നിക്കോദേമൊസിൽനിന്ന് ഒരു ഗുണപാഠം
“ആരെങ്കിലും എന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നെങ്കിൽ, അവൻ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ ദണ്ഡനസ്തംഭം എടുത്ത് എന്നെ തുടർച്ചയായി അനുഗമിക്കട്ടെ.” (ലൂക്കൊസ് 9:23, NW) എളിയവരായ ചില മീൻപിടിത്തക്കാരും നിന്ദ്യനായ ഒരു ചുങ്കക്കാരനും ആ ക്ഷണം സത്വരം സ്വീകരിച്ചു. സർവവും ഉപേക്ഷിച്ച് അവർ യേശുവിനെ അനുഗമിച്ചു.—മത്തായി 4:18-22; ലൂക്കൊസ് 5:27, 28.
യേശുവിന്റെ ആ ക്ഷണം ഇന്നും കേൾക്കാൻ കഴിയും. പലരും അതിനോട് അനുകൂലമായി പ്രതികരിച്ചിരിക്കുന്നു. എന്നാൽ, യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ സന്തോഷമുള്ള ചിലർ ‘തങ്ങളെത്തന്നെ പരിത്യജിച്ച് തങ്ങളുടെ ദണ്ഡനസ്തംഭം എടുക്കാൻ’ മടി കാണിക്കുന്നു. യേശുവിന്റെ ശിഷ്യന്മാർ ആയിരിക്കുന്നതിലെ പദവിയും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാൻ അവർ വൈമുഖ്യമുള്ളവരാണ്.
യേശുവിന്റെ ക്ഷണം സ്വീകരിച്ച് യഹോവയാം ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിക്കുന്നതിൽനിന്നു ചിലർ പിന്മാറിനിൽക്കുന്നത് എന്തുകൊണ്ടാണ്? യഹൂദ-ക്രിസ്തീയ ഏകദൈവവിശ്വാസത്തിൽ വളർന്നുവന്നിട്ടില്ലാത്തവർക്ക് വ്യക്തിഗുണങ്ങളോടു കൂടിയ സർവശക്തനായ ഒരു സ്രഷ്ടാവിന്റെ അസ്തിത്വം പൂർണമായി ഉൾക്കൊള്ളാൻ കുറെയേറെ സമയം വേണ്ടിവന്നേക്കാം എന്നതു ശരിതന്നെ. എന്നാൽ, അങ്ങനെയൊരു ദൈവം ഉണ്ടെന്നു ബോധ്യമായ ശേഷവും ചിലർ യേശുവിന്റെ കാലടികൾ പിന്തുടരുന്നതിൽനിന്നു വിട്ടുനിൽക്കുന്നു. തങ്ങൾ യഹോവയുടെ സാക്ഷികൾ ആയിത്തീർന്നാൽ ബന്ധുമിത്രാദികൾ തങ്ങളെ കുറിച്ച് എന്തു വിചാരിക്കും എന്നാണ് അവരുടെ പേടി. മറ്റു ചിലരാകട്ടെ, നാം ജീവിക്കുന്ന കാലത്തിന്റെ അടിയന്തിരത വിസ്മരിച്ചുകൊണ്ട് പണത്തിന്റെയും പ്രശസ്തിയുടെയും പിന്നാലെ പായുന്നു. (മത്തായി 24:36-42; 1 തിമൊഥെയൊസ് 6:9, 10) കാരണം എന്തായിരുന്നാലും യേശുവിന്റെ അനുഗാമികൾ ആയിത്തീരാനുള്ള തീരുമാനം നീട്ടിക്കൊണ്ടു പോകുന്നവർക്ക്, അവന്റെ നാളിൽ ജീവിച്ചിരുന്ന നിക്കോദേമൊസ് എന്ന ധനികനായ യഹൂദ ഭരണാധികാരിയിൽനിന്ന് ഒരു ഗുണപാഠം പഠിക്കാനുണ്ട്.
