ദൈവജനത്തിനിടയിൽ സുരക്ഷിതരായിരിക്കുക
“ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും.”—സങ്കീ. 35:18.
1-3. (എ) ചില ക്രിസ്ത്യാനികളെ ആത്മീയമായി അപകടം നിറഞ്ഞ സാഹചര്യങ്ങളിലേക്കു നയിച്ചേക്കാവുന്നത് എന്ത്? (ബി) ദൈവജനത്തിന് എവിടെയാണ് സംരക്ഷണം ലഭിക്കുക?
അവധിക്കാലം ചെലവഴിക്കാനായി ഒരു ഉഷ്ണമേഖലാ പ്രദേശത്ത് എത്തിയതായിരുന്നു ജോയും ഭാര്യയും. വെള്ളത്തിനടിയിലൂടെ നീന്തി പവിഴപ്പുറ്റുകളുടെ മനോഹാരിത ആസ്വദിക്കുകയായിരുന്നു അവർ. വിവിധ വർണത്തിലും വലുപ്പത്തിലുമുള്ള മത്സ്യങ്ങൾ എങ്ങും നീന്തിത്തുടിക്കുന്ന ആ പവിഴപ്പുറ്റുകൾ അടുത്തുകാണാനായി അവർ കുറെക്കൂടി ദൂരേക്ക് നീന്തിച്ചെന്നു. പക്ഷേ പെട്ടെന്നതാ, കടലിന്റെ അടിത്തട്ട് അപ്രത്യക്ഷമായതുപോലെ! “നമ്മൾ ഒരുപാട് ദൂരം പോന്നെന്നു തോന്നുന്നു,” ഭാര്യ ഓർമിപ്പിച്ചു. “പേടിക്കാതിരിക്ക്, എനിക്കൊന്നും അറിയില്ലെന്നാണോ കരുതുന്നത്?” എന്നായിരുന്നു അപ്പോൾ ജോയുടെ മറുപടി. എന്നാൽ ഒരു കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു: മത്സ്യങ്ങളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. കാരണം മനസ്സിലാകാൻ അധികം സമയം വേണ്ടിവന്നില്ല. അതാ, ആഴക്കടലിൽനിന്ന് ഒരു സ്രാവ് അദ്ദേഹത്തെ ലക്ഷ്യമാക്കി വരുന്നു. ഞെട്ടിക്കുന്ന ഒരു കാഴ്ച! എല്ലാം അവസാനിച്ചെന്ന് അദ്ദേഹം ഓർത്തുപോയി. എന്നാൽ അത്ഭുതമെന്നു പറയട്ടെ, ഏതാനും അടി അകലെവരെ വന്ന സ്രാവ് പെട്ടെന്ന് എങ്ങോ പോയി മറഞ്ഞു.
2 വിനോദം, ജോലി, വസ്തുവകകൾ എന്നിങ്ങനെ സാത്താന്റെ വ്യവസ്ഥിതി വെച്ചുനീട്ടുന്ന കാര്യങ്ങൾ ഒരു ക്രിസ്ത്യാനിക്ക് വളരെ ആകർഷകമായി തോന്നാനിടയുണ്ട്; അങ്ങനെ, അപകടംപിടിച്ച ആഴക്കടലിലേക്ക് അദ്ദേഹം അറിയാതെ നീന്തിച്ചെന്നേക്കാം. “എനിക്കുണ്ടായ ആ ദുരനുഭവം, സഹവാസത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു” എന്ന് ക്രിസ്തീയ മൂപ്പനായ ജോ പറയുന്നു. “ആനന്ദദായകവും അതേസമയം സുരക്ഷിതവുമായ ജലാശയത്തിൽ, ക്രിസ്തീയ സഭയിൽ, നീന്തിത്തുടിക്കുക,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. നീന്തിനീന്തി ആഴങ്ങളിലേക്ക് പോയി ആത്മീയമായി ഒറ്റപ്പെടുത്തരുത്; അത് വലിയ ദുരന്തങ്ങൾക്കിടയാക്കും. അഥവാ അത്തരമൊരു സാഹചര്യത്തിൽ എത്തിപ്പോയെങ്കിൽ ഉടൻതന്നെ സുരക്ഷിതസ്ഥാനത്തേക്ക് തിരിച്ച് നീന്തുക. അല്ലാത്തപക്ഷം അപകടങ്ങൾ നിങ്ങളെ വിഴുങ്ങിക്കളഞ്ഞേക്കാം.
