യഹോവ നമ്മിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നു?
“ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്?”—മീഖാ 6:8.
1, 2. യഹോവയുടെ ദാസന്മാരിൽ ചിലർക്ക് നിരുത്സാഹം തോന്നിയേക്കാവുന്നത് എന്തുകൊണ്ട്, എന്തു സഹായകമായേക്കാം?
വീരാ ഒരു വിശ്വസ്ത ക്രിസ്ത്യാനിയാണ്. ഏതാണ്ട് 75 വയസ്സുള്ള അവരുടെ ആരോഗ്യനില മോശമാണ്. അവർ പറയുന്നു: “എന്റെ ക്രിസ്തീയ സഹോദരീസഹോദരന്മാർ വീടുതോറും സുവാർത്ത പ്രസംഗിക്കുന്നത് ഞാൻ ചിലപ്പോഴൊക്കെ വീടിന്റെ ജനലിലൂടെ കാണാറുണ്ട്. അവരോടൊപ്പം യഹോവയെ സേവിക്കാൻ ആഗ്രഹമുണ്ടെങ്കിലും, രോഗിയായതിനാൽ അതിന് സാധിക്കുന്നില്ലല്ലോ എന്നോർക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു.”
2 നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? യഹോവയെ സ്നേഹിക്കുന്ന എല്ലാവരും അവന്റെ നാമത്തിൽ നടക്കാനും അവന്റെ വ്യവസ്ഥകൾ പാലിക്കാനും ആഗ്രഹിക്കുന്നു എന്നതിനു സംശയമില്ല. എന്നാൽ, നമ്മുടെ ആരോഗ്യസ്ഥിതി മോശമാണെങ്കിൽ എന്ത്? അല്ലെങ്കിൽ പ്രായാധിക്യം നിമിത്തമുള്ള പ്രശ്നങ്ങളോ കുടുംബ ഉത്തരവാദിത്വങ്ങളോ നമുക്കുണ്ടെങ്കിലോ? ദൈവസേവനത്തോടുള്ള ബന്ധത്തിൽ നാം ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് ഇവ തടസ്സം സൃഷ്ടിച്ചേക്കാം എന്നതിനാൽ നമുക്ക് നിരുത്സാഹം തോന്നാനിടയുണ്ട്. നമ്മുടെ സാഹചര്യം ഇതാണെങ്കിൽ, മീഖാ 6, 7 അധ്യായങ്ങൾ പരിശോധിക്കുന്നത് വളരെ പ്രോത്സാഹജനകമായേക്കാം. യഹോവയുടെ വ്യവസ്ഥകൾ ന്യായയുക്തവും നമുക്ക് എത്തിപ്പിടിക്കാവുന്നതും ആണെന്ന് ഈ അധ്യായങ്ങൾ പ്രകടമാക്കുന്നു.
ദൈവം തന്റെ ജനത്തോട് ഇടപെടുന്ന വിധം
3. മത്സരികളായ ഇസ്രായേല്യരോട് യഹോവ എങ്ങനെ ഇടപെടുന്നു?
3 ആദ്യം നമുക്ക് മീഖാ 6:3-5 പരിശോധിച്ച് തന്റെ ജനത്തോട് യഹോവ എങ്ങനെ ഇടപെടുന്നു എന്നു നോക്കാം. മീഖായുടെ നാളിലെ യഹൂദന്മാർ മത്സരികളായിരുന്നു എന്ന് ഓർക്കുക. എങ്കിലും, യഹോവ അവരെ അനുകമ്പയോടെ “എന്റെ ജനമേ” എന്ന് അഭിസംബോധന ചെയ്യുന്നു. പുതിയലോക ഭാഷാന്തരം അനുസരിച്ച്, യഹോവ ഇങ്ങനെ അഭ്യർഥിക്കുന്നു: “എന്റെ ജനമേ, ദയവായി ഓർക്കുക.” യഹോവ അവരെ പരുഷമായി കുറ്റപ്പെടുത്തുന്നില്ല. പകരം, “ഞാൻ നിന്നോടു എന്തുചെയ്തു?” എന്നു ചോദിച്ചുകൊണ്ട് അവരുടെ ഹൃദയത്തിലെത്താൻ ശ്രമിക്കുകയാണ് അവൻ. അവനു ‘നേരെ സാക്ഷീകരിക്കാൻ’ അതായത് അവനെതിരെയുള്ള ആരോപണങ്ങൾ നിരത്താൻ പോലും അവൻ അവരെ പ്രോത്സാഹിപ്പിക്കുന്നു.
4. അനുകമ്പയുടെ കാര്യത്തിൽ ദൈവം വെച്ച മാതൃകയ്ക്ക് നമ്മുടെമേൽ എന്തു ഫലം ഉണ്ടായിരിക്കണം?
