‘വന്നുതാമസിക്കുന്ന വിദേശികളുടെ’ മക്കളെ സഹായിക്കുക
“എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.”—3 യോഹ. 4.
1, 2. (എ) കുടിയേറ്റക്കാരുടെ കുട്ടികൾ പൊതുവേ ഏതു പ്രശ്നം നേരിടുന്നു? (ബി) നമ്മൾ ഈ ലേഖനത്തിൽ എന്തിനെക്കുറിച്ച് പഠിക്കും?
ജോഷുവ പറയുന്നു: “കൊച്ചുകുട്ടിയായിരുന്ന സമയത്ത് ഞാൻ, കുടിയേറ്റക്കാരായ എന്റെ മാതാപിതാക്കളുടെ ഭാഷയാണു വീട്ടിലും സഭയിലും സംസാരിച്ചത്. എന്നാൽ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾമുതൽ, ഞങ്ങൾ താമസിക്കുന്ന സ്ഥലത്തെ ഭാഷ സംസാരിക്കാനായിരുന്നു എനിക്ക് ഇഷ്ടം. കുറച്ച് വർഷങ്ങൾക്കുള്ളിൽ അത് എന്റെ പ്രധാനഭാഷയായി. എന്റെ മാതൃഭാഷയിലുള്ള മീറ്റിങ്ങുകളിൽ പറയുന്ന കാര്യങ്ങളൊന്നും എനിക്കു മനസ്സിലായില്ല, പപ്പയുടെയും മമ്മിയുടെയും സംസ്കാരവും രീതികളും ആയി യോജിക്കാനും കഴിഞ്ഞില്ല.” ജോഷുവയുടെ ഈ അനുഭവം ഒറ്റപ്പെട്ട ഒന്നല്ല.
2 ഇന്ന് 24 കോടിയിലധികം ആളുകൾ അവരുടെ ജന്മദേശത്തിനു പുറത്ത് മറ്റു ദേശങ്ങളിലാണു താമസിക്കുന്നത്. നിങ്ങൾ അങ്ങനെയൊരാളാണെങ്കിൽ, ‘സത്യത്തിൽ നടക്കുന്ന’ ആത്മീയവ്യക്തികളായിത്തീരാൻ നിങ്ങളുടെ മക്കളെ എങ്ങനെ സഹായിക്കാം? (3 യോഹ. 4) മറ്റുള്ളവർക്ക് ഈ കാര്യത്തിൽ എന്തു ചെയ്യാനാകും?
മാതാപിതാക്കളേ, നല്ല മാതൃകകളായിരിക്കുക
3, 4. (എ) മക്കൾക്കു നല്ല മാതൃകയായിരിക്കാൻ മാതാപിതാക്കൾക്ക് എങ്ങനെ കഴിയും? (ബി) മാതാപിതാക്കൾ കുട്ടികളിൽനിന്ന് എന്തു പ്രതീക്ഷിക്കരുത്?
3 മാതാപിതാക്കളേ, നിത്യജീവന്റെ വഴിയിൽ കുട്ടികൾ നടന്നുതുടങ്ങുന്നതിൽ നിങ്ങളുടെ മാതൃക ഒരു സുപ്രധാന പങ്കു വഹിക്കുന്നു. നിങ്ങൾ ‘ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നതു’ കുട്ടികൾ കാണുമ്പോൾ, അനുദിനകാര്യങ്ങൾക്കായി യഹോവയിൽ ആശ്രയിക്കാൻ അവർ പഠിക്കും. (മത്താ. 6:33, 34) അതുകൊണ്ട് ഒരു എളിയ ജീവിതം നയിക്കുക. പണത്തിനും വസ്തുവകകൾക്കും അല്ല, ആത്മീയകാര്യങ്ങൾക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുക. പണമുണ്ടാക്കുന്നതിനുവേണ്ടി ആത്മീയകാര്യങ്ങൾ അവഗണിക്കരുത്. കടം വരുത്തിവെക്കാതിരിക്കുക. പണത്തിനോ ‘മനുഷ്യരുടെ അംഗീകാരത്തിനോ’ അല്ല, ‘സ്വർഗത്തിൽ നിക്ഷേപം’ സ്വരുക്കൂട്ടാനാണ്, അതായത് യഹോവയുടെ അംഗീകാരം നേടാനാണ്, നിങ്ങൾ ശ്രമിക്കേണ്ടത്.—മർക്കോസ് 10:21, 22 വായിക്കുക; യോഹ. 12:43.
