80-ാം വയസ്സിൽ ഒരു നിയമനമാറ്റം
ഗ്വെൻഡൊലിൻ മാത്യൂസ് പറഞ്ഞപ്രകാരം
എനിക്ക് 80 വയസ്സായപ്പോൾ, സാധനങ്ങളെല്ലാം കൂലിക്കെടുത്ത ഒരു ട്രക്കിൽ കയറ്റി, ഇംഗ്ലണ്ടിൽനിന്ന് സ്പെയിനിലേക്കു താമസം മാറാൻ ഞാനും ഭർത്താവും തീരുമാനിച്ചു. ഞങ്ങൾക്കു സ്പാനിഷ് സംസാരിക്കാൻ അറിയില്ലായിരുന്നു. ഞങ്ങൾ പോകുന്നതോ, ഇംഗ്ലീഷ് സംസാരിക്കുന്ന വിനോദസഞ്ചാരികൾ സന്ദർശിക്കുന്നിടത്തുനിന്ന് വളരെ അകലെയുള്ള തെക്കുപടിഞ്ഞാറൻ സ്പെയിനിലേക്കും. ഞങ്ങൾ ചെയ്യുന്നത് വിവരക്കേടാണെന്നു മിക്ക സുഹൃത്തുക്കൾക്കും തോന്നി. എന്നാൽ ഊർ ദേശം വിട്ടുപോയപ്പോൾ അബ്രാഹാമിന് 75 വയസ്സുണ്ടായിരുന്നെന്നു ഞാൻ സന്തോഷപൂർവം എന്നെത്തന്നെ ഓർമിപ്പിച്ചു.
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിരണ്ട് ഏപ്രിലിൽ ഞങ്ങൾ ഇവിടെ സ്പെയിനിൽ എത്തിച്ചേർന്നതു മുതലുള്ള വർഷങ്ങൾ ജീവിതത്തിലെ ഏറ്റവും പ്രതിഫലദായകമായൊരു കാലമായിത്തീർന്നിരിക്കുന്നു. എന്നാൽ ഞങ്ങൾ താമസം മാറിയതിന്റെ കാരണം വിശദീകരിക്കുന്നതിനു മുമ്പ്, യഹോവയുടെ സേവനത്തിലെ ഞങ്ങളുടെ ജീവിതകാലം അത്തരമൊരു വലിയ തീരുമാനം എടുക്കുന്നതിലേക്കു ഞങ്ങളെ നയിച്ചതെങ്ങനെയെന്നു ഞാൻ നിങ്ങളോടു പറയട്ടെ.
ബൈബിൾ സത്യം ഞങ്ങളുടെ ജീവിതത്തിനു മാറ്റം വരുത്തുന്നു
ഇംഗ്ലണ്ടിലുള്ള തെക്കുപടിഞ്ഞാറൻ ലണ്ടനിലെ മതഭക്തിയുള്ള ഒരു കുടുംബത്തിലാണു ഞാൻ വളർന്നത്. ആത്മീയ സംതൃപ്തിക്കായി പരതിക്കൊണ്ടിരുന്ന അമ്മ എന്നെയും എന്റെ സഹോദരിയെയും വ്യത്യസ്ത ആരാധനാസ്ഥലങ്ങളിൽ കൊണ്ടുപോകുമായിരുന്നു. ദീർഘകാലമായി ക്ഷയരോഗിയായിരുന്ന പിതാവു ഞങ്ങളോടൊപ്പം വന്നിരുന്നില്ല. എന്നാൽ അദ്ദേഹം ബൈബിൾ വായനയിൽ അതീവതത്പരനായിരുന്നു. തന്നെ പ്രബുദ്ധമാക്കുന്ന ഒരു ഭാഗം ബൈബിളിൽ കാണുമ്പോഴൊക്കെ അദ്ദേഹം അവിടെ അടിവരയിടുമായിരുന്നു. ഞാൻ ഏറ്റവുംവലിയ നിധിപോലെ കാക്കുന്ന സ്വത്തുക്കളിലൊന്ന് അദ്ദേഹത്തിനു വളരെ പ്രധാനപ്പെട്ടതായിരുന്ന, ഉപയോഗിച്ചു പഴകിയ ആ ബൈബിളാണ്.
