വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w03 7/1 പേ. 9-14
  • “ഇതാ, നമ്മുടെ ദൈവം”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഇതാ, നമ്മുടെ ദൈവം”
  • 2003 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ‘ശക്തിയിൽ അത്യുന്നതൻ’
  • ‘യഹോവ നീതിപ്രിയനാകുന്നു’
  • ‘ഹാ, ദൈവത്തിന്റെ ജ്ഞാനത്തിന്റെ ആഴമേ!’
  • നിങ്ങൾക്ക്‌ യഥാർഥത്തിൽ ‘ദൈവത്തോട്‌ അടുത്തു ചെല്ലാൻ കഴിയുമോ?’
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ദൈവ​ത്തി​ന്റെ മഹനീയ ഗുണങ്ങൾ വിലമ​തി​ക്കുക
    യഥാർഥ വിശ്വാസം—സന്തുഷ്ട ജീവിതത്തിന്റെ താക്കോൽ
  • ദൈവം എങ്ങനെ​യു​ള്ള​വ​നാണ്‌?
    2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ‘അവന്റെ വഴികൾ ഒക്കെയും നീതിയുള്ളത്‌’
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
കൂടുതൽ കാണുക
2003 വീക്ഷാഗോപുരം
w03 7/1 പേ. 9-14

“ഇതാ, നമ്മുടെ ദൈവം”

ഈ രണ്ട്‌ അധ്യയന ലേഖനങ്ങളിൽ ചർച്ചചെയ്‌തിരിക്കുന്ന വിവരങ്ങൾ, 2002/03-ൽ ലോകമെമ്പാടും നടത്തപ്പെട്ട ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ പ്രകാശനം ചെയ്‌ത യഹോവയോട്‌ അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌.​—⁠20-ാം പേജിലെ “ആ പുസ്‌തകം എന്റെ ഹൃദയത്തിലെ ശൂന്യത നികത്തി” എന്ന ലേഖനം കാണുക.

“ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ.”​—⁠യെശയ്യാവു 25:⁠9.

1, 2. (എ) യഹോവ ഗോത്രപിതാവായ അബ്രാഹാമിനെ കുറിച്ച്‌ എന്താണ്‌ പറഞ്ഞത്‌, ഇതു നമ്മുടെ ഉള്ളിൽ എന്തു ചോദ്യം ഉദിപ്പിച്ചേക്കാം? (ബി) ദൈവവുമായി ഒരു അടുത്ത ബന്ധം ആസ്വദിക്കുക സാധ്യമാണെന്ന്‌ ബൈബിൾ നമുക്ക്‌ ഉറപ്പു നൽകുന്നത്‌ എങ്ങനെ?

‘എന്റെ സ്‌നേഹിതൻ.’ സ്വർഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ യഹോവ ഗോത്രപിതാവായ അബ്രാഹാമിനെ കുറിച്ചു പറഞ്ഞത്‌ അങ്ങനെയാണ്‌. (യെശയ്യാവു 41:8) വെറുമൊരു മനുഷ്യൻ അഖിലാണ്ഡത്തിന്റെ പരമാധികാരിയാം കർത്താവുമായി സൗഹൃദം ആസ്വദിക്കുന്നതിനെ കുറിച്ച്‌ ഒന്നു സങ്കൽപ്പിച്ചു നോക്കുക! ‘ദൈവവുമായി അത്ര അടുത്ത ഒരു ബന്ധം ആസ്വദിക്കാൻ എനിക്കു സാധിക്കുമോ?’ നിങ്ങൾ ചിന്തിച്ചേക്കാം.

2 ദൈവവുമായി ഒരു അടുത്ത ബന്ധം ആസ്വദിക്കുക സാധ്യമാണെന്ന്‌ ബൈബിൾ നമുക്ക്‌ ഉറപ്പു നൽകുന്നു. ‘യഹോവയിൽ വിശ്വാസമർപ്പിച്ച’തിനാലാണ്‌ അബ്രാഹാമിന്‌ അത്തരമൊരു അടുത്ത ബന്ധം ആസ്വദിക്കാൻ കഴിഞ്ഞത്‌. (യാക്കോബ്‌ 2:​23, NW) അതുപോലെതന്നെ ഇന്നും ‘നീതിമാന്മാരുമായിട്ടാണ്‌ യഹോവയ്‌ക്ക്‌ സഖ്യത ഉള്ളത്‌.’ (സദൃശവാക്യങ്ങൾ 3:32) യാക്കോബ്‌ 4:​8-ൽ ബൈബിൾ നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.” യഹോവയോട്‌ അടുത്തു ചെല്ലാൻ നാം പടികൾ സ്വീകരിക്കുന്നെങ്കിൽ അവൻ അതിനോട്‌ പ്രതികരിക്കും എന്നു വ്യക്തം. അതേ, അവൻ നമ്മോട്‌ അടുത്തുവരും. എന്നാൽ ആദ്യ പടി സ്വീകരിക്കേണ്ടത്‌ പാപികളും അപൂർണരുമായ നാമാണെന്ന്‌ ഈ നിശ്വസ്‌ത വാക്കുകൾ സൂചിപ്പിക്കുന്നുണ്ടോ? ഒരിക്കലും ഇല്ല. നമ്മുടെ സ്‌നേഹവാനാം ദൈവമായ യഹോവ രണ്ടു പ്രധാനപ്പെട്ട പടികൾ സ്വീകരിച്ചിരിക്കുന്നതുകൊണ്ടു മാത്രമാണ്‌ അവനുമായുള്ള സഖിത്വം സാധ്യമായിരിക്കുന്നത്‌.​—⁠സങ്കീർത്തനം 25:⁠14.

3. നമുക്ക്‌ യഹോവയുമായി സഖിത്വം ആസ്വദിക്കുക സാധ്യമാകത്തക്കവണ്ണം അവൻ ഏതു രണ്ടു പടികൾ സ്വീകരിച്ചിരിക്കുന്നു?

