സ്നേഹശൂന്യമായ ഈ ലോകത്തിൽ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുക
“നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കേണ്ടതിനാകുന്നു ഞാൻ ഇവ നിങ്ങളോടു കൽപ്പിച്ചത്.”—യോഹ. 15:17.
1. ആദിമക്രിസ്ത്യാനികൾ ഉറ്റസുഹൃത്തുക്കൾ ആയിരിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്?
ഭൂമിയിലെ തന്റെ അവസാനരാത്രിയിൽ യേശു തന്റെ വിശ്വസ്ത അനുഗാമികളോടു സംസാരിക്കുകയായിരുന്നു. അപ്പോൾ അവൻ, നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കേണം എന്ന് അവരെ ആഹ്വാനം ചെയ്തു. പരസ്പരമുള്ള അവരുടെ ആ സ്നേഹമാണ് തന്റെ ശിഷ്യന്മാരായി അവരെ തിരിച്ചറിയിക്കുന്നതെന്ന് കുറച്ചുമുമ്പാണ് അവൻ അവരോടു പറഞ്ഞത്. (യോഹ. 13:35) വരാനിരിക്കുന്ന പരിശോധനകളെ നേരിടാനും യേശു അവരെ ഏൽപ്പിക്കാനിരിക്കുന്ന നിയോഗം നിവർത്തിക്കാനും അവർ ഉറ്റ സുഹൃത്തുക്കൾ ആയിരിക്കേണ്ടിയിരുന്നു. യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിച്ച ആ ക്രിസ്ത്യാനികൾ ദൈവത്തോടും സഹോദരങ്ങളോടുമുള്ള ഗാഢസ്നേഹത്തിന്റെ ഉത്തമ മാതൃകകളായി.
2. (എ) എന്തു ചെയ്യാനാണ് നമ്മുടെ തീരുമാനം, എന്തുകൊണ്ട്? (ബി) ഏതെല്ലാം ചോദ്യങ്ങൾ നാം പരിചിന്തിക്കും?
2 ആദിമക്രിസ്ത്യാനികളുടെ പാത പിന്തുടരുന്ന ഒരു ആഗോളസംഘടനയുടെ ഭാഗമാണ് നാം ഇന്ന്. നാം അതിൽ സന്തോഷിക്കുകയും ചെയ്യുന്നു. നിസ്വാർഥമായി അന്യോന്യം സ്നേഹിക്കുക എന്ന യേശുവിന്റെ ആഹ്വാനം ചെവിക്കൊള്ളുമെന്ന് നാം നിശ്ചയിച്ചിരിക്കുന്നു. എന്നാൽ ഈ അന്ത്യകാലത്ത് ആളുകൾ പൊതുവെ അവിശ്വസ്തരും സഹജസ്നേഹം ഇല്ലാത്തവരുമാണ്. (2 തിമൊ. 3:1-3) നാമമാത്രവും സ്വാർഥ ലക്ഷ്യങ്ങളോടെയുമുള്ള സുഹൃദ്ബന്ധങ്ങളായിരിക്കും പലപ്പോഴും അവരുടേത്. എന്നാൽ സത്യക്രിസ്ത്യാനികളായ നാം ഇത്തരം മനോഭാവങ്ങൾ ഒഴിവാക്കിയേതീരൂ. ഇതിനോടുള്ള ബന്ധത്തിൽ പിൻവരുന്ന ചോദ്യങ്ങൾ പ്രസക്തമാണ്: നല്ല സുഹൃദ്ബന്ധങ്ങൾക്ക് ആധാരം എന്താണ്? നല്ല സുഹൃത്തുക്കളെ നമുക്ക് എങ്ങനെ സമ്പാദിക്കാം? ഒരു സുഹൃദ്ബന്ധം അവസാനിപ്പിക്കേണ്ടിവരുന്നത് എപ്പോഴായിരിക്കും? നല്ല സൗഹൃദങ്ങൾ എങ്ങനെ കാത്തുസൂക്ഷിക്കാം?
നല്ല സുഹൃദ്ബന്ധങ്ങളുടെ അടിസ്ഥാനം
3, 4. കരുത്തുറ്റ സുഹൃദ്ബന്ധങ്ങളുടെ അടിസ്ഥാനം എന്താണ്? എന്തുകൊണ്ട്?
3 യഹോവയോടുള്ള സ്നേഹമാണ് കരുത്തുറ്റ സുഹൃദ്ബന്ധങ്ങളുടെ അടിസ്ഥാനം. ശലോമോൻ രാജാവ് എഴുതി: “ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനില്ക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല.” (സഭാ. 4:12) ഒരു സുഹൃദ്ബന്ധത്തിൽ മൂന്നാമത്തെ ഇഴയായി യഹോവയും ഉണ്ടെങ്കിൽ അതൊരു ശാശ്വതബന്ധമായിരിക്കും.
