മക്കബായർ ആരായിരുന്നു?
പലർക്കും മക്കബായരുടെ കാലഘട്ടം, എബ്രായ തിരുവെഴുത്തുകളുടെ അവസാന പുസ്തകം പൂർത്തീകരിക്കപ്പെട്ടതിനും യേശുക്രിസ്തുവിന്റെ വരവിനും ഇടയിൽ മറഞ്ഞു കിടക്കുന്ന ഒരു ബ്ലാക്ക് ബോക്സ് പോലെയാണ്. ഒരു വിമാന ദുരന്തം നടന്നുകഴിയുമ്പോൾ അതിലെ ബ്ലാക്ക് ബോക്സിനെക്കുറിച്ച് പഠിക്കുന്നതിനാൽ ചില വിശദാംശങ്ങൾ ലഭിക്കുന്നതുപോലെ, മക്കബായരുടെ കാലഘട്ടത്തെ സൂക്ഷ്മമായി പരിശോധിച്ചാൽ കുറെയൊക്കെ വിവരങ്ങൾ ലഭിക്കും—അത് യഹൂദ ജനതയെ സംബന്ധിച്ചിടത്തോളം മാറ്റങ്ങളുടെയും പരിവർത്തനങ്ങളുടെയും ഒരു കാലഘട്ടമായിരുന്നു.
ആരായിരുന്നു മക്കബായർ? മുൻകൂട്ടി പറയപ്പെട്ട മിശിഹായുടെ വരവിനു മുമ്പ് അവർ എങ്ങനെയാണ് യഹൂദമതത്തെ സ്വാധീനിച്ചത്?—ദാനീയേൽ 9:25, 26.
യവന സംസ്കാരത്തിന്റെ വൻതിര
ഗ്രീസ് മുതൽ ഇന്ത്യ വരെയുള്ള പ്രദേശങ്ങളെല്ലാം മഹാനായ അലക്സാണ്ടർ കീഴടക്കി (പൊ.യു.മു. 336-323). അദ്ദേഹത്തിന്റെ വിശാല സാമ്രാജ്യം, യവന സംസ്കാരത്തിന്റെ—ഗ്രീസിലെ ഭാഷയുടെയും സംസ്കാരത്തിന്റെയും—വ്യാപനത്തിൽ ഒരു ഘടകമായിരുന്നു. അലക്സാണ്ടറുടെ ഓഫീസർമാരും സൈനികരും പ്രാദേശിക സ്ത്രീകളെ വിവാഹം കഴിച്ചു. തത്ഫലമായി യവന, വിദേശ സംസ്കാരങ്ങൾ പരസ്പരം ഇടകലർന്നു. അലക്സാണ്ടറുടെ മരണശേഷം രാജ്യം അദ്ദേഹത്തിന്റെ ജനറൽമാർക്കായി വിഭജിക്കപ്പെട്ടു. പൊ.യു.മു. രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സിറിയയിലെ ഗ്രേഷ്യൻ സെല്യൂസിഡ് രാജവംശത്തിലെ അന്തിയോക്കസ് മൂന്നാമൻ ഈജിപ്തിലെ ഗ്രീക്ക് ടോളമികളുടെ നിയന്ത്രണത്തിൽനിന്ന് ഇസ്രായേൽ ദേശം പിടിച്ചെടുത്തു. ഗ്രീക്കു ഭരണം ഇസ്രായേലിലെ യഹൂദരുടെ മേൽ എങ്ങനെയുള്ള സ്വാധീനമാണ് ചെലുത്തിയത്?
