മോചനവില—പിതാവിന്റെ ‘തികവുറ്റ സമ്മാനം’
‘എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും പിതാവിൽനിന്ന് വരുന്നു.’—യാക്കോ. 1:17.
1. മോചനവില എന്തൊക്കെ അനുഗ്രഹങ്ങൾ നേടിത്തരുന്നു?
യേശുക്രിസ്തുവിന്റെ മോചനവിലയിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങൾ പലതാണ്. ആദാമിന്റെ മക്കളിൽ നീതിയെ സ്നേഹിക്കുന്നവർക്കെല്ലാം ദൈവകുടുംബത്തിന്റെ ഭാഗമായിരിക്കാനും സന്തോഷത്തോടെ എന്നെന്നും ജീവിക്കാനും ഉള്ള അവസരം കിട്ടിയതു മോചനവിലയിലൂടെയാണ്. എന്നാൽ മോചനവിലയുടെ അനുഗ്രഹങ്ങൾ അതിൽ അവസാനിക്കുന്നില്ല. യഹോവയുടെ നീതിക്കു മുഖ്യസ്ഥാനം കൊടുത്തുകൊണ്ട് മരണം വരിക്കാൻ യേശു കാണിച്ച സന്നദ്ധത വളരെ പ്രധാനപ്പെട്ട ചില വിഷയങ്ങളിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുന്നു.—എബ്രാ. 1:8, 9.
2. (എ) സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാവരെയും ബാധിക്കുന്ന ഏതൊക്കെ കാര്യങ്ങൾ യേശുവിന്റെ പ്രാർഥനയിൽ കാണാനാകും? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) നമ്മൾ ഇനി എന്താണു പഠിക്കാൻപോകുന്നത്?
2 മരണത്തിലൂടെ മോചനവില കൊടുക്കുന്നതിനു രണ്ടു വർഷം മുമ്പ് യേശു ശിഷ്യന്മാരെ ഇങ്ങനെ പ്രാർഥിക്കാൻ പഠിപ്പിച്ചു: “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ.” (മത്താ. 6:9, 10) മോചനവില ദൈവനാമം പരിശുദ്ധമാക്കുന്നതിനോടും ദൈവരാജ്യഭരണത്തോടും ദൈവത്തിന്റെ ഉദ്ദേശ്യം പൂർത്തീകരിക്കുന്നതിനോടും എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നതെന്നു നമുക്ക് ഇപ്പോൾ പഠിക്കാം. മോചനവില എന്ന ക്രമീകരണത്തോടു കൂടുതൽ നന്ദിയുള്ളവരായിരിക്കാൻ അതു നമ്മളെ സഹായിക്കും.
“അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ”
3. യഹോവയുടെ പേര് യഹോവയെക്കുറിച്ച് എന്തൊക്കെ വെളിപ്പെടുത്തുന്നു, ആ പരിശുദ്ധനാമത്തെ സാത്താൻ എങ്ങനെയാണ് അപകീർത്തിപ്പെടുത്തിയത്?
3 ദൈവത്തിന്റെ പേര് പരിശുദ്ധമായിരിക്കേണമേ എന്ന അപേക്ഷയാണു മാതൃകാപ്രാർഥനയിൽ യേശു ആദ്യം നടത്തിയത്. യഹോവയുടെ ശ്രേഷ്ഠതയും മഹത്ത്വവും പരിശുദ്ധിയും വെളിപ്പെടുത്തുന്ന ഒന്നാണ് യഹോവയുടെ പേര്. മറ്റൊരു പ്രാർഥനയിൽ യേശു യഹോവയെ “പരിശുദ്ധപിതാവേ” എന്ന് അഭിസംബോധന ചെയ്തു. (യോഹ. 17:11) യഹോവ വിശുദ്ധനായതുകൊണ്ട് യഹോവയുടെ എല്ലാ തത്ത്വങ്ങളും നിയമങ്ങളും വിശുദ്ധമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും, മനുഷ്യരുടെ കാര്യത്തിൽ നിലവാരങ്ങൾ വെക്കാനുള്ള ദൈവത്തിന്റെ അവകാശത്തെ സാത്താൻ ഏദെൻ തോട്ടത്തിൽവെച്ച് തന്ത്രപൂർവം ചോദ്യം ചെയ്തു. യഹോവയെക്കുറിച്ച് നുണ പറഞ്ഞുകൊണ്ട് സാത്താൻ യഹോവയുടെ പരിശുദ്ധനാമം അപകീർത്തിപ്പെടുത്തി.—ഉൽപ. 3:1-5.