4 യഹോവയെ അറിയാത്തവർക്കിടയിലും നല്ല സുഹൃദ്ബന്ധങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ സുഹൃത്തുക്കൾ ഇരുവരും യഹോവയെ സ്നേഹിക്കുന്നവരാണെങ്കിൽ ആ ബന്ധം ദൃഢമായിരിക്കും. തെറ്റിദ്ധാരണകൾ തലപൊക്കുമ്പോൾ അവർ യഹോവയ്ക്കു പ്രസാദകരമായ വിധത്തിൽ അത് കൈകാര്യം ചെയ്യും. സത്യക്രിസ്ത്യാനികളായ നമുക്കിടയിലെ സ്നേഹബന്ധങ്ങൾ തകർക്കാനാവാത്തതാണെന്ന് ഭിന്നതയുളവാക്കാൻ ശ്രമിക്കുന്ന എതിരാളികൾപോലും തിരിച്ചറിയുന്നു. സഹോദരങ്ങളെ ഒറ്റിക്കൊടുക്കുന്നതിനെക്കാൾ മരണംവരിക്കുന്നതാണ് നല്ലതെന്ന് കഴിഞ്ഞകാലത്തുടനീളം യഹോവയുടെ ദാസന്മാർ തെളിയിച്ചിട്ടുണ്ട്.—1 യോഹന്നാൻ 3:16 വായിക്കുക.
5. രൂത്തും നൊവൊമിയും തമ്മിലുണ്ടായിരുന്ന ബന്ധം ഈടുറ്റതായിരുന്നത് എന്തുകൊണ്ട്?
5 യഹോവയെ സ്നേഹിക്കുന്നവർക്കിടയിലാണ് ഏറ്റവും നല്ല സുഹൃദ്ബന്ധങ്ങൾ കണ്ടെത്താനാകുക. രൂത്തും നൊവൊമിയും തമ്മിലുണ്ടായിരുന്ന ബന്ധം അതിനൊരു ഉദാഹരണമാണ്. ബൈബിൾ പേരെടുത്തുപറയുന്ന സ്നേഹബന്ധങ്ങളിൽ ഒന്നാണ് ഇവരുടേത്. ആ സ്നേഹബന്ധത്തിന് ഇത്ര കരുത്തേകിയത് എന്തായിരുന്നു? നൊവൊമിയോടുള്ള രൂത്തിന്റെ വാക്കുകൾ അതിന്റെ കാരണം വെളിപ്പെടുത്തുന്നു: “നിന്റെ ജനം എന്റെ ജനം നിന്റെ ദൈവം എന്റെ ദൈവം . . . മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ.” (രൂത്ത് 1:16, 17) രൂത്തിനും നൊവൊമിക്കും യഹോവയോട് അഗാധമായ സ്നേഹമുണ്ടായിരുന്നുവെന്ന് വ്യക്തം, മാത്രമല്ല ഈ സ്നേഹമാണ് അവരുടെ ബന്ധത്തെ ഭരിച്ചിരുന്നതും. ഫലമോ, യഹോവയാൽ അവരിരുവരും അനുഗ്രഹിക്കപ്പെട്ടു.
നല്ല സുഹൃത്തുക്കളെ എങ്ങനെ നേടാം?
6-8. (എ) നിലനിൽക്കുന്ന സൗഹൃദങ്ങൾ ഉരുത്തിരിയുന്നതെങ്ങനെ? (ബി) സൗഹൃദങ്ങൾ സ്ഥാപിക്കാൻ നിങ്ങൾക്ക് എങ്ങനെ മുൻകൈയെടുക്കാം?
6 നല്ല സുഹൃദ്ബന്ധങ്ങൾ ആകസ്മികമായി ഉണ്ടാകുന്നതല്ല എന്ന് രൂത്തിന്റെയും നൊവൊമിയുടെയും ദൃഷ്ടാന്തം കാണിക്കുന്നു. യഹോവയോടുള്ള സ്നേഹമാണ് അടിസ്ഥാന ഘടകം. എന്നിരുന്നാലും ഒരു നല്ലബന്ധം നിലനിൽക്കണമെങ്കിൽ അതിന് ശ്രമവും ത്യാഗമനസ്ഥിതിയും ആവശ്യമാണ്. യഹോവയുടെ ആരാധകരായ ജഡിക സഹോദരങ്ങൾപോലും അങ്ങനെയൊരു ബന്ധം വളർത്തിയെടുക്കാൻ യത്നിക്കേണ്ടതുണ്ട്. എന്നാൽ എങ്ങനെയാണ് നല്ല സുഹൃദ്ബന്ധങ്ങൾ രൂപീകരിക്കാൻ കഴിയുക?