4 നമുക്ക് എത്ര നല്ല മാതൃകയാണ് യഹോവ വെക്കുന്നത്! മീഖായുടെ നാളിലെ ഇസ്രായേലിലും യഹൂദയിലുമുള്ള മത്സരികളായ ജനത്തെപ്പോലും യഹോവ “എന്റെ ജനമേ” എന്നു വിളിക്കുകയും “ദയവായി” എന്നതു പോലുള്ള പദപ്രയോഗം ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയുമുണ്ടായി. അപ്പോൾ തീർച്ചയായും, സഭയുടെ ഭാഗമായിരിക്കുന്നവരോടുള്ള ഇടപെടലിൽ നാം അനുകമ്പയും ദയയും പ്രകടമാക്കേണ്ടതാണ്. ചിലരുമായി ഒത്തുപോകുക എളുപ്പമല്ല എന്നതു ശരിതന്നെ, അല്ലെങ്കിൽ അവർ ആത്മീയമായി ബലഹീനരായിരിക്കാം. എങ്കിലും, അവർ യഹോവയെ സ്നേഹിക്കുന്നെങ്കിൽ, അവരെ സഹായിക്കാനും അവരോട് അനുകമ്പ കാണിക്കാനും നാം ആഗ്രഹിക്കുന്നു.
5. മീഖാ 6:6, 7-ൽ കാണുന്ന അടിസ്ഥാന ആശയം എന്താണ്?
5 അടുത്തതായി നമുക്ക് മീഖാ 6:6, 7-ലേക്കു തിരിയാം. പിൻവരുന്ന പ്രകാരം മീഖാ കുറെ ചോദ്യങ്ങൾ ഉന്നയിക്കുന്നു: “എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടും കൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ? ആയിരം ആയിരം ആട്ടുകൊററനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിന്നു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിന്നു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ?” ഇല്ല, ‘ആയിരം ആയിരം ആട്ടുകൊറ്റന്മാരെക്കൊണ്ടും പതിനായിരം പതിനായിരം തൈലനദികളെകൊണ്ടും’ യഹോവയെ പ്രസാദിപ്പിക്കുക സാധ്യമല്ല. എന്നാൽ അവന് പ്രസാദകരമായ ഒന്നുണ്ട്. എന്താണ് അത്?
നാം ന്യായം പ്രവർത്തിക്കണം
6. മീഖാ 6:8-ൽ രേഖപ്പെടുത്തിയിരിക്കുന്ന മൂന്നു ദിവ്യവ്യവസ്ഥകൾ ഏവ?
6 യഹോവ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത് എന്താണെന്നു മീഖാ 6:8 നമ്മോടു പറയുന്നു. മീഖാ ചോദിക്കുന്നു: “ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്?” ഈ മൂന്നു വ്യവസ്ഥകളിൽ നമ്മുടെ വികാരങ്ങൾ, ചിന്തകൾ, പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഉൾപ്പെട്ടിരിക്കുന്നു. ഈ ഗുണങ്ങൾ പ്രകടിപ്പിക്കാനുള്ള ആഗ്രഹം നമുക്ക് ഉണ്ടായിരിക്കണം, അവ പ്രകടിപ്പിക്കാനാകുന്ന വിധത്തെ കുറിച്ചു നാം ചിന്തിക്കണം, അവ പ്രകടിപ്പിക്കാനുള്ള പടികൾ സ്വീകരിക്കണം. നമുക്ക് ഈ മൂന്നു വ്യവസ്ഥകൾ ഓരോന്നായി പരിചിന്തിക്കാം.
7, 8. (എ) ‘ന്യായം പ്രവർത്തിക്കുക’ എന്നതിന്റെ അർഥമെന്ത്? (ബി) മീഖായുടെ നാളിൽ വ്യാപകമായിത്തീർന്നിരിക്കുന്ന അനീതികൾ ഏവ?
7 ‘ന്യായം പ്രവർത്തിക്കുക’ എന്നാൽ ശരിയായതു ചെയ്യുക എന്നാണ് അർഥം. യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധമാണ് ന്യായത്തിന്റെ മാനദണ്ഡം. എന്നിരുന്നാലും, മീഖായുടെ സമകാലികർ ന്യായമല്ല അന്യായമാണ് പ്രവർത്തിക്കുന്നത്. ഏതു വിധങ്ങളിൽ? മീഖാ 6:10 നോക്കുക. വ്യാപാരികൾ ‘കള്ളയളവ്’ അതായത് തീരെ ചെറിയ അളവ് ഉപയോഗിക്കുന്നതായി ആ വാക്യത്തിന്റെ അവസാന ഭാഗം പറയുന്നു. അവർക്കു ‘കള്ളപ്പടികൾ’ ഉള്ളതായി 11-ാം വാക്യം കൂട്ടിച്ചേർക്കുന്നു. 12-ാം വാക്യമനുസരിച്ച് ‘അവരുടെ നാവു ചതിവുള്ളതാണ്.’ അതുകൊണ്ട്, കള്ളയളവുകളും കള്ളപ്പടികളും വ്യാജ സംസാരവും മീഖായുടെ നാളിലെ വ്യാപാര ലോകത്തിൽ വ്യാപകമായിത്തീർന്നിരുന്നു.
8 അന്യായമായ നടപടികൾ കച്ചവടസ്ഥലത്തു മാത്രം ഒതുങ്ങിനിൽക്കുന്നില്ല. അവ കോടതിയിലും സാധാരണമാണ്. “പ്രഭു പ്രതിഫലം ചോദിക്കുന്നു; ന്യായാധിപതി പ്രതിഫലം വാങ്ങി ന്യായം വിധിക്കുന്നു” എന്ന് മീഖാ 7:3 പറയുന്നു. നിരപരാധികളുടെ മേൽ ശിക്ഷ അന്യായമായി അടിച്ചേൽപ്പിക്കുന്നതിനു ന്യായാധിപന്മാർക്കു കൈക്കൂലി കൊടുക്കുന്നു. “മഹാൻ” അതായത് സ്വാധീനമുള്ള പൗരൻ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു. വാസ്തവത്തിൽ പ്രഭുവും ന്യായാധിപനും മഹാനും ദുഷ്പ്രവൃത്തികൾ ‘ഒരുമിച്ച് നെയ്തെടുക്കുന്നു’ (പി.ഒ.സി. ബൈബിൾ) അഥവാ അതു കൂട്ടായി ചെയ്യുന്നു.
