അവർ ക്ഷമ ചോദിക്കുന്നത് എന്തുകൊണ്ട്?
സഭകൾ അവയുടെ തെറ്റുകൾ സംബന്ധിച്ച് അനുതപിക്കുകയും നവീകരണം വരുത്തുകയും ചെയ്യണമെന്നുള്ളത് ഒരു നൂതന ആശയമല്ല. ആദിമ സഭയ്ക്ക് ഉണ്ടായിരുന്നതായി കരുതപ്പെട്ടിരുന്ന ധർമിഷ്ഠത മധ്യകാലഘട്ടത്തെ ആളുകളിൽ താത്പര്യമുണർത്തുകയും മതനവീകരണം ആവശ്യപ്പെടാൻ അനേകരെ പ്രേരിപ്പിക്കുകയും ചെയ്തെന്ന് റിലിജോനി എ മിട്ടി (മതങ്ങളും പുരാണകഥകളും) എന്ന മതനിഘണ്ടു പറയുന്നു.
1523-ൽ, മാർട്ടിൻ ലൂഥർ റോമുമായി തെറ്റിപ്പിരിഞ്ഞ ശേഷം ഐക്യം കൈവരുത്താനായി അഡ്രിയാൻ ആറാമൻ പാപ്പാ ന്യൂറംബെർഗ് വൈദികസഭയ്ക്ക് പിൻവരുന്ന സന്ദേശം അയച്ചു: “നിരവധി വർഷങ്ങളായി വെറുക്കത്തക്ക കാര്യങ്ങൾ പാപ്പാ ആസ്ഥാനത്തെ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് നമുക്ക് നന്നായി അറിയാം. . . . സാധ്യതയനുസരിച്ച്, മുഖ്യമായി ഈ ദുഷ്ടതയെല്ലാം ഉത്ഭവിച്ച സ്ഥലമായ പാപ്പായുടെ ഭരണസമിതിയെ ശുദ്ധീകരിക്കാൻ നാം സർവ ശ്രമവും നടത്തും.” എന്നാൽ, പിളർപ്പ് ശമിപ്പിക്കാനോ പാപ്പായുടെ ഭരണസമിതിയിലെ അഴിമതി തടഞ്ഞുനിർത്താനോ ഈ കുറ്റസമ്മതംകൊണ്ടു സാധിച്ചില്ല.
കുറെക്കൂടെ അടുത്തകാലത്ത്, നാസികളാലുള്ള കൂട്ടക്കൊലയുടെ സമയത്തെ സഭകളുടെ നിശബ്ദതയെപ്രതി അവ വിമർശിക്കപ്പെട്ടിട്ടുണ്ട്. സഭാംഗങ്ങൾ യുദ്ധങ്ങളിൽ പങ്കെടുക്കുന്നത് നിരുത്സാഹപ്പെടുത്താത്തതിനും അവരുടെമേൽ കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്. 1941-ൽ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ, പ്രിമോ മറ്റ്സോളറി എന്നു പേരായ ഒരു പുരോഹിതൻ ഇപ്രകാരം ചോദിച്ചു: “അപകടം കുറഞ്ഞ ഉപദേശങ്ങൾക്കെതിരായി സഭ എല്ലായ്പോഴും ചെയ്തിട്ടുള്ളതും ചെയ്യുന്നതുമായ അതേ വിധത്തിൽ കത്തോലിക്കാ പഠിപ്പിക്കലുകളുടെ തകർച്ചക്കെതിരെ റോം ശക്തിയായി പ്രതികരിക്കാത്തത് എന്തുകൊണ്ട്?” എന്തിനെക്കാൾ അപകടം കുറഞ്ഞ ഉപദേശങ്ങൾ? അന്ന് മാനവസംസ്കാരത്തെ പിച്ചിച്ചീന്തിക്കൊണ്ടിരുന്ന യുദ്ധക്കൊതിപൂണ്ട ദേശീയതയെക്കുറിച്ചായിരുന്നു ആ പുരോഹിതൻ സംസാരിച്ചത്.