4. ദൈവനാമം പരിശുദ്ധമാക്കുന്നതിൽ യേശു എന്തു പങ്കു വഹിച്ചു?
4 എന്നാൽ യേശു യഹോവയുടെ പേരിനെ അങ്ങേയറ്റം സ്നേഹിച്ചു. (യോഹ. 17:25, 26) അതു പരിശുദ്ധമാക്കാൻ തന്നെക്കൊണ്ട് ആകുന്നതെല്ലാം യേശു ചെയ്തു. (സങ്കീർത്തനം 40:8-10 വായിക്കുക.) ബുദ്ധിശക്തിയുള്ള സൃഷ്ടികൾക്ക് യഹോവ നിലവാരങ്ങൾ വെക്കുന്നതു ന്യായവും നീതിയുക്തവും ആണെന്നു ഭൂമിയിലെ ജീവിതത്തിലൂടെ യേശു തെളിയിച്ചു. വേദനാകരമായ വിധത്തിൽ മരിക്കാൻ സാത്താൻ ഇടയാക്കിയപ്പോൾപ്പോലും യേശു സ്വർഗീയപിതാവിനോടു സമ്പൂർണവിശ്വസ്തത കാണിച്ചു. ആ വിശ്വസ്തത, ഒരു പൂർണമനുഷ്യനു ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾ തികവോടെ അനുസരിക്കാൻ കഴിയുമെന്നു തെളിയിച്ചു.
5. ദൈവനാമം പരിശുദ്ധമാക്കുന്നതിൽ നമുക്ക് എന്തു പങ്കുവഹിക്കാനാകും?
5 യഹോവയുടെ പേരിനെ സ്നേഹിക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാനാകും? നമ്മൾ ജീവിക്കുന്ന വിധത്തിലൂടെ! നമ്മൾ വിശുദ്ധരായിരിക്കാൻ യഹോവ ആവശ്യപ്പെടുന്നു. (1 പത്രോസ് 1:15, 16 വായിക്കുക.) യഹോവയെ മാത്രമേ ആരാധിക്കാവൂ എന്നും മുഴുഹൃദയത്തോടെ യഹോവയെ അനുസരിക്കണമെന്നും ആണ് അതിന്റെ അർഥം. ഉപദ്രവം സഹിക്കേണ്ടിവന്നാൽപ്പോലും യഹോവയുടെ നീതിയുള്ള തത്ത്വങ്ങൾക്കും നിയമങ്ങൾക്കും ചേർച്ചയിൽ ജീവിക്കാൻ കഴിയുന്നതെല്ലാം നമ്മൾ ചെയ്യും. നീതിയുള്ള പ്രവൃത്തികളിലൂടെ നമ്മൾ വെളിച്ചം പ്രകാശിപ്പിക്കുകയും അങ്ങനെ യഹോവയുടെ പേരിനു മഹത്ത്വം കൊടുക്കുകയും ചെയ്യുന്നു. (മത്താ. 5:14-16) വിശുദ്ധജനമായ നമ്മൾ നമ്മുടെ ജീവിതത്തിലൂടെ യഹോവയുടെ നിയമങ്ങളാണു ശരിയെന്നും സാത്താന്റെ ആരോപണങ്ങൾ വ്യാജമാണെന്നും തെളിയിക്കുന്നു. എന്നാൽ നമുക്കു തെറ്റുകൾ പറ്റുമ്പോഴോ? ആത്മാർഥമായി പശ്ചാത്തപിക്കുകയും യഹോവയുടെ പേര് കളങ്കപ്പെടുത്തുന്ന പ്രവൃത്തികൾ ഉപേക്ഷിക്കുകയും ചെയ്യും.—സങ്കീ. 79:9.
6. അപൂർണരാണെങ്കിലും നമ്മളെ യഹോവയ്ക്കു നീതിമാന്മാരായി കാണാൻ കഴിയുന്നത് എന്തുകൊണ്ട്?
