നിങ്ങളുടെ സ്നേഹം തണുത്തുപോകാൻ അനുവദിക്കരുത്!
“നിയമലംഘനം വർധിച്ചുവരുന്നതു കണ്ട് മിക്കവരുടെയും സ്നേഹം തണുത്തുപോകും.”—മത്താ. 24:12.
1, 2. (എ) മത്തായി 24:12-ലെ യേശുവിന്റെ വാക്കുകൾ ആരിലാണ് ആദ്യം നിവൃത്തിയായത്? (ബി) ആദ്യകാലത്തെ മിക്ക ക്രിസ്ത്യാനികളും സ്നേഹം കാണിച്ചിരുന്നെന്നു പ്രവൃത്തികളുടെ പുസ്തകം തെളിയിക്കുന്നത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
“വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു” എന്നതിന്റെ അടയാളം എന്തായിരിക്കുമെന്നു വിശദീകരിച്ചപ്പോൾ, “മിക്കവരുടെയും സ്നേഹം തണുത്തുപോകും” എന്ന കാര്യം യേശു എടുത്തുപറഞ്ഞു. (മത്താ. 24:3, 12) ഒന്നാം നൂറ്റാണ്ടിൽ, ദൈവത്തിന്റെ ജനമെന്ന് അവകാശപ്പെട്ടിരുന്ന ജൂതന്മാർ അവരുടെ ദൈവസ്നേഹം തണുത്തുപോകാൻ അനുവദിച്ചു.
2 എന്നാൽ അവരിൽനിന്ന് വ്യത്യസ്തരായി അക്കാലത്തെ മിക്ക ക്രിസ്ത്യാനികളും ദൈവത്തെയും സഹക്രിസ്ത്യാനികളെയും വിശ്വാസികളല്ലാത്തവരെയും സ്നേഹിച്ചു. “ക്രിസ്തുവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത” മറ്റുള്ളവരെ അറിയിക്കുന്നതിൽ തിരക്കോടെ ഏർപ്പെടുകയും ചെയ്തു. (പ്രവൃ. 2:44-47; 5:42) പക്ഷേ, യേശുവിന്റെ അനുഗാമികളിൽ ചിലരുടെ സ്നേഹം തണുത്തുപോയി.
3. ചില ക്രിസ്ത്യാനികളുടെ സ്നേഹം തണുത്തുപോകാനുള്ള കാരണം എന്തായിരിക്കാം?
3 ഒന്നാം നൂറ്റാണ്ടിലെ എഫെസൊസിലെ ക്രിസ്ത്യാനികളോട്, പുനരുത്ഥാനപ്പെട്ട യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “ആദ്യമുണ്ടായിരുന്ന സ്നേഹം വിട്ടുകളഞ്ഞു എന്നൊരു കുറവ് നിന്നെക്കുറിച്ച് എനിക്കു പറയാനുണ്ട്.” (വെളി. 2:4) എങ്ങനെയായിരിക്കാം ക്രിസ്തുവിന്റെ ആ ശിഷ്യന്മാർക്ക് അതു സംഭവിച്ചത്? ചുറ്റുമുള്ള ലോകത്തിന്റെ മോശം ചിന്താഗതി അവരെ സ്വാധീനിച്ചതായിരിക്കാം ഒരു കാരണം. (എഫെ. 2:2, 3) ഇന്നത്തെ പല നഗരങ്ങളെയുംപോലെ അക്കാലത്തെ എഫെസൊസ് നഗരവും തിന്മകൾ നിറഞ്ഞതായിരുന്നു. ആ സമ്പന്നനഗരത്തിലെ ആളുകൾ ആഡംബരത്തിനും ഉല്ലാസത്തിനും സുഖലോലുപമായ ജീവിതത്തിനും ആണ് പ്രാധാന്യം കൊടുത്തത്. അതുപോലെ, ധിക്കാരത്തോടെയുള്ള പെരുമാറ്റവും കടുത്ത അധാർമികതയും മുഖമുദ്രയാക്കിയ ആളുകളാണ് അവിടെയുണ്ടായിരുന്നത്. സ്വാർഥമായ ആഗ്രഹങ്ങൾ അവരുടെ നിസ്വാർഥമായ സ്നേഹത്തെ ഞെരുക്കിക്കളഞ്ഞു.