1925-ൽ, എനിക്ക് 14 വയസ്സുള്ളപ്പോൾ, വെസ്റ്റ് ഹാം ടൗൺ ഹാളിലെ ഒരു പരസ്യപ്രസംഗത്തിനു ഞങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള ഒരു ലഘുലേഖ ഞങ്ങളുടെ വാതിലിനടിയിലൂടെ ആരോ അകത്തിട്ടിരുന്നു. അമ്മയും ഒരു അയൽക്കാരിയും ആ പ്രസംഗത്തിനു ഹാജരാകാൻ തീരുമാനിച്ചു. ഞാനും സഹോദരിയും അവരോടൊപ്പം പോയി. “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല” എന്ന ആ പ്രസംഗം അമ്മയുടെ ഹൃദയത്തിൽ ബൈബിൾ സത്യത്തിന്റെ വിത്തുകൾ വിതച്ചു.
ഏതാനും മാസങ്ങൾ കഴിഞ്ഞ്, 38-ാം വയസ്സിൽ പിതാവ് മരണമടഞ്ഞു. അതൊരു ഭയങ്കര ആഘാതമായിരുന്നു. അതു ഞങ്ങളെ ഹൃദയംതകർന്നവരും അനാഥരുമാക്കി. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രാദേശിക പള്ളിയിൽവെച്ചു നടന്ന മരണാനന്തര ശുശ്രൂഷയിൽ, പിതാവിന്റെ ദേഹി സ്വർഗത്തിലാണെന്നുള്ള പുരോഹിതന്റെ അവകാശവാദം കേട്ട് അമ്മ ഞെട്ടിപ്പോയി. മരിച്ചവർ ശവക്കുഴിയിൽ ഉറങ്ങുകയാണെന്ന് ബൈബിളിൽനിന്ന് അമ്മ മനസ്സിലാക്കിയിരുന്നു. ഒരുനാൾ ഭൂമിയിലെ നിത്യജീവനിലേക്കു പിതാവു പുനരുത്ഥാനം പ്രാപിക്കുമെന്ന് അമ്മ ദൃഢമായി വിശ്വസിച്ചിരുന്നു. (സങ്കീർത്തനം 37:9-11, 29; 146:3, 4; സഭാപ്രസംഗി 9:5; പ്രവൃത്തികൾ 24:15; വെളിപ്പാടു 21:3, 4) ദൈവവചനം പഠിപ്പിക്കുന്ന ആളുകളുമായി സഹവസിക്കേണ്ടതാണെന്ന ബോധ്യം നിമിത്തം അമ്മ അന്തർദേശീയ ബൈബിൾ വിദ്യാർഥികളുമായുള്ള—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് വിളിക്കപ്പെട്ടിരുന്നത്—പരിചയം വളർത്തിയെടുക്കാൻ ദൃഢനിശ്ചയം ചെയ്തു.
വാഹനത്തിൽ പോകാൻ പണമില്ലാഞ്ഞതിനാൽ, വീട്ടിൽനിന്ന് യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾ നടക്കുന്ന സ്ഥലത്തേക്കു ഞങ്ങൾ ഓരോ ആഴ്ചയും രണ്ടു മണിക്കൂർ വീതം നടക്കുമായിരുന്നു. അതിനുശേഷം തിരിച്ചു വീട്ടിലേക്ക് വീണ്ടുമൊരു രണ്ടു മണിക്കൂർ കാൽനടയാത്ര. എന്നിരുന്നാലും ഞങ്ങൾ ആ യോഗങ്ങളെ അത്യധികം വിലമതിച്ചു. ഞങ്ങൾ ഒരിക്കലും യോഗങ്ങൾ മുടക്കിയിട്ടില്ല, കുപ്രസിദ്ധമായ ലണ്ടൻ മൂടൽമഞ്ഞ് നഗരത്തെ ആവരണം ചെയ്തപ്പോൾ പോലും. ജീവിതം യഹോവയ്ക്കു സമർപ്പിച്ച് ഉടൻതന്നെ സ്നാപനമേൽക്കാൻ അമ്മ തീരുമാനിച്ചു. 1927-ൽ ഞാനും സ്നാപനമേറ്റു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ആത്മീയ മുൻഗണനകൾ വെക്കേണ്ടതിന്റെ പ്രാധാന്യം അമ്മ എന്നെ എല്ലായ്പോഴും പഠിപ്പിച്ചിരുന്നു. അമ്മയുടെ ഇഷ്ടപ്പെട്ട വാക്യങ്ങളിലൊന്നായിരുന്നു മത്തായി 6:33. വാസ്തവമായും ‘ഒന്നാമതു രാജ്യം അന്വേഷിക്കുക’തന്നെ ചെയ്തു. 1935-ൽ കാൻസർ ബാധിച്ച് അകാലമൃത്യുവടയുമ്പോൾ, സേവനത്തിനായി ഫ്രാൻസിലേക്കു പോകാൻ കഴിയുന്ന മുഴുസമയ ശുശ്രൂഷകർക്കായുള്ള ആഹ്വാനത്തോടു പ്രതികരിക്കാൻ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അമ്മ.