6 വിശ്വാസമുള്ളവരുടെ പാപങ്ങൾ ക്രിസ്തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ യഹോവ ക്ഷമിക്കുന്നു. ദൈവത്തിനു ജീവിതം സമർപ്പിക്കുന്നവരെ ദൈവം തന്റെ ആരാധകരായി സ്വീകരിക്കും. യഹോവ അഭിഷിക്തക്രിസ്ത്യാനികളെ മക്കളെന്ന നിലയിലും ‘വേറെ ആടുകളിൽപ്പെട്ടവരെ’ സ്നേഹിതരെന്ന നിലയിലും നീതിമാന്മാരായി പ്രഖ്യാപിക്കുന്നു. (യോഹ. 10:16; റോമ. 5:1, 2; യാക്കോ. 2:21-25) അതെ, ഇപ്പോൾപ്പോലും പിതാവിന്റെ മുമ്പാകെ നീതിമാന്മാരായി നിൽക്കാനും ദൈവനാമത്തിന്റെ വിശുദ്ധീകരണത്തിൽ ഒരു പങ്കു വഹിക്കാനും മോചനവില നമ്മളെ സഹായിക്കും.
“അങ്ങയുടെ രാജ്യം വരേണമേ”
7. മോചനവിലയിലൂടെ ദൈവരാജ്യഭരണത്തിൽ നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ ഏതൊക്കെ?
7 മാതൃകാപ്രാർഥനയിൽ യേശുവിന്റെ അടുത്ത അപേക്ഷ ഇതായിരുന്നു: “അങ്ങയുടെ രാജ്യം വരേണമേ.” എന്നാൽ മോചനവില എങ്ങനെയാണു ദൈവരാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത്? ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിതന്മാരും ആയി സേവിക്കാനുള്ള 1,44,000 പേരുടെ കൂട്ടിച്ചേർപ്പു സാധ്യമാകുന്നതു മോചനവിലയിലൂടെയാണ്. (വെളി. 5:9, 10; 14:1) യേശുവും ആ സഹഭരണാധികാരികളും ചേർന്നുള്ള ദൈവരാജ്യഗവൺമെന്റ് ആയിരം വർഷം ഭരണം നടത്തും. ആ കാലത്ത് അവർ മോചനവിലയുടെ പ്രയോജനങ്ങൾ ആസ്വദിക്കാൻ അനുസരണമുള്ള മനുഷ്യരെ സഹായിക്കും. ഭൂമി ഒരു പറുദീസയായി മാറും. വിശ്വസ്തരായ എല്ലാ മനുഷ്യരും പൂർണതയുള്ളവരാകും. അങ്ങനെ സ്വർഗത്തിലും ഭൂമിയിലും ഉള്ള ദൈവദാസരെല്ലാം ഒരൊറ്റ കുടുംബമാകും. (വെളി. 5:13; 20:6) യേശു സർപ്പത്തിന്റെ തല തകർത്ത് സാത്താന്റെ ധിക്കാരത്തിന്റെ എല്ലാ കണികയും പ്രപഞ്ചത്തിൽനിന്ന് തുടച്ചുനീക്കും.—ഉൽപ. 3:15.
8. (എ) ദൈവരാജ്യത്തിന്റെ പ്രാധാന്യം യേശു ശിഷ്യന്മാരെ ബോധ്യപ്പെടുത്തിയത് എങ്ങനെ? (ബി) ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാം?
8 ഭൂമിയിലായിരുന്നപ്പോൾ യേശു ദൈവരാജ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ശിഷ്യന്മാരെ സഹായിച്ചു. സ്നാനമേറ്റ് അധികം വൈകാതെ യേശു “ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത” ആ നാട്ടിൽ അങ്ങോളമിങ്ങോളം എത്തിച്ചു. (ലൂക്കോ. 4:43) സ്വർഗത്തിലേക്കു മടങ്ങുന്നതിനു തൊട്ടുമുമ്പ് യേശു ശിഷ്യന്മാരോടു “ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും” തന്റെ സാക്ഷികളായിരിക്കണമെന്നു നിർദേശിച്ചു. (പ്രവൃ. 1:6-8) ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രസംഗപ്രവർത്തനത്തിലൂടെ, മോചനവിലയെക്കുറിച്ച് അറിയാനും ആ രാജ്യത്തിന്റെ പ്രജകളാകാനും ഭൂമിയിലെങ്ങുമുള്ളവർക്കു നമ്മൾ അവസരം കൊടുക്കുകയാണ്. ഭൂലോകത്തെങ്ങും സന്തോഷവാർത്ത പ്രസംഗിക്കാനുള്ള നിയമനം നിർവഹിക്കുന്നതിൽ ക്രിസ്തുവിന്റെ സഹോദരന്മാരെ സഹായിച്ചുകൊണ്ട് ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നവരാണെന്നു നമുക്കു കാണിക്കാം.—മത്താ. 24:14; 25:40.