4. (എ) നമ്മുടെ കാലത്ത് സ്നേഹം തണുത്തുപോയിരിക്കുന്നത് എങ്ങനെ? (ബി) ഏതു മൂന്നു മേഖലകളിൽ നമ്മൾ സ്നേഹം ശക്തമാക്കിനിറുത്തണം?
4 സ്നേഹം തണുത്തുപോകുമെന്ന യേശുവിന്റെ പ്രവചനം നമ്മുടെ കാലത്തും നിറവേറുന്നു. ഇന്നുള്ളവർക്കു ദൈവത്തോടു സ്നേഹം കുറഞ്ഞുകുറഞ്ഞ് വരുകയാണ്. ഈ ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി ദൈവത്തിലേക്കു നോക്കുന്നതിനു പകരം മനുഷ്യസംഘടനകളിലേക്കാണു മിക്കവരും നോക്കുന്നത്. അതെ, യഹോവയെ ആരാധിക്കാത്ത ആളുകളുടെ സ്നേഹം തണുത്തുപോകുകയാണ്. എന്നാൽ ഇന്നത്തെ സത്യക്രിസ്ത്യാനികളുടെ സ്നേഹവും കുറഞ്ഞുപോയേക്കാമെന്നാണ് ഒന്നാം നൂറ്റാണ്ടിലെ എഫെസൊസ് സഭയുടെ അനുഭവം കാണിക്കുന്നത്. സ്നേഹം ശക്തമാക്കിനിറുത്തേണ്ട മൂന്നു മേഖലകൾ നമുക്ക് ഇപ്പോൾ ചിന്തിക്കാം: (1) യഹോവയോടുള്ള സ്നേഹം, (2) ബൈബിൾസത്യത്തോടുള്ള സ്നേഹം, (3) സഹോദരങ്ങളോടുള്ള സ്നേഹം.
യഹോവയോടുള്ള സ്നേഹം
5. നമ്മൾ ദൈവത്തെ സ്നേഹിക്കേണ്ടത് എന്തുകൊണ്ട്?
5 സ്നേഹം തണുത്തുപോകുമെന്നു മുന്നറിയിപ്പു കൊടുത്ത അതേ ദിവസംതന്നെ, ആരെയാണ് ഏറ്റവും അധികം സ്നേഹിക്കേണ്ടതെന്നു യേശു പറഞ്ഞിരുന്നു. യേശു പറഞ്ഞത് ഇതായിരുന്നു: “‘നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.’ ഇതാണ് ഏറ്റവും വലിയതും ഒന്നാമത്തേതും ആയ കല്പന.” (മത്താ. 22:37, 38) യഹോവയോടു നമുക്കു ആഴമായ സ്നേഹമുണ്ടെങ്കിൽ ദൈവകല്പനകൾ അനുസരിക്കാനും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പിടിച്ചുനിൽക്കാനും മോശമായതിനെ വെറുക്കാനും നമുക്കു കഴിയും. (സങ്കീർത്തനം 97:10 വായിക്കുക.) എന്നാൽ ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിനു തുരങ്കംവെക്കാൻ സാത്താനും അവന്റെ ലോകവും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
6. ദൈവത്തോടുള്ള സ്നേഹം നഷ്ടപ്പെട്ടതുകൊണ്ട് ആളുകൾക്ക് എന്തു സംഭവിച്ചിരിക്കുന്നു?
