സായുധ കവർച്ചക്കാർ ആക്രമിക്കുമ്പോൾ
പശ്ചിമ ആഫ്രിക്കയിലെ ഒരു ഒറ്റപ്പെട്ട പ്രാന്തപ്രദേശമായ ഇക്കൊയിലെ വലിയ വീടുകൾ കോട്ടകളെപ്പോലെ ആയിത്തീർന്നിരിക്കുന്നു. മിക്കവയുടെയും മതിലുകൾക്ക് 10 അടി ഉയരമുണ്ട്. അവയുടെ മുകളിൽ കൂർത്ത വലിയ ഇരുമ്പാണികളോ കുപ്പിച്ചില്ലുകളോ മുള്ളുകമ്പികളോ പിടിപ്പിച്ചിരിക്കുന്നു. ബോൾട്ടും അഴിയും ചങ്ങലയും പാഡ്ലോക്കുമുള്ള കൂറ്റൻ ഗേറ്റുകൾക്ക് മുന്നിൽ കാവൽക്കാർ നിൽക്കുന്നു. അഴികളുള്ള ജനലുകൾ. വീടിന്റെ മറ്റു മുറികളിൽനിന്നു വ്യത്യസ്തമായി കിടക്കമുറിക്ക് ഇരുമ്പുവാതിൽ. രാത്രിയിൽ മതിലിനുള്ളിൽ ചുറ്റിക്കറങ്ങുന്നതിനായി അഴിച്ചുവിട്ടിരിക്കുന്ന അൽസേഷ്യൻ, റോട്ട്വെയ്ലർ ഇനത്തിൽപ്പെട്ട വലിയ പട്ടികൾ. രാത്രിയെ പകൽസമാനം ആക്കുന്ന പ്രകാശധാര. നുഴഞ്ഞുകയറ്റക്കാരെ കുറിച്ചു വിവരം ധരിപ്പിക്കുന്ന രഹസ്യ കമ്പ്യൂട്ടർ സംവിധാനങ്ങളും.
സ്വന്തം ഭവനങ്ങൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യം എല്ലാവരും അംഗീകരിക്കും. പത്ര ശീർഷകങ്ങൾ ഇങ്ങനെ വിലപിക്കുന്നു: “സായുധ കവർച്ചക്കാർ കൊള്ളയടിക്കുന്നു”; “ബാല മോഷ്ടാക്കളുടെ സ്വൈര വിഹാരം”; “[നഗരം] തെരുവു റൗഡി സംഘങ്ങളുടെ പിടിയിൽ, എങ്ങും പരിഭ്രാന്തി.” മിക്ക രാജ്യങ്ങളിലും ഇതാണ് സ്ഥിതി. ബൈബിൾ മുൻകൂട്ടി പറഞ്ഞതുപോലെ, നാം ജീവിക്കുന്നത് ദുർഘടസമയത്തുതന്നെയാണ്.—2 തിമൊഥെയൊസ് 3:1.
സായുധ കവർച്ച ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം ആഗോളമായി പെരുകുകയാണ്. സ്വന്ത പൗരന്മാരെ സംരക്ഷിക്കുന്ന കാര്യത്തിൽ ഗവൺമെന്റുകൾ കൂടുതൽക്കൂടുതൽ അപ്രാപ്തരും ഉദാസീനരും ആയിത്തീരുകയാണ്. ചില രാജ്യങ്ങളിൽ വേണ്ടത്ര പൊലീസുകാരോ അവർക്ക് ആവശ്യത്തിനു തോക്കുകളോ ഇല്ലാത്തതിനാൽ സഹായാഭ്യർഥനകളോടു ശരിയായി പ്രതികരിക്കാൻ അവർക്ക് ആവുന്നില്ല. അക്രമം കാണുന്നവർ മിക്കവരും ഇടപെടാൻ മടിക്കുന്നു.
പൊലീസിൽനിന്നോ പൊതുജനങ്ങളിൽനിന്നോ സഹായം കിട്ടാതെ വരുന്നതിനാൽ, അക്രമത്തിന്റെ ഇരകൾക്കു സ്വയം പ്രതിരോധിക്കേണ്ടിവരുന്നു. വികസ്വര രാഷ്ട്രത്തിലെ ഒരു ക്രിസ്തീയ മൂപ്പൻ പറഞ്ഞു: “സഹായത്തിനായി മുറവിളികൂട്ടിയാൽ, കവർച്ചക്കാർ നിങ്ങളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയോ കൊല്ലുകയോ ചെയ്യും. പുറത്തുനിന്നു സഹായം ലഭിക്കുമെന്നു കരുതാൻ വയ്യ. ലഭിച്ചാൽ നന്ന്, എന്നാൽ പ്രതീക്ഷിക്കരുത്, അതിനായി വിളിച്ചപേക്ഷിക്കയുമരുത്; എന്തെന്നാൽ അതു കൂടുതൽ കുഴപ്പം വിളിച്ചുവരുത്തുകയേ ഉള്ളൂ.”
