വിശ്വാസവും നിങ്ങളുടെ ഭാവിയും
‘വിശ്വാസം എന്നതു പ്രത്യാശിക്കുന്ന കാര്യങ്ങളുടെ ഉറപ്പു ലഭിച്ച പ്രതീക്ഷയാകുന്നു.’—എബ്രായർ 11:1, NW.
1. എങ്ങനെയുള്ള ഭാവിയാണ് മിക്കവരും ആഗ്രഹിക്കുന്നത്?
നിങ്ങൾക്കു ഭാവികാര്യങ്ങളിൽ താത്പര്യമുണ്ടോ? മിക്കയാളുകൾക്കുമുണ്ട്. സമാധാനമുള്ള, ഭയവിമുക്തമായ, മാന്യമായ ജീവിതാവസ്ഥകളുള്ള, ഉത്പാദനക്ഷമവും ആസ്വാദ്യവുമായ ജോലിയുള്ള, നല്ല ആരോഗ്യവും ദീർഘായുസ്സുമുള്ള ഒരു ഭാവിയാണ് അവർ പ്രത്യാശിക്കുന്നത്. ചരിത്രത്തിലെ ഏതു തലമുറയിലും ജീവിച്ചിരുന്ന ആളുകൾ അത്തരം കാര്യങ്ങൾ ആഗ്രഹിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. കുഴപ്പങ്ങൾ നിറഞ്ഞ ഇന്നത്തെ ലോകത്തിൽ അത്തരം അവസ്ഥകൾ എന്നത്തെക്കാളും അഭിലഷണീയമാണ്.
2. ഒരു രാജ്യതന്ത്രജ്ഞൻ ഭാവിയെക്കുറിച്ച് എങ്ങനെയുള്ള ഒരു വീക്ഷണമാണു പ്രകടമാക്കിയത്?
2 മനുഷ്യവർഗം 21-ാം നൂറ്റാണ്ടിലേക്കു ചുവടുവെക്കുന്ന ഈ വേളയിൽ, ഭാവി എങ്ങനെയുള്ളതായിരിക്കുമെന്നു നിർണയിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? 200-ലധികം വർഷംമുമ്പ് പാട്രിക്ക് ഹെൻട്രി എന്ന അമേരിക്കൻ രാജ്യതന്ത്രജ്ഞൻ അതിനുള്ള ഒരു മാർഗത്തെക്കുറിച്ചു പരാമർശിച്ചു. “ഭൂതകാലത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഭാവിയെ നിർണയിക്കാനുള്ള യാതൊരു മാർഗവും എനിക്കറിയില്ല” എന്ന് അദ്ദേഹം പറഞ്ഞു. ഈ വീക്ഷണമനുസരിച്ച്, മമനുഷ്യന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മാനവകുലത്തിന്റെ ഭാവി ഗണ്യമായ അളവോളം മനസ്സിലാക്കാൻ സാധിക്കും. പ്രസ്തുത ആശയത്തോടു പലരും യോജിക്കുന്നു.
ഭൂതകാലം എങ്ങനെയുള്ളതായിരുന്നു?
3. ചരിത്രസാക്ഷ്യം ഭാവിപ്രതീക്ഷകൾ സംബന്ധിച്ച് എന്തു സൂചിപ്പിക്കുന്നു?
3 ഭാവി ഭൂതകാലത്തിന്റെ ഒരു പ്രതിഫലനമാണെങ്കിൽ, അതു പ്രോത്സാഹജനകമായി നിങ്ങൾക്കു തോന്നുന്നുണ്ടോ? മുൻനൂറ്റാണ്ടുകളിലെ തലമുറകളെ സംബന്ധിച്ചിടത്തോളം അവരുടെ ഭാവി മെച്ചപ്പെട്ടതായിരുന്നോ? അല്ലായിരുന്നു എന്നതാണ് വാസ്തവം. ആയിരക്കണക്കിനു വർഷങ്ങളായി ആളുകൾ പ്രത്യാശ വെച്ചുപുലർത്തിയിട്ടും ചിലയിടങ്ങളിൽ ഭൗതിക പുരോഗതി കൈവരിച്ചിട്ടും മാനവചരിത്രം അടിച്ചമർത്തലും കുറ്റകൃത്യവും അക്രമവും യുദ്ധവും ദാരിദ്ര്യവും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ ലോകം ഒന്നിനുപുറകേ ഒന്നായി അനേകം ദുരന്തങ്ങൾക്കു സാക്ഷ്യം വഹിച്ചിരിക്കുന്നു. അതിന്റെ മുഖ്യ കാരണമാകട്ടെ, തൃപ്തികരമല്ലാത്ത മാനുഷഭരണവും. “മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരം നടത്തിയിരിക്കുന്നു” എന്ന് ബൈബിൾ കൃത്യമായി പ്രസ്താവിക്കുന്നു.—സഭാപ്രസംഗി 8:9, NW.