6 ഇന്ന് ആളുകൾക്കു സ്നേഹത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാടാണുള്ളത്. അവർക്കു സ്രഷ്ടാവിനോടല്ല സ്നേഹം, അവർ ‘സ്വസ്നേഹികളാണ്.’ (2 തിമൊ. 3:2) സാത്താൻ ഭരിക്കുന്ന ഈ ലോകത്തിലുള്ളവർ പ്രാധാന്യം കൊടുക്കുന്നതു “ജഡത്തിന്റെ മോഹം, കണ്ണിന്റെ മോഹം, വസ്തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പിക്കൽ” എന്നീ കാര്യങ്ങൾക്കാണ്. (1 യോഹ. 2:16) എന്നാൽ സ്വന്തം ആഗ്രഹങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കുന്നതിന് എതിരെ പൗലോസ് അപ്പോസ്തലൻ സഹക്രിസ്ത്യാനികൾക്കു മുന്നറിയിപ്പു കൊടുത്തു. പൗലോസ് എഴുതി: “ജഡത്തിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നതു മരണത്തിൽ കലാശിക്കുന്നു. . . . കാരണം ജഡത്തിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നതു നമ്മളെ ദൈവത്തിന്റെ ശത്രുക്കളാക്കും.” (റോമ. 8:6, 7) പണവും വസ്തുവകകളും വാരിക്കൂട്ടുന്നതിനും ലൈംഗികാഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നതിനും ഒന്നാം സ്ഥാനം കൊടുത്തവർക്ക് ഒടുവിൽ ലഭിച്ചതു കടുത്ത വേദനകളും നിരാശകളും മാത്രമാണ്.—1 കൊരി. 6:18; 1 തിമൊ. 6:9, 10.
7. ക്രിസ്ത്യാനികൾക്ക് ഉണ്ടായേക്കാവുന്ന അപകടങ്ങൾ എന്തെല്ലാം?
7 ദൈവത്തോടുള്ള സ്നേഹം മാത്രമല്ല, ദൈവത്തിലുള്ള വിശ്വാസംപോലും നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള ആശയങ്ങളാണു ചില നാടുകളിലെ നിരീശ്വരവാദികളും പരിണാമവാദികളും ദൈവമുണ്ടോ എന്നു സംശയിക്കുന്ന അജ്ഞേയവാദികളും പ്രചരിപ്പിക്കുന്നത്. ബുദ്ധിയും വിവരവും ഇല്ലാത്തവർ മാത്രമേ ഒരു സ്രഷ്ടാവിൽ വിശ്വസിക്കുകയുള്ളൂ എന്നു പലരെയും പറഞ്ഞുബോധ്യപ്പെടുത്താൻ അവർക്കു കഴിഞ്ഞിരിക്കുന്നു. അതുപോലെ, ഇന്നു പലരും സ്രഷ്ടാവിനെക്കാൾ ബഹുമാനം കൊടുക്കുന്നതു ശാസ്ത്രജ്ഞന്മാർക്കാണ്. (റോമ. 1:25) അത്തരം ആശയങ്ങളും ചിന്താഗതികളും നമ്മളെ സ്വാധീനിക്കുന്നെങ്കിൽ നമ്മൾ യഹോവയിൽനിന്ന് അകന്നുപോകുകയും നമ്മുടെ സ്നേഹം തണുത്തുപോകുകയും ചെയ്തേക്കാം.—എബ്രാ. 3:12.
8. (എ) യഹോവയുടെ ജനത്തിൽപ്പെട്ട പലരും നിരുത്സാഹപ്പെടുത്തുന്ന ഏതു സാഹചര്യങ്ങളെ നേരിടുന്നു? (ബി) 136-ാം സങ്കീർത്തനത്തിൽ നമുക്ക് ഏത് ഉറപ്പു കാണാം?