ഒരു ചരിത്രകാരൻ ഇങ്ങനെ എഴുതുന്നു: “യവന സംസ്കാരം സ്വീകരിച്ച അയൽക്കാരുമായും ചിതറിപ്പാർക്കുന്ന തങ്ങളുടെ സഹോദരങ്ങളുമായുമുള്ള സമ്പർക്കം ഒഴിവാക്കാൻ കഴിയാതിരുന്നതിനാൽ ഗ്രീക്കു സംസ്കാരവും ചിന്താരീതിയും സ്വീകരിക്കാതിരിക്കാൻ അവർക്കു നിവൃത്തിയില്ലാതായി. . . . യവന സംസ്കാര വ്യാപന കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നതു മാത്രം മതിയായിരുന്നു അതിന്റെ ഭാഗമായിത്തീരാൻ!” യഹൂദർ ഗ്രീക്കു പേരുകൾ സ്വീകരിച്ചു. അവർ ഗ്രീക്കു സമ്പ്രദായങ്ങളും വസ്ത്രധാരണ രീതികളും കുറെയൊക്കെ സ്വായത്തമാക്കി. അതിന്റെ ഭാഗമായിത്തീരാനുള്ള നിഗൂഢ സ്വാധീനം വർധിച്ചുകൊണ്ടിരുന്നു.
പുരോഹിത അഴിമതി
യഹൂദരുടെ ഇടയിൽ യവന സംസ്കാരത്തിന് ഏറ്റവും വശംവദരായവർ പുരോഹിതന്മാർ ആയിരുന്നു. അവരിൽ പലരെയും സംബന്ധിച്ചിടത്തോളം, യവന സംസ്കാരം സ്വീകരിക്കുക എന്നതിന്റെ അർഥം കാലാനുസൃതമായി യഹൂദ മതം അഭിവൃദ്ധിപ്പെടാൻ അനുവദിക്കുക എന്നതായിരുന്നു. അത്തരം ഒരു യഹൂദൻ ആയിരുന്നു മഹാ പുരോഹിതനായ ഓനിയാസ് മൂന്നാമന്റെ സഹോദരനായ (എബ്രായയിൽ ജോഷ്വ എന്നു വിളിക്കപ്പെടുന്ന) യാസോൻ. ഓനിയാസ് ദൂരെ അന്ത്യോക്ക്യയിൽ ആയിരുന്നപ്പോൾ യാസോൻ ഗ്രീക്ക് അധികാരികൾക്ക് കൈക്കൂലി കൊടുത്തു. എന്തിന്? ഓനിയാസിന്റെ സ്ഥാനത്ത് യാസോനെ മഹാ പുരോഹിതനായി നിയമിക്കുന്നതിന് അവരെ വശീകരിക്കാൻ. ഗ്രീക്ക് സെല്യൂസിഡ് ഭരണാധികാരിയായ അന്തിയോക്കസ് എപ്പിഫാനസ് (പൊ.യു.മു. 175-164) അത് ഉടൻ സ്വീകരിക്കുകയും ചെയ്തു. അതിനു മുമ്പ്, ഗ്രീക്കു ഭരണാധികാരികൾ യഹൂദരുടെ മഹാ പുരോഹിത സ്ഥാനത്ത് കൈ കടത്തിയിരുന്നില്ല. എന്നാൽ തന്റെ സൈനിക പ്രവർത്തനങ്ങൾക്ക് അന്തിയോക്കസിന് പണം ആവശ്യമായിരുന്നു. ഒരു യഹൂദ നേതാവ് സജീവമായിത്തന്നെ യവന സംസ്കാരം പ്രോത്സാഹിപ്പിക്കാൻ ഉള്ളതിൽ അദ്ദേഹം സന്തോഷിച്ചു. യാസോന്റെ അപേക്ഷപ്രകാരം, അന്തിയോക്കസ് യെരൂശലേമിന് ഗ്രീക്ക് നഗരപദവി (പൊളിസ്) കൊടുത്തു. അതിനു പകരമായി യാസോൻ നിർമിച്ച കായികകേന്ദ്രത്തിൽ യുവ യഹൂദന്മാർ, പുരോഹിതന്മാർ പോലും, മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു.
