രക്ഷുബ്ധാവസ്ഥ സംബന്ധിച്ച് പൂർണമായും അജ്ഞനായിരുന്നേക്കാം! നാം മറ്റുള്ളവരോടു സൗജന്യമായി ക്ഷമിക്കേണ്ടത് അവരുടെ പ്രയോജനത്തിനു വേണ്ടിമാത്രമല്ല നമ്മുടെ സ്വന്തം പ്രയോജനത്തിനു വേണ്ടിയുംകൂടെയാണെന്ന് നമ്മുടെ സ്നേഹവാനായ സ്രഷ്ടാവിനറിയാം. ക്ഷമിക്കാനുള്ള ബൈബിൾ കൽപ്പന തീർച്ചയായും “നടക്കേണ്ടുന്ന നല്ല വഴി”യാണ്.
‘പരസ്പരം സഹിഷ്ണുത പ്രകടമാക്കുന്നതിൽ തുടരുക’
9, 10. (എ) ഏതു തരത്തിലുള്ള സാഹചര്യങ്ങൾക്ക് ഔപചാരിക ക്ഷമ അത്യന്താപേക്ഷിതമല്ല? (ബി) ‘പരസ്പരം സഹിഷ്ണുത പ്രകടമാക്കുന്നതിൽ തുടരുക’ എന്ന പ്രയോഗം എന്തു സൂചിപ്പിക്കുന്നു?
9 ശാരീരിക മുറിവുകൾ നിസ്സാരമായവമുതൽ ആഴമേറിയവവരെയാകാം, എല്ലാറ്റിനും ഒരേ അളവിലുള്ള ശ്രദ്ധയാവശ്യമില്ല. മുറിവേറ്റ വികാരങ്ങളുടെ കാര്യത്തിലും അങ്ങനെതന്നെയാണ്—ചിലവ മറ്റുള്ളവയെക്കാൾ വളരെ ആഴത്തിലുള്ളതാണ്. മറ്റുള്ളവരോടുള്ള ബന്ധത്തിൽ നമ്മുടെ വികാരങ്ങൾക്കനുഭവപ്പെടുന്ന ഓരോ നിസ്സാര ക്ഷതത്തെക്കുറിച്ചും നാം വാസ്തവത്തിൽ വിവാദമുണ്ടാക്കേണ്ടതുണ്ടോ? നിസ്സാരമായ അസ്വാരസ്യങ്ങൾ, അപമാനങ്ങൾ, ശല്യപ്പെടുത്തലുകൾ എന്നിവ ജീവിതത്തിന്റെ ഭാഗമാണ്, അവയ്ക്ക് ഒരു ഔപചാരിക ക്ഷമ അത്യന്താപേക്ഷിതമല്ല. ഓരോ നിസ്സാരമായ പ്രശ്നങ്ങളെയുംപ്രതി മറ്റുള്ളവരെ ഒഴിവാക്കുകയും എന്നിട്ട് ക്ഷമചോദിച്ചാൽ മാത്രമേ അവരോട് വീണ്ടും മര്യാദയോടുകൂടി പെരുമാറുകയുള്ളുവെന്നു ശഠിക്കുകയും ചെയ്യുന്നവരായി നാം അറിയപ്പെടുന്നെങ്കിൽ നമ്മുടെ സൗഹൃദം സംബന്ധിച്ച് ജാഗ്രതപുലർത്താനോ നമ്മിൽനിന്ന് സുരക്ഷിതമായൊരു അകലം നിലനിർത്താനോ നാം അവരെ നിർബന്ധിതരാക്കിയേക്കാം!
