ആത്മത്യാഗ മനോഭാവം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
നിർമാണ വിദ്യ പഠിപ്പിക്കുന്ന ബിൽ എന്ന കുടുംബനാഥൻ തന്റെ 50-കളിലാണ്. യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകൾക്കുവേണ്ടി പ്ലാനുകൾ തയ്യാറാക്കുകയും അവ നിർമിക്കുകയും ചെയ്യുന്നതിൽ പ്രതിഫലമൊന്നും പറ്റാതെ സഹായിച്ചുകൊണ്ട് അദ്ദേഹം ഓരോ വർഷവും അനേകം ആഴ്ചകൾ ചെലവിടുന്നു. 22-കാരിയായ ഇമ അവിവാഹിതയും അഭ്യസ്തവിദ്യയും പ്രാപ്തയുമാണ്. തികച്ചും വ്യക്തിപരമായ ലക്ഷ്യങ്ങളും ഉല്ലാസങ്ങളും പിന്തുടരുന്നതിനു പകരം, ബൈബിൾ പഠിക്കാൻ ആളുകളെ സഹായിച്ചുകൊണ്ട് ഒരു ശുശ്രൂഷകയെന്ന നിലയിൽ അവൾ ഓരോ മാസവും 70-ലേറെ മണിക്കൂറുകൾ ചെലവിടുന്നു. മോറിസും ബെറ്റിയും ജോലിയിൽനിന്നു വിരമിച്ചവരാണ്. ഒരു വിശ്രമ ജീവിതം നയിക്കുന്നതിനു പകരം മറ്റൊരു രാജ്യത്തേക്കു മാറിപ്പാർത്തുകൊണ്ട് അവർ അവിടെയുള്ള ആളുകളെ ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യത്തെ കുറിച്ച് പഠിപ്പിക്കുന്നു.
ഈ ആളുകൾ തങ്ങളെത്തന്നെ എന്തെങ്കിലും പ്രത്യേകതയുള്ളവരോ അസാമാന്യരോ ആയി വീക്ഷിക്കുന്നില്ല. ശരിയെന്നു തങ്ങൾക്കു തോന്നുന്ന കാര്യങ്ങൾ ചെയ്യുന്ന വെറും സാധാരണക്കാരാണ് അവർ. മറ്റുള്ളവർക്കുവേണ്ടി അവർ തങ്ങളുടെ സമയവും ഊർജവും കഴിവുകളും വിഭവങ്ങളും ഉപയോഗിക്കുന്നത് എന്തിനാണ്? അവരെ അതിനു പ്രേരിപ്പിക്കുന്നത് യഹോവയോടും അയൽക്കാരോടുമുള്ള ആഴമായ സ്നേഹമാണ്. ഈ സ്നേഹം അവരിൽ നിഷ്കപടമായ ഒരു ആത്മത്യാഗ മനോഭാവം ഉളവാക്കിയിരിക്കുന്നു.
ആത്മത്യാഗ മനോഭാവം എന്നതുകൊണ്ട് നാമെന്താണ് ഉദ്ദേശിക്കുന്നത്? ഒരു ലൗകികവിരക്ത ജീവിതം എന്നല്ല അതിനർഥം. നമ്മുടെ സന്തോഷവും സംതൃപ്തിയും കവർന്നുകളയുന്ന അതിരുകവിഞ്ഞ ആത്മപരിത്യാഗവും അതിൽ ഉൾപ്പെടുന്നില്ല. ഷോർട്ടർ ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ നിർവചന പ്രകാരം, ആത്മത്യാഗം (self-sacrifice) എന്നാൽ “കടമ നിമിത്തമോ മറ്റുള്ളവരുടെ ക്ഷേമത്തെ പ്രതിയോ സ്വന്തം താത്പര്യങ്ങളും സന്തോഷവും അഭിലാഷങ്ങളും ഉപേക്ഷിക്കുക” എന്നാണ്.