സംരക്ഷണവും ദൈവവചനവും
ക്രിസ്ത്യാനികൾ ലോകത്തിന്റെ ഭാഗമല്ലെങ്കിലും, അവർ ലോകത്തിൽ ആണ്. (യോഹന്നാൻ 17:11, 16) അതുകൊണ്ട് മറ്റാരെയുംപോലെ, തങ്ങളുടെ സുരക്ഷയ്ക്കായി അവരും ന്യായമായ ക്രമീകരണങ്ങൾ ചെയ്യുന്നു. എങ്കിലും, യഹോവയെ സേവിക്കാത്ത അനേകരിൽനിന്നു വ്യത്യസ്തരായി, ദൈവജനം ക്രിസ്തീയ തത്ത്വങ്ങളുടെ പരിധിയിൽനിന്നുകൊണ്ട് സുരക്ഷിതത്വം തേടുന്നു.
അതിനു നേർവിപരീതമാണ് ചില ആഫ്രിക്കൻ രാജ്യങ്ങളിലെ അവസ്ഥ. കവർച്ചക്കാരിൽനിന്നുള്ള സംരക്ഷണത്തിനായി അവർ മന്ത്രവാദം ഉപയോഗിക്കുന്നു. സഹായം തേടിയെത്തുന്നവരുടെ കണങ്കൈയിലോ നെഞ്ചിലോ മുതുകിലോ മന്ത്രവാദി വൈദ്യൻ മുറിവുണ്ടാക്കി ഒരു മന്ത്രമരുന്നു പുരട്ടി തിരുമ്മുകയും മന്ത്രോച്ചാരണം നടത്തുകയും ചെയ്യുന്നു. അതോടെ ആ വ്യക്തിക്കു മേലാൽ കവർച്ചക്കാരുടെ ഉപദ്രവം ഉണ്ടാകില്ലെന്നാണു കരുതപ്പെടുന്നത്. കവർച്ചക്കാർ തങ്ങളെ ഉപദ്രവിക്കാതെ സ്ഥലം വിടുമെന്നുള്ള വിശ്വാസത്തിൽ ചിലർ രക്ഷാകവചങ്ങളോ മന്ത്രമരുന്നുകളോ “ഇൻഷ്വറൻസ്” എന്ന മട്ടിൽ ഭവനത്തിൽ സൂക്ഷിക്കുന്നു.
സത്യ ക്രിസ്ത്യാനികൾ മന്ത്രവിദ്യകളൊന്നും ഉപയോഗിക്കുകയില്ല. ബൈബിൾ എല്ലാവിധ മന്ത്രവിദ്യകളെയും കുറ്റം വിധിക്കുന്നു, അത് ഉചിതമാണുതാനും. കാരണം അവയ്ക്ക് ഭൂമിയിൽ അക്രമം വർധിപ്പിക്കുന്ന ഭൂതങ്ങളുമായി ആളുകളെ സമ്പർക്കത്തിലാക്കാൻ കഴിയും. (ഉല്പത്തി 6:2, 4, 11) ബൈബിൾ വ്യക്തമായി പ്രസ്താവിക്കുന്നു: “നീ മന്ത്രവാദം ചെയ്യരുതു.”—ലേവ്യപുസ്തകം 19:26, NW.
ഗത്യന്തരമില്ലാതെ വരുമ്പോൾ ചിലർ തോക്കുകൾകൊണ്ടു സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുന്നു. എന്നാൽ ക്രിസ്ത്യാനികൾ യേശുവിന്റെ പിൻവരുന്ന വാക്കുകൾ ഗൗരവമായി എടുക്കുന്നു: “വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.” (മത്തായി 26:52) ദൈവജനം ‘തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തി’രിക്കുകയാണ്, അവർ കവർച്ചക്കാരിൽനിന്നോ അക്രമികളിൽനിന്നോ ഉള്ള രക്ഷയ്ക്കായി തോക്കുകൾ വാങ്ങുന്നില്ല.—മീഖാ 4:3.