എന്നിരുന്നാലും, മതങ്ങൾ തങ്ങളുടെ തെറ്റുകൾ സമ്മതിക്കുന്നത് ഈ അടുത്ത കാലംവരെ ഒരു അസാധാരണ സംഗതി ആയിരുന്നുവെന്നതാണ് യാഥാർഥ്യം. കത്തോലിക്കാ സഭ ‘അതിനെത്തന്നെ നവീകരിക്ക’ണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്ന ചിലരോടുള്ള പ്രതികരണമെന്ന നിലയിൽ 1832-ൽ ഗ്രിഗറി പതിനാറാമൻ പറഞ്ഞു: “[സഭയുടെ] സുരക്ഷിതത്വത്തിനും വളർച്ചയ്ക്കുംവേണ്ടി ഒരു ‘പുനഃസ്ഥിതീകരണമോ നവീകരണമോ’ നിർദേശിക്കുന്നത് വ്യക്തമായും അപഹാസ്യവും ഹാനികരവുമാണ്, സഭയ്ക്കു ന്യൂനത സംഭവിക്കാമെന്നു കരുതുന്നതുപോലെയാണ് അത്.” നിഷേധിക്കാൻ കഴിയാത്തവിധം അത്ര പ്രകടമായ ന്യൂനതകളുടെ കാര്യമോ? അവയെ ന്യായീകരിക്കാൻ നിരവധി തന്ത്രങ്ങൾ സ്വീകരിച്ചു. ദൃഷ്ടാന്തത്തിന്, സഭ വിശുദ്ധവും പാപഗ്രസ്തവുമാണെന്ന് ചില ദൈവശാസ്ത്രജ്ഞന്മാർ വാദിച്ചിരിക്കുന്നു. സംഘടന അതിൽത്തന്നെ വിശുദ്ധമാണെന്നു പറയപ്പെടുന്നു—അത് തെറ്റിൽനിന്ന് ദൈവത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അപ്പോഴും അതിലെ അംഗങ്ങൾ പാപപൂർണരാണ്. അതുകൊണ്ട്, സഭയുടെ പേരിൽ കഠോരകൃത്യങ്ങൾ ചെയ്യപ്പെടുമ്പോൾ, സംഘടനയെ കുറ്റപ്പെടുത്താവുന്നതല്ല, മറിച്ച് സഭയിലുള്ള വ്യക്തികളെയാണ് ഉത്തരവാദികളാക്കേണ്ടത്. അത് ന്യായയുക്തമായി തോന്നുന്നുണ്ടോ? റോമൻ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ ഹാൻസ് ക്യുങ്ങിന് അങ്ങനെ തോന്നിയില്ല. അദ്ദേഹം എഴുതി: “സഭാംഗങ്ങളിൽനിന്നു വേർപെട്ടുനിൽക്കുന്ന പൂർണതയുള്ള സഭ എന്നൊന്നില്ല.” അദ്ദേഹം വിശദീകരിച്ചു: “ഏറ്റുപറയാൻ പാപങ്ങളൊന്നുമില്ലാത്ത ഒരു സഭ സ്ഥിതിചെയ്യുന്നില്ല.”
സഭൈക്യപ്രസ്ഥാനവും ധാർമിക നിലയും
ക്ഷമ ചോദിക്കുന്നതിലേക്ക് ഇപ്പോൾ സഭകളെ നയിച്ചിരിക്കുന്ന സംഭവവികാസങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. ആദ്യം, സഭാവിഭാഗങ്ങൾക്കിടയിലെ “കഴിഞ്ഞകാല ഭിന്നിപ്പുകൾ”ക്കുള്ള ഉത്തരവാദിത്വം പ്രൊട്ടസ്റ്റൻറുകാരും ഓർത്തഡോക്സുകാരും ഏറ്റെടുത്തു. 1927-ൽ സ്വിറ്റ്സർലൻഡിലെ ലോസനിൽ നടന്ന, “വിശ്വാസവും ആചാരവും” എന്ന സഭൈക്യ കോൺഫറൻസിൽവെച്ചാണ് അവർ അപ്രകാരം ചെയ്തത്. കാലക്രമത്തിൽ റോമൻ കത്തോലിക്കാ സഭ അവരുടെ മാതൃക പിൻപറ്റി. വിശേഷിച്ചും വത്തിക്കാൻ-2a മുതൽ പാപ്പാമാർ ഉൾപ്പെടെ ഉന്നത സ്ഥാനമുള്ള ബിഷപ്പുമാർ ക്രൈസ്തവലോകത്തിലെ ഭിന്നിപ്പുകൾക്ക് കൂടുതൽ കൂടെക്കൂടെ ക്ഷമ ചോദിച്ചിരിക്കുന്നു. എന്ത് ഉദ്ദേശ്യത്തിൽ? പ്രത്യക്ഷത്തിൽ, അവർ ക്രൈസ്തവലോകത്തിൽ കൂടുതൽ ഐക്യം ആഗ്രഹിക്കുന്നു. ജോൺ പോൾ രണ്ടാമന്റെ “‘മേയാ കൂൽപ’ പദ്ധതിയിൽ ഒരു തന്ത്രമുണ്ട്, അത് സഭൈക്യമാണ്” എന്ന് കത്തോലിക്കാ ചരിത്രകാരനായ നിക്കോലിനോ സാറലെ പ്രസ്താവിച്ചു.