10 പകരം, “ന്യായബോധമുള്ളവരെന്ന കീർത്തി ഉണ്ടായിരിക്കുന്നത്” വളരെ മെച്ചമാണ്. (ഫിലിപ്പിയർ 4:5, ഫിലിപ്സ്) തോളോടുതോൾചേർന്ന് സേവിക്കുന്ന അപൂർണ സൃഷ്ടികളെന്നനിലയിൽ നമ്മുടെ സഹോദരന്മാർ ഇടയ്ക്കിടെ നമ്മെ അസഹ്യപ്പെടുത്തിയേക്കുമെന്നും നാമും അങ്ങനെതന്നെ അവരോട് പ്രവർത്തിച്ചേക്കുമെന്നും നമുക്ക് ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്. കൊലൊസ്സ്യർ 3:13 നമ്മെ ഉപദേശിക്കുന്നു: ‘പരസ്പരം സഹിഷ്ണുത പ്രകടമാക്കുന്നതിൽ തുടരുക.’ മറ്റുള്ളവരോടുള്ള ബന്ധത്തിൽ ക്ഷമാശീലം പ്രകടമാക്കുന്നതിനെയും അവരിലെ നാം ഇഷ്ടപ്പെടാത്ത സ്വഭാവത്തെയോ അസ്വാസ്ഥ്യജനകമെന്ന് കണ്ടെത്തിയേക്കാവുന്ന പ്രവണതകളെയോ പൊറുക്കുന്നതിനെയും ആ പ്രയോഗം സൂചിപ്പിക്കുന്നു. മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപെടലുകളിൽ അനുഭവപ്പെടുന്ന നിസ്സാര വ്രണപ്പെടുത്തലുകളെ സഭയുടെ സമാധാനത്തിനു ഭംഗംവരുത്താതെ തരണം ചെയ്യാൻ അത്തരം ക്ഷമാശീലത്തിനും ആത്മസംയമനത്തിനും നമ്മെ സഹായിക്കാനാകും.—1 കൊരിന്ത്യർ 16:14.
മുറിവുകൾ ആഴമേറിയവയായിരിക്കുമ്പോൾ
11. മറ്റുള്ളവർ നമുക്കെതിരെ പാപം ചെയ്യുമ്പോൾ അവരോടു ക്ഷമിക്കാൻ നമ്മെ എന്തിനു സഹായിക്കാനാകും?
11 എന്നാൽ അവഗണിക്കാനാവാത്ത ഒരു മുറിവേൽപ്പിച്ചുകൊണ്ട് മറ്റുള്ളവർ നമുക്കെതിരെ പാപം ചെയ്യുന്നെങ്കിലോ? പാപം വളരെ ഗുരുതരമല്ലെങ്കിൽ ‘പരസ്പരം സൗജന്യമായി ക്ഷമിക്കുക’ എന്ന ബൈബിൾ ബുദ്ധ്യുപദേശം ബാധകമാക്കാൻ നമുക്കത്ര ബുദ്ധിമുട്ടുണ്ടാകില്ല. (എഫെസ്യർ 4:32) ക്ഷമിക്കാനുള്ള അത്തരം സന്നദ്ധത പത്രൊസിന്റെ നിശ്വസ്ത വാക്കുകൾക്കു ചേർച്ചയിലാണ്: “സകലത്തിന്നും മുമ്പെ തമ്മിൽ ഉററ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.” (1 പത്രൊസ് 4:8) നാമും പാപികളാണെന്നു മനസ്സിൽ പിടിക്കുന്നത് മറ്റുള്ളവരുടെ ലംഘനങ്ങൾ ഇളച്ചുകൊടുക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. അപ്രകാരം ക്ഷമിക്കുമ്പോൾ നാം നീരസം ഊട്ടിവളർത്തുന്നതിനു പകരം അത് ഒഴിവാക്കുന്നു. തത്ഫലമായി, കുറ്റക്കാരനുമായുള്ള നമ്മുടെ ബന്ധത്തിന് യാതൊരു നിലനിൽക്കുന്ന കോട്ടവും തട്ടാൻ സാധ്യതയില്ല, സഭയുടെ അമൂല്യ സമാധാനം കാത്തുസൂക്ഷിക്കാൻ നാം സഹായിക്കുകയും ചെയ്യുന്നു. (റോമർ 14:19) കാലക്രമത്തിൽ, അയാൾ ചെയ്തത് ഓർമയിൽനിന്ന് പാടേ മാഞ്ഞുപോയേക്കാം.
