അപ്പോക്കലിപ്സ്—ഭയപ്പെടേണ്ടതോ പ്രത്യാശയോടെ കാത്തിരിക്കേണ്ടതോ?
“അപ്പോക്കലിപ്സ് ഇന്ന് വെറുമൊരു ബൈബിൾ വിവരണമല്ല, പകരം അതു തികച്ചും സംഭവ്യം ആയിത്തീർന്നിരിക്കുന്നു.”—ജാവിയർ പെരെസ് ഡി ക്വെയാർ, ഐക്യരാഷ്ട്ര സംഘടനയുടെ മുൻ സെക്രട്ടറി ജനറൽ.
“അപ്പോക്കലിപ്സ്” എന്ന പദത്തെ കുറിച്ചുള്ള ഒരു പ്രമുഖ ലോക നേതാവിന്റെ ആ അഭിപ്രായം, മിക്ക ആളുകളും അതു മനസ്സിലാക്കുന്നതും ചലച്ചിത്രങ്ങളിലും പുസ്തക ശീർഷകങ്ങളിലും മാസികാ ലേഖനങ്ങളിലും പത്ര റിപ്പോർട്ടുകളിലും അത് ഉപയോഗിക്കുന്നതും എങ്ങനെയെന്നു പ്രകടമാക്കുന്നു. അത് ഒരു വിശ്വവ്യാപക വിപത്തിന്റെ ദൃശ്യം മനസ്സിലേക്കു കൊണ്ടുവരുന്നു. എന്നാൽ, “അപ്പോക്കലിപ്സ്” എന്ന പദം വാസ്തവത്തിൽ എന്താണ് അർഥമാക്കുന്നത്? അതിലും പ്രധാനമായി, അപ്പോക്കലിപ്സ് അഥവാ വെളിപ്പാടു എന്നു പേരുള്ള ബൈബിൾ പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന സന്ദേശം എന്താണ്?
“അപ്പോക്കലിപ്സ്” എന്ന പദം “അനാവരണം ചെയ്യൽ,” അല്ലെങ്കിൽ “മറനീക്കൽ” എന്ന് അർഥമുള്ള ഒരു ഗ്രീക്ക് പദപ്രയോഗത്തിൽ നിന്നാണു വരുന്നത്. ബൈബിളിലെ വെളിപ്പാടു പുസ്തകത്തിൽ എന്താണു മറനീക്കപ്പെട്ടത്, അല്ലെങ്കിൽ അനാവരണം ചെയ്യപ്പെട്ടത്? അതു പൂർണമായും ഒരു വിനാശക സന്ദേശം, ഒരു സർവനാശ പ്രവചനം ആയിരുന്നോ? അപ്പോക്കലിപ്സിനെ കുറിച്ച് എന്താണു വിചാരിക്കുന്നതെന്നു ചോദിച്ചപ്പോൾ എൻസ്റ്റിറ്റ്യൂ ദെ ഫ്രാൻസിലെ അംഗവും ചരിത്രകാരനുമായ ഷാൻ ഡെല്യൂമോ ഇങ്ങനെ പ്രസ്താവിച്ചു: “അത് ആശ്വാസത്തിന്റെയും പ്രത്യാശയുടെയും ഒരു പുസ്തകമാണ്. അതിൽ വിനാശത്തെ കുറിച്ചു പറയുന്ന ഭാഗത്തു ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആളുകൾ അതിന്റെ ഉള്ളടക്കത്തെ ഭീതിപ്പെടുത്തുന്നത് ആക്കിയിരിക്കുന്നു.”
