നിങ്ങൾ അവരുടെ മാന്യതയെ ആദരിക്കുന്നുവോ?
കന്നുകാലികളെപ്പോലെ ആട്ടിത്തെളിച്ച്, അവിശ്വസനീയമാംവിധം വൃത്തികെട്ടതും ദുർഗന്ധം വമിക്കുന്നതുമായ സ്ഥലത്തു തിക്കിനിറച്ച് തദ്ദേശീയ ആഫ്രിക്കക്കാരെ കപ്പൽച്ചരക്കുപോലെ അമേരിക്കകളിലേക്കു കയറ്റിയയച്ചു. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനു മുമ്പുതന്നെ അവരിൽ പകുതിപ്പേരെങ്കിലും മരിക്കുമെന്ന ബോധ്യത്തോടെയാണ് അപ്രകാരം ചെയ്തത്. വീണ്ടുമൊരിക്കലും പരസ്പരം കാണാൻ പറ്റാതവണ്ണം കുടുംബാംഗങ്ങൾ നിർദയമായി വേർപിരിക്കപ്പെട്ടു. സഹമനുഷ്യനോടുള്ള മനുഷ്യത്വഹീനമായ പെരുമാറ്റത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിൽ ഒന്നായിരുന്നു അടിമക്കച്ചവടം. നിസ്സഹായരായ തദ്ദേശവാസികളെ ശക്തരായ അധിനിവേശക്കാർ നിഷ്കരുണം കീഴടക്കിയപ്പോൾ അത്തരം നിരവധി സംഭവങ്ങൾ അരങ്ങേറി.
തീർച്ചയായും, ഒരു വ്യക്തിയുടെ മാന്യത ഉരിഞ്ഞുകളയുന്നത് ശാരീരിക പ്രഹരമേൽപ്പിക്കുന്നതിനെക്കാൾ മൃഗീയമായിരിക്കാവുന്നതാണ്. അത് ആത്മവീര്യം നശിപ്പിക്കുന്നു. അടിമത്തം മിക്ക രാജ്യങ്ങളിലും നിരോധിച്ചിരിക്കുകയാണെങ്കിലും മാനുഷ മാന്യത തുടർന്നും തുരങ്കംവെക്കപ്പെടുകയാണ്, ഒരുപക്ഷേ കൂടുതൽ തന്ത്രപൂർവമായ വിധങ്ങളിൽ.
നേരേമറിച്ച് സത്യക്രിസ്ത്യാനികൾ “കൂട്ടുകാരനെ [“അയൽക്കാരനെ,” NW] നിന്നെപ്പോലെതന്നേ സ്നേഹിക്കേണം” എന്ന യേശുക്രിസ്തുവിന്റെ പ്രബോധനത്തിനു ശ്രദ്ധ കൊടുക്കാൻ പരിശ്രമിക്കുന്നു. അതുകൊണ്ട് അവർ തങ്ങളോടുതന്നെ ചോദിക്കുന്നു, ‘ഞാൻ മറ്റുള്ളവരുടെ വ്യക്തിഗത മാന്യതയെ ആദരിക്കുന്നുവോ?’—ലൂക്കൊസ് 10:27.
