ശ്രദ്ധ പതറാതെ യഹോവയെ സേവിക്കുക
“മറിയ . . . അവന്റെ (യേശുവിന്റെ) വചനം ശ്രദ്ധിച്ചുകൊണ്ടിരുന്നു. മാർത്തയാകട്ടെ സത്കാരകാര്യങ്ങളാൽ കുഴങ്ങി.”—ലൂക്കോ. 10:39, 40.
1, 2. യേശു എന്തുകൊണ്ടാണ് മാർത്തയെ സ്നേഹിച്ചത്, എന്നാൽ അവൾ എല്ലാം തികഞ്ഞവളല്ലെന്ന് കാണിക്കുന്ന എന്ത് പിഴവാണ് അവൾ വരുത്തിയത്?
ലാസറിന്റെ സഹോദരിയായ മാർത്തയെക്കുറിച്ച് കേൾക്കുമ്പോൾ എങ്ങനെയുള്ള ഒരു വ്യക്തിയുടെ ചിത്രമാണ് നിങ്ങളുടെ മനസ്സിലേക്ക് വരുന്നത്? അവൾ യേശുവിന്റെ നല്ല സുഹൃത്തായിരുന്നെന്നും അവൻ അവളെ സ്നേഹിച്ചിരുന്നെന്നും ബൈബിൾ പറയുന്നു. മാർത്തയെ മാത്രമല്ല, മറ്റു സ്ത്രീകളെയും യേശു സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു എന്നതിന് സംശയമില്ല. ഉദാഹരണത്തിന്, മാർത്തയുടെ സഹോദരി മറിയയും യേശുവിന്റെ ഉറ്റ സുഹൃത്തായിരുന്നു. തന്റെ അമ്മ മറിയയെയും യേശു സ്നേഹിച്ചിരുന്നു. (യോഹ. 11:5; 19:25-27) അങ്ങനെയെങ്കിൽ, യേശു മാർത്തയെ സ്നേഹിച്ചതിനെക്കുറിച്ച് എടുത്ത് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്?
2 മാർത്ത ഔദാര്യവും ദയയും ഉള്ളവളായിരുന്നു. കൂടാതെ കഠിനാധ്വാനിയും. എങ്കിലും, യേശു അവളെ സ്നേഹിച്ചതിന്റെ ഏറ്റവും പ്രധാനകാരണം അവളുടെ ശക്തമായ വിശ്വാസമായിരുന്നു. യേശു പഠിപ്പിച്ച എല്ലാ കാര്യങ്ങളും അവൾ വിശ്വസിച്ചു, അവൻ വാഗ്ദത്ത മിശിഹായാണെന്നതിൽ അവൾക്ക് ഒരു സംശയവുമില്ലായിരുന്നു. (യോഹ. 11:21-27) ഇങ്ങനെയൊക്കെയായിരുന്നെങ്കിലും അവൾ എല്ലാം തികഞ്ഞവളായിരുന്നില്ല. നമ്മളെപ്പോലെ അവൾക്കും പിശകുകൾ പറ്റിയിട്ടുണ്ട്. ഉദാഹരണത്തിന്, ഒരിക്കൽ യേശു അവരെ സന്ദർശിച്ചപ്പോൾ, മാർത്ത സഹോദരിയായ മറിയയോട് നീരസം തോന്നിയിട്ട് മറിയയെ തിരുത്താൻ യേശുവിനോട് ആവശ്യപ്പെട്ടു. മാർത്ത യേശുവിനോട്, “കർത്താവേ, ഒരുക്കങ്ങൾ ചെയ്യാൻ എന്റെ സഹോദരി എന്നെ തനിച്ചു വിട്ടിരിക്കുന്നതു നീ കാണുന്നില്ലേ? വന്ന് എന്നെ സഹായിക്കാൻ അവളോടു പറഞ്ഞാലും” എന്ന് പറഞ്ഞു. (ലൂക്കോസ് 10:38-42 വായിക്കുക.) മാർത്ത എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്? അവളോടുള്ള യേശുവിന്റെ മറുപടിയിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?