ആദിമ സഭയും അപ്പോക്കലിപ്സും
അപ്പോക്കലിപ്സിനെയും ഭൂമിയുടെമേലുള്ള യേശുവിന്റെ ആയിരവർഷ വാഴ്ചയെ (സഹസ്രാബ്ദത്തെ) കുറിച്ചുള്ള അതിലെ പ്രത്യാശയെയും സംബന്ധിച്ച് ആദിമ “ക്രിസ്ത്യാനിക”ളുടെ വീക്ഷണം എന്തായിരുന്നു? അതേ ചരിത്രകാരൻ ഇങ്ങനെ പ്രസ്താവിച്ചു: “ആദ്യത്തെ ഏതാനും നൂറ്റാണ്ടുകളിലെ ക്രിസ്ത്യാനികൾ പൊതുവെ സഹസ്രാബ്ദ വിശ്വാസികൾ ആയിരുന്നുവെന്ന് എനിക്കു തോന്നുന്നു. . . . ആദിമ നൂറ്റാണ്ടുകളിൽ സഹസ്രാബ്ദത്തിൽ വിശ്വസിച്ചിരുന്ന ക്രിസ്ത്യാനികളിൽ പ്രധാനമായും ഏഷ്യാമൈനറിലെ ഹിയരപൊലിസ് ബിഷപ്പായ പേപ്പിയസ്, . . . പാലസ്തീനിൽ ജനിച്ച, ഏകദേശം 165-ൽ റോമിൽ രക്തസാക്ഷിത്വം വരിച്ച ജെസ്റ്റിൻ പുണ്യവാളൻ, 202-ൽ മരണമടഞ്ഞ ലിയോൺസ് ബിഷപ്പായ ഐറിനിയസ് പുണ്യവാളൻ, 222-ൽ മരണമടഞ്ഞ തെർത്തുല്യൻ, . . . പ്രശസ്ത എഴുത്തുകാരനായിരുന്ന ലാക്റ്റാൻഷിയസ് എന്നിവർ ഉൾപ്പെടുന്നു.”
പൊ.യു. 161-ലോ 165-ലോ പെർഗ്ഗമൊസിൽ രക്തസാക്ഷിത്വം വരിച്ചെന്നു കരുതപ്പെടുന്ന പേപ്പിയസിനെ കുറിച്ച് കത്തോലിക്കാ വിജ്ഞാനകോശം (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “ഹിയരപൊലിസിലെ ബിഷപ്പും വി[ശുദ്ധ] യോഹന്നാന്റെ ഒരു ശിഷ്യനുമായിരുന്ന പേപ്പിയസ് സഹസ്രാബ്ദ വിശ്വാസത്തിന്റെ ഒരു വക്താവായി കാണപ്പെട്ടു. പ്രസ്തുത ഉപദേശം തനിക്കു ലഭിച്ചത് അപ്പൊസ്തലന്മാരുടെ സമകാലീനരിൽനിന്ന് ആണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ശിഷ്യനായ യോഹന്നാനെ കാണുകയും കേൾക്കുകയും ചെയ്ത മറ്റു ‘പ്രസ്ബിറ്റെറിമാർ’ [മൂപ്പന്മാർ] അവനിൽ നിന്നാണ് കർത്താവിന്റെ ഉപദേശത്തിന്റെ ഭാഗം എന്ന നിലയിൽ സഹസ്രാബ്ദ വിശ്വാസത്തെ കുറിച്ചു മനസ്സിലാക്കിയതെന്ന് ഐറേനിയസ് വിശദീകരിക്കുന്നു. യൂസിബിയസ് പറയുന്നത് അനുസരിച്ച്, മരിച്ചവരുടെ പുനരുത്ഥാനത്തെ തുടർന്ന് ആയിരം വർഷം ദീർഘിക്കുന്ന, ക്രിസ്തുവിന്റെ ദൃശ്യവും മഹത്ത്വപൂർണവുമായ ഭൗമിക രാജ്യ[ഭരണം] ആഗതമാകുമെന്ന് . . . പേപ്പിയസ് തന്റെ പുസ്തകത്തിൽ തറപ്പിച്ചു പറഞ്ഞു.”
