‘നിന്റെ സ്നേഹദയ ജീവനെക്കാൾ മെച്ചമാകുന്നു’
കാൽവിൻ എച്ച്. ഹോംസ് പറഞ്ഞപ്രകാരം
കാലം 1930 ഡിസംബർ. ഒരു അയൽവാസിയെ കണ്ടിട്ട് ഡാഡി മടങ്ങിവരുമ്പോൾ ഞാൻ പശുക്കളെ കറന്നുകഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. “വൈമൻ എനിക്കു കടംതന്ന പുസ്തകമാണിത്,” പോക്കറ്റിൽനിന്ന് ഒരു നീലപ്പുസ്തകം പുറത്തെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന്റെ പേര് ഉദ്ധാരണം എന്നായിരുന്നു. അപൂർവമായി മാത്രം വായിക്കാറുണ്ടായിരുന്ന ഡാഡി രാത്രി വളരെ വൈകുംവരെയിരുന്ന് ആ പുസ്തകം വായിച്ചു.
പിന്നീട് ഡാഡി വാച്ച് ടവർ സൊസൈറ്റിയുടെതന്നെ പ്രകാശം, അനുരഞ്ജനം (ഇംഗ്ലീഷ്) എന്നീ ശീർഷകങ്ങളോടുകൂടിയ മറ്റു പുസ്തകങ്ങളും കടം വാങ്ങി. അമ്മയുടെ പഴയ ബൈബിൾ കണ്ടെടുത്ത അദ്ദേഹം രാത്രി വളരെ വൈകുംവരെയിരുന്ന് മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ അതു വായിച്ചു. ഡാഡിക്കു വളരെ മാറ്റമുണ്ടായി. വിറകുകൊണ്ട് കത്തിക്കുന്ന പഴയരീതിയിലുള്ള ഒരു അടുപ്പിനു ചുറ്റുമിരിക്കെ, ആ ശിശിരത്തിൽ അദ്ദേഹം ഞങ്ങളോട്—എന്നോടും അമ്മയോടും എന്റെ മൂന്നു പെങ്ങന്മാരോടും—മണിക്കൂറുകളോളം സംസാരിച്ചു.
ആ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നവരെ ബൈബിൾ വിദ്യാർഥികൾ എന്നാണ് വിളിക്കുന്നതെന്നും അവരുടെ അഭിപ്രായത്തിൽ നാം ജീവിക്കുന്നത് “അന്ത്യകാല”ത്താണെന്നും ഡാഡി പറഞ്ഞു. (2 തിമൊഥെയൊസ് 3:1-5) ലോകാവസാനത്തിങ്കൽ ഭൂമി നശിപ്പിക്കപ്പെടുകയില്ല, പകരം ദൈവരാജ്യത്തിൻ കീഴിൽ അതൊരു പറുദീസയായിത്തീരുമെന്ന് അദ്ദേഹം വിശദീകരിച്ചു. (2 പത്രൊസ് 3:5-7, 13; വെളിപ്പാടു 21:3, 4) വാസ്തവത്തിൽ എനിക്കതിൽ വളരെ താത്പര്യം തോന്നി.
ഒന്നിച്ച് പണി ചെയ്യുമ്പോൾ ഡാഡി എന്നോടു പല കാര്യങ്ങളും പറയുമായിരുന്നു. ഞങ്ങൾ ചോളത്തിന്റെ ഉമ്മി കളഞ്ഞുകൊണ്ടിരിക്കെയാണ് ദൈവത്തിന്റെ നാമം യഹോവ എന്നാണെന്ന് അദ്ദേഹം പറഞ്ഞത്. (സങ്കീർത്തനം 83:18) 1931-ലെ വസന്തകാലത്ത്, എനിക്ക് കേവലം 14 വയസ്സായിരുന്നപ്പോൾ ഞാൻ യഹോവയ്ക്കും അവന്റെ രാജ്യത്തിനും വേണ്ടി നിലപാടു സ്വീകരിച്ചു. വീടിനു പിന്നിലുള്ള പഴയ ആപ്പിൾത്തോട്ടത്തിൽവെച്ച് ഞാൻ യഹോവയോടു പ്രാർഥിച്ചിട്ട് എക്കാലത്തും അവനെ സേവിക്കുമെന്നു വാഗ്ദാനം ചെയ്തു. നമ്മുടെ അത്ഭുതവാനായ ദൈവത്തിന്റെ സ്നേഹദയയാൽ എന്റെ ഹൃദയം പ്രേരിതമായിക്കഴിഞ്ഞിരുന്നു.—സങ്കീർത്തനം 63:3.
യു.എസ്.എ.-യിലെ മിസ്സൗറിയിലുള്ള സെൻറ് ജോസഫിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഒരു കൃഷിയിടത്തിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. അവിടെനിന്ന് കാൻസസ് നഗരത്തിലേക്ക് 65 കിലോമീറ്ററിൽ കുറഞ്ഞ ദൂരമേ ഉണ്ടായിരുന്നുള്ളൂ. 19-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ എന്റെ മുതുമുത്തച്ഛൻ ആ കൃഷിയിടത്തിൽ തടികൊണ്ടു പണികഴിപ്പിച്ച ഒരു വീട്ടിലായിരുന്നു ഡാഡിയുടെ ജനനം.