മാർത്തയുടെ ശ്രദ്ധ വ്യതിചലിച്ചു
3, 4. മറിയ ചെയ്ത ഏതു പ്രവൃത്തിയാണ് യേശു പ്രശംസിച്ചത്, മാർത്ത അതിൽനിന്ന് എന്ത് പഠിച്ചു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
3 മാർത്തയും മറിയയും തന്നെ വീട്ടിലേക്കു ക്ഷണിച്ചതിൽ യേശുവിന് വളരെ സന്തോഷം തോന്നി. അവരെ വളരെ വിലപ്പെട്ട സത്യങ്ങൾ പഠിപ്പിക്കാനായി ആ സമയം ഉപയോഗിക്കാൻ അവൻ ആഗ്രഹിച്ചു. മറിയ പെട്ടെന്നുതന്നെ യേശുവിന്റെ അടുക്കൽ പോയിരുന്ന് ‘അവന്റെ വചനം ശ്രദ്ധിക്കാൻ തുടങ്ങി.’ മഹാനായ അധ്യാപകനിൽനിന്ന് തന്നാലാകുന്നതെല്ലാം പഠിക്കാൻ അവൾ ആഗ്രഹിച്ചു. മാർത്തയ്ക്കും ഇങ്ങനെതന്നെ ചെയ്യാമായിരുന്നു. ചെയ്തുകൊണ്ടിരുന്ന കാര്യം നിറുത്തിവെച്ചിട്ട് യേശുവിന്റെ വാക്കുകൾ കേൾക്കാനായി അവൾ ചെന്നിരുന്നെങ്കിൽ യേശു അവളെ അഭിനന്ദിച്ചേനേ.
4 എന്നാൽ മാർത്തയുടെ ശ്രദ്ധ മറ്റൊന്നിലായിരുന്നു. യേശുവിന് ഒരു വിരുന്നൊരുക്കുന്നതിലും മറ്റു പല കാര്യങ്ങൾ ചെയ്തുകൊണ്ട് അവന്റെ താമസം തന്നാലാകുന്നത്ര സുഖപ്രദമാക്കുന്നതിലും അവൾ മുഴുകി. മറിയ തന്നെ സഹായിക്കുന്നില്ലെന്നു കണ്ടപ്പോൾ അവൾ അസ്വസ്ഥയായി. അവൾ യേശുവിനോട് പരാതിപ്പെടുകയും ചെയ്തു. മാർത്ത ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് കണ്ട യേശു, അവളോട് ദയയോടെ പറഞ്ഞു: “മാർത്തേ, മാർത്തേ, നീ പലതിനെച്ചൊല്ലി വ്യാകുലപ്പെട്ടും മനസ്സുകലങ്ങിയുമിരിക്കുന്നു.” ലളിതമായ ഭക്ഷണം, ഒരുപക്ഷേ, ഏതെങ്കിലും ഒരു വിഭവം മാത്രം മതി എന്ന് യേശു അഭിപ്രായപ്പെട്ടു. പിന്നെ താൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടിരുന്നതിന് യേശു മറിയയെ പ്രശംസിച്ചു. അവൻ പറഞ്ഞു: “മറിയ നല്ല പങ്ക് തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽനിന്ന് എടുത്തുകളയുകയുമില്ല.” അന്ന് അവിടെ കഴിച്ച ഭക്ഷണം എന്തായിരുന്നെന്ന് മറിയ ഓർക്കാൻ വഴിയില്ല. എന്നാൽ യേശുവിൽനിന്നു പഠിച്ച കാര്യങ്ങളും അവൻ അവളെ പ്രശംസിച്ചതും അവൾ ഒരിക്കലും മറന്നിട്ടുണ്ടാകില്ല. “യേശു മാർത്തയെയും അവളുടെ സഹോദരിയെയും . . . സ്നേഹിച്ചിരുന്നു” എന്ന് 60-ലധികം വർഷത്തിനു ശേഷം അപ്പൊസ്തലനായ യോഹന്നാൻ എഴുതി. (യോഹ. 11:5) അതുകൊണ്ടുതന്നെ മാർത്ത യേശുവിന്റെ വാക്കുകളെക്കുറിച്ച് ചിന്തിച്ചെന്നും തുടർന്നുള്ള അവളുടെ ജീവിതകാലത്ത് യഹോവയെ വിശ്വസ്തമായി സേവിച്ചെന്നും ഉള്ള കാര്യത്തിൽ സംശയമില്ല.
5. കൂടുതൽ പ്രധാനമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ന് വിശേഷാൽ ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്, നമ്മൾ ഏതു ചോദ്യത്തിന് ഉത്തരം കണ്ടെത്തും?