മാന്യത ദൃഷ്ടാന്തീകരിച്ചിരിക്കുന്നു
ഒരു നിഘണ്ടു പറയുന്നതനുസരിച്ച്, മാന്യത എന്നത് യോഗ്യനോ ബഹുമാനിതനോ ആദരണീയനോ ആയിരിക്കുന്ന ഗുണം അല്ലെങ്കിൽ അവസ്ഥയാണ്. അഖിലാണ്ഡ പരമാധികാരിയായ യഹോവയാം ദൈവത്തിന്റെ സ്ഥാനത്തിന്റെ എത്ര ഉചിതമായൊരു വിവരണം! വാസ്തവത്തിൽ, തിരുവെഴുത്തുകൾ യഹോവയെയും അവന്റെ പരമാധികാരത്തെയും മാന്യതയുമായി ആവർത്തിച്ചു ബന്ധപ്പെടുത്തുന്നു. മോശ, യെശയ്യാവ്, യെഹെസ്കേൽ, ദാനീയേൽ, യോഹന്നാൻ അപ്പോസ്തലൻ എന്നിവർക്ക് അത്യുന്നതന്റെയും അവന്റെ സ്വർഗീയ സദസ്സിന്റെയും നിശ്വസ്ത ദർശനങ്ങൾ ലഭിച്ചു. അവരുടെ വിവരണങ്ങൾ മിക്കപ്പോഴും ഭയഗംഭീരമായ പ്രൗഢിയും മാന്യതയും വരച്ചുകാട്ടി. (പുറപ്പാടു 24:9-11; യെശയ്യാവു 6:1; യെഹെസ്കേൽ 1:26-28; ദാനീയേൽ 7:9; വെളിപ്പാടു 4:1-3) സ്തുതിനിർഭരമായ പ്രാർഥനയിൽ ദാവീദ് ഇങ്ങനെ പറഞ്ഞു: “യഹോവേ, മഹത്ത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” (1 ദിനവൃത്താന്തം 29:11) സത്യമായും, യഹോവയാം ദൈവത്തെക്കാൾ മഹത്ത്വവും ആദരവും അർഹിക്കുന്ന യാതൊരുവനുമില്ല.
മനുഷ്യനെ തന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കുകവഴി യഹോവ മനുഷ്യർക്ക് ഒരളവിലുള്ള ആദരണീയതയും ആത്മാഭിമാനവും മാന്യതയും നൽകി. (ഉല്പത്തി 1:26) അതുകൊണ്ട് മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപെടലുകളിൽ, നാം ഓരോ വ്യക്തിക്കും ഉചിതമായ ബഹുമാനവും ആദരവും നൽകേണ്ടതുണ്ട്. അപ്രകാരം ചെയ്യുമ്പോൾ നാം ഫലത്തിൽ, മാനുഷിക മാന്യതയുടെ ഉറവായ യഹോവയാം ദൈവത്തെ അംഗീകരിക്കുകയാണു ചെയ്യുന്നത്.—സങ്കീർത്തനം 8:4-9.
കുടുംബ ബന്ധങ്ങളിലെ മാന്യത
ഭാര്യമാർക്ക് ഒരു “ബലഹീനപാത്ര”ത്തിനെന്നപോലെ “ബഹുമാനം കൊടു”ക്കാൻ വിവാഹിതനായിരുന്ന പത്രൊസ് അപ്പോസ്തലൻ നിശ്വസ്തതയിൽ ഭർത്താക്കന്മാരെ പ്രബോധിപ്പിച്ചു. (1 പത്രൊസ് 3:7; മത്തായി 8:14) “നേരേമറിച്ച്, ഭാര്യയ്ക്ക് തന്റെ ഭർത്താവിനോട് ആഴമായ ആദരവുണ്ടായിരിക്കണ”മെന്ന് പൗലൊസ് അപ്പോസ്തലൻ ഉപദേശിച്ചു. (എഫെസ്യർ 5:33, NW) അതുകൊണ്ട് വിവാഹത്തിൽ, ഒരുവന്റെ ഇണയുടെ വ്യക്തിഗത മാന്യതയോടുള്ള ബഹുമാനവും ആദരവും ഒരു ബൈബിൾ നിബന്ധനയാണ്. അതെപ്രകാരം പ്രകടമാക്കാൻ കഴിയും?
