ആത്മത്യാഗമനോഭാവം നമുക്ക് എങ്ങനെ നിലനിറുത്താം?
‘എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ത്യജിക്കട്ടെ.’—മത്താ. 16:24.
1. യേശു ആത്മത്യാഗത്തിന്റെ തികഞ്ഞ മാതൃക വെച്ചതെങ്ങനെ?
ഭൂമിയിലായിരുന്നപ്പോൾ ആത്മത്യാഗമനോഭാവത്തിന്റെ ഒരു തികവുറ്റ മാതൃക യേശു നമുക്കുവേണ്ടി വെച്ചു.ദൈവേഷ്ടം ചെയ്യുന്നതിനായി അവൻ സ്വന്തം ആഗ്രഹാഭിലാഷങ്ങളും സുഖസൗകര്യങ്ങളും മാറ്റിവെച്ചു. (യോഹ. 5:30) ദണ്ഡനസ്തംഭത്തിൽ പ്രാണത്യാഗം ചെയ്യുവോളം വിശ്വസ്തത പാലിച്ചുകൊണ്ട് തന്റെ ആത്മത്യാഗത്തിന് അതിർവരമ്പില്ലെന്ന് അവൻ തെളിയിച്ചു.—ഫിലി. 2:8.
2. നമുക്ക് എങ്ങനെ ആത്മത്യാഗമനോഭാവം പ്രകടമാക്കാനാകും, നാം എന്തുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടത്?
2 യേശുവിന്റെ അനുഗാമികളെന്നനിലയിൽ നാമും ആത്മത്യാഗമനോഭാവം പ്രകടമാക്കേണ്ടതുണ്ട്. ആത്മത്യാഗമനോഭാവം ഉണ്ടായിരിക്കുക എന്നു പറഞ്ഞാൽ എന്താണ് അതിന്റെ അർഥം? ലളിതമായി പറഞ്ഞാൽ, മറ്റുള്ളവരെ സഹായിക്കുന്നതിനായി സ്വന്തം താത്പര്യങ്ങൾ ബലികഴിക്കാൻ സന്നദ്ധനായിരിക്കുക എന്നാണ് അതിന്റെ അർഥം. ഒരർഥത്തിൽ, സ്വാർഥതയ്ക്കു വിപരീതമാണ് അത്. (മത്തായി 16:24 വായിക്കുക.) വ്യക്തിഗത വികാരങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ എന്നിവയെക്കാൾ മറ്റുള്ളവരുടെ താത്പര്യങ്ങൾക്കു മുൻഗണന നൽകാൻ നിസ്സ്വാർഥമനോഭാവം നമ്മെ സഹായിക്കും. (ഫിലി. 2:3, 4) വാസ്തവത്തിൽ, നിസ്സ്വാർഥമനോഭാവം നമ്മുടെ ആരാധനയിൽ ഒരു മുഖ്യപങ്ക് വഹിക്കുന്നുണ്ട് എന്നാണ് യേശു പഠിപ്പിച്ചത്. എങ്ങനെയാണ് അത്? ആത്മത്യാഗമനോഭാവം പ്രകടമാക്കാൻ പ്രചോദനമേകുന്ന ക്രിസ്തീയസ്നേഹമാണ് ക്രിസ്തുവിന്റെ യഥാർഥ അനുഗാമികളുടെ മുഖമുദ്ര. (യോഹ. 13:34, 35) ആത്മത്യാഗമനോഭാവം പ്രകടമാക്കുന്ന ഒരു ലോകവ്യാപക സഹോദരവർഗത്തിന്റെ ഭാഗമായിരിക്കുന്നതു നിമിത്തം നാം ആസ്വദിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഒന്നു ചിന്തിക്കുക!
3. നമ്മുടെ ആത്മത്യാഗമനോഭാവത്തിന് തുരങ്കംവെക്കാൻ എന്തിനു കഴിയും?
3 എങ്കിലും നമ്മുടെ ആത്മത്യാഗമനോഭാവത്തിന് ഒളിഞ്ഞിരുന്ന് തുരങ്കംവെക്കുന്ന ഒരു ശത്രു നമുക്കുണ്ട്. സ്വാർഥപൂർവം പെരുമാറാനുള്ള നമ്മുടെ പ്രവണതയാണ് ആ ശത്രു. ആദാമും ഹവ്വായും എങ്ങനെയാണ് സ്വാർഥത പ്രകടമാക്കിയത് എന്നതിനെക്കുറിച്ച് ചിന്തിക്കുക. ദൈവത്തെപ്പോലെ ആയിത്തീരാനുള്ള സ്വാർഥമോഹമായിരുന്നു ഹവ്വായുടെ ചെയ്തിക്കു പിന്നിൽ. യഹോവയെക്കാൾ തന്റെ ഭാര്യയെ പ്രീതിപ്പെടുത്താനുള്ള സ്വാർഥമായ ആഗ്രഹമാണ് ആദാമിനെ ഭരിച്ചത്. (ഉല്പ. 3:5, 6) ആദാമിനെയും ഹവ്വായെയും സത്യാരാധനയിൽനിന്ന് അകറ്റിയശേഷം, തൻകാര്യതത്പരരായിരിക്കാൻ പിശാച് ആളുകളെ പ്രലോഭിപ്പിക്കുന്നതിൽ തുടർന്നു. യേശുവിനെ പ്രലോഭിപ്പിക്കാൻപോലും ഈ തന്ത്രമാണ് അവൻ പയറ്റിയത്. (മത്താ. 4:1-9) നമ്മുടെ നാളിൽ, നാനാവിധങ്ങളിൽ സ്വാർഥത പ്രകടമാക്കാൻ ആളുകളിൽ പ്രേരണ ചെലുത്തിക്കൊണ്ട് മനുഷ്യവർഗത്തിൽ ഭൂരിപക്ഷത്തെയും സാത്താൻ വഴിതെറ്റിച്ചിരിക്കുന്നു. ഇന്ന് ലോകത്തിൽ വ്യാപരിക്കുന്ന സ്വാർഥമനോഭാവം നമ്മിലേക്കും സംക്രമിക്കാൻ സാധ്യതയുള്ളതിനാൽ നമ്മുടെ സവിശേഷശ്രദ്ധ അർഹിക്കുന്നതാണ് ഈ വിഷയം.—എഫെ. 2:2.
