ഓരോ ദിവസവും യഹോവയോടൊത്ത് പ്രവർത്തിക്കുക
“ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകരാണ്.”—1 കൊരി. 3:9.
1. നമുക്ക് ഏതൊക്കെ വിധങ്ങളിൽ യഹോവയോടൊപ്പം പ്രവർത്തിക്കാനാകും?
പൂർണരായ മനുഷ്യർ തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിനുവേണ്ടി തന്നോടൊപ്പം പ്രവർത്തിക്കണമെന്നായിരുന്നു യഹോവയുടെ ആഗ്രഹം. മനുഷ്യവർഗം ഇപ്പോൾ അപൂർണരാണെങ്കിലും, വിശ്വസ്തരായ ആളുകൾക്ക് ഓരോ ദിവസവും യഹോവയോടൊപ്പം പ്രവർത്തിക്കാൻ കഴിയും. ഉദാഹരണത്തിന്, ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത അറിയിച്ചുകൊണ്ടും ആളുകളെ ശിഷ്യരാക്കിക്കൊണ്ടും നമ്മൾ ‘ദൈവത്തിന്റെ സഹപ്രവർത്തകരായി’ പ്രവർത്തിക്കുകയാണ്. (1 കൊരി. 3:5-9) സർവശക്തനായ സ്രഷ്ടാവ് പ്രധാനപ്പെട്ടതെന്നു വീക്ഷിക്കുന്ന ഒരു പ്രവർത്തനത്തിൽ ആ സ്രഷ്ടാവിനോടൊപ്പം സഹകരിക്കാൻ കഴിയുന്നത് എത്ര വലിയ ഒരു പദവിയാണ്! എന്നാൽ പ്രസംഗപ്രവർത്തനത്തിലും ശിഷ്യരാക്കൽവേലയിലും മാത്രമല്ല യഹോവയോടൊപ്പം നമുക്കു പ്രവർത്തിക്കാനാകുന്നത്. കുടുംബാംഗങ്ങളെയും സഹാരാധകരെയും സഹായിച്ചുകൊണ്ടും അതിഥിപ്രിയം കാണിച്ചുകൊണ്ടും ദിവ്യാധിപത്യപ്രവർത്തനങ്ങളിൽ സ്വമനസ്സാലെ ഉൾപ്പെട്ടുകൊണ്ടും വിശുദ്ധസേവനത്തിൽ കൂടുതൽ ഏർപ്പെട്ടുകൊണ്ടും നമുക്ക് യഹോവയോടൊത്ത് പ്രവർത്തിക്കാൻ എങ്ങനെ കഴിയുമെന്ന് ഈ ലേഖനത്തിൽ ചിന്തിക്കും.—കൊലോ. 3:23.
2. യഹോവയുടെ ഉദ്ദേശ്യത്തിനുവേണ്ടി നിങ്ങൾ ചെയ്യുന്നതിനെ മറ്റുള്ളവരുടേതുമായി ഒരിക്കലും താരതമ്യം ചെയ്യരുതാത്തത് എന്തുകൊണ്ട്?
2 ഈ ലേഖനം ചർച്ച ചെയ്യുമ്പോൾ ഒരു കാര്യം മനസ്സിൽപ്പിടിക്കുക: യഹോവയ്ക്കുവേണ്ടി നിങ്ങൾക്കു ചെയ്യാൻ കഴിയുന്നതിനെ മറ്റുള്ളവർ ചെയ്യുന്നതുമായി ഒരിക്കലും താരതമ്യം ചെയ്യരുത്. ഓരോരുത്തരുടെയും പ്രായവും ആരോഗ്യവും സാഹചര്യങ്ങളും കഴിവുകളും വ്യത്യസ്തമാണെന്ന കാര്യം ഓർക്കുക. പൗലോസ് അപ്പോസ്തലൻ ഇങ്ങനെ പറഞ്ഞു: “ഓരോരുത്തരും സ്വന്തം പ്രവൃത്തി വിലയിരുത്തട്ടെ. അപ്പോൾ, തന്നെ മറ്റാരുമായും താരതമ്യപ്പെടുത്താതെ തന്നിൽത്തന്നെ അഭിമാനിക്കാൻ അയാൾക്കു വകയുണ്ടാകും.”—ഗലാ. 6:4.
