മുഴുമനുഷ്യവർഗത്തിനും പ്രയോജനങ്ങൾ കൈവരുത്തുന്ന ഒരു രാജകീയ പുരോഹിതഗണം
‘നിങ്ങളോ “തിരഞ്ഞെടുക്കപ്പെട്ട ഒരു വർഗവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തജനവും” ആകുന്നു.’—1 പത്രോ. 2:9.
വിശദീകരിക്കാമോ?
ഒരു രാജകീയ പുരോഹിതഗണത്തെക്കുറിച്ച് ദൈവം ആദ്യം വാഗ്ദാനം ചെയ്തത് എപ്പോൾ?
പുതിയ ഉടമ്പടി രാജകീയ പുരോഹിതഗണത്തെ ഉളവാക്കുന്നത് എങ്ങനെ?
രാജകീയ പുരോഹിതഗണം ആനയിക്കുന്ന അനുഗ്രഹങ്ങളേവ?
1. ‘കർത്താവിന്റെ അത്താഴത്തെ’ സ്മാരകം എന്നും വിളിക്കുന്നത് എന്തുകൊണ്ട്, ആ ആചരണത്തിന്റെ ഉദ്ദേശ്യം എന്ത്?
യേശുവും അവന്റെ 12 അപ്പൊസ്തലന്മാരും അവസാനമായി യഹൂദന്മാരുടെ പെസഹാ ആചരിച്ചത് എ.ഡി. 33 നീസാൻ 14-ാം തീയതി വൈകുന്നേരമാണ്. വഞ്ചകനായ യൂദാ ഈസ്കര്യോത്തായെ പറഞ്ഞയച്ചശേഷം യേശു, “കർത്താവിന്റെ അത്താഴം” എന്ന് പിന്നീട് അറിയപ്പെട്ട മറ്റൊരു ആചരണത്തിന് തുടക്കംകുറിച്ചു. (1 കൊരി. 11:20) ആ അവസരത്തിൽ, “എന്റെ ഓർമയ്ക്കായി ഇതു ചെയ്തുകൊണ്ടിരിക്കുവിൻ” എന്ന് യേശു രണ്ടുതവണ പറയുകയുണ്ടായി. (1 കൊരി. 11:24, 25) ആ ആചരണത്തെ സ്മാരകം എന്നും വിളിക്കാറുണ്ട്; ക്രിസ്തുവിന്റെ മരണത്തിന്റെ പ്രാധാന്യം സ്മരിക്കാനുള്ള ഒരു അവസരമാണത്. ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ യേശുവിന്റെ ആ കൽപ്പന അനുസരിച്ച് എല്ലാ വർഷവും സ്മാരകം ആചരിക്കുന്നു. 2012-ൽ, യഹൂദ കലണ്ടറിലെ നീസാൻ 14 ആരംഭിക്കുന്നത് ഏപ്രിൽ 5 വ്യാഴാഴ്ച സൂര്യാസ്തമയശേഷമാണ്.
2. താൻ ഉപയോഗിച്ച സ്മാരക ചിഹ്നങ്ങളെക്കുറിച്ച് യേശു എന്തു പറഞ്ഞു?
2 ആ വേളയിൽ യേശു പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾ ശിഷ്യനായ ലൂക്കോസ് ഏതാനും വാചകങ്ങളിൽ സംഗ്രഹിച്ചു: ‘പിന്നെ അവൻ ഒരു അപ്പമെടുത്തു നന്ദിയർപ്പിച്ചശേഷം നുറുക്കി അവർക്കു കൊടുത്തുകൊണ്ടു പറഞ്ഞു: “ഇത് നിങ്ങൾക്കുവേണ്ടി നൽകപ്പെടാനിരിക്കുന്ന എന്റെ ശരീരത്തെ അർഥമാക്കുന്നു. എന്റെ ഓർമയ്ക്കായി ഇതു ചെയ്തുകൊണ്ടിരിക്കുവിൻ.” അങ്ങനെതന്നെ, അത്താഴത്തിനുശേഷം അവൻ പാനപാത്രം എടുത്തുകൊണ്ടു പറഞ്ഞു: “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടാനിരിക്കുന്ന എന്റെ രക്തത്താലുള്ള പുതിയ ഉടമ്പടിയെ അർഥമാക്കുന്നു.”’ (ലൂക്കോ. 22:19, 20) അപ്പൊസ്തലന്മാർക്ക് അതിന്റെ അർഥം മനസ്സിലായോ?
3. സ്മാരക ചിഹ്നങ്ങളുടെ അർഥം അപ്പൊസ്തലന്മാർക്കു മനസ്സിലാക്കാനായത് എന്തുകൊണ്ട്?