വഞ്ചനയ്ക്കു തിരിച്ചടിയായി പിന്നെയും വഞ്ചന നടന്നു. മൂന്ന് വർഷം കഴിഞ്ഞ്, ഒരുപക്ഷേ പുരോഹിത വംശത്തിൽ പെട്ടവൻ അല്ലാതിരുന്ന, മെനെലാവൂസ് മഹാ പുരോഹിത സ്ഥാനത്തിനു വേണ്ടി വലിയൊരു തുക അന്തിയോക്കസിന് കൈക്കൂലി കൊടുത്തപ്പോൾ യാസോൻ നാടുവിട്ടു. ആലയത്തിലെ ഖജനാവിൽനിന്ന് വലിയ തുക എടുത്താണ് മെനെലാവൂസ്, അന്തിയോക്കസിന് പണം നൽകിയത്. (അന്ത്യോക്ക്യയിൽ പ്രവാസത്തിൽ ആയിരുന്ന) ഓനിയാസ് മൂന്നാമൻ അതിനെതിരെ ശബ്ദിച്ചപ്പോൾ മെനെലാവൂസ് അദ്ദേഹത്തെ വധിക്കാൻ ഏർപ്പാട് ചെയ്തു.
അന്തിയോക്കസ് മരിച്ചുവെന്ന കിംവദന്തി കേട്ടപ്പോൾ, മെനെലാവൂസിൽനിന്ന് മഹാ പുരോഹിതസ്ഥാനം പിടിക്കാൻ ഉദ്ദേശിച്ചുകൊണ്ട് യാസോൻ ആയിരം പുരുഷന്മാരോടു കൂടെ യെരൂശലേമിലേക്കു മടങ്ങിവന്നു. എന്നാൽ അന്തിയോക്കസ് മരിച്ചിട്ടുണ്ടായിരുന്നില്ല. തന്റെ യവന സംസ്കാര വ്യാപന നയങ്ങളെ ചെറുത്തുകൊണ്ടുള്ള യാസോന്റെ നടപടിയെയും യഹൂദരുടെ ഇടയിലെ കോളിളക്കങ്ങളെയും കുറിച്ചു കേട്ട അന്തിയോക്കസ് പ്രതികാര ബുദ്ധിയോടെ പ്രതികരിച്ചു.
അന്തിയോക്കസ് നടപടിയെടുക്കുന്നു
മക്കബായർ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ മോഷ പേൾമാൻ ഇപ്രകാരം എഴുതുന്നു: “രേഖകൾ അത്ര സമ്പൂർണമല്ലെങ്കിലും, യഹൂദർക്ക് മതസ്വാതന്ത്ര്യം അനുവദിച്ചത് ഒരു രാഷ്ട്രീയ അബദ്ധം ആയിരുന്നുവെന്ന് അന്തിയോക്കസ് നിഗമനം ചെയ്തതായി തോന്നുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, യെരൂശലേമിൽ പൊട്ടിപ്പുറപ്പെട്ട ഏറ്റവും പുതിയ വിപ്ലവം കേവലം മതപരമായ കാരണങ്ങൾ നിമിത്തം ആയിരുന്നില്ല, മറിച്ച് യഹൂദ്യയിൽ അന്ന് നിലവിലിരുന്ന ഈജിപ്ഷ്യൻ അനുകൂല ചിന്താഗതി നിമിത്തമായിരുന്നു. അന്തിയോക്കസിന്റെ പ്രദേശത്ത് ഉള്ളവരിൽവെച്ച് യഹൂദന്മാർ മാത്രം സ്വതന്ത്ര മത അസ്തിത്വത്തിനു ശ്രമിക്കുകയും ഒരു വലിയ അളവോളം അവർക്ക് അത് അനുവദിക്കപ്പെടുകയും ചെയ്തതുകൊണ്ടുതന്നെ ഈ രാഷ്ട്രീയ വികാരങ്ങൾ അപകടകരമായി വീക്ഷിക്കപ്പെട്ടു. . . . അത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു.”