കുടുംബാംഗങ്ങളെയും സഹാരാധകരെയും സഹായിക്കുക
3. കുടുംബത്തിനുവേണ്ടി കരുതുമ്പോൾ യഹോവയോടൊത്ത് പ്രവർത്തിക്കുകയാണെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
3 തന്റെ ദാസന്മാർ കുടുംബാംഗങ്ങൾക്കുവേണ്ടി കരുതാൻ യഹോവ പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി നിങ്ങൾ ജോലി ചെയ്യേണ്ടതുണ്ടായിരിക്കാം. മക്കളെ നോക്കുന്നതിനുവേണ്ടി അനേകം അമ്മമാരും വീട്ടിൽത്തന്നെ കഴിയുന്നു. ഇനി, മുതിർന്ന ചില മക്കൾക്കു തങ്ങളുടെ പ്രായമായ മാതാപിതാക്കളെ പരിപാലിക്കണം. ഇതൊന്നും അവഗണിക്കാൻ കഴിയുന്ന കാര്യങ്ങളല്ല. ദൈവവചനം പറയുന്നു: “തനിക്കുള്ളവർക്കുവേണ്ടി, പ്രത്യേകിച്ച് സ്വന്തകുടുംബത്തിനുവേണ്ടി, കരുതാത്തയാൾ വിശ്വാസം തള്ളിക്കളഞ്ഞ് അവിശ്വാസിയെക്കാൾ മോശമായിരിക്കുന്നു.” (1 തിമൊ. 5:8) ഇതുപോലുള്ള ഉത്തരവാദിത്വങ്ങളുണ്ടെങ്കിൽ ദിവ്യാധിപത്യപ്രവർത്തനങ്ങളിൽ നിങ്ങൾ ആഗ്രഹിക്കുന്നത്ര ചെയ്യാൻ സമയം കിട്ടിയെന്നുവരില്ല. എന്നാൽ വിഷമിക്കേണ്ടതില്ല. കുടുംബത്തിനുവേണ്ടി കരുതുന്നത് യഹോവയെ സന്തോഷിപ്പിക്കുന്നു.—1 കൊരി. 10:31.
4. സ്വന്തം ആഗ്രഹങ്ങളെക്കാൾ ഉപരി ദിവ്യാധിപത്യകാര്യങ്ങൾ ഒന്നാമതു വെക്കാൻ മാതാപിതാക്കൾക്ക് എങ്ങനെ കഴിയും, അതിന്റെ ഫലം എന്താണ്?
4 കുട്ടികളെ ദിവ്യാധിപത്യലക്ഷ്യങ്ങൾ വെക്കാൻ പ്രോത്സാഹിപ്പിക്കുമ്പോൾ ക്രിസ്തീയമാതാപിതാക്കൾ യഹോവയോടൊത്ത് പ്രവർത്തിക്കുകയാണ്. ഇങ്ങനെ ചെയ്ത പല മാതാപിതാക്കൾക്കും തങ്ങളുടെ മക്കൾ മുഴുസമയസേവനം ഏറ്റെടുത്തിരിക്കുന്നതു കാണാൻ കഴിഞ്ഞിരിക്കുന്നു. അവരിൽ പലരും വീട്ടിൽനിന്നും അകലെയാണ്. ചിലർ മിഷനറിമാരാണ്. മറ്റു ചിലർ ആവശ്യം അധികമുള്ളിടത്ത് പോയി മുൻനിരസേവനം ചെയ്യുന്നു. വേറെ ചിലർ ബഥേലിൽ സേവിക്കുന്നു. ആഗ്രഹിക്കുമ്പോഴെല്ലാം ഒത്തുചേരാൻ ഇത്തരം കുടുംബങ്ങൾക്കു കഴിഞ്ഞെന്നുവരില്ല. എങ്കിലും ആത്മത്യാഗം ചെയ്യാൻ മനസ്സൊരുക്കമുള്ള മാതാപിതാക്കൾ മക്കൾ അവരുടെ നിയമനത്തിൽത്തന്നെ തുടരാനാണ് അവരെ പ്രോത്സാഹിപ്പിക്കുന്നത്. എന്തുകൊണ്ട്? തങ്ങളുടെ മക്കൾ രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുന്നതു കാണുമ്പോൾ ആ മാതാപിതാക്കൾക്ക് അത്രയധികം സന്തോഷവും സംതൃപ്തിയും തോന്നുന്നു. (3 യോഹ. 4) സ്വന്തം മകനെ യഹോവയ്ക്കു ‘സമർപ്പിച്ചപ്പോൾ’ ഹന്നയ്ക്കു തോന്നിയതുതന്നെയായിരിക്കും അവർക്കും തോന്നുന്നത്. ഈ വിധത്തിൽ യഹോവയോടൊത്ത് പ്രവർത്തിക്കുന്നതിനെ മാതാപിതാക്കൾ ഒരു പദവിയായി കാണുന്നു. മക്കൾ മറ്റ് ഏതെങ്കിലും വിധത്തിൽ ശോഭിക്കാൻ അവർ പ്രതീക്ഷിക്കുന്നില്ല.—1 ശമു. 1:28.