ആയുധധാരികളായ കാവൽക്കാരെ നിർത്തുന്ന കാര്യമോ? ഇത് വ്യക്തിപരമായി തീരുമാനിക്കേണ്ട സംഗതിയാണെങ്കിലും, അത് മറ്റൊരാളുടെ കൈയിൽ ആയുധം നൽകുന്ന ഏർപ്പാടാണെന്ന് ഓർക്കുക. കവർച്ചക്കാരൻ വരുമ്പോൾ കാവൽക്കാരൻ എന്തു ചെയ്യണമെന്നാണ് കാവൽക്കാരനെ നിറുത്തുന്നയാൾ പ്രതീക്ഷിക്കുന്നത്? ആളുകളുടെയും വസ്തുവകകളുടെയും സംരക്ഷണാർഥം, ആവശ്യമായിവരുന്നപക്ഷം, കാവൽക്കാരൻ കള്ളനുനേരെ നിറയൊഴിക്കാൻ അദ്ദേഹം പ്രതീക്ഷിക്കുമോ?
സംരക്ഷണത്തിനായി മന്ത്രവിദ്യയിലും ആയുധങ്ങളിലും ആശ്രയിക്കാത്ത ക്രിസ്ത്യാനികളുടെ നിലപാട്, ദൈവത്തെ അറിയാത്തവരുടെ ദൃഷ്ടിയിൽ ഭോഷത്തമായി തോന്നിയേക്കാം. എന്നിരുന്നാലും ബൈബിൾ നമുക്ക് ഈ ഉറപ്പ് നൽകുന്നു: “യഹോവയിൽ ആശ്രയിക്കുന്നവൻ സംരക്ഷിക്കപ്പെടും.” (സദൃശവാക്യങ്ങൾ 29:25, NW) യഹോവ തന്റെ ജനത്തെ മൊത്തത്തിൽ സംരക്ഷിക്കുന്നുണ്ടെങ്കിലും, തന്റെ ദാസന്മാരുടെ നേരെ ഉണ്ടാകുന്ന എല്ലാ കവർച്ചാശ്രമങ്ങളിൽനിന്നും അവരെ സംരക്ഷിക്കാനായി അവൻ ഇടപെടുന്നില്ല. ഇയ്യോബ് വളരെ വിശ്വസ്തനായ ഒരുവനായിരുന്നു. എന്നിട്ടും കവർച്ചക്കാർ വേലക്കാരെ കൊന്ന് ഇയ്യോബിന്റെ കന്നുകാലിസമ്പത്ത് അപഹരിക്കുന്നതിനു ദൈവം അനുവദിച്ചു. (ഇയ്യോബ് 1:14, 15, 17) പൗലൊസ് അപ്പൊസ്തലന് “കള്ളൻമാരാലുള്ള ആപത്തു” നേരിടാനും ദൈവം അനുവദിച്ചു. (2 കൊരിന്ത്യർ 11:26) എന്നുവരികിലും, കവർച്ചക്കാരിൽനിന്നുള്ള അപകടം കുറയ്ക്കുന്ന തത്ത്വങ്ങൾ അനുസരിച്ചു ജീവിക്കാൻ ദൈവം തന്റെ ദാസന്മാരെ പഠിപ്പിക്കുന്നു. പരിക്കേൽക്കാനുള്ള സാധ്യത കുറയ്ക്കുന്ന വിധത്തിൽ കവർച്ചക്കാരോട് പ്രതികരിക്കാൻ നമ്മെ സഹായിക്കുന്ന ജ്ഞാനവും അവൻ നമുക്കു നൽകുന്നു.
കവർച്ചക്കാരിൽനിന്നുള്ള ഭീഷണി കുറയ്ക്കൽ
ദീർഘനാൾമുമ്പ്, ജ്ഞാനിയായ ഒരു മനുഷ്യൻ ഇങ്ങനെ പ്രസ്താവിച്ചു: “ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.” (സഭാപ്രസംഗി 5:12) മറ്റു വാക്കുകളിൽ പറഞ്ഞാൽ, തങ്ങളുടെ സമ്പത്ത് നഷ്ടപ്പെടുമോ എന്ന അമിതമായ ഉത്കണ്ഠ ഏറെ സ്വത്തുള്ളവരുടെ ഉറക്കം കെടുത്തുന്നു.