യേശുക്രിസ്തു—ഉത്തമ മാതൃക
ആത്മത്യാഗ മനോഭാവത്തിന്റെ ഉത്തമ മാതൃക ദൈവത്തിന്റെ ഏകജാത പുത്രനായ യേശുക്രിസ്തുവാണ്. ഭൂമിയിൽ വരുന്നതിനു മുമ്പുള്ള അവന്റെ ജീവിതം ഏറ്റവും അധികം ഉത്സാഹഭരിതവും സംതൃപ്തിദായകവും ആയിരുന്നിരിക്കണം. തന്റെ പിതാവുമായും മറ്റ് ആത്മ സൃഷ്ടികളുമായും അവൻ ഉറ്റ ബന്ധം ആസ്വദിച്ചിരുന്നു. കൂടാതെ, “ഒരു വിദഗ്ധ ശില്പി” എന്നനിലയിൽ അവൻ തന്റെ പ്രാപ്തികളെ വെല്ലുവിളി നിറഞ്ഞതും പുളകപ്രദവുമായ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. (സദൃശവാക്യങ്ങൾ 8:30, 31, NW) ഭൂമിയിലെ ഏറ്റവും ധനാഢ്യനായ മനുഷ്യൻപോലും ഒരിക്കലും ആസ്വദിച്ചിട്ടില്ലാത്തത്ര ശ്രേഷ്ഠമായ അവസ്ഥകളിലായിരുന്നു അവൻ ജീവിച്ചിരുന്നത്. സ്വർഗത്തിൽ അവന് ഉന്നതവും ബഹുമാന്യവുമായ ഒരു സ്ഥാനമുണ്ടായിരുന്നു—യഹോവയാം ദൈവം കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനം.
എങ്കിലും “ദൈവപുത്രൻ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു.” (ഫിലിപ്പിയർ 2:7, 8) ഒരു മനുഷ്യനായിത്തീരുകയും സാത്താൻ വരുത്തിവെച്ച ദ്രോഹത്തെ ഇല്ലായ്മ ചെയ്യാനായി സ്വന്തം ജീവനെ ഒരു മറുവിലയാഗമായി അർപ്പിക്കുകയും ചെയ്തുകൊണ്ട് യേശു ഉന്നതമായ തന്റെ എല്ലാ സുഖസൗകര്യങ്ങളും മനസ്സോടെ ത്യജിച്ചു. (ഉല്പത്തി 3:1-7; മർക്കൊസ് 10:45) പിശാചായ സാത്താന്റെ അധീനതയിൽ കിടക്കുന്ന ഒരു ലോകത്തിൽ വന്ന് പാപികളായ മനുഷ്യരോടുകൂടെ അവൻ ജീവിക്കണമായിരുന്നു. (1 യോഹന്നാൻ 5:19) വ്യക്തിപരമായ ബുദ്ധിമുട്ടുകളും അസൗകര്യങ്ങളും സഹിക്കേണ്ടതും ആവശ്യമായിരുന്നു. എന്നാൽ, എന്തു നഷ്ടം സഹിച്ചും തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യാൻ അവൻ ദൃഢചിത്തനായിരുന്നു. (മത്തായി 26:39; യോഹന്നാൻ 5:30; 6:38) ഇത് യേശുവിന്റെ സ്നേഹത്തെയും വിശ്വസ്തതയെയും പരമാവധി പരീക്ഷിച്ചു. എത്രത്തോളം ത്യാഗം ചെയ്യാൻ അവൻ തയ്യാറായിരുന്നു? അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ പറഞ്ഞു: “[യേശു] തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.”—ഫിലിപ്പിയർ 2:8.
‘ഈ ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ’
യേശുവിന്റെ മാതൃക പിൻപറ്റാൻ നാം പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ” എന്ന് പൗലൊസ് ഉദ്ബോധിപ്പിച്ചു. (ഫിലിപ്പിയർ 2:5) നമുക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയും? അതിനുള്ള ഒരു വിധം ‘സ്വന്തഗുണം മാത്രം നോക്കാതെ മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കുക’ എന്നതാണ്. (ഫിലിപ്പിയർ 2:4) യഥാർഥ സ്നേഹം “സ്വാർത്ഥം അന്വേഷിക്കുന്നില്ല.”—1 കൊരിന്ത്യർ 13:5.