4. (എ) നമുക്കുള്ള സ്വാർഥപ്രവണതകൾ പൂർണമായി ഇല്ലായ്മ ചെയ്യാൻ ഇന്ന് നമുക്കു കഴിയുമോ? വിശദീകരിക്കുക. (ബി) നാം ഏത് ചോദ്യങ്ങൾ പരിചിന്തിക്കും?
4 ഇരുമ്പു കാർന്നുതിന്നുന്ന തുരുമ്പിനോട് സ്വാർഥതയെ താരതമ്യപ്പെടുത്താൻ കഴിയും. ഇരുമ്പുകൊണ്ടുള്ള ഒരു നിർമിതിക്ക് ഈർപ്പം തട്ടിയാൽ അത് തുരുമ്പ് പിടിക്കാൻ തുടങ്ങിയേക്കാം. ഈ തുരുമ്പിനെ അവഗണിക്കുന്നിടത്താണ് അപകടം പതിയിരിക്കുന്നത്. പതുക്കെപ്പതുക്കെ അത് ഉള്ളിലേക്ക് വ്യാപിച്ചിട്ട് അതിന്റെ ചട്ടക്കൂടുതന്നെ ക്ഷയിക്കാനോ ഒടുവിൽ ദ്രവിച്ച് നിലംപൊത്താനോ ഇടയായേക്കാം. സമാനമായി, നമ്മുടെ അപൂർണതയെയും സ്വാർഥപ്രവണതകളെയും ഉന്മൂലനം ചെയ്യാൻ ഈ വ്യവസ്ഥിതിയിൽ നമുക്കാവില്ലെങ്കിലും ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നാം ജാഗരൂകരായിരിക്കുകയും അത്തരം പ്രവണതകൾക്കെതിരെ പോരാടുന്നതിൽ തുടരുകയും വേണം. (1 കൊരി. 9:26, 27) നമ്മിലുള്ള സ്വാർഥതയുടെ ലക്ഷണങ്ങളെ നമുക്ക് എങ്ങനെ തിരിച്ചറിയാൻ കഴിയും? ആത്മത്യാഗമനോഭാവം ഇനിയും വർധിപ്പിക്കാൻ നമുക്ക് എങ്ങനെ സാധിക്കും?
സ്വാർഥത തിരിച്ചറിയാൻ ബൈബിൾ ഉപയോഗിക്കുക
5. (എ) ബൈബിൾ ഒരു കണ്ണാടിപോലെയായിരിക്കുന്നത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) ഉള്ളിലെ സ്വാർഥപ്രവണതകളെക്കുറിച്ച് ആത്മപരിശോധന നടത്തുമ്പോൾ നാം എന്ത് ഒഴിവാക്കണം?
5 ആകാരവും ചമയവും പരിശോധിക്കാൻ നാം ഒരു കണ്ണാടി ഉപയോഗിക്കുന്നതുപോലെ ആന്തരികവ്യക്തിയെ പരിശോധിച്ച് കുറവുകൾ പരിഹരിക്കാൻ നമുക്ക് ബൈബിൾ ഉപയോഗിക്കാനാകും. (യാക്കോബ് 1:22-25 വായിക്കുക.) എന്നിരുന്നാലും, നാം കണ്ണാടി നേരാംവണ്ണം ഉപയോഗിക്കുന്നെങ്കിൽ മാത്രമേ പ്രതിച്ഛായ മെച്ചപ്പെടുത്താൻ അതിന് നമ്മെ സഹായിക്കാനാകൂ. ദൃഷ്ടാന്തത്തിന്, നാം കണ്ണാടിയിൽ കേവലമൊന്ന് പാളിനോക്കി പിന്തിരിയുന്നെങ്കിൽ ചെറിയ—അതേസമയം ഗൗരവമുള്ള—ഒരു ന്യൂനത നാം ശ്രദ്ധിക്കാതെ പോയേക്കാം. ഇനിയും, ഇതേ കണ്ണാടി അല്പം ചെരിച്ചു പിടിച്ചാണ് നോക്കുന്നതെങ്കിലോ? നാം കാണുന്നത് മറ്റാരെയെങ്കിലും ആയിരിക്കും. സമാനമായി, സ്വാർഥതപോലുള്ള സ്വന്തം കുറവുകൾ കണ്ടെത്താനുള്ള ലക്ഷ്യത്തിൽ ബൈബിളിലേക്ക് നോക്കുമ്പോൾ, അത് ഓടിച്ച് വായിക്കുകയോ കുറവുകളെല്ലാം മറ്റുള്ളവർക്കു ബാധകമാക്കി ചിന്തിക്കുകയോ ചെയ്യുന്നെങ്കിൽ ആ വായനയിൽനിന്ന് നമുക്ക് വ്യക്തിപരമായി ഒരു പ്രയോജനവും ലഭിക്കില്ല.