3 ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ലോകം അപകടംപിടിച്ച ഒരു സ്ഥലമാണ്. (2 തിമൊ. 3:1-5) തന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുന്ന സാത്താൻ, ചിന്താശൂന്യമായി പ്രവർത്തിക്കുന്നവരെ വിഴുങ്ങാൻ തക്കംപാർത്തിരിക്കുകയാണ്. (1 പത്രോ. 5:8; വെളി. 12:12, 17) പക്ഷേ നാം നിസ്സഹായരല്ല. യഹോവ തന്റെ ജനത്തിനായി സുരക്ഷിതമായ ഒരു സങ്കേതം ഒരുക്കിയിരിക്കുന്നു, അതാണ് ക്രിസ്തീയ സഭ.
4, 5. ഭാവിയെക്കുറിച്ച് പലരുടെയും വീക്ഷണം എന്താണ്, എന്തുകൊണ്ട്?
4 ഭയവും ആശങ്കകളും ഇല്ലാത്ത സുരക്ഷിതമായ ജീവിതം ഒരു പരിധിവരെയേ ഇന്നത്തെ ലോകത്തിൽ പ്രതീക്ഷിക്കാനാകൂ. അടിക്കടി ഉയരുന്ന ജീവിതച്ചെലവുകൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ, അക്രമം, കുറ്റകൃത്യം എന്നിവ ഭയാശങ്കകൾക്ക് ഇടയാക്കുന്നെന്നും സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും അനേകരും തിരിച്ചറിഞ്ഞിരിക്കുന്നു. മാത്രമല്ല, രോഗവും പ്രായാധിക്യവും എല്ലാവരെയും ബാധിക്കുന്നു. തൊഴിലും വീടും സമ്പത്തും ആരോഗ്യവും ഉള്ളവർപോലും, ഇവയെല്ലാം എത്ര നാളത്തേക്കു കാണും എന്ന ആശങ്കയിലാണ്.
5 സന്തോഷവും സംതൃപ്തിയും ഉള്ള ജീവിതം അനേകരെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നം മാത്രമാണ്. വിവാഹത്തിലൂടെയും കുടുംബജീവിതത്തിലൂടെയും അത് ലഭിക്കുമെന്നു കരുതിയ പലരുടെയും പ്രതീക്ഷകൾ വീണുടഞ്ഞിരിക്കുന്നു എന്നതാണ് ഒരു ദുഃഖസത്യം. ഇനി, ആത്മീയസുരക്ഷിതത്വത്തിന്റെ കാര്യമോ? അതു മോഹിച്ച് പള്ളിയിൽ പോകുന്ന പലരും എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണിപ്പോൾ. മതനേതാക്കന്മാരുടെ തിരുവെഴുത്തു വിരുദ്ധമായ പഠിപ്പിക്കലുകളും ദുഷ്ചെയ്തികളും കാണുമ്പോൾ, അവർ നൽകുന്ന ഉപദേശങ്ങൾ ആശ്രയയോഗ്യമാണോയെന്ന് പലരും ചിന്തിച്ചുപോകുന്നു. അതുകൊണ്ട്, ചിലർ ശാസ്ത്രീയ നേട്ടങ്ങളിൽ ആശ്രയിക്കുന്നു; മറ്റുചിലർക്കാകട്ടെ സഹമനുഷ്യരുടെ സന്മനസ്സാണ് ഏക പ്രതീക്ഷ. തങ്ങൾ ഒരുതരത്തിലും സുരക്ഷിതരല്ലെന്ന് ആളുകൾ വിചാരിക്കുന്നതിൽ, അല്ലെങ്കിൽ, നാളെയെക്കുറിച്ച് കൂടുതൽ ചിന്തിക്കാതിരിക്കുകയാണ് ഭേദമെന്ന് കരുതുന്നതിൽ അതിശയിക്കാനില്ല.
6, 7. (എ) ദൈവത്തെ സേവിക്കുന്നവരുടെയും സേവിക്കാത്തവരുടെയും വീക്ഷണം വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ ഇനി നാം എന്തു പരിചിന്തിക്കും?