3 ഒന്നാമതായി, യേശു ‘അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാൻ’ യഹോവ ക്രമീകരണം ചെയ്‌തു. (മത്തായി 20:28) ആ മറുവിലയാഗം മുഖാന്തരം നമുക്കു ദൈവത്തോട്‌ അടുത്തു ചെല്ലാൻ സാധിക്കുന്നു. “അവൻ ആദ്യം നമ്മെ സ്‌നേഹിച്ചതുകൊണ്ടു നാം സ്‌നേഹിക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (1 യോഹന്നാൻ 4:19) അതേ, ദൈവം “ആദ്യം നമ്മെ സ്‌നേഹിച്ചതുകൊണ്ടു” നമുക്ക്‌ അവനുമായി സൗഹൃദത്തിലേക്കു വരാനുള്ള അടിസ്ഥാനം അവൻ ഇട്ടു. രണ്ടാമതായി, യഹോവ തന്നെത്തന്നെ നമുക്കു വെളിപ്പെടുത്തിയിരിക്കുന്നു. ഏതു സൗഹൃദത്തിലും, അടുപ്പം അടിസ്ഥാനപ്പെട്ടിരിക്കുന്നത്‌ ഒരു വ്യക്തിയെ യഥാർഥമായി അറിയുന്നതിലും അയാളുടെ വ്യതിരിക്തമായ ഗുണങ്ങളെ വിലമതിക്കുന്നതിലുമാണ്‌. ഇതിന്റെ പൊരുൾ എന്താണെന്നു പരിചിന്തിക്കുക. യഹോവ മറഞ്ഞിരിക്കുന്ന, ദുർജ്ഞേയനായ ഒരു ദൈവമായിരുന്നെങ്കിൽ നമുക്ക്‌ ഒരിക്കലും അവനോട്‌ അടുത്തു ചെല്ലാൻ കഴിയുമായിരുന്നില്ല. എന്നാൽ, നമ്മിൽനിന്നു മറഞ്ഞിരിക്കുന്നതിനു പകരം നാം അവനെ അറിയാൻ അവൻ ആഗ്രഹിക്കുന്നു. (യെശയ്യാവു 45:19) തന്റെ വചനമായ ബൈബിളിൽ, നമുക്കു മനസ്സിലാകുന്ന വാക്കുകളിൽ യഹോവ തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു​—⁠അവൻ നമ്മെ സ്‌നേഹിക്കുന്നു എന്നതിന്റെ മാത്രമല്ല, നമ്മുടെ സ്വർഗീയ പിതാവെന്ന നിലയിൽ നാം അവനെ അറിയാനും സ്‌നേഹിക്കാനും അവൻ ആഗ്രഹിക്കുന്നു എന്നതിന്റെയും തെളിവാണ്‌ അത്‌.

4. യഹോവയുടെ ഗുണങ്ങളെ മെച്ചമായി അറിയാൻ ഇടയാകുമ്പോൾ നമുക്ക്‌ അവനെ കുറിച്ച്‌ എന്തു തോന്നൽ ഉണ്ടാകും?

4 ഒരു കൊച്ചുകുട്ടി തന്റെ പിതാവിനെ കൂട്ടുകാർക്കു ചൂണ്ടിക്കാണിച്ചുകൊണ്ട്‌ നിഷ്‌കളങ്കമായ സന്തോഷത്തോടും അഭിമാനത്തോടും കൂടെ “ഇതാണ്‌ എന്റെ പപ്പ” എന്നു പറയുന്നത്‌ നിങ്ങൾ കണ്ടിട്ടുണ്ടോ? യഹോവയുടെ ആരാധകർക്ക്‌ അവനെ സംബന്ധിച്ച്‌ സമാനമായി വിചാരിക്കാൻ സകല കാരണവുമുണ്ട്‌. വിശ്വസ്‌തരായ ആളുകൾ “ഇതാ, നമ്മുടെ ദൈവം” എന്ന്‌ ഉദ്‌ഘോഷിക്കുന്ന ഒരു കാലത്തെ കുറിച്ചു ബൈബിൾ മുൻകൂട്ടി പറയുന്നു. (യെശയ്യാവു 25:​8, 9) യഹോവയുടെ ഗുണങ്ങൾ സംബന്ധിച്ച്‌ നാം എത്രയധികം ഉൾക്കാഴ്‌ച നേടുന്നുവോ അത്രയധികമായി, സങ്കൽപ്പിക്കാവുന്നതിലേക്കും ഏറ്റവും നല്ല പിതാവും ഏറ്റവും അടുത്ത സുഹൃത്തും ആണ്‌ നമുക്കുള്ളത്‌ എന്ന്‌ നമുക്കു തോന്നും. അതേ, യഹോവയുടെ ഗുണങ്ങളെ കുറിച്ചു മനസ്സിലാക്കുന്നത്‌ അവനോടു കൂടുതൽ അടുത്തു ചെല്ലുന്നതിന്‌ നമുക്ക്‌ അനേകം കാരണങ്ങൾ നൽകുന്നു. അതുകൊണ്ട്‌ യഹോവയുടെ പ്രമുഖ ഗുണങ്ങളായ ശക്തി, നീതി, ജ്ഞാനം, സ്‌നേഹം എന്നിവയെ കുറിച്ച്‌ ബൈബിൾ എന്തെല്ലാം വെളിപ്പെടുത്തുന്നു എന്ന്‌ നമുക്കു പരിശോധിക്കാം. ഈ ഗുണങ്ങളിൽ ആദ്യത്തെ മൂന്നെണ്ണം നാം ഈ ലേഖനത്തിൽ ചർച്ചചെയ്യുന്നതായിരിക്കും.

‘ശക്തിയിൽ അത്യുന്നതൻ’

5. യഹോവ മാത്രം ‘സർവശക്തൻ’ എന്നു വിളിക്കപ്പെടുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, അവൻ തന്റെ ഭയാവഹമായ ശക്തി ഏതെല്ലാം വിധങ്ങളിൽ ഉപയോഗിക്കുന്നു?