ശുശ്രൂഷയ്ക്കുള്ള പരിശീലനം
1931-ലെ ഗ്രീഷ്മത്തിൽ, വാച്ച് ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ജോസഫ് റഥർഫോർഡ് ഒഹായോയിലെ കൊളംബസിൽ നടന്ന കൺവെൻഷനിൽ നടത്തിയ “രാജ്യം, ലോകത്തിന്റെ പ്രത്യാശ” എന്ന പരസ്യപ്രസംഗം ഞങ്ങളുടെ കുടുംബം റേഡിയോയിലൂടെ ശ്രവിച്ചു. എന്റെ ഹൃദയത്തെ തൊട്ടുണർത്തിയ ആ പ്രധാന പരസ്യപ്രസംഗം അടങ്ങിയ ചെറുപുസ്തകം പരിചയക്കാർക്കു കൊടുക്കുന്നതിൽ ഞാൻ സസന്തോഷം ഡാഡിയുടെ കൂടെ പങ്കെടുത്തു.
1932-ലെ വസന്തത്തിലാണ് യഹോവയുടെ സാക്ഷികളുടെ യോഗത്തിൽ ഞാൻ ആദ്യമായി സംബന്ധിക്കുന്നത്. യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാരമേൽവിചാരകനായ ജോർജ് ഡ്രേപ്പർ സെൻറ് ജോസഫിൽ നടത്തുന്ന ഒരു പ്രസംഗം കേൾക്കാൻ ഞങ്ങളുടെ അയൽക്കാരൻ എന്നെയും ഡാഡിയെയും ക്ഷണിച്ചു. ഞങ്ങൾ എത്തിച്ചേർന്നപ്പോഴേക്കും യോഗം പകുതി കഴിഞ്ഞിരുന്നു. ദൃഢഗാത്രനും നല്ല മാർവിരിവുള്ളവനുമായ ജെ. ഡി. ഡ്രയെറിന്റെ പിന്നിലായി എനിക്ക് ഇരിക്കാൻ സ്ഥലം കിട്ടി. അദ്ദേഹം പിൽക്കാലത്ത് എന്റെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തി.
1933 സെപ്റ്റംബറിൽ കാൻസസ് നഗരത്തിൽ ഞാൻ ഡാഡിയോടൊപ്പം ഒരു സമ്മേളനത്തിൽ പങ്കെടുത്തു. അവിടെവെച്ചാണ് ഞാൻ ആദ്യമായി പരസ്യമായ പ്രസംഗവേലയിൽ ഏർപ്പെടുന്നത്. മൂന്നു ചെറുപുസ്തകങ്ങൾ എന്റെ കയ്യിൽ തന്നിട്ട് പിൻവരുന്നപ്രകാരം പറയാൻ ഡാഡി നിർദേശിച്ചു: “ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്ന ഒരു യഹോവയുടെ സാക്ഷിയാണ് ഞാൻ. ജഡ്ജ് റഥർഫോർഡിന്റെ പ്രസംഗം നിങ്ങൾ തീർച്ചയായും റേഡിയോയിലൂടെ കേട്ടിട്ടുണ്ടാകാം. 300-ലധികം റേഡിയോ നിലയങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഓരോ വാരത്തിലും പ്രക്ഷേപണം ചെയ്യാറുണ്ട്.” അങ്ങനെ പറഞ്ഞിട്ട് ഞാനൊരു ചെറുപുസ്തകം സമർപ്പിച്ചു. അന്നു വൈകുന്നേരം ഞാൻ പശുക്കളെ കറന്നുകൊണ്ടിരിക്കെ, എന്റെ ജീവിതത്തിലെ ഏറ്റവും സ്മരണീയമായ ദിനം അതാണെന്നു ഞാൻ ചിന്തിച്ചു.
താമസിയാതെ ശിശിരകാലം തുടങ്ങി, യാത്ര ദുഷ്കരമായിരുന്നു. എങ്കിലും, ഡ്രയെർ സഹോദരനും ഭാര്യയും ഞങ്ങളെ സന്ദർശിച്ചു. ശനിയാഴ്ച വൈകുന്നേരം അവരുടെ വീട്ടിൽ ചെല്ലാനും അന്നു രാത്രി അവിടെ തങ്ങാനും ആഗ്രഹമുണ്ടോയെന്ന് അവരെന്നോട് ചോദിച്ചു. അവരുടെ വീട്ടിലേക്കുള്ള പത്തു കിലോമീറ്റർ നടത്തം ശ്രമത്തിനുതക്ക മൂല്യമുള്ളതായിരുന്നു. കാരണം, പിറ്റേ ദിവസം അവരോടൊപ്പം വയൽസേവനത്തിനു പോകാനും സെൻറ് ജോസഫിലെ വീക്ഷാഗോപുര അധ്യയനത്തിൽ സംബന്ധിക്കാനും എനിക്കു സാധിച്ചു. അന്നുമുതൽ, ഞായറാഴ്ചകളിലെ ശുശ്രൂഷ ഞാൻ മുടക്കിയിട്ടില്ലെന്നുതന്നെ പറയാം. ഡ്രയെർ സഹോദരൻ നൽകിയ പരിശീലനവും ബുദ്ധ്യുപദേശവും അമൂല്യമായിരുന്നു.