7 മുൻകൈയെടുക്കുക. റോമിലുള്ള തന്റെ സഹോദരങ്ങളെ അപ്പൊസ്തലനായ പൗലോസ് “അതിഥിസത്കാരം ആചരിക്കുവിൻ” എന്ന് ഉദ്ബോധിപ്പിച്ചു. (റോമ. 12:13) എന്താണ് അവൻ അർഥമാക്കിയത്? അതിഥിസത്കാരം നമ്മുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായിരിക്കണം എന്നാണ് അതുകൊണ്ട് അവൻ ഉദ്ദേശിക്കുന്നത്. എന്നാൽ വിപുലമായതോതിലുള്ള സത്കാരങ്ങൾ നടത്തണമെന്നല്ല പറയുന്നത്, ചെറിയതോതിലാണെങ്കിലും അത് പതിവായി ചെയ്യണം എന്നാണ്. നമുക്കുവേണ്ടി മറ്റാർക്കും അത് ചെയ്യാനാവില്ല. (സദൃശവാക്യങ്ങൾ 3:27 വായിക്കുക.) സഭയിലുള്ള ഓരോരുത്തരെയും മാറിമാറി നിങ്ങളുടെ വീട്ടിലേക്ക് ഒരു ലഘുഭക്ഷണത്തിനോ മറ്റോ ക്ഷണിച്ചുകൊണ്ട് ആതിഥ്യമരുളാൻ നിങ്ങൾക്കു കഴിയും. സഹവിശ്വാസികളെ വീട്ടിലേക്കു ക്ഷണിക്കുന്നത് നിങ്ങൾക്ക് ഒരു പതിവാക്കാൻ കഴിയുമോ?
8 മറ്റൊരു വിധമാണ് പ്രസംഗവേലയ്ക്ക് സഹോദരങ്ങളെ മാറിമാറി കൊണ്ടുപോകുക എന്നത്. ശുശ്രൂഷയിലായിരിക്കെ, അപരിചിതനായ ഒരാളോട് നിങ്ങളുടെ സഹോദരനോ സഹോദരിയോ യഹോവയെക്കുറിച്ച് ഹൃദയത്തിന്റെ ഭാഷയിൽ സംസാരിക്കുന്നതു കേൾക്കുമ്പോൾ നിങ്ങൾക്ക് അവരോട് അടുപ്പവും സ്നേഹവും തോന്നുകയില്ലേ?
9, 10. പൗലോസ് എന്തു മാതൃകവെച്ചു, നമുക്ക് അവനെ എങ്ങനെ അനുകരിക്കാം?
9 ഹൃദയം വിശാലമാക്കുക. (2 കൊരിന്ത്യർ 6:12, 13 വായിക്കുക.) സുഹൃത്തുക്കളാക്കാൻപറ്റിയ ആരുംതന്നെ സഭയിലില്ലെന്നു നിങ്ങൾക്ക് എന്നെങ്കിലും തോന്നിയിട്ടുണ്ടോ? ഒരുപക്ഷേ സുഹൃത്ത് ആരായിരിക്കണം എന്നതു സംബന്ധിച്ച നിങ്ങളുടെ സങ്കുചിത വീക്ഷണമായിരിക്കാം അത്തരമൊരു ചിന്താഗതിക്കു കാരണം. സുഹൃദ്ബന്ധങ്ങൾ വിപുലമാക്കുന്ന കാര്യത്തിൽ അപ്പൊസ്തലനായ പൗലോസ് നല്ലൊരു മാതൃകയാണ്. വിജാതീയരെ സ്നേഹിതരാക്കുന്നത് ഒരുകാലത്ത് അവന് അചിന്തനീയമായിരുന്നു. എന്നാൽ പിന്നീട് അവൻ “വിജാതീയരുടെ അപ്പൊസ്തലൻ” ആയിത്തീർന്നു എന്നു നമുക്കറിയാം.—റോമ. 11:13.