അതുകൊണ്ട് ഉത്കണ്ഠ മാത്രമല്ല, കവർച്ചക്കാരിൽനിന്നുള്ള ഭീഷണിയും കുറയ്ക്കാനുള്ള ഒരു മാർഗം വിലപിടിപ്പുള്ള വസ്തുവകകൾ ധാരാളമായി വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കുക എന്നതാണ്. നിശ്വസ്ത അപ്പൊസ്തലൻ എഴുതി: “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.” (1 യോഹന്നാൻ 2:16) വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന അതേ മോഹംതന്നെയാണ് മോഷ്ടിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും. ഒരുവന്റെ “ജീവനത്തിന്റെ പ്രതാപം” കവർച്ചക്കാരെ ആകർഷിക്കുകയേയുള്ളൂ.
പ്രതാപ പ്രകടനത്തിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതു കൂടാതെ, ഒരു സത്യ ക്രിസ്ത്യാനി ആണെന്നു പ്രകടമാക്കുന്നതും നിങ്ങളെ കവർച്ചക്കാരിൽനിന്നു സംരക്ഷിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ്. നിങ്ങൾ മറ്റുള്ളവരോടു സ്നേഹം പ്രകടിപ്പിക്കുകയും സത്യസന്ധത കാട്ടുകയും ക്രിസ്തീയ ശുശ്രൂഷയിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങൾ നല്ലവനും സമാദരണീയനും ആണെന്നുള്ള സത്പേര് നിങ്ങളുടെ പ്രദേശത്തു വളർന്നുവരും. (ഗലാത്യർ 5:19-23) അത്തരമൊരു ക്രിസ്തീയ സത്പേരിന് ഒരു ആയുധത്തെക്കാൾ സംരക്ഷണാത്മകം ആയിരിക്കാൻ കഴിയും.
സായുധ കവർച്ചക്കാർ വരുമ്പോൾ
എന്നാൽ കവർച്ചക്കാർ നിങ്ങളുടെ ഭവനത്തിൽ അതിക്രമിച്ചു കയറിയിരിക്കുന്ന ഒരു സ്ഥിതിവിശേഷം നിങ്ങൾ അഭിമുഖീകരിക്കുന്നെങ്കിലോ? സ്വത്തിനെക്കാൾ പ്രധാനപ്പെട്ടതാണ് നിങ്ങളുടെ ജീവൻ എന്നോർക്കുക. “ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറേറതും തിരിച്ചുകാണിക്ക. . . . നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവന്നു നിന്റെ പുതപ്പും വിട്ടുകൊടുക്ക” എന്നു യേശു പറഞ്ഞിരിക്കുന്നു.—മത്തായി 5:39, 40.
ഇതു ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശം ആണ്. തങ്ങളുടെ സ്വത്തുക്കളെ കുറിച്ചുള്ള വിവരം കുറ്റവാളികളെ ധരിപ്പിക്കാൻ ക്രിസ്ത്യാനികൾ ബാധ്യസ്ഥരല്ലെങ്കിലും, ചെറുത്തുനിൽപ്പോ നിസ്സഹകരണമോ ചതിയോ ഉണ്ടാകുമെന്നു തോന്നിയാൽ കവർച്ചക്കാർ അക്രമാസക്തർ ആയിത്തീരുന്നതിനുള്ള സാധ്യത കൂടുതലാണ്. അവരിൽ പലരും “മനം തഴമ്പിച്ചുപോയവർ” ആണ്, അതുകൊണ്ട് അവർ എളുപ്പം പ്രകോപിതരായി പകയോടെ, മയമില്ലാതെ ഇടപെടും.—എഫെസ്യർ 4:19.