ഒടുവിൽ, കാൻസസ് നഗരത്തിൽ നടന്ന ഒരു സമ്മേളനത്തിൽവെച്ച് 1935 സെപ്റ്റംബർ 2-ന് ജലസ്നാപനത്താൽ യഹോവയ്ക്കുള്ള എന്റെ സമർപ്പണത്തെ പ്രതീകപ്പെടുത്താൻ എനിക്കു കഴിഞ്ഞു.
ഒരു ആയുഷ്കാല വേലയുടെ തുടക്കം
1936-ന്റെ തുടക്കത്തിൽ, ഒരു പയനിയർ അഥവാ മുഴുസമയ ശുശ്രൂഷകൻ ആയിത്തീരുന്നതിന് ഞാൻ അപേക്ഷ നൽകി. പയനിയർ പങ്കാളികളെ തേടുന്നവരുടെ പട്ടികയിൽ എന്നെയും ഉൾപ്പെടുത്തി. അതിനുശേഷം താമസിയാതെ, വയോമിങ്ങിലുള്ള ആർവാദയിൽനിന്ന് എഡ്വേർഡ് സ്റ്റെഡിന്റെ ഒരു കത്ത് എനിക്കു കിട്ടി. സദാ വീൽച്ചെയറിനെ ആശ്രയിക്കേണ്ടിവരുന്ന തനിക്കു പയനിയറിങ് ചെയ്യുന്നതിന് സഹായമാവശ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. പെട്ടെന്നുതന്നെ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച എനിക്ക് 1936 ഏപ്രിൽ 18-ന് പയനിയറായി നിയമനം ലഭിച്ചു.
സ്റ്റെഡ് സഹോദരന്റെ അടുക്കൽ ചെല്ലുന്നതിനു മുമ്പ്, എന്റെ അമ്മ എന്നോടു സ്വകാര്യമായി സംസാരിച്ചു. “മോനേ, ഇതുതന്നെയാണ് നീ ചെയ്യാനാഗ്രഹിക്കുന്നതെന്നു നിനക്ക് ഉറപ്പുണ്ടോ?” എന്ന് അവർ ചോദിച്ചു.
“അല്ലാത്തപക്ഷം ജീവിക്കുന്നതിൽ യാതൊരു അർഥവുമില്ല,” ഞാൻ പ്രതിവചിച്ചു. മറ്റെന്തിനെക്കാളും പ്രധാനം യഹോവയുടെ സ്നേഹദയയാണെന്ന് ഞാൻ വിലമതിക്കാനിടയായി.
സ്റ്റെഡ് സഹോദരനെ ഞങ്ങൾ വിളിച്ചിരുന്നത് റ്റെഡ് എന്നാണ്. അദ്ദേഹത്തോടൊപ്പമുള്ള പയനിയറിങ് ഒന്നാന്തരം പരിശീലനമായിരുന്നു. നല്ല തീക്ഷ്ണതയുള്ളവനായിരുന്ന അദ്ദേഹം രാജ്യസന്ദേശം അവതരിപ്പിക്കുന്ന രീതി വളരെ ഹൃദ്യമായിരുന്നു. എന്നാൽ, റ്റെഡിന് ആകെ സാധിച്ചിരുന്നത് എഴുത്തും സംസാരവും മാത്രമായിരുന്നു; വാതം അദ്ദേഹത്തിന്റെ സന്ധികളെയെല്ലാം ബാധിച്ചിരുന്നു. ഞാൻ നേരത്തെ എഴുന്നേറ്റ് അദ്ദേഹത്തെ കുളിപ്പിച്ച്, ഷേവ് ചെയ്ത്, പ്രാതൽ തയ്യാറാക്കി, ഊട്ടുമായിരുന്നു. എന്നിട്ട് വസ്ത്രം മാറ്റി അദ്ദേഹത്തെ സേവനത്തിന് ഒരുക്കും. ആ ഗ്രീഷ്മത്തിൽ ഞങ്ങൾ വയോമിങ്ങിലും മോൺടാനയിലും പയനിയറിങ് നടത്തി. ഒരു സ്ഥലത്ത് താവളമടിച്ചുകൊണ്ടാണ് ഞങ്ങൾ പയനിയറിങ്ങിലേർപ്പെട്ടത്. റ്റെഡ് ഉറങ്ങിയത് അദ്ദേഹത്തിന്റെ ചെറിയ ലോറിയോടു ഘടിപ്പിച്ചിരുന്ന ഒരു പ്രത്യേക അറയിലായിരുന്നു. ഞാൻ നിലത്ത് കിടന്നുറങ്ങി. അതേ വർഷം പിന്നീട് ഞാൻ തെക്കോട്ടു മാറി, അവിടെ ടെനെസിയിലും ആർക്കൻസോയിലും മിസ്സിസ്സിപ്പിയിലും പയനിയറിങ്ങിലേർപ്പെട്ടു.