5 യഹോവ ‘ശക്തിയിൽ അത്യുന്നതനാണ്‌.’ (ഇയ്യോബ്‌ 37:23) യിരെമ്യാവു 10:6 ഇങ്ങനെ പറയുന്നു: “യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.” സകല സൃഷ്ടികളിൽനിന്നും വ്യത്യസ്‌തമായി യഹോവയ്‌ക്ക്‌ അപരിമിതമായ ശക്തിയുണ്ട്‌. അക്കാരണത്താൽ അവൻ മാത്രമാണ്‌ ‘സർവശക്തൻ’ എന്നു വിളിക്കപ്പെടുന്നത്‌. (വെളിപ്പാടു 15:​3, NW) യഹോവ തന്റെ ഭയാവഹമായ ശക്തി സൃഷ്ടിക്കാനും സംരക്ഷിക്കാനും സംഹരിക്കാനും പുനഃസ്ഥാപിക്കാനും ഉപയോഗിക്കുന്നു. നമുക്ക്‌ ഇതിൽ രണ്ടെണ്ണം മാത്രം പരിചിന്തിക്കാം​—⁠സൃഷ്ടിക്കുന്നതിനുള്ള ശക്തിയും സംരക്ഷിക്കുന്നതിനുള്ള ശക്തിയും.

6, 7. സൂര്യന്റെ ശക്തിയെ കുറിച്ച്‌ എന്തു പറയാൻ കഴിയും, അത്‌ ഏതു സുപ്രധാന സത്യത്തിനു സാക്ഷ്യം വഹിക്കുന്നു?

6 നല്ല വെയിലുള്ള ഒരു ദിവസം പുറത്തു നിൽക്കുമ്പോൾ, നിങ്ങൾക്ക്‌ എന്താണ്‌ അനുഭവപ്പെടുക? സൂര്യന്റെ ചൂട്‌. യഥാർഥത്തിൽ യഹോവയുടെ സൃഷ്ടിപ്പിൻ ശക്തിയുടെ ഫലമാണ്‌ നിങ്ങൾക്ക്‌ അപ്പോൾ അനുഭവപ്പെടുന്നത്‌. സൂര്യന്റെ ശക്തിയെ കുറിച്ച്‌ എന്തു പറയാൻ കഴിയും? സൂര്യന്റെ ഉൾക്കാമ്പിലെ താപം ഏതാണ്ട്‌ 1 കോടി 50 ലക്ഷം ഡിഗ്രി സെൽഷ്യസ്‌ ആണ്‌. സൂര്യന്റെ ഉൾക്കാമ്പിൽനിന്ന്‌ കടുകുമണിയോളം വലുപ്പത്തിൽ ഒരു കഷണം അടർത്തിയെടുത്ത്‌ ഇവിടെ ഭൂമിയിൽ വെക്കാൻ കഴിഞ്ഞാൽ, ആ കൊച്ചു താപ ഉറവിന്റെ 140 കിലോമീറ്റർ ചുറ്റുവട്ടത്തുപോലും നിൽക്കുന്നത്‌ സുരക്ഷിതമായിരിക്കില്ല! അനേക കോടി ന്യൂക്ലിയർ ബോംബുകൾ പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടാകുന്നതിനു തുല്യമായ ഊർജമാണ്‌ ഓരോ സെക്കൻഡിലും സൂര്യനിൽനിന്നു നിർഗമിക്കുന്നത്‌. എന്നിരുന്നാലും, ആ അതിഗംഭീര തെർമോന്യൂക്ലിയർ ചൂളയിൽനിന്ന്‌ കൃത്യമായ അകലത്തിലാണ്‌ ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നത്‌. അതിനോട്‌ കണക്കിലധികം അടുത്തുപോയാൽ ഭൂമിയിലെ വെള്ളം ആവിയായിപ്പോകും; കണക്കിലധികം അകന്നുപോയാൽ വെള്ളം ഉറഞ്ഞുപോകും. ഏതു വിധത്തിൽ സംഭവിച്ചാലും നമ്മുടെ ഭൂഗോളം നിർജീവമായിത്തീരും.

7 തങ്ങളുടെ ജീവൻ സൂര്യനെ ആശ്രയിച്ചിരിക്കുന്നെങ്കിൽ പോലും മിക്കവരും അതിനെ നിസ്സാരമായി എടുക്കുന്നു. അങ്ങനെ, സൂര്യൻ നമ്മെ പഠിപ്പിക്കുന്ന സംഗതി അവർ മനസ്സിലാക്കാതെ പോകുന്നു. സങ്കീർത്തനം 74:16 യഹോവയെ കുറിച്ചു പറയുന്നു: “വെളിച്ചത്തെയും സൂര്യനെയും നീ ചമെച്ചിരിക്കുന്നു.” അതേ, ‘ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ’ യഹോവയ്‌ക്കു സൂര്യൻ മഹത്ത്വം കരേറ്റുന്നു. (സങ്കീർത്തനം 146:6) എന്നിരുന്നാലും, യഹോവയുടെ ബൃഹത്തായ ശക്തിയെ കുറിച്ചു നമ്മെ പഠിപ്പിക്കുന്ന അസംഖ്യം സൃഷ്ടികളിൽ ഒന്നു മാത്രമാണ്‌ അത്‌. നാം യഹോവയുടെ സൃഷ്ടിപ്പിൻ ശക്തിയെ കുറിച്ച്‌ എത്രയധികം പഠിക്കുന്നുവോ അത്രയധികമായി നമുക്ക്‌ അവനോടുള്ള ഭയാദരവ്‌ വർധിക്കും.

8, 9. (എ) മനോഹരമായ ഏതു വാങ്‌മയ ചിത്രം തന്റെ ആരാധകരെ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള യഹോവയുടെ മനസ്സൊരുക്കം വ്യക്തമാക്കുന്നു? (ബി) ബൈബിൾ കാലങ്ങളിലെ ഇടയൻ തന്റെ ആടുകളെ എങ്ങനെയാണ്‌ പരിപാലിച്ചിരുന്നത്‌, ഇത്‌ നമ്മുടെ വലിയ ഇടയനെ കുറിച്ച്‌ നമ്മെ എന്തു പഠിപ്പിക്കുന്നു?