5 യഹോവയെ സേവിക്കുന്നതിൽനിന്ന് നമ്മുടെ ശ്രദ്ധതിരിക്കുന്ന കാര്യങ്ങൾ ബൈബിൾക്കാലങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതലാണെന്ന് നമുക്ക് അറിയാം. 1958 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരം മാസിക (ഇംഗ്ലീഷ്), യഹോവയെ സേവിക്കുന്നതിൽനിന്ന് നമ്മുടെ ശ്രദ്ധതിരിക്കാൻ സാങ്കേതികവിദ്യയെ അനുവദിക്കരുതെന്ന് സഹോദരീസഹോദരന്മാർക്ക് മുന്നറിയിപ്പു നൽകി. അന്നും പുതിയപുതിയ കാര്യങ്ങൾ ഓരോ ദിവസവും എന്നപോലെ ഇറങ്ങിയിരുന്നു. പളപളപ്പൻ മാസികകൾ, റേഡിയോ, ചലച്ചിത്രങ്ങൾ, ടെലിവിഷൻ ഒക്കെ ജനപ്രീതി നേടിയിരുന്നു. നമ്മൾ ഈ വ്യവസ്ഥിതിയുടെ അന്ത്യത്തോട് അടുക്കുന്തോറും “ശ്രദ്ധാശൈഥില്യങ്ങൾ ഏറിവന്നേക്കാം” എന്നും ആ വീക്ഷാഗോപുരം പറഞ്ഞിരുന്നു. ആ വാക്കുകൾ ഇന്ന് എത്ര സത്യമായിരിക്കുന്നു! മറിയയെപ്പോലെ, യഹോവയെ ആരാധിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാകാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും?
ലോകത്തെ മുഴുവനായി ഉപയോഗിക്കാതിരിക്കുക
6. യഹോവയുടെ ജനം ഓരോ കാലത്തും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് എങ്ങനെ?
6 യഹോവയുടെ ജനം, സുവാർത്ത പ്രസംഗിക്കുന്നതിനായി ലോകത്തിന്റെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിവരുന്നു. ഉദാഹരണത്തിന്, ഒന്നാം ലോകയുദ്ധകാലത്തും അതിനു മുമ്പും അവർ “സൃഷ്ടിപ്പിൻ ഫോട്ടോ-നാടകം” പ്രദർശിപ്പിച്ചു. സ്ലൈഡുകളും ശബ്ദം സഹിതമുള്ള ഹ്രസ്വ കളർ ചലച്ചിത്രങ്ങളും ഉപയോഗിച്ച് അനേകം ദേശങ്ങളിലുള്ള ദശലക്ഷങ്ങളോട് അവർക്ക് സുവാർത്ത പ്രസംഗിക്കാനായി. “ഫോട്ടോ-നാടക”ത്തിന്റെ അവസാനഭാഗം യേശുക്രിസ്തു ഭൂമിയെ ഭരിക്കുമ്പോഴുള്ള സമാധാനപൂർണമായ സമയത്തെ വർണിച്ചു. പിന്നീട്, യഹോവയുടെ ജനം, ലോകമെമ്പാടുമുള്ള ദശലക്ഷങ്ങളെ രാജ്യസന്ദേശം അറിയിക്കുന്നതിന് റേഡിയോ പ്രക്ഷേപണം ഉപയോഗിച്ചു. ഇന്ന് നമ്മൾ ആളുകളുള്ളിടത്തെല്ലാം, ഒറ്റപ്പെട്ട സ്ഥലങ്ങളിൽപ്പോലും സുവാർത്ത എത്തിക്കുന്നതിന് കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിക്കുന്നു.
അത്യാവശ്യമില്ലാത്ത കാര്യങ്ങൾ യഹോവയെ സേവിക്കുന്നതിൽനിന്ന് നിങ്ങളുടെ ശ്രദ്ധ പതറിക്കാൻ അനുവദിക്കരുത്. (7-ാം ഖണ്ഡിക കാണുക)
7. (എ) ലോകത്തെ മുഴുവനായി ഉപയോഗിക്കുന്നത് അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) നമ്മൾ എന്തിനെക്കുറിച്ചെല്ലാം വളരെ ശ്രദ്ധാലുക്കളായിരിക്കണം? (അടിക്കുറിപ്പു കാണുക.)
7 ലോകത്തെ മുഴുവനായി ഉപയോഗിക്കരുതെന്ന് ബൈബിൾ മുന്നറിയിപ്പു നൽകുന്നു. ലോകം വെച്ചുനീട്ടുന്ന കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കുന്നതും അതിൽ ഉൾപ്പെടുന്നു. (1 കൊരിന്ത്യർ 7:29-31 വായിക്കുക.) അവയിൽ ചിലതൊന്നും തെറ്റായിരിക്കണമെന്നില്ല. എങ്കിലും അത് ഒരുപാട് സമയം കവർന്നെടുത്തേക്കാം. ഉദാഹരണത്തിന്, ഹോബികളിൽ ഏർപ്പെടുക, പുസ്തകങ്ങൾ വായിക്കുക, ടെലിവിഷൻ കാണുക, ഇഷ്ടമുള്ള സ്ഥലങ്ങൾ സന്ദർശിക്കുക, ഷോപ്പിങ് നടത്തുക, പുതുപുത്തൻ ഇലക്ട്രോണിക് ഉപകരണങ്ങളെയും ആഡംബരവസ്തുക്കളെയും കുറിച്ചുള്ള വിവരങ്ങൾ തേടിക്കൊണ്ടിരിക്കുക എന്നിവയൊക്കെ നമുക്ക് ഇഷ്ടമായിരിക്കാം. ചാറ്റ് ചെയ്യുന്നതും ഇ-മെയിലും മെസ്സേജുകളും അയയ്ക്കുന്നതും വാർത്തയും കായികമത്സരങ്ങളുടെ ഫലങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുന്നതും പലർക്കും ഹരമാണ്. പക്ഷേ ചിലർക്ക് ഈ കാര്യങ്ങൾ ഒരു ആസക്തിയായി മാറിയേക്കാം.a (സഭാ. 3:1, 6) അപ്രധാനകാര്യങ്ങൾക്ക് നമ്മൾ കണക്കിലധികം സമയം ചെലവഴിക്കുന്നെങ്കിൽ, യഹോവയെ ആരാധിക്കുക എന്ന നമ്മുടെ സുപ്രധാനകാര്യത്തിന് വേണ്ടത്ര ശ്രദ്ധകൊടുക്കാൻ കഴിയാതെ വന്നേക്കാം.—എഫെസ്യർ 5:15-17 വായിക്കുക.
8. ലോകത്തിലുള്ളതിനെ സ്നേഹിക്കാതിരിക്കുന്നത് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
8 സാത്താൻ ഇന്ന് അവന്റെ ലോകത്തിലുള്ള കാര്യങ്ങളിലേക്ക് നമ്മളെ വശീകരിക്കാനും യഹോവയെ സേവിക്കുന്നതിൽനിന്ന് നമ്മളെ വ്യതിചലിപ്പിക്കാനും തന്നാലാകുന്നതെല്ലാം ചെയ്യുന്നു. ഒന്നാം നൂറ്റാണ്ടിൽ അവൻ അങ്ങനെ ചെയ്തിട്ടുണ്ട്. ഇന്ന് അവൻ അതിലും അധികമായി ചെയ്തുകൊണ്ടിരിക്കുന്നു. (2 തിമൊ. 4:10) അതുകൊണ്ട് ഈ ലോകത്തിലുള്ളതിനെക്കുറിച്ച് നമുക്ക് എന്താണ് തോന്നുന്നതെന്ന് നമ്മൾ ക്രമമായി പരിശോധിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും വേണം. ഈ ലോകത്തിലുള്ളതിനെ നമ്മൾ സ്നേഹിക്കരുതെന്ന് ബൈബിൾ പറയുന്നു. പകരം, യഹോവയോടുള്ള നമ്മുടെ സ്നേഹം ശക്തമാക്കി നിറുത്തണം. അപ്രകാരം ചെയ്യുമ്പോൾ യഹോവയെ അനുസരിക്കാനും അവനോട് അടുത്തിരിക്കാനും നമുക്ക് എളുപ്പമായിരിക്കും.—1 യോഹ. 2:15-17.
സുപ്രധാനമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
9. ഏത് കാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് യേശു ശിഷ്യന്മാരെ പഠിപ്പിച്ചത്, ആ കാര്യത്തിൽ അവൻ എങ്ങനെയാണ് മികച്ച മാതൃക വെച്ചത്?
9 പല കാര്യങ്ങളെപ്രതി ശ്രദ്ധ വ്യതിചലിച്ചു പോകരുതെന്ന് യേശു ദയാപൂർവം മാർത്തയെ പഠിപ്പിച്ചു. അതേ പാഠം അവൻ ശിഷ്യന്മാരെയും പഠിപ്പിച്ചു. യഹോവയെ സേവിക്കുന്നതിലും രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിലും ശ്രദ്ധയൂന്നാൻ യേശു അവരെ പ്രോത്സാഹിപ്പിച്ചു. (മത്തായി 6:22, 33 വായിക്കുക.) യേശുതന്നെ ഇതിന് ഒരു ഉത്തമ മാതൃക വെച്ചു. യേശുവിന് അധികം വസ്തുവകകളൊന്നുമില്ലായിരുന്നു. എന്തിന്, സ്വന്തമായൊരു വീടുപോലും!—ലൂക്കോ. 9:58; 19:33-35.
10. യേശു എന്ത് നല്ല മാതൃകയാണ് നമുക്കുവേണ്ടി വെച്ചത്?
10 പ്രസംഗവേലയിൽനിന്ന് തന്നെ വ്യതിചലിപ്പിക്കാൻ യേശു യാതൊന്നിനെയും അനുവദിച്ചില്ല. ഉദാഹരണത്തിന്, പ്രസംഗവേല ആരംഭിച്ച് വൈകാതെതന്നെ കഫർന്നഹൂമിലെ ആളുകൾ യേശുവിനോട് അവരുടെ പട്ടണത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ ആവശ്യപ്പെട്ടു. അവൻ എന്താണ് ചെയ്തത്? അവൻ തന്റെ നിയമനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അവൻ അവരോട് ഇങ്ങനെ പറഞ്ഞു: “മറ്റു പട്ടണങ്ങളിലും ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്.” (ലൂക്കോ. 4:42-44) കഴിയുന്നത്ര ആളുകളോട് സുവാർത്ത പറയാനും അവരെ പഠിപ്പിക്കാനുമായി യേശു ബഹുദൂരം കാൽനടയായി സഞ്ചരിച്ചു. യേശു ഒരു പൂർണമനുഷ്യനായിരുന്നിട്ടും ക്ഷീണിതനാകുകയും വിശ്രമം ആവശ്യമായി വരികയും ചെയ്തു. ഇത് കാണിക്കുന്നത് യേശു കഠിനമായി അധ്വാനിച്ചെന്നാണ്.—ലൂക്കോ. 8:23; യോഹ. 4:6.
11. എന്തുകൊണ്ടാണ് യേശു തന്നെ സമീപിച്ച ഒരു മനുഷ്യന്റെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതിരുന്നത്, അവൻ ശിഷ്യന്മാരെ എന്ത് പാഠമാണ് പഠിപ്പിച്ചത്?
11 പിന്നീട് ഒരിക്കൽ യേശു ശിഷ്യന്മാരെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരാൾ ഇടയ്ക്കുകയറി ഇങ്ങനെ പറഞ്ഞു: “ഗുരോ, ഞാനുമായി പിതൃസ്വത്ത് പങ്കുവെക്കാൻ എന്റെ സഹോദരനോടു പറഞ്ഞാലും.” ആ മനുഷ്യന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ യേശു ശ്രമിച്ചില്ല. ശിഷ്യന്മാരെ പഠിപ്പിക്കുന്നതിൽനിന്ന് അവന്റെ ശ്രദ്ധ വ്യതിചലിച്ചുമില്ല. പകരം, വസ്തുവകകൾ സമ്പാദിച്ചുകൂട്ടുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കിൽ ദൈവത്തെ സേവിക്കുന്നതിൽനിന്ന് അവർ വ്യതിചലിച്ചുപോകാൻ ഇടയുണ്ട് എന്ന് അവരെ പഠിപ്പിക്കാൻ യേശു ഈ അവസരം ഉപയോഗിച്ചു.—ലൂക്കോ. 12:13-15.
12, 13. (എ) യെരുശലേമിലായിരുന്ന ചില ഗ്രീക്കുകാരിൽ മതിപ്പുളവാക്കിയ എന്താണ് യേശു ചെയ്തത്? (ബി) തന്നെ കാണണമെന്ന് അവർ ഫിലിപ്പോസിനോട് പറഞ്ഞപ്പോൾ യേശു എങ്ങനെ പ്രതികരിച്ചു?
12 ഒരു മനുഷ്യനെന്ന നിലയിലുള്ള യേശുവിന്റെ ജീവിതത്തിലെ അവസാന ദിവസങ്ങൾ സമ്മർദപൂരിതമായിരുന്നു. (മത്താ. 26:38; യോഹ. 12:27) കഠിനയാതനകൾ സഹിച്ച് മരിക്കാൻ പോകുകയാണെന്ന് അവന് അറിയാമായിരുന്നു. മരണത്തിനു മുമ്പ് കുറെയേറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്നും അവന് അറിയാമായിരുന്നു. ഉദാഹരണത്തിന്, നീസാൻ ഒൻപതാം തീയതി ഞായറാഴ്ച, യേശു ഒരു കഴുതപ്പുറത്ത് കയറി യെരുശലേമിലേക്ക് പ്രവേശിച്ചു. ജനക്കൂട്ടം അവനെ ഒരു രാജാവായി വരവേറ്റു. (ലൂക്കോ. 19:37) തൊട്ടടുത്ത ദിവസം, ആലയത്തിൽ അന്യായവിലയ്ക്ക് സാധനങ്ങൾ വിറ്റ് ആളുകളെ കൊള്ളയടിച്ചിരുന്ന അത്യാഗ്രഹികളെ യേശു ധൈര്യപൂർവം പുറത്താക്കി.—ലൂക്കോ. 19:45, 46.
13 യെരുശലേമിൽ പെസഹാ ആഘോഷിക്കാൻ എത്തിയിരുന്ന ചില ഗ്രീക്കുകാർക്ക് യേശു ചെയ്തത് കണ്ട്, അതിൽ മതിപ്പു തോന്നി. അതുകൊണ്ട് അവർ അപ്പൊസ്തലനായ ഫിലിപ്പോസിനോട് യേശുവിനെ ഒന്നു കാണാൻ പറ്റുമോ എന്ന് ചോദിച്ചു. പക്ഷേ, തന്നെ പിന്തുണയ്ക്കാനും ശത്രുക്കളിൽനിന്ന് സംരക്ഷിക്കാനും കഴിവുള്ളവരെ തേടാൻ ശ്രമിക്കുകയായിരുന്നില്ല യേശു. കൂടുതൽ പ്രാധാന്യമുള്ളത് എന്തിനാണെന്ന് അവന് അറിയാമായിരുന്നു. അവന്റെ ശ്രദ്ധ മുഴുവനും തന്നെക്കുറിച്ചുള്ള ദൈവേഷ്ടത്തിൽ, അതായത്, ഒരു യാഗമായി തന്റെ ജീവൻ അർപ്പിക്കുന്നതിൽ ആയിരുന്നു. വൈകാതെതന്നെ താൻ മരിക്കുമെന്നും തന്നെ അനുഗമിക്കുന്നവരും അവരുടെ ജീവിതം ത്യജിക്കാൻ മനസ്സൊരുക്കമുള്ളവരായിരിക്കണമെന്നും അവൻ ശിഷ്യന്മാരെ ഓർമിപ്പിച്ചു. അവൻ പറഞ്ഞു: “തന്റെ ജീവനെ പ്രിയപ്പെടുന്നവൻ അതിനെ ഇല്ലാതാക്കും. ഈ ലോകത്തിൽ തന്റെ ജീവനെ ദ്വേഷിക്കുന്നവനോ നിത്യജീവനായി അതിനെ കാത്തുസൂക്ഷിക്കും.” തന്റെ അനുഗാമികളെ “പിതാവ് മാനിക്കും” എന്നും അവർക്ക് നിത്യജീവൻ നൽകുമെന്നും യേശു ഉറപ്പുകൊടുത്തു. പ്രോത്സാഹജനകമായ ഈ സന്ദേശം ആ ഗ്രീക്കുകാർക്ക് കൈമാറാൻ ഫിലിപ്പോസിന് കഴിയുമായിരുന്നു.—യോഹ. 12:20-26.
14. പ്രസംഗപ്രവർത്തനത്തിന് ജീവിതത്തിൽ പ്രഥമസ്ഥാനം കൊടുത്തിരുന്നെങ്കിലും യേശു മറ്റ് എന്തുകൂടി ഉറപ്പുവരുത്തി?
14 സുവാർത്ത അറിയിക്കുന്നതിന് ജീവിതം ഉഴിഞ്ഞുവെച്ചെങ്കിലും അത് മാത്രമായിരുന്നില്ല യേശു ചെയ്തത്. ഉദാഹരണത്തിന്, യേശു കുറഞ്ഞത് ഒരു വിവാഹത്തിലെങ്കിലും പങ്കെടുത്തു. അവിടെവെച്ച് അവൻ വെള്ളം നല്ല വീഞ്ഞാക്കി മാറ്റി. (യോഹ. 2:2, 6-10) കൂട്ടുകാരുടെയും സുവാർത്തയോട് താത്പര്യമുണ്ടായിരുന്നവരുടെയും വീടുകളിൽ യേശു വിരുന്നിന് പോയി. (ലൂക്കോ. 5:29; യോഹ. 12:2) എങ്കിലും, അതിലും പ്രധാനമായി, വിശ്രമിക്കാനും ഒറ്റയ്ക്കിരുന്ന് ധ്യാനിക്കാനും പ്രാർഥിക്കാനും സമയമുണ്ടെന്ന് യേശു എപ്പോഴും ഉറപ്പുവരുത്തി.—മത്താ. 14:23; മർക്കോ. 1:35; 6:31, 32.