9. ദുഷ്ടരുടെ അനീതികൾ യഹൂദയെയും ഇസ്രായേലിനെയും എങ്ങനെ ബാധിക്കുന്നു?
9 ദുഷ്ട നേതാക്കന്മാരുടെ അന്യായങ്ങൾ യഹൂദയെയും ഇസ്രായേലിനെയും ഒന്നടങ്കം ബാധിക്കുന്നു. കൂട്ടുകാർക്കിടയിലും വിശ്വസ്ത സ്നേഹിതർക്കിടയിലും വിവാഹിത ഇണകൾക്കിടയിൽ പോലുമുള്ള വിശ്വാസം ഇല്ലാതാകുന്നതിനു ന്യായരാഹിത്യം ഇടയാക്കിയിരിക്കുന്നു എന്നു മീഖാ 7:5 പ്രസ്താവിക്കുന്നു. അതുമൂലം വളരെ അടുത്ത കുടുംബാംഗങ്ങളായ പുത്രന്മാരും പിതാക്കന്മാരും, പുത്രിമാരും അമ്മമാരും പോലും അന്യോന്യം ദ്വേഷിക്കുന്ന ഒരു അവസ്ഥ സംജാതമായിരിക്കുന്നു എന്ന് 6-ാം വാക്യം സൂചിപ്പിക്കുന്നു.
10. അനീതി വ്യാപകമായിരിക്കുന്ന ഇക്കാലത്ത് ക്രിസ്ത്യാനികൾ എങ്ങനെ പെരുമാറുന്നു?
10 ഇക്കാലത്തോ? സമാനമായ സാഹചര്യങ്ങൾ നാം കാണുന്നില്ലേ? മീഖായുടെ കാര്യത്തിലെന്ന പോലെ, നമുക്കു ചുറ്റും ന്യായരാഹിത്യവും വിശ്വാസമില്ലായ്മയും വർധിക്കുന്നു. സാമൂഹികജീവിതവും കുടുംബജീവിതവും തകർന്നുകൊണ്ടിരിക്കുന്നു. എങ്കിലും അനീതി നിറഞ്ഞ ഈ ലോകത്തിൽ ജീവിക്കുന്ന ദൈവദാസന്മാർ എന്ന നിലയിൽ, അന്യായമായി പെരുമാറാനുള്ള ലോകത്തിന്റെ പ്രവണത ക്രിസ്തീയ സഭയിലേക്കു കടന്നുവരാൻ നാം അനുവദിക്കുന്നില്ല. പകരം, ദൈനംദിന കാര്യാദികളിൽ സത്യസന്ധതയും വിശ്വസ്തതയും പ്രകടമാക്കിക്കൊണ്ട് ആ തത്ത്വങ്ങളെ നാം ഉയർത്തിപ്പിടിക്കുന്നു. വാസ്തവത്തിൽ നാം ‘സകലത്തിലും സത്യസന്ധരായി നടക്കുന്നു.’ (എബ്രായർ 13:18, NW) ന്യായം പ്രവർത്തിക്കുന്നതു മുഖാന്തരം, പരസ്പര വിശ്വാസം പ്രകടമാക്കുന്ന സാഹോദര്യത്തിൽനിന്ന് ഉളവാകുന്ന സമൃദ്ധമായ അനുഗ്രഹങ്ങൾ നാം ആസ്വദിക്കുന്നു എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?
ആളുകൾ ‘യഹോവയുടെ ശബ്ദം’ കേൾക്കുന്നത് ഏതു വിധത്തിൽ?
11. മീഖാ 7:12 ഇന്ന് നിവൃത്തിയേറുന്നത് എങ്ങനെ?
11 അനീതി വ്യാപകമാണെങ്കിലും, എല്ലാ തരത്തിലുള്ള ആളുകൾക്കും നീതി ലഭിക്കും എന്നു മീഖാ പ്രവചിക്കുന്നു. “സമുദ്രംമുതൽ സമുദ്രംവരെയും പർവ്വതംമുതൽ പർവ്വതംവരെയും” ഉള്ള ആളുകൾ യഹോവയുടെ ആരാധകർ എന്ന നിലയിൽ കൂട്ടിച്ചേർക്കപ്പെടുമെന്ന് പ്രവാചകൻ മുൻകൂട്ടി പറയുന്നു. (മീഖാ 7:12) ഇന്ന്, ഈ പ്രവചനത്തിന്റെ അന്തിമ നിവൃത്തിയായി ഒരു പ്രത്യേക ജനതയിലെ മാത്രമല്ല, മുഴു ജനതകളിലുമുള്ള ആളുകൾ യഹോവയുടെ നിഷ്പക്ഷ ന്യായപാലനത്തിൽനിന്നു പ്രയോജനം അനുഭവിക്കുന്നുണ്ട്. (യെശയ്യാവു 42:1) ഏതു വിധത്തിൽ?