ശമുവേൽ താമസിക്കുന്നത് ഒരു പാർപ്പിട സമുച്ചയത്തിലാണ്. കവർച്ചക്കാർ എത്തി വഴിയടച്ചിട്ട് ഓരോ കെട്ടിടത്തിലും കയറി കൊള്ളയടിക്കാൻ തുടങ്ങി. വെടിയുടെയും വാതിൽ അടിച്ചുപൊളിക്കുന്നതിന്റെയും ശബ്ദവും ആളുകൾ അലറിവിളിക്കുന്നതും മുറവിളികൂട്ടുന്നതും എല്ലാം ശമുവേൽ കേട്ടു. രക്ഷപ്പെടാൻ സാധിക്കുമായിരുന്നില്ല. മുട്ടുകുത്തിനിന്ന് കൈകളുയർത്തി കണ്ണുകളടച്ച് കാത്തിരിക്കാൻ ശമുവേൽ ഭാര്യയോടും മൂന്നു പുത്രന്മാരോടും പറഞ്ഞു. കവർച്ചക്കാർ ഇരച്ചുകയറിയപ്പോൾ, അവരുടെ മുഖത്തു നോക്കാതെ താഴേക്കു നോക്കിക്കൊണ്ട് ശമുവേൽ അവരോടു സംസാരിച്ചു. മുഖം കണ്ടു താൻ അവരെ പിന്നീടു തിരിച്ചറിഞ്ഞേക്കുമെന്ന വിചാരം അവർക്ക് ഉണ്ടാകേണ്ട എന്ന് അദ്ദേഹം കരുതി. അദ്ദേഹം പറഞ്ഞു: “അകത്തുവന്ന് നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം എടുത്തോളൂ. എന്തു വേണമെങ്കിലും എടുക്കാം. ഞങ്ങൾ യഹോവയുടെ സാക്ഷികൾ ആണ്. ഞങ്ങൾ നിങ്ങളെ തടയില്ല.” ഇതു കേട്ട് കവർച്ചക്കാർ യഥാർഥത്തിൽ അമ്പരന്നു. പിന്നീട് ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ ആയുധധാരികളായ 12 പേരുടെ ഒരു കൂട്ടം വന്നു. ആഭരണങ്ങളും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചെങ്കിലും അവർ, മറ്റുള്ള കെട്ടിടങ്ങളിൽ ചെയ്തതുപോലെ, കുടുംബാംഗങ്ങളെ അടിക്കുകയോ വാക്കത്തികൊണ്ട് തല വെട്ടുകയോ ചെയ്തില്ല. ജീവൻ തിരിച്ചുകിട്ടിയതിന് ശമുവേലിന്റെ കുടുംബം യഹോവയ്ക്കു നന്ദി പറഞ്ഞു.
പണത്തിന്റെയോ ഭൗതിക സ്വത്തുക്കളുടെയോ കാര്യത്തിൽ ചെറുത്തുനിൽപ്പ് നടത്തുന്നില്ലെങ്കിൽ ഇരകൾക്കു പരിക്കേൽക്കാനുള്ള സാധ്യത കുറവാണെന്ന് ഈ ദൃഷ്ടാന്തം പ്രകടമാക്കുന്നു.a
ക്രിസ്ത്യാനി ഒരു സാക്ഷ്യം കൊടുക്കുന്നത് ചിലപ്പോൾ ഉപദ്രവം ഏൽക്കാതിരിക്കാൻ സഹായിച്ചേക്കാം. കവർച്ചക്കാർ ആഡേയുടെ വീട് ആക്രമിച്ചപ്പോൾ, അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾക്കു കഷ്ടപ്പാടുകൾ ഉള്ളതുകൊണ്ടാണു നിങ്ങൾ ഇത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്നതെന്ന് എനിക്കറിയാം. സകല കുടുംബങ്ങൾക്കും വേണ്ടത്ര ഭക്ഷിക്കാൻ ഉണ്ടായിരിക്കുന്ന ഒരു കാലം വരുമെന്ന് യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവരാജ്യത്തിൻ കീഴിൽ സകലരും സമാധാനത്തിലും സന്തോഷത്തിലും ജീവിക്കും.” അത് കവർച്ചക്കാരുടെ ആക്രമണത്തിന് മയം വരുത്തി. അവരിൽ ഒരാൾ പറഞ്ഞു: “നിങ്ങളുടെ വീട്ടിലേക്കു വന്നതിൽ ഞങ്ങൾക്കു വിഷമമുണ്ട്, പക്ഷേ വിശപ്പുകൊണ്ടാണു ഞങ്ങൾ വന്നതെന്നോർക്കണം.” ആഡേയുടെ വസ്തുവകകൾ കൊള്ളയടിച്ചെങ്കിലും, അവർ അദ്ദേഹത്തെയും കുടുംബത്തെയും യാതൊന്നും ചെയ്തില്ല.
