വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യെഹെസ്കേലിന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന മാഗോഗിലെ ഗോഗ് ആരാണ്?
വർഷങ്ങളായി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ, സ്വർഗത്തിൽനിന്നു പുറത്താക്കപ്പെട്ട സാത്താനെയാണ് മാഗോഗിലെ ഗോഗ് എന്ന് വിശേഷിപ്പിച്ചിരുന്നത്. എന്തുകൊണ്ട്? കാരണം ദൈവജനത്തെ ആക്രമിക്കുന്നതിന് നേതൃത്വം നൽകുന്നവനായിട്ടാണ് പിശാചായ സാത്താനെ വെളിപാട് പുസ്തകം തിരിച്ചറിയിക്കുന്നത്. (വെളി. 12:1-17) അതുകൊണ്ടായിരുന്നു ഗോഗ്, സാത്താന്റെ മറ്റൊരു പ്രാവചനികനാമം ആണെന്ന് ചിന്തിച്ചിരുന്നത്.
പക്ഷേ ആ വിശദീകരണം ചില ചോദ്യങ്ങൾ ഉയർത്തുന്നു. ഇതേക്കുറിച്ചൊന്ന് ചിന്തിക്കുക: ഗോഗിന്റെ നാശത്തെ സൂചിപ്പിച്ചുകൊണ്ട് യഹോവ ഇങ്ങനെ പറഞ്ഞു: ‘ഞാൻ നിന്നെ കഴുകു മുതലായ പറവെക്കൊക്കെയും കാട്ടുമൃഗത്തിന്നും ഇരയായി കൊടുക്കും.’ (യെഹെ. 39:4) പിന്നെ യഹോവ ഇങ്ങനെ കൂട്ടിച്ചേർത്തു: ‘അന്നു ഞാൻ ഗോഗിന്നു യിസ്രായേലിൽ ഒരു ശ്മശാനഭൂമി കൊടുക്കും . . . അവിടെ അവർ ഗോഗിനെയും അവന്റെ സകല പുരുഷാരത്തെയും അടക്കംചെയ്യും.’ (യെഹെ. 39:11) എന്നാൽ ഒരു ആത്മജീവിയെ ‘കഴുകുമുതലായ പറവെക്കും കാട്ടുമൃഗത്തിനും’ ഒക്കെ എങ്ങനെ ഭക്ഷിക്കാനാകും? സാത്താന് ഭൂമിയിൽ ഒരു ‘ശ്മശാന’സ്ഥലം എങ്ങനെ കൊടുക്കാനാകും? സാത്താനെ 1,000 വർഷത്തേക്കു തടവിലിടുമെന്ന് ബൈബിൾ വ്യക്തമായി പറയുന്നു. അതുകൊണ്ട് അവനെ ആരും തിന്നുകയോ കുഴിച്ചിടുകയോ ചെയ്യുകയില്ല എന്ന കാര്യം ഉറപ്പാണ്.—വെളി. 20:1, 2.
1,000 വർഷത്തിന്റെ അവസാനം സാത്താനെ അഗാധത്തിൽനിന്ന് തുറന്നുവിടുമെന്നും “അവൻ ഭൂമിയുടെ നാലുകോണിലുമുള്ള ജനതകളായ ഗോഗിനെയും മാഗോഗിനെയും വഴിതെറ്റിച്ച് യുദ്ധത്തിനു കൂട്ടിച്ചേർക്കാൻ പുറപ്പെടു”മെന്നും ബൈബിൾ പറയുന്നു. (വെളി. 20:8) ഗോഗ് സാത്താൻതന്നെയാണെങ്കിൽ, അവന് തന്നെത്തന്നെ എങ്ങനെ വഴിതെറ്റിക്കാനാകും? അതുകൊണ്ട് യെഹെസ്കേലിന്റെ പ്രവചനത്തിലും വെളിപാട് പുസ്തകത്തിലും പറഞ്ഞിരിക്കുന്ന “ഗോഗ്” സാത്താനല്ലെന്ന് വ്യക്തമാണ്.
എങ്കിൽപ്പിന്നെ മാഗോഗിലെ ഗോഗ് ആരാണ്? അത് അറിയാൻ, ദൈവജനത്തെ ആക്രമിക്കുന്നത് ആരാണെന്ന് നമ്മൾ തിരുവെഴുത്തുകളിൽനിന്നു കണ്ടെത്തണം. “മാഗോഗ്ദേശത്തിലെ ഗോഗിന്റെ” ആക്രമണത്തെക്കുറിച്ചു മാത്രമല്ല ബൈബിൾ പറയുന്നത്. ‘വടക്കെദേശത്തിലെ രാജാവിന്റെയും’ ‘ഭൂരാജാക്കന്മാരുടെയും’ ആക്രമണത്തെക്കുറിച്ചും പറയുന്നുണ്ട്. (യെഹെ. 38:2, 10-13; ദാനീ. 11:40, 44, 45; വെളി. 17:14; 19:19) ഇതെല്ലാം വെവ്വേറെ ആക്രമണങ്ങളാണോ? അങ്ങനെയാകണമെന്നില്ല. ഈ ആക്രമണത്തെ പല പേരുകളിൽ ബൈബിൾ പരാമർശിക്കുന്നുണ്ടെന്നു തോന്നുന്നു. നമുക്ക് അത് എങ്ങനെ ഉറപ്പിക്കാം? കാരണം അവസാനത്തെ ആക്രമണത്തിൽ ഭൂമിയിലെ എല്ലാ ദേശങ്ങളും പങ്കെടുക്കുമെന്നും അത് അർമ്മഗെദ്ദോനു വഴിയൊരുക്കുമെന്നും ബൈബിൾ പറയുന്നു.—വെളി. 16:14, 16.