5. സഭയിലുള്ള സഹോദരങ്ങൾക്കു പ്രായോഗികമായി എന്തൊക്കെ സഹായങ്ങൾ നിങ്ങൾക്കു ചെയ്യാനാകും? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
5 നിങ്ങളുടെ കുടുംബത്തിലെ സാഹചര്യം എന്താണ്? നിങ്ങൾക്ക് ഇപ്പോൾ ഭാരിച്ച കുടുംബോത്തരവാദിത്വങ്ങളുണ്ടോ? ഇല്ലെങ്കിൽ, പ്രായമായവരെ പരിചരിക്കുന്ന സഹാരാധകരെ നിങ്ങൾക്കു സഹായിക്കാനാകുമോ? അതുപോലെ രോഗികളെയോ പ്രായമായവരെയോ മറ്റ് ഏതെങ്കിലും വിധത്തിൽ സഹായം ആവശ്യമുള്ളവരെയോ നിങ്ങൾക്കു പിന്തുണയ്ക്കാനാകുമോ? നിങ്ങളുടെ സഭയിലുള്ളവരെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കുക, അവരിൽ ആർക്കാണു സഹായം ആവശ്യമായിരിക്കുന്നത്? ഒരുപക്ഷേ സഭയിലെ ഒരു സഹോദരി പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനുവേണ്ടി വളരെയധികം സമയം ചെലവിടുന്നുണ്ടായിരിക്കും. നിങ്ങൾക്ക് ആ പ്രായമായ മാതാപിതാക്കൾക്കു കൂട്ടിരിക്കാനാകുമോ? അപ്പോൾ ആ സഹോദരിക്കു മറ്റു കാര്യങ്ങൾ ചെയ്യുന്നതിനു സമയം ലഭിക്കും. അതുമല്ലെങ്കിൽ സഹോദരങ്ങളെ മീറ്റിങ്ങുകൾക്കു പോകാനോ കടയിൽ പോയി സാധനങ്ങൾ വാങ്ങാനോ ആശുപത്രിയിലായിരിക്കുന്ന ആരെയെങ്കിലും സന്ദർശിക്കാനോ നിങ്ങൾക്കു കൂട്ടിക്കൊണ്ട് പോകാനാകുമോ? നിങ്ങൾ പുറത്ത് പോകുമ്പോൾ അവർക്ക് ആവശ്യമുള്ള എന്തെങ്കിലും ചെയ്തുകൊടുക്കാനോ വാങ്ങിക്കൊണ്ടുവരാനോ കഴിയുമോ? ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ അവരുടെ പ്രാർഥനയ്ക്ക് ഉത്തരം കൊടുക്കുന്നതിൽ നിങ്ങൾ യഹോവയോടൊത്ത് പ്രവർത്തിക്കുകയായിരിക്കും.—1 കൊരിന്ത്യർ 10:24 വായിക്കുക.
അതിഥിപ്രിയം കാണിക്കുക
6. അതിഥിപ്രിയം കാണിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
6 അതിഥിപ്രിയം കാണിക്കുന്നതിൽ ദൈവത്തിന്റെ സഹപ്രവർത്തകർ പേരുകേട്ടവരാണ്. ഗ്രീക്കു തിരുവെഴുത്തുകളിൽ “ആതിഥ്യം” എന്നു പരിഭാഷ ചെയ്തിരിക്കുന്ന വാക്കിന്റെ അർഥം “അപരിചിതരോടു ദയ” എന്നാണ്. (എബ്രാ. 13:2, അടിക്കുറിപ്പ്) അങ്ങനെയുള്ള സ്നേഹം കാണിക്കാൻ നമ്മളെ പഠിപ്പിക്കുന്ന പല ഉദാഹരണങ്ങളും ബൈബിളിലുണ്ട്. (ഉൽപ. 18:1-5) ‘വിശ്വാസത്താൽ നമ്മുടെ ബന്ധുക്കളായവരാണെങ്കിലും’ അല്ലെങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള അവസരങ്ങൾ കണ്ടെത്തി നമ്മൾ ഉപയോഗിക്കണം.—ഗലാ. 6:10.