8 നമ്മുടെ വിശ്വാസം ദുർബലമാക്കിയേക്കാവുന്ന, ദൈവത്തോടുള്ള സ്നേഹം തണുത്തുപോകാൻ ഇടയാക്കിയേക്കാവുന്ന, മറ്റൊരു കാര്യമാണു നിരുത്സാഹം. സാത്താൻ നിയന്ത്രിക്കുന്ന ഈ ദുഷ്ടലോകത്തിൽ നമ്മളെ നിരുത്സാഹപ്പെടുത്തിയേക്കാവുന്ന ധാരാളം കാര്യങ്ങളുണ്ട്. (1 യോഹ. 5:19) പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകളോ മോശമായ ആരോഗ്യമോ സാമ്പത്തികഞെരുക്കങ്ങളോ ചിലപ്പോൾ നമ്മളെ വലയ്ക്കുന്നുണ്ടാകും. അതുപോലെ, ‘എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല’ എന്ന തോന്നലും പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാത്തതിന്റെ വേദനയും പറ്റിപ്പോയ തെറ്റുകളെക്കുറിച്ചുള്ള കുറ്റബോധവും നിരുത്സാഹത്തിനു കാരണമായേക്കാം. എന്നാൽ യഹോവ നമ്മളെ ഉപേക്ഷിച്ചെന്നു ചിന്തിക്കാൻ അത്തരം സാഹചര്യങ്ങളെയോ വികാരവിചാരങ്ങളെയോ ഒരിക്കലും അനുവദിക്കരുത്. പകരം, യഹോവയുടെ അചഞ്ചലസ്നേഹത്തെക്കുറിച്ച് ഉറപ്പുതരുന്ന ബൈബിൾവാക്യങ്ങൾ ധ്യാനിക്കുക. ഉദാഹരണത്തിന്, സങ്കീർത്തനം 136:23 ഇങ്ങനെ പറയുന്നു: “വിഷാദിച്ചിരുന്ന നമ്മെ ദൈവം ഓർത്തു; ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.” അതെ, യഹോവ തന്റെ ദാസരോട് എന്നും അചഞ്ചലസ്നേഹം കാണിക്കും. അതുകൊണ്ട് ‘സഹായത്തിനായുള്ള നമ്മുടെ യാചനകൾ’ യഹോവ കേൾക്കുന്നുണ്ടെന്നും അതിന് ഉത്തരം തരുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാം.—സങ്കീ. 116:1; 136:24-26.
9. ദൈവത്തോടുള്ള സ്നേഹം ശക്തമായി നിറുത്താൻ പൗലോസിന് എങ്ങനെ സാധിച്ചു?
9 സങ്കീർത്തനക്കാരനെപ്പോലെ, യഹോവയുടെ അചഞ്ചലമായ പിന്തുണയെക്കുറിച്ച് ധ്യാനിച്ചത് അപ്പോസ്തലനായ പൗലോസിനെയും ശക്തനാക്കി. പൗലോസ് എഴുതി: “യഹോവ എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും?” (എബ്രാ. 13:6) യഹോവ തന്നെ സ്നേഹിക്കുകയും തനിക്കുവേണ്ടി കരുതുകയും ചെയ്യുന്നുണ്ടെന്ന ഉറച്ച ബോധ്യം, പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പിടിച്ചുനിൽക്കാൻ പൗലോസിനെ സഹായിച്ചു. തന്നെ തളർത്തിക്കളയാൻ മോശമായ സാഹചര്യങ്ങളെ പൗലോസ് അനുവദിച്ചില്ല. തടവിലായിരുന്നപ്പോൾപ്പോലും പൗലോസ് മറ്റുള്ളവർക്കു പ്രോത്സാഹനം പകരുന്ന കത്തുകൾ എഴുതി. (എഫെ. 4:1; ഫിലി. 1:7; ഫിലേ. 1) കഠിനമായ പരിശോധനകളെ നേരിട്ടപ്പോഴും അദ്ദേഹം ദൈവത്തോടുള്ള സ്നേഹം കാത്തുസൂക്ഷിച്ചു. പൗലോസിന് എങ്ങനെയാണ് അതു സാധിച്ചത്? ‘ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന, നമ്മുടെ കഷ്ടതകളിലെല്ലാം നമ്മളെ ആശ്വസിപ്പിക്കുന്ന ദൈവത്തിൽ’ പൗലോസ് ആശ്രയിച്ചു. (2 കൊരി. 1:3, 4) പൗലോസിനെപ്പോലെ നമുക്ക് എങ്ങനെ യഹോവയോടുള്ള സ്നേഹം ശക്തമായി കാത്തുസൂക്ഷിക്കാം?