എന്നാൽ, സഭൈക്യത്തെക്കാൾ ഏറെ ഉൾപ്പെട്ടിരിക്കുന്നു. ക്രൈസ്തവലോകത്തിന്റെ കുപ്രസിദ്ധ ചരിത്രം ഇന്നു വ്യാപകമായി അറിയപ്പെടുന്നു. “ഈ ചരിത്രമെല്ലാം വെറുതെ അവഗണിച്ചു തള്ളാൻ കത്തോലിക്കർക്കു സാധിക്കില്ല” എന്ന് ദൈവശാസ്ത്രജ്ഞനായ ഹാൻസ് ഉർസ് ഫോൻ ബാൾറ്റസർ പറയുന്നു. “നമുക്കിന്ന് നിശ്ചയമായും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ അദ്ദേഹം [പാപ്പാ] ഉൾപ്പെടുന്ന സഭതന്നെ ചെയ്യുകയോ ചെയ്യാൻ അനുവദിക്കുകയോ ചെയ്തിട്ടുണ്ട്.” അതുകൊണ്ട്, “ക്ഷമ ചോദിക്കാൻ കഴിയേണ്ടതിന് സഭയുടെ ഇരുണ്ട ഏടുകളെ വിശദീകരിക്കുന്നതിന്” പാപ്പാ ഒരു കമ്മീഷനെ നിയമിച്ചിരിക്കുന്നു. അപ്പോൾ, ആത്മവിമർശനം നടത്താൻ സഭ മനസ്സൊരുക്കം കാട്ടുന്നതിന്റെ മറ്റൊരു കാരണം ധാർമിക നില പുനരാർജിക്കാനുള്ള അതിന്റെ ആഗ്രഹമാണെന്നു തോന്നുന്നു.
സമാനമായി, സഭയുടെ ക്ഷമായാചനങ്ങളെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കവേ ചരിത്രകാരനായ ആൽബെർട്ടോ മെലോനി ഇങ്ങനെ എഴുതുന്നു: “വാസ്തവത്തിൽ, ഉത്തരവാദിത്വം സംബന്ധിച്ച ആരോപണങ്ങളിൽനിന്നുള്ള താത്കാലിക രക്ഷപ്പെടലാണ് പലപ്പോഴും ലക്ഷ്യം.” അതേ, പൊതുജനങ്ങളുടെ മുന്നിൽ വിശ്വാസ്യത പുനരാർജിക്കാൻ വേണ്ടി കഴിഞ്ഞകാല പാപങ്ങളുടെ ഭാരം പരമാവധി ലഘൂകരിക്കാൻ കത്തോലിക്കാ സഭ ശ്രമിക്കുന്നതായി തോന്നുന്നു. എന്നാൽ ദൈവവുമായി സമാധാനത്തിലാകുന്നതിലുപരി ലോകവുമായി സമാധാനത്തിലാകാനാണ് കൂടുതൽ താത്പര്യമെന്ന് സത്യസന്ധമായി പറയേണ്ടിയിരിക്കുന്നു.