12. (എ) നമ്മെ ആഴമായി വ്രണപ്പെടുത്തിയ ഒരുവനോട് ക്ഷമിക്കുന്നതിന് നാം എന്തു മുൻകൈയെടുക്കേണ്ടതുണ്ടായിരിക്കാം? (ബി) എഫെസ്യർ 4:26-ലെ വാക്കുകൾ നാം പ്രശ്നങ്ങൾ പെട്ടെന്നുതന്നെ പരിഹരിക്കണമെന്നു സൂചിപ്പിക്കുന്നതെങ്ങനെ?
12 എന്നാൽ, നമ്മെ ആഴമായി വ്രണപ്പെടുത്തിക്കൊണ്ട് ഒരുവൻ നമുക്കെതിരെ വളരെ ഗൗരവമുള്ള പാപം ചെയ്യുന്നെങ്കിലോ? ദൃഷ്ടാന്തത്തിന്, ഒരു വിശ്വസ്ത സുഹൃത്തിനോട് നിങ്ങൾ പറഞ്ഞ അങ്ങേയറ്റം വ്യക്തിപരമായ ഒരു കാര്യം അയാൾ പരസ്യമാക്കിയിരിക്കാം. ആഴമായി മുറിവേറ്റതായും ആകെ കുഴഞ്ഞ അവസ്ഥയിൽ ആയിരിക്കുന്നതായും വഞ്ചിക്കപ്പെട്ടതായും നിങ്ങൾക്കു തോന്നുന്നു. അതു മറന്നുകളയാൻ നിങ്ങൾ ശ്രമിച്ചെങ്കിലും മനസ്സിൽനിന്നു പോകുന്നില്ല. അത്തരമൊരു കേസിൽ, പ്രശ്നം പരിഹരിക്കുന്നതിനായി നിങ്ങൾ മുൻകൈയെടുക്കേണ്ടതുണ്ടായിരിക്കാം, ഒരുപക്ഷേ കുറ്റക്കാരനോട് സംസാരിച്ചുകൊണ്ട്. സംഗതി രൂക്ഷമാകാൻ അവസരം ലഭിക്കുന്നതിനുമുമ്പ് അപ്രകാരം ചെയ്യുന്നത് ജ്ഞാനപൂർവകമായിരിക്കും. പൗലൊസ് നമ്മെ ഉദ്ബോധിപ്പിച്ചു: “കോപിച്ചാൽ [നമ്മുടെ കോപം വെച്ചുകൊണ്ടിരിക്കുകയോ അതിനനുസരണമായി പ്രവർത്തിക്കുകയോ ചെയ്യുകവഴി] പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു.” (എഫെസ്യർ 4:26) യഹൂദന്മാർക്കിടയിൽ സൂര്യാസ്തമയം ഒരു ദിവസത്തിന്റെ അവസാനവും പുതിയ ദിവസത്തിന്റെ ആരംഭവും കുറിച്ചിരുന്നുവെന്ന വസ്തുത പൗലൊസിന്റെ വാക്കുകൾക്കു കൂടുതൽ അർഥം പകരുന്നു. അതുകൊണ്ട് ബുദ്ധ്യുപദേശം ഇതാണ്: പ്രശ്നം പെട്ടെന്നുതന്നെ പരിഹരിക്കുക!—മത്തായി 5:23, 24.
13. നമ്മെ വ്രണപ്പെടുത്തിയ ഒരുവനെ സമീപിക്കുമ്പോൾ നമ്മുടെ ലക്ഷ്യം എന്തായിരിക്കണം, അതിൽ എത്തിച്ചേരാൻ ഏതു നിർദേശങ്ങൾ നമ്മേ സഹായിച്ചേക്കാവുന്നതാണ്?
13 നാം കുറ്റക്കാരനെ സമീപിക്കുന്നത് എങ്ങനെയായിരിക്കണം? “സമാധാനം അന്വേഷിച്ചു പിന്തുടരു”വിൻ എന്ന് 1 പത്രൊസ് 3:11 പറയുന്നു. അപ്പോൾ, നിങ്ങളുടെ ലക്ഷ്യം കോപം പ്രകടിപ്പിക്കുക എന്നതല്ല, മറിച്ച് സഹോദരനുമായി സമാധാനം സ്ഥാപിക്കുക എന്നതാണ്. അതിന്, പരുഷമായ വാക്കുകളും ആംഗ്യങ്ങളും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്; ഇത് മറ്റേ വ്യക്തിയിൽനിന്ന് സമാനമായ പ്രതികരണങ്ങൾ ഉളവാക്കിയേക്കാം. (സദൃശവാക്യങ്ങൾ 15:18; 29:11) കൂടാതെ, “നിങ്ങൾ എല്ലായ്പോഴും . . . !” അല്ലെങ്കിൽ, “നിങ്ങൾ ഒരിക്കലും . . . !” എന്നിങ്ങനെയുള്ള ഊതിവീർപ്പിച്ച പ്രസ്താവനകൾ ഒഴിവാക്കുക. അത്തരം ഊതിവീർപ്പിച്ച അഭിപ്രായപ്രകടനങ്ങൾ അയാളെ ചെറുത്തുനിൽപ്പിന് പ്രേരിപ്പിച്ചേക്കുകയേ ഉള്ളൂ. പകരം, നിങ്ങളുടെ സ്വരവും മുഖഭാവവും, നിങ്ങളെ ആഴമായി വ്രണപ്പെടുത്തിയ ഒരു സംഗതി പരിഹരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന ആശയം നൽകട്ടെ. സംഭവിച്ചതിനെക്കുറിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നുവെന്നു വ്യക്തമായി വിശദീകരിക്കുക. തന്റെ പ്രവൃത്തികളെക്കുറിച്ച് വിശദീകരിക്കുന്നതിന് മറ്റേവ്യക്തിക്ക് ഒരവസരം നൽകുക. അയാൾക്കു പറയാനുള്ളത് ശ്രദ്ധിക്കുക. (യാക്കോബ് 1:19) അത് എന്തു ഗുണം ചെയ്യും? സദൃശവാക്യങ്ങൾ 19:11 (NW) വിശദീകരിക്കുന്നു: “ഒരു മനുഷ്യന്റെ വിവേകം നിശ്ചയമായും അവന്റെ കോപത്തെ മന്ദീഭവിപ്പിക്കുന്നു, ലംഘനം ക്ഷമിക്കുന്നത് അവനെ സംബന്ധിച്ചിടത്തോളം ഭൂഷണമാകുന്നു.” മറ്റേ വ്യക്തിയുടെ വികാരങ്ങളും അയാളുടെ പ്രവർത്തനങ്ങളുടെ പിന്നിലെ കാരണങ്ങളും മനസ്സിലാക്കുന്നത് അയാളോടുള്ള നിഷേധാത്മക വിചാരങ്ങളെയും വികാരങ്ങളെയും ദൂരീകരിച്ചേക്കാം. സമാധാനം സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെ നാം സാഹചര്യത്തെ സമീപിക്കുകയും ആ മനോഭാവം നിലനിർത്തുകയും ചെയ്യുമ്പോൾ സർവസാധ്യതയുമനുസരിച്ച് ഏതു തെറ്റിദ്ധാരണയും നീക്കംചെയ്യാനും ഉചിതമായ ക്ഷമായാചനം നടത്താനും ക്ഷമ വെച്ചുനീട്ടാനും സാധിക്കും.
14. മറ്റുള്ളവരോട് ക്ഷമിക്കുമ്പോൾ നാം ഏത് അർഥത്തിൽ കാര്യങ്ങൾ മറക്കണം?