4 മക്കളോടൊപ്പം ചെലവഴിക്കാൻ ഒട്ടും സമയമില്ലാത്ത വിധം നിങ്ങൾ തിരക്കിലാകരുത്. അവർ നിങ്ങൾക്കുവേണ്ടിയോ അവർക്കുവേണ്ടിത്തന്നെയോ പണവും പ്രശസ്തിയും നേടിയെടുക്കുമ്പോഴല്ല യഹോവയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കുമ്പോഴാണു നിങ്ങൾക്ക് അഭിമാനം തോന്നുന്നതെന്നു കുട്ടികൾക്കു മനസ്സിലാകണം. മക്കൾ മാതാപിതാക്കൾക്കു സുഖലോലുപമായ ഒരു ജീവിതം ഒരുക്കണമെന്നുള്ള ക്രിസ്തീയമല്ലാത്ത വീക്ഷണം ഒഴിവാക്കുക. ബൈബിൾ പറയുന്നു: “മക്കൾ അമ്മയപ്പന്മാർക്കുവേണ്ടിയല്ല, അമ്മയപ്പന്മാർ മക്കൾക്കുവേണ്ടിയാണല്ലോ സമ്പാദിച്ചുവെക്കേണ്ടത്.”—2 കൊരി. 12:14.
മാതാപിതാക്കളേ, ഭാഷയുടെ മതിൽക്കെട്ടുകൾ മറികടക്കുക
5. മാതാപിതാക്കൾ യഹോവയെക്കുറിച്ച് മക്കളോടു സംസാരിക്കേണ്ടത് എന്തുകൊണ്ട്?
5 മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ, “ജനതകളിലെ എല്ലാ ഭാഷക്കാരിൽനിന്നുമുള്ള” ആളുകൾ യഹോവയുടെ സംഘടനയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. (സെഖ. 8:23) എന്നാൽ നിങ്ങളുടെ കുട്ടികളെ സത്യം പഠിപ്പിക്കാൻ ചിലപ്പോൾ ഭാഷ ഒരു തടസ്സമായേക്കാം. ഓർക്കുക, നിങ്ങളുടെ കുട്ടികളാണു നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ബൈബിൾവിദ്യാർഥികൾ. അവർക്കു നിത്യജീവൻ കിട്ടണമെങ്കിൽ അവർ യഹോവയെ ‘അറിയണം.’ (യോഹ. 17:3) യഹോവയുടെ ഉപദേശങ്ങൾ നിങ്ങളുടെ കുട്ടികൾ പഠിക്കണമെങ്കിൽ കിട്ടുന്ന അവസരങ്ങളിലെല്ലാം നിങ്ങൾ “അവയെക്കുറിച്ച് സംസാരിക്കണം.”—ആവർത്തനം 6:6, 7 വായിക്കുക.
6. കുട്ടികൾ നിങ്ങളുടെ ഭാഷ പഠിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
6 കുട്ടികൾ സ്കൂളിൽനിന്നും അയൽക്കാരിൽനിന്നും ഒക്കെയായി നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ ഭാഷ പഠിച്ചേക്കാം. എന്നാൽ നിങ്ങളുടെ ഭാഷ അവർ പഠിക്കണമെങ്കിൽ നിങ്ങൾ അവരുമായി ആ ഭാഷയിൽ കൂടെക്കൂടെ സംസാരിക്കണം. അപ്പോൾ നിങ്ങളോടു മനസ്സു തുറക്കാൻ അവർക്കു കഴിയും. മറ്റു ചില പ്രയോജനങ്ങളുമുണ്ട്. ഒന്നിലധികം ഭാഷ കൈകാര്യം ചെയ്യാൻ പഠിക്കുന്നതു കുട്ടികളുടെ ചിന്താപ്രാപ്തിയും ആളുകളുമായി ഇടപെടാനുള്ള കഴിവും വർധിപ്പിക്കും. ശുശ്രൂഷയുടെ പുതിയ മേഖലകൾ കണ്ടെത്താനും കുട്ടികൾക്ക് അവസരം ലഭിക്കും. കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകളായ കരോലീന പറയുന്നു: “ഒരു അന്യഭാഷാസഭയിലായിരിക്കുന്നതു ശരിക്കും രസമാണ്. ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.”