യഹോവയോടു സ്നേഹം കാണിക്കുക (10-ാം ഖണ്ഡിക കാണുക)
10. യഹോവയോടുള്ള നമ്മുടെ സ്നേഹം നമുക്ക് എങ്ങനെ ശക്തമായി നിലനിറുത്താം?
10 ദൈവത്തോടുള്ള സ്നേഹം ശക്തമായി നിറുത്താൻ സഹായിക്കുന്ന ഒരു പ്രധാന വിധത്തെപ്പറ്റിയും പൗലോസ് പറഞ്ഞു. അദ്ദേഹം സഹവിശ്വാസികൾക്ക് ഇങ്ങനെ എഴുതി: “ഇടവിടാതെ പ്രാർഥിക്കുക.” പിന്നീട് ഇങ്ങനെയും എഴുതി: “മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കുക.” (1 തെസ്സ. 5:17; റോമ. 12:12) പ്രാർഥനയിലൂടെ ദൈവത്തോടു സംസാരിക്കാതെ ദൈവവുമായി ഒരു അടുത്തബന്ധമുണ്ടായിരിക്കാൻ കഴിയില്ല. (സങ്കീ. 86:3) സമയമെടുത്ത് പ്രാർഥിച്ച് ഉള്ളിന്റെ ഉള്ളിലെ ചിന്തകളും വികാരങ്ങളും യഹോവയെ അറിയിക്കുന്നെങ്കിൽ, ‘പ്രാർഥന കേൾക്കുന്നവനായ’ നമ്മുടെ സ്വർഗീയപിതാവുമായി നമ്മൾ കൂടുതൽക്കൂടുതൽ അടുക്കും. (സങ്കീ. 65:2) നമ്മുടെ പ്രാർഥനകൾക്ക് യഹോവ ഉത്തരം തരുന്നത് അനുഭവിച്ചറിയുമ്പോൾ യഹോവയോടുള്ള സ്നേഹം പിന്നെയും വർധിക്കും. “തന്നെ വിളിച്ചപേക്ഷിക്കുന്ന സകലർക്കും യഹോവ” സമീപസ്ഥനാണെന്നു നമ്മൾ തിരിച്ചറിയും. (സങ്കീ. 145:18) യഹോവ എന്നും സ്നേഹിക്കുമെന്നും പിന്തുണയ്ക്കുമെന്നും അങ്ങനെ ബോധ്യമാകുമ്പോൾ, ഭാവിയിൽ വിശ്വാസത്തിന്റെ പരിശോധനകളെ ധൈര്യത്തോടെ നേരിടാൻ നമുക്കു കഴിയും.
ബൈബിൾസത്യത്തോടുള്ള സ്നേഹം
11, 12. ബൈബിൾസത്യത്തോട് ആഴമായ സ്നേഹം വളർത്തിയെടുക്കാൻ എങ്ങനെ കഴിയും?
11 ക്രിസ്ത്യാനികളായ നമ്മൾ സത്യത്തെ വിലപ്പെട്ടതായി കാണുന്നു, അതിനെ ആഴമായി സ്നേഹിക്കുകയും ചെയ്യുന്നു. യഥാർഥസത്യത്തിന്റെ ഉറവിടം ദൈവവചനമാണ്. സ്വർഗീയപിതാവിനോടുള്ള പ്രാർഥനയിൽ യേശു പറഞ്ഞു: “അങ്ങയുടെ വചനം സത്യമാണ്.” (യോഹ. 17:17) അതുകൊണ്ട്, സത്യത്തോടു സ്നേഹമുണ്ടാകണമെങ്കിൽ നമ്മൾ ദൈവവചനത്തെക്കുറിച്ച് സൂക്ഷ്മമായ അറിവ് നേടണം. (കൊലോ. 1:10) എന്നാൽ വെറുതേ കുറെ അറിവ് നേടുന്നതല്ല അതിൽ ഉൾപ്പെട്ടിരിക്കുന്നത്. ബൈബിൾസത്യത്തെ സ്നേഹിക്കുകയെന്നാൽ എന്താണ് അർഥമെന്നു മനസ്സിലാക്കാൻ 119-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ നമ്മളെ സഹായിക്കും. (സങ്കീർത്തനം 119:97-100 വായിക്കുക.) വായിച്ച തിരുവെഴുത്തുഭാഗങ്ങളെക്കുറിച്ച് നമ്മൾ ദിവസം മുഴുവൻ ചിന്തിക്കുകയും ധ്യാനിക്കുകയും വേണം. ബൈബിൾസത്യം ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ ലഭിക്കുന്ന പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ അതിനോടുള്ള നമ്മുടെ സ്നേഹം വർധിക്കും.