8 തന്റെ ദാസന്മാരെ സംരക്ഷിക്കാനും അവരെ പരിപാലിക്കാനും കൂടി യഹോവ തന്റെ ബൃഹത്തായ ശക്തി ഉപയോഗിക്കുന്നു. സംരക്ഷണാത്മകമായ പരിപാലനത്തെ കുറിച്ചുള്ള യഹോവയുടെ വാഗ്‌ദാനങ്ങളെ വർണിക്കാൻ ബൈബിൾ ഉജ്ജ്വലവും ഹൃദയസ്‌പർശിയുമായ ചില വാങ്‌മയ ചിത്രങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌, യെശയ്യാവു 40:​11-ൽ യഹോവ തന്നെ ഒരു ഇടയനോടും തന്റെ ജനത്തെ ആടുകളോടും ഉപമിക്കുന്നു. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.” ആ വാക്യത്തിൽ വർണിച്ചിരിക്കുന്നത്‌ നിങ്ങൾക്ക്‌ വിഭാവന ചെയ്യാൻ കഴിയുമോ?

9 ആടുകളെപ്പോലെ നിസ്സഹായ ജീവികൾ അധികമില്ല. തന്റെ ആടുകളെ ചെന്നായ്‌ക്കളിൽനിന്നും കരടികളിൽനിന്നും സിംഹങ്ങളിൽനിന്നും സംരക്ഷിക്കുന്നതിന്‌ ബൈബിൾ കാലങ്ങളിലെ ഇടയന്മാർ നല്ല ധൈര്യശാലികൾ ആയിരിക്കേണ്ടിയിരുന്നു. (1 ശമൂവേൽ 17:​34-36; യോഹന്നാൻ 10:​10-13) എന്നാൽ ആടുകളെ ആർദ്രതയോടുകൂടെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ട സാഹചര്യങ്ങളും ഉണ്ടായിരുന്നു. ഉദാഹരണത്തിന്‌, തൊഴുത്തിൽനിന്ന്‌ അകലെ ആയിരിക്കെ ഒരു ആട്‌ പ്രസവിച്ചാൽ സ്വയം സംരക്ഷിക്കാൻ പ്രാപ്‌തിയില്ലാത്ത ആട്ടിൻകുട്ടിയെ ഇടയൻ എങ്ങനെ സംരക്ഷിക്കുമായിരുന്നു? അയാൾ അതിനെ “മാർവ്വിടത്തിൽ,” മേലങ്കിയുടെ മടക്കിനുള്ളിൽ വഹിക്കുമായിരുന്നു, ഒരുപക്ഷേ ദിവസങ്ങളോളം പോലും. എന്നാൽ ഒരു ആട്ടിൻകുട്ടി ഇടയന്റെ മാർവ്വിടത്തിൽ എത്തുന്നത്‌ എങ്ങനെയാണ്‌? കുഞ്ഞാട്‌ ഇടയന്റെ അടുത്തുചെന്ന്‌ അയാളുടെ കാലിൽ പതുക്കെ ഉരുമ്മുക പോലും ചെയ്‌തേക്കാം. എന്നിരുന്നാലും, ഇടയനാണ്‌ കുനിഞ്ഞ്‌ അതിനെ എടുത്ത്‌ സുരക്ഷിതമായി തന്റെ മാറോടു ചേർത്തുപിടിക്കുന്നത്‌. തന്റെ ദാസന്മാരെ സംരക്ഷിക്കാനും പരിപാലിക്കാനുമായി നമ്മുടെ വലിയ ഇടയൻ പ്രകടമാക്കുന്ന മനസ്സൊരുക്കത്തിന്റെ എത്ര മനോഹരമായ ചിത്രം!

10. യഹോവ ഇക്കാലത്ത്‌ എന്ത്‌ സംരക്ഷണം പ്രദാനം ചെയ്യുന്നു, അത്തരം സംരക്ഷണം വിശേഷാൽ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 യഹോവ സംരക്ഷണം വാഗ്‌ദാനം ചെയ്യുക മാത്രമല്ല ചെയ്‌തിരിക്കുന്നത്‌. ‘ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാൻ’ താൻ പ്രാപ്‌തനാണെന്ന്‌ ബൈബിൾ കാലങ്ങളിൽ അത്ഭുതകരമായ വിധങ്ങളിൽ അവൻ പ്രകടമാക്കുകയും ചെയ്‌തു. (2 പത്രൊസ്‌ 2:9) ഇക്കാലത്തോ? നമ്മെ ഇപ്പോൾ സകല അനർഥത്തിൽനിന്നും സംരക്ഷിക്കാൻ അവൻ തന്റെ ശക്തി ഉപയോഗിക്കുന്നില്ലെന്നു നമുക്കറിയാം. എന്നാൽ അവൻ അതിലും പ്രധാനപ്പെട്ട ഒന്നു നൽകുന്നു​—⁠ആത്മീയ സംരക്ഷണം. നമ്മുടെ സ്‌നേഹവാനായ ദൈവം, പരിശോധനകളിൻ മധ്യേ സഹിച്ചുനിൽക്കുന്നതിനും അവനുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിനും ആവശ്യമായതു നൽകി നമ്മെ സജ്ജരാക്കുകവഴി ആത്മീയ ഹാനിയിൽനിന്നു സംരക്ഷിക്കുന്നു. ഉദാഹരണത്തിന്‌, ലൂക്കൊസ്‌ 11:13 ഇങ്ങനെ പറയുന്നു: “ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.” നാം അഭിമുഖീകരിച്ചേക്കാവുന്ന ഏതു പരിശോധനയെയും അല്ലെങ്കിൽ പ്രശ്‌നത്തെയും വിജയകരമായി കൈകാര്യം ചെയ്യുന്നതിനു നമ്മെ സഹായിക്കാൻ ശക്തമായ ആ ആത്മാവിനു കഴിയും. (2 കൊരിന്ത്യർ 4:7) അങ്ങനെ ഹ്രസ്വമായ ഒരു കാലത്തേക്കല്ല, പിന്നെയോ നിത്യമായി നമ്മുടെ ജീവനെ പരിരക്ഷിക്കാൻ യഹോവ പ്രവർത്തിക്കുന്നു. ആ പ്രത്യാശ മനസ്സിൽ വെച്ചുകൊണ്ട്‌, ഈ വ്യവസ്ഥിതിയിലെ ഏതു കഷ്ടപ്പാടിനെയും ‘നൊടിനേരത്തേക്കുള്ളതും ലഘുവു’മായി നമുക്കു തീർച്ചയായും വീക്ഷിക്കാൻ കഴിയും. (2 കൊരിന്ത്യർ 4:17) നമുക്കു വേണ്ടി തന്റെ ശക്തി ഇത്ര സ്‌നേഹപൂർവം ഉപയോഗിക്കുന്ന ഒരു ദൈവത്തിലേക്ക്‌ നാം ആകർഷിക്കപ്പെടുന്നില്ലേ?