തുടർന്ന് സംഭവിച്ചത് എന്താണെന്ന് ഇസ്രായേലി രാജ്യതന്ത്രജ്ഞനും പണ്ഡിതനുമായ അബ്ബാ എബൻ സംക്ഷിപ്തമായി പറയുന്നു: “[പൊ.യു.മു.] 168-67 വർഷങ്ങളിലെ സംഭവ പരമ്പരകളിൽ യഹൂദന്മാർ കൂട്ടക്കൊലയ്ക്ക് ഇരയായി, ആലയം കൊള്ളയടിക്കപ്പെട്ടു, യഹൂദമതം വിലക്കപ്പെട്ടു. പരിച്ഛേദനയ്ക്കും ശബത്താചരണത്തിനും ഉള്ള ശിക്ഷ മരണം ആയിരുന്നു. ഏറ്റവും അപമാനകരമായ സംഗതി 167 ഡിസംബറിൽ നടന്നു. അന്ന് അന്തിയോക്കസിന്റെ കൽപ്പന അനുസരിച്ച് ആലയത്തിനുള്ളിൽ സീയൂസിന് ഒരു ബലിപീഠം പണിതുയർത്തി. ഗ്രീക്കുകാരുടെ ആ ദൈവത്തിന് യഹൂദ നിയമം അനുസരിച്ച് തീർച്ചയായും അശുദ്ധമായിരുന്ന പന്നിമാംസം യാഗമായി അർപ്പിക്കാൻ യഹൂദന്മാർ നിർബന്ധിക്കപ്പെട്ടു.” ആ കാലഘട്ടത്തിൽ മെനെലാവൂസും യവന സംസ്കാരം കൈക്കൊണ്ട മറ്റ് യഹൂദരും തങ്ങളുടെ സ്ഥാനങ്ങളിൽ തുടരുകയും അശുദ്ധമാക്കപ്പെട്ട ആലയത്തിൽ സേവിക്കുകയും ചെയ്തിരുന്നു.
പല യഹൂദരും ഗ്രീക്കു സംസ്കാരം സ്വീകരിച്ചപ്പോൾ, ഹസിദേയർ എന്നു സ്വയം വിളിക്കുന്ന ഒരു വിഭാഗം മതഭക്തരായ ആളുകൾ മോശൈക ന്യായപ്രമാണത്തോടുള്ള കർശന അനുസരണത്തെ പ്രോത്സാഹിപ്പിച്ചു. തുടർന്ന്, ഗ്രീക്കു സംസ്കാരം സ്വീകരിച്ച പുരോഹിതന്മാരോട് അവജ്ഞ തോന്നിയ കൂടുതൽ കൂടുതൽ സാധാരണക്കാർ ഹസിദേയരുടെ പക്ഷം ചേർന്നു. രാജ്യത്തെമ്പാടുമുള്ള യഹൂദർ പുറജാതീയ ആചാരങ്ങളും ബലികളും സ്വീകരിക്കാൻ നിർബന്ധിതരായി, ഇല്ലാഞ്ഞാൽ അവർക്കു മരിക്കേണ്ടിവരുമായിരുന്നു. അങ്ങനെ ഒരു രക്തസാക്ഷിത്വ കാലഘട്ടം പിറന്നു. വിട്ടുവീഴ്ച ചെയ്യുന്നതിനെക്കാൾ മരിക്കാൻ ഇഷ്ടപ്പെട്ട സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും അനവധി വിവരങ്ങൾ അടങ്ങുന്നതാണ് ഉത്തര കാനോനിക ഗ്രന്ഥങ്ങളിലെ മക്കബായരുടെ പുസ്തകങ്ങൾ.