സുവർണാവസരങ്ങൾ ലഭിച്ച ഒരു മനുഷ്യൻ
യേശു ഭൗമിക ശുശ്രൂഷ ആരംഭിച്ച് ഏതാണ്ട് ആറു മാസം കഴിഞ്ഞപ്പോഴേ, “ദൈവത്തിന്റെ അടുക്കൽനിന്നു ഉപദേഷ്ടാവായി വന്ന”വനാണ് അവൻ എന്ന് നിക്കോദേമൊസ് തിരിച്ചറിയുന്നു. പൊ.യു. 30-ലെ പെന്തെക്കൊസ്തിൽ യേശു യെരൂശലേമിൽ പ്രവർത്തിച്ച അത്ഭുതങ്ങളിൽ മതിപ്പു തോന്നിയ നിക്കോദേമൊസ്, യേശുവിലുള്ള തന്റെ വിശ്വാസം ഏറ്റുപറയാനും അവനെ കുറിച്ചു കൂടുതൽ അറിയാനും വേണ്ടി ഇരുട്ടിന്റെ മറവിൽ അവന്റെ അടുക്കൽ വരുന്നു. ഈ അവസരത്തിൽ യേശു അവനു ഗഹനമായ ഒരു സത്യം വെളിപ്പെടുത്തുന്നു, ദൈവരാജ്യത്തിൽ പ്രവേശിക്കാൻ “പുതുതായി ജനി”ക്കേണ്ടതിന്റെ ആവശ്യത്തെയാണ് യേശു അതിലൂടെ ചൂണ്ടിക്കാട്ടുന്നത്. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” എന്നും തദവസരത്തിൽ യേശു പറയുന്നു.—യോഹന്നാൻ 3:1-16.
എത്ര മഹത്തായ പദവിയാണ് നിക്കോദേമൊസിന്റെ മുന്നിലുള്ളത്! അവന് യേശുവിന്റെ അടുത്ത സഹകാരിയായിത്തീരാം, യേശുവിന്റെ ഭൗമികജീവിതത്തിന്റെ വിവിധ വശങ്ങൾക്കു നേരിട്ടു സാക്ഷ്യം വഹിക്കാം. യഹൂദ ഭരണാധികാരിയും ഇസ്രായേലിലെ ഒരു പ്രബോധകനുമായ നിക്കോദേമൊസിന് ദൈവവചനത്തിൽ നല്ല പാണ്ഡിത്യമുണ്ട്. യേശു ദൈവത്താൽ അയയ്ക്കപ്പെട്ട ഉപദേഷ്ടാവ് ആണെന്ന് തിരിച്ചറിഞ്ഞതിൽനിന്ന് അവന് അപാരമായ ഉൾക്കാഴ്ച ഉള്ളതായും തെളിയുന്നു. ആത്മീയ കാര്യങ്ങളിൽ തത്പരനും അങ്ങേയറ്റം താഴ്മയുള്ളവനുമായ ഒരു വ്യക്തിയാണ് നിക്കോദേമൊസ്. ഒരു എളിയ മരപ്പണിക്കാരന്റെ മകനെ ദൈവത്താൽ അയയ്ക്കപ്പെട്ട വ്യക്തിയായി കാണുന്നത് യഹൂദന്മാരുടെ പരമോന്നത ന്യായാധിപസഭയിലെ ഒരംഗത്തെ സംബന്ധിച്ചിടത്തോളം എത്ര ബുദ്ധിമുട്ടായിരിക്കണം! മേൽപ്പറഞ്ഞ ഈ ഗുണങ്ങളെല്ലാം യേശുവിന്റെ ശിഷ്യനായിത്തീരാൻ അനുപേക്ഷണീയമാണ്.