6. നാം തികവുറ്റ ന്യായപ്രമാണത്തിൽ ‘നിലനിൽക്കുന്നത്’ എങ്ങനെ?
6 ദൃഷ്ടാന്തത്തിന്, ദിനമ്പ്രതി മുടങ്ങാതെദൈവവചനം വായിക്കുന്ന ശീലമുണ്ടെങ്കിൽപ്പോലും ഒരു വ്യക്തി സ്വന്തം ഉള്ളിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാർഥതയുടെ ലാഞ്ഛനകൾ കാണാതെ പോയേക്കാം. എങ്ങനെയാണ് അത് സംഭവിക്കുന്നത്? ഇത് പരിചിന്തിക്കുക: കണ്ണാടിയെ സംബന്ധിച്ച യാക്കോബിന്റെ ദൃഷ്ടാന്തത്തിലെ മനുഷ്യൻ കണ്ണാടിയിൽ ശ്രദ്ധാപൂർവം നോക്കാത്തതായിരുന്നില്ല പ്രശ്നം. ‘അവൻ തന്നെത്തന്നെ കണ്ടതായി’ യാക്കോബ് എഴുതുന്നു. ഇവിടെ യാക്കോബ് ഉപയോഗിച്ച ഗ്രീക്ക് വാക്ക് സൂക്ഷ്മപരിശോധനയെ അഥവാ ശ്രദ്ധാപൂർവമുള്ള പരിചിന്തനത്തെ അർഥമാക്കുന്നു. അങ്ങനെയെങ്കിൽപ്പിന്നെ, ആ മനുഷ്യന്റെ പ്രശ്നം എന്തായിരുന്നു? യാക്കോബ് ഇങ്ങനെ തുടരുന്നു: “അവൻ തന്നെത്തന്നെ കണ്ടിട്ട് പുറപ്പെടുന്നു. എന്നാൽ തന്റെ രൂപം ഇന്നതായിരുന്നുവെന്ന് ഉടൻതന്നെ മറന്നുപോകുന്നു.” അതെ, അയാൾ കണ്ണാടി നോക്കിയശേഷം കണ്ടതിന് ചേർച്ചയിൽ പ്രവർത്തിക്കാതെ തിരിച്ചുപോകുന്നു. ഇതിൽനിന്നു വ്യത്യസ്തമായി, വിജയം വരിക്കുന്ന ഒരു വ്യക്തി ‘തികവുറ്റ പ്രമാണത്തിൽ ഉറ്റുനോക്കുക’ മാത്രമല്ല ‘അതിൽ നിലനിൽക്കുകയും’ ചെയ്യും. ദൈവത്തിന്റെ തികവുറ്റ ന്യായപ്രമാണം പിന്നിൽ ഉപേക്ഷിക്കുന്നതിനു പകരം, അതിലെ പഠിപ്പിക്കലുകൾ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിൽ തുടർന്നുകൊണ്ട് അയാൾ സ്ഥിരോത്സാഹം കാണിക്കുന്നു. സമാനമായ ഒരു ആശയം യേശുവും പറയുകയുണ്ടായി: “നിങ്ങൾ എന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ വാസ്തവമായും നിങ്ങൾ എന്റെ ശിഷ്യന്മാർ ആയിരിക്കും.”—യോഹ. 8:31.
7. ഉള്ളിൽ സ്വാർഥചായ്വുകളുണ്ടോ എന്ന് ആത്മപരിശോധന നടത്താൻ നമുക്കു ബൈബിൾ എങ്ങനെ ഉപയോഗിക്കാൻ കഴിയും?
7 അതുകൊണ്ട് സ്വാർഥചായ്വുകൾക്കെതിരെ പോരാടുന്നതിൽ വിജയം നേടാൻ നിങ്ങൾ ആദ്യംദൈവവചനം അവധാനപൂർവം വായിക്കണം. ശ്രദ്ധ കൊടുക്കേണ്ട വശങ്ങൾ ഏതൊക്കെയാണെന്നു തിരിച്ചറിയാൻ അതു നിങ്ങളെ സഹായിക്കും. എന്നാൽ അതു മാത്രം മതിയാകുന്നില്ല. ഗവേഷണം ചെയ്തുകൊണ്ട് ദൈവവചനത്തിൽ ആഴത്തിൽ കുഴിച്ചിറങ്ങുക. ഒരു ബൈബിൾവിവരണം വായിച്ചശേഷം ആ രംഗം ഭാവനയിൽ കാണുക. എന്നിട്ട് ആ സാഹചര്യത്തിൽ നിങ്ങളെത്തന്നെ നിറുത്തിക്കൊണ്ട് ഇങ്ങനെ ചോദിക്കുക: ‘ഞാനായിരുന്നു ആ സാഹചര്യത്തിലെങ്കിൽ എങ്ങനെ പ്രവർത്തിക്കുമായിരുന്നു? ഞാൻ ശരിയായ വിധത്തിൽ പ്രവർത്തിക്കുമായിരുന്നോ?’ എന്നാൽ സർവപ്രധാനമായ സംഗതി, വായിച്ചതിനെക്കുറിച്ച് ധ്യാനിച്ചശേഷം അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഉത്സാഹപൂർവം ശ്രമിക്കുക എന്നുള്ളതാണ്. (മത്താ. 7:24, 25) ദൃഷ്ടാന്തത്തിന്, ശൗൽ രാജാവിനെയും അപ്പൊസ്തലനായ പത്രോസിനെയും കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ ആത്മത്യാഗമനോഭാവം നിലനിറുത്താൻ നമ്മെ സഹായിക്കുന്നത് എങ്ങനെയെന്ന് നമുക്ക് പരിചിന്തിക്കാം.