കരുതലുള്ള വ്യക്തികൾ മറ്റുള്ളവർക്കുവേണ്ടി സേവനം ചെയ്യുന്നതിൽ മിക്കപ്പോഴും നിസ്വാർഥമായ അർപ്പണബോധം പ്രകടമാക്കുന്നു. എന്നാൽ ഇന്ന് മിക്കവരുടെയും മുഖമുദ്ര സ്വാർഥതയാണ്. ‘ഞാൻ മുമ്പൻ’ മനോഭാവം പ്രബലമായിരിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ലോകത്തിന്റെ ആത്മാവിനെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. കാരണം, നമ്മുടെ ചിന്താരീതികളെയും സ്വഭാവത്തെയും രൂപപ്പെടുത്താൻ നാം അതിനെ അനുവദിക്കുന്നെങ്കിൽ, സ്വന്തം താത്പര്യങ്ങൾക്കായിരിക്കും നമ്മുടെ ജീവിതത്തിൽ പ്രഥമ സ്ഥാനം. അപ്പോൾ, സമയവും ഊർജവും വിഭവങ്ങളും ചെലവിടുന്നതുൾപ്പെടെ നമ്മുടെ എല്ലാ കാര്യങ്ങളെയും ഭരിക്കുന്നത് സ്വാർഥാഭിലാഷങ്ങളായിരിക്കും. ആയതിനാൽ, ഈ സ്വാധീനത്തിനെതിരെ നാം കഠിനമായി പോരാടേണ്ടതുണ്ട്.
സദുദ്ദേശ്യത്തോടെയുള്ള ഉപദേശങ്ങൾ പോലും ചിലപ്പോഴൊക്കെ നമ്മുടെ ആത്മത്യാഗ മനോഭാവത്തെ മന്ദീഭവിപ്പിച്ചേക്കാം. യേശുവിന്റെ ആത്മത്യാഗ മനോഭാവം എന്തിൽ കലാശിക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പത്രൊസ് പറഞ്ഞു: “കർത്താവേ, നിന്നോടുതന്നെ ദയാലുവായിരിക്ക.” (മത്തായി 16:22, NW) തന്റെ പിതാവിന്റെ പരമാധികാരത്തെയും മനുഷ്യവർഗത്തിന്റെ രക്ഷയെയും പ്രതി മരണം വരിക്കാനുള്ള യേശുവിന്റെ മനസ്സൊരുക്കം ഉൾക്കൊള്ളാൻ അവനു ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് അത്തരമൊരു ഗതിയിൽനിന്ന് യേശുവിനെ പിന്തിരിപ്പിക്കാൻ അവൻ ശ്രമിച്ചത്.
‘തന്നെത്താൻ ത്യജിക്കുക’
യേശുവിന്റെ പ്രതികരണം എന്തായിരുന്നു? വിവരണം പറയുന്നു: “അവനോ തിരിഞ്ഞുനോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നതു എന്നു പറഞ്ഞു.” യേശു പിന്നെ ജനക്കൂട്ടത്തെയും ശിഷ്യന്മാരെയും തന്റെ അടുക്കൽ കൂട്ടിവരുത്തിയിട്ടു പറഞ്ഞു: “ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ.”—മർക്കൊസ് 8:33, 34.