12 സങ്കീർത്തനക്കാരൻ തുടർന്ന് ഇങ്ങനെ പറഞ്ഞു: “തിരുമൊഴികൾ എന്റെ അണ്ണാക്കിന് എത്ര മധുരം! അവ എന്റെ വായിൽ തേനിനെക്കാൾ മധുരിക്കുന്നു.” (സങ്കീ. 119:103) ദൈവത്തിന്റെ സംഘടനയിലൂടെ ലഭിക്കുന്ന ബൈബിളധിഷ്ഠിതമായ ആത്മീയാഹാരം പതിയെപ്പതിയെ നുണഞ്ഞുകഴിച്ച് നമ്മൾ അതിന്റെ രുചി അറിയണം. ആ രുചി നമ്മുടെ ‘അണ്ണാക്കിലുണ്ടെങ്കിൽ’ സത്യത്തിന്റെ “ഇമ്പമുള്ള വാക്കുകൾ” ഓർത്തെടുക്കാനും മറ്റുള്ളവരെ സഹായിക്കാൻ അത് ഉപയോഗിക്കാനും നമുക്കു കഴിയും.—സഭാ. 12:10.
13. ദൈവവചനത്തിലെ സത്യത്തെ സ്നേഹിക്കാൻ യിരെമ്യയെ സഹായിച്ചത് എന്താണ്, അതു യിരെമ്യയെ എങ്ങനെയാണു സ്വാധീനിച്ചത്?
13 യിരെമ്യ പ്രവാചകനും തിരുവെഴുത്തുസത്യത്തോടു സ്നേഹമുണ്ടായിരുന്നു. ദൈവത്തിന്റെ വാക്കുകൾ പ്രവാചകന്റെ ഹൃദയത്തെ എങ്ങനെയാണു സ്വാധീനിച്ചത്? യിരെമ്യ പറയുന്നു: “അങ്ങയുടെ വാക്കുകൾ എനിക്കു കിട്ടി, ഞാൻ അവ കഴിച്ചു; അവ എനിക്ക് ആഹ്ലാദവും ഹൃദയാനന്ദവും തന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞാൻ അങ്ങയുടെ പേരിലാണല്ലോ അറിയപ്പെടുന്നത്.” (യിരെ. 15:16) ഏത് അർഥത്തിലാണു യിരെമ്യ ദൈവവചനം കഴിച്ചത്? ദൈവത്തിന്റെ അമൂല്യമായ വാക്കുകളെക്കുറിച്ച് ധ്യാനിച്ചത്, അതു കഴിക്കുകയും ദഹിക്കുകയും ചെയ്തതുപോലെയായിരുന്നു. ദൈവത്തിന്റെ പേരിൽ അറിയപ്പെടുക എന്ന തന്റെ പദവിയെക്കുറിച്ച് ചിന്തിക്കാനും അതിന്റെ മൂല്യം തിരിച്ചറിയാനും അങ്ങനെ യിരെമ്യക്കു കഴിഞ്ഞു. ബൈബിൾസത്യത്തോടു സ്നേഹമുണ്ടെങ്കിൽ, ദൈവത്തിന്റെ പേര് വഹിക്കാനും ഈ അവസാനകാലത്ത് ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാനും ഉള്ള പദവിയെ നമ്മളും അമൂല്യമായി കാണും.