7. നിങ്ങളുടെ കുടുംബത്തിൽ ഭാഷ ഒരു തടസ്സമാകുന്നെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
7 എങ്കിലും പ്രാദേശികഭാഷയും സംസ്കാരവും ആയി കുട്ടികൾ ഇണങ്ങിച്ചേർന്നുകഴിയുമ്പോൾ മാതാപിതാക്കളുടെ ഭാഷ സംസാരിക്കാനുള്ള അവരുടെ ആഗ്രഹവും കഴിവും ഇല്ലാതായേക്കാം. മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളുടെ സ്ഥിതി അതാണെങ്കിൽ പ്രാദേശികഭാഷ കുറച്ചെങ്കിലും നിങ്ങൾക്കു പഠിച്ചെടുക്കാനാകുമോ? കുട്ടികളുടെ സംസാരം, അവർ തിരഞ്ഞെടുക്കുന്ന വിനോദം, അവർ പഠിക്കുന്ന കാര്യങ്ങൾ എന്നിവ മനസ്സിലാക്കാനും അവരുടെ അധ്യാപകരുമായി നേരിട്ട് സംസാരിക്കാനും നിങ്ങൾക്കു സാധിക്കുന്നെങ്കിൽ അത് ഒരുപാടു പ്രയോജനം ചെയ്യും. കുട്ടികളെ നല്ല ക്രിസ്ത്യാനികളായി വളർത്തിക്കൊണ്ടുവരാനും നിങ്ങൾക്കു കഴിയും. ഒരു പുതിയ ഭാഷ പഠിക്കുന്നതിനു സമയവും ശ്രമവും താഴ്മയും ആവശ്യമാണെന്നതു ശരിയാണ്. എന്നാൽ ഇങ്ങനെയൊന്നു ചിന്തിക്കുക: നിങ്ങളുടെ കുട്ടിയുടെ കേൾവിശക്തി നഷ്ടപ്പെടുന്നെങ്കിൽ അവരുമായി സംസാരിക്കാൻ നിങ്ങൾ ആംഗ്യഭാഷ പഠിച്ചെടുക്കില്ലേ? ആ സ്ഥിതിക്ക്, മറ്റൊരു ഭാഷ കൈകാര്യം ചെയ്യുന്നതാണു നിങ്ങളുടെ കുട്ടിക്ക് എളുപ്പമെങ്കിൽ ആ ഭാഷ പഠിക്കാൻ നിങ്ങൾ ശ്രമിക്കേണ്ടതല്ലേ?a
8. കുട്ടികളുടെ ഭാഷ നിങ്ങൾക്കു നന്നായി അറിയില്ലെങ്കിൽ നിങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാം?
8 കുട്ടികൾ ഇപ്പോൾ സംസാരിക്കുന്ന ഭാഷ പൂർണമായും പഠിച്ചെടുക്കാൻ ചില മാതാപിതാക്കൾക്കു സാധിച്ചെന്നുവരില്ല. ‘വിശുദ്ധലിഖിതങ്ങളെക്കുറിച്ച്’ ആഴത്തിൽ കുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കൾക്ക് അതൊരു തടസ്സമായേക്കാം. (2 തിമൊ. 3:15) നിങ്ങളുടെ സാഹചര്യം അതാണെങ്കിൽപ്പോലും, യഹോവയെ അറിയാനും സ്നേഹിക്കാനും കുട്ടികളെ സഹായിക്കാൻ നിങ്ങൾക്കു കഴിയും. ഇപ്പോൾ ഒരു മൂപ്പനായി സേവിക്കുന്ന ഷാൻ എന്ന സഹോദരൻ ഓർക്കുന്നു: “അമ്മ ഒറ്റയ്ക്കാണു ഞങ്ങളെ വളർത്തിക്കൊണ്ടുവന്നത്. ഞങ്ങൾക്കു നന്നായി അറിയാമായിരുന്ന ഭാഷ അമ്മയ്ക്കു വളരെ കുറച്ചേ അറിയാമായിരുന്നുള്ളൂ. എനിക്കും ചേച്ചിക്കും അനിയത്തിക്കും അമ്മയുടെ ഭാഷ അത്ര വശമില്ലായിരുന്നുതാനും. പക്ഷേ അമ്മ ബൈബിൾ പഠിക്കുന്നതും പ്രാർഥിക്കുന്നതും എല്ലാ ആഴ്ചയും കുടുംബാരാധന നടത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്നതും കണ്ടപ്പോൾ യഹോവയെ അറിയേണ്ടതു വളരെ പ്രധാനമാണെന്നു ഞങ്ങൾക്കു മനസ്സിലായി.”
9. രണ്ടു ഭാഷയിൽ കുട്ടികളെ ബൈബിൾ പഠിപ്പിക്കേണ്ടതുണ്ടെങ്കിൽ മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും?
9 ചില കുട്ടികളെ രണ്ടു ഭാഷയിൽ, അതായത് സ്കൂളിൽ ഉപയോഗിക്കുന്ന ഭാഷയിലും വീട്ടിൽ സംസാരിക്കുന്ന ഭാഷയിലും, യഹോവയെക്കുറിച്ച് പഠിപ്പിക്കണമായിരിക്കും. അതിനുവേണ്ടി ചില മാതാപിതാക്കൾ ആ രണ്ടു ഭാഷയിലെയും അച്ചടിച്ച പ്രസിദ്ധീകരണങ്ങളും ഓഡിയോ റെക്കോർഡിങ്ങുകളും വീഡിയോകളും ഉപയോഗിക്കുന്നു. യഹോവയുമായി ശക്തമായ ഒരു ബന്ധം വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുന്നതിനു കുടിയേറ്റക്കാരായ മാതാപിതാക്കൾ മുൻകൈയെടുക്കണമെന്നും അതിനായി കൂടുതൽ സമയം ചെലവഴിക്കണമെന്നും ആണ് ഇതു കാണിക്കുന്നത്.