ശാന്തരായി നിലകൊള്ളുക
അപകടാവസ്ഥയിൽ ആയിരിക്കുമ്പോൾ ശാന്തരായി നിലകൊള്ളുന്നത് എളുപ്പമല്ല, വിശേഷിച്ചും കവർച്ചക്കാരുടെ മുഖ്യലക്ഷ്യം തങ്ങളുടെ ഇരകളെ ഭീതിയിലാഴ്ത്തി കീഴ്പെടുത്തുകയാകുമ്പോൾ. പ്രാർഥന നമ്മെ സഹായിക്കും. നിശ്ശബ്ദമായി, ഹ്രസ്വമായി നാം സഹായത്തിനായി വിളിച്ചപേക്ഷിക്കുന്നത് യഹോവയ്ക്കു കേൾക്കാനാകും. “യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു” എന്നു ബൈബിൾ നമുക്ക് ഉറപ്പു നൽകുന്നു. (സങ്കീർത്തനം 34:15) യഹോവ നമ്മുടെ പ്രാർഥന കേൾക്കുന്നുണ്ട്, ഏതു സ്ഥിതിവിശേഷത്തെയും ശാന്തമായി കൈകാര്യം ചെയ്യുന്നതിനുള്ള ജ്ഞാനം നൽകാൻ അവനു കഴിയും.—യാക്കോബ് 1:5.
പ്രാർഥനയ്ക്കു പുറമേ, ശാന്തരായി നിലകൊള്ളുന്നതിനുള്ള മറ്റൊരു സഹായം കവർച്ചക്കാരെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നു മുന്നമേ തീരുമാനിക്കുന്നതാണ്. നിങ്ങൾക്ക് എന്തെല്ലാം സ്ഥിതിവിശേഷങ്ങൾ നേരിടുമെന്നു മുന്നമേ അറിയാൻ സാധിക്കുകയില്ല എന്നതു ശരിതന്നെ. എങ്കിലും, തത്ത്വങ്ങൾ മനസ്സിൽ പിടിക്കുന്നതു നല്ലതാണ്, കെട്ടിടത്തിനു തീപിടിക്കുമ്പോൾ എടുക്കേണ്ട സുരക്ഷാ നടപടികൾ മനസ്സിൽ പിടിക്കുന്നത് ജ്ഞാനപൂർവകം ആയിരിക്കുന്നതുപോലെ. മാനസികമായി മുന്നമേ ഒരുങ്ങുന്നതു നിങ്ങളെ ശാന്തരായി നിലകൊള്ളാനും പരിഭ്രാന്തി ഒഴിവാക്കാനും പരിക്കിൽനിന്നു രക്ഷപ്പെടാനും സഹായിക്കുന്നു.
കവർച്ചയെ കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്: “യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവർച്ചയെ വെറുക്കയും ചെയ്യുന്നു.” (യെശയ്യാവു 61:8) കവർച്ചയെ വളരെ ഗൗരവമായ പാപമായി പട്ടികപ്പെടുത്താൻ യഹോവ തന്റെ പ്രവാചകനായ യെഹെസ്കേലിനെ നിശ്വസ്തനാക്കി. (യെഹെസ്കേൽ 18:18) എന്നാൽ, കവർച്ചയെ കുറിച്ച് അനുതപിക്കുകയും മോഷണ വസ്തുക്കൾ തിരിച്ചു കൊടുക്കുകയും ചെയ്യുന്ന വ്യക്തിയോട് ദൈവം കരുണാപൂർവം ക്ഷമിക്കുമെന്ന് അതേ ബൈബിൾ പുസ്തകം പ്രകടമാക്കുകയും ചെയ്യുന്നു.—യെഹെസ്കേൽ 33:14-16.
കുറ്റകൃത്യങ്ങൾ നിറഞ്ഞിരിക്കുന്ന ഒരു ലോകത്ത് ജീവിക്കുന്നവരാണെങ്കിലും, കവർച്ച മേലാൽ ഉണ്ടായിരിക്കുകയില്ലാത്ത ദൈവരാജ്യത്തിൻ കീഴിൽ ജീവിക്കുന്നതിനുള്ള പ്രത്യാശയിൽ ക്രിസ്ത്യാനികൾ ആഹ്ലാദിക്കുന്നു. ആ കാലത്തെ കുറിച്ച് ബൈബിൾ വാഗ്ദാനം ചെയ്യുന്നു: “ഓരോരുത്തൻ [ദൈവജനം] താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.”—മീഖാ 4:4.
[അടിക്കുറിപ്പുകൾ]
a നിശ്ചയമായും സഹകരണത്തിനും ഒരു പരിധിയുണ്ട്. ദൈവ നിയമം ലംഘിക്കുന്ന ഏതെങ്കിലും വിധത്തിൽ യഹോവയുടെ സാക്ഷികൾ സഹകരിക്കുന്നില്ല. ഉദാഹരണത്തിന്, ഒരു ക്രിസ്ത്യാനി മനസ്സോടെ ബലാൽസംഗത്തിനു കീഴ്പെടുകയില്ല.