14 മറ്റുള്ളവരോടു ക്ഷമിക്കുന്നതിന്റെ അർഥം, സംഭവിച്ചതു നാം വാസ്തവത്തിൽ മറക്കണമെന്നാണോ? കഴിഞ്ഞ ലേഖനത്തിൽ ചർച്ചചെയ്തപ്രകാരം, ഈ സംഗതിയിലെ യഹോവയുടെ ദൃഷ്ടാന്തം ഓർമിക്കുക. യഹോവ നമ്മുടെ പാപങ്ങൾ മറക്കുന്നുവെന്ന് ബൈബിൾ പറയുമ്പോൾ, അവ ഓർമിക്കാൻ അവൻ അപ്രാപ്തനാണെന്ന് അത് അർഥമാക്കുന്നില്ല. (യെശയ്യാവു 43:25) പകരം, ഒരിക്കൽ ക്ഷമിച്ചാൽപ്പിന്നെ ആ പാപങ്ങൾ നമുക്കെതിരെ ഭാവിയിലേക്കായി വെച്ചുകൊണ്ടിരിക്കില്ല എന്ന അർഥത്തിൽ അവൻ മറക്കുന്നു. (യെഹെസ്കേൽ 33:14-16) സമാനമായി, സഹമനുഷ്യരോടു ക്ഷമിക്കുന്നത് അവർ ചെയ്തതു നമുക്ക് ഓർമിക്കാനാവില്ലെന്ന് അവശ്യം അർഥമാക്കുന്നില്ല. എന്നാൽ കുറ്റം ചെയ്തയാൾക്കെതിരായി നാം അവ വെച്ചുകൊണ്ടിരിക്കുന്നില്ലെന്നോ ഭാവിയിൽ അവ വീണ്ടും കുത്തിപ്പൊക്കിക്കൊണ്ടു വരികയില്ലെന്നോ ഉള്ള അർഥത്തിൽ നമുക്ക് മറക്കാൻ കഴിയും. പ്രശ്നം അങ്ങനെ പരിഹരിച്ചാൽ, പിന്നെ അതിനെക്കുറിച്ച് കുശുകുശുപ്പ് നടത്തുന്നത് ഉചിതമായിരിക്കില്ല; പുറത്താക്കപ്പെട്ടാലെന്നവണ്ണം കുറ്റക്കാരനെ പൂർണമായി ഒഴിവാക്കുന്നതും സ്നേഹപൂർവകമായിരിക്കില്ല. (സദൃശവാക്യങ്ങൾ 17:9) അയാളുമായുള്ള നമ്മുടെ ബന്ധം പുനഃസ്ഥാപിതമാകാൻ കുറെ സമയമെടുത്തേക്കാമെന്നതു സത്യംതന്നെ; മുമ്പത്തെപ്പോലുള്ള അതേ അടുപ്പം നാം ആസ്വദിക്കുകയില്ലായിരിക്കാം. എന്നാൽ അപ്പോഴും നാം അയാളെ നമ്മുടെ ക്രിസ്തീയ സഹോദരനെന്ന നിലയിൽ സ്നേഹിക്കുകയും സമാധാനപൂർണമായ ബന്ധം നിലനിർത്താൻ നമ്മുടെ പരമാവധി പ്രവർത്തിക്കുകയും ചെയ്യുന്നു.—ലൂക്കൊസ് 17:3 താരതമ്യം ചെയ്യുക.
ക്ഷമിക്കാൻ സാധ്യമല്ലെന്നു തോന്നുമ്പോൾ
15, 16. (എ) അനുതാപമില്ലാത്ത ഒരു ദുഷ്പ്രവൃത്തിക്കാരനോടു ക്ഷമിക്കാൻ ക്രിസ്ത്യാനികൾ ബാധ്യസ്ഥരാണോ? (ബി) സങ്കീർത്തനം 37:8-ൽ കാണുന്ന ബൈബിൾ ബുദ്ധ്യുപദേശം നമുക്കെങ്ങനെ ബാധകമാക്കാൻ കഴിയും?