അപ്പോക്കലിപ്സിന്, അഥവാ വെളിപ്പാടു പുസ്തകത്തിന് ആദിമ വിശ്വാസികളുടെ മേലുണ്ടായിരുന്ന സ്വാധീനത്തെ കുറിച്ച് ഇതു നമ്മോട് എന്തു പറയുന്നു? അത് അവരിൽ ഭീതിയാണോ അതോ പ്രത്യാശയാണോ ജനിപ്പിച്ചത്? രസാവഹമായി, ചരിത്രകാരന്മാർ ആദിമ ക്രിസ്ത്യാനികളെ സഹസ്രാബ്ദക്കാർ എന്നാണു വിളിക്കുന്നത്. ആ പേരു വരുന്നത് ഹിലിയ ഇറ്റി (ആയിരം വർഷം) എന്ന ഗ്രീക്കു പദപ്രയോഗത്തിൽ നിന്നാണ്. അതേ, ഭൂമിയിൽ പറുദീസാ അവസ്ഥകൾ ആനയിക്കുമായിരുന്ന ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചയിൽ വിശ്വസിക്കുന്നവരായി അവരിൽ അനേകരും പരക്കെ അറിയപ്പെട്ടിരുന്നു. സഹസ്രാബ്ദ പ്രത്യാശയെ പ്രത്യേകം പരാമർശിക്കുന്ന ബൈബിളിലെ ഏക പുസ്തകം അപ്പോക്കലിപ്സ് അല്ലെങ്കിൽ വെളിപ്പാടു ആണ്. (20:1-7) തന്മൂലം, വിശ്വാസികളെ അപ്പോക്കലിപ്സ് ഭയപ്പെടുത്തുകയല്ല മറിച്ച് അവർക്കു വിസ്മയാവഹമായ ഒരു പ്രത്യാശ വെച്ചുനീട്ടുകയാണ് ചെയ്തത്. ആദിമ സഭയും ലോകവും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഓക്സ്ഫോർഡിലെ സഭാചരിത്ര പ്രൊഫസറായ സിസിൽ കാഡൂ ഇങ്ങനെ എഴുതുന്നു: “സഹസ്രാബ്ദ വീക്ഷണങ്ങൾ കാലക്രമത്തിൽ തിരസ്കരിക്കപ്പെട്ടെങ്കിലും അവ ഗണ്യമായൊരു കാലത്തേക്കു സഭയിൽ പരക്കെ നിലനിന്നുപോന്നു, അങ്ങേയറ്റം ആദരിക്കപ്പെട്ടിരുന്ന ഗ്രന്ഥകാരന്മാരിൽ ചിലർ അതു പഠിപ്പിച്ചിരുന്നു.”
അപ്പോക്കലിപ്സ് പ്രത്യാശ തിരസ്കരിക്കപ്പെട്ടതിന്റെ കാരണം
ആദിമ ക്രിസ്ത്യാനികളിൽ അനേകരും, ഒരുപക്ഷേ ഭൂരിപക്ഷം പേരും, ഒരു പറുദീസാ ഭൂമിയുടെമേലുള്ള ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയിൽ പ്രത്യാശ അർപ്പിച്ചിരുന്നു എന്നത് ഒരു അനിഷേധ്യ ചരിത്ര വസ്തുത ആയിരുന്നിട്ടും, അത്തരം “സഹസ്രാബ്ദ വീക്ഷണങ്ങൾ കാലക്രമത്തിൽ തിരസ്കരിക്കപ്പെട്ടത്” എങ്ങനെ? ന്യായീകരിക്കത്തക്കതായ ചില വിമർശനങ്ങൾ ഉണ്ടായി. കാരണം, പണ്ഡിതനായ റോബർട്ട് മൗൺസ് ചൂണ്ടിക്കാട്ടിയതു പോലെ, “നിർഭാഗ്യവശാൽ സഹസ്രാബ്ദ വിശ്വാസികളിൽ അനേകരുടെയും സങ്കൽപ്പങ്ങൾ അതിരുകവിഞ്ഞു പോകുകയും അവർ ആയിരം-വർഷ കാലഘട്ടത്തെ ഭൗതികവും വിഷയാസക്തവുമായ എല്ലാത്തരം അമിതത്വങ്ങളുടെയും ഒരു കാലമായി വ്യാഖ്യാനിക്കുകയും ചെയ്തു.” എന്നിരുന്നാലും, സഹസ്രാബ്ദത്തിലുള്ള വസ്തുനിഷ്ഠമായ പ്രത്യാശയെ തിരസ്കരിക്കാതെതന്നെ ഈ അതിരുകടന്ന വീക്ഷണങ്ങളെ തിരുത്താൻ കഴിയുമായിരുന്നു.