10 തന്റെ പ്രായത്തിനൊത്തവർ മാത്രമായിരുന്നില്ല പൗലോസിന്റെ സ്നേഹിതർ. പ്രായത്തിലും പശ്ചാത്തലത്തിലും വിഭിന്നരായിരുന്നെങ്കിലും പൗലോസും തിമൊഥെയൊസും ആത്മമിത്രങ്ങളായിരുന്നു. ഇന്നും അതുപോലെ പ്രായത്തിൽ മുതിർന്നവരുമായുള്ള സൗഹൃദത്തെ ക്രിസ്തീയസഭയിലെ പല ചെറുപ്പക്കാരും അമൂല്യമായി കണക്കാക്കുന്നു. “50-നുമേൽ പ്രായമുള്ള ഒരു ഉറ്റസുഹൃത്ത് എനിക്കുണ്ട്” 20-കളിലുള്ള വനേസ്സ പറയുന്നു. “എന്റെ പ്രായത്തിലുള്ള കൂട്ടുകാരോട് പറയുന്ന കാര്യങ്ങളെല്ലാംതന്നെ എനിക്ക് ആ സഹോദരിയോട് പറയാം. അവർക്ക് എന്നെ വലിയകാര്യമാണ്.” ഇത്തരത്തിലുള്ള സുഹൃദ്ബന്ധങ്ങൾ രൂപപ്പെടുന്നത് എങ്ങനെയാണ്? വനേസ്സ പറയുന്നു: “ഞാൻ അന്വേഷിച്ചുകണ്ടെത്തിയതാണീ സൗഹൃദം, ആരെങ്കിലും ഇങ്ങോട്ടുവന്നു കൂട്ടുകൂടാൻ ഞാൻ കാത്തിരുന്നില്ല.” സമപ്രായക്കാരല്ലാത്തവരുമായി സ്നേഹബന്ധങ്ങൾ സ്ഥാപിക്കാൻ നിങ്ങൾ ഒരുക്കമാണോ? നിങ്ങളുടെ ശ്രമങ്ങളുടെമേൽ യഹോവയുടെ അനുഗ്രഹം ഉണ്ടായിരിക്കും തീർച്ച.
11. ദാവീദിന്റെയും യോനാഥാന്റെയും ദൃഷ്ടാന്തത്തിൽനിന്നു നമുക്ക് എന്തു പഠിക്കാം?
11 വിശ്വസ്തരായിരിക്കുക. “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.” (സദൃ. 17:17) തന്റെ പിതാവായ ദാവീദും യോനാഥാനും തമ്മിലുണ്ടായിരുന്ന ആത്മബന്ധമായിരുന്നിരിക്കാം ഈ വാക്കുകൾ രേഖപ്പെടുത്തിയപ്പോൾ ശലോമോന്റെ മനസ്സിലുണ്ടായിരുന്നത്. (1 ശമൂ. 18:1) തന്റെ മകനായ യോനാഥാൻ ഇസ്രായേലിന്റെ രാജാവായിക്കാണാൻ ശൗൽ ആഗ്രഹിച്ചു. എന്നാൽ യഹോവ ദാവീദിനെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന വസ്തുത യോനാഥാൻ അംഗീകരിച്ചു. ശൗലിനെപ്പോലെ യോനാഥാന് ദാവീദിനോട് അസൂയ തോന്നിയില്ല. ദാവീദിനെ ആളുകൾ പ്രശംസിച്ചപ്പോൾ യോനാഥാൻ അതിൽ നീരസപ്പെട്ടില്ല. പിതാവായ ശൗൽ പറഞ്ഞുപരത്തിയ അപവാദം അവനൊട്ടു വിശ്വസിച്ചതുമില്ല. (1 ശമൂ. 20:24-34) നാം യോനാഥാനെപ്പോലെയാണോ? നമ്മുടെ സുഹൃത്തുക്കൾക്ക് പദവികൾ ലഭിക്കുമ്പോൾ നാം അതിൽ സന്തോഷിക്കാറുണ്ടോ? അവർക്കു പ്രയാസങ്ങളും പ്രാതികൂല്യങ്ങളും ഉണ്ടാകുമ്പോൾ നാം അവർക്ക് ആശ്വാസവും പിന്തുണയും നൽകാറുണ്ടോ? സുഹൃത്തിനെക്കുറിച്ച് ആരെങ്കിലും അപവാദം പറഞ്ഞാൽ നാമത് പെട്ടെന്നങ്ങ് വിശ്വസിക്കുമോ അതോ യോനാഥാനെപ്പോലെ സുഹൃത്തിനുവേണ്ടി സംസാരിക്കാൻ നാം തയ്യാറാകുമോ?
സുഹൃദ്ബന്ധങ്ങൾ അവസാനിപ്പിക്കേണ്ടത് എപ്പോൾ?
12-14. ചില ബൈബിൾ വിദ്യാർഥികൾ ഏതു വെല്ലുവിളി നേരിടുന്നു, നമുക്കവരെ എങ്ങനെ സഹായിക്കാം?
12 ഒരു ബൈബിൾ വിദ്യാർഥി ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങുമ്പോൾ സുഹൃദ്ബന്ധങ്ങളുടെ കാര്യത്തിലായിരിക്കാം ആ വ്യക്തിക്ക് ചില വെല്ലുവിളികൾ ഉണ്ടാകുന്നത്. ചില സുഹൃത്തുക്കളുടെ സഹവാസം അദ്ദേഹം ഇഷ്ടപ്പെടുന്നുണ്ടായിരിക്കാം, പക്ഷേ, അവർ ബൈബിൾ നിലവാരങ്ങൾ പിൻപറ്റാത്തവരായിരിക്കും. അവരോടൊത്തു സമയം ചെലവഴിക്കുന്നത് അദ്ദേഹത്തിന് ഒരു ശീലമായിരുന്നു. എന്നാലിപ്പോൾ ഈ കൂട്ടുകെട്ട് ദോഷം ചെയ്യുമെന്ന് മനസ്സിലാക്കിയതോടെ അവരുമായുള്ള സമ്പർക്കം കുറയ്ക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് തോന്നുന്നു. (1 കൊരി. 15:33) അതേസമയം, അങ്ങനെ ചെയ്യുന്നത് അവരോടു കാണിക്കുന്ന അവിശ്വസ്തതയായും അദ്ദേഹത്തിനു തോന്നിയേക്കാം.
13 ഇങ്ങനെയൊരു പ്രശ്നത്തെ നേരിടുന്ന ഒരു ബൈബിൾ വിദ്യാർഥിയാണോ നിങ്ങൾ? എന്നാൽ ഒന്നോർക്കുക, നിങ്ങൾ നല്ലൊരു വ്യക്തിയായിത്തീരുന്നതിൽ സന്തോഷിക്കുന്ന ഒരാളായിരിക്കും ഒരു നല്ല സുഹൃത്ത്. അങ്ങനെയുള്ള ഒരു സുഹൃത്ത് ചിലപ്പോൾ നിങ്ങളോടൊപ്പംചേർന്ന് യഹോവയെക്കുറിച്ചു പഠിക്കാൻപോലും മനസ്സുകാണിച്ചേക്കാം. എന്നാൽ ചീത്തക്കൂട്ടുകാർ, “ദുർവൃത്തിയുടെ ചെളിക്കുണ്ടിൽ നിങ്ങൾ അവരോടൊപ്പം പുളയ്ക്കാത്തതിൽ . . . അതിശയിക്കുകയും നിങ്ങളെ ദുഷിക്കുകയും” ചെയ്യും. (1 പത്രോ. 4:3, 4) വാസ്തവത്തിൽ അവരാണ് നിങ്ങളോട് അവിശ്വസ്തത കാട്ടുന്നത്, അല്ലാതെ നിങ്ങളല്ല.
14 ദൈവസ്നേഹമില്ലാത്ത സുഹൃത്തുക്കളുമായുള്ള ബന്ധം വിടുന്നതോടെ ഒറ്റപ്പെട്ടെന്ന തോന്നൽ ബൈബിൾ വിദ്യാർഥികൾക്ക് ഉണ്ടായേക്കാം. അങ്ങനെയുണ്ടാകുന്ന ശൂന്യതയകറ്റാൻ സഭയിലെ സഹോദരങ്ങൾക്കാകും. (ഗലാ. 6:10) യോഗങ്ങൾക്കുവരുന്ന ബൈബിൾ വിദ്യാർഥികളെ നിങ്ങൾക്ക് അടുത്തറിയാമോ? ഇടയ്ക്കൊക്കെ അവരോടൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ?
15, 16. (എ) ഒരു സുഹൃത്ത് യഹോവയെ സേവിക്കുന്നത് നിറുത്തിക്കളയുന്നെങ്കിൽ നമ്മുടെ മനോഭാവം എന്തായിരിക്കണം? (ബി) ദൈവത്തോടുള്ള സ്നേഹം നമുക്കെങ്ങനെ തെളിയിക്കാം?
15 ക്രിസ്തീയസഭയിലുള്ള നമ്മുടെ ഒരു സുഹൃത്ത് യഹോവയോടു മത്സരിച്ച് സത്യാരാധന ഉപേക്ഷിക്കാൻ തീരുമാനിക്കുന്നെങ്കിലെന്ത്? ഒരുപക്ഷേ അയാൾ പുറത്താക്കപ്പെടേണ്ടതുമുണ്ടായിരിക്കാം. അത്തരമൊരു സാഹചര്യം വേദനാകരമാണ്. തന്റെ ആത്മമിത്രം യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞപ്പോഴുണ്ടായ വിഷമത്തെക്കുറിച്ച് ഒരു സഹോദരി പറയുന്നു: “ആകെയൊരു മരവിപ്പ് തോന്നി. അവൾ ആത്മീയമായി ബലിഷ്ഠയാണെന്നായിരുന്നു എന്റെ ധാരണ, എന്നാൽ അത് അങ്ങനെയല്ലായിരുന്നു. കുടുംബത്തെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് അവൾ യഹോവയെ സേവിച്ചിരുന്നതെന്ന് എനിക്കപ്പോൾ തോന്നുന്നു. ഈ സംഭവത്തെത്തുടർന്ന് ഞാൻ എന്റെ ആന്തരമൊന്നു പരിശോധിക്കാൻ തീരുമാനിച്ചു. ഞാൻ എന്തുകൊണ്ടാണ് യഹോവയെ സേവിക്കുന്നത്?” ഈ സാഹചര്യത്തെ സഹോദരി എങ്ങനെ നേരിട്ടു? “എന്റെ ഭാരം ഞാൻ യഹോവയുടെമേൽ ഇട്ടു. ഞാൻ യഹോവയെ സ്നേഹിക്കുന്നത് അവൻ എനിക്ക് സഭയിൽ സുഹൃത്തുക്കളെ നൽകിയതുകൊണ്ടൊന്നുമല്ല, യഹോവയെ അടുത്തറിഞ്ഞതുകൊണ്ടാണ് എന്ന് എന്റെ ജീവിതത്തിലൂടെ തെളിയിക്കാൻ ഞാൻ നിശ്ചയിച്ചു,” അവൾ പറഞ്ഞു.
16 ലോകത്തെ സ്നേഹിക്കുന്നവരുടെ സ്നേഹിതരായിരുന്നുകൊണ്ട് നമുക്ക് ദൈവത്തിന്റെ സ്നേഹിതരായിരിക്കാൻ കഴിയില്ല. ശിഷ്യനായ യാക്കോബ് എഴുതി: “ലോകവുമായുള്ള സൗഹൃദം ദൈവത്തോടുള്ള ശത്രുത്വം ആകുന്നുവെന്ന് നിങ്ങൾ അറിയുന്നില്ലയോ? ലോകത്തിന്റെ സ്നേഹിതനാകാൻ ആഗ്രഹിക്കുന്ന ഏവനും ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.” (യാക്കോ. 4:4) നാം ദൈവത്തോട് വിശ്വസ്തരാണെങ്കിൽ സുഹൃത്തുക്കളെ നഷ്ടപ്പെട്ടതിന്റെ വിഷമവും ശൂന്യതയും നികത്താൻ ദൈവം നമ്മെ സഹായിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാനാകും. അങ്ങനെ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് അവനോടുള്ള സ്നേഹം നമുക്കു തെളിയിക്കാം. (എബ്രായർ 13:5ബി വായിക്കുക.) നേരത്തേകണ്ട സഹോദരി തുടർന്നുപറയുന്നു: “യഹോവയെ സ്നേഹിക്കാനോ നമ്മെ സ്നേഹിക്കാനോ നമുക്ക് ആരെയും നിർബന്ധിക്കാൻ കഴിയില്ല. അതൊക്കെ ഓരോ വ്യക്തിയുടെയും തീരുമാനമാണ്.” അങ്ങനെയെങ്കിൽ സഭയ്ക്കുള്ളിൽ വിശ്വസ്തരായി തുടരുന്ന സഹോദരങ്ങളുമായി നല്ല സുഹൃദ്ബന്ധങ്ങൾ നിലനിറുത്തിക്കൊണ്ടുപോകാൻ നമുക്ക് എങ്ങനെ കഴിയും?
നല്ല സുഹൃദ്ബന്ധങ്ങൾ നിലനിറുത്താനാവുന്നവിധം
17. നല്ല സുഹൃത്തുക്കൾ അന്യോന്യം എങ്ങനെ സംസാരിക്കും?
17 ഉറ്റബന്ധങ്ങളുടെ ജീവനാഡി നല്ല ആശയവിനിമയമാണ്. രൂത്ത്-നൊവൊമി, ദാവീദ്-യോനാഥാൻ, പൗലോസ്-തിമൊഥെയൊസ് എന്നിവർക്കിടയിലുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് ബൈബിളിൽനിന്നു വായിക്കുമ്പോൾ നല്ല സുഹൃത്തുക്കളെക്കുറിച്ച് നമുക്ക് ഒരുകാര്യം മനസ്സിലാകും: അവർ തുറന്ന് സംസാരിക്കുന്നവരായിരിക്കും, അതും ആദരവോടെ. മറ്റുള്ളവരോടുള്ള നമ്മുടെ സംസാരം എങ്ങനെയായിരിക്കണമെന്ന് പൗലോസ് എഴുതി: “നിങ്ങളുടെ സംസാരം ഉപ്പിനാൽ രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ.” “പുറത്തുള്ളവരോട്” അതായത് സഹോദരങ്ങളല്ലാത്തവരോട് സംസാരിക്കേണ്ടതെങ്ങനെയെന്ന് പറയുകയായിരുന്നു പൗലോസ്. (കൊലോ. 4:5, 6) വിശ്വാസികളല്ലാത്തവരോട് നാം ആദരപൂർവം സംസാരിക്കേണ്ടതുണ്ടെങ്കിൽ സഭയ്ക്കുള്ളിലെ നമ്മുടെ സ്നേഹിതർ എത്രയധികം ആദരവ് അർഹിക്കുന്നു!