ഏതു ഭാഷയിലുള്ള സഭയിൽ പോകണം?
10. (എ) ഏതു ഭാഷയിലുള്ള സഭയിൽ പോകണമെന്ന് ആരാണു തീരുമാനിക്കേണ്ടത്? (ബി) തീരുമാനമെടുക്കുന്നതിനു മുമ്പ് അദ്ദേഹം എന്തു ചെയ്യണം?
10 ‘വന്നുതാമസിക്കുന്ന വിദേശികൾ’ അവരുടെ മാതൃഭാഷ സംസാരിക്കുന്ന സാക്ഷികളിൽനിന്ന് അകലെയാണെങ്കിൽ പ്രാദേശികഭാഷയിലുള്ള സഭയോടൊത്ത് സഹവസിക്കണം. (സങ്കീ. 146:9) എന്നാൽ മാതൃഭാഷയിലുള്ള സഭ അടുത്തുണ്ടെങ്കിൽ ഒരു ചോദ്യം ഉയർന്നുവരും: ‘ഏതു ഭാഷയിലുള്ള സഭയിലായിരിക്കുന്നതാണ് എന്റെ കുടുംബത്തിന് ഏറ്റവും നല്ലത്?’ അതെക്കുറിച്ച് നന്നായി ചിന്തിക്കുകയും പ്രാർഥിക്കുകയും ഭാര്യയോടും മക്കളോടും സംസാരിക്കുകയും ചെയ്തശേഷം കുടുംബനാഥനാണ് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടത്. (1 കൊരി. 11:3) തീരുമാനമെടുക്കുന്നതിനു മുമ്പ് അദ്ദേഹം ഏതൊക്കെ കാര്യങ്ങൾ കണക്കിലെടുക്കണം? ഏതൊക്കെ തത്ത്വങ്ങൾ അതിനു സഹായിക്കും? ചിലതു നോക്കാം.
11, 12. (എ) കുട്ടിക്കു മനസ്സിലാകുന്ന ഭാഷയിലുള്ള മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ട്? (ബി) ചില കുട്ടികൾക്കു മാതാപിതാക്കളുടെ ഭാഷ പഠിക്കാൻ താത്പര്യമില്ലാത്തത് എന്തുകൊണ്ട്?
11 എന്താണു കുട്ടികൾക്കു ശരിക്കും വേണ്ടതെന്നു മാതാപിതാക്കൾ ചിന്തിക്കണം. ഏതാനും മണിക്കൂർ നേരത്തെ മീറ്റിങ്ങുകളിൽനിന്നുള്ള ആത്മീയവിദ്യാഭ്യാസംകൊണ്ട് മാത്രം ഒരു കുട്ടിക്കു സത്യത്തെക്കുറിച്ച് ശരിയായ അറിവ് നേടാനാകില്ലെന്നതു ശരിയാണ്. എങ്കിലും കുട്ടികൾക്കു നന്നായി മനസ്സിലാകുന്ന ഭാഷയിലെ മീറ്റിങ്ങുകൾക്കു പോകുന്നതുകൊണ്ട് മാതാപിതാക്കൾ വിചാരിക്കുന്നതിലുമധികം പ്രയോജനങ്ങളുണ്ട്. അവിടെ പോകുന്നതുതന്നെ കുട്ടികൾക്കു ഗുണം ചെയ്യും, അവർക്കു ധാരാളം കാര്യങ്ങൾ പഠിക്കാനാകും. എന്നാൽ മീറ്റിങ്ങുകൾ നടക്കുന്ന ഭാഷ ശരിക്കും അറിയില്ലെങ്കിൽ അതായിരിക്കില്ല സ്ഥിതി. (1 കൊരിന്ത്യർ 14:9, 11 വായിക്കുക.) അതുപോലെ, മാതാപിതാക്കളുടെ ഭാഷയായിരിക്കണമെന്നില്ല ഒരു കുട്ടിയുടെ സ്വന്തം ഭാഷ, അതായത് അവൻ ചിന്തിക്കുന്നതും വികാരങ്ങൾ പ്രകടിപ്പിക്കുന്നതും ആ ഭാഷയിലായിരിക്കണമെന്നില്ല. ചില കുട്ടികൾക്കു മാതാപിതാക്കളുടെ ഭാഷയിൽ അഭിപ്രായങ്ങൾ പറയാനും അവതരണങ്ങളും പ്രസംഗങ്ങളും നടത്താനും സാധിച്ചേക്കുമെങ്കിലും അവരുടെ വാക്കുകൾ ഹൃദയത്തിൽനിന്നായിരിക്കണമെന്നില്ല.