യേശുവിനെ ഉപദേശിച്ച് ഏതാണ്ട് 30 വർഷം കഴിഞ്ഞപ്പോഴേക്കും ആത്മത്യാഗത്തിന്റെ അർഥം തനിക്കു മനസ്സിലായെന്ന് പത്രൊസ് പ്രകടമാക്കി. ഒരു അനായാസ ഗതി സ്വീകരിക്കാനും തങ്ങളോടുതന്നെ ദയാലുവായിരിക്കാനുമല്ല അവൻ തന്റെ സഹവിശ്വാസികളെ പ്രോത്സാഹിപ്പിച്ചത്. പകരം, പ്രവർത്തനത്തിനായി തങ്ങളുടെ മനസ്സുകളെ സജ്ജമാക്കാനും മുൻ ലൗകിക മോഹങ്ങൾക്ക് അനുരൂപരാകുന്നതു നിറുത്താനും പത്രൊസ് അവരെ പ്രോത്സാഹിപ്പിച്ചു. പരിശോധനകൾക്കു മധ്യേയും അവർ ദൈവേഷ്ടത്തിനു പ്രഥമ സ്ഥാനം കൊടുക്കണമായിരുന്നു—1 പത്രൊസ് 1:6, 13, 14; 4:1, 2.
ഏവർക്കും പിന്തുടരാൻ സാധിക്കുന്ന ഏറ്റവും പ്രതിഫലദായകമായ ഗതി, വിശ്വസ്തതയോടെ യേശുവിനെ അനുകരിക്കുകയും നമ്മുടെ പ്രവർത്തനങ്ങളെ നയിക്കാൻ ദൈവത്തെ അനുവദിക്കുകയും ചെയ്തുകൊണ്ട് നമുക്കുള്ള എല്ലാറ്റിന്റെയും ഉടമസ്ഥത യഹോവയ്ക്കു നൽകുക എന്നതാണ്. ഇക്കാര്യത്തിൽ പൗലൊസ് ഒരു നല്ല മാതൃകവെച്ചു. അവന്റെ അടിയന്തിരതാ ബോധവും യഹോവയോടുള്ള കൃതജ്ഞതയും ദൈവേഷ്ടം ചെയ്യുന്നതിൽനിന്ന് അവനെ വ്യതിചലിപ്പിക്കാമായിരുന്ന ലൗകിക അഭിലാഷങ്ങളും ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കാനുള്ള സാധ്യതകളും ത്യജിക്കാൻ അവനെ പ്രേരിപ്പിച്ചു. മറ്റുള്ളവരെ സേവിക്കുന്നതിൽ ‘ഞാൻ അതിസന്തോഷത്തോടെ ചെലവിടുകയും ചെലവായ്പോകയും ചെയ്യും’ എന്ന് അവൻ പറയുകയുണ്ടായി. (2 കൊരിന്ത്യർ 12:15) സ്വന്ത താത്പര്യങ്ങളുടെയല്ല, ദിവ്യ താത്പര്യങ്ങളുടെ ഉന്നമനാർഥമാണ് പൗലൊസ് തന്റെ പ്രാപ്തികൾ ഉപയോഗിച്ചത്.—പ്രവൃത്തികൾ 20:24; ഫിലിപ്പിയർ 3:7, 8.