‘അങ്ങയുടെ ഇഷ്ടം നടക്കേണമേ’
9. മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പാകുമെന്നു നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
9 ‘അങ്ങയുടെ ഇഷ്ടം നടക്കേണമേ’ എന്നു പ്രാർഥിച്ചപ്പോൾ യേശു എന്താണ് അർഥമാക്കിയത്? യഹോവയാണു സ്രഷ്ടാവ്, എന്തെങ്കിലും ഒരു കാര്യം സംഭവിക്കണമെന്നു ദൈവം പറഞ്ഞുകഴിഞ്ഞാൽ അതു സംഭവിച്ചുകഴിഞ്ഞതുപോലെയാണ്. അത്ര ഉറപ്പാണ് അതു നടക്കുമെന്ന്. (യശ. 55:11) സാത്താൻ ധിക്കാരം കാണിച്ചെന്നു കരുതി മനുഷ്യരെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യത്തിന് യഹോവ മാറ്റം വരുത്തില്ല. ആദാമിന്റെയും ഹവ്വയുടെയും പൂർണതയുള്ള മക്കളെക്കൊണ്ട് ഭൂമി നിറയ്ക്കുക എന്ന ഇഷ്ടം യഹോവ ഉറപ്പായും നടപ്പാക്കും. (ഉൽപ. 1:28) ആദാമും ഹവ്വയും മക്കളില്ലാതെ മരിച്ചുപോയിരുന്നെങ്കിൽ അവരുടെ സന്തതികളെക്കൊണ്ട് ഭൂമി നിറയ്ക്കുകയെന്ന ഉദ്ദേശ്യം നടക്കാതെപോകുമായിരുന്നു. അതുകൊണ്ട് അവർക്കു മക്കൾ ഉണ്ടാകാൻ യഹോവ അനുവദിച്ചു. വിശ്വസിക്കുന്ന എല്ലാവർക്കും പൂർണത കൈവരിക്കാനും എന്നെന്നും ജീവിക്കാനും ഉള്ള അവസരം മോചനവിലയിലൂടെ യഹോവ തരുന്നു. യഹോവയ്ക്കു മനുഷ്യരോടു സ്നേഹമുണ്ട്. അനുസരണമുള്ള മനുഷ്യർ താൻ ആഗ്രഹിച്ചതുപോലുള്ള മനോഹരമായ ഒരു ജീവിതം ആസ്വദിക്കണം എന്നതാണു ദൈവത്തിന്റെ ഇഷ്ടം.
10. മരിച്ചുപോയ മനുഷ്യർക്കു മോചനവിലയിൽനിന്ന് എന്തു പ്രയോജനം കിട്ടും?
10 യഹോവയെ അറിയാനും സേവിക്കാനും അവസരം കിട്ടാതെ മരിച്ചുപോയ കോടിക്കണക്കിന് ആളുകളുടെ കാര്യമോ? സ്നേഹമുള്ള നമ്മുടെ സ്വർഗീയപിതാവ് മോചനവിലയുടെ അടിസ്ഥാനത്തിൽ അവരെ ജീവനിലേക്കു തിരികെ കൊണ്ടുവരുകയും തന്റെ ഉദ്ദേശ്യത്തെക്കുറിച്ച് പഠിക്കാനും നിത്യജീവൻ നേടാനും അവസരം കൊടുക്കുകയും ചെയ്യും. (പ്രവൃ. 24:15) മനുഷ്യർ മരിച്ചുപോകണമെന്നല്ല യഹോവയുടെ ആഗ്രഹം, ജീവിക്കണമെന്നാണ്. ജീവന്റെ ഉറവായ യഹോവ പുനരുത്ഥാനത്തിൽ വരുന്ന എല്ലാവർക്കും പിതാവായിത്തീരും. (സങ്കീ. 36:9) അതുകൊണ്ട് യേശു പഠിപ്പിച്ച മാതൃകാപ്രാർഥനയിലെ “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന അഭിസംബോധന തികച്ചും ഉചിതമാണ്. (മത്താ. 6:9) മരിച്ചവരെ പുനരുത്ഥാനപ്പെടുത്തുന്നതിൽ യഹോവ യേശുവിന് ഒരു മുഖ്യപങ്കു കൊടുത്തിട്ടുണ്ട്. (യോഹ. 6:40, 44) “പുനരുത്ഥാനവും ജീവനും” എന്ന ധർമം പറുദീസയിൽ യേശു പൂർത്തിയാക്കും.—യോഹ. 11:25.