നസറായനായ ഈ മനുഷ്യനിലുള്ള നിക്കോദേമൊസിന്റെ താത്പര്യം കുറഞ്ഞുപോകാത്തതായി കാണപ്പെടുന്നു. രണ്ടര വർഷത്തിനു ശേഷം, കൂടാരപ്പെരുന്നാളിന്റെ അന്ന്, നിക്കോദേമൊസ് സൻഹെദ്രിമിലെ ഒരു യോഗത്തിൽ പങ്കെടുക്കുന്നു. ഈ സമയത്തും നിക്കോദേമൊസ് “അവരിൽ ഒരുത്ത”നാണ്. മഹാപുരോഹിതന്മാരും പരീശന്മാരും യേശുവിനെ പിടികൂടാൻ ചേവകരെ അയയ്ക്കുന്നു. ചേവകർ തിരിച്ചുവന്ന് ഇപ്രകാരം ബോധിപ്പിക്കുന്നു: “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല.” പരീശന്മാർ അവരെ തുച്ഛീകരിച്ചുകൊണ്ട് പറയുന്നു: “നിങ്ങളും തെററിപ്പോയോ? പ്രമാണികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ? ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു.” നിക്കോദേമൊസിന് മൗനം പാലിക്കാൻ കഴിയുന്നില്ല. “ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു, അവൻ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ”? എന്ന് അവൻ ചോദിക്കുന്നു. തുടർന്ന് അവൻ മറ്റു പരീശന്മാരുടെ വിമർശനത്തിനു പാത്രമാകുന്നു: “നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയിൽനിന്നു പ്രവാചകൻ എഴുന്നേല്ക്കുന്നില്ലല്ലോ.”—യോഹന്നാൻ 7:1, 10, 32, 45-52.
ഏതാണ്ട് ആറു മാസത്തിനു ശേഷം, പൊ.യു. 33-ലെ പെസഹാ ദിവസം യേശുവിന്റെ ശരീരം ദണ്ഡനസ്തംഭത്തിൽനിന്ന് ഇറക്കുന്നത് നിക്കോദേമൊസ് കാണുന്നു. സൻഹെദ്രിമിലെ മറ്റൊരു അംഗമായ യോസേഫ് എന്ന അരിമഥ്യക്കാരനോടൊപ്പം നിക്കോദേമൊസ് യേശുവിന്റെ ശരീരം അടക്കം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു. നിക്കോദേമൊസ് 100 റാത്തൽ—33 കിലോ—“മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു” കൊണ്ടുവരുന്നു. ഇതിന് നല്ലൊരു തുക ആയിട്ടുണ്ട്. അവന്റെ സഹപരീശന്മാർ “ചതിയൻ” എന്നു മുദ്രകുത്തിയ യേശുവിന്റെ കൂട്ടാളികളിൽ ഒരാളായി സ്വയം തിരിച്ചറിയിക്കാൻ അവനു ധൈര്യം ആവശ്യമായിരുന്നു. യേശുവിന്റെ ശരീരം അടക്കം ചെയ്യാൻ വേണ്ട തയ്യാറെടുപ്പുകൾ വേഗത്തിൽ നടത്തിയശേഷം അവർ ഇരുവരും അത് അടുത്തുള്ള ഒരു പുതിയ സ്മാരകക്കല്ലറയിൽ കൊണ്ടുപോയി വെക്കുന്നു. എന്നാൽ ഇപ്പോഴും നിക്കോദേമൊസ് യേശുവിന്റെ ഒരു ശിഷ്യനായി തിരിച്ചറിയപ്പെടുന്നില്ല!—യോഹന്നാൻ 19:38-42; മത്തായി 27:63; മർക്കൊസ് 15:43.
അവൻ പടികൾ സ്വീകരിക്കാഞ്ഞതിന്റെ കാരണം
‘തന്റെ ദണ്ഡനസ്തംഭം എടുത്ത്’ യേശുവിനെ അനുഗമിക്കുന്നതിൽനിന്നു നിക്കോദേമൊസ് പിന്മാറിനിന്നത് എന്തുകൊണ്ടെന്ന് യോഹന്നാൻ തന്റെ വിവരണത്തിൽ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഈ പരീശന് തീരുമാനം എടുക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ചില സൂചനകൾ യോഹന്നാൻ നൽകിയിരിക്കുന്നു.