3 യഹോവയെ പ്രസാദിപ്പിക്കാനായി യെരുശലേമിലെ ദേവാലയത്തിൽ പുരോഹിതന്മാർ അർപ്പിച്ചിരുന്ന മൃഗബലികൾ യഹൂദന്മാരായ യേശുവിന്റെ അപ്പൊസ്തലന്മാർക്ക് ചിരപരിചിതമായിരുന്നു. പാപപരിഹാരത്തിനുവേണ്ടി ഉള്ളതായിരുന്നു അത്തരം ബലികളിൽ പലതും. (ലേവ്യ. 1:4; 22:17-29) അതുകൊണ്ടുതന്നെ, അവർക്കുവേണ്ടി “നൽകപ്പെടാനിരിക്കുന്ന” ശരീരത്തെക്കുറിച്ചും “ചൊരിയപ്പെടാനിരിക്കുന്ന” രക്തത്തെക്കുറിച്ചും പറഞ്ഞപ്പോൾ, തന്റെ പൂർണ മനുഷ്യജീവൻ ഒരു യാഗമായി അർപ്പിക്കുന്ന കാര്യമാണ് യേശു ഉദ്ദേശിച്ചതെന്ന് അപ്പൊസ്തലന്മാർ തിരിച്ചറിഞ്ഞിട്ടുണ്ടാകും. മൃഗയാഗങ്ങളെക്കാൾ ഏറെ ശ്രേഷ്ഠമായ ഒരു യാഗമായിരുന്നു അത്.
4. “ഈ പാനപാത്രം . . . എന്റെ രക്തത്താലുള്ള പുതിയ ഉടമ്പടിയെ അർഥമാക്കുന്നു” എന്നു പറഞ്ഞപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചത്?
4 “ഈ പാനപാത്രം . . . എന്റെ രക്തത്താലുള്ള പുതിയ ഉടമ്പടിയെ അർഥമാക്കുന്നു” എന്നു പറഞ്ഞപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചത്? പുതിയ നിയമം അഥവാ പുതിയ ഉടമ്പടിയെക്കുറിച്ച് യിരെമ്യാവു 31:31-33-ൽ (വായിക്കുക.) രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം അപ്പൊസ്തലന്മാർക്ക് അറിയാമായിരുന്നു. മോശ മുഖാന്തരം ഇസ്രായേല്യരുമായി യഹോവ ചെയ്ത ന്യായപ്രമാണ ഉടമ്പടിക്കു പകരം താൻ പ്രസ്തുത പുതിയ ഉടമ്പടി ചെയ്യുകയാണെന്ന് യേശുവിന്റെ വാക്കുകൾ അർഥമാക്കി. ഈ രണ്ട് ഉടമ്പടികൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ?
5. ന്യായപ്രമാണ ഉടമ്പടി ഇസ്രായേല്യർക്ക് എന്തിനെല്ലാമുള്ള അവസരം ഒരുക്കി?
5 അവയുടെ ഉദ്ദേശ്യങ്ങൾ തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ന്യായപ്രമാണ ഉടമ്പടി ചെയ്യവെ യഹോവ ജനത്തോടായി ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും.” (പുറ. 19:5, 6) ഇസ്രായേല്യരുടെ കാര്യത്തിൽ ഈ വാക്കുകളുടെ പ്രസക്തി എന്തായിരുന്നു?
രാജകീയ പുരോഹിതഗണത്തെക്കുറിച്ചുള്ള വാഗ്ദാനം
6. ഏതു വാഗ്ദാനം നിവർത്തിക്കാനാണ് യഹോവ ന്യായപ്രമാണ ഉടമ്പടി ചെയ്തത്?
6 തങ്ങളുടെ പൂർവപിതാക്കന്മാരായ നോഹയോടും അബ്രാഹാമിനോടും യഹോവ അത്തരത്തിലുള്ള നിയമങ്ങൾ ചെയ്തിരുന്നതുകൊണ്ട് “നിയമം” അഥവാ “ഉടമ്പടി” എന്നാൽ എന്താണെന്ന് ഇസ്രായേല്യർക്ക് അറിയാമായിരുന്നു. (ഉല്പ. 6:18; 9:8-17; 15:18; 17:1-9) “നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്ന വാഗ്ദാനം, അബ്രാഹാമിനോട് യഹോവ ചെയ്ത ഉടമ്പടിയുടെ ഭാഗമായിരുന്നു. (ഉല്പ. 22:18) ഈ വാഗ്ദാനം നിവർത്തിക്കുക എന്ന ലക്ഷ്യത്തിലാണ് യഹോവ ന്യായപ്രമാണ ഉടമ്പടി ചെയ്തത്. ആ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഇസ്രായേല്യർക്ക് “സകലജാതികളിലുംവെച്ചു (യഹോവയുടെ) പ്രത്യേക സമ്പത്താ”കാൻ കഴിയുമായിരുന്നു. എന്തിനുവേണ്ടി? യഹോവയ്ക്കായി ‘ഒരു പുരോഹിതരാജത്വം’ ആയിത്തീരാൻ.