6 ക്രിസ്തീയ സഭയുടെ ഭാഗമായിരിക്കുന്നവരുടെയും അല്ലാത്തവരുടെയും വീക്ഷണഗതികൾ തമ്മിലുള്ള അന്തരം കുറച്ചൊന്നുമല്ല. സഹമനുഷ്യർ നേരിടുന്ന പല പ്രശ്നങ്ങളും യഹോവയുടെ ജനമായ നമുക്കുമുണ്ട്. എങ്കിലും അവരിൽനിന്ന് വളരെ വ്യത്യസ്തമായ വിധത്തിലാണ് നാം അവയെ നേരിടുന്നത്. (യെശയ്യാവു 65:13, 14; മലാഖി 3:18 വായിക്കുക.) എന്താണ് അതിനു കാരണം? മനുഷ്യവർഗം ഇന്നത്തെ അവസ്ഥയിലായിരിക്കുന്നതിന്റെ കാരണം സംബന്ധിച്ച് ബൈബിൾ നൽകുന്ന വ്യക്തവും തൃപ്തികരവുമായ വിശദീകരണം നമുക്കറിയാം. മാത്രമല്ല, ജീവിതത്തിലെ വെല്ലുവിളികളെയും പ്രശ്നങ്ങളെയും കൈകാര്യം ചെയ്യാൻ നാം സജ്ജരാക്കപ്പെട്ടിരിക്കുന്നു. ഫലമോ? ഭാവിയെക്കുറിച്ച് നമുക്ക് അമിതമായ ഉത്കണ്ഠയില്ല. യഹോവയുടെ ആരാധകരായ നാം അധാർമിക നടപടികൾ, ആശ്രയയോഗ്യമല്ലാത്ത തിരുവെഴുത്തുവിരുദ്ധ ആശയങ്ങൾ, അവയുടെ ദുരന്തഫലങ്ങൾ എന്നിവയിൽനിന്നെല്ലാം ഒഴിവുള്ളവരാണ്. ക്രിസ്തീയ സഭയുടെ ഭാഗമായിരിക്കുന്നവർക്ക് അതുകൊണ്ടുതന്നെ, മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയാത്ത ശാന്തിയും സമാധാനവും ആസ്വദിക്കാനാകുന്നു.—യെശ. 48:17, 18; ഫിലി. 4:6, 7.
7 യഹോവയെ സേവിക്കുന്നവർ മറ്റുള്ളവരെക്കാൾ എത്രയധികം സുരക്ഷിതരാണെന്നു മനസ്സിലാക്കാൻ ചിലരുടെ അനുഭവങ്ങൾ നമ്മെ സഹായിക്കും. നമ്മുടെ ചിന്താഗതികളും ചെയ്തികളും വിലയിരുത്താൻ ഈ ഉദാഹരണങ്ങൾ പ്രചോദനമേകും. നമ്മുടെ സംരക്ഷണത്തിനായി നൽകിയിരിക്കുന്ന ദിവ്യകൽപ്പനകൾ പാലിക്കുന്നതിൽ നാം മെച്ചപ്പെടേണ്ടതുണ്ടോ എന്നു നിർണയിക്കാനും അവ സഹായിക്കും.—യെശ. 30:21.
“എന്റെ കാലുകൾ ഏകദേശം ഇടറി”
8. യഹോവയുടെ ദാസന്മാർ എല്ലായ്പോഴും എന്ത് ചെയ്തിരിക്കുന്നു?
8 യഹോവയെ സേവിക്കാനും അനുസരിക്കാനും തീരുമാനമെടുത്തിരുന്ന എക്കാലത്തെയും ദൈവദാസന്മാർ അവിശ്വാസികളുമായുള്ള അടുത്ത ചങ്ങാത്തം ഒഴിവാക്കാൻ ശ്രദ്ധിച്ചിരുന്നു. വാസ്തവത്തിൽ, തന്നെ ആരാധിക്കുന്നവരും സാത്താനെ അനുസരിക്കുന്നവരും തമ്മിൽ ശത്രുത ഉണ്ടായിരിക്കുമെന്ന് മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽത്തന്നെ യഹോവ സൂചിപ്പിച്ചിരുന്നു. (ഉല്പ. 3:15) ദൈവിക തത്ത്വങ്ങൾ പിൻപറ്റാൻ ദൃഢനിശ്ചയം ചെയ്തിരുന്ന സത്യാരാധകർ തങ്ങൾക്കു ചുറ്റുമുള്ള ആളുകളിൽനിന്ന് വ്യത്യസ്തരായി നിലകൊണ്ടു. (യോഹ. 17:15, 16; 1 യോഹ. 2:15-17) എന്നാൽ പലപ്പോഴും അത് അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ട്, ത്യാഗപൂർണമായ ജീവിതഗതിയാണോ വാസ്തവത്തിൽ ജ്ഞാനമെന്ന് ദൈവദാസന്മാർപോലും ചില സാഹചര്യങ്ങളിൽ ചിന്തിച്ചിട്ടുണ്ട്.
9. എന്താണ് 73-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരനെ അലട്ടിയത്?