4, 5. (എ) 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആളുകൾ പ്രത്യാശാനിർഭരരായിരുന്നത് എന്തുകൊണ്ട്? (ബി) അവരുടെ ഭാവിപ്രതീക്ഷകൾക്ക് എന്തു സംഭവിച്ചു?
4 മനുഷ്യവർഗത്തിന്റെ മോശമായ ചരിത്രം, കൂടുതൽ വിപുലവും ഹാനികരവുമായ അളവിൽ, വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നുവെന്നതാണ് വാസ്തവം. അതിന്റെ തെളിവാണ് ഈ 20-ാം നൂറ്റാണ്ട്. കഴിഞ്ഞകാല തെറ്റുകളിൽനിന്ന് പാഠമുൾക്കൊണ്ടുകൊണ്ട് മനുഷ്യർ അവ ഒഴിവാക്കിയിട്ടുണ്ടോ? ഭാവി മെച്ചപ്പെട്ടതായിരിക്കുമെന്ന് ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ പലരും വിശ്വസിച്ചിരുന്നു. കാരണം, താരതമ്യേന ദീർഘകാലം സമാധാനം കളിയാടിയിരുന്നു. തന്നെയുമല്ല, വ്യാവസായിക, ശാസ്ത്രീയ, വിദ്യാഭ്യാസ രംഗങ്ങളിൽ പുരോഗതി ദൃശ്യവുമായിരുന്നു. “ആളുകൾ സംസ്കാരസമ്പന്നരായിരുന്ന”തിനാൽ മേലാൽ യുദ്ധമുണ്ടാകില്ലെന്ന വിശ്വാസം 1900-ത്തിന്റെ തുടക്കത്തിൽ അനേകർക്കുമുണ്ടായിരുന്നെന്ന് ഒരു സർവകലാശാലാ പ്രൊഫസർ പറയുകയുണ്ടായി. അക്കാലത്ത് ആളുകൾക്കുണ്ടായിരുന്ന വീക്ഷണത്തെക്കുറിച്ച് ഒരു മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു: “എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടുകൊണ്ടിരിക്കുമെന്ന പ്രതീതി. ഞാൻ ജനിച്ചപ്പോൾ ലോകത്തിന്റെ അവസ്ഥ അതായിരുന്നു.” പക്ഷേ തുടർന്ന് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “പെട്ടെന്ന്, അപ്രതീക്ഷിതമായി, 1914-ലെ ഒരു പ്രഭാതത്തിൽ എല്ലാം തകർന്നുവീണു.”
5 ഭാവി മെച്ചപ്പെട്ടതായിരിക്കുമെന്ന വിശ്വാസം അക്കാലത്ത് പ്രബലമായിരുന്നെങ്കിലും, പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ, അന്നുവരെ മനുഷ്യൻ വരുത്തിവെച്ചിട്ടുള്ളതിലേക്കും വലിയ ദുരന്തമായ ഒന്നാം ലോകമഹായുദ്ധത്തിലേക്കു ലോകം വഴുതിവീഴുകയായിരുന്നു. അതിന്റെ സ്വഭാവത്തിന് ഒരു ഉദാഹരണമായി ഒരു സംഭവം പരിചിന്തിക്കുക. 1916-ൽ ഫ്രാൻസിലെ സോം നദിക്കടുത്തുവെച്ചു നടന്ന ഒരു പോരാട്ടത്തിൽ ബ്രിട്ടീഷ് സേനകൾ ജർമൻ സൈനികരെ ആക്രമിച്ചതായിരുന്നു അത്. ഏതാനും മണിക്കൂറുകൾകൊണ്ട് ബ്രിട്ടീഷ് അണികളിലെ 20,000 പേർ കൊല്ലപ്പെട്ടു. അനേകം ജർമൻകാരും മരിച്ചുവീണു. നാലുവർഷം നീണ്ടുനിന്ന ആ കൂട്ടക്കുരുതിയിൽ ഒരു കോടിയോളം സൈനികരും സാധാരണക്കാരുമാണു കൊല്ലപ്പെട്ടത്. അനവധി പുരുഷന്മാർ മൃതിയടഞ്ഞതിനാൽ ഫ്രാൻസിലെ ജനസംഖ്യയിൽ കുറെ കാലത്തേക്ക് ഇടിവുണ്ടായി. സമ്പദ്വ്യവസ്ഥകൾ തകർന്നു. അങ്ങനെ അത് 1930-കളിലെ ആഗോള സാമ്പത്തികമാന്ദ്യത്തിനു കാരണമായി. ഒന്നാം ലോകമഹായുദ്ധം തുടങ്ങിയ ദിവസം ലോകത്തിനു ഭ്രാന്തുപിടിച്ച ദിവസമാണെന്നു ചിലർ പറയുന്നതിൽ അതിശയിക്കാനില്ല!
6. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ജീവിതം മെച്ചപ്പെട്ടോ?
