തിന്മ വിജയം നേടിയിരിക്കുന്നുവോ?
പ്രപഞ്ചത്തിൽ നന്മയുടെയും തിന്മയുടെയും ശക്തികൾ തമ്മിൽ പോരാട്ടം നടക്കുന്നുണ്ടെന്ന ആശയം, അനേകം അഭ്യൂഹങ്ങൾക്കു രൂപംകൊടുക്കാൻ ചരിത്രത്തിൽ ഉടനീളമുള്ള എഴുത്തുകാരെയും തത്ത്വചിന്തകരെയും പ്രേരിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും, ദൈവവും പിശാചും തമ്മിലുള്ള പോരാട്ടം സംബന്ധിച്ച വ്യക്തവും കൃത്യവുമായ വിവരണം ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥമുണ്ട്—ബൈബിൾ. ഈ പോരാട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന വിവാദവിഷയങ്ങളിന്മേൽ വെളിച്ചം വീശുകയും യഥാർഥത്തിൽ വിജയിച്ചിരിക്കുന്നത് ആരാണെന്നു മനസ്സിലാക്കാനുള്ള മാർഗങ്ങൾ കാണിച്ചുതരികയും ചെയ്യുന്നു.
ആദ്യ മനുഷ്യനും സ്ത്രീയും സൃഷ്ടിക്കപ്പെട്ട് അധികനാൾ കഴിയുന്നതിനുമുമ്പ് ഒരു അദൃശ്യ ആത്മജീവി—പിശാചായ സാത്താൻ—ദൈവത്തിന്റെ ഭരണാധിപത്യത്തെ വെല്ലുവിളിച്ചു. എങ്ങനെ? ദൈവം തന്റെ സൃഷ്ടികളിൽനിന്നു നല്ല കാര്യങ്ങൾ പിടിച്ചുവെച്ചിരിക്കുന്നെന്നും അവനിൽനിന്ന് സ്വതന്ത്രമായാൽ മനുഷ്യജീവിതം മെച്ചമാകുമെന്നും കൗശലപൂർവം സൂചിപ്പിച്ചുകൊണ്ട്.—ഉല്പത്തി 3:1-5; വെളിപ്പാടു 12:9.
പിന്നീട് ഗോത്രപിതാവായ ഇയ്യോബിന്റെ നാളുകളിൽ സാത്താൻ മറ്റൊരു വിവാദവിഷയം ഉന്നയിച്ചു. ദൈവത്തോടുള്ള ഇയ്യോബിന്റെ ദൃഢവിശ്വസ്തതയെ തകർക്കാൻ ഉദ്ദേശിച്ചുകൊണ്ട് അവൻ പറഞ്ഞു: “ത്വക്കിന്നു പകരം ത്വക്ക്; മനുഷ്യൻ തനിക്കുള്ളതൊക്കയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.” (ഇയ്യോബ് 2:4) ആ അവകാശവാദം എത്രത്തോളം വ്യാപ്തിയുള്ളതായിരുന്നു! ഇയ്യോബ് എന്ന പേരിനു പകരം “മനുഷ്യൻ” എന്ന പൊതുവായ ഒരു പദം ഉപയോഗിച്ചുകൊണ്ട് സാത്താൻ ഓരോ മനുഷ്യന്റെയും വിശ്വസ്തതയെ വെല്ലുവിളിച്ചു. ഫലത്തിൽ അവൻ ഇങ്ങനെ തറപ്പിച്ചുപറയുകയായിരുന്നു: “സ്വന്തം ജീവനെ രക്ഷിക്കാനായി മനുഷ്യൻ എന്തും ചെയ്യും. എനിക്കൊരു അവസരം തരിക, ഏതു മനുഷ്യനെയും ഞാൻ ദൈവത്തിൽനിന്ന് അകറ്റാം.”
പിൻവരുന്ന രണ്ടു ചോദ്യങ്ങളുടെ ഉത്തരം ദൈവവും പിശാചും തമ്മിലുള്ള പോരാട്ടത്തിൽ വിജയം ആർക്കാണെന്നു വ്യക്തമാക്കും: വിജയകരമായി തങ്ങളെത്തന്നെ ഭരിക്കാൻ മനുഷ്യർ പ്രാപ്തരാണോ? സത്യദൈവത്തിൽനിന്ന് എല്ലാവരെയും അകറ്റാൻ പിശാചിനു കഴിഞ്ഞിട്ടുണ്ടോ?