മക്കബായർ പ്രതികരിക്കുന്നു
തങ്ങളുടെ മതത്തിനു വേണ്ടി പോരാടാൻ അന്തിയോക്കസിന്റെ കടുത്ത നടപടികൾ പല യഹൂദരെയും പ്രേരിപ്പിച്ചു. യെരൂശലേമിന്റെ വടക്കുപടിഞ്ഞാറായി ആധുനിക ലോഡ് നഗരത്തിന് അടുത്തുള്ള മൊദെയിനിൽ, മത്താത്തിയാസ് എന്നു വിളിക്കപ്പെട്ടിരുന്ന ഒരു പുരോഹിതൻ പട്ടണ മധ്യത്തിലേക്കു വിളിക്കപ്പെട്ടു. പ്രാദേശിക ജനങ്ങൾ മത്താത്തിയാസിനെ വളരെയധികം ആദരിച്ചിരുന്നതിനാൽ, ഒരു പുറജാതീയ ബലിയിൽ പങ്കെടുക്കാൻ അദ്ദേഹത്തെ സമ്മതിപ്പിക്കുന്നതിന് ഒരു രാജസേവകൻ ശ്രമിച്ചു—മത്താത്തിയാസിന്റെതന്നെ ജീവൻ രക്ഷിക്കാനും ശേഷിക്കുന്നവർക്ക് ഒരു മാതൃക വെക്കാനും വേണ്ടിയായിരുന്നു അത്. മത്താത്തിയാസ് വിസമ്മതിച്ചപ്പോൾ, അതിനു സന്നദ്ധനായി മറ്റൊരു യഹൂദൻ മുന്നോട്ടു വന്നു. രോഷം കത്തിജ്വലിച്ച മത്താത്തിയാസ് ഒരു ആയുധംകൊണ്ട് അവനെ കൊലപ്പെടുത്തി. ഈ വൃദ്ധന്റെ അക്രമാസക്തമായ പ്രവർത്തനത്തിൽ സ്തബ്ധരായ ഗ്രീക്കു പട്ടാളക്കാർ പ്രവർത്തിക്കാൻ അമാന്തിച്ചുപോയി. നിമിഷങ്ങൾക്കുള്ളിൽ മത്താത്തിയാസ് ആ ഗ്രീക്ക് ഉദ്യോഗസ്ഥനെയും വകവരുത്തി. ഗ്രീക്കു സൈനികർക്ക് ചെറുത്തുനിൽക്കാൻ കഴിയുന്നതിനു മുമ്പ് മത്താത്തിയാസിന്റെ അഞ്ചു പുത്രന്മാരും പട്ടണവാസികളും ചേർന്ന് അവരെ കീഴടക്കി.
മത്താത്തിയാസ് ഇങ്ങനെ വിളിച്ചു പറഞ്ഞു: ‘ന്യായപ്രമാണത്തോട് തീക്ഷ്ണതയുള്ള ഏവനും എന്നോടൊപ്പം വരുവിൻ.’ അദ്ദേഹവും പുത്രന്മാരും പ്രതികാര നടപടിയെ പേടിച്ച് ഒരു കുന്നിൻ പ്രദേശത്തേക്ക് ഓടി രക്ഷപ്പെട്ടു. അവരുടെ ഈ പ്രവർത്തനങ്ങളെ കുറിച്ചുള്ള വാർത്ത പരന്നതോടെ (അനേകം ഹസിദേയർ ഉൾപ്പെടെയുള്ള) യഹൂദന്മാർ അവരോടു ചേർന്നു.