12. ‘യഹോവ വിളിച്ചുപറയുന്നത്’ ഇക്കാലത്ത് കേൾക്കുന്നത് എങ്ങനെ?
12 ഉത്തരത്തിനായി മീഖായുടെ മുൻ വാക്കുകൾ പരിചിന്തിക്കുക. മീഖാ 6:9 (പി.ഒ.സി. ബൈ.) പ്രസ്താവിക്കുന്നു: “കർത്താവിന്റെ [“യഹോവയുടെ,” NW] ശബ്ദം നഗരത്തിൽ മുഴങ്ങുന്നു. അവിടുത്തെ നാമത്തെ ഭയപ്പെടുകയാണ് യഥാർത്ഥ ജ്ഞാനം.” സകല ജനതകളിലെയും ആളുകൾ യഹോവയുടെ “ശബ്ദം” കേൾക്കുന്നത് എങ്ങനെയാണ്? അത്, നാം ന്യായം പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത് ഏതു വിധത്തിൽ? തീർച്ചയായും, ഇന്ന് ആളുകൾ ദൈവത്തിന്റെ ശബ്ദം അക്ഷരാർഥത്തിൽ കേൾക്കുന്നില്ല. എന്നിരുന്നാലും നമ്മുടെ ലോകവ്യാപക പ്രസംഗപ്രവർത്തനത്തിലൂടെ സകല വംശങ്ങളിലും ജീവിതത്തുറകളിലും പെട്ട ആളുകൾ യഹോവയുടെ ശബ്ദം കേൾക്കുന്നുണ്ട്. തത്ഫലമായി, ശ്രദ്ധിക്കുന്നവർ ‘ദൈവത്തിന്റെ നാമത്തെ ഭയപ്പെടുന്നു,’ അവർ അതിനോട് ഭയാദരവ് വളർത്തിയെടുക്കുന്നു. തീർച്ചയായും, തീക്ഷ്ണ രാജ്യഘോഷകരായി സേവിക്കുമ്പോൾ നാം നീതിപൂർവകവും സ്നേഹപുരസ്സരവുമായ വിധത്തിൽ പ്രവർത്തിക്കുകയാണ്. മുഖപക്ഷമില്ലാതെ എല്ലാവരെയും ദൈവനാമം അറിയിച്ചുകൊണ്ട് നാം ‘ന്യായം പ്രവർത്തിക്കുന്നു.’
നാം ദയയെ സ്നേഹിക്കണം
13. സ്നേഹദയയും സ്നേഹവും തമ്മിലുള്ള വ്യത്യാസമെന്ത്?
13 അടുത്തതായി നമുക്ക് മീഖാ 6:8-ൽ പരാമർശിച്ചിരിക്കുന്ന രണ്ടാമത്തെ വ്യവസ്ഥയെ കുറിച്ചു പരിചിന്തിക്കാം. നാം ‘ദയാതത്പരർ’ [“ദയയെ സ്നേഹിക്കുന്നവർ,” NW] ആയിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. “ദയ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം “സ്നേഹദയ,” “വിശ്വസ്ത സ്നേഹം” എന്നിങ്ങനെയും വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. “സ്നേഹദയ” എന്നത് മറ്റുള്ളവരിലുള്ള ക്രിയാത്മകവും അനുകമ്പാപൂർവകവുമായ താത്പര്യം ആണ്. സ്നേഹദയയും സ്നേഹവും തമ്മിൽ വ്യത്യാസമുണ്ട്. എങ്ങനെ? “സ്നേഹം” എന്നതു വിശാലമായ ഒരു പദമാണ്. വസ്തുക്കളോടും ആശയങ്ങളോടു പോലും സ്നേഹം പ്രകടമാക്കാൻ കഴിയും. “ലോകത്തെയും ലോകത്തിലുള്ളതിനെയും” സ്നേഹിക്കുന്നതിനെ കുറിച്ച് ബൈബിൾ പറയുന്നു. (1 യോഹന്നാൻ 2:15) എന്നാൽ സ്നേഹദയ എല്ലായ്പോഴും വ്യക്തികളുമായി പ്രത്യേകിച്ച് ദൈവത്തെ സേവിക്കുന്നവരുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, മീഖാ 7:20, യഹോവയാം ദൈവത്തെ സേവിച്ച ഒരു മനുഷ്യനായിരുന്ന ‘അബ്രഹാമിനോടു കാണിച്ച ദയയെ [“സ്നേഹദയയെ,” NW]’ കുറിച്ചു പറയുന്നു.
14, 15. സ്നേഹദയ പ്രകടിപ്പിക്കപ്പെടുന്നത് ഏതു വിധത്തിൽ, അതിന്റെ എന്തു തെളിവ് നാം കാണുന്നു?