7. ‘പുരോഹിതരാജത്വം’ എന്നതിന്റെ അർഥം എന്താണ്?
7 പുരോഹിതന്മാരും രാജാക്കന്മാരും ഇസ്രായേല്യർക്ക് പരിചിതരായിരുന്നു. എന്നാൽ, യഹോവയുടെ അംഗീകാരത്തോടെ ഈ രണ്ടുകർത്തവ്യങ്ങളും ഒരേസമയം നിർവഹിച്ച പുരാതനകാലത്തെ ഏകവ്യക്തി മൽക്കീസേദെക്കാണ്. (ഉല്പ. 14:18) ‘ഒരു പുരോഹിതരാജത്വത്തെ’ ഉളവാക്കാനുള്ള അവസരമാണ് യഹോവ ഇപ്പോൾ ഇസ്രായേൽ ജനതയ്ക്ക് നൽകിയിരിക്കുന്നത്. പിന്നീടുള്ള നിശ്വസ്ത എഴുത്തുകൾ ഇതിനെ രാജകീയ പുരോഹിതഗണം എന്നു വിശേഷിപ്പിച്ചു—രാജാക്കന്മാർതന്നെ പുരോഹിതന്മാരായിരിക്കുന്ന ഒരു ഗണം.—1 പത്രോ. 2:9.
8. ദൈവത്താൽ നിയമിതനായ ഒരു പുരോഹിതന്റെ ധർമങ്ങൾ ഏവ?
8 ഭരിക്കുക എന്നതാണ് രാജാവിന്റെ ധർമം. എന്നാൽ ഒരു പുരോഹിതന്റെയോ? എബ്രായർ 5:1 വിശദീകരിക്കുന്നു: “മനുഷ്യരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഏതു മഹാപുരോഹിതനും, കാഴ്ചകളും പാപങ്ങൾക്കായുള്ള യാഗങ്ങളും അർപ്പിച്ചുകൊണ്ട് മനുഷ്യർക്കുവേണ്ടി ദൈവശുശ്രൂഷ നിർവഹിക്കാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” അതെ, നിർദിഷ്ട യാഗങ്ങൾ അർപ്പിച്ചുകൊണ്ട് പാപികളായ ജനത്തിനുവേണ്ടി ദൈവത്തോട് അപേക്ഷിക്കുന്നവൻ എന്ന അർഥത്തിൽ, യഹോവ തിരഞ്ഞെടുക്കുന്ന ഒരു പുരോഹിതൻ ജനത്തിന്റെ പ്രതിനിധിയാണ്. കൂടാതെ, ദൈവിക നിയമങ്ങൾ ജനത്തെ പഠിപ്പിക്കുന്നവനായതുകൊണ്ട് പുരോഹിതൻ യഹോവയുടെ പ്രതിനിധിയുമാണ്. (ലേവ്യ. 10:8-11; മലാ. 2:7) ദൈവം നിയമിച്ച ഒരു പുരോഹിതൻ ദൈവവുമായി അനുരഞ്ജനപ്പെടാൻ ആളുകളെ ഈ വിധങ്ങളിൽ സഹായിക്കുന്നു.
9. (എ) ‘ഒരു പുരോഹിതരാജത്വത്തെ’ ഉളവാക്കണമെങ്കിൽ ഇസ്രായേല്യർ ഏതു നിബന്ധന അനുസരിക്കണമായിരുന്നു? (ബി) യഹോവ എന്തിനാണ് ഇസ്രായേലിൽനിന്ന് ഒരു പുരോഹിതഗണത്തെ തിരഞ്ഞെടുത്തത്? (സി) ന്യായപ്രമാണ ഉടമ്പടിപ്രകാരം ‘ഒരു പുരോഹിതരാജത്വത്തെ’ ഉളവാക്കാൻ ഇസ്രായേല്യർക്കു കഴിയാഞ്ഞത് എന്തുകൊണ്ട്?