മത്താത്തിയാസ് തന്റെ പുത്രനായ യൂദാസിനെ സൈനിക പ്രവർത്തനങ്ങളുടെ ചുമതല ഏൽപ്പിച്ചു. ഒരുപക്ഷേ യൂദാസിന്റെ സൈനിക നിപുണത നിമിത്തം അവൻ “ചുറ്റിക” എന്ന് അർഥമുള്ള മക്കബായൻ എന്നു വിളിക്കപ്പെട്ടു. മത്താത്തിയാസും പുത്രന്മാരും വിളിക്കപ്പെട്ടത് ഹാസ്മോനേയൻസ് എന്നാണ്. ഹെശ്മോൻ എന്ന പട്ടണനാമത്തിൽ നിന്നോ ആ പേരുള്ള ഒരു പൂർവികനിൽ നിന്നോ ആയിരിക്കാം ആ നാമം വന്നിട്ടുള്ളത്. (യോശുവ 15:27) യൂദാസ് മക്കബായൻ, വിപ്ലവത്തിൽ മിടുക്കൻ ആയിത്തീർന്നതുകൊണ്ട് ആ മുഴു കുടുംബവും മക്കബായർ എന്നു വിളിക്കപ്പെട്ടു.
ആലയം തിരിച്ചു പിടിക്കുന്നു
വിപ്ലവത്തിന്റെ ആദ്യ വർഷം ഒരു ചെറിയ സൈന്യത്തെ സംഘടിപ്പിക്കാൻ മത്താത്തിയാസിനും പുത്രന്മാർക്കും കഴിഞ്ഞു. ഒന്നിലധികം സന്ദർഭങ്ങളിൽ ഗ്രീക്കു സൈന്യങ്ങൾ ശബത്തു ദിവസം ഹസിദേയ പോരാളി സംഘങ്ങളെ ആക്രമിക്കുകയുണ്ടായി. ചെറുത്തുനിൽക്കാൻ കഴിയുമായിരുന്നെങ്കിലും, അവർ ശബത്ത് ലംഘിക്കില്ലായിരുന്നു. അതിന്റെ ഫലമായി കൂട്ടക്കൊലകൾ നടന്നു. അപ്പോഴേക്കും ഒരു മതാധികാരിയായി വീക്ഷിക്കപ്പെട്ടിരുന്ന മത്താത്തിയാസ് കൊണ്ടുവന്ന ഒരു പുതിയ നിയമം ശബത്തു നാളിൽ ചെറുത്തുനിൽക്കാൻ യഹൂദന്മാരെ അനുവദിച്ചു. ഈ നിയമം വിപ്ലവത്തിന് ഒരു പുതുജീവൻ നൽകുകയും മാറിവരുന്ന സാഹചര്യങ്ങൾ അനുസരിച്ച് യഹൂദ നിയമത്തിൽ മാറ്റം വരുത്താൻ മതാധികാരികളെ അനുവദിക്കുന്ന ഒരു കീഴ്വഴക്കം യഹൂദമതത്തിൽ കൊണ്ടുവരികയും ചെയ്തു. തൽമൂദ് പിന്നീടുള്ള ഒരു പ്രസ്താവനയിൽ ഈ പ്രവണതയെ വിശദീകരിക്കുന്നുണ്ട്: “അനേകം ശബത്തുകളെ വാഴ്ത്തേണ്ടതിന് അവർ ഒരു ശബത്തിനെ ലംഘിക്കട്ടെ.”—യോമ 85ബി.
തന്റെ വയോധിക പിതാവിന്റെ മരണത്തെ തുടർന്ന് യൂദാസ് മക്കബായൻ വിപ്ലവത്തിന്റെ അനിഷേധ്യ നേതാവായിത്തീർന്നു. നേരിട്ടുള്ള യുദ്ധത്തിൽ ശത്രുവിനെ തോൽപ്പിക്കാൻ തനിക്ക് ആവില്ലെന്നു മനസ്സിലാക്കിയ അദ്ദേഹം ആധുനിക കാലത്തെ ഗറില്ലാ യുദ്ധത്തിനു സമാനമായ പുതിയ രീതികൾ ആവിഷ്കരിച്ചു. അന്തിയോക്കസിന്റെ സേനകൾക്ക് തങ്ങളുടെ സാധാരണ ചെറുത്തുനിൽപ്പ് രീതികൾ അവലംബിക്കാൻ കഴിയാതിരുന്ന സ്ഥലങ്ങളിൽവെച്ച് അദ്ദേഹം അവരെ ആക്രമിച്ചു. അങ്ങനെ, അനവധി യുദ്ധങ്ങളിൽ തന്റേതിനെക്കാൾ വളരെ വലിയ സേനകളെ പരാജയപ്പെടുത്താൻ യൂദാസിനു കഴിഞ്ഞു.