9 ദൈവത്തെ സേവിക്കാനുള്ള തന്റെ തീരുമാനം ബുദ്ധിയായിരുന്നോ എന്നു സംശയിച്ച ഒരു ദൈവദാസനായിരുന്നു 73-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ. സാധ്യതയനുസരിച്ച് അദ്ദേഹം ആസാഫിന്റെ ഒരു പിൻഗാമിയായിരുന്നു. ദൈവത്തെ ആരാധിക്കുന്ന ചിലർ കഷ്ടപ്പാടുകളും പരിശോധനകളും അനുഭവിക്കുമ്പോൾ, ദുഷ്ടന്മാർക്ക് മിക്കപ്പോഴും അഭിവൃദ്ധിയും സന്തുഷ്ടിയും സമ്പദ്സമൃദ്ധിയും ഉള്ളതായി കാണുന്നത് എന്തുകൊണ്ടെന്ന് അദ്ദേഹം അത്ഭുതപ്പെട്ടു.—സങ്കീർത്തനം 73:1-13 വായിക്കുക.
10. സങ്കീർത്തനക്കാരന്റെ മനസ്സിൽവന്ന സംശയങ്ങൾ നിങ്ങൾ ഗൗരവമായി എടുക്കേണ്ടത് എന്തുകൊണ്ട്?
10 ഈ സങ്കീർത്തനക്കാരനെപ്പോലെ നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അങ്ങനെ തോന്നിപ്പോയതിൽ അധികം വിഷമിക്കുകയോ നിങ്ങളുടെ വിശ്വാസത്തിന് കാര്യമായ ക്ഷതമേറ്റു എന്നു ഭയപ്പെടുകയോ ചെയ്യേണ്ടതില്ല. കാരണം, ദൈവദാസന്മാരിൽ പലർക്കും, ബൈബിൾ എഴുതാൻ യഹോവ ഉപയോഗിച്ച ചിലർക്കുപോലും, അങ്ങനെ തോന്നിയിട്ടുണ്ട്. (ഇയ്യോ. 21:7-13; സങ്കീ. 37:1; യിരെ. 12:1; ഹബ. 1:1-4, 13) ‘ദൈവത്തെ സേവിക്കുന്നതും അവനെ അനുസരിക്കുന്നതുമാണോ ജ്ഞാനപൂർണമായ ഗതി?’ എന്ന ചോദ്യത്തെക്കുറിച്ച്, യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ഗൗരവമായി ചിന്തിക്കുകയും അതിനുള്ള ഉത്തരം മനസ്സിൽ ഉറപ്പിക്കുകയും വേണം. എന്തെന്നാൽ, സാത്താൻ ഏദെൻ തോട്ടത്തിൽ ഉന്നയിച്ച വിവാദവിഷയവുമായി ഈ ചോദ്യത്തിനു ബന്ധമുണ്ട്. ശരിക്കും പറഞ്ഞാൽ, യഹോവയുടെ അഖിലാണ്ഡ പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിന്റെ കേന്ദ്രബിന്ദുവാണിത്. (ഉല്പ. 3:4, 5) അതുകൊണ്ട്, സങ്കീർത്തനക്കാരന്റെ മനസ്സിൽ ഉയർന്നുവന്ന സംശയത്തെക്കുറിച്ച് നാമെല്ലാം ചിന്തിക്കേണ്ടിയിരിക്കുന്നു. ദുഷ്ടന്മാരായ അഹങ്കാരികൾ പ്രത്യക്ഷത്തിൽ ബുദ്ധിമുട്ടൊന്നും കൂടാതെ ജീവിക്കുമ്പോൾ നമുക്ക് അവരോട് അസൂയ തോന്നേണ്ടതുണ്ടോ? സത്യത്തിന്റെ പാതയിൽ നടക്കുന്ന നമ്മുടെ കാലുകൾ ‘ഇടറുമോ?’ ആ ദുഷ്ടന്മാരുടെ വഴിയിലൂടെ നാം പോകുമോ? നാം അങ്ങനെ ചെയ്തു കാണാനാണ് സാത്താൻ ആഗ്രഹിക്കുന്നത്.
11, 12. (എ) സങ്കീർത്തനക്കാരൻ തന്റെ സംശയങ്ങൾ ദൂരികരിച്ചത് എങ്ങനെ, അതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ബി) സങ്കീർത്തനക്കാരന്റെ അതേ നിഗമനത്തിലെത്താൻ നിങ്ങളെ എന്താണ് സഹായിച്ചിരിക്കുന്നത്?