മനുഷ്യർക്കു തങ്ങളെത്തന്നെ വിജയകരമായി ഭരിക്കാൻ കഴിയുമോ?
ആയിരക്കണക്കിനു വർഷങ്ങളായി, വ്യത്യസ്ത തരം ഭരണരീതികൾ മനുഷ്യൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. രാജവാഴ്ച, പ്രഭുഭരണം, ജനാധിപത്യം, ഏകാധിപത്യം, ഫാസിസം, കമ്യൂണിസം തുടങ്ങി നാനാവിധ ഭരണരീതികൾ കഴിഞ്ഞ കാലങ്ങളിൽ പരീക്ഷണവിധേയമായി. മനുഷ്യനു വിവിധ ഭരണരീതികൾ സദാ പരീക്ഷിച്ചുനോക്കേണ്ടിവരുന്നു എന്ന വസ്തുതതന്നെ സൂചിപ്പിക്കുന്നത് അവ അപര്യാപ്തമാണെന്നല്ലേ?
“മിക്കവാറും അപ്രതീക്ഷിതമായി തങ്ങൾ ഒരു വലിയ ഭരണ പരീക്ഷണത്തിൽ ഉൾപ്പെട്ടിരിക്കുന്നതായി റോമൻ ജനത മനസ്സിലാക്കി” എന്ന് 1922-ൽ പ്രസിദ്ധീകരിച്ച ഒരു ലോകചരിത്രം (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ എച്ച്. ജി. വെൽസ് എഴുതുന്നു. അദ്ദേഹം തുടരുന്നു: ‘അതു സദാ മാറിക്കൊണ്ടിരുന്നു, ഒരിക്കലും സ്ഥിരത കൈവരിച്ചില്ല. ഒരർഥത്തിൽ ഭരണ പരീക്ഷണം പരാജയമായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആ പരീക്ഷണം ഇനിയും പൂർത്തിയായിട്ടില്ല, മുമ്പ് റോമൻ ജനത അഭിമുഖീകരിച്ച ലോകമെമ്പാടുമുള്ള ഭരണതന്ത്രതലത്തിലെ സങ്കീർണ പ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ യൂറോപ്പും അമേരിക്കയും ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.”
ഭരണ പരീക്ഷണങ്ങൾ 20-ാം നൂറ്റാണ്ടിലും തുടർന്നു. ആ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ജനാധിപത്യത്തിനു മുമ്പെന്നത്തെക്കാളും ജനസമ്മിതി ലഭിച്ചു. തത്ത്വത്തിൽ, മനുഷ്യർ എല്ലാവരും ഭാഗഭാക്കുകളാകുന്ന ഒരു ഭരണവിധമാണ് ജനാധിപത്യം. എന്നാൽ, ദൈവത്തെ കൂടാതെ മനുഷ്യർക്കു തങ്ങളെത്തന്നെ വിജയകരമായി ഭരിക്കാൻ കഴിയുമെന്നു ജനാധിപത്യം തെളിയിച്ചിട്ടുണ്ടോ? ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ജനാധിപത്യത്തെ അഭിലഷണീയം എന്നു വിശേഷിപ്പിച്ചെങ്കിലും, “മറ്റു ഭരണ വ്യവസ്ഥകൾ ഇതിനെക്കാൾ മോശമായതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത്” എന്നു കൂട്ടിച്ചേർത്തു. “പ്രാതിനിധ്യ ജനാധിപത്യം നേരിടുന്ന പ്രതിസന്ധിക്കു നാം സാക്ഷ്യം വഹിക്കുകയാണ്” എന്ന് ഫ്രാൻസിലെ മുൻ പ്രസിഡന്റായ വാലറി ഗിസ്ക്കാർഡ് ഡി എറ്റാംഗ അഭിപ്രായപ്പെടുകയുണ്ടായി.
പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽത്തന്നെ ജനാധിപത്യ ഭരണസംവിധാനത്തിലെ ഒരു ന്യൂനത ഗ്രീക്ക് തത്ത്വചിന്തകനായ പ്ലേറ്റോ മനസ്സിലാക്കി. ‘ജനാധിപത്യ ഭരണങ്ങളുടെ തീരാശാപമാണ് രാഷ്ട്രീയക്കാരുടെ അജ്ഞതയും കഴിവുകേടും’ എന്ന് അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞതായി എ ഹിസ്റ്ററി ഓഫ് പൊളിറ്റിക്കൽ തിയറി എന്ന പുസ്തകം പ്രസ്താവിക്കുന്നു. ഭരണകൂടത്തിലെ അംഗങ്ങളാകാൻ തക്ക പ്രാപ്തിയുള്ളവരെ കണ്ടെത്തുന്നതിലുള്ള ബുദ്ധിമുട്ടിൽ ഇന്നത്തെ രാഷ്ട്രീയക്കാരിൽ അനേകരും ഖേദം പ്രകടിപ്പിക്കുന്നുണ്ട്. ‘വലിയ പ്രശ്നങ്ങൾക്കു മുമ്പിൽ നിസ്സഹായരായി നോക്കിനിൽക്കുന്ന നേതാക്കൾ ജനങ്ങളെ രോഷാകുലരാക്കുന്നു’ എന്ന് ദ വാൾ സ്ട്രീറ്റ് ജേർണൽ പറയുന്നു. അത് ഇങ്ങനെ തുടർന്നു: “മാർഗനിർദേശത്തിനായി തങ്ങൾ സമീപിക്കുന്ന [നേതാക്കൾ] തീരുമാനശേഷിയില്ലാത്തവരും അഴിമതിക്കാരുമാണെന്ന് കാണുമ്പോൾ അവർക്കു വെറുപ്പു തോന്നുന്നു.”
പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവിന്റെ ഭരണത്തെ കുറിച്ചു ചിന്തിക്കുക. യഹോവയാം ദൈവം അവനു വിശിഷ്ട ജ്ഞാനം നൽകി. (1 രാജാക്കന്മാർ 4:29-34) ശലോമോന്റെ 40 വർഷ ഭരണകാലത്ത് ഇസ്രായേൽ രാഷ്ട്രം എങ്ങനെയായിരുന്നു? ബൈബിൾ ഉത്തരം നൽകുന്നു: “യെഹൂദയും യിസ്രായേലും കടൽക്കരയിലെ മണൽ പോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു.” വിവരണം ഇങ്ങനെയും പറയുന്നു: “ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിർഭയം വസിച്ചു.” (1 രാജാക്കന്മാർ 4:20, 25) അദൃശ്യ പരമോന്നത ഭരണാധികാരിയായ യഹോവയാം ദൈവത്തിന്റെ ദൃശ്യപ്രതിനിധിയായി ജ്ഞാനിയായ ഒരു രാജാവ് അവരെ ഭരിച്ചതിനാൽ, ആ ജനതയ്ക്ക് അതുല്യമായ സമൃദ്ധിയും സന്തോഷവും സ്ഥിരതയും ആസ്വദിക്കാൻ കഴിഞ്ഞു.
മാനുഷ ഭരണവും ദൈവിക ഭരണവും തമ്മിലുള്ള അന്തരം എത്ര വലുതാണ്! ഭരണാധിപത്യം സംബന്ധിച്ച വിവാദത്തിൽ സാത്താൻ വിജയിച്ചെന്ന് ആർക്കെങ്കിലും സത്യസന്ധമായി പറയാൻ സാധിക്കുമോ? ഇല്ല. കാരണം, യിരെമ്യാ പ്രവാചകൻ വളരെ വ്യക്തമായി ഇങ്ങനെ പ്രസ്താവിച്ചു: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.”—യിരെമ്യാവു 10:23.
സകലരെയും ദൈവത്തിൽനിന്ന് അകറ്റാൻ സാത്താനു കഴിയുമോ?