ആഭ്യന്തര പോരാട്ടങ്ങളും റോമിന്റെ പ്രബലമായ ശക്തിയും നിമിത്തം സെല്യൂസിഡ് സാമ്രാജ്യ ഭരണാധിപന്മാർ യഹൂദവിരുദ്ധ നിയമങ്ങൾ നടപ്പാക്കുന്നതിൽ വലിയ താത്പര്യം കാട്ടിയില്ല. യെരൂശലേം കവാടങ്ങളോളം ആക്രമണം നടത്തുന്നതിന് ഇത് യൂദാസിന് വഴി തുറന്നുകൊടുത്തു. പൊ.യു.മു. 165 (അല്ലെങ്കിൽ ഒരുപക്ഷേ പൊ.യു.മു. 164) ഡിസംബറിൽ അദ്ദേഹവും സൈന്യവും ആലയം പിടിച്ചടക്കുകയും അതിലെ പാത്രങ്ങൾ ശുദ്ധീകരിക്കുകയും അത് പുനഃസമർപ്പിക്കുകയും ചെയ്തു—ഏതു ദിവസമാണോ അതു അശുദ്ധമാക്കപ്പെട്ടത്, മൂന്നു വർഷം കഴിഞ്ഞ് അതേ ദിവസം തന്നെയാണ് ആ പുനഃസമർപ്പണം നടന്നതും. തങ്ങളുടെ സമർപ്പണോത്സവമായ ഹനുക്കായുടെ സമയത്ത് യഹൂദന്മാർ ഈ സംഭവം വാർഷികമായി അനുസ്മരിക്കുന്നു.
മതഭക്തിയെക്കാൾ പ്രധാനം രാഷ്ട്രീയം
വിപ്ലവം അതിന്റെ ലക്ഷ്യം നേടി. യഹൂദമതത്തിന് എതിരെയുള്ള വിലക്കുകൾ മാറ്റപ്പെട്ടു. ആലയത്തിലെ ആരാധനയും യാഗാർപ്പണവും വീണ്ടും തുടങ്ങി. ഇപ്പോൾ, തൃപ്തരായ ഹസിദേയർ യൂദാസ് മക്കബായന്റെ സൈന്യത്തെ വിട്ട് തങ്ങളുടെ ഭവനങ്ങളിലേക്കു തിരികെ പോയി. എന്നാൽ യൂദാസിന് മറ്റു ചില പ്ലാനുകൾ ഉണ്ടായിരുന്നു. നല്ല പരിശീലനം സിദ്ധിച്ച ഒരു സൈന്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒരു സ്വതന്ത്ര യഹൂദ രാഷ്ട്രം സ്ഥാപിക്കാൻ എന്തുകൊണ്ട് അത് ഉപയോഗിച്ചുകൂടാ എന്ന് അദ്ദേഹം ചിന്തിച്ചുതുടങ്ങി. വിപ്ലവത്തിന്റെ തുടക്കത്തിന് നിദാനമായ മതപരമായ കാരണങ്ങളുടെ സ്ഥാനത്ത് രാഷ്ട്രീയ താത്പര്യങ്ങൾ കടന്നുവന്നു. അങ്ങനെ പോരാട്ടം തുടർന്നു.