1937 സെപ്റ്റംബറിൽ ഒഹായോവിലെ കൊളംബസിൽ നടന്ന വലിയ കൺവെൻഷനിൽ ഞാൻ ആദ്യമായി സംബന്ധിച്ചു. ഗ്രാമഫോണിന്റെ സഹായത്തോടെ പ്രസംഗവേല പുരോഗമിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. ഓരോ പ്രാവശ്യവും ഗ്രാമഫോൺ ഉപയോഗിക്കുന്നതിനെ ഞങ്ങൾ സെറ്റപ്പ് എന്നാണു വിളിച്ചിരുന്നത്. ഒരു മാസത്തിൽ എനിക്ക് 500-ലധികം സെറ്റപ്പുകളുണ്ടായിരുന്നു. 800-ലധികം പേർ അതു ശ്രവിക്കുകയും ചെയ്തു. പൂർവ ടെനെസിയിലും വെർജീനിയയിലും വെസ്റ്റ് വെർജീനിയയിലും സാക്ഷീകരണം നടത്തിയശേഷം ഒരു പുതിയ രീതിയിൽ പ്രത്യേക പയനിയറായി സേവിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. പ്രത്യേക പയനിയറായി പ്രവർത്തിക്കുന്നതിനു പുറമേ, മേഖലാദാസൻ എന്ന പദവിയിൽ സേവിക്കുന്നതും അതിൽ ഉൾപ്പെട്ടിരുന്നു. അന്ന് സഞ്ചാരമേൽവിചാരകന്മാരെ അങ്ങനെയാണു വിളിച്ചിരുന്നത്.
വെസ്റ്റ് വെർജീനിയയിലുള്ള സഭകളും ഒറ്റപ്പെട്ട കൂട്ടങ്ങളും ഞാൻ സന്ദർശിക്കുകയും വയൽസേവനത്തിൽ നേതൃത്വമെടുക്കുകയും ചെയ്തു. ഓരോ കൂട്ടത്തോടുമൊപ്പം രണ്ടുമുതൽ നാലുവരെ ആഴ്ചകൾ ഞാൻ ചെലവഴിക്കുമായിരുന്നു. അങ്ങനെ, 1941 ജനുവരിയിൽ എന്നെ മേഖലാദാസനായി നിയമിച്ചു. അപ്പോഴേക്കും അമ്മയും എന്റെ മൂന്നു പെങ്ങന്മാരും—ക്ലാര, ലോയിസ്, രൂത്ത്—ദൈവരാജ്യത്തിനു വേണ്ടി നിലപാടെടുത്തിരുന്നു. അതിനാൽ, ആ ഗ്രീഷ്മത്തിൽ സെൻറ് ലൂയിസിൽ നടന്ന ഒരു വലിയ കൺവെൻഷനിൽ ഞങ്ങളുടെ മുഴുകുടുംബവും സംബന്ധിച്ചു.
ആ കൺവെൻഷൻ കഴിഞ്ഞ് അധികം താമസിയാതെ, 1941 നവംബർ അവസാനം മേഖലാ പ്രവർത്തനം അവസാനിക്കുമെന്നു മേഖലാദാസന്മാർക്ക് അറിയിപ്പു ലഭിച്ചു. പിറ്റേ മാസം ഐക്യനാടുകൾ രണ്ടാം ലോകമഹായുദ്ധത്തിൽ പ്രവേശിച്ചു. അപ്പോൾ, എനിക്കു പ്രത്യേക പയനിയറായി നിയമനം ലഭിച്ചു. അതിന് ഓരോ മാസവും ശുശ്രൂഷയിൽ 175 മണിക്കൂർ ചെലവഴിക്കണമായിരുന്നു.
പ്രത്യേക സേവനപദവികൾ
വിദേശത്തു സേവനമനുഷ്ഠിക്കാൻ സമ്മതമാണോയെന്ന് ആരാഞ്ഞുകൊണ്ടുള്ള ഒരു കത്ത് 1942-ൽ എനിക്കു ലഭിച്ചു. സമ്മതമാണെന്ന് അറിയിച്ചപ്പോൾ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനമായ ബെഥേലിലേക്ക് എന്നെ ക്ഷണിച്ചു. ആ സമയത്തുതന്നെ പ്രത്യേക പരിശീലനത്തിനായി 20-ഓളം ഏകാകികളായ സഹോദരന്മാരെ വിളിച്ചിരുന്നു.
പ്രസംഗപ്രവർത്തനത്തിനു മാന്ദ്യം സംഭവിച്ചിരിക്കുന്നെന്നും അതിനാൽ ആത്മീയമായി സഭകളെ ബലപ്പെടുത്തുന്നതിന് ഞങ്ങൾക്കു പരിശീലനം ലഭിക്കുമെന്നും വാച്ച് ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന നേഥൻ എച്ച്. നോർ വിശദീകരിച്ചു. “സഭയിലെ പ്രശ്നങ്ങൾ എന്താണെന്നു മാത്രമല്ല, അത് സംബന്ധിച്ച് നിങ്ങൾ എന്തു ചെയ്തുവെന്നും അറിയാൻ ഞങ്ങളാഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ബെഥേലിലായിരിക്കെ ഫ്രെഡ് ഫ്രാൻസ്—അദ്ദേഹം നോർ സഹോദരനെത്തുടർന്ന് 1977-ൽ പ്രസിഡൻറായി—ഒരു പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: “രണ്ടാം ലോകമഹായുദ്ധം അവസാനിക്കും. അപ്പോൾ വലിയ പ്രസംഗപ്രവർത്തനത്തിന് അവസരം ലഭിക്കും. യഹോവയുടെ സ്ഥാപനത്തിലേക്ക് ഇനിയും ദശലക്ഷങ്ങൾ വരുമെന്നതിൽ സംശയമില്ല!” ആ പ്രസംഗം എന്റെ വീക്ഷണത്തിന് സമൂല മാറ്റം വരുത്തി. നിയമനങ്ങൾ ലഭിച്ചപ്പോൾ എനിക്കു മനസ്സിലായി ടെനെസിയിലും കെന്റുക്കിയിലുമുള്ള എല്ലാ സഭകളും ഞാൻ സന്ദർശിക്കേണ്ടതാണെന്ന്. സഹോദരങ്ങളുടെ ദാസന്മാർ എന്നാണ് ഞങ്ങളെ വിളിച്ചിരുന്നത്. അതിനുശേഷം ആ പ്രയോഗം സർക്കിട്ട് മേൽവിചാരകൻ എന്നു മാറ്റി.