11 തന്റെ സംശയങ്ങൾ ദൂരികരിക്കാൻ സങ്കീർത്തനക്കാരനെ എന്താണ് സഹായിച്ചത്? നീതിയുടെ മാർഗത്തിൽനിന്ന് ഇടറിപ്പോകുന്ന ഘട്ടത്തോളം താനെത്തിയെന്ന് സങ്കീർത്തനക്കാരൻ അംഗീകരിച്ചു; എന്നാൽ ഒടുവിൽ “ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ” ചെന്നപ്പോൾ അദ്ദേഹത്തിന്റെ ചിന്താഗതിക്ക് മാറ്റംവന്നു. അതെ, ദൈവാലയത്തിൽ ചെന്ന് ദൈവജനവുമായി സഹവസിക്കുകയും യഹോവയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ധ്യാനിക്കുകയും ചെയ്തത് അദ്ദേഹത്തിനു ഗുണംചെയ്തു. ദുഷ്ടന്മാരുടെ അതേ ഗതി വരാനല്ലല്ലോ താൻ ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹത്തിന് ഓർമവന്നു. അവരുടെ ജീവിതരീതിയും തീരുമാനങ്ങളും അവരെ ‘വഴുവഴുപ്പിലാണ്’ നിറുത്തുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായി. യഹോവയോട് അവിശ്വസ്തരായി അവനെ വിട്ടുപോകുന്ന എല്ലാവരും “മെരുൾചകളാൽ” അഥവാ കൊടുംഭീതികളാൽ അശേഷം മുടിഞ്ഞുപോകും എന്നും, അതേസമയം, യഹോവയെ സേവിക്കുന്നവരെ അവൻ പിന്തുണയ്ക്കുമെന്നും സങ്കീർത്തനക്കാരൻ മനസ്സിലാക്കി. (സങ്കീർത്തനം 73:16-19, 27, 28 വായിക്കുക.) ഈ വാക്കുകളുടെ സത്യത നിങ്ങൾ നേരിൽ കണ്ടിട്ടുണ്ടാകും എന്നതിനു സംശയമില്ല. ദിവ്യനിയമങ്ങൾക്കുനേരെ കണ്ണടച്ചുകൊണ്ട് തനിക്കായിമാത്രം ജീവിക്കുന്നത് ആകർഷകമായി പലർക്കും തോന്നിയേക്കാം. പക്ഷേ അതിന്റെ ഭവിഷ്യത്തുകളിൽനിന്ന് അവർക്കാർക്കും ഓടിയൊളിക്കാനാവില്ല.—ഗലാ. 6:7-9.
12 സങ്കീർത്തനക്കാരന്റെ അനുഭവം നമ്മെ മറ്റെന്തെല്ലാം കാര്യങ്ങളാണ് പഠിപ്പിക്കുന്നത്? ദൈവജനത്തോടൊപ്പമായിരിക്കുന്നതാണ് സുരക്ഷിതനായിരിക്കാനും ജ്ഞാനം സമ്പാദിക്കാനുമുള്ള മാർഗമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. യഹോവയെ ആരാധിക്കുന്നിടത്ത് എത്തിയപ്പോൾ അദ്ദേഹം കാര്യങ്ങളെ ശരിയാംവണ്ണം, യുക്തിയുക്തമായി വിലയിരുത്താൻ തുടങ്ങി. ഇന്ന് സമാനമായി, ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുമ്പോൾ ജ്ഞാനികളായ ഉപദേശകരിൽനിന്ന് നമുക്ക് പ്രയോജനംനേടാനാകുന്നു. അവിടെ നമുക്ക് പോഷകസമൃദ്ധമായ ആത്മീയഭക്ഷണവും ലഭിക്കുന്നു. തന്റെ ആരാധകരോട് ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കാൻ യഹോവ പറയുന്നത് തക്കകാരണങ്ങളോടെയാണ് എന്നതിൽ തർക്കമില്ല. ജ്ഞാനത്തോടെ പ്രവർത്തിക്കാനുള്ള പ്രോത്സാഹനവും പ്രചോദനവും തീർച്ചയായും നമുക്ക് അവിടെനിന്ന് ലഭിക്കും.—യെശ. 32:1, 2; എബ്രാ. 10:24, 25.
സഹവാസം സൂക്ഷിക്കുക
13-15. (എ) ദീനായ്ക്കുണ്ടായ അനുഭവം എന്താണ്, അതിൽനിന്നുള്ള പാഠം എന്ത്? (ബി) സഹക്രിസ്ത്യാനികളുമായുള്ള സഹവാസം സംരക്ഷണമായിരിക്കുന്നത് എന്തുകൊണ്ട്?