‘യഹോവ നീതിപ്രിയനാകുന്നു’

11, 12. (എ) യഹോവയുടെ നീതി നമ്മെ അവനിലേക്ക്‌ ആകർഷിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) യഹോവയുടെ നീതി സംബന്ധിച്ച്‌ ദാവീദ്‌ എന്തു നിഗമനത്തിൽ എത്തി, ഈ നിശ്വസ്‌ത വാക്കുകൾക്ക്‌ നമ്മെ എങ്ങനെ ആശ്വസിപ്പിക്കാൻ കഴിയും?

11 യഹോവ മുഖപക്ഷം കൂടാതെ ശരിയും ഉചിതവുമായത്‌ എല്ലായ്‌പോഴും ചെയ്യുന്നു. ദിവ്യ നീതി, നമ്മെ അകറ്റിക്കളയുന്ന നിർവികാരമായ ഒരു പരുക്കൻ ഗുണമല്ല. മറിച്ച്‌ യഹോവയിലേക്കു നമ്മെ ആകർഷിക്കുന്ന ഹൃദ്യമായ ഒരു ഗുണമാണ്‌. ഈ ഗുണത്തിന്റെ ഹൃദയോഷ്‌മളമായ സ്വഭാവത്തെ കുറിച്ച്‌ ബൈബിൾ വ്യക്തമായി വിശദീകരിക്കുന്നുണ്ട്‌. യഹോവ തന്റെ നീതി പ്രയോഗിക്കുന്ന മൂന്നു വിധങ്ങൾ നമുക്ക്‌ ഇപ്പോൾ പരിചിന്തിക്കാം.

12 ഒന്നാമതായി, തന്റെ ദാസന്മാരോട്‌ വിശ്വസ്‌തത പ്രകടമാക്കാൻ യഹോവയുടെ നീതി അവനെ പ്രേരിപ്പിക്കുന്നു. യഹോവയുടെ നീതിയുടെ ഈ സവിശേഷത അനുഭവിച്ചറിഞ്ഞ വ്യക്തിയായിരുന്നു സങ്കീർത്തനക്കാരനായ ദാവീദ്‌. സ്വന്തം അനുഭവത്തിൽനിന്നും ദൈവത്തിന്റെ പ്രവർത്തനരീതികളെ കുറിച്ചുള്ള വ്യക്തിപരമായ പഠനത്തിൽനിന്നും ദാവീദ്‌ എന്തു നിഗമനത്തിൽ എത്തി? അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവ ന്യായപ്രിയനാകുന്നു [“നീതിപ്രിയനാകുന്നു,” NW]; തന്റെ വിശുദ്ധന്മാരെ [“വിശ്വസ്‌തരെ,” NW] ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു.” (സങ്കീർത്തനം 37:28) എത്ര ആശ്വാസകരമായ ഉറപ്പ്‌! നമ്മുടെ ദൈവം തന്നോടു വിശ്വസ്‌തരായവരെ ഒരു നിമിഷത്തേക്കു പോലും കൈവെടിയുകയില്ല. അതുകൊണ്ട്‌ നമുക്ക്‌ അവനുമായുള്ള അടുപ്പത്തിലും അവന്റെ സ്‌നേഹനിർഭരമായ പരിപാലനത്തിലും ആശ്രയം വെക്കാൻ കഴിയും. അവന്റെ നീതി അതിന്‌ ഉറപ്പു നൽകുന്നു!​—⁠സദൃശവാക്യങ്ങൾ 2:7, 8.

13. ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരെ കുറിച്ച്‌ യഹോവ ചിന്തയുള്ളവനാണെന്ന്‌ അവൻ ഇസ്രായേലിനു കൊടുത്ത ന്യായപ്രമാണം വ്യക്തമാക്കുന്നത്‌ എങ്ങനെ?

13 രണ്ടാമതായി, ദിവ്യനീതിക്ക്‌ ക്ലേശിതരുടെ ആവശ്യങ്ങളെ കുറിച്ചു ബോധമുണ്ട്‌. ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരെ കുറിച്ചുള്ള യഹോവയുടെ ചിന്ത ഇസ്രായേലിന്‌ അവൻ കൊടുത്ത ന്യായപ്രമാണത്തിൽ പ്രകടമാണ്‌. ദൃഷ്ടാന്തത്തിന്‌, അനാഥരും വിധവമാരും സംരക്ഷിക്കപ്പെടുന്നു എന്ന്‌ ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ ന്യായപ്രമാണത്തിൽ അടങ്ങിയിരുന്നു. (ആവർത്തനപുസ്‌തകം 24:17-21) അങ്ങനെയുള്ള കുടുംബങ്ങൾക്ക്‌ ജീവിതം എത്ര പ്രയാസകരമായിരിക്കാമെന്നതു മനസ്സിലാക്കിക്കൊണ്ട്‌ യഹോവതന്നെ അവരുടെ പിതൃതുല്യ ന്യായാധിപനും സംരക്ഷകനുമായിത്തീർന്നു. (ആവർത്തനപുസ്‌തകം 10:17, 18) ഇസ്രായേല്യർ അശരണരായ സ്‌ത്രീകളെയും കുട്ടികളെയും ദ്രോഹിച്ചാൽ താൻ അങ്ങനെയുള്ളവരുടെ നിലവിളി കേൾക്കുമെന്നു യഹോവ അവർക്കു മുന്നറിയിപ്പു കൊടുത്തു. പുറപ്പാടു 22:22-24-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ‘എന്റെ കോപം ജ്വലിക്കും’ എന്ന്‌ അവൻ പ്രസ്‌താവിച്ചു. കോപം യഹോവയുടെ പ്രമുഖ ഗുണങ്ങളിൽ ഒന്നല്ലെങ്കിലും, അനീതിയുടെ മനഃപൂർവ പ്രവൃത്തികൾ അവനിൽ നീതിനിഷ്‌ഠമായ കോപം ഉളവാക്കുന്നു, വിശേഷിച്ചും അതിന്‌ ഇരകളാകുന്നവർ എളിയവരും നിസ്സഹായരുമാണെങ്കിൽ.—സങ്കീർത്തനം 103:⁠6.