ഞങ്ങളെ ശക്തീകരിച്ച ദൃഷ്ടാന്തങ്ങൾ
ആ ആദിമ കാലങ്ങളിൽ, ലണ്ടനിലെ യോഗങ്ങളിൽ ഹാജരായിരുന്ന ചിലർ സ്വന്തം ആശയങ്ങൾ ഘോഷിക്കാൻ ആഗ്രഹിച്ചു. അവർ വാഗ്വാദങ്ങളിൽ ഏർപ്പെടുകയും രൂക്ഷമായി പൊട്ടിത്തെറിക്കുകയും ചെയ്തു. പക്ഷേ, യഹോവയുടെ സ്ഥാപനത്തിൽനിന്ന് നാം ഇതെല്ലാം പഠിച്ചശേഷം അത് ഉപേക്ഷിച്ചു പോകുന്നത് അവിശ്വസ്തതയായിരിക്കുമെന്ന് അമ്മ എപ്പോഴും പറഞ്ഞിരുന്നു. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ജോസഫ് എഫ്. റഥർഫോർഡിന്റെ സന്ദർശനങ്ങൾ, വിശ്വസ്തതയോടെ സേവനം തുടരാൻ ഞങ്ങളെ പ്രചോദിപ്പിച്ചു.
റഥർഫോർഡ് സഹോദരൻ ദയാലുവും സമീപിക്കാവുന്നവനും ആയിരുന്നെന്നു ഞാൻ ഓർക്കുന്നു. എന്റെ കൗമാരത്തിൽ, ലണ്ടൻ സഭ ഒരു ഉല്ലാസയാത്രയ്ക്കു പോയി. റഥർഫോർഡ് സഹോദരനും ഒപ്പമുണ്ടായിരുന്നു. ഞാൻ—നാണംകുണുങ്ങിയായ ഒരു കൗമാരക്കാരി—കാമറയുമായി നിൽക്കുന്നത് കണ്ടിട്ട് എനിക്ക് അദ്ദേഹത്തിന്റെ ഫോട്ടോയെടുക്കണമോയെന്ന് അദ്ദേഹം ചോദിച്ചു. ആ ഫോട്ടോ ഒരു പ്രിയപ്പെട്ട സ്മരണികയായി.
ക്രിസ്തീയ സഭയിൽ നേതൃത്വമെടുക്കുന്നവരും ലോകത്തിലെ പ്രമാണികളും തമ്മിലുള്ള വ്യത്യാസം നന്നായി തിരിച്ചറിയാൻ പിന്നീട് ഒരു അനുഭവം എന്നെ പ്രാപ്തയാക്കി. ലണ്ടനിലെ ഒരു വലിയ ഭവനത്തിൽ ഞാൻ വിളമ്പുകാരിയായി ജോലിചെയ്യുകയായിരുന്നു. ഹിറ്റ്ലറുടെ പ്രതിനിധിയായ ഫ്രാൻസ് വോൺ പേപ്പനെ അവിടെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ, തന്റെ യൂണിഫോറത്തിന്റെ ഭാഗമായ വാൾ എടുത്തുമാറ്റാൻ അദ്ദേഹം വിസമ്മതിച്ചു. അതിൽ തട്ടി എന്റെ കയ്യിലുണ്ടായിരുന്ന സൂപ്പ് തുളുമ്പിവീണു. ജർമനിയിലാണെങ്കിൽ അത്തരം അശ്രദ്ധയ്ക്ക് എന്നെ വെടിവെച്ചുകൊല്ലുമായിരുന്നെന്ന് അദ്ദേഹം കോപാകുലനായി പറഞ്ഞു. ശേഷം ഭക്ഷണവേളയിൽ ഞാൻ അദ്ദേഹത്തിൽനിന്ന് വളരെ ദൂരെമാറിനിന്നു!