7. താമസസൗകര്യം ആവശ്യമുള്ള മുഴുസമയസേവകരോട് അതിഥിപ്രിയം കാണിക്കേണ്ടത് എന്തുകൊണ്ടാണെന്നാണു നിങ്ങൾക്കു തോന്നുന്നത്?
7 താമസസൗകര്യം ആവശ്യമുള്ള മുഴുസമയസേവനത്തിലായിരിക്കുന്ന സഹോദരങ്ങളോട് അതിഥിപ്രിയം കാണിച്ചുകൊണ്ട് നിങ്ങൾക്കു ദൈവത്തോടൊപ്പം പ്രവർത്തിക്കാനാകുമോ? (3 യോഹന്നാൻ 5, 8 വായിക്കുക.) അത്തരം സന്ദർഭങ്ങൾ ‘പരസ്പരം പ്രോത്സാഹനം’ നൽകാനുള്ള അവസരങ്ങളാണ്. (റോമ. 1:11, 12) ഓലാഫ് എന്ന സഹോദരനു പതിറ്റാണ്ടുകൾക്കു മുമ്പുണ്ടായ ഒരു അനുഭവം നോക്കുക. ഓലാഫ് കുട്ടിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സഭ സന്ദർശിക്കാൻ ഏകാകിയായ ഒരു സർക്കിട്ട് മേൽവിചാരകൻ വന്നു. അദ്ദേഹത്തിനു താമസസൗകര്യം കൊടുക്കാൻ ആരും മുന്നോട്ടുവന്നില്ല. സർക്കിട്ട് മേൽവിചാരകനെ വീട്ടിൽ താമസിപ്പിച്ചോട്ടേ എന്ന് ഓലാഫ് സഹോദരൻ സാക്ഷികളല്ലാത്ത തന്റെ മാതാപിതാക്കളോടു ചോദിച്ചു. അവർ സമ്മതിച്ചു, ഓലാഫ് സോഫയിൽ കിടക്കേണ്ടിവരുമെന്നു പറഞ്ഞു. അൽപ്പം ബുദ്ധിമുട്ടു സഹിക്കേണ്ടിവന്നെങ്കിലും അങ്ങനെ ചെയ്തതുകൊണ്ട് വളരെ പ്രയോജനമുണ്ടായി. ഓലാഫ് പറയുന്നു: “ആ ആഴ്ച ഞാൻ ഒരിക്കലും മറക്കില്ല. സർക്കിട്ട് മേൽവിചാരകനും ഞാനും എന്നും അതിരാവിലെ എഴുന്നേൽക്കും. രസകരമായ പല വിഷയങ്ങളും ചർച്ച ചെയ്തുകൊണ്ടാണു ഞങ്ങൾ പ്രഭാതഭക്ഷണം കഴിച്ചിരുന്നത്. മുഴുസമയസേവനം ഏറ്റെടുക്കാനുള്ള ആഗ്രഹം അത് എന്നിൽ ജ്വലിപ്പിച്ചു.” 40 വർഷത്തിലധികമായി ഓലാഫ് പല സ്ഥലങ്ങളിൽ മിഷനറിയായി സേവിക്കുന്നു.
8. നമ്മൾ ദയ കാണിക്കുന്നത് ആളുകൾ ആദ്യമൊന്നും വിലമതിച്ചില്ലെങ്കിലും തുടർന്നും ദയ കാണിക്കാൻ എന്തൊക്കെ കാരണങ്ങളുണ്ട്? ഉദാഹരണം പറയുക.
