വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ദുഷ്ട ദൂതന്മാർ പുറത്താക്കപ്പെടാതിരിക്കെത്തന്നെ ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിൽ ചെയ്യപ്പെടുകയാണെന്നാണോ മാതൃകാ പ്രാർഥനയിൽ യേശു അർഥമാക്കിയത്?
മത്തായി 6:10-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം യേശു ഇങ്ങനെ പറഞ്ഞു: “നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:10) പല ആധുനിക പരിഭാഷകൾ അനുസരിച്ച് മൂലപാഠം രണ്ടു വിധത്തിൽ മനസ്സിലാക്കാം. ഒന്നാമത്, ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിൽ ചെയ്യപ്പെട്ടുകൊണ്ടിരുന്നതുപോലെ ഭൂമിയിലും ആകാനുള്ള ഒരു അഭ്യർഥന എന്ന നിലയിലും രണ്ടാമത്, അത് സ്വർഗത്തിലും ഭൂമിയിലും പൂർണമായി ചെയ്യപ്പെടേണമേ എന്ന ഒരു അപേക്ഷ എന്ന നിലയിലും.a യേശു അതിനു മുമ്പു നടത്തിയ, “നിന്റെ രാജ്യം വരേണമേ” എന്ന പ്രസ്‌താവനയുടെ അർഥം സൂചിപ്പിക്കുന്നതനുസരിച്ച്, ഇവയിൽ രണ്ടാമത്തേതാണ് തിരുവെഴുത്തുകളുമായി യോജിക്കുന്നത്. യേശു ഭൂമിയിൽ ആയിരുന്നപ്പോഴും അതുകഴിഞ്ഞും ഉള്ള സാഹചര്യത്തെ ഇത് വെളിപ്പെടുത്തുന്നു. ഏതു വിധത്തിൽ?
സ്വർഗത്തിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടുന്നതിന്റെ രണ്ട് പരിണത ഫലങ്ങളിലേക്ക് വെളിപ്പാടു പുസ്‌തകം വിരൽചൂണ്ടുന്നു. അതിൽ ആദ്യത്തേത് സ്വർഗത്തെയും രണ്ടാമത്തേത് ഭൂമിയെയും ബാധിക്കുന്നതാണ്. വെളിപ്പാടു 12:7-9, 12 ഇങ്ങനെ പറയുന്നു: “പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും. സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു. ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.”
സ്വർഗത്തിൽനിന്ന് 1914-നുശേഷം സാത്താനും ഭൂതങ്ങളും നിഷ്‌കാസനം ചെയ്യപ്പെട്ടതോടെ, അവിടം മത്സരികളായ ആത്മജീവികളൊന്നും ഇല്ലാത്ത ഇടമായിത്തീർന്നു. അത് യഹോവയ്‌ക്കും അവന്റെ ആത്മസൃഷ്ടികളായ ഭൂരിപക്ഷംവരുന്ന വിശ്വസ്‌ത ദൂതപുത്രന്മാർക്കും വളരെ സന്തോഷം കൈവരുത്തി. (ഇയ്യോബ് 1:6-12; 2:1-7; വെളിപ്പാടു 12:10) അങ്ങനെ, യേശുവിന്റെ മാതൃകാപ്രാർഥനയിലെ അപേക്ഷ സ്വർഗത്തോടുള്ള ബന്ധത്തിൽ നിറവേറി. സ്വർഗത്തിൽ ശേഷിച്ചിരുന്ന സകലരും ഇപ്പോൾ യഹോവയോട് വിശ്വസ്‌തരും അവന്റെ പരമാധികാരത്തിന് പൂർണമായി കീഴ്‌പെടുന്നവരും ആയിരുന്നു.
അതിനു മുമ്പുപോലും, ദുഷ്ട ദൂതന്മാർക്ക് സ്വർഗത്തിൽ പ്രവേശനം ഉണ്ടായിരുന്നപ്പോൾത്തന്നെ, അവർ ദൈവത്തിന്റെ കുടുംബത്തിൽനിന്ന് പുറത്താക്കപ്പെട്ടവർ ആയിരുന്നു; അതുപോലെ അവർക്കെതിരെ വ്യക്തമായ വിലക്കുകൾ ഏർപ്പെടുത്തപ്പെട്ടിരുന്നു. ഉദാഹരണത്തിന്, പൊ.യു. ഒന്നാം നൂറ്റാണ്ടിൽത്തന്നെ, “മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷി”ക്കപ്പെട്ട അവസ്ഥയിലായിരുന്നു അവർ എന്ന് യൂദാ 6 വെളിപ്പെടുത്തുന്നു. സമാനമായി, 2 പത്രൊസ് 2:4 പറയുന്നു: ‘പാപം ചെയ്‌ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി [തികഞ്ഞ അധഃപതനത്തിന്റെതായ ഒരവസ്ഥ] ന്യായവിധിക്കായി കാപ്പാൻ ഏല്‌പിച്ചു.’b
സ്വർഗത്തിൽ അധമാവസ്ഥയിലായിരുന്ന ആ ദുഷ്ടദൂതന്മാർ അതിൽനിന്നും തികച്ചും വ്യത്യസ്‌തമായി ഭൂമിയുടെമേൽ വലിയ അധികാരം ചെലുത്തിയിരിക്കുന്നു. വാസ്‌തവത്തിൽ, ദൈവവചനം സാത്താനെ “ഈ ലോകത്തിന്റെ പ്രഭു” എന്നും ഭൂതങ്ങളെ ‘അന്ധകാരത്തിന്റെ ലോകാധിപതികൾ’ എന്നും വിളിക്കുന്നു. (യോഹന്നാൻ 12:31; എഫെസ്യർ 6:11, 12; 1 യോഹന്നാൻ 5:19) ഒരു ആരാധനക്രിയയ്‌ക്കു പകരമായി ‘ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും’ യേശുവിന് വാഗ്‌ദാനം ചെയ്യാൻ പിശാചിനു സാധിച്ചത് അവനുള്ള ആ അധികാരം നിമിത്തമാണ്. (മത്തായി 4:8, 9) അപ്പോൾ വ്യക്തമായും, ഭൂമിയെ സംബന്ധിച്ചിടത്തോളം ദൈവരാജ്യത്തിന്റെ ‘വരവ്’ സമൂലമാറ്റത്തിന് ഇടയാക്കും.