ബൈബിൾസത്യത്തോടു സ്നേഹം കാണിക്കുക (14-ാം ഖണ്ഡിക കാണുക)
14. ബൈബിൾസത്യത്തോടുള്ള സ്നേഹം നമുക്ക് എങ്ങനെ ആഴമുള്ളതാക്കാം?
14 ബൈബിൾസത്യത്തോടുള്ള സ്നേഹം വർധിപ്പിക്കാൻ മറ്റെന്തെല്ലാം ചെയ്യാനാകും? ക്രമമായി മീറ്റിങ്ങുകൾക്കു പോകുന്നതും അതിനു നമ്മളെ സഹായിക്കും. വീക്ഷാഗോപുരം ഉപയോഗിച്ചുള്ള ബൈബിൾപഠനത്തിലൂടെയാണു പ്രമുഖമായും ഇക്കാലത്ത് സംഘടന നമ്മളെ പഠിപ്പിക്കുന്നത്. പഠിക്കുന്നതിൽനിന്ന് പൂർണപ്രയോജനം കിട്ടണമെങ്കിൽ ആ വാരത്തിലേക്കുള്ള വീക്ഷാഗോപുരലേഖനം മുന്നമേ തയ്യാറാകണം. പരാമർശിച്ചിരിക്കുന്ന എല്ലാ തിരുവെഴുത്തുകളും എടുത്തുനോക്കുന്നതു നന്നായി തയ്യാറാകാൻ നമ്മളെ സഹായിക്കും. jw.org-ലും JW ലൈബ്രറി ആപ്ലിക്കേഷനിലും പല ഭാഷകളിൽ വീക്ഷാഗോപുരം ലഭ്യമാണ്. കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കാൻ ചില ഇലക്ട്രോണിക് ഫോർമാറ്റുകളിൽ എളുപ്പമാണ്. ഏതു മാർഗം ഉപയോഗിച്ചാണു പഠിക്കുന്നതെങ്കിലും, പരാമർശിച്ചിരിക്കുന്ന ബൈബിൾവാക്യങ്ങൾ ശ്രദ്ധാപൂർവം വായിക്കുന്നതും അതെക്കുറിച്ച് ധ്യാനിക്കുന്നതും ബൈബിൾസത്യത്തോടുള്ള നമ്മുടെ സ്നേഹം ആഴമുള്ളതാക്കും.—സങ്കീർത്തനം 1:2 വായിക്കുക.
സഹോദരങ്ങളോടുള്ള സ്നേഹം
15, 16. (എ) യോഹന്നാൻ 13:34, 35 അനുസരിച്ച് നമുക്ക് എന്തു കടപ്പാടുണ്ട്? (ബി) ദൈവത്തോടും ബൈബിളിനോടും ഉള്ള സ്നേഹവും സഹോദരങ്ങളോടുള്ള സ്നേഹവും തമ്മിലുള്ള ബന്ധം എന്താണ്?
15 ഭൂമിയിലെ തന്റെ അവസാനരാത്രിയിൽ യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കണം എന്ന ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുകയാണ്. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം. നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”—യോഹ. 13:34, 35.
16 സഹോദരീസഹോദരന്മാരോടുള്ള സ്നേഹവും യഹോവയോടുള്ള സ്നേഹവും തമ്മിൽ ബന്ധമുണ്ട്. ഇവയിൽ ഒന്നില്ലാതെ മറ്റൊന്നുണ്ട് എന്നു നമുക്ക് അവകാശപ്പെടാനാകില്ല. അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “കാണുന്ന സഹോദരനെ സ്നേഹിക്കാത്തയാൾ കാണാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കും?” (1 യോഹ. 4:20) അതുപോലെ, യഹോവയോടും സഹോദരങ്ങളോടും ഉള്ള സ്നേഹത്തിനു ബൈബിളിനോടു നമുക്കുള്ള സ്നേഹവുമായി ബന്ധമുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ബൈബിൾസത്യത്തോടു സ്നേഹമുണ്ടെങ്കിൽ ദൈവത്തെ സ്നേഹിക്കാനും സഹോദരങ്ങളെ സ്നേഹിക്കാനും ഉള്ള തിരുവെഴുത്തുകല്പനകൾ അനുസരിക്കാൻ നമ്മൾ ആത്മാർഥമായി ശ്രമിക്കും.—1 പത്രോ. 1:22; 1 യോഹ. 4:21.