1942 ഒക്ടോബർ 1-ന് ഞാൻ സഭകൾ സന്ദർശിക്കാൻ തുടങ്ങി. അപ്പോഴെനിക്ക് 25 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അന്ന് ചില സഭകളിൽ എത്തിച്ചേരണമെങ്കിൽ നടന്നോ കുതിരപ്പുറത്തോ പോകേണ്ടിയിരുന്നു. ചിലപ്പോൾ ഞാൻ ഉറങ്ങിയിരുന്നത് എന്നെ പാർപ്പിച്ച കുടുംബത്തിലെ അംഗങ്ങൾ കിടക്കുന്ന അതേ മുറിയിൽത്തന്നെയായിരുന്നു.
1943 ജൂലൈയിൽ ടെനെസിയിലുള്ള ഗ്രീൻവില്ലെ സഭ സന്ദർശിക്കവേ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ രണ്ടാമത്തെ ക്ലാസ്സിൽ സംബന്ധിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. ‘കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾക,’ ‘എപ്പോഴും കർത്താവിന്റെ വേലയിൽ വർദ്ധിച്ചുവരുക’ എന്നൊക്കെ പറയുന്നതിന്റെ യഥാർഥ അർഥം എനിക്കു പിടികിട്ടി. (എബ്രായർ 2:1; 1 കൊരിന്ത്യർ 15:58) അഞ്ചു മാസത്തെ ആ കോഴ്സ് പെട്ടെന്നു കഴിഞ്ഞു. 1944 ജനുവരി 31-നായിരുന്നു ബിരുദദാനം.
കാനഡയിലേക്കും തുടർന്ന് ബെൽജിയത്തിലേക്കും
ഞങ്ങളിൽ പലരെയും കാനഡയിലേക്കു നിയമിച്ചു. അവിടെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്മേലുള്ള നിരോധനം നീക്കം ചെയ്തിട്ട് അധികമായിരുന്നില്ല. എന്നെ സഞ്ചാരവേലയിൽ നിയമിച്ചു. ചില സഭകൾ തമ്മിൽ വലിയ ദൂരമുണ്ടായിരുന്നതിനാൽ വിശാലമായ ഒരു പ്രദേശം എന്റെ നിയമനത്തിൽ ഉൾപ്പെട്ടിരുന്നു. യാത്രയ്ക്കിടയിൽ, കാനഡയിലെ നിരോധനസമയത്ത് അവിടെ പ്രസംഗപ്രവർത്തനം നടത്തിയിരുന്നതിനെക്കുറിച്ചുള്ള അനുഭവങ്ങൾ കേൾക്കുന്നത് എനിക്കു വളരെ സന്തോഷം പകർന്നു. (പ്രവൃത്തികൾ 5:29) കാനഡയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ മിക്കവാറും എല്ലാ വീടുകളിലും ഒറ്റ രാത്രികൊണ്ട് ഒരു ചെറുപുസ്തകം എത്തിച്ചതിനെക്കുറിച്ച് പലരും പറഞ്ഞു. മിന്നലാക്രണം എന്നാണ് അതിനെ വിളിച്ചിരുന്നത്. 1945 മേയിൽ യൂറോപ്പിൽ യുദ്ധം അവസാനിച്ചുവെന്ന് അറിഞ്ഞത് എത്ര സന്തോഷമുള്ള ഒരു കാര്യമായിരുന്നു!
ആ ഗ്രീഷ്മകാലത്ത് സസ്കാച്ചവനിലുള്ള ഒരു കൊച്ചുപട്ടണമായ ഓസേജിലുള്ള ഒരു സഭ സന്ദർശിക്കവേ, നോർ സഹോദരന്റെ ഒരു കത്ത് എനിക്കു ലഭിച്ചു. അതിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ബെൽജിയത്തിലേക്കു പോകുന്നതിനുള്ള പദവി ഞാൻ താങ്കൾക്കു നൽകുകയാണ്. . . . ആ ദേശത്ത് ധാരാളം വേല ചെയ്യാനുണ്ട്. യുദ്ധപങ്കിലമായ ഒരു രാജ്യമാണ് അത്. അവിടെയുള്ള നമ്മുടെ സഹോദരങ്ങൾക്ക് സഹായമാവശ്യമുണ്ട്. ഉചിതമായ സഹായവും അവർക്ക് വേണ്ട ആശ്വാസവും നൽകുന്നതിനു അമേരിക്കയിൽനിന്ന് ഒരാളെ അയയ്ക്കുന്നത് ഉചിതമാണെന്നു തോന്നുന്നു.” ആ നിയമനം സ്വീകരിച്ചുകൊണ്ട് ഞാൻ പെട്ടെന്നുതന്നെ മറുപടി അയച്ചു.