8 അപരിചിതരോടു പല വിധങ്ങളിൽ സ്നേഹം കാണിക്കാനാകും. ആദ്യമൊക്കെ നിങ്ങളുടെ ശ്രമങ്ങൾ അവർ കാര്യമായി എടുത്തെന്നു വരില്ല. ഒരു അനുഭവം നോക്കാം. ഒരിക്കൽ സ്പെയിനിലെ ഒരു പ്രചാരക ഇക്വഡോറിൽനിന്നുള്ള യെസിക എന്ന ഒരു സ്ത്രീയുമായി ബൈബിൾപഠനം നടത്തുകയായിരുന്നു. പഠനത്തിനിടെ യെസിക നിറുത്താതെ കരയാൻ തുടങ്ങി. പ്രചാരക കാര്യം തിരക്കി. സ്പെയിനിലേക്കു കുടിയേറുന്നതിനു മുമ്പുള്ള ഒരു സംഭവം യെസിക അപ്പോൾ പറഞ്ഞു. ഇക്വഡോറിൽ തീർത്തും ദാരിദ്ര്യത്തിലാണു യെസിക കഴിഞ്ഞിരുന്നത്. ഒരു ദിവസം യെസികയുടെ വീട്ടിൽ അൽപ്പംപോലും ഭക്ഷണമില്ലായിരുന്നു. മകൾക്കു കൊടുക്കാൻ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ സമാധാനിപ്പിച്ച് ഉറക്കാൻ ശ്രമിക്കുമ്പോൾത്തന്നെ സഹായത്തിനുവേണ്ടി യെസിക പ്രാർഥിക്കുകയും ചെയ്തു. അധികം വൈകാതെ രണ്ടു സാക്ഷികൾ വീട്ടിൽ വന്നു. പക്ഷേ യെസിക ഒരു മര്യാദയുമില്ലാതെയാണ് അവരോട് ഇടപെട്ടത്. അവർ കൊടുത്ത മാസിക കീറിക്കളഞ്ഞു. എന്നിട്ട് ചോദിച്ചു: “ഇതു കൊടുത്താൽ എന്റെ മോളുടെ വിശപ്പു മാറുമോ?” സഹോദരിമാർ യെസികയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അവർ ഒരു കുട്ട നിറയെ ഭക്ഷണം യെസികയുടെ വീട്ടുവാതിൽക്കൽ കൊണ്ടുവെച്ചു. അവരുടെ ദയ യെസികയുടെ ഹൃദയത്തെ സ്പർശിച്ചു. ആ സംഭവം ഓർത്താണു യെസിക ഇപ്പോൾ കരഞ്ഞത്. ദൈവം തന്റെ പ്രാർഥനയ്ക്ക് ഉത്തരം തന്നപ്പോൾ അതു താൻ ശ്രദ്ധിച്ചില്ലല്ലോ എന്ന് ഓർത്ത് യെസികയ്ക്കു വിഷമം തോന്നി. എന്നാൽ ഇപ്പോൾ യെസിക യഹോവയെ സേവിക്കാൻ ഉറച്ച തീരുമാനമെടുത്തു. ആ സഹോദരിമാർ ഔദാര്യം കാണിച്ചതുകൊണ്ട് എന്തു നല്ല ഫലമാണുണ്ടായത്! —സഭാ. 11:1, 6.
ദിവ്യാധിപത്യ പ്രോജക്ടുകളിൽ സന്നദ്ധസേവകരായി പ്രവർത്തിക്കുക
9, 10. (എ) ബൈബിൾക്കാലങ്ങളിൽ ദൈവജനത്തിനിടയിൽ സന്നദ്ധസേവകരുടെ ആവശ്യമുണ്ടായിരുന്ന ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്? (ബി) ഇന്നു മനസ്സൊരുക്കമുള്ള സഹോദരന്മാർ സഭയുടെ ഏതൊക്കെ ആവശ്യങ്ങളാണു കൈകാര്യം ചെയ്യുന്നത്?
9 പുരാതന ഇസ്രായേലിന്റെ ചരിത്രം നോക്കിയാൽ, വ്യത്യസ്ത അവസരങ്ങളിൽ സന്നദ്ധസേവകരുടെ ആവശ്യമുണ്ടായിട്ടുണ്ട്. (പുറ. 36:2; 1 ദിന. 29:5; നെഹ. 11:2) ഇന്നും, നിങ്ങളുടെ സമയവും കഴിവുകളും പണവും മറ്റു വസ്തുക്കളും സ്വമനസ്സാലെ വിട്ടുകൊടുത്തുകൊണ്ട് സഹോദരങ്ങളെ സഹായിക്കാനുള്ള അവസരങ്ങളുണ്ട്. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്കു വലിയ സന്തോഷവും അനുഗ്രഹങ്ങളും ലഭിക്കും.