14 മീഖാ 7:18 അനുസരിച്ച്, ‘ദയയിലല്ലോ [“സ്നേഹദയയിൽ,” NW] ദൈവത്തിനു പ്രസാദമുള്ളത്’ എന്ന് പ്രവാചകൻ പറയുന്നു. കേവലം സ്നേഹദയ കാണിക്കാനല്ല മറിച്ച് ആ ഗുണത്തെ സ്നേഹിക്കാൻ മീഖാ 6:8 (NW) നമ്മോടു പറയുന്നു. ഈ തിരുവെഴുത്തുകളിൽനിന്നു നാം എന്താണു പഠിക്കുന്നത്? നാം സ്നേഹദയ പ്രകടമാക്കുന്നത് സ്വന്ത ഇഷ്ടപ്രകാരമായതിനാൽ അത് മനസ്സോടെയും ഉദാരമായും പ്രകടിപ്പിക്കുന്നു. യഹോവയെപ്പോലെ, സഹായം ആവശ്യമുള്ളവരോട് സ്നേഹദയ പ്രകടമാക്കുന്നതിൽ നാം ആനന്ദിക്കുന്നു അഥവാ സന്തോഷിക്കുന്നു.
15 ഇന്ന്, അത്തരം സ്നേഹദയ ദൈവജനത്തിന്റെ മുഖമുദ്രയാണ്. ഒരു ഉദാഹരണം പരിചിന്തിക്കുക: ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ ഫലമായി 2001 ജൂണിൽ യു.എസ്.എ.-യിലെ ടെക്സാസിൽ വലിയൊരു വെള്ളപ്പൊക്കമുണ്ടായി. യഹോവയുടെ സാക്ഷികളുടെ നൂറുകണക്കിനു വീടുകൾ ഉൾപ്പെടെ ആയിരക്കണക്കിനു വീടുകൾ തകർന്നു. ദുരന്ത ബാധിത പ്രദേശത്തുള്ള സഹോദരങ്ങളെ സഹായിക്കാനായി, 10,000-ത്തോളം സാക്ഷികൾ സ്വമേധയാ തങ്ങളുടെ സമയവും ഊർജവും ചെലവഴിച്ചു. 8 രാജ്യഹാളുകളും ക്രിസ്തീയ സഹോദരങ്ങളുടെ 700-ലധികം വീടുകളും പുനഃനിർമിക്കാനായി രാത്രിയും പകലും വാരാന്തങ്ങളിലുമായി ഈ സ്വമേധയാ സേവകർ ആറു മാസത്തിലധികം അക്ഷീണം ജോലി ചെയ്തു. നിർമാണവേലയിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞവർ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും പണവും സംഭാവന ചെയ്തു. ആയിരക്കണക്കിനു വരുന്ന ഈ സാക്ഷികൾ തങ്ങളുടെ സഹോദരങ്ങളുടെ സഹായത്തിനെത്തിയത് എന്തുകൊണ്ടാണ്? അവർ ‘ദയയെ സ്നേഹിക്കുന്നതു’കൊണ്ട്. ലോകവ്യാപകമായി നമ്മുടെ സഹോദരങ്ങൾ സ്നേഹദയയുടെ അത്തരം പ്രവൃത്തികൾ ചെയ്യുന്നു എന്നറിയുന്നത് എത്ര ഹൃദയോഷ്മളമാണ്! അതേ, ‘ദയയെ സ്നേഹിക്കുക’ എന്ന വ്യവസ്ഥ പാലിക്കുന്നത് ഒരു ഭാരമല്ല, മറിച്ച് സന്തോഷമാണ്!
ദൈവത്തിന്റെ സന്നിധിയിൽ എളിമയോടെ നടക്കുക
16. ദൈവത്തിന്റെ സന്നിധിയിൽ എളിമയോടെ നടക്കേണ്ടതിന്റെ ആവശ്യം എടുത്തുകാട്ടാൻ ഏതു ദൃഷ്ടാന്തം സഹായിക്കുന്നു?
16 മീഖാ 6:8-ൽ കാണുന്ന മൂന്നാമത്തെ വ്യവസ്ഥ ‘നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ [“എളിമയോടെ,” NW] നടക്കുക’ എന്നതാണ്. നമ്മുടെ പരിമിതികൾ തിരിച്ചറിഞ്ഞ് യഹോവയിൽ ആശ്രയിക്കുക എന്നാണ് ഇതിന്റെ അർഥം. അതിനെ പിൻവരുന്ന പ്രകാരം ദൃഷ്ടാന്തീകരിക്കാം: കൊടുങ്കാറ്റ് ആഞ്ഞുവീശുന്ന ഒരു സമയത്ത് തന്റെ പിതാവിന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് നടക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെ ഭാവനയിൽ കാണുക. തന്റെ ശക്തി പരിമിതമാണെന്ന് കുട്ടിക്ക് നന്നായി അറിയാം. എങ്കിലും, അവൾ തന്റെ പിതാവിൽ ആശ്രയം അർപ്പിക്കുന്നു. ആ കൊച്ചു പെൺകുട്ടിയെപ്പോലെ, നാമും നമ്മുടെ പരിമിതികൾ തിരിച്ചറിയുകയും നമ്മുടെ സ്വർഗീയ പിതാവിൽ ആശ്രയം അർപ്പിക്കുകയും വേണം. നമുക്ക് ഈ ആശ്രയം എങ്ങനെ നിലനിറുത്താനാകും? യഹോവയോടു പറ്റിനിൽക്കുന്നത് ജ്ഞാനമായിരിക്കുന്നതിന്റെ കാരണം മനസ്സിൽ പിടിക്കുക എന്നതാണ് ഒരു വിധം. പിൻവരുന്ന മൂന്നു കാരണങ്ങൾ മീഖാ നമ്മെ ഓർമിപ്പിക്കുന്നു: യഹോവ നമ്മുടെ വിമോചകനാണ്; മാർഗദർശിയാണ്; സംരക്ഷകനാണ്.