14. യഹോവയുടെ പക്ഷപാതിത്വമില്ലായ്‌മയുടെ തികച്ചും ശ്രദ്ധേയമായ ഒരു തെളിവ്‌ എന്ത്‌?

14 മൂന്നാമതായി, യഹോവ “മുഖം നോക്കുന്നില്ല പ്രതിഫലം [“കൈക്കൂലി,” പി.ഒ.സി. ബൈബിൾ] വാങ്ങുന്നതുമില്ല” എന്ന്‌ ആവർത്തനപുസ്‌തകം 10:​17-ൽ ബൈബിൾ നമുക്ക്‌ ഉറപ്പുനൽകുന്നു. അധികാരമോ സ്വാധീനമോ ഉള്ള പല മനുഷ്യരിൽനിന്നും വ്യത്യസ്‌തമായി യഹോവ ഭൗതിക ധനത്താലോ ബാഹ്യപ്രത്യക്ഷതയാലോ സ്വാധീനിക്കപ്പെടുന്നില്ല. അവനു മുൻവിധിയോ പക്ഷപാതിത്വമോ ഇല്ല. യഹോവയുടെ പക്ഷപാതിത്വമില്ലായ്‌മയുടെ തികച്ചും ശ്രദ്ധേയമായ ഒരു തെളിവു പരിചിന്തിക്കുക. അനന്തജീവന്റെ പ്രത്യാശയോടെ അവന്റെ സത്യാരാധകരായിത്തീരാനുള്ള അവസരം ശ്രേഷ്‌ഠരായ ചുരുക്കം ചില വ്യക്തികൾക്കായി അവൻ പരിമിതപ്പെടുത്തുന്നില്ല. മറിച്ച്‌, പ്രവൃത്തികൾ 10:34, 35 ഇങ്ങനെ പ്രസ്‌താവിക്കുന്നു: ‘ദൈവത്തിന്നു മുഖപക്ഷമില്ല. ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.’ ഈ പ്രത്യാശ സകലർക്കും ലഭ്യമാണ്‌, സാമൂഹിക നിലയോ വർഗമോ ദേശമോ ഒന്നും അതിനൊരു പ്രതിബന്ധമല്ല. അതു യഥാർഥ നീതിയുടെ അതിമഹത്തായ ഒരു പ്രകടനമല്ലേ? യഹോവയുടെ നീതിയെ കുറിച്ചുള്ള മെച്ചപ്പെട്ട ഗ്രാഹ്യം തീർച്ചയായും നമ്മെ അവനിലേക്ക്‌ ആകർഷിക്കുന്നു!

‘ഹാ, ദൈവത്തിന്റെ ജ്ഞാനത്തിന്റെ ആഴമേ!’

15. എന്താണ്‌ ജ്ഞാനം, യഹോവ ഇതു പ്രകടിപ്പിക്കുന്നത്‌ എങ്ങനെ?

15 റോമർ 11:​33-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, ‘ഹാ, ദൈവത്തിന്റെ ജ്ഞാനത്തിന്റെയും അറിവിന്റെയും ആഴമേ!’ എന്ന്‌ ഉദ്‌ഘോഷിക്കാൻ പൗലൊസ്‌ അപ്പൊസ്‌തലൻ പ്രേരിതനായി. അതേ, യഹോവയുടെ മഹാ ജ്ഞാനത്തിന്റെ വിവിധ വശങ്ങളെ കുറിച്ചു വിചിന്തനം ചെയ്യുമ്പോൾ, നമ്മിൽ ആഴമായ ഭയാദരവു നിറയും എന്നതിനു സംശയമില്ല. എന്നാൽ നമുക്ക്‌ ഈ ഗുണത്തെ എങ്ങനെ നിർവചിക്കാൻ കഴിയും? അറിവിനെയും വിവേചനയെയും ഗ്രാഹ്യത്തെയും സമന്വയിപ്പിച്ച്‌ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്ന ഗുണമാണ്‌ ജ്ഞാനം. തന്റെ വിപുലമായ അറിവും അഗാധമായ ഗ്രാഹ്യവും ഉപയോഗിച്ച്‌ യഹോവ എല്ലായ്‌പോഴും ഏറ്റവും നല്ല തീരുമാനങ്ങൾ എടുക്കുകയും ഏറ്റവും നല്ല രീതിയിൽ അവ നടപ്പിലാക്കുകയും ചെയ്യുന്നു.

16, 17. യഹോവയുടെ സൃഷ്ടികൾ അവന്റെ ബൃഹത്തായ ജ്ഞാനത്തിന്‌ തെളിവു നൽകുന്നത്‌ എങ്ങനെ? ഒരു ഉദാഹരണം പറയുക.