13 ലോകക്കാരായ ആളുകളുമായി ചങ്ങാത്തംകൂടി അതിന്റെ തിക്തഫലം അനുഭവിച്ച ഒരാളാണ് യാക്കോബിന്റെ മകളായ ദീനാ. അവൾ താമസിച്ചിരുന്ന പ്രദേശത്തെ കനാന്യ യുവതികളെ സന്ദർശിക്കുന്ന പതിവ് അവൾക്കുണ്ടായിരുന്നെന്ന് ഉല്പത്തി പുസ്തകം പറയുന്നു. യഹോവയുടെ ആരാധകർക്കുണ്ടായിരുന്ന ഉയർന്ന ധാർമിക നിലവാരങ്ങളൊന്നും കനാന്യർക്ക് ഇല്ലായിരുന്നു. വിഗ്രഹാരാധന, അധാർമികത, അധഃപതിച്ച ലൈംഗികാരാധന, അക്രമം എന്നീ കാര്യങ്ങളാൽ കനാന്യർ തങ്ങളുടെ ദേശം നിറച്ചിരുന്നു എന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. (പുറ. 23:23; ലേവ്യ. 18:2-25; ആവ. 18:9-12) ഇത്തരം ആളുകളുമായി ദീനാ കൂട്ടുകൂടിയതിന്റെ ഫലം എന്തായിരുന്നു?
14 ‘തന്റെ പിതൃഭവനത്തിൽ എല്ലാവരിലും ശ്രേഷ്ഠൻ’ എന്നു വിശേഷിപ്പിച്ചിരുന്ന കനാൻനിവാസിയായ ശെഖേം “അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ചു അവൾക്കു പോരായ്കവരുത്തി.” (ഉല്പ. 34:1, 2, 19) എത്ര വലിയൊരു ദുരന്തം! തനിക്ക് ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ദീനാ ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല. നല്ലവരെന്ന് തോന്നിയ കുറെ ചെറുപ്പക്കാരുമായി കൂട്ടുകൂടുക—അതു മാത്രമായിരിക്കാം അവളുടെ മനസ്സിലുണ്ടായിരുന്നത്. പക്ഷേ അവൾ വഞ്ചിക്കപ്പെട്ടു.
15 ഈ വിവരണം നമ്മെ എന്താണ് പഠിപ്പിക്കുന്നത്? അവിശ്വാസികളുമായി ചങ്ങാത്തംകൂടി അവരോടൊപ്പം സമയം ചെലവഴിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നു കരുതുന്നെങ്കിൽ അത് വിഡ്ഢിത്തമായിരിക്കും. “ദുഷിച്ച സംസർഗം സദ്ശീലങ്ങളെ കെടുത്തിക്കളയുന്നു” എന്ന് തിരുവെഴുത്തുകൾ പറയുന്നു. (1 കൊരി. 15:33) എന്നാൽ, നിങ്ങളുടെ അതേ വിശ്വാസങ്ങളും ഉയർന്ന ധാർമിക നിലവാരങ്ങളും ഉള്ള, നിങ്ങളെപ്പോലെതന്നെ യഹോവയെ സ്നേഹിക്കുന്ന ആളുകളുമായുള്ള സൗഹൃദം നിങ്ങൾക്കൊരു സംരക്ഷണമായിരിക്കും. ജ്ഞാനത്തോടെ പ്രവർത്തിക്കാൻ അത്തരം നല്ല സൗഹൃദങ്ങൾ നിങ്ങളെ പ്രചോദിപ്പിക്കും.—സദൃ. 13:20.
‘നിങ്ങൾ കഴുകിവെടിപ്പാക്കപ്പെട്ടിരിക്കുന്നു’
16. ചില കൊരിന്ത്യ ക്രിസ്ത്യാനികളെക്കുറിച്ച് പൗലോസ് എന്താണ് പറഞ്ഞത്?
16 ദുഷ്പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്ന പലരെയും അവ ഉപേക്ഷിച്ച് ശുദ്ധരായിത്തീരാൻ ക്രിസ്തീയ സഭ സഹായിച്ചിട്ടുണ്ട്. ദൈവിക നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനായി കൊരിന്ത്യ ക്രിസ്ത്യാനികൾ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് അവർക്കുള്ള ആദ്യലേഖനത്തിൽ പൗലോസ് എഴുതുകയുണ്ടായി. അവരിൽ ചിലർ പരസംഗികൾ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വവർഗഭോഗികൾ, കള്ളന്മാർ, മദ്യപന്മാർ തുടങ്ങിയവരായിരുന്നു. ‘എന്നാൽ ഇപ്പോൾ നിങ്ങൾ കഴുകിവെടിപ്പാക്കപ്പെട്ടിരിക്കുന്നു’ എന്ന് പൗലോസ് അവരോടു പറഞ്ഞു.—1 കൊരിന്ത്യർ 6:9-11 വായിക്കുക.