9 ‘സകലജാതികളുടെയും’ പ്രയോജനത്തിനായി ഒരു രാജകീയ പുരോഹിതഗണത്തെ ഉളവാക്കാനുള്ള പദവിയാണ് അങ്ങനെ ന്യായപ്രമാണ ഉടമ്പടിയിലൂടെ ഇസ്രായേല്യർക്കു കൈവന്നത്. എന്നാൽ ഒരു നിബന്ധന ഉണ്ടായിരുന്നു: “നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ” ഈ മഹത്തായ പദവി ലഭിക്കുമെന്ന് യഹോവ പറഞ്ഞു. ആകട്ടെ, ‘യഹോവയുടെ വാക്കു കേട്ട് അനുസരിക്കാൻ’ ഇസ്രായേല്യർക്കാകുമായിരുന്നോ? ഒരു പരിധിവരെ. എന്നാൽ പൂർണമായ അളവിൽ അനുസരിക്കാൻ അവർക്കു കഴിയുമായിരുന്നില്ല. (റോമ. 3:19, 20) അതുകൊണ്ടാണ്, ഇസ്രായേല്യർ ചെയ്യുന്ന പാപങ്ങൾക്ക് മൃഗയാഗങ്ങൾ അർപ്പിക്കാൻ യഹോവ ഒരു പുരോഹിതഗണത്തെ തിരഞ്ഞെടുത്തത്; ആ പുരോഹിതന്മാർ രാജാക്കന്മാരായിരുന്നില്ല. (ലേവ്യ. 4:1–6:7) ഇസ്രായേല്യരുടെ പാപങ്ങളിൽ പുരോഹിതന്മാരുടെ പാപങ്ങളും ഉൾപ്പെട്ടിരുന്നു. (എബ്രാ. 5:1-3; 8:3) യാഗങ്ങൾ യഹോവ സ്വീകരിച്ചെങ്കിലും അവ അർപ്പിച്ചവരുടെ പാപങ്ങൾ പൂർണമായും ഇല്ലായ്മചെയ്യാൻ അവയ്ക്കു കഴിയുമായിരുന്നില്ല. ആത്മാർഥരായ ഇസ്രായേല്യരെപ്പോലും പൂർണമായും ദൈവത്തോട് അനുരഞ്ജിപ്പിക്കാൻ ന്യായപ്രമാണ ഉടമ്പടിപ്രകാരമുള്ള പുരോഹിതഗണത്തിനായില്ല. “കാളകളുടെയും കോലാടുകളുടെയും രക്തത്തിന് പാപങ്ങൾ നീക്കിക്കളയാനാവില്ല” എന്ന് പൗലോസ് അപ്പൊസ്തലൻ വിശദീകരിച്ചു. (എബ്രാ. 10:1-4) ന്യായപ്രമാണം ലംഘിച്ചതിനാൽ ഇസ്രായേല്യർ ശപിക്കപ്പെട്ടവരായിത്തീർന്നിരുന്നു. (ഗലാ. 3:10) അത്തരമൊരു അവസ്ഥയിൽ ‘സകലജാതികൾക്കും’വേണ്ടി ഒരു രാജകീയ പുരോഹിതഗണമായി സേവിക്കാൻ അവർക്ക് സാധിക്കുമായിരുന്നില്ല.
10. ന്യായപ്രമാണ ഉടമ്പടി എന്തു ധർമം നിർവഹിച്ചു?
10 അങ്ങനെയെങ്കിൽ, ‘ഒരു പുരോഹിതരാജത്വത്തെ’ ഉളവാക്കാൻ അവർക്കു കഴിയുമെന്ന യഹോവയുടെ വാഗ്ദാനം നിരർഥകമായിരുന്നോ? ആയിരുന്നില്ല. അനുസരിക്കാൻ ആത്മാർഥമായി ശ്രമിച്ചിരുന്നെങ്കിൽ അവർക്ക് അതിനു കഴിഞ്ഞേനേ; എന്നാൽ ന്യായപ്രമാണ ഉടമ്പടിയുടെ അടിസ്ഥാനത്തിലല്ല. എന്തുകൊണ്ട്? (ഗലാത്യർ 3:19-25 വായിക്കുക.) അതറിയണമെങ്കിൽ ന്യായപ്രമാണ ഉടമ്പടിയുടെ ധർമം എന്തായിരുന്നെന്ന് മനസ്സിലാക്കണം. ന്യായപ്രമാണം ആചരിക്കാൻ വിശ്വസ്തമായി ശ്രമിക്കുന്നവർ സത്യാരാധനയിൽ നിലനിൽക്കുമായിരുന്നു. കൂടാതെ, തങ്ങൾ പാപികളാണെന്നും തങ്ങളുടെ മഹാപുരോഹിതന് അർപ്പിക്കാൻ കഴിയുന്നതിലും ശ്രേഷ്ഠമായ ഒരു യാഗത്തിന്റെ ആവശ്യമുണ്ടെന്നും തിരിച്ചറിയാൻ ന്യായപ്രമാണം യഹൂദന്മാരെ സഹായിച്ചു. “അഭിഷിക്തൻ” എന്ന് അർഥമുള്ള മിശിഹായിലേക്ക് അഥവാ ക്രിസ്തുവിലേക്ക് നയിക്കുന്ന ഒരു ശിശുപാലകനായിരുന്നു ന്യായപ്രമാണം. മിശിഹാ വന്നുകഴിഞ്ഞാൽപ്പിന്നെ, യിരെമ്യാവു മുൻകൂട്ടിപ്പറഞ്ഞ പുതിയ ഉടമ്പടി അവൻ പ്രാബല്യത്തിൽ കൊണ്ടുവരുമായിരുന്നു. ക്രിസ്തുവിനെ അംഗീകരിച്ചവർക്ക് ആ ഉടമ്പടിയുടെ ഭാഗമാകാനും അങ്ങനെ ‘ഒരു പുരോഹിതരാജത്വമാകാനും’ ക്ഷണം ലഭിച്ചു. എങ്ങനെ? നമുക്കു നോക്കാം.