വളരുന്ന ചെടിക്ക് വെള്ളം ചൈതന്യമേകുന്നതുപോലെ, ഭാര്യാഭർത്താക്കന്മാരുടെ പരസ്യവും സ്വകാര്യവുമായ സൗമ്യ സംഭാഷണത്തിനും ദയാപൂർവകമായ അംഗവിക്ഷേപങ്ങൾക്കും അവരുടെ ആത്മബന്ധത്തെ പരിപോഷിപ്പിക്കാനാകും. നേരേമറിച്ച്, ടെലിവിഷൻ ഹാസ്യപരമ്പരകളിൽ ഒട്ടുമിക്കപ്പോഴും കേൾക്കുന്ന വാക്കുകൾക്കൊണ്ടുള്ള പരുക്കനോ അവഹേളനാപരമോ അന്തസ്സില്ലാത്തതോ ആയ ആക്രമണങ്ങളും താഴ്ത്തിക്കെട്ടലുകളും നശീകരണാത്മകമാണ്. വിലകെട്ടവനാണെന്ന തോന്നൽ, വിഷാദം, നീരസം എന്നിവയ്ക്ക് അവ വഴിമരുന്നിട്ടേക്കാം. എളുപ്പം സുഖപ്പെടുത്താനാകാത്ത വൈകാരിക മുറിവുകൾപോലും അതുളവാക്കിയേക്കാം.
മറ്റുള്ളവരെ ഭാവനയിലുള്ള ആദർശവ്യക്തിയുടെ ചട്ടക്കൂടിനുള്ളിലാക്കാനോ അന്യായമായി മറ്റുള്ളവരുമായി താരതമ്യം ചെയ്യാനോ ശ്രമിക്കാതെ, അവർ ആയിരിക്കുന്നതുപോലെ അവരെ സ്വീകരിക്കുന്നതും മറ്റുള്ളവരുടെ വ്യക്തിഗത മാന്യതയെ ആദരിക്കുന്നതിൽ ഉൾപ്പെടുന്നു. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഇത് വിശേഷാൽ പ്രധാനമാണ്. ആശയവിനിമയവും ഭാവപ്രകടനങ്ങളും, നിർബാധം സുഖകരമായി ഒഴുകുന്നിടത്ത്, വിമർശനമോ രൂക്ഷമായ ശകാരമോ ഉണ്ടാകുമെന്ന ഭയം ആർക്കുമില്ലാത്തിടത്ത്, ആത്മബന്ധം തഴച്ചുവളരും. വിവാഹത്തിൽ ഒരു വ്യക്തിക്ക് സ്വതഃസിദ്ധമായി വർത്തിക്കാൻ കഴിയുമ്പോൾ തീർച്ചയായും, ക്രൂരവും പരുഷവുമായ പുറംലോകത്തുനിന്നുള്ള ഒരു അഭയസ്ഥാനമായിരിക്കും ഭവനം.
തങ്ങളുടെ മാതാപിതാക്കളെ ആദരിക്കാനും അനുസരിക്കാനുമുള്ള തിരുവെഴുത്തുപരമായ കൽപ്പനയിൻകീഴിലാണ് കുട്ടികൾ. അതേസമയം, ജ്ഞാനവും സ്നേഹവുമുള്ള മാതാപിതാക്കൾ കുട്ടികളുടെ മാന്യതയെ ആദരിക്കാൻ ശ്രമിക്കുന്നു. നന്നായി പെരുമാറുമ്പോൾ ഊഷ്മളമായി അഭിനന്ദിക്കുകയും ആവശ്യമായിവരുമ്പോൾ ക്ഷമാപൂർവം ശിക്ഷണം നൽകുകയും ചെയ്യുന്നത് “യഹോവയുടെ മാനസിക ക്രമവത്കരണം” ആഴത്തിലുറയ്ക്കാൻ സഹായിക്കുന്നു. തുടർച്ചയായ വിമർശനവും ആക്രോശവും “വിഡ്ഢീ,” “മഠയാ” എന്നിങ്ങനെയുള്ള അവമതിക്കുന്ന പേരുകൾ വിളിക്കുന്നതും അവരെ ശുണ്ഠി പിടിപ്പിക്കുകയേ ഉള്ളൂ.—എഫെസ്യർ 6:4, NW.