സഹസ്രാബ്ദ വിശ്വാസത്തെ അടിച്ചമർത്താൻ എതിരാളികൾ ഉപയോഗിച്ച മാർഗങ്ങൾ തീർച്ചയായും അമ്പരപ്പിക്കുന്നത് ആയിരുന്നു. ഡിക്സ്യോണാർ ദെ തെയോളോഷി കറ്റോലിക് രണ്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ മൂന്നാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന റോമൻ പുരോഹിതനായ കേയസിനെ കുറിച്ച് ഇങ്ങനെ പറയുന്നു: “സഹസ്രാബ്ദ വിശ്വാസത്തെ കീഴടക്കാനായി അദ്ദേഹം അപ്പോക്കലിപ്സിന്റെയും [വെളിപ്പാടിന്റെയും] വി[ശുദ്ധ] യോഹന്നാന്റെ സുവിശേഷത്തിന്റെയും ആധികാരികതയെ അസന്ദിഗ്ധമായി നിരാകരിച്ചു.” സഹസ്രാബ്ദ “വിശ്വാസത്തോടു പറ്റിനിന്നവർ അവരുടെ വിശ്വാസത്തെ വിശുദ്ധ യോഹന്നാന്റെ അപ്പോക്കലിപ്സിൽ അടിസ്ഥാനപ്പെടുത്തുന്നതു തടയാൻ വേണ്ടി” സഹസ്രാബ്ദ വിശ്വാസത്തിന് എതിരെ ഒരു പ്രബന്ധം തയ്യാറാക്കിയ മൂന്നാം നൂറ്റാണ്ടിലെ അലക്സാൻഡ്രിയൻ ബിഷപ്പായിരുന്ന ഡയോനീഷ്യസും വെളിപ്പാടു പുസ്തകത്തിന്റെ “ആധികാരികതയെ നിരാകരിക്കാൻ മടിച്ചില്ലെ”ന്ന് പ്രസ്തുത ഡിക്സ്യോണാർ തുടർന്നു പ്രസ്താവിക്കുന്നു. ഭൂമിയിലെ സഹസ്രാബ്ദ അനുഗ്രഹങ്ങളെ സംബന്ധിച്ച പ്രത്യാശയ്ക്കു നേരെയുള്ള അത്തരം നികൃഷ്ടമായ എതിർപ്പ്, അക്കാലത്തെ ദൈവശാസ്ത്രജ്ഞന്മാരുടെ ഇടയിൽ വ്യാപരിച്ചിരുന്ന കുടിലമായ ഒരു സ്വാധീനത്തെ വ്യക്തമാക്കുന്നു.