പുതിയ ഉടമ്പടി ഒരു രാജകീയ പുരോഹിതഗണത്തെ ഉളവാക്കുന്നു
11. യേശു ഒരു രാജകീയ പുരോഹിതഗണത്തിന്റെ അടിസ്ഥാനമായത് എങ്ങനെ?
11 എ.ഡി. 29-ൽ മിശിഹാ ആഗതനായി; നസറായനായ യേശുവായിരുന്നു അത്. ഏതാണ്ട് 30 വയസ്സുള്ളപ്പോൾ, തന്നെ സംബന്ധിച്ച യഹോവയുടെ പ്രത്യേക ഉദ്ദേശ്യം നിവർത്തിക്കാനായി അവൻ സ്വയം വിട്ടുകൊടുത്തു. അതിന്റെ പ്രതീകമായാണ് അവൻ ജലസ്നാനമേറ്റത്. അഭിഷേകതൈലംകൊണ്ടല്ല, മറിച്ച് പരിശുദ്ധാത്മാവിനാൽ യഹോവ അവനെ അഭിഷേകം ചെയ്തു. “എന്റെ പ്രിയപുത്രൻ” എന്നാണ് യഹോവ അവനെക്കുറിച്ചു പറഞ്ഞത്. (മത്താ. 3:13-17; പ്രവൃ. 10:38) അഭിഷേകം പ്രാപിച്ചപ്പോൾ, തന്നിൽ വിശ്വസിക്കുന്ന സകല മാനവർക്കും അവൻ മഹാപുരോഹിതനും ഭാവിരാജാവുമായി നിയോഗിക്കപ്പെട്ടു. (എബ്രാ. 1:8, 9; 5:5, 6) അങ്ങനെ അവൻ ഒരു രാജകീയ പുരോഹിതഗണത്തിന്റെ അടിസ്ഥാനവുമായി.
12. യേശുവിന്റെ യാഗം എന്തു സാധ്യമാക്കി?
12 മഹാപുരോഹിതനായ യേശുവിന്, തന്നിൽ വിശ്വസിക്കുന്ന സകലരുടെയും ജന്മനായുള്ള പാപങ്ങൾ പൂർണമായി പരിഹരിക്കാൻ കഴിയുന്ന ഏതു യാഗമാണ് അർപ്പിക്കാൻ സാധിക്കുമായിരുന്നത്? അവന്റെ പൂർണ മനുഷ്യജീവൻ തന്നെയായിരുന്നു ആ യാഗം; തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തവെ അവൻ അതു സൂചിപ്പിക്കുകയുണ്ടായി. (എബ്രായർ 9:11, 12 വായിക്കുക.) എ.ഡി. 29-ൽ സ്നാനമേറ്റപ്പോൾ തുടങ്ങി മരണംവരെ, മഹാപുരോഹിതനായ യേശു മനസ്സോടെ പലവിധ പരിശോധനകൾക്കും വിധേയനായി. (എബ്രാ. 4:15; 5:7-10) പുനരുത്ഥാനശേഷം സ്വർഗത്തിലേക്കു മടങ്ങിയ അവൻ തന്റെ യാഗത്തിന്റെ മൂല്യം യഹോവയുടെ മുമ്പാകെ അർപ്പിച്ചു. (എബ്രാ. 9:24) അന്നുമുതൽ, തന്റെ യാഗത്തിൽ വിശ്വാസം പ്രകടമാക്കുന്ന ഏവർക്കുമായി യഹോവയോട് അപേക്ഷിക്കാനും നിത്യജീവന്റെ പ്രത്യാശയോടെ ദൈവത്തെ സേവിക്കാൻ അവരെ സഹായിക്കാനും യേശുവിനു കഴിയുന്നു. (എബ്രാ. 7:25) അവന്റെ യാഗം പുതിയ ഉടമ്പടിക്ക് നിയമസാധുതയും നൽകി.—എബ്രാ. 8:6; 9:15.