സഹോദരീസഹോദരന്മാരോടു സ്നേഹം കാണിക്കുക (17-ാം ഖണ്ഡിക കാണുക)
17. സ്നേഹം പ്രകടിപ്പിക്കാനുള്ള ചില വിധങ്ങൾ ഏതെല്ലാമാണ്?
17 1 തെസ്സലോനിക്യർ 4:9, 10 വായിക്കുക. സഭയിലുള്ളവരോടു സ്നേഹം പ്രകടിപ്പിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതൊക്കെയാണ്? പ്രായമുള്ള ഒരു സഹോദരനോ സഹോദരിക്കോ മീറ്റിങ്ങുകൾക്കു വരാൻ വാഹനസൗകര്യം ആവശ്യമുണ്ടെങ്കിൽ അത് ഏർപ്പെടുത്തിക്കൊടുക്കാം. ഭർത്താവ് മരിച്ചുപോയ ഒരു സഹോദരിയുടെ വീട്ടിലെ അറ്റകുറ്റപ്പണികൾ ചെയ്തുകൊടുക്കാനും കഴിഞ്ഞേക്കും. (യാക്കോ. 1:27) നിരുത്സാഹിതരും നിരാശിതരും ആയ ഏതെങ്കിലും സഹോദരീസഹോദരന്മാരുണ്ടോ? വിശ്വാസത്തിന്റെ വലിയ പരിശോധനകൾ നേരിടുന്ന ആരെങ്കിലുമുണ്ടോ? ചെറുപ്പക്കാരോ പ്രായമായവരോ ആകട്ടെ, അവർക്കെല്ലാം നമ്മുടെ ശ്രദ്ധയും പ്രോത്സാഹനവും ആശ്വാസവാക്കുകളും ആവശ്യമാണ്. (സുഭാ. 12:25; കൊലോ. 4:11) ‘വിശ്വാസത്താൽ നമ്മുടെ ബന്ധുക്കളായവരെക്കുറിച്ച്’ നമുക്കു ചിന്തയുണ്ടെന്നു വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും കാണിക്കുക. അങ്ങനെ, അവരെ ആത്മാർഥമായി സ്നേഹിക്കുന്നെന്നു നമുക്കു തെളിയിക്കാം.—ഗലാ. 6:10.
18. സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ നമ്മളെ എന്തു സഹായിക്കും?
18 ഈ ദുഷ്ടവ്യവസ്ഥിതിയുടെ “അവസാനകാലത്ത്” അനേകരും സ്വാർഥരും അത്യാഗ്രഹികളും ആയിരിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (2 തിമൊ. 3:1, 2) അതുകൊണ്ട് ക്രിസ്ത്യാനികളായ നമ്മൾ ശരിക്കും ശ്രമം ചെയ്തെങ്കിലേ ദൈവത്തോടും ബൈബിൾസത്യത്തോടും സഹോദരങ്ങളോടും ഉള്ള സ്നേഹത്തിൽ വളരാൻ കഴിയൂ. ഇടയ്ക്കൊക്കെ നമ്മുടെ സഹോദരങ്ങളുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം എന്നതു വാസ്തവമാണ്. എന്നാൽ നമുക്ക് അവരോടു സ്നേഹമുള്ളതുകൊണ്ട് അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മളാലാകുന്നതു ചെയ്യുന്നു. അതു സഭയ്ക്കു മുഴുവൻ ഗുണം ചെയ്യും. (എഫെ. 4:32; കൊലോ. 3:14) അതുകൊണ്ട് സഹോദരങ്ങളേ, യഹോവയെയും ദൈവവചനത്തെയും സഹവിശ്വാസികളെയും തീവ്രമായി സ്നേഹിക്കുക. നമ്മുടെ സ്നേഹം തണുത്തുപോകാൻ ഒരിക്കലും അനുവദിക്കരുത്!