1931-ൽ അലക്സാന്ദ്രാ പാലസിൽ നടന്ന ഒരു സുപ്രധാന കൺവെൻഷനിൽ റഥർഫോർഡ് സഹോദരൻ പ്രസംഗിക്കുന്നത് എനിക്കു കേൾക്കാൻ കഴിഞ്ഞു. അവിടെവെച്ച് ഞങ്ങൾ, യഹോവയുടെ സാക്ഷികൾ എന്ന പുതിയ പേര് ഉത്സാഹപൂർവം സ്വീകരിച്ചു. (യെശയ്യാവു 43:10, 12) രണ്ടു വർഷം കഴിഞ്ഞ് 1933-ൽ ഞാൻ പയനിയർ സേവനത്തിൽ—മുഴുസമയ ശുശ്രൂഷയെ അങ്ങനെയാണ് വിളിക്കുന്നത്—പ്രവേശിച്ചു. ഭൂമിയുടെ വിദൂര ഭാഗങ്ങളിൽ പിൽക്കാലത്തു മിഷനറിമാരായി സേവിച്ച ഉത്തമരായ ചെറുപ്പക്കാരുമായി സഹവസിക്കാൻ കഴിഞ്ഞതാണ് ആ വർഷങ്ങളിൽ ലഭിച്ചതായി ഞാൻ ഓർമിക്കുന്ന മറ്റൊരു അനുഗ്രഹം. ക്ലോഡ് ഗുഡ്മാൻ, ഹരോൾഡ് കിങ്, ജോൺ കുക്ക്, എഡ്വിൻ സ്കിന്നർ എന്നിവർ അതിൽ ഉൾപ്പെടുന്നു. അത്തരം വിശ്വസ്ത ദൃഷ്ടാന്തങ്ങൾ വിദേശ വയലിൽ സേവിക്കാനുള്ള ആഗ്രഹം എന്നിലുണർത്തി.
കിഴക്കൻ ആംഗ്ലിയായിലെ പയനിയറിങ്
കിഴക്കൻ ആംഗ്ലിയായിൽ (പൂർവ ഇംഗ്ലണ്ട്) ആയിരുന്നു എന്റെ പയനിയർ നിയമനം. അവിടെ പ്രസംഗിക്കുന്നതിന് ഉത്സാഹവും തീക്ഷ്ണതയും ആവശ്യമായിരുന്നു. വിസ്തൃതമായ ഞങ്ങളുടെ പ്രദേശം പ്രവർത്തിച്ചു തീർക്കുന്നതിന്, പട്ടണംതോറും ഗ്രാമംതോറും ഞങ്ങൾ സൈക്കിളിൽ യാത്രചെയ്യുകയും വാടക മുറികളിൽ താമസിക്കുകയും ചെയ്തു. ആ പ്രദേശത്ത് സഭകൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഞാനും ഒപ്പമുണ്ടായിരുന്ന സഹോദരിയുംകൂടി പ്രതിവാര യോഗങ്ങൾക്കായുള്ള ഭാഗങ്ങൾ മുഴുവനും ചർച്ചചെയ്തിരുന്നു. ശുശ്രൂഷയിൽ, ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു വിശദീകരിക്കുന്ന നൂറുകണക്കിനു പുസ്തകങ്ങളും ചെറുപുസ്തകങ്ങളും ഞങ്ങൾ സമർപ്പിച്ചു.
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഒരു പ്രാദേശിക വികാരിയുടെ ഔദ്യോഗിക ഭവനം സന്ദർശിച്ച് അദ്ദേഹവുമായി നടത്തിയ സംഭാഷണം സ്മരണാർഹമായിരുന്നു. മിക്ക സ്ഥലങ്ങളിലും ഞങ്ങൾ ആംഗ്ലിക്കൻ വികാരിയെ സന്ദർശിക്കുന്നത് അവസാനത്തേക്കു മാറ്റിവെച്ചിരുന്നു. കാരണം അതതു പ്രദേശങ്ങളിൽ ഞങ്ങൾ സുവാർത്ത പ്രസംഗിക്കുന്നുവെന്ന വിവരം വികാരി അറിയുമ്പോൾ അദ്ദേഹം മിക്കപ്പോഴും ഞങ്ങൾക്കു പ്രശ്നങ്ങൾ സൃഷ്ടിക്കുമായിരുന്നു. എന്നാൽ ഈ ഗ്രാമത്തിൽ എല്ലാവർക്കും വികാരിയെക്കുറിച്ചു നല്ല അഭിപ്രായമായിരുന്നു. അദ്ദേഹം രോഗികളെ സന്ദർശിക്കുകയും വായന ഇഷ്ടപ്പെടുന്നവർക്കു പുസ്തകങ്ങൾ കടം കൊടുക്കുകയും ഇടവകക്കാർക്കു ബൈബിൾ വിശദീകരിച്ചു കൊടുക്കുന്നതിന് അവരുടെ വീടുകൾ സന്ദർശിക്കുകപോലും ചെയ്തിരുന്നു.