ദൈവരാജ്യത്തിന്റെ ‘വരവ്’ ഭൂമിയിൽ തികച്ചും പുതുതായ ഒരു വ്യവസ്ഥിതി ആനയിക്കും. ആ രാജ്യം മുഴു മനുഷ്യ ഭരണാധിപത്യങ്ങളെയും തകർത്തു നശിപ്പിക്കുകയും ഭൂമിയുടെ ഏക ഗവൺമെന്റ് ആയിത്തീരുകയും ചെയ്യും. അതേസമയം, ദൈവഭക്തരായ അതിന്റെ മാനുഷ പ്രജകൾ “പുതിയ ഭൂമി” ആയിരിക്കും. (2 പത്രൊസ് 3:13; ദാനീയേൽ 2:44) ആ രാജ്യം അനുസരണമുള്ള മനുഷ്യവർഗത്തിന്റെ പാപം തുടച്ചുനീക്കുകയും ക്രമേണ ഭൂമിയെ ഒരു ആഗോള പറുദീസയാക്കി മാറ്റുകയും ചെയ്യും. അങ്ങനെ അത് സാത്താന്യ ഭരണത്തിന്റെ സകല കണികയും ഉന്മൂലനം ചെയ്യും.—റോമർ 8:20, 21; വെളിപ്പാടു 19:17-21.
ആയിരം വർഷത്തിന്റെ ഒടുവിൽ, മിശിഹൈക രാജ്യം ദൈവഹിതം നിറവേറ്റിക്കഴിയുമ്പോൾ “ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്‌പെട്ടിരിക്കും.” (1 കൊരിന്ത്യർ 15:28) അതിനുശേഷം ഒരു അന്തിമ പരിശോധന ഉണ്ടായിരിക്കും. തുടർന്ന്, സാത്താനാലും അവന്റെ ഭൂതങ്ങളാലും വഴിതെറ്റിക്കപ്പെട്ട ഏതൊരു മാനുഷ മത്സരിയും “രണ്ടാമത്തെ മരണ”ത്തിൽ എന്നേക്കുമായി തുടച്ചുനീക്കപ്പെടും. (വെളിപ്പാടു 20:7-15) പിന്നീട് സ്വർഗത്തിലെയും ഭൂമിയിലെയും ബുദ്ധിശക്തിയുള്ള സകല സൃഷ്ടികളും യഹോവയുടെ സ്‌നേഹനിർഭരമായ പരമാധികാരത്തിന് സന്തോഷപൂർവം നിത്യം കീഴ്‌പെട്ടിരിക്കും. എല്ലാ വിധത്തിലും അത് യേശുവിന്റെ മാതൃകാ പ്രാർഥനയുടെ വാക്കുകളുടെ സമ്പൂർണ നിവൃത്തി ആയിരിക്കും.—1 യോഹന്നാൻ 4:8.
[അടിക്കുറിപ്പുകൾ]
a ബൈബിൾ—ഒരു അമേരിക്കൻ ഭാഷാന്തരം യേശുവിന്റെ മാതൃകാ പ്രാർഥനയിലെ ഈ വാക്യത്തെ ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “അങ്ങയുടെ രാജ്യം വരേണമേ! അങ്ങയുടെ ഹിതം സ്വർഗത്തിലും ഭൂമിയിലും ചെയ്യപ്പെടേണമേ!”—മത്തായി 6:10.
b ആത്മീയമായ ഈ അധമസ്ഥിതിയെ ‘തടവിൽ’ ആയിരിക്കുന്നതിനോടാണ് പത്രൊസ് അപ്പൊസ്‌തലൻ ഉപമിക്കുന്നത്. എന്നിരുന്നാലും, സാത്താനും അവന്റെ ഭൂതങ്ങളും ആയിരവർഷക്കാലത്തേക്ക് എറിയപ്പെടാൻ പോകുന്ന ഭാവിയിലെ “അഗാധ”ത്തെയല്ല അവൻ ഇവിടെ അർഥമാക്കുന്നത്.—1 പത്രൊസ് 3:19, 20; ലൂക്കൊസ് 8:30, 31; വെളിപ്പാടു 20:1-3.