17. ദൈവിക നിലവാരങ്ങൾക്കൊത്ത് പ്രവർത്തിച്ചത് അനേകരുടെ ജീവിതത്തിൽ എന്തു മാറ്റങ്ങൾ വരുത്തി?
17 അവിശ്വാസികളായ ആളുകൾക്ക് തങ്ങളെ ശരിയായ പാതയിൽ നയിക്കാൻ ഉതകുന്ന തത്ത്വങ്ങളില്ലെന്നുതന്നെ പറയാം. അതുകൊണ്ട് ഏതുവഴിയേ പോകണം എന്ന് ചിലർ സ്വയം നിർണയിക്കുന്നു. എന്നാൽ വേറെചിലരാകട്ടെ, അധാർമികതയുടെ ആഴക്കടലിലൂടെ മറ്റുള്ളവരോടൊപ്പം ഒഴുകിനടക്കുന്നു. വിശ്വാസികളാകുന്നതിനുമുമ്പ് കൊരിന്ത്യ ക്രിസ്ത്യാനികൾ അങ്ങനെയായിരുന്നു. (എഫെ. 4:14) ദൈവവചനത്തെക്കുറിച്ചും ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചുമുള്ള സൂക്ഷ്മപരിജ്ഞാനത്തിന്, തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കുന്ന ഏവരുടെയും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനുള്ള ശക്തിയുണ്ട്. (കൊലോ. 3:5-10; എബ്രാ. 4:12) യഹോവയുടെ നീതിയുള്ള തത്ത്വങ്ങളെക്കുറിച്ച് പഠിച്ച് അത് അനുസരിച്ചു ജീവിച്ചുതുടങ്ങുന്നതിനുമുമ്പ് ധാർമിക നിലവാരങ്ങളൊന്നുമില്ലാതെ സ്വതന്ത്രരായാണ് തങ്ങൾ ജീവിച്ചിരുന്നതെന്ന് ക്രിസ്തീയ സഭയിലുള്ള പലരും സമ്മതിച്ചു പറയും. എന്നാൽ ആ ജീവിതം അവർക്ക് സന്തോഷവും സംതൃപ്തിയും നൽകിയിരുന്നോ? ഒരിക്കലുമില്ല. പകരം, ദൈവജനത്തോടൊത്ത് സഹവസിക്കാനും ബൈബിൾ തത്ത്വങ്ങളനുസരിച്ച് ജീവിക്കാനും തുടങ്ങിയപ്പോഴാണ് അവരുടെ ജീവിതം ധന്യമായത്.
18. ഒരു ചെറുപ്പക്കാരിക്കുണ്ടായ അനുഭവം എന്ത്, അത് എന്തു തെളിയിക്കുന്നു?
18 മുമ്പ് ക്രിസ്തീയ സഭയെന്ന സുരക്ഷിതമായ ജലാശയം വിട്ടുപോയ ചിലർ അന്നങ്ങനെ ചെയ്തതോർത്ത് ഇപ്പോൾ അതിയായി ഖേദിക്കുന്നു. ഒരു സഹോദരിയുടെ അനുഭവം നോക്കൂ. റ്റാനിയ എന്ന് നമുക്ക് അവളെ വിളിക്കാം. “ചെറുപ്പത്തിൽ യഹോവയുടെ സാക്ഷികളുമായി അടുത്തു സഹവസിച്ചിരുന്ന” റ്റാനിയ 16 വയസ്സുള്ളപ്പോൾ “ഈലോക സുഖങ്ങൾക്കു പിന്നാലെ പോകുന്നതിനായി” ക്രിസ്തീയ സഭ ഉപേക്ഷിച്ചു. ഫലമെന്തായിരുന്നു? ആഗ്രഹിക്കാത്ത ഗർഭധാരണവും തുടർന്ന് നടത്തേണ്ടിവന്ന ഗർഭച്ഛിദ്രവും; അവൾ അനുഭവിച്ച തിക്തഫലങ്ങളിൽ ചിലതു മാത്രമാണ് അവ. റ്റാനിയ തുടരുന്നു: “സഭയിൽനിന്ന് അകന്നു കഴിഞ്ഞ ആ മൂന്ന് വർഷം എന്റെ മനസ്സിൽ അവശേഷിപ്പിച്ചത് ഒരിക്കലും മായാത്ത പാടുകളാണ്. ഞാൻ എന്റെ കുഞ്ഞിനെ കൊന്നു! ആ ഓർമ ഇപ്പോഴും എന്നെ വേട്ടയാടുന്നു. . . . അൽപ്പസമയത്തേക്കെങ്കിലും ഈ ലോകത്തെ രുചിച്ചുനോക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരോട് എനിക്കു പറയാനുള്ളത് ഇതാണ്: ‘അരുത്!’ അത് ആദ്യം മധുരിക്കും പിന്നെ കയ്ക്കും—ആജീവനാന്തം. ദുഃഖവും ദുരിതവുമല്ലാതെ മറ്റൊന്നും ഈ ലോകത്തിന് നൽകാനില്ല. എനിക്കത് അറിയാം; ഞാനത് അനുഭവിച്ചതാണ്. യഹോവയുടെ സംഘടനയോട് പറ്റിനിൽക്കുക! അതു മാത്രമേ നിലനിൽക്കുന്ന സന്തോഷം കൈവരുത്തൂ.”