15 എന്നാൽ, നമുക്കെതിരെ മറ്റുള്ളവർ ചെയ്യുന്ന പാപം ഏറ്റവും ആഴത്തിൽ മുറിപ്പെടുത്തുന്ന വിധത്തിലുള്ളതായിരുന്നിട്ടും കുറ്റക്കാരൻ പാപം സമ്മതിക്കുകയോ അനുതപിക്കുകയോ ക്ഷമചോദിക്കുകയോ ചെയ്യുന്നില്ലെങ്കിലോ? (സദൃശവാക്യങ്ങൾ 28:13) അനുതാപമില്ലാത്ത, തഴമ്പിച്ച പാപികളോടു യഹോവ ക്ഷമിക്കുന്നില്ലെന്നു തിരുവെഴുത്തുകൾ വ്യക്തമായി സൂചിപ്പിക്കുന്നു. (എബ്രായർ 6:4-6; 10:26, 27) നമ്മെ സംബന്ധിച്ചെന്ത്? തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച പുസ്തകം പറയുന്നു: “യാതൊരു അനുതാപവുമില്ലാതെ ദ്രോഹകരമായ, മനഃപൂർവമായ, പാപം ചെയ്യുന്നവരോടു ക്ഷമിക്കാൻ ക്രിസ്ത്യാനികൾക്കു ബാധ്യതയില്ല. അത്തരക്കാർ ദൈവത്തിന്റെ ശത്രുക്കളായിത്തീരുന്നു.” (വാല്യം 1, പേജ് 862) അത്യന്തം നീതിരഹിതമോ മ്ലേച്ഛമോ കിരാതമോ ആയ പെരുമാറ്റത്തിനു വിധേയനായ ഒരു ക്രിസ്ത്യാനിയും അനുതാപമില്ലാത്ത പാപിയോട് ക്ഷമിക്കാൻ അഥവാ പൊറുക്കാൻ താൻ നിർബന്ധിതനാണെന്നു വിചാരിക്കരുത്.—സങ്കീർത്തനം 139:21, 22.
16 ക്രൂരമായ പെരുമാറ്റത്തിനു വിധേയരായിട്ടുള്ളവർക്കു വ്രണിതവികാരവും കോപവും അനുഭവപ്പെടാമെന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, കോപവും നീരസവും വെച്ചുപുലർത്തുന്നത് നമുക്കു വളരെയേറെ അപകടം കൈവരുത്തിയേക്കാമെന്ന് ഓർമിക്കുക. ഒരിക്കലും സംഭവിക്കുകയില്ലാത്ത ഒരു കുറ്റസമ്മതത്തിനോ ക്ഷമായാചനയ്ക്കോ വേണ്ടി കാത്തിരിക്കുന്നത് ഒരുപക്ഷേ നമ്മെ അധികമധികം നിരാശരാക്കുകയേ ഉള്ളൂ. ആ അനീതിയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് നമ്മുടെ ഉള്ളിൽ കോപം തിളച്ചുമറിയാൻ ഇടയാക്കിയേക്കാം. അത് ആത്മീയവും വൈകാരികവും ശാരീരികവുമായ ആരോഗ്യത്തിന് വിനാശകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നു. ഫലത്തിൽ, നമ്മെ വ്രണപ്പെടുത്തിയവനെ തുടർന്നും നമ്മെ വ്രണപ്പെടുത്തിക്കൊണ്ടിരിക്കാൻ നാം അനുവദിക്കുകയാണ്. ജ്ഞാനപൂർവം ബൈബിൾ ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക.” (സങ്കീർത്തനം 37:8) അതിനാൽ, നീരസം വെച്ചുകൊണ്ടിരിക്കുന്നത് അവസാനിപ്പിക്കുക എന്ന അർഥത്തിൽ കാലക്രമേണ തങ്ങൾക്ക് ക്ഷമിക്കാൻ കഴിഞ്ഞതായി ചില ക്രിസ്ത്യാനികൾ കണ്ടെത്തിയിരിക്കുന്നു—തങ്ങൾക്കു സംഭവിച്ചതിനെ അവർ നിസ്സാരമായി വീക്ഷിക്കുന്നില്ല, മറിച്ച് കോപത്താൽ എരിഞ്ഞുതീരാൻ അവർ വിസമ്മതിക്കുന്നു. പ്രസ്തുത സംഗതിയെ നീതിയുടെ ദൈവത്തിന്റെ കരങ്ങളിൽ പൂർണമായും വിട്ടുകൊടുത്തുകൊണ്ട് അവർ വളരെയേറെ ആശ്വാസം അനുഭവിക്കുകയും നീരസത്തിന്റെ ശക്തമായ വികാരത്തള്ളലില്ലാതെ ജീവിക്കാൻ പ്രാപ്തരാകുകയും ചെയ്തു.—സങ്കീർത്തനം 37:28.
