ദൈവത്തോട് അടുത്തുചെല്ലുക
ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവ്
അബ്രാഹാം ദൈവത്തെ സ്നേഹിച്ചു. വിശ്വസ്തനായ ഈ ഗോത്രപിതാവ് വാർധക്യത്തിൽ തനിക്കു ജനിച്ച പുത്രനായ യിസ്ഹാക്കിനെയും സ്നേഹിച്ചിരുന്നു. എന്നാൽ സാധ്യതയനുസരിച്ച് യിസ്ഹാക്കിന് 25 വയസ്സുണ്ടായിരുന്നപ്പോൾ അബ്രാഹാമിന്റെ വിശ്വാസം പരിശോധിക്കപ്പെട്ടു. എങ്ങനെ? മകനെ ബലിയർപ്പിക്കാൻ ദൈവം അവനോട് ആവശ്യപ്പെട്ടു. ഒരു പിതാവിനെ സംബന്ധിച്ചിടത്തോളം സങ്കൽപ്പിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. കാര്യങ്ങൾ പക്ഷേ യിസ്ഹാക്കിന്റെ മരണത്തിൽ കലാശിച്ചില്ല. മകനെ കൊല്ലാനായി അബ്രാഹാം കത്തി ഉയർത്തിയപ്പോൾ ഒരു ദൂതനെ അയച്ചുകൊണ്ട് ദൈവം അവനെ തടഞ്ഞു. ഉല്പത്തി 22:1-18-ലെ ഈ ബൈബിൾവിവരണം, മഹത്തായ ഒരു സ്നേഹപ്രകടനത്തിന്റെ പൂർവവീക്ഷണം നൽകുന്നു.
‘ദൈവം അബ്രാഹാമിനെ പരീക്ഷിച്ചു’ എന്ന് 1-ാം വാക്യം പറയുന്നു. നല്ല വിശ്വാസമുള്ള വ്യക്തിയായിരുന്നു അബ്രാഹാം. എന്നാൽ ഇപ്പോൾ, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ അവന്റെ വിശ്വാസം പരീക്ഷിക്കപ്പെടാൻ പോകുകയാണ്. ദൈവം അവനോടു പറഞ്ഞു: “നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ എകജാതനായ യിസ്ഹാക്കിനെ തന്നേ, കൂട്ടിക്കൊണ്ടു ചെന്നു, . . . ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക.” (2-ാം വാക്യം) തന്റെ ദാസന്മാർക്ക് സഹിക്കാവുന്നതിലും അപ്പുറം പരീക്ഷകൾ ദൈവം അനുവദിക്കില്ലെന്ന് തിരുവെഴുത്തുകൾ പറയുന്നു. ആ സ്ഥിതിക്ക്, ദൈവത്തിന് അബ്രാഹാമിൽ വിശ്വാസമുണ്ടായിരുന്നു എന്നല്ലേ ഈ സംഭവം തെളിയിക്കുന്നത്?—1 കൊരിന്ത്യർ 10:13.
ദൈവത്തെ അനുസരിക്കാൻ അബ്രാഹാം ഒട്ടും അമാന്തിച്ചില്ല. വിവരണം പറയുന്നതു ശ്രദ്ധിക്കുക: “അബ്രാഹാം അതികാലത്തു എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടുപേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിന്നു വിറകുകീറി എടുത്തുംകൊണ്ടു പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി.” (3-ാം വാക്യം) പരീക്ഷയെക്കുറിച്ചുള്ള വിശദാംശങ്ങൾ അബ്രാഹാം ആരോടെങ്കിലും പറഞ്ഞിരിക്കാൻ സാധ്യതയില്ല.
