ദൈവവചനത്തിൽനിന്നു പഠിക്കുക
നല്ല സുഹൃത്തുക്കളെ നമുക്ക് എങ്ങനെ തിരഞ്ഞെടുക്കാം?
നിങ്ങൾ ചോദിച്ചിരിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അവയ്ക്കുള്ള ഉത്തരങ്ങൾ നിങ്ങളുടെ ബൈബിളിൽ എവിടെ കണ്ടെത്താമെന്നും ഈ ലേഖനത്തിൽ പറയുന്നുണ്ട്. ഈ വിവരങ്ങൾ നിങ്ങളുമായി ചർച്ചചെയ്യാൻ യഹോവയുടെ സാക്ഷികളായ ഞങ്ങൾ താത്പര്യപ്പെടുന്നു.
1. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
മറ്റുള്ളവരാൽ അംഗീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണ് നമ്മിൽ മിക്കവരും. അത്, അടുത്തിടപഴകുന്നവരെ അനുകരിക്കാൻ പലപ്പോഴും നമ്മെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ചിന്താഗതിയെ സ്വാധീനിക്കുന്നതിൽ സുഹൃത്തുക്കൾക്ക് വലിയൊരു പങ്കുണ്ട്. നാം എങ്ങനെയുള്ള വ്യക്തിയായിത്തീരും എന്നത് നാം തിരഞ്ഞെടുക്കുന്ന സുഹൃത്തുക്കളെ ആശ്രയിച്ചിരിക്കുന്നു.—സദൃശവാക്യങ്ങൾ 4:23; 13:20 വായിക്കുക.
സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഒരാളാണ് നിശ്വസ്ത ബൈബിൾ എഴുത്തുകാരനായ ദാവീദ്. ദൈവത്തിന്റെ ഒരു ദാസനെന്ന നിലയിൽ തന്റെ നിഷ്കളങ്കത കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ആളുകളായിരുന്നു അവന്റെ സുഹൃത്തുക്കൾ. (സങ്കീർത്തനം 26:4, 5, 11, 12) ഉദാഹരണത്തിന് യോനാഥാനുമായുള്ള സൗഹൃദം ദാവീദ് ഏറെ വിലമതിച്ചിരുന്നു. കാരണം യഹോവയിൽ ആശ്രയിക്കാൻ യോനാഥാൻ അവനെ ഉത്സാഹിപ്പിച്ചു.—1 ശമൂവേൽ 23:16-18 വായിക്കുക.
2. നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്റെ സുഹൃത്താകാം?
യഹോവ സർവശക്തനാണെങ്കിലും നമുക്ക് അവന്റെ സുഹൃത്തായിത്തീരാനാകും. ഉദാഹരണത്തിന്, ദൈവത്തിന്റെ ഒരു സ്നേഹിതനായിരുന്നു അബ്രാഹാം. യഹോവയിൽ ആശ്രയിക്കുകയും അവനെ അനുസരിക്കുകയും ചെയ്തതുകൊണ്ടാണ് യഹോവ അവനെ തന്റെ സുഹൃത്തായി കണക്കാക്കിയത്. (ഉല്പത്തി 22:2, 9-12; യാക്കോബ് 2:21-23) യഹോവയിൽ ആശ്രയിക്കുകയും അവൻ പറയുന്നതുപോലെ പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ നമുക്കും ദൈവത്തിന്റെ സൗഹൃദം നേടാനാകും.—സങ്കീർത്തനം 15:1, 2 വായിക്കുക.
3. നല്ല സുഹൃത്തുക്കളിൽനിന്ന് നിങ്ങൾക്ക് പ്രയോജനം നേടാനാകുന്നത് എങ്ങനെ?
നല്ല സുഹൃത്തുക്കൾ വിശ്വസ്തരായിരിക്കും, ശരിയായതു ചെയ്യാൻ അവർ നിങ്ങളെ സഹായിക്കും. (സദൃശവാക്യങ്ങൾ 17:17; 18:24) ഉദാഹരണത്തിന് യോനാഥാന് ദാവീദിനെക്കാൾ ഏതാണ്ട് 30 വയസ്സ് കൂടുതലുണ്ടായിരുന്നെന്നു മാത്രമല്ല അവൻ ഇസ്രായേലിന്റെ അടുത്ത കിരീടാവകാശിയും ആയിരുന്നു. എന്നിട്ടും, രാജാവായി ദാവീദിനെ ദൈവം തിരഞ്ഞെടുത്തപ്പോൾ യോനാഥാൻ ദാവീദിനെ വിശ്വസ്തതയോടെ പിന്തുണച്ചു. നിങ്ങൾ അവിവേകത്തോടെ പ്രവർത്തിച്ചാൽ നിങ്ങളെ തിരുത്താനുള്ള ധൈര്യവും നല്ല സുഹൃത്തുക്കൾ കാണിക്കും. (സങ്കീർത്തനം 141:5) നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ദൈവത്തെ സ്നേഹിക്കുന്ന സുഹൃത്തുക്കൾ നിങ്ങളെ സഹായിക്കും.—1 കൊരിന്ത്യർ 15:33 വായിക്കുക.