മൂന്ന് ആൺമക്കളെയും മൂന്നു പെൺമക്കളെയും വളർത്തിക്കൊണ്ടുവരുന്ന ക്രിസ്തീയ മൂപ്പനായ ഒരു പിതാവ് പറയുന്നു: “രാജ്യഹാളിൽവെച്ച് ഞങ്ങൾ ആവശ്യമായ ശിക്ഷണം സാധ്യമാകുന്നത്ര നിശ്ശബ്ദമായി കൊടുത്തിരുന്നു. സാധാരണഗതിയിൽ, ഒരു ചെറിയ തട്ടലോ ഗൗരവത്തോടെയുള്ള ഒരു നോട്ടമോ മതിയാകും. കൂടുതൽ ഗൗരവമായ ശിക്ഷണം ആവശ്യമാണെങ്കിൽ മറ്റു കുട്ടികൾ കാണാതെ ഭവനത്തിലെ സ്വകാര്യതയിൽ ഞങ്ങൾ അത് നൽകുമായിരുന്നു. ഇപ്പോൾ കുട്ടികൾ വളർന്നിരിക്കുന്നതിനാൽ, ഓരോരുത്തരുടെയും വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് അവർക്ക് ദൈവവചനത്തിൽനിന്നുള്ള സ്നേഹപൂർവകവും ജ്ഞാനപൂർവകവുമായ ബുദ്ധ്യുപദേശം നൽകുന്നത് ശിക്ഷണത്തിൽ ഉൾപ്പെടുന്നു. ഈ വ്യക്തിപരമായ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ശ്രമിച്ചുകൊണ്ട്, ഓരോ കുട്ടിയുടെയും സ്വകാര്യതയ്ക്കുള്ള അവകാശത്തോടും മാന്യതയോടും ഞങ്ങൾ ആദരവ് പ്രകടമാക്കുന്നു.”
കുടുംബത്തിനുള്ളിൽ വാക്കിലും പ്രവൃത്തിയിലും നല്ല പെരുമാറ്റരീതികൾ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത അവഗണിക്കാവുന്നതല്ല. സുപരിചിതരായിരിക്കുന്നതു നിമിത്തം, “ദയവായി,” “നന്ദി,” “ക്ഷമിക്കണം,” “എനിക്കു ഖേദമുണ്ട്” എന്നിങ്ങനെയുള്ള വാക്കുകൾ അവഗണിക്കാൻ ഇടയാകരുത്. സ്വന്തം മാന്യത നിലനിർത്തുന്നതിലെയും മറ്റുള്ളവരുടെ മാന്യതയെ ആദരിക്കുന്നതിലെയും അടിസ്ഥാന സംഗതിയാണ് നല്ല പെരുമാറ്റരീതികൾ.
ക്രിസ്തീയ സഭയിൽ
“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” എന്ന് യേശു പറഞ്ഞു. (മത്തായി 11:28) മർദിതർ, വിഷാദമഗ്നർ, കൊച്ചുകുട്ടികൾ തുടങ്ങിയവർ എല്ലാവരും അപ്രതിരോധ്യമാംവണ്ണം യേശുവിലേക്ക് ആകർഷിതരായി. അഹങ്കാരികളും സ്വയനീതിക്കാരുമായ അക്കാലത്തെ പുരോഹിതവർഗവും നേതാക്കന്മാരും അവരെ പുച്ഛിച്ചുതള്ളിയിരുന്നു. എന്നാൽ അവർ യേശുവിൽ, തങ്ങൾ അർഹിക്കുന്ന മാന്യത തങ്ങൾക്കു നൽകുന്ന ഒരുവനെ കണ്ടെത്തി.
യേശുവിനെ അനുകരിച്ചുകൊണ്ട്, സഹവിശ്വാസികൾക്ക് നവോന്മേഷത്തിന്റെ ഒരു ഉറവായിരിക്കാൻ നാം ആഗ്രഹിക്കുന്നു. സംസാരത്താലും പ്രവൃത്തിയാലും അവരെ കെട്ടുപണി ചെയ്യാനുള്ള അവസരം തേടുന്നതിനെ അത് അർഥമാക്കുന്നു. സംഭാഷണത്തിൽ ദയാപൂർവകവും ക്രിയാത്മകവുമായ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുന്നതിൽ ആത്മാർഥമായ ഔദാര്യം കാണിക്കുന്നത് എല്ലായ്പോഴും ഉചിതമാണ്. (റോമർ 1:11, 12; 1 തെസ്സലൊനീക്യർ 5:11) എന്തു പറയുന്നുവെന്നതും എങ്ങനെ പറയുന്നുവെന്നതും സംബന്ധിച്ച് ശ്രദ്ധാലുക്കളായിരിക്കുകവഴി മറ്റുള്ളവരുടെ വികാരങ്ങളെക്കുറിച്ച് നാം ബോധവാന്മാരാണെന്നു പ്രകടമാക്കുന്നു. (കൊലൊസ്സ്യർ 4:6) ക്രിസ്തീയ യോഗങ്ങളിലെ നമ്മുടെ ഉചിതമായ വസ്ത്രധാരണവും പെരുമാറ്റവും ദൈവത്തിന്റെയും അവന്റെ ആരാധനയുടെയും നമ്മുടെ സഹാരാധകരുടെയും മാന്യതയോടുള്ള ആഴമായ ആദരവ് പ്രതിഫലിപ്പിക്കുന്നു.
മറ്റുള്ളവർക്കു സേവനം ചെയ്തപ്പോൾപ്പോലും യേശു അവരുടെ മാന്യതയെ ആദരിച്ചു. മറ്റുള്ളവരെ കരുവാക്കിക്കൊണ്ട് യേശു ഒരിക്കലും തന്നെത്തന്നെ ഉയർത്തിക്കാട്ടിയില്ല. സുഖം പ്രാപിക്കാനായി ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നപ്പോൾ അയാൾ അശുദ്ധനും അയോഗ്യനുമാണെന്നു പറഞ്ഞ് യേശു അയാളെ തള്ളിക്കളയുകയോ തന്നിലേക്കുതന്നെ ശ്രദ്ധക്ഷണിച്ചുകൊണ്ട് ഒരു ഗംഭീര പ്രദർശനം കാഴ്ചവെക്കുകയോ ചെയ്തില്ല. മറിച്ച്, “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്നു കുഷ്ഠരോഗി യേശുവിനോട് യാചിച്ചുപറഞ്ഞപ്പോൾ, “എനിക്കു മനസ്സുണ്ടു” എന്നു പറഞ്ഞുകൊണ്ട് യേശു ആ കുഷ്ഠരോഗിയെ മാനിച്ചു. (ലൂക്കൊസ് 5:12, 13) ദരിദ്രരെ സഹായിക്കുന്നതു കൂടാതെ, അവർ ഒരു ഭാരമല്ലെന്നും മറിച്ച് ആവശ്യമുള്ളവരും സ്നേഹിക്കപ്പെടുന്നവരും ആണെന്നും അവർക്ക് ഉറപ്പുനൽകുന്നത് എത്ര മഹത്തരമാണ്! ലജ്ജാപ്രകൃതമുള്ളവരും വിഷാദമഗ്നരും അംഗവൈകല്യമുള്ളവരും ലോകത്ത് സാധാരണമായി അവഗണിക്കപ്പെടുകയോ ഒഴിവാക്കപ്പെടുകയോ അവമതിക്കപ്പെടുകയോ ചെയ്യുന്നു. എന്നാൽ തങ്ങളുടെ ക്രിസ്തീയ സഹോദരീസഹോദരന്മാരുടെ ഇടയിലായിരിക്കുമ്പോൾ അവർ യഥാർഥ സാഹോദര്യവും അംഗീകാരവും കണ്ടെത്തണം. ഈ മനോഭാവത്തെ പരിപോഷിപ്പിക്കുന്നതിലുള്ള നമ്മുടെ പങ്ക് നാം നിർവഹിക്കണം.
തന്റെ ശിഷ്യന്മാരുടെ പിശകുകളും വ്യക്തിത്വസവിശേഷതകളും ഗണ്യമാക്കാതെ യേശു അവരെ “തനിക്കുള്ളവ”രായി സ്നേഹിച്ചു, അവൻ “അവസാനത്തോളം അവരെ സ്നേഹിച്ചു.” (യോഹന്നാൻ 13:1) ശുദ്ധഹൃദയവും തന്റെ പിതാവിനോടുള്ള മുഴു ദേഹിയോടുകൂടിയ ഭക്തിയും അവൻ അവരിൽ കണ്ടു. സമാനമായി, നമ്മുടെ സഹാരാധകർ കാര്യങ്ങൾ നമുക്കിഷ്ടമുള്ള വിധത്തിൽ ചെയ്യാത്തതുകൊണ്ടോ അവരുടെ സ്വഭാവമോ വ്യക്തിത്വമോ നമ്മെ അസഹ്യപ്പെടുത്തുന്നതുകൊണ്ടോ അവർക്ക് ദുഷ്ടലാക്കുകളാണുള്ളതെന്ന് നാം ഒരിക്കലും ആരോപിക്കരുത്. നമ്മുടെ സഹോദരന്മാരുടെ മാന്യതയോടുള്ള ആദരവ്, അവർ യഹോവയെ സ്നേഹിക്കുന്നുവെന്നും ശുദ്ധമായ ആന്തരങ്ങളോടെ അവനെ ആരാധിക്കുന്നുവെന്നും വിശ്വസിച്ചുകൊണ്ട് അവരെ അവരായിരിക്കുന്ന വിധത്തിൽ സ്നേഹിക്കാനും സ്വീകരിക്കാനും നമ്മെ പ്രേരിപ്പിക്കും.—1 പത്രൊസ് 4:8-10.
തങ്ങളുടെ പരിപാലനയിലുള്ളവർക്ക് അനാവശ്യമായ ഉത്കണ്ഠയ്ക്കു കാരണമുണ്ടാക്കാതിരിക്കാൻ മൂപ്പന്മാർ വിശേഷാൽ ശ്രദ്ധാലുക്കളായിരിക്കണം. (1 പത്രൊസ് 5:2, 3) പാപത്തിൽ വീണുപോയ ഒരു സഭാംഗവുമായി കൂടിവരുമ്പോൾ, തങ്ങളുടെ വാക്കുകളെ ദയയും പരിഗണനയുംകൊണ്ട് മയപ്പെടുത്തുകയും ലജ്ജിപ്പിക്കുന്ന ചോദ്യങ്ങൾ അകാരണമായി ചോദിക്കുന്നത് ഒഴിവാക്കുകയും ചെയ്തുകൊണ്ട് മൂപ്പന്മാർക്കു പരിഗണന കാണിക്കാവുന്നതാണ്. (ഗലാത്യർ 6:1) ശക്തമായ ശാസനയോ ശിക്ഷണമോ ഉചിതമായിരിക്കുമ്പോൾപ്പോലും, അവർ ദുഷ്പ്രവൃത്തിക്കാരന്റെ ന്യായമായ മാന്യതയെയും ആത്മാഭിമാനത്തെയും തുടർന്നും ആദരിക്കണം.—1 തിമൊഥെയൊസ് 5:1, 2.
വ്യക്തിപരമായ മാന്യത നിലനിർത്തൽ
ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നാം നമ്മുടെ അനുദിന ജീവിതത്തിൽ മാന്യത ഉൾപ്പെടെയുള്ള ദൈവത്തിന്റെ മഹോന്നത ഗുണങ്ങൾ പരമാവധി പ്രതിഫലിപ്പിക്കേണ്ടതാണ്. (ഉല്പത്തി 1:26) സമാനമായി, “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന കൽപ്പനയിൽ വ്യക്തിഗത മാന്യതയുടെയും ആത്മാഭിമാനത്തിന്റെയും ഒരു സന്തുലിതമായ അളവിലുള്ള ആവശ്യം ഉൾക്കൊള്ളുന്നു. (മത്തായി 22:39) മറ്റുള്ളവർ നമുക്ക് ആദരവും മാന്യതയും നൽകണമെന്ന് നാം ആഗ്രഹിക്കുന്നെങ്കിൽ, അത് അർഹിക്കുന്നുവെന്ന് നാം പ്രകടമാക്കേണ്ടതുണ്ടെന്നതാണ് വസ്തുത.
നല്ല മനസ്സാക്ഷി നിലനിർത്തുന്നത് ആത്മാഭിമാനവും വ്യക്തിഗത മാന്യതയും നിലനിർത്തുന്നതിലെ ഒരു സുപ്രധാന ഘടകമാണ്. കളങ്കിത മനസ്സാക്ഷിയും നോവിക്കുന്ന കുറ്റബോധവും താൻ വിലയില്ലാത്തവനാണെന്ന തോന്നലിലേക്കും നൈരാശ്യത്തിലേക്കും വിഷാദത്തിലേക്കും ഒരുവനെ എളുപ്പം നയിക്കുന്നു. അതുകൊണ്ട് ഒരു വ്യക്തി ഗുരുതരമായൊരു തെറ്റുചെയ്തിട്ടുണ്ടെങ്കിൽ, “യഹോവയാം വ്യക്തിയിൽനിന്നുള്ള നവോന്മേഷ കാലങ്ങൾ” ആസ്വദിക്കാൻ കഴിയേണ്ടതിന് അനുതപിക്കാനും മൂപ്പന്മാരിൽനിന്ന് ആത്മീയ സഹായം തേടാനും അടിയന്തിര നടപടികൾ സ്വീകരിക്കണം. ആ നവോന്മേഷത്തിൽ ഒരുവന്റെ വ്യക്തിഗത മാന്യതയുടെയും ആത്മാഭിമാനത്തിന്റെയും പുനഃസ്ഥിതീകരണം ഉൾപ്പെട്ടിരിക്കുന്നു.—പ്രവൃത്തികൾ 3:19, NW.
എന്നാൽ, നമ്മുടെ ബൈബിൾ പരിശീലിത മനസ്സാക്ഷിയെ കളങ്കപ്പെടുത്താനോ ദുർബലമാക്കാനോ യാതൊന്നിനെയും അനുവദിക്കാതെ അതിനെ കാത്തുസൂക്ഷിക്കാൻ അനവരതം പരിശ്രമിക്കുന്നതാണ് ഏറെ മെച്ചം. ഭക്ഷണം, മദ്യപാനം, ബിസിനസ്, വിനോദം, എതിർലിംഗവർഗത്തിൽ പെട്ടവരുമായുള്ള ഇടപെടൽ എന്നിങ്ങനെ നമ്മുടെ അനുദിന ജീവിതത്തിന്റെ സമസ്ത വശങ്ങളിലും ആത്മനിയന്ത്രണം പാലിക്കുന്നത് ശുദ്ധമായൊരു മനസ്സാക്ഷി നിലനിർത്താൻ നമ്മെ സഹായിക്കുകയും ജീവിതത്തിൽ ദൈവത്തിന്റെ മഹത്ത്വവും മാന്യതയും പ്രതിഫലിപ്പിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യും.—1 കൊരിന്ത്യർ 10:31.
നമ്മുടെ തെറ്റുകളെപ്രതിയുള്ള കുറ്റബോധം കുറയുന്നില്ലെങ്കിലോ? അല്ലെങ്കിൽ, സഹിക്കേണ്ടിവന്ന ദുഷ്പെരുമാറ്റങ്ങളെക്കുറിച്ചുള്ള ഓർമകൾ തുടർന്നും വേദനിപ്പിച്ചുകൊണ്ടിരിക്കുന്നെങ്കിലോ? അവ നമ്മുടെ വ്യക്തിഗത മാന്യത തകർക്കുകയും കടുത്ത വിഷാദം കൈവരുത്തുകയും ചെയ്തേക്കാം. “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു” എന്ന സങ്കീർത്തനം 34:18-ൽ കാണുന്ന ദാവീദ് രാജാവിന്റെ വാക്കുകൾ എത്ര ആശ്വാസപ്രദമാണ്! തന്റെ ദാസന്മാർക്ക് വിഷാദത്തോടും തങ്ങൾ വിലയില്ലാത്തവരാണെന്നുള്ള തോന്നലിനോടും പോരാടേണ്ടതുള്ളപ്പോൾ അവരെ താങ്ങിനിർത്താൻ യഹോവ സന്നദ്ധനും മനസ്സൊരുക്കമുള്ളവനുമാണ്. അവനോട് യാചനകഴിക്കുന്നതും അതോടൊപ്പം ക്രിസ്തീയ മാതാപിതാക്കൾ, മൂപ്പന്മാർ, സഭയിലെ മറ്റു പക്വതയുള്ളവർ എന്നിങ്ങനെ ആത്മീയ യോഗ്യതയുള്ളവരുടെ സഹായം തേടുന്നതുമാണ് ആത്മാഭിമാനവും വ്യക്തിഗത മാന്യതയും പുനഃസ്ഥാപിക്കാനുള്ള മാർഗം.—യാക്കോബ് 5:13-15.
നേരേമറിച്ച്, വ്യക്തിഗത മാന്യതയും ദുരഭിമാനവും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നതിനെതിരെ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെ”ന്നാണ് തിരുവെഴുത്തു ബുദ്ധ്യുപദേശം. (റോമർ 12:3) ആത്മാഭിമാനം നട്ടുവളർത്തുന്നത് ഉചിതമാണെങ്കിലും, നമ്മുടെ മൂല്യത്തെ പെരുപ്പിച്ചു കാണിക്കാനോ മറ്റുള്ളവരുടെ മുമ്പാകെ മുഖം രക്ഷിക്കാൻ ചിലർ ചെയ്യുന്ന സ്വാർഥവും അതിരുകടന്നതുമായ ശ്രമങ്ങളുമായി മാനുഷ മാന്യതയെ കൂട്ടിക്കുഴയ്ക്കാനോ നാം ആഗ്രഹിക്കുന്നില്ല.
അതേ, മറ്റൊരുവന്റെ മാന്യതയോടുള്ള ആദരവ് ഒരു ക്രിസ്തീയ നിബന്ധനയാണ്. കുടുംബാംഗങ്ങളും സഹക്രിസ്ത്യാനികളും നമ്മുടെ ആദരവിനും ബഹുമാനത്തിനും വിലമതിപ്പിനും യോഗ്യരും അർഹരുമാണ്. യഹോവ നമുക്ക് ഓരോരുത്തർക്കും ഒരളവിലുള്ള മാന്യതയും ബഹുമാനവും നൽകിയിട്ടുണ്ട്. നാമത് വിലമതിക്കുകയും നിലനിർത്തുകയും വേണം. എന്നാൽ സർവോപരി, നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവത്തിന്റെ അതിശ്രേഷ്ഠ മാന്യതയോടും മാഹാത്മ്യത്തോടും നാം ആഴമായ ആദരവു വളർത്തിയെടുക്കണം.
[31-ാം പേജിലെ ചിത്രം]
കുട്ടികൾക്ക് അംഗവൈകല്യമുള്ളവരോട് ആദരവു കാട്ടാവുന്നതാണ്