പ്രതീക്ഷിച്ചതുപോലെ, ഞങ്ങൾ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ അദ്ദേഹം അങ്ങേയറ്റം സൗഹൃദത്തോടെ ഇടപെടുകയും കുറെയേറെ പുസ്തകങ്ങൾ സ്വീകരിക്കുകയും ചെയ്തു. ആ ഗ്രാമത്തിലുള്ള ആരെങ്കിലും ഞങ്ങളുടെ പുസ്തകങ്ങളിൽ ചിലതു വാങ്ങാൻ ആഗ്രഹിക്കയും എന്നാൽ അതിനു പണമില്ലാതെവരികയും ചെയ്താൽ, അവർക്കുവേണ്ടി താൻ പണം നൽകാമെന്ന് അദ്ദേഹം ഞങ്ങൾക്ക് ഉറപ്പു നൽകി. തന്റെ ഇടവകയിൽ സമാധാനവും സൗമനസ്യവും ഉന്നമിപ്പിക്കുന്നതിനു ദൃഢനിശ്ചയം ചെയ്യാൻ ഒന്നാം ലോകമഹായുദ്ധത്തിലെ തന്റെ ഭീതിദമായ അനുഭവങ്ങൾ അദ്ദേഹത്തെ പ്രേരിപ്പിച്ചെന്നു ഞങ്ങൾ മനസ്സിലാക്കി. ഞങ്ങൾ പോരുന്നതിനു മുമ്പ് അദ്ദേഹം ഞങ്ങളെ അനുഗ്രഹിക്കുകയും ഞങ്ങളുടെ നല്ല വേല തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സംഖ്യാപുസ്തകം 6:24-ലെ വാക്കുകളായിരുന്നു ഞങ്ങൾക്കുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ വാക്കുകൾ: “കർത്താവു നിങ്ങളെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ.”—ജയിംസ് രാജാവിന്റെ ഭാഷാന്തരം.
ഞാൻ പയനിയറിങ് തുടങ്ങി രണ്ടു വർഷം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു. അപ്പോൾ, പണമോ കുടുംബമോ ഇല്ലാതെ ഞാൻ ലണ്ടനിലേക്കു മടങ്ങി. സ്കോട്ട്ലണ്ടുകാരിയായ പ്രിയപ്പെട്ട ഒരു സാക്ഷി എനിക്ക് അഭയം തരികയും അമ്മയുടെ മരണമുളവാക്കിയ ആഘാതത്തെ തരണംചെയ്യാൻ എന്നെ സഹായിക്കുകയും മുഴുസമയ ശുശ്രൂഷയിൽ തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ, ഒരു പുതിയ പയനിയർ പങ്കാളിയായ ജൂലിയ ഫെയർഫാക്സിനോടൊപ്പം ഞാൻ കിഴക്കൻ ആംഗ്ലിയായിലേക്കു മടങ്ങി. ഞങ്ങൾ ഒരു പഴയ വാഹനഭവനം ഭാഗികമായി ഒരു സഞ്ചാര ഭവനമായി ഉപകരിക്കാൻ തക്കവണ്ണം ഒരുക്കി. അത് ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകാനായി ഞങ്ങൾ ട്രാക്റ്ററോ ട്രക്കോ ഉപയോഗിച്ചു. പ്രായമുള്ള ദമ്പതികളായ ആൽബർട്ട് അബോട്ടിനോടും എത്തൽ അബോട്ടിനോടുമൊപ്പം ഞങ്ങൾ പ്രസംഗപ്രവർത്തനം തുടർന്നു. അവർക്കും ചെറിയൊരു വാഹനഭവനം ഉണ്ടായിരുന്നു. ആൽബർട്ടും എത്തലും എനിക്കു മാതാപിതാക്കളെപ്പോലെയായിത്തീർന്നു.