13. പുതിയ ഉടമ്പടിയുടെ ഭാഗമായവരെ കാത്തിരുന്നത് എന്താണ്?
13 പുതിയ ഉടമ്പടിയുടെ ഭാഗമാകാൻ ക്ഷണം ലഭിച്ചവരും പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിക്കുമായിരുന്നു. (2 കൊരി. 1:21) വിശ്വസ്തരായ യഹൂദന്മാരും പിന്നീട് വിജാതീയരും അതിൽ ഉൾപ്പെട്ടു. (എഫെ. 3:5, 6) പുതിയ ഉടമ്പടിയുടെ ഭാഗമായവരെ കാത്തിരുന്നത് എന്താണ്? അവരുടെ പാപങ്ങൾക്കു പൂർണ ക്ഷമ ലഭിക്കുമായിരുന്നു. “ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല” എന്ന് യഹോവ പണ്ട് വാഗ്ദാനം ചെയ്യുകയുണ്ടായി. (യിരെ. 31:34) അവരുടെ പാപങ്ങൾ നിയമപരമായി റദ്ദാക്കിയതിനാൽ “ഒരു പുരോഹിതരാജത്വ”മാകാൻ അവർ തികച്ചും യോഗ്യരായിരുന്നു. അഭിഷിക്ത ക്രിസ്ത്യാനികളെ അഭിസംബോധനചെയ്തുകൊണ്ട് പത്രോസ് എഴുതി: ‘നിങ്ങളോ അന്ധകാരത്തിൽനിന്ന് തന്റെ അത്ഭുതപ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സദ്ഗുണങ്ങളെ ഘോഷിക്കേണ്ടതിന്, “തിരഞ്ഞെടുക്കപ്പെട്ട ഒരു വർഗവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തജനവും” ആകുന്നു.’ (1 പത്രോ. 2:9) ഇസ്രായേല്യരുമായി ന്യായപ്രമാണ ഉടമ്പടി ചെയ്തപ്പോൾ യഹോവ പറഞ്ഞ വാക്കുകൾ ഉദ്ധരിക്കുകയായിരുന്നു പത്രോസ്; പുതിയ ഉടമ്പടിയിൽ ഉൾപ്പെട്ട ക്രിസ്ത്യാനികൾക്ക് അവൻ ആ വാക്കുകൾ ബാധകമാക്കി.—പുറ. 19:5, 6.
രാജകീയ പുരോഹിതഗണം മുഴുമനുഷ്യവർഗത്തിനും പ്രയോജനങ്ങൾ കൈവരുത്തുന്നു
14. രാജകീയ പുരോഹിതഗണം എവിടെയാണ് സേവിക്കുന്നത്?
