നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾ സശ്രദ്ധം വായിച്ചു കാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകുമോ എന്നു നോക്കുക:
ക്രിസ്ത്യാനികൾ പ്രാർഥിക്കേണ്ടത് യേശുക്രിസ്തുവിനോടോ?
അല്ല. യഹോവയോട് പ്രാർഥിക്കാനാണ് യേശു നമ്മളെ പഠിപ്പിച്ചത്, തന്റെ പിതാവിനോട് പ്രാർഥിച്ചുകൊണ്ട് യേശു മാതൃക വെച്ചു. (മത്താ. 6:6-9; യോഹ. 11:41; 16:23) ആ മാതൃക പിൻപറ്റിയ അവന്റെ ആദ്യത്തെ അനുഗാമികൾ ദൈവത്തോടാണ് പ്രാർഥിച്ചത്, യേശുവിനോടല്ല. (പ്രവൃ. 4:24, 30; കൊലോ. 1:3)—4/1, പേജ് 14.
യെഹെസ്കേലിന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന മാഗോഗിലെ ഗോഗ് ആരാണ്?
മാഗോഗിലെ ഗോഗ് എന്ന പേര് സാത്താനെയല്ല, മറിച്ച്, മഹാകഷ്ടം ആരംഭിച്ചതിനുശേഷം ദൈവജനത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം രാഷ്ട്രങ്ങളെ കുറിക്കാനാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാം.—5/15, പേജ് 29-30.
യേശു ചെയ്ത അത്ഭുതങ്ങൾ അവന്റെ ഉദാരമനസ്കത ദൃഷ്ടാന്തീകരിക്കുന്നത് എങ്ങനെ?
കാനായിലെ ഒരു വിവാഹവിരുന്നിൽവെച്ച് യേശു 380 ലിറ്റർ വെള്ളം വീഞ്ഞാക്കി. മറ്റൊരവസരത്തിൽ അവൻ 5,000-ത്തിലധികം ആളുകളെ അത്ഭുതകരമായി പോഷിപ്പിച്ചു. (മത്താ. 14:14-21; യോഹ. 2:6-11) ഈ രണ്ട് സന്ദർഭങ്ങളിലും യേശു തന്റെ പിതാവിന്റെ ഉദാരമനസ്കത അനുകരിക്കുകയായിരുന്നു.—6/15, പേജ് 4-5.
അന്ത്യം വരുമ്പോൾ ഇല്ലാതാകാൻ പോകുന്ന ചില കാര്യങ്ങൾ ഏവ?
പരാജയമടഞ്ഞ മാനുഷഗവൺമെന്റുകൾ, യുദ്ധം, അനീതി, ദൈവത്തെയും മനുഷ്യരെയും നിരാശപ്പെടുത്തിയ മതങ്ങൾ, അഭക്തരായ ആളുകൾ തുടങ്ങിയവ ഇല്ലാതാകും.—7/1, പേജ് 3-5.
മഹതിയാം ബാബിലോൺ നശിപ്പിക്കപ്പെടുമ്പോൾ ആ വ്യാജമതങ്ങളിലെ എല്ലാ അംഗങ്ങളും കൊല്ലപ്പെടുമോ?
അങ്ങനെ തോന്നുന്നില്ല. സെഖര്യാവു 13:4-6 സൂചിപ്പിക്കുന്നത്, മതനേതാക്കന്മാരിൽ ചിലർപോലും തങ്ങളുടെ മതപരമായ ജീവിതഗതി ഉപേക്ഷിച്ച് തങ്ങൾ ഒരിക്കലും ആ വ്യാജമതങ്ങളുടെ ഭാഗമായിരുന്നില്ലെന്ന് അവകാശപ്പെടും എന്നാണ്.—7/15, പേജ് 15-16.
ഒരു ക്രിസ്ത്യാനിക്ക് ധ്യാനിക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ഏവ?