സഹസ്രാബ്ദ അനുധാവനം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പ്രൊഫസർ നോർമൻ കൊഹൻ ഇങ്ങനെ എഴുതുന്നു: “സഹസ്രാബ്ദ വിശ്വാസത്തെ അപകീർത്തിപ്പെടുത്താനുള്ള ആദ്യ ശ്രമം നടന്നത് മൂന്നാം നൂറ്റാണ്ടിലാണ്. പുരാതന സഭയിലെ എല്ലാ ദൈവശാസ്ത്രജ്ഞന്മാരിലും വെച്ച് ഒരുപക്ഷേ ഏറ്റവും അധികം സ്വാധീനം ഉണ്ടായിരുന്ന ഓറിജൻ [ദൈവ]രാജ്യത്തെ അക്ഷരീയമായ ഒരു സംഗതിയായിട്ടല്ല മറിച്ച് വിശ്വാസികളുടെ അന്തരംഗങ്ങളിൽ മാത്രം നടക്കുന്ന ഒരു സംഭവമായി അവതരിപ്പിച്ചപ്പോഴായിരുന്നു അത്.” ബൈബിളിനു പകരം ഗ്രീക്കു തത്ത്വചിന്തയിൽ ആശ്രയിച്ചുകൊണ്ട് ഓറിജൻ മിശിഹൈക രാജ്യത്തിൻ കീഴിലെ ഭൗമിക അനുഗ്രഹങ്ങളെ കുറിച്ചുള്ള വിസ്മയാവഹമായ പ്രത്യാശയെ “വിശ്വാസികളുടെ അന്തരംഗങ്ങളിൽ മാത്രം നടക്കുന്ന” ഒരു അഗ്രാഹ്യ “സംഭവമായി” ചിത്രീകരിക്കുകവഴി അതിൽ വെള്ളം ചേർത്തു. കത്തോലിക്കാ ഗ്രന്ഥകാരനായ ലേയോൺ ഗ്രി എഴുതി: “ഗ്രീക്കു തത്ത്വചിന്തയുടെ പ്രബലമായ സ്വാധീനം . . . ക്രമേണ സഹസ്രാബ്ദ ആശയങ്ങളുടെ അപചയത്തിനു കാരണമായി.”
“സഭയ്ക്ക് അതിന്റെ പ്രത്യാശാ സന്ദേശം നഷ്ടമായിരിക്കുന്നു”
ക്രിസ്ത്യാനിത്വത്തോടു ഗ്രീക്കു തത്ത്വചിന്ത കൂട്ടിച്ചേർക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ച സഭാ പിതാവ് അഗസ്റ്റിൻ ആയിരുന്നു എന്നതിനു യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ കാലത്ത് ക്രിസ്ത്യാനിത്വത്തിന്റെ ഒരു ബാഹ്യരൂപം മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ആദ്യം സഹസ്രാബ്ദ വിശ്വാസത്തിന്റെ തീക്ഷ്ണതയുള്ള ഒരു വക്താവായിരുന്ന അദ്ദേഹം ഒടുവിൽ, ഭൂമിയുടെമേലുള്ള ക്രിസ്തുവിന്റെ വരാനിരിക്കുന്ന സഹസ്രാബ്ദ വാഴ്ചയെ കുറിച്ചുള്ള സകല ആശയങ്ങളും തിരസ്കരിച്ചു. അദ്ദേഹം വെളിപ്പാടു 20-ാം അധ്യായത്തിന്റെ അക്ഷരീയ അർഥത്തിന് വളച്ചൊടിച്ച ഒരു പ്രതീകാത്മക അർഥം നൽകി.
കത്തോലിക്കാ വിജ്ഞാനകോശം (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “സഹസ്രാബ്ദം ഇല്ല എന്ന അഭിപ്രായത്തോട് അഗസ്റ്റിൻ ഒടുവിൽ ദൃഢമായി പറ്റിനിന്നു. . . . ഈ അധ്യായത്തിൽ പറയുന്ന ഒന്നാമത്തെ പുനരുത്ഥാനം സ്നാപന സമയത്തെ ആത്മീയ പുനർജന്മത്തെയും ആറായിരം വർഷ ചരിത്രത്തിനു ശേഷമുള്ള ആയിരം വർഷ ശബത്ത് മുഴു നിത്യജീവനെയും പരാമർശിക്കുന്നു എന്ന് അദ്ദേഹം നമ്മോടു പറയുന്നു.” ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ ഇപ്രകാരം പ്രസ്താവിക്കുന്നു: “അഗസ്റ്റിന്റെ പ്രതീകാത്മക സഹസ്രാബ്ദം സഭയുടെ ഔദ്യോഗിക ഉപദേശമായിത്തീർന്നു. . . . ലൂഥറൻ, കാൽവിനിസ്റ്റ്, ആംഗ്ലിക്കൻ എന്നീ വിഭാഗങ്ങളിലെ പ്രൊട്ടസ്റ്റന്റ പരിഷ്കർത്താക്കൾ . . . അഗസ്റ്റിന്റെ വീക്ഷണങ്ങളോടു ശക്തമായി പറ്റിനിന്നു.” അങ്ങനെ, ക്രൈസ്തവലോക സഭകളിലെ അംഗങ്ങൾക്കു സഹസ്രാബ്ദ പ്രത്യാശ ഇല്ലാതായി.