കേംബ്രിഡ്ജ്ഷയറിൽ പയനിയറിങ് ചെയ്തുകൊണ്ടിരുന്നപ്പോൾ ഞാൻ ജോൺ മാത്യൂസിനെ കണ്ടുമുട്ടി. പ്രയാസ സാഹചര്യങ്ങളിൽ യഹോവയോടുള്ള നിർമലത അതിനോടകം തെളിയിച്ചുകഴിഞ്ഞിരുന്ന ഒരു നല്ല ക്രിസ്തീയ സഹോദരനായിരുന്നു അദ്ദേഹം. രണ്ടാം ലോകമഹായുദ്ധം തുടങ്ങി അധികം താമസിയാതെ 1940-ൽ ഞങ്ങൾ വിവാഹിതരായി.
യുദ്ധകാലവും കുടുംബവും
ഞങ്ങൾ നവദമ്പതികളായിരുന്നപ്പോൾ ഞങ്ങളുടെ വീട് ഒരു ചെറിയ അടുക്കളയുടെ വലിപ്പമുള്ള ഒരു വാഹനഭവനമായിരുന്നു. ശുശ്രൂഷയ്ക്കായി ഞങ്ങൾ വിശ്വസിച്ചുകൊണ്ടുപോകാവുന്ന ഒരു മോട്ടോർസൈക്കിളിൽ യാത്ര ചെയ്തു. വിവാഹിതരായി ഒരു വർഷം കഴിഞ്ഞ്, തന്റെ ബൈബിളധിഷ്ഠിത വിശ്വാസം നിമിത്തം ജോൺ പട്ടാള സേവനത്തിനു വിസമ്മതിച്ചപ്പോൾ ഒരു കർഷകത്തൊഴിലാളിയായി ജോലിചെയ്യാൻ അദ്ദേഹത്തിനു ശിക്ഷവിധിച്ചു. (യെശയ്യാവു 2:4) അതു ഞങ്ങളുടെ പയനിയറിങ്ങിനു വിരാമം കുറിച്ചെങ്കിലും ഞാൻ ഗർഭിണിയായിരുന്നതിനാൽ ജോണിന്റെ ശിക്ഷാവിധി ഒരു ദൈവാനുഗ്രഹമായിരുന്നെന്നു തെളിഞ്ഞു, കാരണം അതുനിമിത്തം അദ്ദേഹത്തിനു ഞങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കാൻ കഴിയുമായിരുന്നു.
യുദ്ധകാലങ്ങളിൽ, കഷ്ടപ്പാടുകൾ ഗണ്യമാക്കാതെ നടത്തിയ പ്രത്യേക യോഗങ്ങൾ ഞങ്ങൾ ആസ്വദിച്ചു. ഞാൻ ആദ്യത്തെ കുട്ടിയെ ഗർഭംധരിച്ചിരിക്കെ 1941-ൽ ഞാനും ജോണും 300 കിലോമീറ്റർ അകലെയുള്ള മാഞ്ചെസ്റ്ററിലേക്ക് മോട്ടോർ സൈക്കിളിൽ യാത്രചെയ്തു. ബോംബിട്ട നിരവധി പട്ടണങ്ങളിലൂടെ ഞങ്ങൾ കടന്നുപോയി. അത്തരം സാഹചര്യങ്ങളിൽ യോഗങ്ങൾ നടത്താനാകുമോയെന്നു ഞങ്ങൾ അതിശയിച്ചു. എന്നാൽ യോഗങ്ങൾ നടന്നിരുന്നു. മാഞ്ചെസ്റ്ററിന്റെ ഹൃദയഭാഗത്തുള്ള ഫ്രീ ട്രെയ്ഡ് ഹാൾ ഇംഗ്ലണ്ടിന്റെ വ്യത്യസ്ത ഭാഗങ്ങളിൽനിന്നുള്ള സാക്ഷികളാൽ നിറഞ്ഞിരുന്നു. മുഴു പരിപാടിയും നടത്തപ്പെട്ടു.