നമുക്കു ധ്യാനിക്കാൻ കഴിയുന്ന കാര്യങ്ങളിൽ യഹോവയുടെ സൃഷ്ടിക്രിയകളും പ്രാർഥന എന്ന പദവിയും മറുവില എന്ന സ്നേഹപൂർവകമായ കരുതലും ഉൾപ്പെടുന്നു.—8/15, പേജ് 10-13.
ചീത്ത സഹവാസങ്ങൾ ഒഴിവാക്കുന്നത് വിവാഹത്തിനുമുമ്പുള്ള പ്രേമബന്ധത്തെക്കുറിച്ച് എന്തു പഠിപ്പിക്കുന്നു?
അവിശ്വാസികളോട് നമ്മൾ ദയയില്ലാത്തവരല്ല. എന്നാൽ, ദൈവത്തിന് സമർപ്പിക്കാത്തവരും അവന്റെ നിലവാരങ്ങളോട് വിശ്വസ്തത പുലർത്താത്തവരും ആയ ആരെയെങ്കിലും പ്രേമിക്കുന്നെങ്കിൽ അത് ദൈവത്തിന്റെ മാർഗനിർദേശത്തിനു വിരുദ്ധമായിരിക്കും. (1 കൊരി. 15:33)—8/15, പേജ് 25.
പത്രോസ് ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽ പരാജയപ്പെട്ടത് എങ്ങനെ, എങ്കിലും വിശ്വാസം വീണ്ടെടുത്തത് എങ്ങനെ?
വിശ്വാസത്താൽ, പത്രോസ് വെള്ളത്തിന്മീതെകൂടെ യേശുവിന്റെ അടുത്തേക്ക് നടന്നു. (മത്താ. 14:24-32) എന്നാൽ കൊടുങ്കാറ്റിലേക്ക് ശ്രദ്ധ പോയപ്പോൾ പത്രോസ് ഭയപ്പെട്ടു. വീണ്ടും യേശുവിൽ അവൻ ശ്രദ്ധ കേന്ദ്രീകരിക്കുകയും സഹായം സ്വീകരിക്കുകയും ചെയ്തു.—9/15, പേജ് 16-17.
അപൂർണരാണെങ്കിലും ദൈവത്തെ പ്രസാദിപ്പിക്കാനാകുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
ഇയ്യോബിനെയും ലോത്തിനെയും ദാവീദിനെയും പോലുള്ളവർ പിശകുകൾ വരുത്തി. എങ്കിലും അവർ ദൈവത്തെ സേവിക്കാൻ ആഗ്രഹിച്ചു, തങ്ങളുടെ തെറ്റുകൾ സംബന്ധിച്ച് പശ്ചാത്താപമുള്ളവരായിരുന്നു, മാറ്റങ്ങൾ വരുത്തുകയും ചെയ്തു. അവർക്ക് ദൈവത്തിന്റെ അംഗീകാരം ലഭിച്ചു, നമുക്കും അത് ലഭിക്കും.—10/1, പേജ് 12-13.
പലവിധ കാര്യങ്ങളാൽ ശ്രദ്ധ നഷ്ടപ്പെട്ട മാർത്തയിൽനിന്ന് എന്തു പഠിക്കാൻ കഴിയും?
ഒരിക്കൽ വലിയ ഒരു വിരുന്നൊരുക്കുന്നതിൽ മുഴുകിയത് നിമിത്തം മാർത്തയുടെ ശ്രദ്ധ വ്യതിചലിച്ചു. അവളുടെ സഹോദരി തന്റെ പഠിപ്പിക്കലിനു ശ്രദ്ധകൊടുത്തുകൊണ്ട് നല്ല പങ്ക് തിരഞ്ഞെടുത്തു എന്ന് യേശു പറഞ്ഞു. അനാവശ്യകാര്യങ്ങൾ ആത്മീയപ്രവർത്തനങ്ങൾക്ക് ഒരു തടസ്സമാകാതെ നമ്മൾ സൂക്ഷിക്കണം.—10/15, പേജ് 18-20.