12 ഭാഷ മാത്രമല്ല കുട്ടിയുടെ ഹൃദയത്തെ സ്വാധീനിക്കുന്നത് എന്നതാണു മറ്റൊരു കാര്യം. തുടക്കത്തിൽ പറഞ്ഞ ജോഷുവയുടെ അനുഭവം അതാണു കാണിക്കുന്നത്. ജോഷുവയുടെ ചേച്ചിയായ എസ്തേർ പറയുന്നതുപോലെ “കൊച്ചുകുട്ടികളെ അവരുടെ മാതാപിതാക്കളുടെ ഭാഷയും സംസ്കാരവും മതവും എല്ലാം ഒരുപോലെ സ്വാധീനിക്കും.” അതുകൊണ്ട് മാതാപിതാക്കളുടെ സംസ്കാരവും രീതികളും ആയി കുട്ടികൾ ഇഴുകിച്ചേരുന്നില്ലെങ്കിൽ അവരുടെ ഭാഷയും വിശ്വാസവും ആരാധനാരീതികളും പഠിക്കാൻ കുട്ടികൾക്കു വലിയ താത്പര്യം കാണില്ല. ഇക്കാര്യത്തിൽ കുടിയേറ്റക്കാരായ മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും?
13, 14. (എ) വേറൊരു രാജ്യത്തേക്കു കുടിയേറിയ ഒരു ദമ്പതികൾ എന്തുകൊണ്ടാണു പ്രാദേശികഭാഷയിലുള്ള സഭയിലേക്കു മാറിയത്? (ബി) ആത്മീയത കരുത്തുറ്റതായി സൂക്ഷിക്കാൻ ആ ദമ്പതികൾ എന്തു ചെയ്തു?
13 ക്രിസ്തീയമാതാപിതാക്കൾ വ്യക്തിപരമായ താത്പര്യങ്ങളെക്കാൾ മക്കളുടെ ആത്മീയക്ഷേമത്തിനാണു പ്രാധാന്യം കൊടുക്കേണ്ടത്. (1 കൊരി. 10:24) ജോഷുവയുടെയും എസ്തേറിന്റെയും പപ്പ സാമുവെൽ പറയുന്നു: “ആത്മീയമായി പുരോഗമിക്കുന്നതിനു ഞങ്ങളുടെ കുട്ടികൾക്ക് ഏതു ഭാഷയാണു നല്ലതെന്നു മനസ്സിലാക്കാൻവേണ്ടി ഞാനും ഭാര്യയും കുട്ടികളെ നന്നായി നിരീക്ഷിച്ചു. ജ്ഞാനത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്തു. ഞങ്ങൾക്കു കിട്ടിയ ഉത്തരം പ്രാവർത്തികമാക്കാൻ അത്ര എളുപ്പമായിരുന്നില്ല. ഞങ്ങളുടെ ഭാഷയിലെ മീറ്റിങ്ങുകളിൽനിന്ന് അവർക്കു കാര്യമായ പ്രയോജനം കിട്ടുന്നില്ലെന്നു മനസ്സിലായപ്പോൾ പ്രാദേശികഭാഷയിലുള്ള ഒരു സഭയിലേക്കു മാറാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ ഒരുമിച്ച് ക്രമമായി ആ മീറ്റിങ്ങുകൾക്കു പോകുകയും വയൽസേവനത്തിൽ പങ്കെടുക്കുകയും ചെയ്തു. കൂടാതെ, ഭക്ഷണത്തിനും വിനോദയാത്രയ്ക്കും ഒക്കെ അവിടെയുള്ള സുഹൃത്തുക്കളെ ക്ഷണിച്ചു. ഇതെല്ലാം സഹോദരങ്ങളെ അടുത്തറിയാൻ കുട്ടികളെ സഹായിച്ചു. യഹോവയെ ദൈവം എന്ന നിലയിൽ മാത്രമല്ല, ഒരു പിതാവായും സ്നേഹിതനായും അടുത്ത് അറിയാനും അങ്ങനെ അവർക്കു കഴിഞ്ഞു. അവർ ഞങ്ങളുടെ ഭാഷ പഠിക്കുന്നതിലും പ്രധാനം ഇതാണെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു.”