6 ഇതായിരുന്നോ ആ തലമുറ പ്രത്യാശിച്ച ഭാവി? ഒരിക്കലുമല്ല. അവരുടെ പ്രതീക്ഷകൾ ശിഥിലമായി; യുദ്ധത്തിന്റെ ഫലമായി യാതൊരു പുരോഗതിയും ഉണ്ടായില്ല. വെറും 21 വർഷം കഴിഞ്ഞപ്പോൾ, അതായത് 1939-ൽ, മുമ്പത്തെക്കാൾ ദാരുണമായ മറ്റൊരു ദുരന്തം കൂടി മനുഷ്യൻ വരുത്തിവെച്ചു—രണ്ടാം ലോകമഹായുദ്ധം. അത് അഞ്ചു കോടിയോളം സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും ജീവനൊടുക്കി. കനത്ത ബോംബുവർഷങ്ങളിൽ നഗരങ്ങൾ ചാമ്പലായി. ഒന്നാം ലോകമഹായുദ്ധത്തിലെ ഒരു പോരാട്ടത്തിൽ ഏതാനും മണിക്കൂറുകൾകൊണ്ട് മരിച്ചുവീണത് ആയിരക്കണക്കിനു സൈനികരായിരുന്നുവെങ്കിൽ, രണ്ടാം ലോകമഹായുദ്ധത്തിൽ വെറും രണ്ട് ആറ്റംബോംബുകൾ സെക്കൻഡുകൾകൊണ്ട് 1,00,000-ത്തിലധികം പേരുടെ ജീവനാണ് ഒടുക്കിയത്. അതിനെക്കാൾ കൊടിയതെന്ന് അനേകർ കരുതുന്നത് നാസി തടങ്കൽപ്പാളയങ്ങളിൽ നടന്ന ദശലക്ഷങ്ങളുടെ ആസൂത്രിത അരുംകൊലയാണ്.
7. ഈ മുഴുനൂറ്റാണ്ടിനെയും സംബന്ധിച്ച യാഥാർഥ്യം എന്താണ്?
7 രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിലും ആഭ്യന്തര പോരാട്ടങ്ങളിലും മരിക്കുന്നവരുടെയും സ്വന്തം ഗവൺമെൻറ് നടപടിമൂലം കൊല്ലപ്പെടുന്ന പൗരന്മാരുടെയും എണ്ണം കണക്കിലെടുത്താൽ, ഈ നൂറ്റാണ്ടിൽ വധിക്കപ്പെട്ടവരുടെ സംഖ്യ 20 കോടിയോളം വരുമെന്നു ചില വൃത്തങ്ങൾ പറയുന്നു. അത് 36 കോടി വരുമെന്ന് പറയുന്നവരുമുണ്ട്. ഇതെല്ലാം ഉളവാക്കിയ ഭീതിയെക്കുറിച്ച്—വേദനയെയും കണ്ണീരിനെയും ഹൃദയദുഃഖത്തെയും തകർന്ന ജീവിതങ്ങളെയും കുറിച്ച്—ഒന്നാലോചിച്ചുനോക്കൂ! മാത്രമല്ല, ദാരിദ്ര്യത്തോടു ബന്ധപ്പെട്ട കാരണങ്ങളാൽ പ്രതിദിനം 40,000-ത്തോളം പേരാണ് മരിക്കുന്നത്, അവരിൽ ഏറെയും കുട്ടികളാണ്. അതിന്റെ മൂന്നിരട്ടിയാണ് ഓരോ ദിവസവും ഗർഭച്ഛിദ്രംമൂലം കൊല്ലപ്പെടുന്നത്. തന്നെയുമല്ല, നിത്യവൃത്തി തേടാൻ കഴിയാത്തവിധം ദരിദ്രരായിരിക്കുന്നവരുടെ എണ്ണം 100 കോടിയോളം വരും. ഈ അവസ്ഥകളെല്ലാം നാം ഈ ദുഷ്ട വ്യവസ്ഥിതിയുടെ “അന്ത്യകാല”ത്താണ് ജീവിച്ചിരിക്കുന്നതെന്നു ബൈബിൾ പ്രവചനത്തിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ തെളിവുകളാണ്.—2 തിമൊഥെയൊസ് 3:1-5, 13; മത്തായി 24:3-12; ലൂക്കൊസ് 21:10, 11; വെളിപ്പാടു 6:3-8.
മനുഷ്യരുടെ പക്കൽ പരിഹാരമില്ല
8. മനുഷ്യനേതാക്കന്മാർക്കു ലോകപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തത് എന്തുകൊണ്ട്?