മൂന്നു ദിവസം നീണ്ടുനിന്ന ആ യാത്രയ്ക്കിടെ ഒരുപാടു കാര്യങ്ങളെക്കുറിച്ച് അബ്രാഹാം ചിന്തിച്ചിട്ടുണ്ടാകണം. പക്ഷേ, അവന്റെ തീരുമാനത്തിനു മാറ്റമൊന്നും ഉണ്ടായില്ല. അവന് എത്രമാത്രം വിശ്വാസമുണ്ടായിരുന്നെന്ന് അവന്റെ വാക്കുകൾ വ്യക്തമാക്കുന്നുണ്ട്. യഹോവ നിർദേശിച്ച മല ദൂരത്തുനിന്നു കണ്ടപ്പോൾ അവൻ ബാല്യക്കാരോടു പറഞ്ഞു: “നിങ്ങൾ . . . ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം.” ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടി എവിടെ എന്ന് യിസ്ഹാക് ചോദിച്ചപ്പോൾ, “ദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും” എന്നായിരുന്നു അബ്രാഹാമിന്റെ മറുപടി. (5, 8 വാക്യങ്ങൾ) തിരിച്ചുവരുമ്പോൾ മകൻ കൂടെയുണ്ടാകും എന്ന് അവന് ഉറപ്പായിരുന്നു. എന്തായിരുന്നു ആ ഉറപ്പിന്റെ കാരണം? “മരിച്ചവരുടെ ഇടയിൽനിന്നു [യിസ്ഹാക്കിനെ] ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു [അബ്രാഹാം] എണ്ണി” എന്നു തിരുവെഴുത്തുകൾ പറയുന്നു.—എബ്രായർ 11:19.
മലമുകളിൽവെച്ച് അബ്രാഹാം ‘തന്റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തപ്പോൾ’ ദൂതൻ അവനെ തടഞ്ഞു. “മകന്നു പകരം” ബലിയർപ്പിക്കാൻ ദൈവം അബ്രാഹാമിന് ഒരു ആട്ടിൻകുട്ടിയെ കാണിച്ചുകൊടുത്തു. (10-13 വാക്യങ്ങൾ) ദൈവത്തെ സംബന്ധിച്ചിടത്തോളം, അബ്രാഹാമിന്റെ മനസ്സൊരുക്കം യിസ്ഹാക്കിനെ ബലിയർപ്പിച്ചതുപോലെയായിരുന്നു. (എബ്രായർ 11:17) “അവന്റെ മനസ്സൊരുക്കം പ്രവൃത്തിക്കു തുല്യമായി ദൈവം കണക്കാക്കി” എന്ന് ഒരു പണ്ഡിതൻ അഭിപ്രായപ്പെടുന്നു.
അബ്രാഹാമിലുള്ള യഹോവയുടെ വിശ്വാസം അസ്ഥാനത്തായില്ല. അബ്രാഹാമിന്റെ വിശ്വാസവും വെറുതെയായില്ല; അബ്രാഹാമിനു കൊടുത്തിരുന്ന വാഗ്ദാനം ആവർത്തിക്കുകയും കൂടുതലായ അനുഗ്രഹങ്ങൾ അതിനോടു കൂട്ടിച്ചേർക്കുകയും ചെയ്തുകൊണ്ട് ദൈവം അവന്റെ വിശ്വാസത്തിനു പ്രതിഫലം കൊടുത്തു. അവന്റെ സന്തതി മുഖാന്തരം സകലജാതികളും അനുഗ്രഹിക്കപ്പെടുമെന്ന് യഹോവ അവനോടു പറഞ്ഞു.—15-18 വാക്യങ്ങൾ.
പുത്രനെ ബലിയർപ്പിക്കാൻ ദൈവം അബ്രാഹാമിനെ അനുവദിച്ചില്ലെങ്കിലും, തന്റെ കാര്യം വന്നപ്പോൾ ദൈവം അതുചെയ്തു. യിസ്ഹാക്കിനെ ബലിയർപ്പിക്കാനുള്ള അബ്രാഹാമിന്റെ മനസ്സൊരുക്കം, ദൈവം തന്റെ ഏകജാതപുത്രനായ യേശുവിനെ നമ്മുടെ പാപങ്ങൾക്കായി യാഗമർപ്പിച്ചതിനെ മുൻനിഴലാക്കി. (യോഹന്നാൻ 3:16) യഹോവയ്ക്ക് നമ്മോടുള്ള സ്നേഹത്തിന്റെ ഏറ്റവും മഹത്തായ തെളിവാണ് ക്രിസ്തുവിന്റെ യാഗം. ദൈവം നമുക്കായി അത്രയും വലിയ ഒരു ത്യാഗം ചെയ്തസ്ഥിതിക്ക്, നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കേണ്ടതാണ്: ‘ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി എന്തു ത്യാഗംചെയ്യാൻ ഞാൻ തയ്യാറാണ്?’