16 യഹോവയുടെ ബൃഹത്തായ ജ്ഞാനത്തിന്റെ ചില തെളിവുകൾ ഏവയാണ്‌? സങ്കീർത്തനം 104:24 ഇപ്രകാരം പറയുന്നു: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.” യഹോവയുടെ സൃഷ്ടികളെ കുറിച്ച്‌ നാം എത്രയധികം പഠിക്കുന്നുവോ അത്രയധികമായി അവന്റെ ജ്ഞാനത്തെ കുറിച്ചു നമുക്ക്‌ ഭയാദരവ്‌ തോന്നും. എന്തിന്‌, യഹോവയുടെ സൃഷ്ടികളെ കുറിച്ചുള്ള പഠനത്തിൽനിന്ന്‌ ശാസ്‌ത്രജ്ഞർ ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നു! പ്രകൃതിയിൽ കാണുന്ന രൂപകൽപ്പനകളെ അനുകരിക്കാൻ ശ്രമിക്കുന്ന ഒരു എഞ്ചിനീയറിങ്‌ ശാഖ പോലും ഉണ്ട്‌, ബയോമിമെറ്റിക്‌സ്‌ എന്നാണ്‌ അത്‌ അറിയപ്പെടുന്നത്‌.

17 ഉദാഹരണത്തിന്‌, ഒരു ചിലന്തിവലയുടെ ഭംഗിയിൽ അത്ഭുതംകൂറി നിങ്ങൾ നോക്കിനിന്നിട്ടുണ്ടായിരിക്കാം. അതു തീർച്ചയായും രൂപകൽപ്പനയിലെ ഒരു വിസ്‌മയമാണ്‌. ദുർബലമെന്നു തോന്നുന്ന അതിലെ ചില ഇഴകൾ ആനുപാതികമായി നോക്കിയാൽ ഉരുക്കിനെക്കാൾ ബലിഷ്‌ഠമാണ്‌, വെടിയുണ്ടയേൽക്കാത്ത വസ്‌ത്രത്തിന്റെ ഇഴകളെക്കാൾ ശക്തം. കൃത്യമായി പറഞ്ഞാൽ ഇത്‌ എന്താണ്‌ അർഥമാക്കുന്നത്‌? ഒരു മത്സ്യബന്ധനബോട്ടിലെ വലയുടെ അത്രയും വലുതാക്കിയ ഒരു ചിലന്തിവലയെ കുറിച്ചു സങ്കൽപ്പിക്കുക. അത്തരമൊരു വലയ്‌ക്ക്‌ പറന്നുകൊണ്ടിരിക്കുന്ന ഒരു യാത്രാവിമാനത്തെ പിടിച്ചുനിറുത്താൻ കഴിയും! അതേ, യഹോവ എല്ലാ വസ്‌തുക്കളെയും “ജ്ഞാനത്തോടെ” നിർമിച്ചിരിക്കുന്നു.

18. തന്റെ വചനമായ ബൈബിൾ രേഖപ്പെടുത്താൻ മനുഷ്യരെ ഉപയോഗിച്ചതിൽ യഹോവയുടെ ജ്ഞാനം പ്രകടമായിരിക്കുന്നത്‌ എങ്ങനെ?

18 യഹോവയുടെ ജ്ഞാനത്തിന്റെ ഏറ്റവും വലിയ തെളിവ്‌ കാണാൻ കഴിയുന്നത്‌ അവന്റെ വചനമായ ബൈബിളിലാണ്‌. അതിന്റെ പേജുകളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനോപദേശങ്ങൾ ഏറ്റവും നല്ല ജീവിതരീതി ഏതാണെന്നു നമുക്കു കാണിച്ചുതരുന്നു. (യെശയ്യാവു 48:17) എന്നാൽ യഹോവയുടെ അതുല്യമായ ജ്ഞാനം ബൈബിൾ എഴുതപ്പെട്ട വിധത്തിലും ദൃശ്യമാണ്‌. എങ്ങനെ? തന്റെ ജ്ഞാനത്തിൽ, തന്റെ വചനം രേഖപ്പെടുത്താൻ യഹോവ മനുഷ്യരെ തിരഞ്ഞെടുത്തു. നിശ്വസ്‌ത വചനം എഴുതാൻ അവൻ ദൂതന്മാരെയാണ്‌ ഉപയോഗിച്ചിരുന്നതെങ്കിൽ, ബൈബിളിന്‌ ഇതേ ആകർഷണീയത ഉണ്ടായിരിക്കുമായിരുന്നോ? ദൂതന്മാർക്ക്‌ അവരുടെ ഉന്നതമായ കാഴ്‌ചപ്പാടിൽനിന്നുകൊണ്ടു യഹോവയെ കുറിച്ചു വിശദീകരിക്കാനും തങ്ങൾക്ക്‌ അവനോടുള്ള ഭക്തി പ്രകടിപ്പിക്കാനും കഴിയുമായിരുന്നു എന്നതു ശരിതന്നെ. എന്നാൽ, നമ്മെക്കാൾ വളരെയധികം അറിവും അനുഭവജ്ഞാനവും ശക്തിയും ഉള്ള പൂർണരായ ആത്മജീവികളുടെ കാഴ്‌ചപ്പാടുമായി താദാത്മ്യം പ്രാപിക്കാൻ നമുക്ക്‌ യഥാർഥത്തിൽ കഴിയുമായിരുന്നോ?​—⁠എബ്രായർ 2:6, 7.

19. എഴുത്തുകാരായി മനുഷ്യരെ ഉപയോഗിച്ചത്‌ ബൈബിളിന്‌ ശ്രദ്ധേയമായ ഊഷ്‌മളതയും ആകർഷകത്വവും നൽകുന്നു എന്ന്‌ ഏത്‌ ഉദാഹരണം കാണിക്കുന്നു?