ആദ്യമായി, ഈ യഹൂദ ഭരണാധികാരി ‘രാത്രിയിൽ [യേശുവിന്റെ] അടുക്കൽ’ ചെന്നതായി യോഹന്നാൻ ചൂണ്ടിക്കാട്ടുന്നു. (യോഹന്നാൻ 3:2) ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “നിക്കോദേമൊസ് രാത്രിയിൽ ചെന്നത് ഭയം നിമിത്തമായിരുന്നില്ല, പിന്നെയോ യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്കു തടസ്സം സൃഷ്ടിച്ചേക്കാവുന്ന ജനങ്ങളെ ഒഴിവാക്കാൻ ആയിരുന്നു.” എന്നാൽ, “യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന”വൻ എന്ന് അരിമഥ്യയിലെ യോസേഫിനെ വിശേഷിപ്പിക്കുന്ന അതേ സന്ദർഭത്തിൽതന്നെയാണ് യോഹന്നാൻ നിക്കോദേമൊസിനെ “ആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന”വൻ എന്നു വിശേഷിപ്പിക്കുന്നത്. (യോഹന്നാൻ 19:38, 39) അതുകൊണ്ട്, യേശുവുമായി ബന്ധം പുലർത്തുന്നതിൽ പേടിച്ചിരുന്ന മറ്റു പല സമകാലികരെയും പോലെ, നിക്കോദേമൊസും “യെഹൂദന്മാരെ പേടിച്ചി”രുന്നിരിക്കണം. സാധ്യതയുനുസരിച്ച് അതുകൊണ്ടാണ് അവൻ യേശുവിനെ കാണാൻ രാത്രിയുടെ മറവിൽ ചെന്നത്.—യോഹന്നാൻ 7:13.
യേശുവിന്റെ ശിഷ്യരിൽ ഒരാളായിത്തീരാനുള്ള തീരുമാനം നിങ്ങൾ മാറ്റിവെച്ചിരിക്കുന്നത് ബന്ധുമിത്രാദികളോ സഹപ്രവർത്തകരോ എന്തു പറയുമെന്ന ഭയം നിമിത്തമാണോ? ‘മാനുഷഭയം ഒരു കെണി ആകുന്നു’ എന്ന് ഒരു സദൃശവാക്യം പറയുന്നു. നിങ്ങൾക്ക് എങ്ങനെ ഈ ഭയത്തെ തരണം ചെയ്യാം? സദൃശവാക്യം തുടർന്നു പറയുന്നു: “യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.” (സദൃശവാക്യങ്ങൾ 29:25) യഹോവയിൽ അത്തരമൊരു ആശ്രയം നട്ടുവളർത്തണമെങ്കിൽ, കടുത്ത അരിഷ്ടതയിൽ ആയിരിക്കുമ്പോൾ ദൈവം നിങ്ങളെ പുലർത്തുമെന്ന വസ്തുത നിങ്ങൾ സ്വയം അനുഭവിച്ചറിയണം. യഹോവയോടു പ്രാർഥിക്കുക, ആരാധന സംബന്ധിച്ച് നിങ്ങളെടുക്കേണ്ട നിസ്സാര തീരുമാനങ്ങളിൽ പോലും ധൈര്യത്തിനായി അവനോട് അപേക്ഷിക്കുക. ക്രമേണ, ദൈവഹിതത്തിനു ചേർച്ചയിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന ഘട്ടത്തോളം യഹോവയിലുള്ള നിങ്ങളുടെ വിശ്വാസവും ആശ്രയവും വളർന്നുവരും.