ഒരു വ്യോമാക്രമണം പ്രതീക്ഷിക്കപ്പെടുന്നതിനാൽ ഉടൻതന്നെ ആ പരിസരം വിട്ടുപോകണമെന്നു കൺവെൻഷനിലെ അവസാനത്തെ പ്രസംഗകൻ തന്റെ ഉപസംഹാരത്തിൽ സദസ്സിനോടു പറഞ്ഞു. ആ മുന്നറിയിപ്പു തക്കസമയത്തുള്ളതായിരുന്നു. സയറണുകളും വിമാനവേധ പീരങ്കികളുടെ ഗർജനവും കേട്ടപ്പോൾ ഞങ്ങൾ ഹാളിൽനിന്ന് അത്ര അകലെയൊന്നുമായിരുന്നില്ല. തിരിഞ്ഞു നോക്കിയപ്പോൾ ഡസൻകണക്കിന് വിമാനങ്ങൾ നഗരമധ്യത്തിൽ ബോംബുകളിടുന്നതു ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. അഗ്നിജ്വാലകൾക്കും പുകയ്ക്കുമിടയിൽ, തൊട്ടുമുമ്പ് ഞങ്ങൾ ഇരുന്നിരുന്ന ഹാൾ അകലെനിന്ന് ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. അതു പൂർണമായും നശിപ്പിക്കപ്പെട്ടിരുന്നു! സന്തോഷകരമെന്നു പറയട്ടെ, നമ്മുടെ സഹോദരീസഹോദരന്മാർ ആരും കൊല്ലപ്പെട്ടില്ല.
കുട്ടികളെ വളർത്തുന്നതിനിടയിൽ പയനിയറിങ് ചെയ്യാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. എന്നാൽ താമസസൗകര്യമില്ലാതിരുന്ന സഞ്ചാരമേൽവിചാരകന്മാർക്കും പയനിയർമാർക്കും വേണ്ടി ഞങ്ങൾ ഞങ്ങളുടെ ഭവനം തുറന്നുകൊടുത്തു. ഒരു സമയത്ത്, ആറ് പയനിയർമാർ ഏതാനും മാസങ്ങൾ ഞങ്ങളുടെ ഭവനത്തിൽ താമസിച്ചു. വെറും 15 വയസ്സുണ്ടായിരിക്കെ 1961-ൽ പയനിയറിങ് തുടങ്ങാൻ ഞങ്ങളുടെ മകൾ യൂനിസ് തീരുമാനിച്ചതിന്റെ ഒരു കാരണം അത്തരം സഹോദരങ്ങളുമായുള്ള സഹവാസമായിരുന്നുവെന്നതിൽ തെല്ലും സംശയമില്ല. ദുഃഖകരമെന്നു പറയട്ടെ, ഞങ്ങളുടെ മകനായ ഡേവിഡ് വളർന്നപ്പോൾ യഹോവയെ സേവിക്കുന്നത് നിർത്തി. മകളായ ലിൻഡ യുദ്ധകാലത്ത് ദാരുണമായ സാഹചര്യങ്ങളിൽ മരണമടയുകയും ചെയ്തു.
സ്പെയിനിലേക്കു താമസം മാറാനുള്ള ഞങ്ങളുടെ തീരുമാനം
അമ്മയുടെ ദൃഷ്ടാന്തവും പ്രോത്സാഹനവും എന്നിൽ മിഷനറിയാകാനുള്ള ആഗ്രഹമുണർത്തിയിരുന്നു. ഞാനൊരിക്കലും ആ ലക്ഷ്യം മറന്നില്ല. അതുകൊണ്ട്, 1973-ൽ യൂനിസ് ഇംഗ്ലണ്ടിൽനിന്ന് രാജ്യഘോഷകരുടെ കൂടുതൽ ആവശ്യമുണ്ടായിരുന്ന സ്പെയിനിലേക്കു പോയപ്പോൾ ഞങ്ങൾ സന്തോഷിച്ചു. അവൾ വിട്ടുപോകുന്നതിൽ ഞങ്ങൾക്കു തീർച്ചയായും ദുഃഖമുണ്ടായിരുന്നു. അതേസമയം, അവൾ ഒരു വിദേശ രാജ്യത്ത് സേവിക്കാൻ ആഗ്രഹിച്ചതിൽ ഞങ്ങൾ അഭിമാനംകൊള്ളുകയും ചെയ്തു.