11. ‘മഹാപുരുഷാരത്തെക്കുറിച്ചുള്ള’ ദൈവത്തിന്റെ ഇഷ്ടം എന്താണ്?
11 ഏതാനും ചിലരോടു മാത്രം ഔദാര്യം കാണിക്കുന്ന ദൈവമല്ല യഹോവ. യേശു പറഞ്ഞു: “ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നത് ആരോ അവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.” (മർക്കോ. 3:35) എല്ലാ ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും നിന്നുള്ള, ആർക്കും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു “മഹാപുരുഷാരം” തന്റെ ആരാധകരായിത്തീരണമെന്നാണു ദൈവത്തിന്റെ ആഗ്രഹം. ക്രിസ്തുവിന്റെ മോചനവിലയിൽ വിശ്വസിക്കുകയും ദൈവത്തിന്റെ ഇഷ്ടം ചെയ്യുകയും ചെയ്യുന്ന സകലർക്കും ഇങ്ങനെ ഘോഷിക്കാൻ കഴിയും: “നമുക്കു ലഭിച്ച രക്ഷയ്ക്കു നമ്മൾ, സിംഹാസനത്തിൽ ഇരിക്കുന്ന നമ്മുടെ ദൈവത്തോടും കുഞ്ഞാടിനോടും കടപ്പെട്ടിരിക്കുന്നു.”—വെളി. 7:9, 10.
12. അനുസരണമുള്ള മനുഷ്യരെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം എന്താണെന്നു മാതൃകാപ്രാർഥന വെളിപ്പെടുത്തുന്നത് എങ്ങനെ?
12 യേശുവിന്റെ മാതൃകാപ്രാർഥനയിലെ അപേക്ഷകൾ, അനുസരണമുള്ള മനുഷ്യരെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം എന്താണെന്നു വെളിപ്പെടുത്തുന്നു. ഈ പ്രാർഥനയിൽ പറഞ്ഞിരിക്കുന്നതിനു ചേർച്ചയിൽ, യഹോവയുടെ പേര് പരിശുദ്ധമാക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യണം; നമ്മൾ ആ പേര് പാവനമായി കണക്കാക്കണം. (യശ. 8:13) യേശു എന്ന പേരിന്റെ അർഥം “യഹോവ രക്ഷയാണ്” എന്നാണ്. യേശുവിന്റെ മോചനവിലയിലൂടെ നമുക്കു ലഭിക്കുന്ന രക്ഷ യഹോവയുടെ പേരിനു മഹത്ത്വവും ബഹുമാനവും കൈവരുത്തും. യഹോവ അനുസരണമുള്ള മനുഷ്യർക്കു മോചനവിലയുടെ പ്രയോജനങ്ങൾ ദൈവരാജ്യഗവൺമെന്റിലൂടെ നൽകും. ചുരുക്കത്തിൽ, ദൈവത്തിന്റെ ഇഷ്ടം നടപ്പാക്കുന്നതിൽനിന്ന് ദൈവത്തെ തടയാൻ യാതൊന്നിനുമാകില്ലെന്നു മാതൃകാപ്രാർഥന നമുക്ക് ഉറപ്പേകുന്നു.—സങ്കീ. 135:6; യശ. 46:9, 10.
മോചനവില നൽകിയതിനു നന്ദി കാണിക്കുക
13. എന്തിനാണു സ്നാനമേൽക്കുന്നത്?
13 മോചനവില നൽകിയതിനു നന്ദി കാണിക്കാനുള്ള ഒരു പ്രധാനവിധം, നമ്മളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുകയും സ്നാനപ്പെടുകയും ചെയ്യുക എന്നതാണ്. “നമ്മൾ യഹോവയ്ക്കുള്ളവരാണ്” എന്നു സ്നാനം തെളിയിക്കുന്നു. (റോമ. 14:8) കൂടാതെ സ്നാനപ്പെടുന്നതിലൂടെ നമ്മൾ ഒരു ശുദ്ധമനസ്സാക്ഷിക്കുവേണ്ടി ദൈവത്തോട് അപേക്ഷിക്കുകയാണ്. (1 പത്രോ. 3:21) ക്രിസ്തുവിന്റെ ബലിരക്തം ഉപയോഗിച്ച് നമ്മളെ ശുദ്ധീകരിച്ചുകൊണ്ട് യഹോവ ആ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നു. വാഗ്ദാനം ചെയ്തതെല്ലാം യഹോവ തരുമെന്നു നമുക്ക് ഉറപ്പാണ്.—റോമ. 8:32.