അപ്പൊസ്തലനായ പൗലൊസിന്റെ അതേ മനോഭാവം തന്നെയാണോ നമുക്കും ഉള്ളതെന്ന് എങ്ങനെ പരിശോധിക്കാൻ കഴിയും? പിൻവരുന്നവപോലുള്ള ചോദ്യങ്ങൾ നമുക്ക് നമ്മോടുതന്നെ ചോദിക്കാവുന്നതാണ്: ഞാൻ എന്റെ സമയവും ഊർജവും പ്രാപ്തികളും വിഭവങ്ങളും എങ്ങനെയാണ് ഉപയോഗിക്കുന്നത്? ഇവയും എനിക്കുള്ള മറ്റ് അമൂല്യമായ കഴിവുകളും സ്വന്തം നേട്ടങ്ങൾക്കുവേണ്ടിയാണോ അതോ മറ്റുള്ളവരെ സഹായിക്കാനാണോ ഞാൻ ഉപയോഗിക്കുന്നത്? സുവാർത്ത പ്രസംഗിക്കുകയെന്ന ജീവരക്ഷാകരമായ വേലയിൽ പൂർണമായി ഏർപ്പെടുന്നതിനെ കുറിച്ചോ സാധ്യമെങ്കിൽ ഒരു മുഴുസമയ ഘോഷകനായി സേവിക്കുന്നതിനെ കുറിച്ചോ ഞാൻ ചിന്തിച്ചിട്ടുണ്ടോ? രാജ്യഹാളുകളുടെ നിർമാണവും അറ്റകുറ്റപ്പണികളും പോലുള്ള പ്രവർത്തനങ്ങളിൽ കുറേക്കൂടെ പൂർണമായി ഏർപ്പെടാൻ എനിക്കു കഴിയുമോ? മറ്റുള്ളവരെ സഹായിക്കാൻ ലഭിക്കുന്ന അവസരങ്ങൾ ഞാൻ ഉപയോഗിക്കാറുണ്ടോ? എനിക്കുള്ള ഏറ്റവും നല്ലത് ഞാൻ യഹോവയ്ക്കു നൽകുന്നുണ്ടോ?—സദൃശവാക്യങ്ങൾ 3:9.
‘കൊടുക്കുന്നതിലാണ് കൂടുതൽ സന്തോഷം’
ആത്മത്യാഗികളായിരിക്കുന്നത് വാസ്തവത്തിൽ ബുദ്ധിയാണോ? തീർച്ചയായും! അത്തരം മനോഭാവം സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തുമെന്ന് സ്വന്തം അനുഭവം അപ്പൊസ്തലനായ പൗലൊസിനെ പഠിപ്പിച്ചിരുന്നു. അത് അവന് വളരെയധികം സന്തോഷവും ആത്മസംതൃപ്തിയും നൽകി. എഫെസൊസിൽനിന്നുള്ള പ്രായമേറിയ പുരുഷന്മാരെ മിലേത്തൊസിൽവെച്ചു കണ്ടുമുട്ടിയപ്പോൾ അവൻ അവരോട് അതേക്കുറിച്ച് ഇങ്ങനെ വിശദീകരിച്ചു: “ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം [“സന്തോഷം,” NW] എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.” (പ്രവൃത്തികൾ 20:35) ഇത്തരം ആത്മാവ് പ്രകടമാക്കുന്നത് ഇപ്പോൾത്തന്നെ വലിയ സന്തുഷ്ടി കൈവരുത്തുന്നതായി ദശലക്ഷക്കണക്കിനാളുകൾ തിരിച്ചറിഞ്ഞിരിക്കുന്നു. ദൈവത്തിന്റെ താത്പര്യങ്ങളെയും അതുപോലെതന്നെ മറ്റുള്ളവരുടെ താത്പര്യങ്ങളെയും സ്വന്തം താത്പര്യങ്ങളെക്കാൾ ഉപരിയായി കാണുന്നവർക്ക് ദൈവം പ്രതിഫലമേകുമ്പോൾ ഭാവിയിലും സന്തോഷം കൈവരും.—1 തിമൊഥെയൊസ് 4:8-10.
രാജ്യഹാൾ നിർമാണത്തിൽ മറ്റുള്ളവരെ സഹായിക്കാൻ കഠിനശ്രമം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ബില്ലിനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: “ചെറിയ സഭകളെ ഈ വിധത്തിൽ സഹായിക്കുന്നത് വലിയ ആത്മസംതൃപ്തി നൽകുന്നു. മറ്റുള്ളവരുടെ പ്രയോജനത്തിനായി എന്റെ വൈദഗ്ധ്യങ്ങളും അനുഭവസമ്പത്തും ഉപയോഗിക്കുന്നത് ഞാൻ ആസ്വദിക്കുന്നു.” തിരുവെഴുത്തു സത്യം മനസ്സിലാക്കുന്നതിന് മറ്റുള്ളവരെ സഹായിക്കാനായി തന്റെ ഊർജവും പ്രാപ്തികളും ഉപയോഗിക്കാൻ ഇമ തീരുമാനിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? “മറ്റെന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് ആലോചിക്കാനേ വയ്യ. ഈ ചെറുപ്പകാലത്ത് യഹോവയെ പ്രസാദിപ്പിക്കാനും മറ്റുള്ളവരെ സഹായിക്കാനുമായി എന്റെ പരമാവധി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചില ഭൗതിക നേട്ടങ്ങൾ ത്യജിക്കുക എന്നത് അത്ര വലിയ കാര്യമൊന്നുമല്ല. യഹോവ എനിക്കുവേണ്ടി ചെയ്തിരിക്കുന്നതിന്റെ വീക്ഷണത്തിൽ, ഞാൻ ചെയ്യേണ്ടതേ ചെയ്യുന്നുള്ളൂ.”