17. പുരാതന കാലത്ത് യഹോവ തന്റെ ജനത്തിന് വിമോചനവും മാർഗദർശനവും സംരക്ഷണവും പ്രദാനം ചെയ്തത് എങ്ങനെ?
17 മീഖാ 6:4, 5 അനുസരിച്ച്, ദൈവം പറയുന്നു: “ഞാൻ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു.” അതേ, യഹോവ ഇസ്രായേല്യരുടെ വിമോചകൻ ആയിരുന്നു. യഹോവ കൂടുതലായി ഇങ്ങനെ പറയുന്നു: ‘മോശെയെയും അഹരോനെയും മിര്യാമിനെയും [ഞാൻ] നിന്റെ മുമ്പിൽ അയച്ചു.’ ആ ജനതയ്ക്കു മാർഗനിർദേശം നൽകാൻ മോശെയും അഹരോനും നിയോഗിക്കപ്പെട്ടു, വിജയനൃത്തത്തിൽ മിര്യാം ഇസ്രായേല്യ സ്ത്രീകൾക്കു നേതൃത്വം നൽകി. (പുറപ്പാടു 7:1, 2; 15:1, 19-21; ആവർത്തനപുസ്തകം 34:10) അങ്ങനെ, തന്റെ ദാസന്മാർ മുഖാന്തരം യഹോവ മാർഗനിർദേശം പ്രദാനം ചെയ്തു. ബാലാക്ക്, ബിലെയാം എന്നിവരിൽനിന്ന് താൻ അവരെ രക്ഷിച്ചെന്നും മോവാബിലെ “ശിത്തീം” മുതൽ വാഗ്ദത്ത ദേശത്തെ “ഗില്ഗാൽ” വരെയുള്ള അവസാന യാത്രാഘട്ടത്തിൽ അവർക്കു സംരക്ഷണമേകിയെന്നും 5-ാം വാക്യത്തിൽ യഹോവ ഇസ്രായേൽ ജനതയെ ഓർമിപ്പിക്കുന്നു.
18. ദൈവം ഇന്ന് വിമോചകനും മാർഗദർശിയും സംരക്ഷകനുമായി വർത്തിക്കുന്നത് എങ്ങനെ?
18 സമാനമായി, നാം ദൈവത്തോടൊത്തു നടക്കുമ്പോൾ അവൻ സാത്താന്റെ ലോകത്തിൽനിന്ന് നമ്മെ മോചിപ്പിക്കുന്നു, തന്റെ വചനവും സംഘടനയും മുഖേന നമുക്കു മാർഗദർശനം നൽകുന്നു, എതിരാളികൾ ആക്രമിക്കുമ്പോൾ ഒരു കൂട്ടമെന്ന നിലയിൽ നമ്മെ സംരക്ഷിക്കുന്നു. പുരാതന കാലത്തെ വാഗ്ദത്ത ദേശത്തെക്കാൾ ഏറെ മഹത്ത്വമാർന്ന ഒന്നിലേക്കുള്ള അതായത്, ദൈവത്തിന്റെ നീതിനിഷ്ഠമായ പുതിയ ലോകത്തിലേക്കുള്ള യാത്രയുടെ പ്രക്ഷുബ്ധമായ അവസാന ഘട്ടത്തിൽ ആയിരിക്കുന്ന നമുക്ക് നമ്മുടെ സ്വർഗീയ പിതാവിന്റെ കരങ്ങളിൽ മുറുകെ പിടിക്കാൻ സകല കാരണവുമുണ്ട്.
19. ഏതു വിധത്തിലാണ് എളിമ നമ്മുടെ പരിമിതികളുമായി ബന്ധപ്പെട്ടിരിക്കുന്നത്?
19 ദൈവമുമ്പാകെ എളിമയോടെ നടക്കുന്നത് നമ്മുടെ സാഹചര്യങ്ങൾ സംബന്ധിച്ച് യാഥാർഥ്യബോധമുള്ള ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കാൻ നമ്മെ സഹായിക്കും. എന്തുകൊണ്ടെന്നാൽ, എളിമ പ്രകടമാക്കുന്നതിൽ നമ്മുടെ പരിമിതികളെ കുറിച്ച് ബോധമുണ്ടായിരിക്കുന്നത് ഉൾപ്പെട്ടിരിക്കുന്നു. ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യമോ പ്രായാധിക്യമോ ദൈവസേവനത്തിൽ നമുക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കുറേയൊക്കെ പരിമിതപ്പെടുത്തിയേക്കാം. എന്നാൽ, നിരുത്സാഹപ്പെടരുത്. ‘പ്രാപ്തിയില്ലാത്തതുപോലെയല്ല,’ മറിച്ച് നമ്മുടെ ‘പ്രാപ്തിക്കനുസരിച്ച്’ നാം ചെയ്യുന്ന ശ്രമങ്ങളെയും ത്യാഗങ്ങളെയും ദൈവം അംഗീകരിക്കുന്നു എന്ന് ഓർക്കുക. (2 കൊരിന്ത്യർ 8:12) നമ്മുടെ സാഹചര്യങ്ങൾ അനുവദിക്കുന്ന അളവോളം പ്രവർത്തിച്ചുകൊണ്ട്, യഹോവയെ നാം പൂർണ മനസ്സോടെ സേവിക്കാനാണ് അവൻ പ്രതീക്ഷിക്കുന്നത്. (കൊലൊസ്സ്യർ 3:23) ദൈവസേവനത്തിൽ നമുക്കു കഴിയുന്നതെല്ലാം ആത്മാർഥമായും തീക്ഷ്ണമായും ചെയ്യുമ്പോൾ അവൻ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കും.—സദൃശവാക്യങ്ങൾ 10:22.