തനിക്കു സകലരെയും ദൈവത്തിൽനിന്ന് അകറ്റാൻ കഴിയുമെന്ന സാത്താന്റെ വാദഗതി വിജയിച്ചോ? എബ്രായർ എന്ന ബൈബിൾ പുസ്തകത്തിന്റെ 11-ാം അധ്യായത്തിൽ, ക്രിസ്തീയ പൂർവ കാലത്തുണ്ടായിരുന്ന ഒട്ടനവധി വിശ്വസ്ത സ്ത്രീപുരുഷന്മാരെ അപ്പൊസ്തലനായ പൗലൊസ് പേരെടുത്തു പറയുന്നുണ്ട്. തുടർന്ന് അവൻ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയുംകുറിച്ചു വിവരിപ്പാൻ സമയം പോരാ.” (എബ്രായർ 11:32) ഈ വിശ്വസ്ത ദാസന്മാരെ പൗലൊസ് ‘സാക്ഷികളുടെ വലിയൊരു മേഘം’ എന്നു പരാമർശിക്കുന്നു. (എബ്രായർ 12:1, NW) ഇവിടെ “മേഘം” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം, സുനിശ്ചിത വലിപ്പവും രൂപവുമുള്ള ഒറ്റപ്പെട്ട മേഘത്തെയല്ല മറിച്ച് രൂപരഹിതമായ ഒരു വലിയ മേഘസഞ്ചയത്തെയാണ് അർഥമാക്കുന്നത്. ഇങ്ങനെ പറയുന്നതു തികച്ചും ഉചിതമാണ്. കാരണം ദൈവത്തിന്റെ പുരാതനകാലത്തെ വിശ്വസ്ത ദാസന്മാർ ഒരു വലിയ മേഘസഞ്ചയംപോലെ അത്യധികമായിരുന്നു. അതേ, നൂറ്റാണ്ടുകളിലുടനീളം അസംഖ്യം ആളുകൾ തങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിച്ച് യഹോവയാം ദൈവത്തോടു പറ്റിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നു.—യോശുവ 24:15.
ഇക്കാലത്തു നാം കാണുന്നത് എന്താണ്? 20-ാം നൂറ്റാണ്ടിൽ യഹോവയുടെ സാക്ഷികൾ കഠിനമായ പീഡനത്തിനും എതിർപ്പിനും ഇരകളായിട്ടും അവരുടെ എണ്ണം 60 ലക്ഷത്തിലധികമായി വർധിച്ചിരിക്കുന്നു. അവരോടൊപ്പം വേറെ 90 ലക്ഷത്തോളം ആളുകൾ സഹവസിക്കുന്നുണ്ട്. ഇവരിൽ അനേകരും ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധത്തിലേക്കു വരാൻ നിർണായക പടികൾ സ്വീകരിക്കുകയാണ്.
തനിക്കു മനുഷ്യരെ യഹോവയിൽനിന്ന് അകറ്റാൻ കഴിയുമെന്ന സാത്താന്റെ അവകാശവാദത്തിനു തക്ക മറുപടി നൽകിയത് ദൈവപുത്രനായ യേശുക്രിസ്തുവാണ്. ദണ്ഡനസ്തംഭത്തിലെ കഠോര വേദനയ്ക്കുപോലും അവന്റെ ദൃഢവിശ്വസ്തതയെ തകർക്കാനായില്ല. തന്റെ മരണ സമയത്ത് യേശു ഇപ്രകാരം നിലവിളിച്ചു: “പിതാവേ ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു.”—ലൂക്കൊസ് 23:46.
മനുഷ്യരെ തന്റെ വരുതിയിൽ നിറുത്താൻ സാത്താൻ തനിക്കാവുന്ന സകല മാർഗങ്ങളും—പ്രലോഭനങ്ങൾ മുതൽ നേരിട്ടുള്ള പീഡനം വരെ—ഉപയോഗിക്കുന്നു. “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം” എന്നിവ ആയുധമാക്കി, യഹോവയോട് അടുക്കുന്നതിൽനിന്ന് ആളുകളെ തടയാനോ അവനിൽനിന്ന് അവരെ അകറ്റിക്കളയാനോ സാത്താൻ ശ്രമിക്കുന്നു. (1 യോഹന്നാൻ 2:16) ‘ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ സാത്താൻ അവിശ്വാസികളുടെ മനസ്സു കുരുടാക്കുകയും ചെയ്തിരിക്കുന്നു.’ (2 കൊരിന്ത്യർ 4:4) തന്റെ ലക്ഷ്യം നേടാനായി ഭീഷണികൾ ഉപയോഗിക്കാനും മാനുഷ ഭയത്തെ മുതലെടുക്കാനും സാത്താൻ മടിക്കുന്നില്ല.—പ്രവൃത്തികൾ 5:40.
എന്നിരുന്നാലും, ദൈവത്തിന്റെ പക്ഷത്തു നിലയുറപ്പിച്ചിരിക്കുന്നവരെ കീഴടക്കാൻ പിശാചിനു കഴിഞ്ഞിട്ടില്ല. അവർ യഹോവയെ അറിഞ്ഞിരിക്കുന്നു, അവനെ ‘പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കുകയും’ ചെയ്യുന്നു. (മത്തായി 22:37) അതേ, യേശുക്രിസ്തുവിന്റെയും മറ്റ് അസംഖ്യം ആളുകളുടെയും അചഞ്ചല വിശ്വസ്തത നിമിത്തം പിശാചായ സാത്താന് ഒരു കനത്ത തിരിച്ചടിയും പരാജയവുമാണു നേരിട്ടിരിക്കുന്നത്.
ഭാവി എന്തു കൈവരുത്തും?
വിവിധ ഗവണ്മെന്റുകൾ ഉപയോഗിച്ചുള്ള മനുഷ്യന്റെ പരീക്ഷണം അനിശ്ചിത കാലം തുടരുമോ? പ്രവാചകനായ ദാനീയേൽ ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.” (ദാനീയേൽ 2:44) സ്വർഗസ്ഥനായ ദൈവം സ്ഥാപിക്കുന്ന രാജ്യം യേശുക്രിസ്തുവിന്റെ കരങ്ങളിലെ ഒരു സ്വർഗീയ ഗവണ്മെന്റാണ്. ഈ രാജ്യത്തിനുവേണ്ടി പ്രാർഥിക്കാനാണ് യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചത്. (മത്തായി 6:9, 10) ആ രാജ്യം, “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തിൽ സകല മാനുഷ ഗവണ്മെന്റുകളെയും നശിപ്പിക്കുകയും മുഴു ഭൂമിയുടെയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും.—വെളിപ്പാടു 16:14, 16.
സാത്താന് എന്തു സംഭവിക്കും? ഈ ഭാവി സംഭവത്തെ ബൈബിൾ ഇപ്രകാരം വിശദീകരിക്കുന്നു: ‘[യഹോവയുടെ] ഒരു ദൂതൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു.’ (വെളിപ്പാടു 20:1-3) നിഷ്ക്രിയത്വമാകുന്ന അഗാധത്തിലേക്ക് സാത്താൻ തള്ളിയിടപ്പെട്ട ശേഷമേ യേശുക്രിസ്തുവിന്റെ സഹസ്രാബ്ദ ഭരണം തുടങ്ങുകയുള്ളൂ.
അപ്പോൾ ഈ ഭൂമി എത്രയോ രമണീയമായിരിക്കും! ദുഷ്ടതയും അതിന്റെ കാരണക്കാരും മേലാൽ അവിടെ ഉണ്ടായിരിക്കുകയില്ല. ബൈബിൾ ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു: “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും. . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:9-11) മനുഷ്യരോ മൃഗങ്ങളോ ഒന്നും അവരുടെ സമാധാനത്തിന് ഒരു ഭീഷണി ആയിരിക്കില്ല. (യെശയ്യാവു 11:6-9) കഴിഞ്ഞ നൂറ്റാണ്ടുകളിൽ, അജ്ഞതയും യഹോവയെ കുറിച്ച് അറിയാൻ അവസരം ലഭിക്കാതിരുന്നതും നിമിത്തം സാത്താന്റെ പക്ഷം ചേർന്ന ദശലക്ഷക്കണക്കിനാളുകളെ യഹോവ ജീവനിലേക്കു തിരികെ വരുത്തുകയും അവർക്കു ദൈവിക വിദ്യാഭ്യാസം നൽകുകയും ചെയ്യും.—പ്രവൃത്തികൾ 24:15.
സഹസ്രാബ്ദ വാഴ്ചയുടെ അവസാനത്തിങ്കൽ ഭൂമി ഒരു പറുദീസ ആയിത്തീരും, അതിൽ വസിക്കുന്നവർ മാനുഷ പൂർണതയിലേക്കു വരുത്തപ്പെടും. തുടർന്ന് സാത്താനെ “അല്പകാലത്തേക്കു” അഴിച്ചുവിടും. അതിനുശേഷം അവനും ദൈവത്തിന്റെ ഭരണാധിപത്യത്തെ എതിർക്കുന്ന സകലരും എന്നേക്കുമായി നശിപ്പിക്കപ്പെടും.—വെളിപ്പാടു 20:3, 7-10.
നിങ്ങൾ ആരുടെ പക്ഷം ചേരും?
സാത്താൻ ഭൂമിയിൽ നാശം വിതച്ച ഒരു സമയമായിരുന്നു 20-ാം നൂറ്റാണ്ട്. ഭൂമിയിലെ അവസ്ഥകൾ അവൻ വിജയം വരിച്ചിരിക്കുന്നു എന്നതിന്റെയല്ല മറിച്ച്, നാം ഈ ദുഷ്ടലോകത്തിന്റെ അവസാന നാളുകളിലാണ് എന്നതിന്റെ അടയാളമാണ്. (മത്തായി 24:3-14; വെളിപ്പാടു 6:1-8) ഭൂമിയിലെ ദുഷ്ടതയുടെ തീവ്രതയോ ഭൂരിപക്ഷം ആളുകളുടെ വീക്ഷണമോ വിജയം ആർക്കാണെന്നു നിർണയിക്കുന്ന ഘടകങ്ങളല്ല. ആരുടെ ഭരണരീതിയാണ് അത്യുത്തമം എന്നതും സ്നേഹം നിമിത്തം ആരെങ്കിലും ദൈവത്തെ സേവിച്ചിട്ടുണ്ടോ എന്നതുമാണ് അതിന് ആധാരം. വിജയം യഹോവയ്ക്കാണെന്ന് വസ്തുതകൾ പ്രകടമാക്കുന്നു.
സാത്താൻ നുണയനാണെന്ന് ഇതിനോടകം തെളിഞ്ഞെങ്കിൽ, ദുഷ്ടത തുടരാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ടാണ്? “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ [യഹോവ] ഇച്ഛി”ക്കുന്നതുകൊണ്ട് അവൻ ക്ഷമ കാണിക്കുകയാണ്. (2 പത്രൊസ് 3:9) “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ആണ് ദൈവം ആഗ്രഹിക്കുന്നത്. (1 തിമൊഥെയൊസ് 2:4) ബൈബിൾ പഠിക്കാനും ‘ഏകസത്യദൈവത്തെയും അവൻ അയച്ച യേശുക്രിസ്തുവിനെയും കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളാനും’ നിങ്ങൾ ശേഷിക്കുന്ന കാലം ഉപയോഗിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. (യോഹന്നാൻ 17:3, NW) വിജയപക്ഷത്ത് ഉറച്ചു നിൽക്കുന്ന ദശലക്ഷക്കണക്കിന് ആളുകളോടു ചേരുന്നതിനായി ആ പരിജ്ഞാനം നേടുന്നതിൽ നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്.
[5 -ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ സാക്ഷികൾ പ്രകടമാക്കിയിരിക്കുന്ന വിശ്വസ്തത, സാത്താൻ പരാജയപ്പെട്ടിരിക്കുന്നു എന്നതിനു കൂടുതലായ തെളിവു നൽകുന്നു
[7-ാം പേജിലെ ചിത്രം]
വിശ്വസ്തരായ അനേകമാളുകൾ യഹോവയുടെ പക്ഷത്തുണ്ട്