19, 20. ക്രിസ്തീയ സഭ എന്തു സംരക്ഷണം നൽകുന്നു, എങ്ങനെ?
19 നിങ്ങൾ ക്രിസ്തീയ സഭയുടെ സുരക്ഷിതവലയത്തിനു വെളിയിൽ പോയിരുന്നെങ്കിൽ നിങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് ചിന്തിച്ചുനോക്കൂ. സത്യം സ്വീകരിക്കുന്നതിനുമുമ്പ് നയിച്ചിരുന്ന വ്യർഥജീവിതത്തെക്കുറിച്ച് പലരും ഒരു ഉൾക്കിടിലത്തോടെയാണ് ഓർക്കുന്നത്. (യോഹ. 6:68, 69) അതുകൊണ്ട് ക്രിസ്തീയ സഹോദരീസഹോദരന്മാരുമായി അടുത്തിടപഴകുന്നതും സഹവസിക്കുന്നതും ഒരിക്കലും ഉപേക്ഷിക്കരുത്. സാത്താന്റെ ലോകം നൽകുന്ന ദുഃഖവും ദുരിതവും ഒഴിവാക്കി സുരക്ഷിതരായിരിക്കാൻ നിങ്ങളെ അതു സഹായിക്കും. സഹോദരങ്ങളുമായി സഹവസിക്കുന്നതും ക്രമമായി യോഗങ്ങൾക്കു ഹാജരാകുന്നതും, യഹോവയുടെ നീതിനിഷ്ഠമായ നിലവാരങ്ങൾ എത്ര ജ്ഞാനവത്താണെന്ന് നിങ്ങളെ കൂടെക്കൂടെ ഓർമിപ്പിക്കും; അവ അനുസരിച്ചു ജീവിക്കാൻ നിങ്ങൾക്ക് അതു പ്രചോദനമേകും. അതെ, സങ്കീർത്തനക്കാരനെപ്പോലെ ‘മഹാസഭയിൽ യഹോവയ്ക്കു സ്തോത്രം ചെയ്യാൻ’ നമുക്ക് ധാരാളം കാരണങ്ങളുണ്ട്.—സങ്കീ. 35:18.
20 ക്രിസ്തീയ വിശ്വസ്തത കാത്തുസൂക്ഷിക്കുന്നതിന് ബുദ്ധിമുട്ടു തോന്നുന്ന സാഹചര്യങ്ങളിലൂടെ എല്ലാ ക്രിസ്ത്യാനികൾക്കും കടന്നുപോകേണ്ടിവരുന്നു. അത്തരം സാഹചര്യങ്ങളിൽ, എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടായിരിക്കാം. അങ്ങനെയുള്ള സഹവിശ്വാസികളെ നിങ്ങൾക്ക്—സഭയിലുള്ള എല്ലാവർക്കും—എങ്ങനെ സഹായിക്കാനാകും? സഹോദരങ്ങളെ “ആശ്വസിപ്പിക്കുകയും (അവർക്ക്) ആത്മീയവർധന വരുത്തുകയും” ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുമെന്ന് അടുത്ത ലേഖനത്തിൽ ചർച്ചചെയ്യും.—1 തെസ്സ. 5:11.
ഉത്തരം പറയാമോ?
• 73-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരനിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
• ദീനായുടെ അനുഭവം നമ്മെ എന്തു പഠിപ്പിക്കുന്നു?
• ക്രിസ്തീയ സഭയ്ക്കുള്ളിൽ നാം സുരക്ഷിതരായിരിക്കുന്നത് എന്തുകൊണ്ട്?
[7-ാം പേജിലെ ചിത്രങ്ങൾ]
സുരക്ഷിതമായ ജലാശയത്തിൽ നീന്തിത്തുടിക്കുക; സഭയ്ക്കുള്ളിൽത്തന്നെ നിലകൊള്ളുക!