ദൈവജനത്തിന് നേരെയുള്ള അവസാനത്തെ ആക്രമണത്തെക്കുറിച്ചു പറയുന്ന തിരുവെഴുത്തുകൾ പരിശോധിക്കുമ്പോൾ മാഗോഗിലെ ഗോഗ് എന്ന പേര് സാത്താനെയല്ല, മറിച്ച് ഒരു കൂട്ടം രാഷ്ട്രങ്ങളെ കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് നമുക്ക് മനസ്സിലാകുന്നു. ഈ ജനതകളെ ‘വടക്കെദേശത്തിലെ രാജാവ്’ ആയിരിക്കുമോ നയിക്കുന്നത്? അത് നമുക്ക് ഉറപ്പിച്ചു പറയാനാകില്ല. എങ്കിലും ഈ ആശയം ഗോഗിനെക്കുറിച്ച് യഹോവ പറഞ്ഞിരിക്കുന്ന വാക്കുകൾക്കു ചേർച്ചയിലാണ്: “നീയും നിന്നോടുകൂടെ പല ജാതികളും ഒട്ടൊഴിയാതെ കുതിരപ്പുറത്തു കയറി ഒരു മഹാസമൂഹവും മഹാസൈന്യവുമായി നിന്റെ ദിക്കിൽനിന്നു, വടക്കെ അറ്റത്തുനിന്നു തന്നേ, വരും.”—യെഹെ. 38:6, 15.
സമാനമായി, യെഹെസ്കേലിന്റെ സമകാലികനായിരുന്ന ദാനിയേൽ പ്രവാചകൻ വടക്കേ ദേശത്തെ രാജാവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അങ്ങനെ അവൻ പലരെയും നശിപ്പിച്ചു നിർമ്മൂലനാശം വരുത്തേണ്ടതിന്നു മഹാക്രോധത്തോടെ പുറപ്പെടും. പിന്നെ അവൻ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപർവ്വതത്തിന്നും മദ്ധ്യേ മണിപ്പന്തൽ ഇടും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.” (ദാനീ. 11:44, 45) ഗോഗിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് യെഹെസ്കേൽ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിലാണ് ഇത്.—യെഹെ. 38:8-12, 16.
അവസാനത്തെ ഈ ആക്രമണത്തിന്റെ ഫലമായി പിന്നീട് എന്തു സംഭവിക്കും? ദാനിയേൽ നമ്മളോട് ഇങ്ങനെ പറയുന്നു: “ആ കാലത്തു (1914 മുതൽ) നിന്റെ സ്വജാതിക്കാർക്കു തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ (യേശുക്രിസ്തു) എഴുന്നേല്ക്കും (അർമ്മഗെദ്ദോനിൽ); ഒരു ജാതി ഉണ്ടായതുമുതൽ ഈകാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം (മഹാകഷ്ടം) ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷപ്രാപിക്കും.” (ദാനീ. 12:1) ദൈവത്തിന്റെ പ്രതിനിധിയായ യേശു ചെയ്യാനിരിക്കുന്ന സമാനമായ കാര്യം വെളിപാട് 19:11-21-ൽ വിശദീകരിച്ചിട്ടുണ്ട്.
അപ്പോൾപ്പിന്നെ വെളിപാട് 20:8-ൽ പറഞ്ഞിരിക്കുന്ന ഗോഗും മാഗോഗും ആരാണ്? 1,000 വർഷത്തിന്റെ അവസാനത്തിങ്കലെ അന്തിമപരിശോധനയുടെ സമയത്ത് യഹോവയ്ക്കെതിരെ മത്സരിക്കുകയും ദൈവജനത്തെ ആക്രമിക്കുകയും ചെയ്യുന്നവരെയാണ് ഈ പേര് കുറിക്കുന്നത്. മഹാകഷ്ടത്തിന്റെ സമയത്ത് ദൈവജനത്തെ ആക്രമിച്ച രാഷ്ട്രങ്ങളായ മാഗോഗിലെ ഗോഗിന്റെ അതേ ഹിംസാത്മക മനോഭാവമുള്ളവരായിരിക്കും ഇവരും. ഈ രണ്ടു കൂട്ടർക്കും കിട്ടാൻപോകുന്ന ശിക്ഷാവിധി ഒന്നുതന്നെയായിരിക്കും—നിത്യനാശം! (വെളി. 19:20, 21; 20:9) ആ സ്ഥിതിക്ക്, 1,000 വർഷത്തിന്റെ അവസാനത്തിലുള്ള എല്ലാ മത്സരികളെയും “ഗോഗും മാഗോഗും” എന്നു വിളിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു.
ദൈവവചനം തീക്ഷ്ണതയോടെ പഠിക്കുന്നവരെന്ന നിലയിൽ, ‘വടക്കേ ദേശത്തെ രാജാവ്’ ആരായിരിക്കും എന്ന് അറിയാൻ നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ ജനതകളെ ആര് നയിച്ചാലും രണ്ടു കാര്യങ്ങൾ നമുക്ക് ഉറപ്പാണ്: (1) മാഗോഗിലെ ഗോഗും അവന്റെ സൈന്യവും നശിപ്പിക്കപ്പെടും. (2) നമ്മുടെ രാജാവായ യേശുക്രിസ്തു ദൈവജനത്തെ സംരക്ഷിക്കുകയും, സമാധാനവും യഥാർഥ സുരക്ഷിതത്വവും ഉള്ള പുതിയ ഭൂമിയിലേക്ക് അവരെ ആനയിക്കുകയും ചെയ്യും.—വെളി. 7:14-17.