14 സാമുവെൽ തുടരുന്നു: “ഞങ്ങളുടെ ആത്മീയത ശക്തമായി കാത്തുസൂക്ഷിക്കുന്നതിന്, ഞാനും ഭാര്യയും ഞങ്ങളുടെ ഭാഷയിലുള്ള മീറ്റിങ്ങുകൾക്കും പോയി. ജീവിതം വളരെ തിരക്കുപിടിച്ചതായിത്തീർന്നു. പലപ്പോഴും ഞങ്ങൾക്കു വല്ലാത്ത ക്ഷീണം തോന്നി. പക്ഷേ ഞങ്ങളുടെ ശ്രമങ്ങളെയും ത്യാഗങ്ങളെയും യഹോവ അനുഗ്രഹിച്ചു. അതിനു ഞങ്ങൾ യഹോവയോടു നന്ദിയുള്ളവരാണ്. ഇന്നു മക്കൾ മൂന്നു പേരും യഹോവയെ മുഴുസമയം സേവിക്കുന്നു.”
ചെറുപ്പക്കാർക്കു ചെയ്യാനാകുന്നത്
15. പ്രാദേശികഭാഷയിലെ ഒരു സഭയാണു തനിക്കു കൂടുതൽ നല്ലതെന്നു ക്രിസ്റ്റീന എന്ന സഹോദരിക്കു തോന്നിയത് എന്തുകൊണ്ട്?
15 നന്നായി മനസ്സിലാകുന്ന ഭാഷയിലെ സഭയിലേക്കു മാറുന്നെങ്കിൽ യഹോവയെ കൂടുതൽ മെച്ചമായി സേവിക്കാനാകുമെന്നു പ്രായപൂർത്തിയായ കുട്ടികൾക്കു തോന്നിയേക്കാം. അവർ അതെക്കുറിച്ച് പറയുമ്പോൾ മാതാപിതാക്കൾ വിഷമിക്കേണ്ടതില്ല, മക്കൾക്കു തങ്ങളോടു സ്നേഹമില്ലെന്നു ചിന്തിക്കുകയും വേണ്ടാ. ക്രിസ്റ്റീന പറയുന്നു: “പപ്പയുടെയും മമ്മിയുടെയും ഭാഷ എനിക്കു കുറച്ചൊക്കെ അറിയാമായിരുന്നു. പക്ഷേ മീറ്റിങ്ങുകളിൽ പറയുന്ന കാര്യങ്ങളൊന്നും എനിക്കു കാര്യമായി മനസ്സിലാകുമായിരുന്നില്ല. 12 വയസ്സുള്ളപ്പോൾ, എന്റെ സ്കൂളിൽ ഉപയോഗിക്കുന്ന ഭാഷയിലുള്ള ഒരു കൺവെൻഷനു ഞാൻ പങ്കെടുത്തു. ഞാൻ പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ സത്യമാണെന്ന് അന്നാണ് എനിക്കു ബോധ്യമായത്. സ്കൂളിലെ ഭാഷയിൽ പ്രാർഥിക്കാൻതുടങ്ങിയത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. യഹോവയോടു ഹൃദയം തുറന്ന് സംസാരിക്കാൻ അങ്ങനെ എനിക്കു കഴിഞ്ഞു.” (പ്രവൃ. 2:11, 41) പ്രാദേശികഭാഷയിലുള്ള സഭയിലേക്കു മാറാൻ താത്പര്യമുണ്ടെന്നു മുതിർന്നുകഴിഞ്ഞപ്പോൾ ക്രിസ്റ്റീന മാതാപിതാക്കളോടു ചർച്ച ചെയ്തു. അങ്ങനെ, ആ സഭയിലേക്കു മാറാൻ ക്രിസ്റ്റീന തീരുമാനിച്ചു. ക്രിസ്റ്റീന പറയുന്നു: “സ്കൂളിൽ ഉപയോഗിച്ചിരുന്ന ഭാഷയിൽ യഹോവയെക്കുറിച്ച് പഠിച്ചപ്പോൾ ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ എനിക്ക് ആഗ്രഹം തോന്നി.” അധികം വൈകാതെ, ക്രിസ്റ്റീന ഉത്സാഹമുള്ള ഒരു സാധാരണ മുൻനിരസേവികയായിത്തീർന്നു.
16. മാതാപിതാക്കളുടെ ഭാഷയിലുള്ള സഭയിൽ തുടർന്നതു നന്നായെന്നു നാദിയ സഹോദരിക്ക് ഇപ്പോൾ തോന്നുന്നത് എന്തുകൊണ്ട്?
16 ചെറുപ്പക്കാരേ, നിങ്ങൾ താമസിക്കുന്ന നാട്ടിലെ ഭാഷ ഉപയോഗിക്കുന്ന ഒരു സഭയിൽ പോകുന്നതാണു നല്ലത് എന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? അങ്ങനെ തോന്നാൻ കാരണം എന്താണെന്നു ചിന്തിക്കുക. ആ സഭയിലേക്കു മാറിയാൽ യഹോവയുമായി കൂടുതൽ അടുക്കാൻ കഴിയുമെന്നു തോന്നുന്നതുകൊണ്ടാണോ? (യാക്കോ. 4:8) അതോ, നിങ്ങളെ ശ്രദ്ധിക്കാൻ മാതാപിതാക്കളില്ലെന്നോ കാര്യമായിട്ടൊന്നും ചെയ്യാതെ മുന്നോട്ടുപോകാമെന്നോ ചിന്തിക്കുന്നതുകൊണ്ടാണോ? ഇപ്പോൾ ബഥേലിൽ സേവിക്കുന്ന നാദിയ പറയുന്നു: “കൗമാരപ്രായത്തിലെത്തിയപ്പോൾ, ഞാനും എന്റെ കൂടപ്പിറപ്പുകളും പ്രാദേശികഭാഷയിലുള്ള ഒരു സഭയിലേക്കു മാറാൻ ആഗ്രഹിച്ചു.” എന്നാൽ അങ്ങനെയൊരു മാറ്റം മക്കളുടെ ആത്മീയതയ്ക്കു നല്ലതല്ലെന്നു നാദിയയുടെ മാതാപിതാക്കൾ മനസ്സിലാക്കി. “പപ്പയും മമ്മിയും അവരുടെ ഭാഷ ഞങ്ങളെ പഠിപ്പിക്കാൻ കഠിനശ്രമം നടത്തുകയും അവരുടെ ഭാഷയിലുള്ള സഭയിൽത്തന്നെ ഞങ്ങളെ നിറുത്തുകയും ചെയ്തു. അതിനു ഞങ്ങൾ നന്ദിയുള്ളവരാണ്. കാരണം, അതു ഞങ്ങളുടെ ജീവിതത്തിനു കൂടുതൽ നിറം പകർന്നു; യഹോവയെക്കുറിച്ച് പഠിക്കാൻ ആളുകളെ സഹായിക്കുന്നതിനു കൂടുതൽ അവസരങ്ങൾ ഒരുക്കിത്തരുകയും ചെയ്തു.”
മറ്റുള്ളവർക്ക് എങ്ങനെ സഹായിക്കാം?
17. (എ) മക്കളെ വളർത്താനുള്ള ഉത്തരവാദിത്വം യഹോവ ആർക്കാണു നൽകിയിരിക്കുന്നത്? (ബി) മക്കളെ സത്യം പഠിപ്പിക്കാനുള്ള സഹായം മാതാപിതാക്കൾക്ക് എവിടെനിന്ന് ലഭിക്കും?
17 മക്കളെ സത്യത്തിൽ വളർത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്വം യഹോവ കൊടുത്തിരിക്കുന്നതു മാതാപിതാക്കൾക്കാണ്, മുത്തശ്ശീമുത്തശ്ശന്മാർക്കോ വേറെ ആർക്കെങ്കിലുമോ അല്ല. (സുഭാഷിതങ്ങൾ 1:8; 31:10, 27, 28 വായിക്കുക.) എങ്കിലും, പ്രാദേശികഭാഷ അറിയില്ലാത്ത മാതാപിതാക്കൾക്കു മക്കളുടെ ഹൃദയത്തിൽ സത്യം എത്തിക്കുന്നതിനു സഹായം ആവശ്യമായിവന്നേക്കാം. അത്തരം സഹായം ചോദിക്കാൻ മാതാപിതാക്കൾ മടിക്കേണ്ടാ, മക്കളെ വളർത്താനുള്ള ഉത്തരവാദിത്വം മറ്റുള്ളവരെ ഏൽപ്പിക്കുകയാണെന്നു ചിന്തിക്കുകയും വേണ്ടാ. “യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും” മക്കളെ വളർത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമാണ് അത്. (എഫെ. 6:4) ഉദാഹരണത്തിന്, കുടുംബാരാധന നന്നായി നടത്താനുള്ള നിർദേശങ്ങൾക്കായും കുട്ടികൾക്കു നല്ല സുഹൃത്തുക്കളെ കണ്ടെത്താനുള്ള സഹായത്തിനായും മാതാപിതാക്കൾക്കു സഭയിലെ മൂപ്പന്മാരെ സമീപിക്കാനാകും.
സഭയിലുള്ളവരോടൊപ്പമായിരിക്കുന്നതു മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രയോജനം ചെയ്യും (18, 19 ഖണ്ഡികകൾ കാണുക)
18, 19. (എ) ആത്മീയകാഴ്ചപ്പാടുള്ള സഹോദരങ്ങൾക്കു ചെറുപ്പക്കാരെ എങ്ങനെ സഹായിക്കാം? (ബി) എന്തു ചെയ്യുന്നതിൽ മാതാപിതാക്കൾ തുടരണം?
18 കുടുംബാരാധനയിൽ പങ്കെടുക്കാൻ മാതാപിതാക്കൾക്ക് ഇടയ്ക്കിടെ മറ്റു കുടുംബങ്ങളെ ക്ഷണിക്കാവുന്നതാണ്. ആത്മീയകാഴ്ചപ്പാടുള്ള വ്യക്തികളുടെകൂടെയായിരിക്കുന്നതു ചെറുപ്പക്കാർക്കു ഗുണം ചെയ്യും. അങ്ങനെയുള്ളവരുടെകൂടെ ശുശ്രൂഷയിൽ പ്രവർത്തിക്കുന്നതും നല്ല വിനോദങ്ങളിൽ ഏർപ്പെടുന്നതും ഒക്കെ ആത്മീയമായി വളരാൻ അവരെ സഹായിക്കും. (സുഭാ. 27:17) നേരത്തേ പരാമർശിച്ച ഷാൻ പറയുന്നു: “സ്വന്തം ചിറകിൻകീഴിലെന്നപോലെ എന്നെ കൊണ്ടുനടന്ന സഹോദരങ്ങളെ ഞാൻ ഇന്നും ഓർക്കുന്നു. മീറ്റിങ്ങുകളിലെ വിദ്യാർഥിനിയമനങ്ങൾ തയ്യാറാകാൻ അവർ എന്നെ സഹായിച്ചപ്പോൾ എനിക്കു മെച്ചപ്പെടാൻ കഴിഞ്ഞു. ഒന്നിച്ച് കളികളിൽ ഏർപ്പെട്ടതും എനിക്കു മറക്കാനാകില്ല.”
19 എന്നാൽ കുട്ടികളെ സഹായിക്കാൻ മാതാപിതാക്കൾ കണ്ടെത്തിയ സഹോദരങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കുട്ടികൾക്കു മാതാപിതാക്കളോടുള്ള ബഹുമാനം വളർത്തുന്ന രീതിയിൽ നിങ്ങൾ പ്രവർത്തിക്കണം. മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങളിൽ കൈകടത്താതിരുന്നുകൊണ്ടും അവരെക്കുറിച്ച് നല്ല കാര്യങ്ങൾ പറഞ്ഞുകൊണ്ടും നിങ്ങൾക്ക് അതു ചെയ്യാം. സഭയ്ക്ക് അകത്തുള്ളവരോ പുറത്തുള്ളവരോ നിങ്ങളുടെ ധാർമികശുദ്ധിയെ ചോദ്യം ചെയ്തേക്കാവുന്ന വിധത്തിൽ ഇടപെടരുത്. (1 പത്രോ. 2:12) ആത്മീയപരിശീലനം കൊടുക്കാൻ മറ്റുള്ളവരെ ഏൽപ്പിച്ചിട്ട് മാതാപിതാക്കൾ മാറിനിൽക്കരുത്. മറ്റുള്ളവർ മക്കളെ സഹായിക്കുമ്പോൾ മാതാപിതാക്കൾ അതിനു മേൽനോട്ടം വഹിക്കണം. മക്കളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റുകയും വേണം.
20. യഹോവയുടെ നല്ല സേവകരായിത്തീരാൻ മാതാപിതാക്കൾക്ക് എങ്ങനെ മക്കളെ സഹായിക്കാം?
20 മാതാപിതാക്കളേ, സഹായത്തിനായി യഹോവയോടു പ്രാർഥിക്കുകയും നിങ്ങളുടെ കഴിവിന്റെ പരമാവധി പ്രവർത്തിക്കുകയും ചെയ്യുക. (2 ദിനവൃത്താന്തം 15:7 വായിക്കുക.) നിങ്ങളുടെ താത്പര്യങ്ങളെക്കാളും, മക്കൾക്ക് യഹോവയുമായുള്ള സൗഹൃദത്തിനു പ്രാധാന്യം നൽകുക. ദൈവവചനം കുട്ടിയുടെ ഹൃദയത്തിൽ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങളാലാകുന്നതെല്ലാം ചെയ്യുക. നിങ്ങളുടെ കുട്ടി യഹോവയുടെ ഒരു വിശ്വസ്തദാസനായിത്തീരുമെന്ന് ഉറച്ചുവിശ്വസിക്കുക. അപ്പോസ്തലനായ യോഹന്നാൻ അദ്ദേഹത്തിന്റെ ആത്മീയമക്കളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.” (3 യോഹ. 4) നിങ്ങളുടെ കുട്ടികൾ ദൈവവചനം അനുസരിക്കുകയും നിങ്ങളുടെ നല്ല മാതൃക പിൻപറ്റുകയും ചെയ്യുമ്പോൾ നിങ്ങൾക്കും അങ്ങനെ തോന്നും.
a 2007 മാർച്ച് ലക്കം ഉണരുക!–യുടെ 10-12 പേജുകളിലെ “നിങ്ങൾക്കും മറ്റൊരു ഭാഷ പഠിക്കാം!” എന്ന ലേഖനം കാണുക.