കാത്തിരിപ്പിൻ മനോഭാവം അനുഗ്രഹങ്ങൾ കൈവരുത്തുന്നു
20. മീഖായെ പോലെ കാത്തിരിപ്പിൻ മനോഭാവം പ്രകടമാക്കാൻ എന്ത് അറിവ് നമ്മെ സഹായിക്കേണ്ടതാണ്?
20 മീഖായുടെ മനോഭാവം അനുകരിക്കാൻ ദൈവത്തിൽനിന്നുള്ള അനുഗ്രഹങ്ങൾ നമ്മെ പ്രചോദിപ്പിക്കുന്നു. അവൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: ‘[ഞാനോ] എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും.’ (മീഖാ 7:7) ദൈവമുമ്പാകെ എളിമയോടെ നടക്കുന്നതുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? കാത്തിരിപ്പിൻ മനോഭാവം അഥവാ ക്ഷമ ഉണ്ടായിരിക്കുന്നത് യഹോവയുടെ ദിവസം ഇനിയും വന്നില്ലല്ലോ എന്നോർത്തു നിരാശപ്പെടുന്നത് ഒഴിവാക്കാൻ നമ്മെ സഹായിക്കും. (സദൃശവാക്യങ്ങൾ 13:12) ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യം വന്നുകാണാൻ നാമെല്ലാം അതിയായി ആഗ്രഹിക്കുന്നു എന്നതു വാസ്തവമാണ്. എന്നിരുന്നാലും, ഓരോ ആഴ്ചയും ആയിരക്കണക്കിന് ആളുകളാണ് ദൈവത്തോടൊത്തു നടന്നുതുടങ്ങുന്നത്. ആ അറിവ് കാത്തിരിപ്പിൻ മനോഭാവം പ്രകടമാക്കാനുള്ള ഒരു കാരണം നൽകുന്നു. ദീർഘകാലമായി സാക്ഷിയായിരിക്കുന്ന ഒരു വ്യക്തി ഇതിനോടുള്ള ബന്ധത്തിൽ പിൻവരുംവിധം പറഞ്ഞു: “പ്രസംഗവേലയിൽ ചെലവഴിച്ച 55-ലധികം വർഷത്തേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ, യഹോവയ്ക്കായി കാത്തിരുന്നതിനാൽ എനിക്ക് ഒന്നും നഷ്ടമായിട്ടില്ല എന്ന് എനിക്കു ബോധ്യത്തോടെ പറയാൻ കഴിയും. നേരെ മറിച്ച്, അനേകം ഹൃദയവേദനകൾ ഒഴിവാക്കാൻ എനിക്കു കഴിഞ്ഞിരിക്കുന്നു.” സമാനമായ അനുഭവം നിങ്ങൾക്കുണ്ടോ?
21, 22. ഇക്കാലത്ത് മീഖാ 7:14 നിവൃത്തിയേറുന്നത് എങ്ങനെ?
21 നിസ്സംശയമായും യഹോവയോടൊത്തു നടക്കുന്നത് നമുക്ക് പ്രതിഫലങ്ങൾ കൈവരുത്തുന്നു. മീഖാ 7:14-ൽ നാം വായിക്കുന്നതുപോലെ, ഇടയന്റെ കീഴിൽ സുരക്ഷിതരായി കഴിയുന്ന ആട്ടിൻപറ്റത്തോട് മീഖാ ദൈവജനത്തെ ഉപമിക്കുന്നു. ഈ പ്രവചനത്തിന്റെ വലിയ നിവൃത്തിയിൽ, ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പും ‘വേറെ ആടുകളും’ ആശ്രയയോഗ്യനാം ഇടയനായ യഹോവയുടെ കീഴിൽ സുരക്ഷിതത്വം കണ്ടെത്തുന്നു. അവർ ‘കാട്ടിൽ തനിച്ചിരിക്കുന്നു,’ അതായത് ഒന്നിനൊന്നു പ്രക്ഷുബ്ധവും അപകടകരവും ആയിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽനിന്ന് ആത്മീയമായി വേർപെട്ടിരിക്കുന്നു.—യോഹന്നാൻ 10:16; ആവർത്തനപുസ്തകം 33:28; യിരെമ്യാവു 49:31; ഗലാത്യർ 6:16.
22 മീഖാ 7:14 മുൻകൂട്ടി പറഞ്ഞ പ്രകാരം, യഹോവയുടെ ജനം സമൃദ്ധി ആസ്വദിക്കുന്നു. ദൈവത്തിന്റെ ആടുകളെ അഥവാ ജനത്തെ കുറിച്ച് മീഖാ പ്രസ്താവിച്ചു: “അവർ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ.” ബാശാനിലെയും ഗിലെയാദിലെയും ആടുകൾ സമൃദ്ധമായ പുൽമേടുകളിൽ മേഞ്ഞ് തടിച്ചുകൊഴുത്തിരുന്നതുപോലെ, ദൈവജനം ഇന്ന് ആത്മീയ സമൃദ്ധി ആസ്വദിക്കുന്നു. ദൈവമുമ്പാകെ എളിമയോടെ നടക്കുന്നവർക്കുള്ള മറ്റൊരു അനുഗ്രഹമാണ് ഇത്.—സംഖ്യാപുസ്തകം 32:1; ആവർത്തനപുസ്തകം 32:14.