19 എഴുത്തുകാരായി മനുഷ്യരെ ഉപയോഗിച്ചത്‌ ബൈബിളിനു ശ്രദ്ധേയമായ ഊഷ്‌മളതയും ആകർഷകത്വവും നൽകുന്നു. നമ്മുടേതുപോലുള്ള വികാരങ്ങളുള്ള മനുഷ്യരായിരുന്നു അതിന്റെ എഴുത്തുകാർ. അപൂർണരായിരുന്നതുകൊണ്ട്‌ അവർ നമ്മുടേതിനു സമാനമായ പരിശോധനകളെയും സമ്മർദങ്ങളെയും അഭിമുഖീകരിച്ചു. ചില സന്ദർഭങ്ങളിൽ, അവർ സ്വന്തം വികാരങ്ങളെയും പോരാട്ടങ്ങളെയും കുറിച്ച്‌ തങ്ങൾതന്നെ നേരിട്ടു പറയുന്ന വിധത്തിൽ എഴുതി. (2 കൊരിന്ത്യർ 12:7-10) അതുകൊണ്ട്‌ ദൂതന്മാർക്ക്‌ ആർക്കും രേഖപ്പെടുത്താൻ കഴിയുമായിരുന്നില്ലാഞ്ഞ വാക്കുകൾ അവർ രേഖപ്പെടുത്തി. ഉദാഹരണത്തിന്‌, 51-ാം സങ്കീർത്തനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദാവീദിന്റെ വാക്കുകൾ പരിചിന്തിക്കുക. ഗുരുതരമായ പാപം ചെയ്‌തതിനു ശേഷമാണ്‌ ദാവീദ്‌ ഈ സങ്കീർത്തനം രചിച്ചത്‌ എന്ന്‌ അതിന്റെ മേലെഴുത്തു സൂചിപ്പിക്കുന്നു. അഗാധ ദുഃഖം പ്രകടിപ്പിക്കുകയും ദൈവത്തിന്റെ ക്ഷമയ്‌ക്കായി കേണപേക്ഷിക്കുകയും ചെയ്‌തുകൊണ്ട്‌ അവൻ തന്റെ ഹൃദയം ദൈവമുമ്പാകെ പകർന്നു. 2, 3 വാക്യങ്ങളിൽ നാം വായിക്കുന്നു: “എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.” 5-ാം വാക്യം ശ്രദ്ധിക്കുക: “ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.” 17-ാം വാക്യം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.” എഴുത്തുകാരന്റെ മനോവേദന നിങ്ങൾക്ക്‌ അനുഭവിച്ചറിയാൻ കഴിയുന്നില്ലേ? ഇത്തരം വികാരങ്ങൾ പ്രകടിപ്പിക്കാൻ ഒരു അപൂർണ മനുഷ്യനല്ലാതെ ആർക്കാണു കഴിയുക?

20, 21. (എ) മനുഷ്യരായ എഴുത്തുകാരെ ഉപയോഗിച്ചാണ്‌ ബൈബിൾ എഴുതിയതെങ്കിലും അതിൽ യഹോവയുടെ ജ്ഞാനം അടങ്ങിയിട്ടുണ്ടെന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? (ബി) അടുത്ത ലേഖനത്തിൽ എന്തു ചർച്ചചെയ്യുന്നതായിരിക്കും?

20 അത്തരം അപൂർണ മനുഷ്യരെ ഉപയോഗിച്ചുകൊണ്ട്‌ യഹോവ നമുക്കു വേണ്ടതു തന്നെ നൽകിയിരിക്കുന്നു​—⁠“ദൈവനിശ്വസ്‌ത”വും അതേസമയം മാനുഷിക സ്‌പർശം നിലനിറുത്തിക്കൊണ്ടുള്ളതുമായ ഒരു രേഖ. (2 തിമൊഥെയൊസ്‌ 3:​16, NW) അതേ, ആ എഴുത്തുകാരെ വഴിനയിച്ചതു പരിശുദ്ധാത്മാവ്‌ ആയിരുന്നു. അതുകൊണ്ട്‌ അവർ രേഖപ്പെടുത്തിയതു യഹോവയുടെ ജ്ഞാനമാണ്‌, തങ്ങളുടേതല്ല. ആ ജ്ഞാനം തികച്ചും ആശ്രയയോഗ്യമാണ്‌. ആ ജ്ഞാനം നമ്മുടെ ജ്ഞാനത്തെക്കാൾ വളരെ ശ്രേഷ്‌ഠമാണ്‌. അതുകൊണ്ട്‌ ദൈവം പിൻവരുന്ന വിധത്തിൽ നമ്മെ സ്‌നേഹപൂർവം പ്രോത്സാഹിപ്പിക്കുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” (സദൃശവാക്യങ്ങൾ 3:5, 6) ജ്ഞാനപൂർവകമായ ആ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുകവഴി നാം സർവജ്ഞാനിയായ നമ്മുടെ ദൈവത്തോട്‌ കൂടുതൽ അടുത്തുചെല്ലുന്നു.

21 യഹോവയുടെ സകല ഗുണങ്ങളിലും ഏറ്റവും ഹൃദ്യവും മനോഹരവുമായ ഗുണം സ്‌നേഹം ആണ്‌. യഹോവ സ്‌നേഹം പ്രകടമാക്കിയിരിക്കുന്ന വിധത്തെ കുറിച്ച്‌ അടുത്ത ലേഖനം ചർച്ചചെയ്യുന്നതായിരിക്കും.

നിങ്ങൾ ഓർമിക്കുന്നുവോ?

• നമുക്ക്‌ യഹോവയുമായി സഖിത്വം വളർത്തിയെടുക്കുക സാധ്യമാകുന്നതിനായി യഹോവ ഏതു പടികൾ സ്വീകരിച്ചിരിക്കുന്നു?

• സൃഷ്ടിക്കാനും അതുപോലെതന്നെ സംരക്ഷിക്കാനും ഉള്ള യഹോവയുടെ ശക്തിയുടെ ചില ഉദാഹരണങ്ങൾ ഏവ?

• ഏതെല്ലാം വിധങ്ങളിലാണ്‌ യഹോവ തന്റെ നീതി പ്രയോഗിക്കുന്നത്‌?

• യഹോവയുടെ സൃഷ്ടികളിലും ബൈബിളിലും അവന്റെ ജ്ഞാനം പ്രകടമായിരിക്കുന്നത്‌ എങ്ങനെ?

[10 -ാം പേജിലെ ചിത്രം]

കുഞ്ഞാടിനെ തന്റെ മാർവിടത്തിൽ വഹിക്കുന്ന ഒരു ഇടയനെ പോലെ, യഹോവ തന്റെ ആടുകളെ ആർദ്രമായി പരിപാലിക്കുന്നു

[13 -ാം പേജിലെ ചിത്രം]

ബൈബിൾ എഴുതപ്പെട്ട വിധത്തിൽ യഹോവയുടെ ജ്ഞാനം ദൃശ്യമാണ്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക