സാത്താന്റെ ഭരണം പരാജയത്തിലേക്ക്. . .
“ദുഷ്ടന്നു നന്മ വരികയില്ല.”—സഭാ. 8:13.
1. ദുഷ്ടന്മാരെ കാത്തിരിക്കുന്ന ന്യായവിധി ഒരു ശുഭവാർത്തയായിരിക്കുന്നത് എന്തുകൊണ്ട്?
ഇന്നല്ലെങ്കിൽ നാളെ, ദുഷ്ടന്മാർ നീതിപീഠത്തിനു മുമ്പാകെ വന്നേ മതിയാകൂ. ചെയ്തിട്ടുള്ള സകലദുഷ്ടതയ്ക്കും അവർ കണക്കുബോധിപ്പിക്കേണ്ടിയുംവരും. (സദൃ. 5:22; സഭാ. 8:12, 13) നീതിയെ സ്നേഹിക്കുന്നവർക്കും ദുഷ്ടകരങ്ങളിൽനിന്ന് അന്യായവും ഉപദ്രവങ്ങളും സഹിക്കേണ്ടിവന്നവർക്കും ഇതൊരു ശുഭവാർത്തയാണ്. ന്യായവിസ്താരത്തിലേക്ക് വരുത്തപ്പെടുന്ന ദുഷ്ടന്മാരിൽ പ്രമുഖൻ സകലദുഷ്ടതയുടെയും ഉപജാപകനായ പിശാചായ സാത്താനാണ്.—യോഹ. 8:44.
2. ഏദെനിൽ ഉന്നയിക്കപ്പെട്ട വിവാദപ്രശ്നം പരിഹരിക്കുന്നതിന് സമയം ആവശ്യമായിരുന്നത് എന്തുകൊണ്ട്?
2 അഹംഭാവിയായ സാത്താൻ യഹോവയുടെ ഭരണവിധത്തെ തിരസ്കരിക്കാൻ ഏദെനിൽവെച്ച് മനുഷ്യനു പ്രേരണയേകി. സാത്താനു ചെവികൊടുത്ത നമ്മുടെ ആദ്യമാതാപിതാക്കൾ യഹോവയുടെ അധികാരത്തിന്റെ ഔചിത്യം വെല്ലുവിളിച്ചുകൊണ്ട് അവനോടൊപ്പം ചേരുകയും ദൈവദൃഷ്ടിയിൽ പാപികളായിത്തീരുകയും ചെയ്തു. (റോമ. 5:12-14) ആദ്യമനുഷ്യജോഡി തന്നോടു കാണിച്ച അനാദരവിന്റെയും മത്സരത്തിന്റെയും തിക്തഫലങ്ങൾ എന്തായിരിക്കുമെന്ന് യഹോവയ്ക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ ബുദ്ധിശക്തിയുള്ള സകലസൃഷ്ടികൾക്കുംകൂടി അത് വ്യക്തമാകേണ്ടതുണ്ടായിരുന്നു. അതുകൊണ്ട്, ഈ വിവാദപ്രശ്നം പരിഹരിക്കുന്നതിനും മത്സരികളുടെ വാദഗതികളും നിലപാടുകളും അപ്പാടെ തെറ്റായിരുന്നുവെന്നു തെളിയിക്കുന്നതിനും സമയം ആവശ്യമായിരുന്നു.
3. മാനുഷഗവണ്മെന്റുകളോടുള്ള നമ്മുടെ വീക്ഷണം എന്താണ്?
3 യഹോവയുടെ മേൽനോട്ടവും മാർഗദർശനവും നിരസിച്ച മനുഷ്യർക്ക് സ്വന്തം ഭരണസംവിധാനങ്ങൾക്ക് രൂപംനൽകേണ്ടിവന്നു. അപ്പൊസ്തലനായ പൗലോസ് റോമിലെ സഹവിശ്വാസികൾക്ക് എഴുതിയപ്പോൾ അത്തരം മനുഷ്യഗവണ്മെന്റുകളെ ‘ഉന്നതാധികാരങ്ങൾ’ എന്നു വിളിച്ചു. പൗലോസിന്റെ കാലത്ത് ഈ ഉന്നത അധികാരങ്ങൾ പ്രധാനമായും എ.ഡി. 54-68 കാലഘട്ടത്തിലെ നീറോ ചക്രവർത്തിയുടെ കീഴിലുള്ള റോമൻ ഗവണ്മെന്റായിരുന്നു. ഇത്തരം അധികാരങ്ങളെ ദൈവം “അവയുടെ ആപേക്ഷികസ്ഥാനങ്ങളിൽ നിറുത്തിയിരിക്കു”ന്നുവെന്നും പൗലോസ് പറയുകയുണ്ടായി. (റോമർ 13:1, 2 വായിക്കുക.) മനുഷ്യന്റെ ഭരണം ദൈവത്തിന്റെ ഭരണത്തെക്കാൾ ഏതെങ്കിലും തരത്തിൽ ഉന്നതമാണെന്ന ആശയം അവതരിപ്പിക്കുക ആയിരുന്നോ അവൻ? ഒരിക്കലുമല്ല. മറിച്ച്, മനുഷ്യന്റെ ഭരണം നിലനിൽക്കാൻ യഹോവ അനുവദിക്കുന്നിടത്തോളംകാലം ക്രിസ്ത്യാനികൾ ‘ദൈവത്തിന്റെ ഈ ക്രമീകരണത്തെ’ ആദരിക്കുകയും അവരെ ഭരണാധികാരികളായി അംഗീകരിക്കുകയും വേണം. ഇതായിരുന്നു പൗലോസ് പറഞ്ഞതിന്റെ അർഥം.
വിനാശത്തിലേക്കുള്ള പാത
4. മനുഷ്യഭരണം പരാജയപ്പെടുമെന്ന് ഉറപ്പുള്ളത് എന്തുകൊണ്ട്?
4 സാത്താൻ ചരടുവലിക്കുന്ന മാനുഷഭരണം പരാജയമടയും എന്നതിന് രണ്ടുപക്ഷമില്ല. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? അത് ദൈവത്തിൽനിന്നുവരുന്ന ജ്ഞാനത്തിൽ അധിഷ്ഠിതമായ ഒന്നല്ല എന്നതാണ് ഒരു കാരണം. യഹോവയ്ക്കു മാത്രമാണ് പിഴവറ്റ ജ്ഞാനമുള്ളത്. വിജയകരമായ ഭരണം കാഴ്ചവെക്കാനുള്ള ആശ്രയയോഗ്യമായ നിർദേശങ്ങൾ അവനിൽനിന്നു മാത്രമേ ലഭിക്കൂ. (യിരെ. 8:9; റോമ. 16:27) പലപ്പോഴും നിരീക്ഷണപരീക്ഷണങ്ങളിലൂടെ കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുന്ന മനുഷ്യനെപ്പോലെയല്ല യഹോവ. കാര്യങ്ങൾ ഏറ്റവും നന്നായി എങ്ങനെ ചെയ്യണമെന്ന് അവനറിയാം. അവന്റെ മാർഗനിർദേശം അനുസരിക്കാത്ത ഏതൊരു ഭരണവിധവും പരാജയോന്മുഖം ആയിരിക്കും. ഈയൊരൊറ്റക്കാരണംകൊണ്ടുതന്നെ, മാനുഷഭരണാധികാരികളിലൂടെയുള്ള സാത്താന്റെ ബദൽഭരണം തുടക്കംമുതലേ ഒരു വൻപരാജയമാണ്—അവന്റെ ദുഷ്ടലാക്കുകൂടി പരിഗണിക്കുമ്പോൾ അതിന്റെ പരാജയം സുനിശ്ചിതമെന്നുതന്നെ പറയാനാകും.
5, 6. എന്തുകൊണ്ടാണ് സാത്താൻ യഹോവയ്ക്കെതിരെ മത്സരിച്ചത്?
5 പരാജയപ്പെടുമെന്ന് ഉറപ്പുള്ള ഒരു പദ്ധതി ഏറ്റെടുക്കാൻ സുബോധമുള്ള ഒരാളും സാധാരണഗതിയിൽ തുനിയില്ല. അങ്ങനെയൊരു ഉദ്യമവുമായി മുന്നോട്ടുപോയാൽത്തന്നെ തനിക്കു തെറ്റിപ്പോയെന്ന വസ്തുത അംഗീകരിക്കാൻ ഇന്ന് അല്ലെങ്കിൽ നാളെ അദ്ദേഹം നിർബന്ധിതനായിത്തീരും. സർവശക്തനായ സ്രഷ്ടാവിന് എതിരെ മത്സരിക്കുന്നതിന്റെ മൗഢ്യം ചരിത്രം പലവട്ടം തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. (സദൃശവാക്യങ്ങൾ 21:30 വായിക്കുക.) എന്നാൽ അഹങ്കാരംമൂത്ത് സ്വന്തം നിലമറന്ന സാത്താൻ യഹോവയ്ക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചു. അങ്ങനെ കനത്ത പരാജയംമാത്രം കാത്തിരിക്കുന്ന ഒരു പാതയിലേക്ക് പിശാച് കാലെടുത്തുവെച്ചു.
6 സാത്താന്റെ ആ ഗർവും ധാർഷ്ട്യവും പിന്നീടൊരിക്കൽ ഒരു ബാബിലോൺ രാജാവും കാണിക്കുകയുണ്ടായി. അവൻ വീമ്പിളക്കിയത്, “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നാണ്. (യെശ. 14:13-15) എന്നാൽ, ആ ഭരണാധികാരിയുടെ ബുദ്ധിശൂന്യമായ പദ്ധതികൾ വൃഥാവിലായി, ബാബിലോണിയൻ രാജവംശം പരിഹാസ്യമായ വിധത്തിൽ അവസാനിക്കുകയും ചെയ്തു. സമാനമായി സാത്താനും അവന്റെ ലോകവും പൊടുന്നനെ ഒരു സമ്പൂർണ പരാജയത്തിലേക്കു കൂപ്പുകുത്തും.
ദൈവം എന്തുകൊണ്ട് അനുവദിച്ചു?
7, 8. കുറച്ചുകാലത്തേക്ക് ദുഷ്ടത അനുവദിച്ചതുകൊണ്ടുണ്ടായ ചില പ്രയോജനങ്ങളേവ?
7 സാത്താന്റെ പക്ഷം ചേരുന്നതിൽനിന്നും തകർന്നടിയുമെന്ന് ഉറപ്പുള്ള ഒരു ബദൽ ഭരണസംവിധാനത്തിന് പിന്തുണ നൽകുന്നതിൽനിന്നും യഹോവ മനുഷ്യനെ തടയാതിരുന്നത് എന്തുകൊണ്ടാണെന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. സർവശക്തനായ ദൈവം എന്നനിലയിൽ അവനതു കഴിയുമായിരുന്നു. (പുറ. 6:3) എന്നാൽ അവൻ അങ്ങനെ ചെയ്തില്ല. മത്സരികളായ മനുഷ്യരുടെ കാര്യത്തിൽ തത്കാലം ഇടപെടാതിരിക്കുന്നതുകൊണ്ട് ആത്യന്തികമായി നന്മ മാത്രമേ ഉണ്ടാകൂ എന്ന് സർവജ്ഞാനിയായ യഹോവയ്ക്ക് അറിയാമായിരുന്നു. കാലാന്തരത്തിൽ, യഹോവ നീതിമാനും സ്നേഹനിധിയുമായ ഒരു ഭരണാധികാരിയാണെന്ന സത്യം സകലരുടെയും മുമ്പാകെ തെളിയിക്കപ്പെടും. ദൈവത്തിന്റെ ഈ തീരുമാനത്തിൽനിന്ന് വിശ്വസ്തരായ മനുഷ്യർക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും.
8 സാത്താന്റെ പ്രീണനങ്ങൾക്കു വഴങ്ങാതെയും ദൈവത്തിന്റെ ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം കാംക്ഷിക്കാതെയും ഇരുന്നിരുന്നെങ്കിൽ മനുഷ്യന്റെ ജീവിതം എത്ര വ്യത്യസ്തമാകുമായിരുന്നു! എന്നിരുന്നാലും, കുറെക്കാലത്തേക്ക് സ്വയം ഭരിക്കാൻ മനുഷ്യനെ അനുവദിച്ചുകൊണ്ടുള്ള യഹോവയുടെ ആ തീരുമാനംകൊണ്ട് ചില പ്രയോജനങ്ങൾ ഉണ്ടായി. ദൈവത്തെ അനുസരിക്കുകയും അവനെ ആശ്രയിക്കുകയും ചെയ്യുന്നതിന്റെ ജ്ഞാനം പരമാർഥതയുള്ള ആളുകൾക്ക് ബോധ്യപ്പെടാൻ അതു വഴിയൊരുക്കി. നൂറ്റാണ്ടുകളായി മനുഷ്യർ വ്യത്യസ്ത ഭരണസംവിധാനങ്ങൾ പരീക്ഷിച്ചുനോക്കിയിരിക്കുന്നു, എന്നാൽ ഒന്നുപോലും പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല. യഹോവയുടെ ഭരണമാണ് ഏറ്റവും മികച്ചതെന്ന അവന്റെ ദാസന്മാരുടെ ബോധ്യം അരക്കിട്ടുറപ്പിക്കാൻ ഇതുമൂലം സാധിച്ചിരിക്കുന്നു. സാത്താന്റെ ഭരണത്തിന് യഹോവ അനുമതി നൽകിയത് ദൈവദാസന്മാരുൾപ്പെടെ, മനുഷ്യർക്ക് കഷ്ടപ്പാടുകൾ വരുത്തിവെച്ചെങ്കിലും ഈ താത്കാലിക അനുമതികൊണ്ട് വിശ്വസ്ത ദൈവദാസന്മാർക്ക് ചില പ്രയോജനങ്ങളും ഉണ്ടായി.
യഹോവയുടെ മഹത്ത്വീകരണത്തിൽ കലാശിച്ച ഒരു മത്സരം
9, 10. സാത്താന്റെ ഭരണം യഹോവയുടെ മഹത്ത്വത്തിൽ കലാശിച്ചിരിക്കുന്നത് എങ്ങനെ?
9 സാത്താന്റെ സ്വാധീനത്തിനു വഴങ്ങാനും സ്വയം ഭരിക്കാനും മനുഷ്യനെ അനുവദിച്ചത് ഒരുതരത്തിലും യഹോവയുടെ ഭരണത്തിന് ഒരു പോരായ്മയല്ല. മറിച്ച് അതിന് പുകഴ്ചയേറ്റുകയേയുള്ളൂ. സ്വയം ഭരിക്കാനുള്ള മനുഷ്യന്റെ അപര്യാപ്തയെക്കുറിച്ച് നിശ്വസ്തതയിൽ യിരെമ്യാവ് എഴുതിയ വാക്കുകൾ ശരിയാണെന്ന് മനുഷ്യചരിത്രം സാക്ഷ്യപ്പെടുത്തുന്നു. (യിരെമ്യാവു 10:23 വായിക്കുക.) ഇതുകൂടാതെ തന്റെ ശ്രേഷ്ഠഗുണങ്ങൾ അത്യന്തം ശ്രദ്ധേയമായ വിധങ്ങളിൽ പ്രകടിപ്പിക്കുന്നതിനുള്ള ഒരു അവസരംകൂടി ഈ മത്സരം യഹോവയ്ക്കു പ്രദാനം ചെയ്തു. എങ്ങനെ?
10 ഒരുവശത്ത് സാത്താന്റെ ദുർഭരണം അരങ്ങുവാഴുമ്പോൾ മറുവശത്ത് യഹോവയുടെ അനുപമഗുണങ്ങൾ ഒന്നിനൊന്ന് ദീപ്തിമത്തായിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അവ ഇത്രമാത്രം പ്രശോഭിതമാകുമായിരുന്നില്ല. അങ്ങനെ അവനെ സ്നേഹിക്കുന്നവരുടെ കണ്ണിൽ അവന്റെ മഹത്ത്വം ഒന്നിനൊന്ന് ഏറിക്കൊണ്ടിരിക്കുകയാണ്. വാസ്തവത്തിൽ സാത്താന്റെ ഭരണത്തിന്റെ ഒരോ ദിനവും യഹോവയുടെ മഹത്ത്വത്തിലാണ് കലാശിക്കുന്നത്. തന്റെ പരമാധികാരത്തിനെതിരെയുള്ള വെല്ലുവിളി യഹോവ കൈകാര്യംചെയ്ത വിധം എത്ര ശ്രേഷ്ഠമാണെന്നാണ് ഇതു തെളിയിക്കുന്നത്. സാത്താന്റെ ദുർഭരണം നിമിത്തം യഹോവ തന്റെ ശ്രേഷ്ഠഗുണങ്ങൾ ചില സവിശേഷ വിധങ്ങളിൽ പ്രകടമാക്കിയിരിക്കുന്നത് എങ്ങനെയെന്ന് ഹ്രസ്വമായി നമുക്കു പരിചിന്തിക്കാം.
11. യഹോവയുടെ സ്നേഹം ദൃശ്യമായിരിക്കുന്നത് എങ്ങനെ?
11 സ്നേഹം. “ദൈവം സ്നേഹമാകുന്നു” എന്ന് തിരുവെഴുത്ത് പറയുന്നു. (1 യോഹ. 4:8) മനുഷ്യനെ സൃഷ്ടിക്കാൻ യഹോവയെ പ്രേരിപ്പിച്ച മുഖ്യ സംഗതി സ്നേഹമാണ്. ഭയങ്കരവും അത്ഭുതകരവുമായ വിധത്തിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നതും അവന്റെ സ്നേഹം വിളിച്ചോതുന്നു. സന്തോഷകരമായ ജീവിതത്തിന് ആവശ്യമായ സകലതുംസഹിതം മനോഹരമായ ഒരു ഭവനം മനുഷ്യനു നൽകിയതും ദൈവസ്നേഹത്തിന്റെ സാക്ഷ്യമാണ്. (ഉല്പ. 1:29-31; 2:8, 9; സങ്കീ. 139:14-16) എന്നാൽ മനുഷ്യകുടുംബത്തിലേക്ക് ദുഷ്ടത രംഗപ്രവേശം ചെയ്തപ്പോൾ പുതിയ വിധങ്ങളിൽ യഹോവ തന്റെ സ്നേഹം പ്രകാശിപ്പിച്ചു. എങ്ങനെ? യോഹന്നാന്റെ സുവിശേഷത്തിൽനിന്നുള്ള യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്നേഹിച്ചു.” (യോഹ. 3:16) പാപികളെ വീണ്ടെടുക്കാൻ യഹോവ ആരെയാണ് അയച്ചത്? തന്റെ ഏകജാത പുത്രനെ! ഇതിലും മെച്ചമായി മനുഷ്യരോടുള്ള തന്റെ സ്നേഹം അവൻ എങ്ങനെ പ്രകാശിപ്പിക്കും? (യോഹ. 15:13) അനുദിന ജീവിതത്തിൽ ത്യാഗനിർഭരമായ സ്നേഹം ശീലിക്കാൻ സ്നേഹത്തിന്റെ ഈ മഹനീയ പ്രകടനം മനുഷ്യരായ നമ്മെ പ്രേരിപ്പിക്കട്ടെ! യേശുവും ഇക്കാര്യത്തിൽ നമുക്കൊരു മാതൃകയാണ്.—യോഹ. 17:25, 26.
12. യഹോവയുടെ ശക്തി ഏതു പ്രത്യേകവിധത്തിൽ പ്രകടമായിരിക്കുന്നു?
12 ശക്തി. “സർവശക്തനായ ദൈവ”ത്തിനു മാത്രമേ ജീവൻ ഉളവാക്കാനാകൂ. (വെളി. 11:17; സങ്കീ. 36:9) ജനനത്തിങ്കൽ ഒരു മനുഷ്യൻ ഒന്നും എഴുതാത്ത ഒരു വെള്ളക്കടലാസിനു തുല്യമാണ് എന്നു പറയാം. എന്നാൽ ജീവിതം അവസാനിക്കുമ്പോൾ തന്റെ വ്യക്തിത്വവും സ്വഭാവവും രൂപപ്പെടുത്തിയ തീരുമാനങ്ങളും പ്രവർത്തനങ്ങളും അനുഭവങ്ങളുംകൊണ്ട് അവൻ ആ കടലാസ് നിറച്ചിട്ടുണ്ടാകും. ആ വിവരങ്ങൾ മുഴുവനും യഹോവയുടെ ഓർമപ്പുസ്തകത്തിന്റെ ഓരോ ഏടുകളായി മാറും. സമയമാകുമ്പോൾ യഹോവയ്ക്ക് ആ വ്യക്തിയെ അവന്റെ തനതു വ്യക്തിത്വ സവിശേഷതകളോടെ പുനർജ്ജീവിപ്പിക്കാനാകും. (യോഹ. 5:28, 29) മനുഷ്യന്റെ മരണം തന്റെ ആദിമ ഉദ്ദേശ്യം അല്ലായിരുന്നെങ്കിലും മരണത്തിന്റെ തടവറകൾ ഭേദിക്കാനുള്ള ശക്തിയും യഹോവയ്ക്കുണ്ടെന്ന് തെളിയിക്കാനുള്ള അവസരം അതുമൂലമുണ്ടായി. അതെ, “സർവശക്തനായ” യഹോവയാം ദൈവത്തിനു മാത്രമേ അതിനുകഴിയൂ.
13. യേശുവിന്റെ മരണം യഹോവയുടെ നീതിയുടെ പൂർണത വെളിവാക്കുന്നത് എങ്ങനെ?
13 നീതി. യഹോവ വ്യാജം പറയുകയില്ല, അവൻ നീതികേടു പ്രവർത്തിക്കുകയുമില്ല. (ആവ. 32:3-5; തീത്തൊ. 1:1) അവൻ എല്ലായ്പോഴും സത്യത്തിന്റെയും നീതിയുടെയും ഉന്നതനിലവാരങ്ങൾ അനുസരിച്ചേ പ്രവർത്തിക്കുകയുള്ളൂ, അത് തന്റെ ഭാഗത്ത് വലിയ ത്യാഗങ്ങൾ ആവശ്യമാക്കിത്തീർക്കുന്നെങ്കിൽപ്പോലും. (റോമ. 8:32) ഒരു ദൈവദൂഷകനെപ്പോലെ തന്റെ പ്രിയപുത്രൻ ദണ്ഡനസ്തംഭത്തിൽ വധിക്കപ്പെടുന്നത് കാണേണ്ടിവന്ന യഹോവയുടെ വേദന ഒന്നോർത്തുനോക്കൂ! അപൂർണമനുഷ്യരോടുള്ള സ്നേഹം നിമിത്തം അത്രത്തോളം പോകാൻപോലും യഹോവയ്ക്കു മനസ്സായിരുന്നു. അതുവഴി താൻതന്നെ വെച്ച നീതിയുടെ തികവുറ്റ നിലവാരത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയായിരുന്നു യഹോവ. (റോമർ 5:18-21 വായിക്കുക.) അനീതി നിറഞ്ഞ ഈ ലോകം, തന്റെ നീതി എത്ര പൂർണമാണെന്നു തെളിയിക്കുന്നതിനുള്ള അവസരം യഹോവയ്ക്കു തുറന്നുകൊടുത്തു.
14, 15. യഹോവയുടെ അപാരജ്ഞാനവും ക്ഷമയും ദൃശ്യമായിരിക്കുന്ന ചില വിധങ്ങൾ ഏവ?
14 ജ്ഞാനം. ആദാമിന്റെയും ഹവ്വായുടെയും മത്സരം ഉളവാക്കിയേക്കാവുന്ന സകല ദൂഷ്യഫലങ്ങളും ഇല്ലായ്മ ചെയ്യാൻ താൻ എങ്ങനെ പ്രവർത്തിക്കുമെന്ന് അവർ പാപം ചെയ്ത ഉടനെ യഹോവ വെളിപ്പെടുത്തി. (ഉല്പ. 3:15) ത്വരിതഗതിയിലുള്ള ഈ നടപടിയും തന്റെ ദാസന്മാർക്ക് പടിപടിയായി അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊടുത്തതും യഹോവയുടെ ജ്ഞാനം വിളിച്ചോതുന്നു. (റോമ. 11:33) ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെ വിഫലമാക്കാൻ യാതൊന്നിനും കഴിയില്ല. അധാർമികത, യുദ്ധം, അന്യായം, അനുസരണക്കേട്, ദയാരാഹിത്യം, പക്ഷപാതം, കാപട്യം എന്നിവയുടെ കൂത്തരങ്ങായ ഈ ലോകം, യഥാർഥ ജ്ഞാനം എന്താണെന്ന് തന്റെ സൃഷ്ടികൾക്കു മനസ്സിലാക്കിക്കൊടുക്കാൻ യഹോവയ്ക്ക് അനവധി സന്ദർഭങ്ങൾ ഒരുക്കുന്നു. ശിഷ്യനായ യാക്കോബ് പറഞ്ഞു: “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമലമാകുന്നു; കൂടാതെ അതു സമാധാനം പ്രിയപ്പെടുന്നതും ന്യായബോധമുള്ളതും അനുസരിക്കാൻ സന്നദ്ധമായതും കരുണയും സത്ഫലങ്ങളും നിറഞ്ഞതുമാകുന്നു; അതു പക്ഷപാതം കാണിക്കാത്തതും കാപട്യം ഇല്ലാത്തതുമാണ്.”—യാക്കോ. 3:17.
15 ദീർഘക്ഷമയും സഹിഷ്ണുതയും. മാനുഷിക അപൂർണതകളോടും പാപങ്ങളോടും വീഴ്ചകളോടും ഇടപെടേണ്ടിവന്നില്ലായിരുന്നെങ്കിൽ യഹോവയുടെ ക്ഷമയും സഹിഷ്ണുതയും ഇത്ര തെളിവാർന്ന് നമുക്ക് അനുഭവവേദ്യമാകില്ലായിരുന്നു. ആയിരക്കണക്കിനു വർഷങ്ങൾ ഇങ്ങനെ പ്രവർത്തിക്കാൻ അവനു സാധിക്കുന്നത് ഈ ഗുണങ്ങൾ അതിന്റെ പൂർണതയിൽ അവനിൽ കുടികൊള്ളുന്നതുകൊണ്ടല്ലേ? അതിനു നമുക്ക് അവനോടു അങ്ങേയറ്റം നന്ദിയുണ്ടായിരിക്കണം. പത്രോസ് അപ്പൊസ്തലൻ ഇങ്ങനെ പറഞ്ഞത് എത്ര ശരിയാണ്: “നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു കരുതിക്കൊള്ളുവിൻ.”—2 പത്രോ. 3:9, 15.
16. ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സൊരുക്കം നമുക്കു സന്തോഷിക്കുന്നതിനുള്ള കാരണം നൽകുന്നത് എങ്ങനെ?
16 ക്ഷമിച്ചുതരാനുള്ള സന്നദ്ധത. നാമെല്ലാം പാപികളും പലപ്പോഴും ഇടറിപ്പോകുന്നവരുമാണ്. (യാക്കോ. 3:2; 1 യോഹ. 1:8, 9) നമ്മോടു ‘ധാരാളമായി ക്ഷമിക്കാൻ’ സന്നദ്ധനായ യഹോവയോട് നാം നന്ദിയുള്ളവരായിരിക്കേണ്ടതല്ലേ? (യെശ. 55:7) പിൻവരുന്ന ഈ കാര്യംകൂടി ഒന്നു പരിഗണിക്കാം: അപൂർണരും പാപികളുമായി ജനിച്ച നമുക്ക്, നമ്മുടെ പിഴവുകൾ യഹോവ ക്ഷമിക്കുമ്പോളുണ്ടാകുന്ന സന്തോഷം അനുഭവിച്ചറിയാനുള്ള അവസരമുണ്ട്. (സങ്കീ. 51:5, 9, 17) വ്യക്തിപരമായി, യഹോവയുടെ ഹൃദയോഷ്മളമായ ആ ഗുണത്തിന്റെ ഗുണഭോക്താക്കളാകുന്നത് അവനോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കാനും മറ്റുള്ളവരോടുള്ള ബന്ധത്തിൽ യഹോവയുടെ മാതൃക അനുകരിക്കാനും നമ്മെ പ്രാപ്തരാക്കും.—കൊലോസ്യർ 3:13 വായിക്കുക.