1945 നവംബറിൽ ഞാൻ ബ്രുക്ലിൻ ബെഥേലിൽ, ചാൾസ് ഐച്ചർ എന്ന പ്രായംചെന്ന ഒരു അൾസേഷ്യക്കാരനിൽനിന്ന് ഫ്രഞ്ച് പഠിക്കുകയായിരുന്നു. ബ്രാഞ്ച് നടപടികൾ സംബന്ധിച്ച് എനിക്ക് ശീഘ്രമായ കുറെ പരിശീലനവും ലഭിച്ചു. യൂറോപ്പിലേക്കു യാത്ര തിരിക്കുന്നതിനു മുമ്പ് മിസ്സൗറിയിലെ സെൻറ് ജോസഫിലുള്ള എന്റെ കുടുംബാംഗങ്ങളെയും സഹോദരങ്ങളെയും ചുരുങ്ങിയ സമയംകൊണ്ട് സന്ദർശിച്ചു.
ഡിസംബർ 11-ന് ക്വീൻ എലിസബെത്ത് എന്ന കപ്പലിൽ ന്യൂയോർക്കിൽനിന്നു തിരിച്ച ഞാൻ നാലു ദിവസങ്ങൾക്കുശേഷം ഇംഗ്ലണ്ടിലെ സൗതാംപ്ടണിൽ എത്തിച്ചേർന്നു. ബ്രിട്ടൻ ബ്രാഞ്ചിൽ ഞാൻ ഒരു മാസം തങ്ങി. അവിടെ എനിക്കു കൂടുതലായ പരിശീലനം ലഭിച്ചു. അതിനെത്തുടർന്ന്, 1946 ജനുവരി 15-ന് ഇംഗ്ലീഷ് ചാനൽ കടന്ന ഞാൻ ബെൽജിയത്തിലെ ഓസ്റ്റെൻഡ് തുറമുഖത്തെത്തി. അവിടെനിന്ന് ഞാൻ തീവണ്ടിമാർഗം ബ്രസ്സൽസിലേക്കു പോയി. ബെഥേൽ കുടുംബാംഗങ്ങളെല്ലാം എന്നെ സ്വീകരിക്കാൻ തീവണ്ടിസ്റ്റേഷനിൽ വന്നിരുന്നു.
യുദ്ധാനന്തര പ്രവർത്തനത്തിന്റെ ആക്കം കൂട്ടുന്നു
ബെൽജിയത്തിലെ രാജ്യവേലയ്ക്കു മേൽനോട്ടം വഹിക്കുക എന്നതായിരുന്നു എനിക്കു ലഭിച്ച നിയമനം. പക്ഷേ, എനിക്ക് അവിടത്തെ ഭാഷപോലും സംസാരിക്കാനറിയില്ലായിരുന്നു. ആറു മാസംകൊണ്ട്, അത്യാവശ്യം വേണ്ട ഫ്രഞ്ച് ഞാൻ പഠിച്ചെടുത്തു. നാസീ അധിനിവേശത്തിന്റെ പഞ്ചവത്സരകാലത്ത് ജീവൻ തൃണവത്ഗണിച്ചുകൊണ്ടുപോലും പ്രസംഗപ്രവർത്തനം നടത്തിയവരോടൊത്തു പ്രവർത്തിക്കുന്നത് ഒരു പദവിയായിരുന്നു. അവരിൽ ചിലർ തടങ്കൽപ്പാളയങ്ങളിൽനിന്ന് പുറത്തുവന്നിട്ട് അധികനാളായിരുന്നില്ല.
വേല സംഘടിപ്പിക്കുന്നതിനും ബൈബിൾസത്യത്തിനായി വിശക്കുന്നവരെ പോറ്റുന്നതിനും സഹോദരന്മാർ ആകാംക്ഷയുള്ളവരായിരുന്നു. സമ്മേളനങ്ങൾ നടത്താനും സഞ്ചാരമേൽവിചാരകന്മാർക്കു സഭകൾ സന്ദർശിക്കാനുമുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. ബ്രുക്ലിൻ ആസ്ഥാനത്തുനിന്നുള്ള പ്രതിനിധികളായ നേഥൻ നോർ, മിൽട്ടൺ ഹെൻഷൽ, ഫ്രെഡ് ഫ്രാൻസ്, ഗ്രാൻറ് സ്യൂട്ടർ തുടങ്ങിയവർ ഞങ്ങളെ സന്ദർശിച്ചു. അതു വളരെ പ്രോത്സാഹജനകമായിരുന്നു. ആ ആദിമ കാലങ്ങളിൽ സർക്കിട്ട് മേൽവിചാരകനായും ഡിസ്ട്രിക്റ്റ് മേൽവിചാരകനായും ബ്രാഞ്ച് മേൽവിചാരകനായും ഞാൻ സേവനമനുഷ്ഠിച്ചു. ബെൽജിയത്തിൽ ഏഴു വർഷത്തോളം സേവനമനുഷ്ഠിച്ചശേഷം ഞാൻ, ബെൽജിയം ബ്രാഞ്ചിൽത്തന്നെ പ്രവർത്തിച്ചിരുന്ന എമിലിയ വാനോപ്സ്ലൗച്ചിനെ 1952 ഡിസംബർ 6-ന് വിവാഹം ചെയ്തു.