14 പുതിയ ഉടമ്പടിയുടെ ഭാഗമായവർ എവിടെയാണ് സേവിക്കുന്നത്? ഭൂമിയിൽ ഒരു പുരോഹിതഗണം എന്നനിലയിൽ യഹോവയെ പ്രതിനിധാനം ചെയ്തുകൊണ്ട് അവർ അവന്റെ “സദ്ഗുണങ്ങളെ ഘോഷി”ക്കുകയും ആത്മീയ ഭക്ഷണം നൽകുകയും ചെയ്യുന്നു. (മത്താ. 24:45; 1 പത്രോ. 2:4, 5) എന്നാൽ, മരണത്തിനും പുനരുത്ഥാനത്തിനും ശേഷം ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിതന്മാരും ആയി സേവിച്ചുകൊണ്ട് തങ്ങളുടെ രണ്ടുകർത്തവ്യങ്ങളും പൂർണമായി നിർവഹിക്കാൻ അവർ പ്രാപ്തരായിത്തീരുന്നു. (ലൂക്കോ. 22:29; 1 പത്രോ. 1:3-5; വെളി. 1:6) സ്വർഗത്തിൽ യഹോവയുടെ സിംഹാസനത്തിന്റെ അടുത്തുനിൽക്കുന്ന അനേകം ആത്മരൂപികളെക്കുറിച്ച് യോഹന്നാൻ അപ്പൊസ്തലൻ കണ്ട ദർശനം ഇതു സ്ഥിരീകരിക്കുന്നുണ്ട്. കുഞ്ഞാടിന്റെ മുമ്പാകെ അവർ ഒരു ‘പുതിയ പാട്ട്’ പാടി: “നിന്റെ രക്തത്താൽ നീ സകലഗോത്രങ്ങളിലും ഭാഷകളിലും വംശങ്ങളിലും ജനതകളിലും നിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്കുവാങ്ങി, അവരെ നമ്മുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു. അവർ ഭൂമിമേൽ രാജാക്കന്മാരായി വാഴും.” (വെളി. 5:8-10) പിന്നീട് മറ്റൊരു ദർശനത്തിൽ യോഹന്നാൻ ഈ ഭരണാധികാരികളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “അവർ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതന്മാരായിരിക്കും; ക്രിസ്തുവിനോടുകൂടെ അവർ ആയിരംവർഷം രാജാക്കന്മാരായി വാഴുകയും ചെയ്യും.” (വെളി. 20:6) അതെ, ക്രിസ്തുവിനോടൊപ്പം അവർ മുഴുമനുഷ്യവർഗത്തിനും പ്രയോജനം കൈവരുത്തുന്ന ഒരു രാജകീയ പുരോഹിതഗണമായി സേവിക്കും.
15, 16. രാജകീയ പുരോഹിതഗണം ആനയിക്കുന്ന അനുഗ്രഹങ്ങളേവ?
15 ഭൂമിയിലുള്ളവർക്ക് 1,44,000 പേർ എന്തെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തും? വെളിപാട് 21-ാം അധ്യായം അവരെ “കുഞ്ഞാടിന്റെ കാന്തയായ” പുതിയ യെരുശലേം എന്ന സ്വർഗീയ നഗരമായി വരച്ചുകാട്ടുന്നു. (വെളി. 21:9) 2 മുതൽ 4 വരെയുള്ള വാക്യങ്ങൾ ശ്രദ്ധിക്കുക: ‘പുതിയ യെരുശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ സ്വർഗത്തിൽനിന്ന്, ദൈവത്തിങ്കൽനിന്നുതന്നെ ഇറങ്ങിവരുന്നതും ഞാൻ കണ്ടു. അപ്പോൾ സിംഹാസനത്തിൽനിന്ന് വലിയൊരു ശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവൻ അവരോടൊത്തു വസിക്കും. അവർ അവന്റെ ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെ ഉണ്ടായിരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.”’ എത്ര മഹത്തായ അനുഗ്രഹങ്ങൾ! മരണം തുടച്ചുനീക്കപ്പെടുന്നതോടെ കണ്ണുനീർ, വിലാപം, മുറവിളി, വേദന ഇവയുടെയെല്ലാം മുഖ്യകാരണം ഇല്ലാതാകും. വിശ്വസ്തരായ മനുഷ്യരെ പൂർണതയിലേക്കു നയിക്കുന്നതിനെയും അവരെ ദൈവത്തോടു പരിപൂർണമായി അനുരഞ്ജനത്തിലാക്കുന്നതിനെയും ഇത് അർഥമാക്കുന്നു.
16 ഈ രാജകീയ പുരോഹിതഗണം ആനയിക്കുന്ന മറ്റ് അനുഗ്രഹങ്ങളെക്കുറിച്ച് വെളിപാട് 22:1, 2 വിവരിക്കുന്നു: “അവൻ എനിക്ക് ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിങ്കൽനിന്നു പുറപ്പെട്ട് നഗരവീഥിയുടെ (പുതിയ യെരുശലേമിന്റെ) നടുവിലൂടെ ഒഴുകുന്നതും സ്ഫടികംപോലെ തെളിഞ്ഞതുമായ ജീവജലനദി കാണിച്ചുതന്നു. നദിയുടെ ഇരുവശങ്ങളിലുമായി പന്ത്രണ്ടുതരം ഫലം കായ്ക്കുന്നതും മാസന്തോറും ഫലം തരുന്നതുമായ ജീവവൃക്ഷങ്ങൾ ഉണ്ടായിരുന്നു. അവയുടെ ഇലകൾ ജനതകളുടെ രോഗശാന്തിക്ക് ഉതകുന്നവയായിരുന്നു.” ഈ ആലങ്കാരിക കരുതലുകൾ, ആദാമിൽനിന്നു കൈമാറിക്കിട്ടിയ അപൂർണതയുടെ അവസാന കണികയും ‘ജനതകളിൽനിന്ന്’ അതായത് ഭൂമിയിലെ സകല കുടുംബങ്ങളിൽനിന്നും തുടച്ചുനീക്കും. അപ്പോൾ, ‘ഒന്നാമത്തേതു കഴിഞ്ഞുപോയിരിക്കും.’