ശൗൽ രാജാവ് ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തം
8. എന്തു മനോഭാവത്തോടെയാണ് ശൗൽ ഭരണം ആരംഭിച്ചത്, അത് അവൻ എങ്ങനെ പ്രകടമാക്കി?
8 സ്വാർഥതയ്ക്ക് നമ്മുടെ ആത്മത്യാഗമനഃസ്ഥിതിയെ പടിപടിയായി നശിപ്പിക്കാൻ കഴിയുന്നത് എങ്ങനെയെന്നതിന്റെ ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമാണ് ഇസ്രായേലിലെ ശൗൽ രാജാവിന്റെ ജീവിതം. ശൗൽ ഭരണം ആരംഭിച്ചപ്പോൾ, താഴ്മയുള്ളവനും തന്നെക്കുറിച്ചുതന്നെ ഒരു എളിയ വീക്ഷണമുള്ളവനും ആയിരുന്നു. (1 ശമൂ. 9:21) തന്റെ ദൈവദത്ത സ്ഥാനത്തിനെതിരെ ശബ്ദമുയർത്തിയ ഇസ്രായേല്യരെ അവന് ന്യായമായും ശിക്ഷിക്കാൻ കഴിയുമായിരുന്നെങ്കിലും അവൻ അതിനു മുതിർന്നില്ല. (1 ശമൂ. 10:27) അമ്മോന്യർക്കെതിരെ വിജയകരമായി യുദ്ധം നയിച്ചുകൊണ്ട് ദൈവാത്മാവിന്റെ വഴിനടത്തിപ്പിന് ശൗൽ രാജാവ് കീഴ്പെട്ടു. അതേത്തുടർന്ന്, ഇസ്രായേലിന്റെ വിജയത്തിനുള്ള മഹത്ത്വം അവൻ താഴ്മയോടെ യഹോവയ്ക്ക് നൽകി.—1 ശമൂ. 11:6, 11-13.
9. ശൗൽ സ്വാർഥചിന്താഗതി വളർത്തിയെടുക്കാൻ തുടങ്ങിയത് എങ്ങനെ?
9 പിൽക്കാലത്ത്, ദ്രവിപ്പിക്കുന്ന തുരുമ്പെന്നപോലെ സ്വാർഥചിന്താഗതിയും അഹങ്കാരവും തന്നിൽ പടർന്ന് കയറാൻ ശൗൽ അനുവദിച്ചു. യുദ്ധത്തിൽ അമാലേക്യരെ പരാജയപ്പെടുത്തിയപ്പോൾ യഹോവയോടുള്ള അനുസരണത്തെക്കാൾ തന്റേതായ ഇഷ്ടങ്ങൾക്ക് അവൻ മുൻതൂക്കം നൽകി. കൊള്ളമുതൽ നശിപ്പിച്ചുകളയാൻ ദൈവം കല്പിച്ചിരുന്നെങ്കിലും അത്യാഗ്രഹത്തോടെ ശൗൽ അത് എടുത്തുകൊണ്ടുപോന്നു. കൂടാതെ, സ്വയം യശസ്കരിക്കാനുള്ള ശ്രമത്തിൽ ധിക്കാരപൂർവം അവൻ ഒരു ജ്ഞാപകസ്തംഭം നാട്ടുകയും ചെയ്തു. (1 ശമൂ. 15:3, 9, 12) ഇക്കാര്യം യഹോവയ്ക്ക് അനിഷ്ടമായെന്ന് ശമുവേൽ പ്രവാചകൻ അറിയിച്ചപ്പോൾ, ദൈവകല്പനയിൽ താൻ അനുസരിച്ചിടത്തോളം കാര്യങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് ശൗൽ തന്നെത്തന്നെ ന്യായീകരിക്കാൻ ശ്രമിക്കുകയും കുറ്റം മറ്റുള്ളവരുടെ മേൽ കെട്ടിവെക്കുകയുമാണ് ഉണ്ടായത്. (1 ശമൂ. 15:16-21) മാത്രമല്ല അഹങ്കാരം നിമിത്തം, ദൈവത്തെ പ്രസാദിപ്പിക്കുന്നതിനെക്കാൾ ജനങ്ങളുടെ മുമ്പാകെ തന്റെ മുഖംരക്ഷിക്കാനുള്ള പങ്കപ്പാടിലായിരുന്നു ശൗൽ. (1 ശമൂ. 15:30) ആത്മത്യാഗമനോഭാവം നിലനിറുത്താനുള്ള ലക്ഷ്യത്തിൽ, ശൗലിനെക്കുറിച്ചുള്ള ഈ വിവരണം ഒരു കണ്ണാടിയെന്നോണം നമുക്ക് എങ്ങനെ ഉപയോഗിക്കാനാകും?
10, 11. (എ) ശൗലിന്റെ ജീവിതത്തിൽനിന്ന്, ആത്മത്യാഗമനോഭാവം നിലനിറുത്തുന്നത് സംബന്ധിച്ച് നമുക്ക് എന്തു പഠിക്കാം? (ബി) ശൗലിന്റെ തെറ്റായ ഗതി നമുക്ക് എങ്ങനെ ഒഴിവാക്കാനാകും?