17. വെളിപ്പാടു 21:4, 5എ-ൽ രേഖപ്പെടുത്തിയിരിക്കുന്ന യഹോവയുടെ വാഗ്ദാനം നമുക്ക് ഏത് ആശ്വാസപ്രദമായ ഉറപ്പേകുന്നു?
17 ഒരു മുറിവ് വളരെ ആഴത്തിലുള്ളതായിരിക്കുമ്പോൾ, കുറഞ്ഞപക്ഷം ഈ വ്യവസ്ഥിതിയിലെങ്കിലും അത് നമ്മുടെ മനസ്സിൽനിന്ന് പൂർണമായും തുടച്ചുനീക്കുന്നതിൽ നാം വിജയിച്ചേക്കുകയില്ല. എന്നാൽ യഹോവ ഒരു പുതിയ ലോകം വാഗ്ദാനം ചെയ്യുന്നു. അതിൽ, “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു [“പൂർവകാര്യങ്ങൾ,” NW] കഴിഞ്ഞുപോയി”രിക്കും. (വെളിപ്പാടു 21:4, 5എ) അന്ന് നാം എന്തുതന്നെ ഓർമിച്ചാലും അത്, ഇപ്പോൾ നമ്മുടെ ഹൃദയത്തെ ഭാരപ്പെടുത്തുന്ന ആഴമായ വ്രണിതവികാരമോ വേദനയോ ഉളവാക്കുകയില്ല.—യെശയ്യാവു 65:17, 18.
18. (എ) സഹോദരീസഹോദരന്മാരുമായുള്ള നമ്മുടെ ഇടപെടലുകളിൽ ക്ഷമിക്കുന്നവരായിരിക്കേണ്ടത് എന്തുകൊണ്ട്? (ബി) മറ്റുള്ളവർ നമുക്കെതിരെ പാപം ചെയ്യുമ്പോൾ ഏതർഥത്തിൽ നമുക്കു ക്ഷമിക്കാനും മറക്കാനും കഴിയും? (സി) അത് നമുക്കു പ്രയോജനം ചെയ്യുന്നതെങ്ങനെ?