ഏതാനും മാസങ്ങൾക്കുശേഷം, അതായത് 1953 ഏപ്രിൽ 11-ന്, എന്നെ പ്രാദേശിക പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ട് എന്റെ സാന്നിധ്യം ബെൽജിയ ത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അറിയിച്ചു. എന്റെ കേസു സംബന്ധിച്ച് സ്റ്റേറ്റ് കൗൺസിലിന് അപ്പീൽ കൊടുത്തിട്ട് ഞാൻ ലക്സംബർഗിൽ പോയി അതിന്റെ ഫലമറിയാൻ കാത്തിരിപ്പായി.
എന്റെ സാന്നിധ്യം രാജ്യത്തിന് ഭീഷണിയാണെന്ന കോടതിപ്രഖ്യാപനം ബെൽജിയത്തിലെ സ്റ്റേറ്റ് കൗൺസിൽ 1954 ഫെബ്രുവരിയിൽ ശരിവെച്ചു. ഞാൻ ബെൽജിയത്തിൽ വന്നതിനുശേഷം അവിടത്തെ സാക്ഷികളുടെ എണ്ണം വളരെയധികം—1946-ൽ ഉണ്ടായിരുന്ന 804-ൽനിന്നും 1953-ൽ 3,304 ആയി—വർധിച്ചുവെന്നും തത്ഫലമായി ചെറുപ്പക്കാരായ നിരവധി സാക്ഷികൾ ക്രിസ്തീയ നിഷ്പക്ഷതയെപ്രതി ഉറച്ച നിലപാടെടുക്കുന്നുവെന്നും അങ്ങനെ ബെൽജിയത്തിന്റെ സുരക്ഷിതത്വം അപകടത്തിലാണെന്നുമായിരുന്നു മുന്നോട്ടുവെച്ച തെളിവുകൾ. അതിനാൽ, എന്നെയും എമിലിയയെയും സ്വിറ്റ്സർലൻഡിലേക്കു നിയമിച്ചു. അവിടെ ഞങ്ങൾ ഫ്രഞ്ച് സംസാരിക്കുന്നവർക്കിടയിൽ സർക്കിട്ട് വേല ആരംഭിച്ചു.
ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിൽ 1959-ൽ രാജ്യശുശ്രൂഷാ സ്കൂൾ ആരംഭിച്ചു. ക്രിസ്തീയ മൂപ്പന്മാർക്ക് മികച്ച പരിശീലനം നൽകുന്നതിനുള്ള ഒരു സ്കൂളായിരുന്നു അത്. യൂറോപ്പിൽ നടന്ന ഈ സ്കൂളിന്റെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നതിനു പരിശീലനത്തിനായി എനിക്കു ക്ഷണം ലഭിച്ചു. ഞാൻ ഐക്യനാടുകളിലായിരിക്കെ, മിസ്സൗറിയിലെ സെൻറ് ജോസഫിലുള്ള എന്റെ കുടുംബത്തെ സന്ദർശിക്കാൻ കഴിഞ്ഞു. അവിടെവെച്ചാണ് ഞാൻ എന്റെ പ്രിയപ്പെട്ട അമ്മയെ അവസാനമായി കാണുന്നത്. 1962 ജനുവരിയിൽ അമ്മ മരിച്ചു; ഡാഡി 1955 ജൂണിൽ നിര്യാതനായിരുന്നു.
1961 മാർച്ചിൽ ഫ്രാൻസിലെ പാരീസിൽ രാജ്യശുശ്രൂഷാ സ്കൂൾ ആരംഭിച്ചു. അവിടേക്ക് എമിലിയയും എന്നോടൊപ്പം പോന്നു. ഫ്രാൻസ്, ബെൽജിയം, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാർ, സർക്കിട്ട് മേൽവിചാരകന്മാർ, സഭാ മേൽവിചാരകന്മാർ, പ്രത്യേക പയനിയർമാർ തുടങ്ങിയവർ ആ സ്കൂളിൽ സംബന്ധിച്ചു. അടുത്ത 14-മാസക്കാലയളവിൽ ഈ ചതുർവാര കോഴ്സിന്റെ 12 ക്ലാസ്സുകൾ ഞാൻ നടത്തുകയുണ്ടായി. തുടർന്ന്, 1962 ഏപ്രിലിൽ എമിലിയ ഗർഭിണിയാണെന്ന് ഞങ്ങൾ മനസ്സിലാക്കി.