10 ഒന്നാമതായി, മുമ്പ് ആത്മത്യാഗമനോഭാവം കാണിച്ചിരുന്നതിനാൽ തുടർന്നും നാം സ്വയമേവ അതു പ്രകടമാക്കും എന്ന് ചിന്തിച്ചുകൊണ്ട് ഒരു ഉദാസീനമനോഭാവത്തിലേക്ക് വഴുതിവീഴരുത് എന്ന മുന്നറിയിപ്പാണ് ശൗലിന്റെ ജീവിതം നമുക്കു നൽകുന്നത്. (1 തിമൊ. 4:10) ആദ്യമൊക്കെ അനുസരണം കാണിച്ച ശൗൽ, കുറെക്കാലത്തേക്ക് ദൈവാംഗീകാരം ആസ്വദിച്ചിരുന്നു എന്ന കാര്യം മനസ്സിൽപ്പിടിക്കുക. എന്നാൽ, ക്രമേണ ഉള്ളിൽ വേരുപിടിച്ചുതുടങ്ങിയ സ്വാർഥപ്രവണതകളെ പിഴുതെറിയുന്നതിൽ അവൻ പരാജയപ്പെട്ടു. അങ്ങനെ ഒടുവിൽ, അനുസരണക്കേടിന്റെ പാരമ്യത്തിൽ യഹോവ ശൗലിനെ തള്ളിക്കളഞ്ഞു.
11 രണ്ടാമതായി, ജീവിതത്തിൽ നാം നന്നായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ആത്മനിർവൃതിയടഞ്ഞുകൊണ്ട് പുരോഗതി വരുത്തേണ്ട വശങ്ങൾ അവഗണിച്ചുകളയാതിരിക്കാൻ നാം ജാഗ്രത പാലിക്കണം. നിലക്കണ്ണാടിക്കുമുന്നിൽ അണിഞ്ഞൊരുങ്ങുന്നതിനിടെ ആടയാഭരണങ്ങളുടെ അഴകിൽ മയങ്ങി മുഖത്തു പറ്റിയ അല്പം കൺമഷി കാണാതിരിക്കുന്നതുപോലെയാണ് അത്. ശൗലിൽ വേരുപിടിച്ച അളവോളം അഹന്തയും അമിത ആത്മവിശ്വാസവും ഒന്നും നമ്മെ കീഴ്പെടുത്തിയിട്ടില്ലായിരിക്കാമെങ്കിലും അത്തരമൊരു ഗതിയിലേക്കു നയിക്കുന്ന പ്രവണതകൾക്കെതിരെ നാം നിശ്ചയമായും നിതാന്തജാഗ്രത പുലർത്തണം. നമുക്ക് ഒരു ബുദ്ധിയുപദേശം ലഭിക്കുന്നുവെന്നിരിക്കട്ടെ. നാം എങ്ങനെ പ്രതികരിക്കും? സ്വന്തം പ്രവൃത്തികൾ ന്യായീകരിക്കുകയോ പ്രശ്നം നിസ്സാരീകരിക്കുകയോ മറ്റുള്ളവരെ പഴിചാരുകയോ ചെയ്യാതിരിക്കാൻ നമുക്കു ശ്രദ്ധയുള്ളവരായിരിക്കാം. ശൗലിനെ അനുകരിക്കാതെ, ബുദ്ധിയുപദേശത്തിന് പൂർണമനസ്സോടെ ചെവികൊടുക്കുന്നതാണ് അഭികാമ്യം.—സങ്കീർത്തനം 141:5എ വായിക്കുക.
12. ഗുരുതരമായ ഒരു പാപത്തിൽ വീണുപോയാൽ ആത്മത്യാഗമനോഭാവം ഉണ്ടായിരിക്കുന്നത് നമ്മെ എങ്ങനെ സഹായിക്കും?
12 എന്നിരുന്നാലും, നാം ഗുരുതരമായ ഒരു പാപത്തിൽ വീണുപോകുന്നെങ്കിലോ? ശൗൽ തന്റെ ഖ്യാതി നിലനിറുത്താൻ ആഗ്രഹിച്ചു, അതാണ് ആത്മീയസൗഖ്യം പ്രാപിക്കുന്നതിൽനിന്ന് അവനെ തടഞ്ഞത്. നേരെ മറിച്ച്, ആത്മത്യാഗമനോഭാവം ഉണ്ടായിരിക്കുന്നത് ജാള്യതയും അമ്പരപ്പും മറികടന്ന് ആവശ്യമായ സഹായം സ്വീകരിക്കാൻ നമ്മെ പ്രാപ്തരാക്കും. (സദൃ. 28:13; യാക്കോ. 5:14-16) ദൃഷ്ടാന്തത്തിന്, ഒരു സഹോദരൻ 12 വയസ്സുള്ളപ്പോൾ മുതൽ അശ്ലീലം വീക്ഷിക്കാൻ തുടങ്ങി. ഒരു ദശാബ്ദത്തിലേറെക്കാലം അദ്ദേഹം രഹസ്യമായി ആ ശീലത്തിൽ തുടർന്നു. അദ്ദേഹം വിവരിക്കുന്നു: “ഞാൻ ചെയ്തുകൊണ്ടിരുന്ന ഈ ദുഷ്ചെയ്തിയെക്കുറിച്ച് ഭാര്യയോടും മൂപ്പന്മാരോടും ഏറ്റുപറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാൽ ഇപ്പോൾ അത് ഏറ്റുപറഞ്ഞതിന്റെ ഫലമായി വലിയൊരു ഭാരം ചുമലിൽനിന്ന് ഇറക്കിവെച്ചതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. ഒരു ശുശ്രൂഷാദാസൻ എന്ന പദവിയിൽനിന്ന് എന്നെ നീക്കിയപ്പോൾ എന്റെ ചില സുഹൃത്തുക്കൾ, എന്നെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകൾ ഞാൻ മനഃപൂർവം തല്ലിക്കൊഴിച്ചതുപോലെ നിരാശപ്പെട്ടു. എന്നിരുന്നാലും, ഞാൻ അശ്ലീലം വീക്ഷിച്ചിരുന്ന കാലഘട്ടത്തെക്കാൾ ഇപ്പോഴത്തെ എന്റെ സേവനത്തിലാണ് യഹോവ ഏറെ പ്രസാദിക്കുന്നത് എന്ന് എനിക്കറിയാം, അവന്റെ വീക്ഷണമാണല്ലോ വാസ്തവത്തിൽ പ്രധാനം.”