ഇനി, ഭരണവർഗത്തിലെ ഒരംഗമെന്ന നിലയിലുള്ള നിലയും വിലയും ‘തന്നെത്തന്നെ പരിത്യജിക്കുക’ എന്ന സുപ്രധാന പടി സ്വീകരിക്കുന്നതിൽനിന്ന് നിക്കോദേമൊസിനെ തടഞ്ഞ ഒരു സംഗതി ആയിരുന്നിരിക്കാം. ഒപ്പം, സൻഹെദ്രിമിലെ ഒരംഗമെന്ന നിലയിലുള്ള തന്റെ പദവിയോട് അവന് അപ്പോഴും ശക്തമായ അഭിനിവേശവും ഉണ്ടായിരുന്നിരിക്കാം. സമൂഹത്തിലെ നിലയും വിലയും നഷ്ടമാകുമെന്നോ ഉയർച്ചയ്ക്കു സഹായിക്കുന്ന ചില കാര്യങ്ങൾ ബലികഴിക്കേണ്ടി വരുമെന്നോ ഉള്ള ഭയം നിമിത്തമാണോ നിങ്ങൾ ക്രിസ്തുവിന്റെ ഒരു അനുഗാമി ആയിത്തീരുന്നതിനുള്ള പടികൾ സ്വീകരിക്കാൻ മടിക്കുന്നത്? തന്റെ ഹിതത്തിനു ചേർച്ചയിലുള്ള നിങ്ങളുടെ ഏത് അപേക്ഷയും തൃപ്തിപ്പെടുത്താൻ സന്നദ്ധനായ പ്രപഞ്ചത്തിലെ അത്യുന്നതനെ സേവിക്കാൻ ലഭിക്കുന്ന പദവിയോടുള്ള താരതമ്യത്തിൽ ഇവയൊന്നും ഏതുമല്ല.—സങ്കീർത്തനം 10:18; 83:18; 145:18.
നിക്കോദേമൊസ് തന്റെ തീരുമാനം നീട്ടിക്കൊണ്ടു പോകാനുള്ള മറ്റൊരു കാരണം അവന്റെ സമ്പത്തായിരിക്കാം. പരീശനെന്ന നിലയിൽ “ദ്രവ്യാഗ്രഹികളായ” മറ്റുള്ളവർ അവനെ സ്വാധീനിച്ചിരിക്കാം. (ലൂക്കൊസ് 16:14) വളരെ വിലയുള്ള മൂറും അകിലും കൊണ്ടുള്ള കൂട്ട് കൊണ്ടുവരാൻ അവനു സാധിച്ചതുതന്നെ അവൻ സമ്പന്നനായിരുന്നു എന്നതിന്റെ തെളിവാണ്. ഒരു ക്രിസ്ത്യാനിയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള തീരുമാനം ചിലർ ഇന്നു നീട്ടിക്കൊണ്ടുപോകുന്നത് തങ്ങളുടെ ഭൗതിക വസ്തുവകകളെ കുറിച്ചുള്ള ഉത്കണ്ഠ നിമിത്തമാണ്. എന്നാൽ യേശു തന്റെ അനുഗാമികൾക്ക് ഈ ബുദ്ധിയുപദേശം നൽകി: “എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; . . . സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”—മത്തായി 6:25-33.
അവനു നഷ്ടപ്പെടാൻ പലതുമുണ്ടായിരുന്നു
നിക്കോദേമൊസിനെ കുറിച്ചു പ്രതിപാദിച്ചിരിക്കുന്നത് യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ്. അവൻ പിന്നീട് യേശുവിന്റെ അനുഗാമി ആയിത്തീർന്നോ ഇല്ലയോ എന്ന് അതിൽ പറഞ്ഞിട്ടില്ല. നിക്കോദേമൊസ് പിന്നീട് യേശുവിന്റെ പക്ഷത്തു നിലയുറപ്പിക്കുകയും സ്നാപനമേൽക്കുകയും തുടർന്ന് അവൻ യഹൂദരുടെ പീഡനത്തിന് ഇരയാകുകയും സ്ഥാനഭൃഷ്ടനാക്കപ്പെട്ട് ഒടുവിൽ യെരൂശലേമിൽനിന്നു നാടുകടത്തപ്പെടുകയും ചെയ്തെന്നു ചിലർ വിശ്വസിക്കുന്നു. എന്തായാലും, ഒരു കാര്യം തീർച്ചയാണ്: യേശു ഭൂമിയിലായിരുന്ന സമയത്ത് തന്റെ തീരുമാനം നീട്ടിക്കൊണ്ടുപോയതുവഴി നിക്കോദേമൊസിനു പലതും നഷ്ടമായി.
യേശുവുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയിൽത്തന്നെ നിക്കോദേമൊസ് യേശുവിനെ അനുഗമിക്കാൻ തുടങ്ങിയിരുന്നെങ്കിൽ അവനു കർത്താവിന്റെ ഒരടുത്ത ശിഷ്യനായിത്തീരാൻ കഴിയുമായിരുന്നു. ജ്ഞാനവും ഉൾക്കാഴ്ചയും താഴ്മയും ആത്മീയാവശ്യങ്ങളെ കുറിച്ചുള്ള അവബോധവും ഉള്ള ഒരു വ്യക്തിയെന്ന നിലയിൽ അവന് ഏറെ ശ്രദ്ധേയനായ ഒരു ശിഷ്യനായിരിക്കാനും കഴിയുമായിരുന്നു. മഹാ ഗുരുവായ യേശുവിന്റെ വിസ്മയാവഹമായ പ്രസംഗങ്ങൾ ശ്രവിക്കാനും അവന്റെ ദൃഷ്ടാന്തങ്ങളിൽനിന്നു സുപ്രധാന പാഠങ്ങൾ ഉൾക്കൊള്ളാനും അവൻ പ്രവർത്തിച്ച അത്ഭുതങ്ങൾക്കു ദൃക്സാക്ഷിയാകാനും തന്റെ അപ്പൊസ്തലന്മാർക്ക് അവൻ നൽകിയ വിടവാങ്ങൽ ബുദ്ധിയുപദേശത്തിൽനിന്നു ശക്തി ആർജിക്കാനുമൊക്കെയുള്ള അവസരങ്ങൾ അവനു ലഭിക്കുമായിരുന്നു. എന്നാൽ അതെല്ലാം അവനു നഷ്ടമായി.
അതേ, നിക്കോദേമൊസിന്റെ തീരുമാനശേഷിയില്ലായ്മ അവനു കനത്ത നഷ്ടം വരുത്തിവെച്ചു. ആ നഷ്ടത്തിൽ ഒന്നായിരുന്നു യേശുവിന്റെ ഈ ഊഷ്ളമായ ക്ഷണം: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.” (മത്തായി 11:28-30) യേശുവിൽനിന്ന് നേരിട്ട് ഈ ആശ്വാസം അനുഭവിച്ചറിയാനുള്ള അവസരം അവനു നഷ്ടമായി!
നിങ്ങളുടെ കാര്യമോ?
യേശുക്രിസ്തു 1914 മുതൽ ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ രാജാവായി സ്വർഗത്തിൽ സന്നിഹിതനാണ്. അവന്റെ സാന്നിധ്യ കാലത്ത് നടക്കാനിരിക്കുന്ന കാര്യങ്ങളിൽ ഒന്നിനെ കുറിച്ച് അവൻ ഇപ്രകാരം പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) അന്ത്യം വരുന്നതിനു മുമ്പ്, ആ ലോകവ്യാപക പ്രസംഗവേല നിർവഹിക്കപ്പെടണം. അതിൽ അപൂർണ മനുഷ്യർ പങ്കുപറ്റുന്നത് യേശുവിനു സന്തോഷം കൈവരുത്തുന്നു. നിങ്ങൾക്കും ഈ വേലയിൽ പങ്കു ചേരാനാവും.