വർഷങ്ങളോളം ഞങ്ങൾ യൂനിസിനെ സന്ദർശിച്ചിരുന്നതിനാൽ സ്പെയിനിനെക്കുറിച്ച് ഞങ്ങൾക്കു നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. നാലു വ്യത്യസ്ത നിയമനസ്ഥലങ്ങളിൽ ഞാനും ജോണും അവളെ സന്ദർശിച്ചു. വർഷങ്ങൾ കടന്നുപോയതോടെ ഞങ്ങളുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. ജോൺ വീഴുകയും അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ വല്ലാതെ ബാധിക്കുകയും ചെയ്തു. എനിക്കു ഹൃദ്രോഗവും തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. അതിനുപുറമേ, ഞങ്ങളിരുവരും വാതരോഗികളുമായിരുന്നു. ഞങ്ങൾക്കു യൂനിസിന്റെ സഹായം ശരിക്കും ആവശ്യമായിരുന്നെങ്കിലും ഞങ്ങൾക്കുവേണ്ടി അവൾ തന്റെ നിയമനം ഉപേക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല.
എന്തു തിരഞ്ഞെടുക്കണമെന്നതു സംബന്ധിച്ച് ഞങ്ങൾ യൂനിസുമായി ചർച്ചചെയ്തു. മാർഗനിർദേശത്തിനായി പ്രാർഥിച്ചു. ഞങ്ങളെ സഹായിക്കാനായി വീട്ടിൽ വരാൻ അവൾ ഒരുക്കമായിരുന്നു. എന്നാൽ, ഞാനും ജോണും അവളോടൊപ്പം സ്പെയിനിൽ താമസിക്കുന്നതായിരിക്കും ഉത്തമ പരിഹാരമെന്ന് ഞങ്ങൾ തീരുമാനിച്ചു. എനിക്ക് ഒരു മിഷനറിയാകാൻ കഴിഞ്ഞില്ലെങ്കിലും, എന്റെ മകളെയും അവളുടെ രണ്ട് പയനിയർ സഹകാരികളെയും മുഴുസമയ ശുശ്രൂഷയിൽ സഹായിക്കാനെങ്കിലും എനിക്കു കഴിഞ്ഞു. ഏതാണ്ട് 15 വർഷമായി യൂനിസിന്റെ പയനിയർ സഹകാരികളായിരുന്ന ന്യൂറിയായെയും ആനായെയും അപ്പോഴേക്കും ഞാനും ജോണും സ്വന്തം പുത്രിമാരായി കരുതിയിരുന്നു. അവർ എങ്ങോട്ടു നിയമിതരായാലും അവരോടൊപ്പം താമസിക്കാനായി ഞങ്ങൾ എത്തിച്ചേർന്നതിൽ അവർ സന്തുഷ്ടരായിരുന്നു.
ഞങ്ങൾ ആ തീരുമാനമെടുത്തിട്ട് ആറിലധികം വർഷം കഴിഞ്ഞിരിക്കുന്നു. അതിനുശേഷം ഞങ്ങളുടെ ആരോഗ്യം കൂടുതലായി ക്ഷയിച്ചിട്ടില്ല. ജീവിതം തീർച്ചയായും കൂടുതൽ രസാവഹമായിത്തീർന്നിരിക്കുന്നു. എനിക്കിപ്പോഴും സ്പാനിഷ് കൂടുതലായൊന്നും സംസാരിക്കാൻ അറിയില്ല. എന്നാൽ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നതിൽനിന്ന് അതെന്നെ തടയുന്നില്ല. തെക്കുപടിഞ്ഞാറൻ സ്പെയിനിലെ എക്സ്ട്രമാഡൂറയിലെ ഞങ്ങളുടെ ചെറിയ സഭയിലായിരിക്കുമ്പോൾ ജോണിനും എനിക്കും വീട്ടിലായിരിക്കുന്നതുപോലെ തോന്നുന്നു.
നമ്മുടെ രാജ്യപ്രസംഗ വേലയുടെ സാർവദേശീയ സ്വഭാവത്തെക്കുറിച്ച് സ്പെയിനിലെ ജീവിതം എന്നെ വളരെയേറെ പഠിപ്പിച്ചിരിക്കുന്നു. യേശു പറഞ്ഞതുപോലെ, “വയൽ ലോക”മായിരിക്കുന്നത് എങ്ങനെയെന്ന് ഞാനിപ്പോൾ വളരെ വ്യക്തമായി മനസ്സിലാക്കുന്നു.—മത്തായി 13:38.
[28-ാം പേജിലെ ചിത്രങ്ങൾ]
1930-കളിൽ പയനിയറിങ് ചെയ്യുന്നു