പത്രോസ് സ്വാർഥത തരണംചെയ്തു
13, 14. പത്രോസ് എങ്ങനെയാണ് സ്വാർഥപ്രവണതകൾ പ്രകടമാക്കിയത്?
13 യേശുവിൽനിന്ന് പരിശീലനം നേടവെ പത്രോസ് അപ്പൊസ്തലൻ ആത്മത്യാഗമനോഭാവം പ്രകടമാക്കുകയുണ്ടായി. (ലൂക്കോ. 5:3-11) എങ്കിലും സ്വാർഥപ്രവണതകൾക്കെതിരെ അവന് പോരാടേണ്ടതുണ്ടായിരുന്നു. ഉദാഹരണത്തിന്, അപ്പൊസ്തലന്മാരായ യാക്കോബും യോഹന്നാനും ദൈവരാജ്യത്തിൽ യേശുവിനരികെ മുഖ്യാസനങ്ങൾ കരസ്ഥമാക്കാൻ തന്ത്രപരമായി നീങ്ങിയപ്പോൾ അപ്പൊസ്തലനായ പത്രോസിനെ അത് രോഷാകുലനാക്കി. പത്രോസിന് ഒരു സവിശേഷ ഭാഗധേയം നിർവഹിക്കാനുണ്ടെന്ന് യേശു മുന്നമേ പറഞ്ഞിരുന്ന സ്ഥിതിക്ക് ആ മുഖ്യാസനങ്ങളിലൊന്ന് തനിക്കുള്ളതായിരിക്കുമെന്ന് ഒരുപക്ഷേ പത്രോസ് ചിന്തിച്ചിരിക്കാം. (മത്താ. 16:18, 19) എന്തായിരുന്നാലും, ലോകത്തിലെ പ്രമാണിമാരെപ്പോലെ സ്വാർഥബുദ്ധികളായിരുന്നുകൊണ്ട് സഹോദരങ്ങളുടെ മേൽ ‘ആധിപത്യം നടത്താൻ’ ശ്രമിക്കുന്നതിനെതിരെ യേശു യാക്കോബിനും യോഹന്നാനും പത്രോസിനും മറ്റ് അപ്പൊസ്തലന്മാർക്കും മുന്നറിയിപ്പ് നൽകി.—മർക്കോ. 10:35-45.
14 യേശു പത്രോസിന്റെ ചിന്താഗതി തിരുത്താൻ ശ്രമിച്ചതിനു ശേഷം പോലും, സ്വാർഥപ്രവണതകൾക്കെതിരെ പത്രോസിനു തുടർന്നും മല്ലിടേണ്ടിവന്നു. അപ്പൊസ്തലന്മാരെല്ലാം താത്കാലികമായി തന്നെ ഉപേക്ഷിച്ച് ചിതറിപ്പോകുമെന്ന് യേശു അവരോടു പറഞ്ഞപ്പോൾ, എന്തുവന്നാലും താൻ മാത്രം വിശ്വസ്തനായിരിക്കുമെന്ന് വീമ്പിളക്കിക്കൊണ്ട് പത്രോസ് മറ്റുള്ളവരുടെ മീതെ തന്നെത്തന്നെ ഉയർത്തി. (മത്താ. 26:31-33) പത്രോസിന്റെ അമിതമായ ആത്മവിശ്വാസം അസ്ഥാനത്തായിരുന്നു. കാരണം, അന്നേദിവസം രാത്രിതന്നെ ആത്മത്യാഗമനോഭാവം കാണിക്കാൻ അവൻ ദയനീയമായി പരാജയപ്പെട്ടു. സ്വയം രക്ഷിക്കാനുള്ള ശ്രമത്തിൽ പത്രോസ് യേശുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു.—മത്താ. 26:69-75.
15. പത്രോസിന്റെ ജീവിതം ആകമാനം നിരീക്ഷിക്കുമ്പോൾ അത് ആശ്വാസപ്രദവും അനുകരണീയവും ആയിരിക്കുന്നത് എങ്ങനെ?
15 ഇത്തരം പോരാട്ടങ്ങളും പരാജയങ്ങളും ഒക്കെയുണ്ടായിരുന്നെങ്കിലും നമുക്ക് ആശ്വാസവും പ്രോത്സാഹനവും പകരുന്ന ഒരു അനുകരണീയജീവിതമാണ് പത്രോസിന്റേത്. സ്വന്തം പരിശ്രമത്താലും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായത്താലും പത്രോസിന് തന്റെ തെറ്റായ പ്രവണതകളെ തരണംചെയ്യാനും ജീവിതത്തിൽ ആത്മനിയന്ത്രണവും ആത്മത്യാഗസ്നേഹവും പ്രകടിപ്പിക്കാനും കഴിഞ്ഞു. (ഗലാ. 5:22, 23) മുമ്പ് ഇടറിവീണ പരിശോധനകളെക്കാൾ വലിയവ പിന്നീട് അവൻ സഹിച്ചുനിന്നു. പൗലോസ് അപ്പൊസ്തലൻ പത്രോസിനെ പരസ്യമായി തിരുത്തിയപ്പോൾ അവൻ താഴ്മയോടെ പ്രതികരിച്ചു. (ഗലാ. 2:11-14) പൗലോസിന്റെ ശാസന തന്റെ നിലയ്ക്കും വിലയ്ക്കും കോട്ടംവരുത്തിയെന്ന് വിചാരിച്ചുകൊണ്ട് പത്രോസ് പൗലോസിനോട് നീരസം വെച്ചുകൊണ്ടിരുന്നില്ല. പകരം, തുടർന്നും പത്രോസ് പൗലോസിനെ സ്നേഹിക്കുകയാണുണ്ടായത്. (2 പത്രോ. 3:15) പത്രോസിന്റെ ഈ മാതൃക ആത്മത്യാഗമനോഭാവം നട്ടുവളർത്താൻ നമ്മെ സഹായിക്കുന്നു.