തന്നെയുമല്ല, സ്വിസ് ദൈവശാസ്ത്രജ്ഞനായ ഫ്രെഡേറിക് ദെ റൂഷ്മൊൻ പറയുന്നതു പോലെ, “ആയിരം-വർഷ വാഴ്ചയിലുള്ള തന്റെ ആദ്യ വിശ്വാസം ത്യജിക്കുക വഴി [അഗസ്റ്റിൻ] സഭയ്ക്ക് എണ്ണിയാലൊടുങ്ങാത്ത നഷ്ടം വരുത്തിവെച്ചു. തന്റെ പേരിന്റെ അതിശക്തമായ സ്വാധീനം ഉപയോഗിച്ച് അദ്ദേഹം [സഭയ്ക്ക്] അതിന്റെ ഭൗമിക പ്രത്യാശ നഷ്ടമാക്കിയ ഒരു തെറ്റിന് അംഗീകാരം നൽകി.” സഹസ്രാബ്ദത്തിലുള്ള വിശ്വാസം ത്യജിച്ചത് സാധാരണ ജനങ്ങളെ “അവർ മനസ്സിലാക്കിയിരുന്ന മത”ത്തിൽ നിന്ന് അകറ്റി. കൂടാതെ, “പഴയ മതത്തിന്റെയും പ്രത്യാശകളുടെയും” സ്ഥാനത്ത് “അവർക്കു മനസ്സിലാക്കാൻ കഴിയാഞ്ഞ ഒരു വിശ്വാസം” സ്ഥാപിതമാകാനും അത് ഇടയാക്കി എന്ന് ജർമൻ ദൈവശാസ്ത്രജ്ഞനായ അഡോൾഫ് ഹാർനാക് സമ്മതിച്ചു പറഞ്ഞു. തങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്ന ഒരു വിശ്വാസവും പ്രത്യാശയും ആളുകൾക്ക് ആവശ്യമാണെന്നുള്ളതിന്റെ വാചാലമായ തെളിവാണ് അനേകം രാജ്യങ്ങളിലും ഇന്നു കാണുന്ന ശൂന്യമായ പള്ളികൾ.
വെളിപ്പാടു പുസ്തകത്തിലെ വിശേഷാശയങ്ങൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ബൈബിൾ പണ്ഡിതനായ ജോർജ് ബിസ്ലി-മറി ഇങ്ങനെ എഴുതി: “മുഖ്യമായും അഗസ്റ്റിന്റെ അതിശക്തമായ സ്വാധീനം നിമിത്തവും മറ്റു മതഭേദങ്ങൾ സഹസ്രാബ്ദ വിശ്വാസം സ്വീകരിച്ചതു നിമിത്തവും കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഐകമത്യത്തോടെ അതു തിരസ്കരിച്ചു. മനുഷ്യന് ഈ ലോകത്തിൽ പകരമായി മറ്റ് എന്തു പ്രത്യാശയാണുള്ളത് എന്നു ചോദിക്കുമ്പോൾ ഔദ്യോഗിക ഉത്തരം, ‘ഒന്നുമില്ല’ എന്നാണ്. ചരിത്രത്തെ വിസ്മൃതിയിൽ ആഴ്ത്തുന്ന, നിത്യ സ്വർഗത്തിനും നരകത്തിനും ഇടം നൽകാനായി ക്രിസ്തുവിന്റെ വരവിങ്കൽ ലോകം നശിപ്പിക്കപ്പെടും. . . . സഭയ്ക്ക് അതിന്റെ പ്രത്യാശാ സന്ദേശം നഷ്ടമായിരിക്കുന്നു.”