അത്തരം പെരുമാറ്റം ഇസ്രായേലിലെ ഒന്നാമത്തെ രാജാവായ ശൗലിനെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നു. (1 ശമൂവേൽ 15:1-12) അവൻ ഗുരുതരമായൊരു തെറ്റു ചെയ്തു. അതു വെളിച്ചത്തായപ്പോൾ ദൈവത്തിന്റെ ഒരു വിശ്വസ്ത പ്രവാചകനായ ശമൂവേലിന്റെ മുമ്പാകെ സ്വയം നീതീകരിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ ആദ്യം ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ നോക്കി. (1 ശമൂവേൽ 15:13-21) “ഞാൻ . . . യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു” എന്ന് രാജാവിന് ഒടുവിൽ ശമൂവേലിനോടു സമ്മതിക്കേണ്ടിവന്നു. (1 ശമൂവേൽ 15:24, 25) അതേ, അവൻ തന്റെ തെറ്റ് സമ്മതിച്ചു. എന്നാൽ അവന്റെ മനസ്സിലുണ്ടായിരുന്ന പ്രധാന സംഗതി എന്തായിരുന്നുവെന്ന് ശമൂവേലിനോടുള്ള അവന്റെ തുടർന്നുള്ള വാക്കുകൾ വെളിപ്പെടുത്തുന്നു: ‘ഞാൻ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്റെ മൂപ്പന്മാരുടെയും യിസ്രായേലിന്റെയും മുമ്പാകെ ഇപ്പോൾ എന്നെ മാനിക്കണമേ.’ (1 ശമൂവേൽ 15:30) വ്യക്തമായും, ദൈവവുമായി സമാധാനത്തിലാകുന്നതിനെക്കാൾ ഇസ്രായേലിലെ തന്റെ നിലയെ സംബന്ധിച്ചായിരുന്നു ശൗലിന് കൂടുതൽ ഉത്കണ്ഠ. ഈ മനോഭാവം നിമിത്തം ദൈവം ശൗലിനോട് ക്ഷമിച്ചില്ല. സഭകളുടെ ഭാഗത്തെ സമാനമായ മനോഭാവം ദൈവം അവരോട് ക്ഷമിക്കുന്നതിന് ഇടയാക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ?
എല്ലാവരും യോജിക്കുന്നില്ല
സഭകൾ പരസ്യമായി ക്ഷമ ചോദിക്കുന്നതിനോട് എല്ലാവരും യോജിക്കുന്നില്ല. ദൃഷ്ടാന്തത്തിന്, തങ്ങളുടെ പാപ്പാ അടിമത്തത്തെപ്രതി ക്ഷമ ചോദിക്കുകയോ ഹസിനെയും കാൽവിനെയും പോലുള്ള “പാഷണ്ഡി”കളെ പുനഃസ്ഥിതീകരിക്കുകയോ ചെയ്യുമ്പോൾ നിരവധി റോമൻ കത്തോലിക്കർക്ക് അതത്ര സുഖകരമായി തോന്നുന്നില്ല. വത്തിക്കാൻ കേന്ദ്രങ്ങൾ പറയുന്നതനുസരിച്ച്, 1994 ജൂണിൽ പാപ്പായുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംബന്ധിച്ച കർദിനാൾമാർ, കത്തോലിക്കാ മതത്തിന്റെ കഴിഞ്ഞ സഹസ്രാബ്ദത്തിലെ ചരിത്രത്തെക്കുറിച്ചുള്ള ഒരു “മനഃസാക്ഷി പരിശോധന” നിർദേശിച്ചുകൊണ്ട് തങ്ങൾക്ക് അയച്ച ലേഖനത്തെ വിമർശിച്ചു. ആ നിർദേശത്തിന്റെ അന്തഃസത്തയെ ബിഷപ്പുമാർക്കുള്ള ഒരു പൊതു ചാക്രിക ലേഖനത്തിൽ ഉൾപ്പെടുത്താൻ പാപ്പാ ആഗ്രഹിച്ചെങ്കിലും ഇറ്റലിയിലെ കർദിനാളായ ജാക്കോമോ ബിഫി, “സഭയ്ക്ക് യാതൊരു പാപവുമില്ല” എന്ന് തറപ്പിച്ചുപറയുന്ന ഒരു ഇടയലേഖനം പ്രസിദ്ധീകരിച്ചു. എന്നിരുന്നാലും അദ്ദേഹം ഇങ്ങനെ സമ്മതിച്ചു: “കഴിഞ്ഞ നൂറ്റാണ്ടുകളിലെ സഭയുടെ തെറ്റുകൾക്ക് ക്ഷമ ചോദിക്കുന്നത് . . . [ആളുകൾക്ക്] നമ്മോടുള്ള വിയോജിപ്പ് കുറയാൻ ഇടയാക്കിയേക്കാം.”