തിരുത്തൽ ലഭിച്ചശേഷം പത്രോസ് എങ്ങനെയാണ് പ്രതികരിച്ചത്, സമാനമായ സാഹചര്യത്തിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? (15-ാം ഖണ്ഡിക കാണുക)
16. ദുഷ്കരമായ സാഹചര്യങ്ങളിൽ നമുക്ക് എങ്ങനെ ആത്മത്യാഗമനോഭാവം പ്രകടമാക്കാം?
16 ദുഷ്കരമായ സാഹചര്യങ്ങളിൽ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കാറുള്ളത് എന്നതിനെക്കുറിച്ച് ചിന്തിക്കുക. സുവിശേഷം പ്രസംഗിച്ചതു നിമിത്തം പത്രോസിനെയും മറ്റ് അപ്പൊസ്തലന്മാരെയും തടവിലാക്കുകയും അടിപ്പിക്കുകയും ചെയ്തപ്പോൾ അവർ എങ്ങനെയാണ് പ്രതികരിച്ചത്? “(യേശുവിന്റെ) നാമത്തിനുവേണ്ടി അപമാനം സഹിക്കാൻ യോഗ്യരായി എണ്ണപ്പെട്ടതിൽ” അവർ ആഹ്ലാദിച്ചു. (പ്രവൃ. 5:41) അതുപോലെ, ആത്മത്യാഗമനോഭാവം പ്രകടിപ്പിച്ചുകൊണ്ട് പത്രോസിനെ അനുകരിക്കാനും യേശുവിന്റെ കാലടികൾ പിന്തുടരാനും ഉള്ള ഒരു സുവർണാവസരമായി നിങ്ങൾക്കും പീഡനത്തെ വീക്ഷിക്കാൻ കഴിയും. (1 പത്രോസ് 2:20, 21 വായിക്കുക.) കൂടാതെ, മൂപ്പന്മാരിൽനിന്ന് നിങ്ങൾക്ക് ആവശ്യമായ തിരുത്തലോ ശിക്ഷണമോ ലഭിക്കുന്നെങ്കിൽ, അപ്പോഴും ആത്മത്യാഗമനോഭാവത്തിന് നിങ്ങളെ സഹായിക്കാനാകും. വിദ്വേഷം വെച്ചുപുലർത്തുന്നതിനു പകരം പത്രോസിന്റെ മാതൃക അനുകരിക്കുക.—സഭാ. 7:9.
17, 18. (എ) നമ്മുടെ ആത്മീയലാക്കുകളെക്കുറിച്ച് നാം എന്ത് ആത്മപരിശോധന നടത്തണം? (ബി) കുറെയൊക്കെ സ്വാർഥത ഇനിയും ഉള്ളിലുണ്ടെന്ന് തിരിച്ചറിഞ്ഞാൽ നമുക്ക് എന്തു ചെയ്യാനാകും?
17 ആത്മീയലാക്കുകൾ വെക്കുമ്പോഴും നമുക്ക് പത്രോസിന്റെ മാതൃകയിൽനിന്ന് പ്രയോജനം നേടാൻ കഴിയും. ആത്മത്യാഗമനോഭാവം പ്രതിഫലിപ്പിച്ചുകൊണ്ടാകണം ആത്മീയ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ. നിങ്ങളുടെ പ്രയത്നങ്ങൾ പ്രാമുഖ്യതയ്ക്കുവേണ്ടിയുള്ള പണിപ്പെടലായി പരിണമിക്കാതിരിക്കാൻ ജാഗ്രത പാലിക്കുക. അതുകൊണ്ട് നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘യഹോവയ്ക്കായുള്ള എന്റെ സേവനം മെച്ചപ്പെടുത്താനും വർധിപ്പിക്കാനും ഉള്ള എന്റെ ആഗ്രഹത്തിൽ, യാക്കോബും യോഹന്നാനും യേശുവിനെ സമീപിച്ചപ്പോൾ പ്രകടമായതുപോലെ, കൂടുതൽ അംഗീകാരത്തിനും അധികാരത്തിനും വേണ്ടിയുള്ള അഭികാമ്യമല്ലാത്ത ഒരു അഭിവാഞ്ഛയുടെ അഴുക്കു പുരണ്ടിട്ടുണ്ടോ?’