ഈ ലോകം രോഗാതുരമായിരിക്കുന്നത് എന്തുകൊണ്ട്?
17, 18. സാത്താന്റെ ഭരണം പരാജയമടഞ്ഞിരിക്കുന്നത് എങ്ങനെ?
17 സാത്താന്റെ ദുർഭരണത്തിന്റെ ഉൽപ്പന്നമായ ഈ ലോകവ്യവസ്ഥിതി ഒരു തികഞ്ഞ പരാജയമാണെന്ന് ചരിത്രം പലവുരു സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ദി യൂറോപ്യൻ എന്ന പത്രം 1991-ൽ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഈ ലോകം രോഗാതുരമാണോ? അതെ. പക്ഷേ ദൈവമല്ല അതിനു കാരണക്കാരൻ. ഇവിടെ വസിക്കുന്ന മനുഷ്യരാണ് അതിനു കാരണക്കാർ.” എത്ര സത്യമാണ് ആ വാക്കുകൾ! സാത്താനാൽ വശീകരിക്കപ്പെട്ട് ആദ്യമാതാപിതാക്കൾ യഹോവയുടെ ഭരണത്തിനു പകരം മനുഷ്യഭരണം തിരഞ്ഞെടുത്തു. അങ്ങനെ പരാജയം ഉറപ്പായിരുന്ന ഒരു ഭരണത്തിന് അവർ തുടക്കമിട്ടു. മാരകമായ ഒരു രോഗം മനുഷ്യഭരണത്തെ ഗ്രസിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ലോകമെങ്ങും ആളുകൾ ഇന്ന് അനുഭവിക്കുന്ന വേദനയും ദുരിതങ്ങളും.
18 സ്വാർഥതയുടെ വക്താവാണ് സാത്താൻ, അവന്റെ ഭരണവും അങ്ങനെതന്നെ. എന്നാൽ സ്വാർഥതയ്ക്ക് യഹോവയുടെ ഭരണത്തിന്റെ ആധാരശിലയായ സ്നേഹത്തെ കീഴടക്കാനാവില്ല. സന്തോഷവും സുരക്ഷിതത്വവുമേകുന്ന ഒരു സുസ്ഥിര ഭരണം കാഴ്ചവെക്കാൻ സാത്താനു കഴിഞ്ഞിട്ടില്ല. യഹോവയുടെ നിലപാടുകളും അവന്റെ ഭരണവും ശരിയാണെന്നു തെളിഞ്ഞിരിക്കുന്നു! ഈ ആധുനികനാളിൽ അതിനുള്ള തെളിവുകളുണ്ടോ? ഉണ്ട്, അടുത്തലേഖനത്തിൽ നാം അതു പരിചിന്തിക്കുന്നതായിരിക്കും.
പിൻവരുന്ന തിരുവെഴുത്തുകളിൽനിന്ന് യഹോവയുടെ ഭരണത്തെക്കുറിച്ച് നാം എന്തു പഠിച്ചു?
[25-ാം പേജിലെ ചിത്രങ്ങൾ]
സാത്താന്റെ ഭരണം മനുഷ്യവർഗത്തിന് ഒരു നന്മയും വരുത്തിയിട്ടില്ല
[കടപ്പാട്]
U.S. Army photo
WHO photo by P. Almasy
[26-ാം പേജിലെ ചിത്രം]
മരണകവാടങ്ങൾ ഭേദിക്കാൻ യഹോവയുടെ ശക്തിക്ക് കഴിയും
[27-ാം പേജിലെ ചിത്രം]
യഹോവയുടെ സ്നേഹവും നീതിയും അവന്റെ പുത്രന്റെ ബലിമരണത്തിൽ പ്രകടമായി