18, 19. ഒരു ക്രിസ്തീയ സുഹൃത്ത് നൽകുന്ന ഉപദേശത്തെ നാം എങ്ങനെ വീക്ഷിക്കണം, എഫെസൊസിലെ മൂപ്പന്മാർവെച്ച നല്ല മാതൃക എന്ത്?
18 നല്ല സുഹൃത്തുക്കൾ അന്യോന്യം അഭിപ്രായങ്ങളെ മാനിക്കും, അതുകൊണ്ട് അവർ പരസ്പര ബഹുമാനത്തോടെ പരിഗണനയോടെ തുറന്നു സംസാരിക്കണം. ജ്ഞാനിയായ ശലോമോൻ രാജാവ് എഴുതി: “തൈലവും പരിമളവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; സ്നേഹിതന്റെ ഹൃദയത്തിൽനിന്നുവരുന്ന ആലോചനയുടെ മാധുര്യവും അങ്ങനെതന്നെ.” (സദൃ. 27:9, വിശുദ്ധ സത്യവേദപുസ്തകം, മോഡേൺ മലയാളം വേർഷൻ) ഒരു സുഹൃത്തിൽനിന്നു ലഭിക്കുന്ന ഉപദേശത്തെ നിങ്ങൾ ഈ വിധത്തിലാണോ സ്വീകരിക്കുന്നത്? (സങ്കീർത്തനം 141:5 വായിക്കുക.) നിങ്ങളുടെ ഒരു പ്രവൃത്തിയെക്കുറിച്ച് സുഹൃത്ത് ആശങ്കപ്പെടുന്നെങ്കിൽ നിങ്ങൾക്ക് എന്തുതോന്നും? സ്നേഹത്തിന്റെയും കരുതലിന്റെയും ഒരു തെളിവായി നിങ്ങൾ അതിനെ കാണുമോ, അതോ നിങ്ങൾക്കു മുഷിവ് തോന്നുമോ?
19 എഫെസൊസിലെ മൂപ്പന്മാരുമായി അപ്പൊസ്തലനായ പൗലോസിന് വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. അവരിൽ ചിലരെ അവർ വിശ്വാസത്തിൽവന്ന കാലംമുതൽത്തന്നെ പൗലോസിന് അറിയാം. അവരെ അവസാനമായി കണ്ടപ്പോൾ യാതൊരു വളച്ചുകെട്ടുംകൂടാതെ അവൻ അവരെ ഉപദേശിച്ചു. അവർ അതിനെ എങ്ങനെ കണ്ടു? പൗലോസിന്റെ ആ സ്നേഹിതർക്കു നീരസമൊന്നും തോന്നിയില്ല. മറിച്ച് അവർക്ക് അവനോട് മതിപ്പാണു തോന്നിയത്. യാത്രപറയുന്ന സമയത്ത്, പൗലോസിനെ ഇനി കാണാൻ കഴിയില്ലല്ലോ എന്നോർത്ത് അവരെല്ലാവരും അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു.—പ്രവൃ. 20:17, 29, 30, 36-38.
20. ഒരു യഥാർഥ സുഹൃത്ത് എന്തു ചെയ്യും?