വിസ്മയാവഹമായ അപ്പോക്കലിപ്സ് പ്രത്യാശ ഇപ്പോഴും സജീവം!
സഹസ്രാബ്ദത്തോടു ബന്ധപ്പെട്ട വിസ്മയാവഹമായ വാഗ്ദാനങ്ങൾ നിവൃത്തിയേറുമെന്ന് യഹോവയുടെ സാക്ഷികൾ ഉറച്ചു വിശ്വസിക്കുന്നു. “2000-ാം ആണ്ട്: അപ്പോക്കലിപ്സ് ഭീതി” എന്ന വിഷയത്തെ അധികരിച്ചുള്ള ഒരു ടെലിവിഷൻ പരിപാടിയിലെ അഭിമുഖത്തിൽ ഫ്രഞ്ച് ചരിത്രകാരനായ ഷാൻ ഡെല്യൂമോ ഇങ്ങനെ പ്രസ്താവിച്ചു: “സഹസ്രാബ്ദ വിശ്വാസം കൃത്യമായി പിൻപറ്റുന്നവരാണ് യഹോവയുടെ സാക്ഷികൾ. കാരണം നാം പെട്ടെന്നുതന്നെ . . . സന്തുഷ്ടിയുടെ ഒരു 1,000 വർഷ കാലഘട്ടത്തിൽ—നിശ്ചയമായും ഒരു വിപത്തിലൂടെ—പ്രവേശിക്കുമെന്ന് അവർ പറയുന്നു.”
ഒരു ദർശനത്തിൽ യോഹന്നാൻ അപ്പൊസ്തലൻ കണ്ടതും അതുതന്നെയാണ്. അവൻ അത് തന്റെ പുസ്തകമായ അപ്പോക്കലിപ്സിൽ അഥവാ വെളിപ്പാടിൽ വിവരിച്ചിരിക്കുന്നു. അവൻ ഇങ്ങനെ എഴുതി: “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; . . . സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു [“പഴയ കാര്യങ്ങൾ,” NW] കഴിഞ്ഞുപോയി.”—വെളിപ്പാടു 21:1, 3-5.
ഈ പ്രത്യാശയെ പുൽകാൻ സാധിക്കുന്നത്ര ആളുകളെ സഹായിക്കാനായി യഹോവയുടെ സാക്ഷികൾ ഒരു ലോകവ്യാപക ബൈബിൾ വിദ്യാഭ്യാസ വേലയിൽ ഏർപ്പെട്ടിരിക്കുന്നു. അതേക്കുറിച്ചു പഠിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ അവർക്കു സന്തോഷമേയുള്ളൂ.
[6-ാം പേജിലെ ചിത്രം]
സഹസ്രാബ്ദ ഉപദേശം തനിക്ക് അപ്പൊസ്തലന്മാരുടെ സമകാലീനരിൽ നിന്നു നേരിട്ടു ലഭിച്ചതാണെന്നു പേപ്പിയസ് അവകാശപ്പെട്ടു
[7-ാം പേജിലെ ചിത്രം]
തെർത്തുല്യൻ ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയിൽ വിശ്വസിച്ചിരുന്നു
[കടപ്പാട]
© Cliché Bibliothèque Nationale de France, Paris
[7-ാം പേജിലെ ചിത്രം]
“ആയിരം-വർഷ വാഴ്ചയിലുള്ള തന്റെ ആദ്യ വിശ്വാസം ത്യജിക്കുക വഴി [അഗസ്റ്റിൻ] സഭയ്ക്ക് എണ്ണിയാലൊടുങ്ങാത്ത നഷ്ടം വരുത്തിവെച്ചു”
[8-ാം പേജിലെ ചിത്രം]
അപ്പോക്കലിപ്സിൽ വാഗ്ദാനം ചെയ്തിരിക്കുന്ന പറുദീസാ ഭൂമി ആകാംക്ഷാപൂർവം കാത്തിരിക്കാനുള്ള ഒന്നാണ്