നിങ്ങളെപ്പോലെ നന്മയെ സ്നേഹിക്കുന്നവരെ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ നിങ്ങൾക്ക് കണ്ടുമുട്ടാനാകും. ദൈവത്തെ പ്രസാദിപ്പിക്കാൻ നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കളാണ് അവിടെയുള്ളത്.—എബ്രായർ 10:24, 25 വായിക്കുക.
എന്നിരുന്നാലും, ദൈവത്തെ സ്നേഹിക്കുന്ന സുഹൃത്തുക്കൾപോലും ചിലപ്പോൾ നമ്മെ വേദനിപ്പിച്ചേക്കാം. പക്ഷേ, അവരുടെ ആ പിഴവുകൾ നിമിത്തം നമുക്ക് നീരസം തോന്നരുത്. (സഭാപ്രസംഗി 7:9, 20-22) സുഹൃത്തുക്കളാരും പൂർണരല്ലെന്നും ദൈവത്തെ സ്നേഹിക്കുന്ന സുഹൃത്തുക്കൾ നമുക്ക് വേണ്ടപ്പെട്ടവരാണെന്നും മനസ്സിൽപ്പിടിക്കുക. സഹക്രിസ്ത്യാനികളുടെ പിഴവുകൾ അവഗണിച്ചുകളയാനാണ് ദൈവവചനം നമ്മെ ഉദ്ബോധിപ്പിക്കുന്നത്.—കൊലോസ്യർ 3:13 വായിക്കുക.
4. ‘സുഹൃത്തുക്കൾ’ എന്നു പറയുന്നവർ നിങ്ങളെ എതിർക്കുന്നെങ്കിലോ?
ദൈവവചനം പഠിക്കാനുള്ള സഹായം സ്വീകരിച്ചതിന്റെ പേരിൽ പഴയ ചില സുഹൃത്തുക്കൾ എതിർപ്പുമായി വന്ന അനുഭവം പലർക്കുമുണ്ട്. അത്തരം സാഹചര്യം നിങ്ങളും നേരിടുന്നുണ്ടായിരിക്കാം. ബൈബിളിൽനിന്ന് നിങ്ങൾ മനസ്സിലാക്കിയ പ്രായോഗിക നിർദേശങ്ങളെക്കുറിച്ചോ ഉറപ്പായ പ്രത്യാശയെക്കുറിച്ചോ അറിവില്ലാത്തതുകൊണ്ടായിരിക്കാം അവർ എതിർക്കുന്നത്. ഒരുപക്ഷേ നിങ്ങൾക്ക് അവരെ സഹായിക്കാനാകും.—കൊലോസ്യർ 4:6 വായിക്കുക.
ചില സാഹചര്യങ്ങളിൽ ‘സുഹൃത്തുക്കൾ’ എന്നു പറയുന്നവർ ദൈവവചനത്തിലെ സുവിശേഷത്തെ പരിഹസിച്ചേക്കാം. (2 പത്രോസ് 3:3, 4) ശരിയായത് ചെയ്യാനുള്ള നിങ്ങളുടെ ശ്രമങ്ങളെയും ചിലർ അധിക്ഷേപിച്ചെന്നുവരും. (1 പത്രോസ് 4:4) ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത്തരം ആളുകളുടെ സുഹൃത്തായിരിക്കണമോ അതോ ദൈവത്തിന്റെ സുഹൃത്തായിരിക്കണമോ എന്ന് നിങ്ങൾക്ക് തീരുമാനിക്കേണ്ടിവന്നേക്കാം. ദൈവത്തിന്റെ ഒരു സുഹൃത്തായിത്തീരാനാണ് നിങ്ങൾ തീരുമാനിക്കുന്നതെങ്കിൽ ലഭിക്കാവുന്നതിലേക്കുംവെച്ച് ഏറ്റവും നല്ല സുഹൃത്തിനെയാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്!—യാക്കോബ് 4:4, 8 വായിക്കുക. (w11-E 12/01)
കൂടുതൽ വിവരങ്ങൾക്ക്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 12-ഉം 19-ഉം അധ്യായങ്ങൾ കാണുക.