രാജകീയ പുരോഹിതഗണം ദൗത്യം പൂർത്തിയാക്കുന്നു
17. രാജകീയ പുരോഹിതഗണം കാലാന്തരത്തിൽ എന്തു സാധ്യമാക്കും?
17 ആയിരംവർഷത്തെ സേവനം അവസാനിക്കുമ്പോഴേക്കും ഈ രാജകീയ പുരോഹിതഗണം തങ്ങളുടെ ഭൗമിക പ്രജകളെ മാനുഷ പൂർണതയിലേക്കു നയിച്ചിരിക്കും. മഹാപുരോഹിതനും രാജാവുമായ ക്രിസ്തു, പൂർണത തിരികെ ലഭിച്ച മനുഷ്യകുടുംബത്തെ അപ്പോൾ യഹോവയ്ക്കു മടക്കി നൽകും. (1 കൊരിന്ത്യർ 15:22-26 വായിക്കുക.) അങ്ങനെ രാജകീയ പുരോഹിതഗണം തങ്ങളുടെ ദൗത്യം പൂർത്തിയാക്കും.
18. രാജകീയ പുരോഹിതഗണം അതിന്റെ ദൗത്യം പൂർത്തിയാക്കിയശേഷം ക്രിസ്തുവിന്റെ സഹകാരികളെ യഹോവ എങ്ങനെ ഉപയോഗിക്കും?
18 അതിനുശേഷം ക്രിസ്തുവിന്റെ ഈ വിശിഷ്ട സഹകാരികളെ യഹോവ എങ്ങനെ ഉപയോഗിക്കും? “അവർ എന്നേക്കും രാജാക്കന്മാരായി വാഴും” എന്ന് വെളിപാട് 22:5 പറയുന്നു. ആരുടെമേൽ? അതേക്കുറിച്ച് ബൈബിൾ പറയുന്നില്ല. അവർക്കുള്ള ജീവന്റെ വിശേഷതയും പൂർണതയിലെത്താൻ അപൂർണ മനുഷ്യകുലത്തെ സഹായിച്ചതിന്റെ അനുഭവപരിചയവും നിത്യതയിലുടനീളം രാജാക്കന്മാരായി സേവിച്ചുകൊണ്ട് യഹോവയുടെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിൽ പങ്കുചേരാൻ അവരെ യോഗ്യരാക്കും.
19. സ്മാരകാചരണം, എന്ത് ഓർമിക്കാൻ ഹാജരാകുന്നവരെ സഹായിക്കും?
19 യേശുവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കാനായി 2012 ഏപ്രിൽ 5 വ്യാഴാഴ്ച കൂടിവരുമ്പോൾ ഈ ബൈബിൾ പഠിപ്പിക്കലുകൾ നമുക്കു മനസ്സിൽപ്പിടിക്കാം. പുതിയ ഉടമ്പടിയുടെ ഭാഗമാണെന്നതിന്റെ സൂചനയായി ഭൂമിയിലുള്ള അഭിഷിക്ത ക്രിസ്ത്യാനികളുടെ ചെറിയൊരു ശേഷിപ്പ് സ്മാരക ചിഹ്നങ്ങളായ പുളിപ്പില്ലാത്ത അപ്പത്തിലും ചുവന്ന വീഞ്ഞിലും പങ്കുപറ്റും. ദൈവത്തിന്റെ നിത്യോദ്ദേശ്യത്തിൽ തങ്ങൾക്കുള്ള പദവികളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ച് സ്മരിക്കാൻ ഈ ചിഹ്നങ്ങൾ അവരെ സഹായിക്കും. മുഴുമനുഷ്യവർഗത്തിന്റെയും പ്രയോജനത്തിനായി യഹോവയാംദൈവം ഒരു രാജകീയ പുരോഹിതഗണത്തെ തിരഞ്ഞെടുത്തതിനെ നാമെല്ലാം എത്രയധികം വിലമതിക്കുന്നു! സ്മാരകത്തിനു ഹാജരാകുന്ന നമ്മുടെ ഏവരുടെയും ഹൃദയത്തിൽ ആ വിലമതിപ്പ് നിറയുമാറാകട്ടെ!
[29-ാം പേജിലെ ചിത്രം]
രാജകീയ പുരോഹിതഗണം മാനവരാശിക്ക് നിത്യപ്രയോജനങ്ങൾ കൈവരുത്തും