യേശു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനാണെന്ന് നിക്കോദേമൊസ് തിരിച്ചറിഞ്ഞു. (യോഹന്നാൻ 3:2) ബൈബിൾ പഠിക്കുകവഴി നിങ്ങളും സമാനമായ നിഗമനത്തിൽ എത്തിയിട്ടുണ്ടാകാം. ബൈബിൾ നിലവാരങ്ങളോട് അനുരൂപപ്പെടാൻ തക്കവണ്ണം നിങ്ങൾ ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകാം. ബൈബിളിനെ കുറിച്ചു കൂടുതൽ പരിജ്ഞാനം സമ്പാദിക്കാൻ നിങ്ങൾ യഹോവയുടെ സാക്ഷികളുടെ യോഗത്തിൽ സംബന്ധിക്കുകപോലും ചെയ്യുന്നുണ്ടാകാം. നിങ്ങളുടെ ആ ശ്രമങ്ങളെല്ലാം അഭിനന്ദനാർഹമാണ്. എന്നാൽ, ദൈവം അയച്ച യേശുവിനോടു വിലമതിപ്പു കാണിക്കുന്നതിലധികം നിക്കോദേമൊസ് ചെയ്യേണ്ടിയിരുന്നു. അവൻ “തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ ദണ്ഡനസ്തംഭം എടുത്ത് [യേശുവിനെ] തുടർച്ചയായി അനുഗമി”ക്കേണ്ടിയിരുന്നു.—ലൂക്കൊസ് 9:23, NW.
അപ്പൊസ്തലനായ പൗലൊസിന്റെ ഈ പ്രോത്സാഹനം ഗൗരവപൂർവം എടുക്കുക: ‘നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുതു എന്നു ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു. “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.’—2 കൊരിന്ത്യർ 6:1, 2.
നിങ്ങളെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്ന വിശ്വാസം വളർത്തിയെടുക്കേണ്ട സമയം ഇതാണ്. അതിനായി, ബൈബിളിൽനിന്നു നിങ്ങൾ പഠിക്കുന്ന കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുക. യഹോവയോടു പ്രാർഥിക്കുകയും അത്തരം വിശ്വാസം പ്രകടമാക്കാനുള്ള സഹായത്തിനായി അപേക്ഷിക്കുകയും ചെയ്യുക. അവന്റെ സഹായം അനുഭവിച്ചറിയവേ, അവനോടുള്ള നിങ്ങളുടെ കൃതജ്ഞതയും സ്നേഹവും ‘തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ ദണ്ഡനസ്തംഭം എടുത്ത് യേശുക്രിസ്തുവിനെ തുടർച്ചയായി അനുഗമിക്കാൻ’ നിങ്ങളെ പ്രേരിപ്പിക്കും. നിങ്ങൾ സത്വരം നടപടിയെടുക്കുമോ?
[9-ാം പേജിലെ ചിത്രം]
ആദ്യം, നിക്കോദേമൊസ് യേശുവിനായി ധീരമായ നിലപാടു സ്വീകരിച്ചു
[9-ാം പേജിലെ ചിത്രം]
എതിർപ്പു വകവെക്കാതെ, നിക്കോദേമൊസ് യേശുവിന്റെ ശരീരം അടക്കം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളിൽ സഹായിച്ചു
[10-ാം പേജിലെ ചിത്രം]
വ്യക്തിപരമായ പഠനവും പ്രാർഥനയും ആവശ്യമായ പടികൾ സ്വീകരിക്കാൻ നിങ്ങൾക്കു ശക്തി പകരും
[10-ാം പേജിലെ ചിത്രം]
യേശുക്രിസ്തുവിന്റെ നേതൃത്വത്തിൻ കീഴിൽ പ്രവർത്തിക്കുകയെന്ന പദവി നിങ്ങൾ സ്വീകരിക്കുമോ?