8 20-ാം നൂറ്റാണ്ട് അവസാനത്തോടടുക്കവേ, നമുക്ക് ഈ നൂറ്റാണ്ടിന്റെ അനുഭവം കഴിഞ്ഞകാല നൂറ്റാണ്ടുകളുടേതിനോടു കൂട്ടാം. അപ്പോൾ ആ ചരിത്രം നമ്മോട് പറയുന്നതെന്താണ്? മാനുഷനേതാക്കന്മാർ ലോകത്തിന്റെ പ്രമുഖ പ്രശ്നങ്ങൾ ഒരിക്കലും പരിഹരിച്ചിട്ടില്ല, ഇപ്പോഴും പരിഹരിക്കുന്നില്ല, ഭാവിയിൽ പരിഹരിക്കുകയുമില്ല എന്ന്. അവർ എത്ര ഉദ്ദേശ്യശുദ്ധിയുള്ളവരായിരുന്നാലും, നാം ആഗ്രഹിക്കുന്നതരം ഭാവി കൈവരുത്തുകയെന്നത് അവരുടെ കഴിവിനതീതമാണ്. അധികാരത്തിലുള്ള പലരും അത്രകണ്ട് ഉദ്ദേശ്യശുദ്ധിയുള്ളവരല്ലതാനും. അവരിലനേകരും മറ്റുള്ളവരുടെ നന്മ കണക്കാക്കാതെ, സ്വാർഥവും ഭൗതികത്വപരവുമായ സ്വന്തലക്ഷ്യങ്ങൾക്കായി സ്ഥാനമാനങ്ങൾ തേടുന്നവരാണ്.
9. മനുഷ്യപ്രശ്നങ്ങൾക്ക് ശാസ്ത്രത്തിന്റെ പക്കൽ ഉത്തരമുണ്ടോയെന്നു സംശയിക്കാൻ കാരണമുള്ളതെന്തുകൊണ്ട്?
9 ഇനി, ശാസ്ത്രത്തിന്റെ പക്കൽ ഉത്തരമുണ്ടോ? പിന്നിട്ട വഴികളിലേക്കു നോക്കിയാൽ ഇല്ലെന്നു മനസ്സിലാകും. ഭയങ്കര നശീകരണസ്വഭാവമുള്ള രാസ, ജൈവ ആയുധങ്ങളും മറ്റും വികസിപ്പിച്ചെടുക്കാൻ ഗവൺമെൻറ്-നിയമിത ശാസ്ത്രജ്ഞന്മാർ ഭീമമായ തുക ചെലവാക്കുകയും വളരെയധികം സമയവും ശ്രമവും ചെലവഴിക്കുകയും ചെയ്യുന്നു. അത്തരം ചെലവു താങ്ങാൻ തെല്ലും കെൽപ്പില്ലാത്തവ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ഓരോ വർഷവും ആയുധവത്കരണത്തിനു വേണ്ടി മൊത്തം ചെലവഴിക്കുന്നത് 70,000 കോടി ഡോളറാണ്! മാത്രമല്ല, വായുവിനെയും മണ്ണിനെയും ജലത്തെയും ഭക്ഷണത്തെയും മലീമസമാക്കിയിരിക്കുന്ന രാസവസ്തുക്കൾക്കും ഭാഗികമായി ഉത്തരവാദിത്വം വഹിക്കുന്നത് ‘ശാസ്ത്രീയ പുരോഗതി’യാണ്.
10. വിദ്യാഭ്യാസം ഒരു മെച്ചപ്പെട്ട ഭാവി ഉറപ്പുവരുത്തുന്നില്ലാത്തത് എന്തുകൊണ്ട്?
10 ലോകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉയർന്ന ധാർമികനിലവാരങ്ങളും മറ്റുള്ളവരോടുള്ള പരിഗണനയും അയൽക്കാരോടുള്ള സ്നേഹവും പഠിപ്പിച്ചുകൊണ്ട് മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നു നമുക്കു പ്രത്യാശിക്കാനാകുമോ? ഇല്ല. പകരം, തൊഴിലിലും പണമുണ്ടാക്കുന്നതിലുമൊക്കെയാണ് അവരുടെ ശ്രദ്ധ. സഹകരണമനോഭാവത്തെയല്ല, കടുത്ത മത്സരബുദ്ധിയെയാണ് അവ പരിപോഷിപ്പിക്കുന്നത്. സ്കൂളുകളിലും ധാർമികനിലവാരങ്ങൾ പഠിപ്പിക്കുന്നില്ല. പകരം, അവർ ലൈംഗിക സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്നു. അതാകട്ടെ, കൗമാരപ്രായക്കാരുടെ ഗർഭധാരണവും രതിജരോഗങ്ങളും ഭയങ്കരമായ തോതിൽ വർധിക്കുന്നതിനു കാരണമായിരിക്കുന്നു.
11. ബിസിനസ് സ്ഥാപനങ്ങളുടെ ചരിത്രം ഭാവിയുടെമേൽ സംശയത്തിന്റെ കരിനിഴൽ വീഴ്ത്തുന്നത് എന്തുകൊണ്ട്?