മോചനവില നൽകിയതിനു നന്ദിയുള്ളവരാണെന്ന് ഏതൊക്കെ വിധങ്ങളിൽ കാണിക്കാനാകും? (13, 14 ഖണ്ഡികകൾ കാണുക)
14. അയൽക്കാരെ സ്നേഹിക്കാൻ നമ്മളോടു കല്പിച്ചിരിക്കുന്നത് എന്തുകൊണ്ട്?
14 നന്ദി കാണിക്കാനുള്ള മറ്റൊരു വിധം ഏതാണ്? യഹോവ ചെയ്യുന്നതിലെല്ലാം സ്നേഹത്തിന്റെ സ്പർശമുണ്ട്. അതുകൊണ്ട് തന്റെ ആരാധകരായ എല്ലാവരുടെയും പ്രമുഖഗുണം സ്നേഹമായിരിക്കണമെന്ന് യഹോവ പ്രതീക്ഷിക്കുന്നു. (1 യോഹ. 4:8-11) അയൽക്കാരെ സ്നേഹിക്കുമ്പോൾ ‘സ്വർഗസ്ഥനായ നമ്മുടെ പിതാവിന്റെ പുത്രന്മാരായിത്തീരാൻ’ ആഗ്രഹിക്കുന്നെന്നു നമ്മൾ തെളിയിക്കുകയാണ്. (മത്താ. 5:43-48) ഏറ്റവും പ്രധാനപ്പെട്ട കല്പനകളിൽ ആദ്യത്തേത് യഹോവയെ സ്നേഹിക്കുന്നതും രണ്ടാമത്തേത് അയൽക്കാരെ സ്നേഹിക്കുന്നതും ആണെന്നു യേശു പറഞ്ഞു. (മത്താ. 22:37-40) ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അയൽക്കാരെ അറിയിച്ചുകൊണ്ട് അവരോടുള്ള സ്നേഹം നമുക്കു കാണിക്കാം. ഓർക്കുക: സഹമനുഷ്യരെ സ്നേഹിക്കുമ്പോൾ നമ്മൾ യഹോവയുടെ മഹത്ത്വം പ്രതിഫലിപ്പിക്കുകയാണ്. മറ്റുള്ളവരെ, പ്രത്യേകിച്ച് സഹോദരങ്ങളെ, സ്നേഹിക്കാനുള്ള കല്പന അനുസരിക്കുമ്പോൾ ദൈവത്തിന്റെ സ്നേഹം ‘നമ്മളിൽ പൂർണമാകും.’—1 യോഹ. 4:12, 20.
മോചനവില യഹോവയിൽനിന്ന് “ഉന്മേഷകാലങ്ങൾ” നേടിത്തരുന്നു
15. (എ) യഹോവ ഇപ്പോൾ നമുക്ക് എന്തൊക്കെ അനുഗ്രഹങ്ങളാണു തരുന്നത്? (ബി) നമ്മളെ എന്തൊക്കെ അനുഗ്രഹങ്ങളാണു കാത്തിരിക്കുന്നത്?