സാഹചര്യങ്ങളുമായി പൊരുത്തപ്പെടൽ
സ്വിറ്റ്സർലൻഡിലെ ജനീവയിലേക്കു ഞങ്ങൾ മടങ്ങി. ആ രാജ്യത്ത് ഞങ്ങൾക്കു സ്ഥിരതാമസാനുമതി ലഭിച്ചു. എന്നാൽ, താമസിക്കാനൊരു ഇടം കണ്ടെത്തുക എളുപ്പമായിരുന്നില്ല. കാരണം, അവിടെ പാർപ്പിടസൗകര്യം വളരെ ദുർലഭമായിരുന്നു. ഒരു ജോലി കണ്ടെത്തുന്നതും ദുഷ്കരമായിരുന്നു. ഒടുവിൽ ജനീവയുടെ ഹൃദയഭാഗത്തുള്ള ഒരു വലിയ ഡിപ്പാർട്ടുമെൻറ് സ്റ്റോറിൽ എനിക്കൊരു ജോലി തരപ്പെട്ടു.
ഞാൻ മുഴുസമയ ശുശ്രൂഷയിൽ 26 വർഷം ചെലവഴിച്ചിരുന്നു. അതുകൊണ്ട്, ഞങ്ങളുടെ മാറിയ സാഹചര്യങ്ങൾ നിമിത്തം വളരെയധികം പൊരുത്തപ്പെടുത്തലുകൾ വേണ്ടിവന്നു. ഞാൻ ഡിപ്പാർട്ടുമെൻറ് സ്റ്റോറിൽ ജോലി ചെയ്യുകയും ലോയിസ്, യൂനിസ് എന്നീ രണ്ടു പുത്രിമാരെ വളർത്തിക്കൊണ്ടുവരുകയും ചെയ്ത 22 വർഷകാലയളവിൽ ഞങ്ങളുടെ കുടുംബം രാജ്യതാത്പര്യങ്ങളാണ് എപ്പോഴും ഒന്നാമതു വെച്ചത്. (മത്തായി 6:33) 1985-ൽ ഞാൻ ജോലിയിൽനിന്നു വിരമിച്ചപ്പോൾ, പകരം സർക്കിട്ട് മേൽവിചാരകനായി സേവിക്കാൻ തുടങ്ങി.
എമിലിയയുടെ ആരോഗ്യം നന്നേ ക്ഷയിച്ചുവെങ്കിലും, ശുശ്രൂഷയിൽ തനിക്കാവുന്നതുപോലെ അവൾ പ്രവർത്തിക്കുന്നു. പത്തു വർഷത്തോളം ലോയിസ് പയനിയറായി സേവിച്ചു. 1993-ലെ ഗ്രീഷ്മത്തിൽ മോസ്കോയിൽവെച്ചു നടന്ന അതിവിശിഷ്ടമായ സാർവദേശീയ കൺവെൻഷനിൽ അവളോടൊപ്പം പങ്കെടുക്കാൻ കഴിഞ്ഞത് വളരെ സന്തോഷം പകർന്ന ഒരു ആത്മീയ അനുഭവമായിരുന്നു! താമസിയാതെ, ആഫ്രിക്കയിലെ സെനെഗലിൽ ഒരു അവധിക്കാലയാത്ര നടത്തവേ സമുദ്രത്തിൽ നീന്തുന്നതിനിടയിൽ അവൾക്കു തന്റെ ജീവൻ നഷ്ടമായി. ശവസംസ്കാരത്തിനായി ഞാൻ സെനെഗലിലേക്കു യാത്ര ചെയ്തപ്പോൾ ആഫ്രിക്കയിലെ സഹോദരങ്ങളും മിഷനറിമാരും കാട്ടിയ സ്നേഹവും ദയയും എനിക്കു വളരെയധികം സാന്ത്വനമേകി. ലോയിസ് പുനരുത്ഥാനത്തിൽ വരുന്നതു കാണാൻ ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നെന്നോ!—യോഹന്നാൻ 5:28, 29.
സ്നേഹമയിയായ ഭാര്യയുടെ വിശ്വസ്തമായ പിന്തുണ നാലു ദശകത്തിലധികം ആസ്വദിക്കാൻ കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവനാണ്. എനിക്ക് ഹൃദയവേദനകളും പ്രയാസങ്ങളും സഹിക്കേണ്ടിവന്നെങ്കിലും, യഹോവയുടെ സ്നേഹദയ മധുരമുള്ളതായിരുന്നു. അതു ജീവിതത്തെ മൂല്യവത്താക്കിത്തീർത്തിരിക്കുന്നു. സങ്കീർത്തനക്കാരന്റെ വാക്കുകളിൽ നമ്മുടെ ദൈവമായ യഹോവയെക്കുറിച്ച് ഘോഷിക്കാൻ എന്റെ ഹൃദയം പ്രേരിതമാകുന്നു: “നിന്റെ സ്നേഹദയ ജീവനെക്കാൾ ശ്രേഷ്ഠമായിരിക്കുന്നതിനാൽ എന്റെ അധരങ്ങൾ നിന്നെ ശ്ലാഘിക്കും.”—സങ്കീർത്തനം 63:3, NW.
[26-ാം പേജിലെ ചിത്രം]
ഗ്രാമഫോൺ ഉപയോഗിച്ച് ഞങ്ങൾ സുവിശേഷവേലയ്ക്ക് നേതൃത്വം നൽകി
[26-ാം പേജിലെ ചിത്രം]
എന്റെ മാതാപിതാക്കൾ, 1936-ൽ
[26-ാം പേജിലെ ചിത്രം]
1948-ൽ ബെൽജിയത്തിൽ തെരുവുസാക്ഷീകരണം നടത്തുന്നു