23. മീഖാ 7:18, 19 പരിചിന്തിക്കുന്നതിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
23 അനുതപിക്കുന്നവരോടു ക്ഷമിക്കാനുള്ള യഹോവയുടെ ആഗ്രഹത്തെ മീഖാ 7:18, 19-ൽ പ്രവാചകൻ എടുത്തു പറയുന്നു. യഹോവ “അകൃത്യം ക്ഷമിക്കയും” “അതിക്രമം മോചിക്കയും” ചെയ്യുന്നുവെന്ന് 18-ാം വാക്യം പറയുന്നു. 19-ാം വാക്യം പ്രസ്താവിക്കുന്നതുപോലെ, അവൻ ‘അവരുടെ പാപങ്ങളെ ഒക്കെയും സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയും.’ ഇതിൽനിന്ന് നമുക്കുള്ള ഒരു പാഠം എന്താണ്? ഇക്കാര്യത്തിൽ നാം യഹോവയെ അനുകരിക്കുന്നുണ്ടോ എന്നു നമുക്കു സ്വയം ചോദിക്കാവുന്നതാണ്. മറ്റുള്ളവർ നമ്മോടു ചെയ്യുന്ന തെറ്റുകൾ നാം ക്ഷമിക്കാറുണ്ടോ? അവർ അനുതപിക്കുകയും തെറ്റുതിരുത്താൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, പൂർണമായും നിത്യമായും ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സൊരുക്കത്തെ പ്രതിഫലിപ്പിക്കാൻ നാം തീർച്ചയായും ആഗ്രഹിക്കും.
24. മീഖായുടെ പ്രവചനത്തിൽനിന്ന് നിങ്ങൾ പ്രയോജനം അനുഭവിച്ചിരിക്കുന്നത് എങ്ങനെ?
24 മീഖായുടെ പ്രവചനത്തെ കുറിച്ചുള്ള ഈ ചർച്ചയിൽനിന്ന് നാം പ്രയോജനം അനുഭവിച്ചിരിക്കുന്നത് എങ്ങനെ? തന്നിലേക്ക് ആകർഷിക്കപ്പെടുന്നവർക്ക് യഹോവ യഥാർഥ പ്രത്യാശ നൽകുന്നുവെന്ന് അത് നമ്മെ ഓർമിപ്പിച്ചു. (മീഖാ 2:1-13) ദൈവനാമത്തിൽ എന്നേക്കും നടക്കാൻ കഴിയേണ്ടതിന് സത്യാരാധനയെ ഉന്നമിപ്പിക്കാനായി നമുക്കു സാധ്യമായതെല്ലാം ചെയ്യാൻ നാം പ്രോത്സാഹിതരായി. (മീഖാ 4:1-4) നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെ ആയിരുന്നാലും യഹോവയുടെ വ്യവസ്ഥകൾ പാലിക്കാൻ കഴിയുമെന്ന ഉറപ്പും നമുക്കു ലഭിച്ചു. അതേ, യഹോവയുടെ നാമത്തിൽ നടക്കാൻ മീഖായുടെ പ്രവചനം നമ്മെ തീർച്ചയായും ശക്തീകരിക്കുന്നു!
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• മീഖാ 6:8 അനുസരിച്ച് യഹോവ നമ്മിൽനിന്ന് ആവശ്യപ്പെടുന്നത് എന്ത്?
• ന്യായം പ്രവർത്തിക്കുന്നതിന് നമ്മുടെ പക്ഷത്ത് എന്ത് ആവശ്യമാണ്?
• ‘ദയയെ സ്നേഹിക്കുന്നു’ എന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാം?
• ‘ദൈവത്തിന്റെ സന്നിധിയിൽ എളിമയോടെ നടക്കുന്നതിൽ’ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
[21 -ാം പേജിലെ ചിത്രങ്ങൾ]
ദുഷിച്ച അവസ്ഥകൾക്കു മധ്യേയും മീഖാ യഹോവയുടെ വ്യവസ്ഥകൾക്കൊത്ത് ജീവിച്ചു. നിങ്ങൾക്കും അതു സാധിക്കും
[23 -ാം പേജിലെ ചിത്രം]
സകല ജീവിതത്തുറകളിലുള്ളവരോടും സാക്ഷീകരിച്ചുകൊണ്ട് ന്യായം പ്രവർത്തിക്കുക
[23 -ാം പേജിലെ ചിത്രം]
മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് ദയയെ സ്നേഹിക്കുന്നു എന്ന് പ്രകടമാക്കുക
[23 -ാം പേജിലെ ചിത്രങ്ങൾ]
സ്വന്തം പരിമിതികൾ എളിമയോടെ തിരിച്ചറിഞ്ഞുകൊണ്ട് നിങ്ങൾക്കു സാധിക്കുന്നത് ചെയ്യുക