11 ലോകത്തിലെ വൻ ബിസിനസ് സ്ഥാപനങ്ങൾ പെട്ടെന്നൊരു പ്രചോദനം തോന്നി നമ്മുടെ ഗ്രഹത്തെ നന്നായി പരിപാലിക്കുകയും ലാഭത്തിനുവേണ്ടി മാത്രമല്ലാതെ, ആളുകളുടെ യഥാർഥ പ്രയോജനത്തിനുതകുന്ന ഉത്പന്നങ്ങൾ നിർമിച്ചുകൊണ്ട് മറ്റുള്ളവരോടു സ്നേഹം കാണിക്കുകയും ചെയ്യുമോ? സാധ്യതയില്ല. ആളുകളുടെ, വിശേഷിച്ചും യുവജനങ്ങളുടെ, മനസ്സിനെ ദുഷിപ്പിക്കുന്ന അക്രമവും അധാർമികതയും നിറഞ്ഞ ടെലിവിഷൻ പരിപാടികൾ നിർമിക്കുന്നത് അവർ നിർത്തുമോ? ഇക്കാര്യത്തിലും പോയ വർഷങ്ങൾ ഒട്ടും പ്രോത്സാഹജനകമല്ല. കാരണം, ടിവി അധാർമികതയുടെയും അക്രമത്തിന്റെയും കൂത്തരങ്ങായിത്തീർന്നിരിക്കുന്നു.
12. രോഗവും മരണവും സംബന്ധിച്ചു മമനുഷ്യന്റെ അവസ്ഥ എന്താണ്?
12 ഇനി, ഡോക്ടർമാരുടെ കാര്യം. എത്രതന്നെ ആത്മാർഥതയുള്ളവരായിരുന്നാലും, രോഗവും മരണവും അവരുടെ പിടിയിലൊതുങ്ങുന്നില്ല. ഉദാഹരണത്തിന്, ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം, അവർക്ക് സ്പാനിഷ് ഇൻഫ്ളുവൻസയെ ചെറുക്കാനായില്ല. ലോകവ്യാപകമായി അതു രണ്ടു കോടിയോളം പേരുടെ ജീവനപഹരിച്ചു. ഇന്ന്, ഹൃദ്രോഗവും അർബുദവും മറ്റു മാരകരോഗങ്ങളും സർവത്ര വ്യാപകമാണ്. എയ്ഡ്സ് എന്ന ആധുനിക മഹാമാരിയെ നിയന്ത്രിക്കാനും വൈദ്യശാസ്ത്രലോകത്തിനു കഴിഞ്ഞിട്ടില്ല. നേരേമറിച്ച്, 1997 നവംബറിൽ പ്രസിദ്ധപ്പെടുത്തിയ ഒരു യു.എൻ. റിപ്പോർട്ട് നിഗമനം ചെയ്യുന്നത് എയ്ഡ്സ് വൈറസ് വ്യാപിക്കുന്നത് മുമ്പ് കണക്കാക്കിയതിനെക്കാൾ ഇരട്ടി വേഗത്തിലാണെന്നാണ്. ഈ രോഗം നിമിത്തം ഇതിനോടകംതന്നെ ദശലക്ഷങ്ങൾ മരിച്ചിട്ടുണ്ട്. 1996-ൽ മാത്രം 30 ലക്ഷം പേരെയാണ് ആ രോഗം ബാധിച്ചത്.
യഹോവയുടെ സാക്ഷികൾ ഭാവിയെ വീക്ഷിക്കുന്ന വിധം
13, 14. (എ) യഹോവയുടെ സാക്ഷികൾ ഭാവിയെ എങ്ങനെയാണു വീക്ഷിക്കുന്നത്? (ബി) മെച്ചപ്പെട്ട ഭാവി കൈവരുത്താൻ മനുഷ്യർക്കു കഴിയാത്തത് എന്തുകൊണ്ട്?
13 മനുഷ്യവർഗത്തിന് ശോഭനമായ, ഏറ്റവും മികച്ച ഒരു ഭാവിയാണുള്ളതെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു! എന്നാൽ, മനുഷ്യ ശ്രമങ്ങളിലൂടെ മെച്ചപ്പെട്ട ഭാവി വരുമെന്ന പ്രതീക്ഷയല്ല അവരുടേത്. മറിച്ച്, സ്രഷ്ടാവായ യഹോവയാം ദൈവത്തിലേക്ക് അവർ നോക്കുന്നു. ഭാവി എങ്ങനെയുള്ളതായിരിക്കുമെന്ന് അവന് അറിയാം—അത് അത്ഭുതകരമായ ഒന്നായിരിക്കും! അത്തരമൊരു ഭാവി കൈവരുത്താൻ മനുഷ്യർക്കാവില്ലെന്നും അവനറിയാം. അവരെ സൃഷ്ടിച്ചത് ദൈവമായിരിക്കുന്നതിനാൽ, അവരുടെ പരിമിതികളെക്കുറിച്ച് മറ്റാരെക്കാളും മെച്ചമായി അറിയാവുന്നതും അവനാണ്. ദിവ്യമാർഗനിർദേശമില്ലാതെ വിജയപ്രദമായി ഭരിക്കാനുള്ള പ്രാപ്തിയോടെയല്ല മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നതെന്ന് തന്റെ വചനത്തിൽ അവൻ വ്യക്തമായി പറഞ്ഞിരിക്കുന്നു. ദൈവത്തെ ആശ്രയിക്കാതെയുള്ള മാനുഷഭരണം അവൻ ദീർഘകാലമായി അനുവദിച്ചിരിക്കുന്നതിനാൽ മനുഷ്യരുടെ ഈ പ്രാപ്തിയില്ലായ്മ സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. ഒരു ഗ്രന്ഥകാരൻ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “മനുഷ്യബുദ്ധിക്കു സാധ്യമായ എല്ലാ പരമാധികാര ഭരണസമ്പ്രദായങ്ങളും പരീക്ഷിച്ചുനോക്കി പരാജയപ്പെട്ടിരിക്കുന്നു.”
14 യിരെമ്യാവു 10:23-ൽ നിശ്വസ്ത പ്രവാചകന്റെ ഈ വാക്കുകൾ നാം വായിക്കുന്നു: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” കൂടാതെ, സങ്കീർത്തനം 146:3 ഇങ്ങനെ പ്രസ്താവിക്കുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.” വാസ്തവത്തിൽ, റോമർ 5:12 പ്രകടമാക്കുന്നതുപോലെ, നാം അപൂർണരായി ജനിച്ചിരിക്കുന്നതുകൊണ്ട് നമ്മെത്തന്നെ ആശ്രയിക്കാൻ പാടില്ലെന്ന് ദൈവവചനം മുന്നറിയിപ്പു നൽകുന്നു. യിരെമ്യാവു 17:9 പറയുന്നു: “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു.” അക്കാരണത്താൽ സദൃശവാക്യങ്ങൾ 28:26 ഇപ്രകാരം പ്രഖ്യാപിക്കുന്നു: “സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.”
15. നമുക്കു മാർഗനിർദേശകമായ ജ്ഞാനം എവിടെ കണ്ടെത്താൻ കഴിയും?
15 ഈ ജ്ഞാനം നമുക്ക് എവിടെ കണ്ടെത്താനാകും? “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.” (സദൃശവാക്യങ്ങൾ 9:10) ഈ ഭയാനക കാലഘട്ടത്തിലൂടെ നമ്മെ നയിക്കുന്നതിനുള്ള ജ്ഞാനം യഹോവയ്ക്കു മാത്രമേയുള്ളൂ. ഈ ജ്ഞാനം, അവൻ നമ്മുടെ മാർഗനിർദേശത്തിനായി നിശ്വസ്തമാക്കിയ വിശുദ്ധ തിരുവെഴുത്തുകളിലൂടെ നമുക്കു ലഭ്യമാണ്.—സദൃശവാക്യങ്ങൾ 2:1-9; 3:1-6; 2 തിമൊഥെയൊസ് 3:16, 17.
മാനുഷഭരണത്തിന്റെ ഭാവി
16. ആരാണു ഭാവി നിർണയിച്ചിരിക്കുന്നത്?
16 അപ്പോൾ, ഭാവിയെക്കുറിച്ച് ദൈവവചനം നമ്മോട് എന്താണു പറയുന്നത്? തീർച്ചയായും മനുഷ്യർ കഴിഞ്ഞ കാലത്തു ചെയ്തതിന്റെ പ്രതിഫലനമായിരിക്കുകയില്ല ഭാവിയെന്ന് അതു നമ്മോടു പറയുന്നു. അതുകൊണ്ട് പാട്രിക്ക് ഹെൻട്രിയുടെ വീക്ഷണം തെറ്റായിരുന്നു. ഈ ഭൂമിയുടെയും അതിലുള്ള ആളുകളുടെയും ഭാവി നിർണയിക്കുന്നത് മനുഷ്യരല്ല, പിന്നെയോ യഹോവയാം ദൈവമാണ്. ഭൂമിയിൽ നടക്കാൻ പോകുന്നത് അവന്റെ ഹിതമാണ്, അല്ലാതെ ഈ ലോകത്തിലെ ഏതെങ്കിലും മനുഷ്യരുടെയോ രാഷ്ട്രങ്ങളുടെയോ ഹിതമല്ല. “മമനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.”—സദൃശവാക്യങ്ങൾ 19:21.
17, 18. നമ്മുടെ കാലത്തേക്കുള്ള ദൈവഹിതം എന്താണ്?
17 നമ്മുടെ കാലത്തേക്കുള്ള ദൈവഹിതം എന്താണ്? ഇപ്പോഴത്തെ അക്രമാസക്തവും അധാർമികവുമായ ഈ ലോകത്തിന് അന്തം വരുത്താൻ അവൻ ഉദ്ദേശിച്ചിരിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള മോശമായ മാനുഷഭരണം മാറി തത്സ്ഥാനത്ത് ദൈവഭരണം വരും. ദാനീയേൽ 2:44-ൽ കാണുന്ന പ്രവചനം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഈ [ഇന്ന് സ്ഥിതിചെയ്യുന്ന] രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം [സ്വർഗത്തിൽ] സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.” ആ രാജ്യം പിശാചായ സാത്താന്റെ ദുഷ്ട സ്വാധീനവും നീക്കം ചെയ്യും. മനുഷ്യർക്ക് ഒരിക്കലും ചെയ്യാൻ സാധിക്കാത്ത ഒരു സംഗതിയാണത്. ഈ ലോകത്തിലെ അവന്റെ ഭരണാധിപത്യം എന്നേക്കുമായി അവസാനിക്കും.—റോമർ 16:20; 2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 5:19.
18 സ്വർഗീയ ഗവൺമെൻറ് എല്ലാവിധ മാനുഷഭരണത്തെയും അസ്തിത്വത്തിൽനിന്ന് പൂർണമായും നീക്കിക്കളയുമെന്നതു ശ്രദ്ധിക്കുക. ഭൂമിയുടെമേലുള്ള ഭരണം മനുഷ്യർക്കു വിട്ടുകൊടുക്കുകയില്ല. സ്വർഗത്തിൽ, ദൈവരാജ്യത്തിന്റെ അംഗങ്ങൾ മനുഷ്യവർഗത്തിന്റെ നന്മയ്ക്കായി ഭൂമിയിലെ മുഴു കാര്യാദികളും നിയന്ത്രിക്കും. (വെളിപ്പാടു 5:10; 20:4-6) ഭൂമിയിൽ, വിശ്വസ്ത മനുഷ്യർ ദൈവരാജ്യത്തിന്റെ നിർദേശങ്ങളോടു സഹകരിക്കും. “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പ്രാർഥിക്കാൻ യേശു നമ്മെ പഠിപ്പിച്ച തരത്തിലുള്ള ഭരണം ഇതാണ്.—മത്തായി 6:10.
19, 20. (എ) രാജ്യക്രമീകരണത്തെ ബൈബിൾ എങ്ങനെയാണു വിവരിക്കുന്നത്? (ബി) മനുഷ്യവർഗത്തിന് അതിന്റെ ഭരണം എന്തു കൈവരുത്തും?
19 യഹോവയുടെ സാക്ഷികൾ വിശ്വാസമർപ്പിക്കുന്നത് ദൈവരാജ്യത്തിലാണ്. ഇതാണ് പത്രൊസ് അപ്പോസ്തലൻ എഴുതിയ ‘പുതിയ ആകാശം.’ “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രൊസ് 3:13) ദൈവരാജ്യമാകുന്ന പുതിയ ആകാശത്താൽ ഭരിക്കപ്പെടുന്ന പുതിയ മനുഷ്യ സമൂഹമായിരിക്കും “പുതിയ ഭൂമി.” യോഹന്നാൻ അപ്പോസ്തലനു ദർശനത്തിൽ ദൈവം വെളിപ്പെടുത്തിക്കൊടുത്ത ക്രമീകരണമാണിത്. അവൻ ഇങ്ങനെ എഴുതി: “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി . . . [ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:1, 4, 5.
20 പുതിയ ഭൂമി നീതിയുള്ളതായിരിക്കുമെന്നതു ശ്രദ്ധിക്കുക. നീതിനിഷ്ഠമല്ലാത്ത എല്ലാ ഘടകങ്ങളും അർമഗെദോൻ യുദ്ധമെന്ന ദൈവനടപടിയിൽ നീക്കം ചെയ്യപ്പെട്ടിരിക്കും. (വെളിപ്പാടു 16:14, 16) സദൃശവാക്യങ്ങൾ 2:21, 22-ലെ പ്രവചനം ഇങ്ങനെ പറയുന്നു: “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും.” കൂടാതെ, “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും” എന്നു സങ്കീർത്തനം 37:9 വാഗ്ദാനം ചെയ്യുന്നു. അത്തരമൊരു പുതിയ ലോകത്തിൽ ജീവിക്കാൻ നിങ്ങൾക്ക് ഇഷ്ടമല്ലേ?
യഹോവയുടെ വാഗ്ദത്തങ്ങളിൽ വിശ്വാസമർപ്പിക്കുന്നു
21. യഹോവയുടെ വാഗ്ദത്തങ്ങളിൽ നമുക്കു വിശ്വാസമർപ്പിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
21 യഹോവയുടെ വാഗ്ദത്തങ്ങളിൽ നമുക്കു വിശ്വാസമർപ്പിക്കാൻ കഴിയുമോ? തന്റെ പ്രവാചകനായ യെശയ്യാവ് മുഖാന്തരം അവൻ അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുക: “പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാൻ പറയുന്നു.” 11-ാം വാക്യത്തിന്റെ രണ്ടാം ഭാഗം പറയുന്നു: “ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും.” (യെശയ്യാവു 46:9-11) അതേ, നമുക്കു യഹോവയിലും അവന്റെ വാഗ്ദാനങ്ങളിലും, അവ സംഭവിച്ചുകഴിഞ്ഞുവെന്നതു പോലുള്ള ഉറപ്പോടെ, വിശ്വസിക്കാവുന്നതാണ്. അത് ബൈബിൾ ഇങ്ങനെ പ്രകടമാക്കുന്നു: “വിശ്വാസം എന്നതു പ്രത്യാശിക്കുന്ന കാര്യങ്ങളുടെ ഉറപ്പു ലഭിച്ച പ്രതീക്ഷയും കാണാത്തതെങ്കിലും യാഥാർഥ്യങ്ങളുടെ പ്രസ്പഷ്ട പ്രകടനവുമാകുന്നു.”—എബ്രായർ 11:1, NW.
22. യഹോവ തന്റെ വാഗ്ദത്തങ്ങൾ നിവർത്തിക്കുമെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
22 താഴ്മയുള്ളവർ അത്തരം വിശ്വാസം പ്രകടമാക്കുന്നു. കാരണം, ദൈവം തന്റെ വാഗ്ദത്തങ്ങൾ നിവർത്തിക്കുമെന്ന് അവർക്കറിയാം. ഉദാഹരണത്തിന്, സങ്കീർത്തനം 37:29-ൽ നാം ഇങ്ങനെ വായിക്കുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” നമുക്കിതു വിശ്വസിക്കാൻ കഴിയുമോ? കഴിയും. എന്തെന്നാൽ, “ദൈവത്തിനു നുണ പറയുക അസാധ്യമാണ്” എന്ന് എബ്രായർ 6:18 [NW] പറയുന്നു. ഭൂമി താഴ്മയുള്ളവർക്കു കൊടുക്കാൻ കഴിയേണ്ടതിന് അതു ദൈവത്തിന്റെ സ്വന്തമാണോ? വെളിപ്പാടു 4:11 ഇങ്ങനെ പ്രഖ്യാപിക്കുന്നു: ‘നീ സർവ്വവും സൃഷ്ടിച്ചു; എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടാകുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തു.’ അതുകൊണ്ട്, സങ്കീർത്തനം 24:1 [NW] പറയുന്നു: “ഭൂമിയും അതിലുള്ളതൊക്കെയും യഹോവെക്കുള്ളതാകുന്നു.” യഹോവയാണ് ഭൂമിയെ സൃഷ്ടിച്ചത്, അവനാണ് അതിന്റെ ഉടമസ്ഥൻ. തനിക്കിഷ്ടമുള്ളവർക്ക് അവനതു കൊടുക്കുന്നു. ഇതിലുള്ള നമ്മുടെ വിശ്വാസം വർധിപ്പിക്കാൻ സഹായിക്കുന്നതിന്, കഴിഞ്ഞ കാലത്തെയും അതുപോലെതന്നെ ഇക്കാലത്തെയും തന്റെ ജനത്തോടുള്ള വാഗ്ദത്തങ്ങൾ യഹോവ എങ്ങനെ നിവർത്തിച്ചിരിക്കുന്നുവെന്നും അവൻ ഭാവിയിലും അങ്ങനെ ചെയ്യുമെന്ന് നമുക്കു സമ്പൂർണ വിശ്വാസമുണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെയെന്നും അടുത്ത ലേഖനം പ്രകടമാക്കുന്നു.
പുനരവലോകനത്തിനുള്ള ആശയങ്ങൾ
◻ ചരിത്രത്തിലുടനീളം മനുഷ്യരുടെ പ്രതീക്ഷകൾക്ക് എന്തു സംഭവിച്ചിരിക്കുന്നു?
◻ മെച്ചപ്പെട്ട ഭാവിക്കായി നാം മനുഷ്യരിലേക്കു നോക്കരുതാത്തത് എന്തുകൊണ്ട്?
◻ ഭാവി സംബന്ധിച്ച ദൈവഹിതം എന്താണ്?
◻ ദൈവം തന്റെ വാഗ്ദത്തങ്ങൾ നിവർത്തിക്കുമെന്ന് നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
[10-ാം പേജിലെ ചിത്രം]
‘മനുഷ്യനു തന്റെ കാലടികളെ നേരെയാക്കുന്നത് സ്വാധീനമല്ല’ എന്ന് ബൈബിൾ കൃത്യമായി പ്രസ്താവിക്കുന്നു.—യിരെമ്യാവു 10:23
[കടപ്പാട]
ബോംബ്: U.S. National Archives photo; പട്ടിണിക്കോലങ്ങളായ കുട്ടികൾ: WHO/OXFAM; അഭയാർഥികൾ: UN PHOTO 186763/J. Isaac; മുസ്സോളിനിയും ഹിറ്റ്ലറും: U.S. National Archives photo