18 അതുവരെ, അപൂർണരും പാപപ്രവണതയുള്ളവരുമായ സഹോദരീസഹോദരന്മാർ എന്നനിലയിൽ നാം ഒരുമയോടെ ജീവിക്കുകയും പ്രവർത്തിക്കുകയും വേണം. നാമെല്ലാവരും തെറ്റുകൾ ചെയ്യുന്നു. ഇടയ്ക്കിടെ നാം പരസ്പരം നിരാശപ്പെടുത്തുകയോ വ്രണപ്പെടുത്തുകപോലുമോ ചെയ്യുന്നു. മറ്റുള്ളവരോട് “ഏഴുവട്ടമല്ല, ഏഴു എഴുപതു വട്ടം” നാം ക്ഷമിക്കേണ്ടതുണ്ടെന്ന് യേശു നന്നായി മനസ്സിലാക്കി! (മത്തായി 18:22) യഹോവയെപ്പോലെ അത്ര പൂർണമായി നമുക്ക് ക്ഷമിക്കാനാവില്ലെന്നുള്ളത് സത്യമാണ്. എന്നിരുന്നാലും നമ്മുടെ സഹോദരങ്ങൾ നമുക്കെതിരെ പാപം ചെയ്യുന്ന മിക്ക അവസരങ്ങളിലും നമുക്ക്, നീരസം തരണംചെയ്യുക എന്ന അർഥത്തിൽ ക്ഷമിക്കാനും പ്രസ്തുത പ്രശ്നം അവർക്കെതിരായി ഭാവിയിലേക്ക് അനിശ്ചിതമായി വെച്ചുകൊണ്ടിരിക്കില്ല എന്ന അർഥത്തിൽ മറക്കാനും കഴിയും. നാം അപ്രകാരം ക്ഷമിക്കുകയും മറക്കുകയും ചെയ്യുമ്പോൾ, സഭയുടെ സമാധാനം മാത്രമല്ല നമ്മുടെതന്നെ മനഃസമാധാനവും കാത്തുസൂക്ഷിക്കാൻ നാം സഹായിക്കുന്നു. എല്ലാറ്റിലുമുപരി, നമ്മുടെ സ്നേഹവാനാം ദൈവമായ യഹോവയ്ക്കു മാത്രം നൽകാൻ കഴിയുന്ന സമാധാനം നാം ആസ്വദിക്കും.—ഫിലിപ്പിയർ 4:7.
[അടിക്കുറിപ്പുകൾ]
a ബാബിലോണിയൻ തൽമൂദ് പറയുന്നതനുസരിച്ച്, റബിമാരുടെ ഒരു പാരമ്പര്യം ഇങ്ങനെ പ്രസ്താവിച്ചു: “ഒരാൾ ഒരു കുറ്റം ചെയ്യുന്നെങ്കിൽ, ഒന്നും രണ്ടും മൂന്നും പ്രാവശ്യം അയാളോടു ക്ഷമിക്കുന്നു; നാലാം പ്രാവശ്യം അയാളോടു ക്ഷമിക്കുന്നില്ല.” (യോമാ 86ബി) ഇതു ഭാഗികമായി, ആമോസ് 1:3; 2:6; ഇയ്യോബ് 33:29 എന്നീ വാക്യങ്ങളുടെ തെറ്റായ ഗ്രാഹ്യത്തിൽ അധിഷ്ഠിതമായിരുന്നു.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചത്.
പുനരവലോകന ചോദ്യങ്ങൾ
□ മറ്റുള്ളവരോടു ക്ഷമിക്കാൻ നാം മനസ്സൊരുക്കമുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
□ ഏതു തരത്തിലുള്ള സാഹചര്യങ്ങൾ ‘പരസ്പരം സഹിഷ്ണുത പ്രകടമാക്കുന്നതിൽ തുടരേ’ണ്ടത് ആവശ്യമാക്കുന്നു?
□ നാം മറ്റുള്ളവരുടെ പാപങ്ങളാൽ ആഴമായി വ്രണിതരായിരിക്കുമ്പോൾ, പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ നമുക്കെന്തു ചെയ്യാൻ കഴിയും?
□ നാം മറ്റുള്ളവരോടു ക്ഷമിക്കുമ്പോൾ ഏതർഥത്തിലാണ് നാം മറക്കേണ്ടത്?
[16-ാം പേജിലെ ചിത്രം]
നാം നീരസം വെച്ചുകൊണ്ടിരിക്കുമ്പോൾ, കുറ്റക്കാരൻ നമ്മുടെ പ്രക്ഷുബ്ധാവസ്ഥ സംബന്ധിച്ച് പൂർണമായും അജ്ഞനായിരുന്നേക്കാം
[17-ാം പേജിലെ ചിത്രം]
സമാധാനം സ്ഥാപിക്കാനായി നിങ്ങൾ മറ്റുള്ളവരെ സമീപിക്കുമ്പോൾ, തെറ്റിദ്ധാരണകൾ അനായാസം ദൂരീകരിക്കപ്പെട്ടേക്കാം