18 ഉള്ളിൽ അല്പമെങ്കിലും സ്വാർഥപ്രവണതകൾ ആത്മപരിശോധനയിൽ നിങ്ങൾ കണ്ടെത്തുന്നെങ്കിൽ, നിങ്ങളുടെ വികാരങ്ങളെയും വിചാരങ്ങളെയും വരുതിയിൽനിറുത്താനുള്ള സഹായത്തിനായി യഹോവയോട് അപേക്ഷിക്കുക; തുടർന്ന്, സ്വന്തമഹത്ത്വം തേടാതെ ദൈവമഹത്ത്വത്തിനായി പ്രയത്നിക്കുന്നതിൽ മനസ്സുചെലുത്തുക. (സങ്കീ. 86:11) നിങ്ങളെത്തന്നെ ആളുകളുടെ ശ്രദ്ധാകേന്ദ്രമാക്കാത്ത തരത്തിലുള്ള ലാക്കുകൾ വെക്കാനും നിങ്ങൾക്ക് ശ്രമിക്കാനാകും. ഉദാഹരണത്തിന്, ആത്മാവിന്റെ ഫലത്തിലെ ഏതെങ്കിലും ഒരു ഗുണം സ്വജീവിതത്തിൽ നട്ടുവളർത്തുക അല്പം ബുദ്ധിമുട്ടായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? എങ്കിൽ ആ ഗുണം കൂടുതൽ തികവോടെ പ്രകടമാക്കാൻ നിങ്ങൾക്ക് ലക്ഷ്യം വെക്കാൻ കഴിയും. ഇനിയും, യോഗപരിപാടികൾക്കായി ഉത്സാഹപൂർവം തയ്യാറാകുന്ന വ്യക്തിയാണ് നിങ്ങൾ എന്നിരിക്കട്ടെ. പക്ഷേ, രാജ്യഹാൾ ശുചീകരണത്തിൽ പങ്കെടുക്കുന്നതുപോലുള്ള കാര്യങ്ങൾ വരുമ്പോൾ അതിൽ അത്രതന്നെ ശുഷ്കാന്തി നിങ്ങൾക്ക് തോന്നുന്നില്ലെന്നും കരുതുക. അങ്ങനെയെങ്കിൽ, റോമർ 12:16-ലെ ബുദ്ധിയുപദേശം ഏറെ മെച്ചമായി ബാധകമാക്കാനുള്ള ഒരു ലക്ഷ്യം നിങ്ങൾക്ക് വെക്കാവുന്നതാണ്.—റോമർ 12:16 വായിക്കുക.
19. ദൈവവചനമാകുന്ന കണ്ണാടിയിൽ തെളിയുന്ന സ്വന്തം പ്രതിച്ഛായ കണ്ടിട്ട് നിരുത്സാഹത്തിന് വഴിപ്പെടാതിരിക്കാൻ നമുക്ക് എന്തു ചെയ്യാനാകും?
19 ദൈവവചനമാകുന്ന കണ്ണാടി നോക്കി നാം സുസൂക്ഷ്മം ആത്മവിശകലനം ചെയ്യവെ, ന്യൂനതകളും സ്വസ്നേഹത്തിന്റെ ചില സൂചനകളും അതിൽ തെളിഞ്ഞുവരുന്നെങ്കിൽ നമുക്ക് നിരാശയും നിരുത്സാഹവുമൊക്കെ തോന്നിയേക്കാം. എപ്പോഴെങ്കിലും അങ്ങനെ സംഭവിക്കുന്നെങ്കിൽ യാക്കോബിന്റെ ദൃഷ്ടാന്തത്തിലെ വചനം പ്രമാണിക്കുന്ന മനുഷ്യനെക്കുറിച്ച് ചിന്തിക്കുക. ആത്മപരിശോധനയിൽ കണ്ടെത്തിയ പ്രശ്നങ്ങൾ അയാൾ എത്രവേഗം പരിഹരിച്ചു, അവയിൽ എല്ലാംതന്നെ അയാൾക്ക് പരിഹരിക്കാനായോ എന്നിങ്ങനെയുള്ള വിശദാംശങ്ങളിൽ ശ്രദ്ധയൂന്നുന്നതിനു പകരം ‘തികവുറ്റ പ്രമാണത്തിൽ അയാൾ നിലനിന്നു’ എന്നു മാത്രമാണ് യാക്കോബ് പറയുന്നത്. (യാക്കോ. 1:25) കണ്ണാടിയിൽ കണ്ട സ്വന്തം പ്രതിബിംബം ആ മനുഷ്യൻ ഓർത്തിരിക്കുകയും മെച്ചപ്പെടാൻ ഒരു സ്ഥിരപരിശ്രമം നടത്തുകയും ചെയ്തു. അതെ, നിങ്ങളെക്കുറിച്ചുതന്നെ ഒരു ക്രിയാത്മക വീക്ഷണം വെച്ചുപുലർത്തുക; സ്വന്തം അപൂർണതകളെ സമനിലയോടെ നോക്കിക്കാണുക. (സഭാപ്രസംഗി 7:20 വായിക്കുക.) തികവുറ്റ പ്രമാണത്തിൽ ഉറ്റുനോക്കുന്നതിൽ തുടർന്നുകൊണ്ട് ആത്മത്യാഗമനോഭാവം നിലനിറുത്താൻ ബോധപൂർവം ശ്രമം ചെയ്യുക. നിങ്ങളെപ്പോലെതന്നെ അപൂർണരായിരുന്ന നിങ്ങളുടെ അനേകം സഹോദരങ്ങളെ യഹോവ സഹായിച്ചിട്ടുണ്ട്, നിങ്ങളെ സഹായിക്കാനും അവൻ സന്നദ്ധനാണ്. ബൈബിളിലൂടെ അവൻ നൽകുന്ന ബുദ്ധിയുപദേശം പിൻപറ്റുകയും ആത്മത്യാഗമനോഭാവം പ്രകടമാക്കുന്നതിൽ തുടരുകയും ചെയ്യുന്നെങ്കിൽ അവന്റെ അംഗീകാരവും അനുഗ്രഹാശിസ്സുകളും നിങ്ങൾക്കും ആസ്വദിക്കാനാകും.