സെല്യൂസിഡ് ഭരണത്തിന് എതിരെ പോരാടാൻ പിന്തുണ തേടിയ യൂദാസ് മക്കബായൻ റോമുമായി ഒരു സഖ്യത്തിൽ ഏർപ്പെട്ടു. പൊ.യു.മു. 160-ൽ നടന്ന യുദ്ധത്തിൽ അദ്ദേഹം കൊല്ലപ്പെട്ടുവെങ്കിലും, അദ്ദേഹത്തിന്റെ സഹോദരന്മാർ പോരാട്ടം തുടർന്നു. സെല്യൂസിഡ് ഭരണാധികാരികളുടെ പരമാധികാരത്തിനു കീഴിലാണെങ്കിലും, അവരെക്കൊണ്ട് സമ്മതിപ്പിച്ച് മഹാ പുരോഹിതനും യഹൂദ്യയുടെ ഭരണാധിപനുമായി താൻ നിയമിക്കപ്പെടാൻ തക്കവണ്ണം യൂദാസിന്റെ സഹോദരനായ യോനാഥാൻ കരുക്കൾ നീക്കി. സിറിയാക്കാരുടെ ഗൂഢാലോചനയുടെ ഫലമായി യോനാഥാൻ ചതിയിൽ പിടിയിലായി വധിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ സഹോദരനായ ശിമയോൻ—മക്കബായ സഹോദരന്മാരിൽ അവസാനത്തെ ആൾ—അധികാരമേറ്റെടുത്തു. ശിമയോന്റെ ഭരണത്തിൻ കീഴിൽ സെല്യൂസിഡ് വാഴ്ചയുടെ സകല സ്വാധീനങ്ങളും തുടച്ചുനീക്കപ്പെട്ടു (പൊ.യു.മു. 141-ൽ). ശിമയോൻ റോമുമായുള്ള തന്റെ സഖ്യം പുതുക്കി. യഹൂദ നേതൃത്വം അദ്ദേഹത്തെ ഭരണാധികാരിയും മഹാ പുരോഹിതനുമായി അംഗീകരിച്ചു. അങ്ങനെ മക്കബായർ നിമിത്തം ഒരു സ്വതന്ത്ര ഹാസ്മോനേയ രാജവംശം സ്ഥാപിതമായി.
മിശിഹായുടെ വരവിനു മുമ്പ് മക്കബായർ ആലയത്തിൽ ആരാധന പുനഃസ്ഥാപിച്ചു. (യോഹന്നാൻ 1:41, 42; 2:13-17 ഇവ താരതമ്യം ചെയ്യുക.) എന്നാൽ, യവന സംസ്കാരം സ്വീകരിച്ച പുരോഹിതന്മാരുടെ പ്രവൃത്തികൾ നിമിത്തം പൗരോഹിത്യത്തിലുള്ള വിശ്വാസം തകർന്നതുപോലെതന്നെ, ഹാസ്മോനേയരുടെ പ്രവൃത്തികളുടെ ഫലമായി അത് ഒന്നുകൂടി തകരുകയുണ്ടായി. വിശ്വസ്തനായ ദാവീദിന്റെ വംശത്തിൽപ്പെട്ട ഒരു രാജാവ് ഭരിക്കുന്നതിനു പകരം, രാഷ്ട്രീയ മനസ്കരായ പുരോഹിതന്മാർ നടത്തിയ ഭരണം യഹൂദ ജനതയ്ക്ക് അനുഗ്രഹങ്ങൾ കൈവരുത്തിയില്ല എന്നതു സ്പഷ്ടം.—2 ശമൂവേൽ 7:16; സങ്കീർത്തനം 89:3, 4, 35, 36.
[21-ാം പേജിലെ ചിത്രം]
യൂദാസ് മക്കബായന്റെ പിതാവായ മത്താത്തിയാസ് ഇങ്ങനെ ആഹ്വാനം ചെയ്തു: ‘ന്യായപ്രമാണത്തോട് തീക്ഷ്ണതയുള്ള ഏവനും എന്നോടൊപ്പം വരുവിൻ’
[കടപ്പാട]
Mattathias appealing to the Jewish refugees/The Doré Bible Illustrations/Dover Publications