കുടുംബത്തെ പോറ്റിപ്പുലർത്തുന്നതിനായി വർഷങ്ങളോളം കഠിനാധ്വാനം ചെയ്തിട്ട് ഇപ്പോഴും ഒരു വിശ്രമജീവിതം നയിക്കാത്തതിന്റെ പേരിൽ മൗറിസിനും ബെറ്റിക്കും യാതൊരു പരാതിയുമില്ല. ജോലിയിൽനിന്നു വിരമിച്ച അവർ, ഉപകാരപ്രദവും അർഥവത്തുമായ കാര്യങ്ങൾ തുടർന്നും ചെയ്യാൻ ആഗ്രഹിക്കുന്നു. “വെറുതെ ഇരുന്ന് ഒരു വിശ്രമജീവിതം നയിക്കാനൊന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” അവർ പറയുന്നു. “യഹോവയെക്കുറിച്ച് പഠിക്കാൻ ഒരു വിദേശ രാജ്യത്തുള്ളവരെ സഹായിക്കുന്നത് ഉദ്ദേശ്യപൂർണമായ ഒരു വേല ചെയ്തുകൊണ്ടിരിക്കാനുള്ള അവസരം ഞങ്ങൾക്കു നൽകിയിരിക്കുന്നു.”
ആത്മത്യാഗ മനോഭാവം ഉള്ളവരായിരിക്കാനാണോ നിങ്ങളുടെ തീരുമാനം? അത് അത്ര എളുപ്പമായിരിക്കില്ല. അപൂർണ മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ അഭിലാഷവും ദൈവത്തെ പ്രസാദിപ്പിക്കാനുള്ള നമ്മുടെ ആഗ്രഹങ്ങളും തമ്മിൽ നിരന്തരമായ ഒരു പോരാട്ടമുണ്ട്. (റോമർ 7:21-23) എങ്കിലും, നമ്മുടെ ജീവിതത്തെ നയിക്കാൻ നാം യഹോവയെ അനുവദിക്കുന്നെങ്കിൽ, ഈ പോരാട്ടത്തിൽ നമ്മുടെ വിജയം സുനിശ്ചിതമാണ്. (ഗലാത്യർ 5:16, 17) യഹോവയുടെ സേവനത്തിലെ നമ്മുടെ ആത്മത്യാഗപരമായ പ്രവർത്തനത്തെ അവൻ തീർച്ചയായും ഓർക്കുകയും നമ്മെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യും. യഥാർഥത്തിൽ യഹോവയാം ദൈവം ‘ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നമ്മുടെമേൽ അനുഗ്രഹം പകരും.’—മലാഖി 3:10; എബ്രായർ 6:10.
[23-ാം പേജിലെ ചിത്രം]
യേശുവിന് ആത്മത്യാഗ മനോഭാവം ഉണ്ടായിരുന്നു. നിങ്ങൾക്കോ?
[24-ാം പേജിലെ ചിത്രങ്ങൾ]
പൗലൊസ് തന്റെ ശ്രമങ്ങളെ രാജ്യപ്രസംഗ വേലയിൽ കേന്ദ്രീകരിച്ചു