“കത്തോലിക്കാ സഭയിലെ ഏറ്റവും വിവാദാത്മകമായ വിഷയങ്ങളിൽ ഒന്ന് പാപങ്ങളുടെ ഏറ്റുപറച്ചിൽ” ആണെന്ന് വത്തിക്കാൻ ഭാഷ്യകാരനായ ലൂയിജി അക്കാറ്റോലി പറയുന്നു. “പാപ്പാ മിഷനറിമാരുടെ തെറ്റുകൾ സമ്മതിച്ചാൽ, വിശ്വസ്തരായ മിഷനറിമാർ അതിൽ അമർഷം കൊള്ളും.” അതിനുപുറമേ, ഒരു റോമൻ കത്തോലിക്കാ പത്രപ്രവർത്തകൻ എഴുതി: “സഭാ ചരിത്രത്തെക്കുറിച്ച് പാപ്പായ്ക്ക് വാസ്തവത്തിൽ അത്തരമൊരു ഭീതിജനകമായ ആശയമാണുള്ളതെങ്കിൽ അദ്ദേഹത്തിന് എങ്ങനെ അതേ സഭയെത്തന്നെ ‘മനുഷ്യാവകാശങ്ങ’ളുടെ മുന്നണിപ്പോരാളിയായും തികച്ചും ഭാസുരമായ ഒരു മൂന്നാം സഹസ്രാബ്ദത്തിലേക്കു മാനവരാശിയെ നയിക്കാൻ കഴിയുന്ന ഏക ‘മാതാവും ഗുരു’വുമായും അവതരിപ്പിക്കാനാകുമെന്ന് മനസ്സിലാക്കുക പ്രയാസമാണ്.”
കണ്ടുപിടിക്കപ്പെടുമ്പോഴത്തെ ജാള്യതയാൽ മാത്രമുള്ള അനുതാപ നാട്യത്തിനെതിരെ ബൈബിൾ മുന്നറിയിപ്പു നൽകുന്നു. അത്തരം അനുതാപം വളരെ അപൂർവമായി മാത്രമേ അനുതപിക്കുന്നയാളിൽ നിലനിൽക്കുന്ന മാറ്റത്തിനിടയാക്കൂ. (2 കൊരിന്ത്യർ 7:8-11 താരതമ്യം ചെയ്യുക.) ദൈവദൃഷ്ടിയിൽ മൂല്യമുള്ള അനുതാപത്തോടൊപ്പം, “മാനസാന്തരത്തിന്നു യോഗ്യമായ ഫലം,” അതായത് അനുതാപത്തിൽ ഉൾപ്പെട്ടിരിക്കുന്ന ആത്മാർഥതയുടെ തെളിവ്, ഉണ്ടായിരിക്കും.—ലൂക്കൊസ് 3:8.
അനുതപിക്കുകയും കുറ്റം ഏറ്റുപറയുകയും ചെയ്യുന്ന ഒരുവൻ തെറ്റായ നടപടികൾ ഉപേക്ഷിക്കണമെന്ന്, നിർത്തണമെന്ന്, ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 28:13) അത് സംഭവിച്ചിട്ടുണ്ടോ? കൊള്ളാം, റോമൻ കത്തോലിക്കാ സഭയും മറ്റു സഭകളും തങ്ങൾ ചെയ്ത തെറ്റുകളെക്കുറിച്ചെല്ലാം കുറ്റസമ്മതം നടത്തിയശേഷം, വളരെയേറെ “ക്രിസ്ത്യാനികൾ” ഉൾപ്പെട്ട മധ്യാഫ്രിക്കയിലെയും പൂർവ യൂറോപ്പിലെയും അടുത്തകാലത്തെ ആഭ്യന്തര കലാപങ്ങളിൽ എന്താണ് സംഭവിച്ചത്? സഭകൾ ഒരു സമാധാന ശക്തിയായി വർത്തിച്ചോ? അവയുടെ നേതാക്കന്മാരെല്ലാം അവരുടെ അംഗങ്ങൾ ചെയ്തുകൊണ്ടിരുന്ന കഠോരകൃത്യങ്ങൾക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്തിയോ? ഇല്ല. എന്തിന്, ചില മതനേതാക്കന്മാർ ആ കൂട്ടക്കുരുതിയിൽ പങ്കെടുക്കുകപോലുമുണ്ടായി!