20 നല്ല സുഹൃത്തുക്കൾ ഉപദേശം സ്വീകരിക്കുക മാത്രമല്ല ആവശ്യമായിവരുമ്പോൾ അതു നൽകാനും സന്നദ്ധരാണ്. അതേസമയം പരകാര്യങ്ങളിൽ ഇടപെടാതെ “അവനവന്റെ കാര്യം” നോക്കേണ്ടത് എപ്പോഴാണെന്നും നാം അറിഞ്ഞിരിക്കണം. (1 തെസ്സ. 4:11) അതുപോലെ “ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ട” ഉത്തരവാദിത്വം ഓരോരുത്തർക്കുമുണ്ട് എന്ന വസ്തുതയും നാം തിരിച്ചറിയുന്നു. (റോമ. 14:12) എന്നാൽ ആവശ്യമായി വരുമ്പോൾ യഹോവയുടെ നിലവാരങ്ങളെക്കുറിച്ച് തന്റെ സ്നേഹിതനെ ഓർമിപ്പിക്കാൻ സ്നേഹമുള്ള ഒരു സുഹൃത്ത് മടിക്കില്ല. (1 കൊരി. 7:39) ഉദാഹരണത്തിന് വിവാഹംകഴിച്ചിട്ടില്ലാത്ത ഒരു സുഹൃത്ത് അവിശ്വാസിയായ ഒരാളുമായി വൈകാരികമായി അടുക്കുന്നതായി അറിയുന്നെങ്കിൽ നിങ്ങൾ എന്തുചെയ്യും? സൗഹൃദം നഷ്ടമാകുമോയെന്നു പേടിച്ച് നിങ്ങളുടെ ആശങ്ക അദ്ദേഹത്തെ അറിയിക്കുന്നതിൽനിന്ന് നിങ്ങൾ പിൻവലിഞ്ഞു നിൽക്കുമോ? ഇനിയൊരുപക്ഷേ അയാൾ നിങ്ങളുടെ വാക്ക് തള്ളിക്കളയുന്നെങ്കിലെന്ത്? ഒരു നല്ല സുഹൃത്ത് ഇക്കാര്യത്തിൽ സഭയിലെ മേൽവിചാരകന്മാരുടെ സഹായംതേടും. ഇതിന് ധൈര്യം ആവശ്യമാണ്. യഹോവയോടുള്ള സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു സുഹൃദ്ബന്ധം അറ്റുപോകുകയില്ല.
21. നാമെല്ലാം ഇടയ്ക്കൊക്കെ എന്തുചെയ്തേക്കാം, എന്നാൽ സുദൃഢമായ സ്നേഹബന്ധങ്ങൾ നാം സഭയ്ക്കുള്ളിൽ വളർത്തിയെടുക്കേണ്ടത് എന്തുകൊണ്ട്?
21 കൊലോസ്യർ 3:13, 14 വായിക്കുക. ചിലപ്പോൾ നാം നമ്മുടെ സുഹൃത്തുക്കൾക്ക് ‘പരാതിക്കു കാരണം’ നൽകിയേക്കാം. മറ്റുചിലപ്പോൾ അവർ നമ്മെ അസഹ്യപ്പെടുത്തുന്ന കാര്യങ്ങൾ പറയുകയോ ചെയ്യുകയോ ചെയ്തേക്കാം. “നാമെല്ലാം പലതിലും തെറ്റിപ്പോകുന്നുവല്ലോ” എന്ന് യാക്കോബ് എഴുതി. (യാക്കോ. 3:2) നല്ല സുഹൃത്തുക്കൾക്കിടയിൽപ്പോലും പ്രശ്നങ്ങൾ ഉണ്ടായേക്കാം, മറിച്ചു ചിന്തിക്കുന്നത് യാഥാർഥ്യത്തിനു നിരക്കുന്നതല്ല. എന്നാൽ അതെല്ലാം പൂർണമായി ക്ഷമിച്ചുമുന്നോട്ടുപോകുന്നവരാണ് യഥാർഥ സുഹൃത്തുക്കൾ. തുറന്നുസംസാരിച്ചുകൊണ്ടും ഉദാരമായി ക്ഷമിച്ചുകൊണ്ടും കരുത്തുറ്റ സ്നേഹബന്ധങ്ങൾ പണിതുയർത്തേണ്ടത് പ്രധാനമല്ലേ? അത്തരം സ്നേഹം നാം കാണിക്കുന്നെങ്കിൽ അത് “ഐക്യത്തിന്റെ സമ്പൂർണബന്ധ”മായി പരിണമിക്കും.
നിങ്ങളുടെ ഉത്തരമെന്ത്?
• നല്ല സുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താം?
• ഒരു സുഹൃദ്ബന്ധം അവസാനിപ്പിക്കേണ്ടിവരുന്നത് എപ്പോൾ?
• കരുത്തുറ്റ സ്നേഹബന്ധങ്ങൾ നിലനിറുത്താൻ നാം എന്തുചെയ്യണം?
[18-ാം പേജിലെ ചിത്രം]
രൂത്തും നൊവൊമിയും തമ്മിലുണ്ടായിരുന്ന അന്യാദൃശമായ സ്നേഹബന്ധത്തിന്റെ അടിസ്ഥാനമെന്തായിരുന്നു?
[19-ാം പേജിലെ ചിത്രം]
അതിഥിസത്കാരം നിങ്ങൾ ശീലമാക്കിയിട്ടുണ്ടോ?