‘സർവഭാരവും വിട്ട് ഓടുക’
15. ക്രിസ്ത്യാനികൾ എന്ത് ചെയ്യണമെന്നാണ് പൗലോസ് പറഞ്ഞത്, അവൻ അതിന് എങ്ങനെ ഒരു നല്ല മാതൃകവെച്ചു?
15 ക്രിസ്ത്യാനികളെല്ലാം ഒരു ദീർഘദൂര ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ഓട്ടക്കാരെപ്പോലെയാണെന്ന് പൗലോസ് അപ്പൊസ്തലൻ പറഞ്ഞു. ഓട്ടം പൂർത്തിയാക്കുന്നതിന് ഓട്ടത്തിന്റെ വേഗം കുറയ്ക്കുന്നതും ഓട്ടം തടസ്സപ്പെടുത്തുന്നതും ആയ എല്ലാം ഒഴിവാക്കണമെന്നും പൗലോസ് പറഞ്ഞു. (എബ്രാ. 12:1) അവൻ ഇതിന് നല്ലൊരു മാതൃകവെച്ചു. സമ്പന്നനാകാനും ഒരു യഹൂദ മതനേതാവ് എന്ന നിലയിൽ പ്രശസ്തനാകാനും അവന് കഴിയുമായിരുന്നു. പക്ഷേ, ‘പ്രാധാന്യമേറിയ കാര്യങ്ങളിൽ’ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി അതെല്ലാം അവൻ വേണ്ടെന്നുവെച്ചു. സിറിയ, ഏഷ്യാമൈനർ, മാസിഡോണിയ, യെഹൂദ്യ എന്നിവിടങ്ങളിലെല്ലാം അവൻ സഞ്ചരിക്കുകയും പ്രസംഗവേലയിൽ തീക്ഷ്ണതയോടെ ഏർപ്പെടുകയും ചെയ്തു. സ്വർഗത്തിലെ അനന്തജീവൻ എന്ന പ്രതിഫലത്തിൽ പൗലോസ് ഉറ്റുനോക്കി. അവൻ ഇങ്ങനെ പറഞ്ഞു: “പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിനായി ആഞ്ഞുംകൊണ്ട് ക്രിസ്തുയേശുവിലൂടെ ദൈവം നൽകുന്ന സ്വർഗീയവിളിയാകുന്ന സമ്മാനത്തിനായി ഞാൻ ലക്ഷ്യത്തിലേക്കു കുതിക്കുന്നു.” (ഫിലി. 1:10; 3:8, 13, 14) പൗലോസ് വിവാഹിതനല്ലായിരുന്നു. അത് ‘ഏകാഗ്രതയോടെ കർത്താവിനു സദാ ശുശ്രൂഷ ചെയ്യാൻ’ അവനെ സഹായിച്ചു.—1 കൊരി. 7:32-35.
16, 17. വിവാഹിതരാണെങ്കിലും അല്ലെങ്കിലും നമുക്ക് എങ്ങനെ പൗലോസിന്റെ മാതൃക അനുകരിക്കാം? മാർക്കും ക്ലെയറും എങ്ങനെയാണ് പൗലോസിനെ അനുകരിച്ചത്?
16 യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ കഴിയേണ്ടതിന്, ഇന്നത്തെ ചില ദൈവദാസരും പൗലോസിനെപ്പോലെ വിവാഹം വേണ്ടെന്ന് തീരുമാനിക്കുന്നു. (മത്താ. 19:11, 12) അവിവാഹിതർക്ക് മിക്കപ്പോഴും വിവാഹിതരെക്കാൾ കുടുംബോത്തരവാദിത്വങ്ങൾ കുറവായിരിക്കും. വിവാഹിതരാണെങ്കിലും അല്ലെങ്കിലും യഹോവയുടെ സേവനത്തിൽനിന്ന് നമ്മുടെ ശ്രദ്ധപതറിക്കുന്ന ‘സർവഭാരവും വിട്ട്’ നമുക്ക് നീങ്ങാം. അതിനുവേണ്ടി ചിലപ്പോൾ നമ്മുടെ ചില ശീലങ്ങൾക്ക് മാറ്റം വരുത്തേണ്ടി വന്നേക്കാം. അതുവഴി സമയം പാഴാകുന്നത് ഒഴിവാക്കാം; ദൈവസേവനത്തിന് കൂടുതൽ സമയവും കണ്ടെത്താം.