ദിവ്യ ന്യായവിധി
പാപ്പായുടെ ആവർത്തിച്ചുള്ള മേയാ കൂൽപകളെക്കുറിച്ച് സംസാരിക്കവേ കർദിനാളായ ബിഫി പരിഹാസപൂർവം ചോദിച്ചു: “ചരിത്രപ്രാധാന്യമുള്ള പാപങ്ങളുടെ കാര്യത്തിൽ നാമെല്ലാം അഖിലാണ്ഡ ന്യായവിധിക്കായി കാത്തിരിക്കുന്നതല്ലേ മെച്ചം?” കൊള്ളാം, മുഴു മാനവരാശിയുടെയും ന്യായവിധി ആസന്നമാണ്. മതചരിത്രത്തിന്റെ എല്ലാ ഇരുണ്ട ഏടുകളും യഹോവയാം ദൈവത്തിനു നന്നായി അറിയാം. പെട്ടെന്നുതന്നെ അവൻ കുറ്റക്കാരോട് കണക്കു ചോദിക്കും. (വെളിപ്പാടു 18:4-8) അതിനിടെ, രക്തപാതകക്കുറ്റം, ഹിംസാത്മക അസഹിഷ്ണുത, ക്രൈസ്തവലോകത്തിലെ സഭകൾ ക്ഷമ ചോദിക്കുന്ന മറ്റു കുറ്റകൃത്യങ്ങൾ എന്നിവയാൽ കറപുരളാത്ത ഒരു ആരാധനാ സമ്പ്രദായം കണ്ടെത്തുക സാധ്യമാണോ? ഉവ്വ്.
നമുക്കത് എങ്ങനെ ചെയ്യാൻ കഴിയും? യേശുക്രിസ്തു പ്രസ്താവിച്ച പിൻവരുന്ന ചട്ടം ബാധകമാക്കുന്നതിനാൽ: “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം.” ചില മതങ്ങൾ മറന്നുകളയാൻ ഇഷ്ടപ്പെടുന്ന ചരിത്രരേഖ, യേശു “കള്ളപ്രവാചക”ന്മാർ എന്നു വിളിച്ചവരെ മാത്രമല്ല “നല്ല ഫലം” പുറപ്പെടുവിച്ചിരിക്കുന്നവരെയും തിരിച്ചറിയാൻ നമ്മെ സഹായിക്കും. (മത്തായി 7:15-20) ആരാണിവർ? യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പരിശോധിച്ചുകൊണ്ട് അവരെ സ്വയം കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ലോകത്ത് സ്വാധീനശക്തിയുള്ള ഒരു സ്ഥാനം നിലനിർത്താൻ ശ്രമിക്കുന്നതിനുപകരം ദൈവവചനം പിൻപറ്റാൻ ഇന്ന് വാസ്തവത്തിൽ ശ്രമിക്കുന്നത് ആരാണെന്നു കാണുക.—പ്രവൃത്തികൾ 17:11.
[അടിക്കുറിപ്പ്]
a 1962-65 കാലയളവിൽ നാല് സെഷനുകളായി റോമിൽ സമ്മേളിച്ച 21-ാമത്തെ സഭൈക്യ കൗൺസിൽ.
[5-ാം പേജിലെ ചിത്രം]
സഭകൾ ഇതുപോലുള്ള നിഷ്ഠുര കൃത്യങ്ങൾക്ക് ക്ഷമാപണം നടത്തുന്നു
[കടപ്പാട്]
The Complete Encyclopedia of Illustration/J. G. Heck