15 മോചനവിലയിൽ വിശ്വാസമർപ്പിക്കുമ്പോൾ യഹോവ നമ്മുടെ പാപങ്ങൾ പൂർണമായും ക്ഷമിച്ചുതരും. ആ പാപങ്ങൾ ‘മായ്ച്ചുകളയുമെന്നു’ ദൈവവചനം ഉറപ്പു തരുന്നു. (പ്രവൃത്തികൾ 3:19-21 വായിക്കുക.) നമ്മൾ നേരത്തേ ചർച്ച ചെയ്തതുപോലെ, മോചനവിലയുടെ അടിസ്ഥാനത്തിൽ യഹോവ അഭിഷിക്തദാസരെ സ്വന്തം മക്കളായി ദത്തെടുക്കുന്നു. (റോമ. 8:15-17) ‘വേറെ ആടുകളിൽപ്പെട്ടവരുടെ’ കാര്യമോ? യഹോവ അവരുടെ പേര് എഴുതിയ ഒരു ദത്തെടുക്കൽരേഖ തയ്യാറാക്കിവെച്ചിരിക്കുകയാണെന്നു പറയാം. അവർ പൂർണരാകുകയും അന്തിമപരിശോധനയിൽ വിജയിക്കുകയും ചെയ്തശേഷം യഹോവ ആ രേഖയിൽ സന്തോഷത്തോടെ ‘ഒപ്പിടും.’ അങ്ങനെ ഭൂമിയിലെ പ്രിയമക്കളായി അവരെ ദത്തെടുക്കും. (റോമ. 8:20, 21; വെളി. 20:7-9) മക്കളോടുള്ള യഹോവയുടെ സ്നേഹം ഒരിക്കലും ഇല്ലാതാകില്ല. മോചനവിലയുടെ പ്രയോജനങ്ങൾ എന്നെന്നും നിലനിൽക്കും. (എബ്രാ. 9:12) ആ സമ്മാനത്തിന്റെ മൂല്യം ഒരിക്കലും കുറഞ്ഞുപോകില്ല. ഒരു മനുഷ്യനും ഒരു ശക്തിക്കും അതു നമ്മളിൽനിന്ന് കവർന്നെടുക്കാനാകില്ല.
16. യഥാർഥസ്വാതന്ത്ര്യം നേടാൻ മോചനവില നമ്മളെ പ്രാപ്തരാക്കുന്നത് എങ്ങനെ?
16 ആത്മാർഥമായി പശ്ചാത്തപിക്കുന്ന എല്ലാവരും കാലക്രമേണ യഹോവയുടെ കുടുംബത്തിന്റെ ഭാഗമാകും. അതിൽനിന്ന് അവരെ തടയാൻ പിശാചിനു കഴിയില്ല. യേശു ഭൂമിയിലേക്കു വന്ന് “എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം” മരിച്ചു. അതുകൊണ്ട് ഇനി മറ്റൊരു മോചനവിലയുടെ ആവശ്യമില്ല. (എബ്രാ. 9:24-26) യേശു നൽകിയ മോചനവില ആദാമിൽനിന്ന് നമുക്ക് അവകാശമായി കിട്ടിയ ശിക്ഷാവിധി ഇല്ലാതാക്കുകയും സാത്താന്റെ ലോകത്തിൽനിന്ന് നമ്മളെ മോചിപ്പിക്കുകയും ചെയ്യുന്നു. മരണഭീതി കൂടാതെ ജീവിക്കാനും നമുക്കു കഴിയുന്നു.—എബ്രാ. 2:14, 15.
17. യഹോവയുടെ സ്നേഹം നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?
17 ദൈവത്തിന്റെ വാഗ്ദാനങ്ങൾ നമുക്കു പൂർണമായും വിശ്വസിക്കാം. സൃഷ്ടിയിലെ നിയമങ്ങൾ മാറാത്തതുപോലെ യഹോവയും മാറ്റമില്ലാത്തവനാണ്. യഹോവ ഒരിക്കലും നമ്മളെ നിരാശപ്പെടുത്തില്ല. (മലാ. 3:6) എന്നാൽ യഹോവ കേവലം ജീവൻ എന്ന സമ്മാനം മാത്രമല്ല തരുന്നത്. തന്റെ സ്നേഹവും നമുക്കു തരുന്നു. ‘ദൈവത്തിനു നമ്മളോടുള്ള സ്നേഹം നമ്മൾ തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്.’ (1 യോഹ. 4:16) ഭൂമി പെട്ടെന്നുതന്നെ സന്തോഷം കളിയാടുന്ന ഒരു പറുദീസയായി മാറും. സ്നേഹിക്കുന്ന കാര്യത്തിൽ അന്നു ഭൂമിയിലുള്ള എല്ലാവരും ദൈവത്തെ അനുകരിക്കും. ദൈവത്തിന്റെ വിശ്വസ്തരായ സ്വർഗീയസൃഷ്ടികളോടൊപ്പം നമുക്കും ഇങ്ങനെ പറയാം: “സ്തുതിയും മഹത്ത്വവും ജ്ഞാനവും നന്ദിയും ബഹുമാനവും ശക്തിയും ബലവും എന്നുമെന്നേക്കും നമ്മുടെ ദൈവത്തിനുള്ളത്. ആമേൻ.”—വെളി. 7:12.