17 ഉദാഹരണത്തിന്, മാർക്കിന്റെയും ക്ലെയറിന്റെയും കാര്യമെടുക്കാം. ഈ ദമ്പതികൾ വെയിൽസിലാണ് വളർന്നുവന്നത്. സ്കൂൾപഠനം കഴിഞ്ഞതും അവർ രണ്ടുപേരും മുൻനിരസേവനം തുടങ്ങി. വിവാഹിതരായ ശേഷവും അവർ അത് തുടർന്നു. എന്നാൽ അവർ സേവനത്തിൽ കൂടുതൽ ചെയ്യാൻ ആഗ്രഹിച്ചു. മാർക്ക് പറയുന്നു: “ഞങ്ങൾക്കുണ്ടായിരുന്ന മൂന്നു മുറികളുള്ള വീടും അംശകാല ജോലിയും ഉപേക്ഷിച്ച് ഞങ്ങൾ ജീവിതം ലളിതമാക്കി. അങ്ങനെ ഞങ്ങൾക്ക് അന്താരാഷ്ട്രനിർമാണവേലയിൽ പ്രവേശിക്കാൻ കഴിഞ്ഞു.” കഴിഞ്ഞ 20 വർഷമായി ആഫ്രിക്കയുടെ പല ഭാഗങ്ങൾ സന്ദർശിച്ച് രാജ്യഹാളുകൾ നിർമിക്കുന്നതിൽ അവർ സഹായിച്ചുവരുന്നു. അവരുടെ കൈയിൽ ചിലപ്പോൾ ഒട്ടുംതന്നെ പണം കാണില്ലായിരുന്നു. എന്നാൽ യഹോവ അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുത്തു. ക്ലെയർ പറയുന്നു: “യഹോവയെ സേവിച്ചുകൊണ്ട് ഓരോ ദിവസവും ചെലവഴിക്കാനാകുന്നത് ഞങ്ങൾക്ക് എന്തെന്നില്ലാത്ത സംതൃപ്തി നൽകുന്നു. ഇക്കാലത്തിനിടയിൽ ഞങ്ങൾക്ക് നിരവധിപേരെ സുഹൃത്തുക്കളാക്കാൻ കഴിഞ്ഞു, ഞങ്ങൾക്ക് ഒന്നിനും കുറവുണ്ടായിട്ടുമില്ല. യഹോവയെ മുഴുസമയം സേവിക്കുന്നതിൽനിന്ന് കിട്ടുന്ന സന്തോഷത്തോടുള്ള താരതമ്യത്തിൽ ഞങ്ങൾ പിന്നിൽ വിട്ടുകളഞ്ഞവ ഒന്നുമല്ല.” യഹോവയെ മുഴുസമയം സേവിക്കുന്ന പലർക്കും ഇതുതന്നെയാണ് പറയാനുള്ളത്.b
18. നമ്മൾ നമ്മളോടുതന്നെ ഏത് ചോദ്യങ്ങൾ ചോദിക്കണം?
18 യഹോവയെ സേവിക്കുന്നതിൽ കൂടുതൽ ഉത്സാഹമുള്ളവരാകണമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? പ്രധാനപ്പെട്ട കാര്യങ്ങളിൽനിന്ന് നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന എന്തെങ്കിലുമുണ്ടോ? അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാം? ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്ന വിധം നിങ്ങൾക്ക് മെച്ചപ്പെടുത്താനാകും. അടുത്ത ലേഖനം ഇത് എങ്ങനെ ചെയ്യാമെന്ന് വിശദീകരിക്കും.
a “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു” എന്ന ലേഖനം കാണുക.
b “ശരിയായത് അറിയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു” എന്ന ലേഖനത്തിലെ ഹേഡൻ സാൻഡെഴ്സന്റെയും മെലഡിയുടെയും ജീവിതകഥ കാണുക. (2006 മാർച്ച് 1 വീക്ഷാഗോപുരം) മുഴുസമയസേവനത്തിൽ ചേരുന്നതിനുവേണ്ടി ഓസ്ട്രേലിയയിൽ നല്ലനിലയിൽ നടന്നുകൊണ്ടിരുന്ന ബിസിനെസ്സ് അവർ വിട്ടുകളഞ്ഞു. ഇന്ത്യയിൽ മിഷനറിമാരായി സേവിക്കുമ്പോൾ കൈയിലെ പണം തീർന്നുപോയ അവസരത്തിൽ അവർ എന്തു ചെയ്തെന്ന് വായിക്കുക.