10 ശുശ്രൂഷാദാസന്മാരും മൂപ്പന്മാരും എന്ന നിയമനങ്ങളിൽ എത്തിപ്പിടിച്ചുകൊണ്ട് യഹോവയോടൊത്ത് പ്രവർത്തിക്കാൻ സഹോദരന്മാരെ ദൈവവചനം പ്രോത്സാഹിപ്പിക്കുന്നു. (1 തിമൊ. 3:1, 8, 9; 1 പത്രോ. 5:2, 3) അങ്ങനെ ചെയ്യുന്നവർ മറ്റുള്ളവരെ പ്രായോഗികമായും ആത്മീയമായും സഹായിക്കാൻ ആഗ്രഹിക്കും. (പ്രവൃ. 6:1-4) ഒരു സേവകനായി പ്രവർത്തിക്കാനോ പ്രസിദ്ധീകരണങ്ങൾ, സഭാപ്രദേശം, രാജ്യഹാളിന്റെ അറ്റകുറ്റപ്പണികൾ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സഹായിക്കാനോ നിങ്ങൾക്കു കഴിയുമോ എന്നു മൂപ്പന്മാർ ചോദിച്ചിട്ടുണ്ടോ? ഈ വിധങ്ങളിൽ മറ്റുള്ളവരെ സഹായിക്കുന്നത് അങ്ങേയറ്റം സന്തോഷം തരുമെന്നാണ് ഇത്തരം ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന സഹോദരങ്ങൾ പറയുന്നത്.
ദിവ്യാധിപത്യ പ്രോജക്ടുകളിൽ സ്വമനസ്സാലെ പങ്കെടുക്കുമ്പോൾ പുതിയ കൂട്ടുകാരെ കിട്ടാനുള്ള ധാരാളം അവസരങ്ങൾ ലഭിക്കും (11-ാം ഖണ്ഡിക കാണുക)
11. ദിവ്യാധിപത്യ പ്രോജക്ടുകളിൽ ഏർപ്പെട്ടപ്പോൾ കിട്ടിയ കൂട്ടുകാർ ഒരു സഹോദരിയെ എങ്ങനെയാണു സഹായിച്ചത്?
11 ദിവ്യാധിപത്യ പ്രോജക്ടുകളിൽ പങ്കെടുക്കുന്നവർക്കു പുതിയപുതിയ കൂട്ടുകാരെ കണ്ടെത്താൻ കഴിയും. 18 വർഷമായി രാജ്യഹാൾ നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന മാർജി എന്ന സഹോദരിയുടെ അനുഭവം നോക്കുക. ഈ കാലയളവിൽ മാർജി സഹോദരി ചെറുപ്പക്കാരായ പല സഹോദരിമാരെയും സ്നേഹത്തോടെ പരിശീലിപ്പിച്ചു. ഇങ്ങനെയുള്ള പ്രോജക്ടുകൾ പരസ്പരം ആത്മീയമായി പ്രോത്സാഹിപ്പിക്കാനുള്ള നല്ല അവസരങ്ങളാണെന്നു സഹോദരി മനസ്സിലാക്കി. (റോമ. 1:12) നിർമാണപ്രോജക്ടുകളിൽ കിട്ടിയ സുഹൃത്തുക്കൾ ജീവിതത്തിന്റെ ബുദ്ധിമുട്ടേറിയ സമയങ്ങളിൽ മാർജി സഹോദരിക്കു പ്രോത്സാഹനത്തിന്റെ ഒരു ഉറവാണ്. നിങ്ങൾ എപ്പോഴെങ്കിലും അങ്ങനെയുള്ള നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ? എന്തെങ്കിലും പ്രത്യേക വൈദഗ്ധ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കു മുന്നോട്ടുവരാനാകുമോ?
12. ദുരന്തങ്ങളുണ്ടാകുമ്പോൾ നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരെ സഹായിക്കാം?
12 ദുരന്തങ്ങൾ ആഞ്ഞടിക്കുന്ന സമയത്ത് സഹോദരങ്ങളെ പ്രായോഗികമായ വിധങ്ങളിൽ സഹായിച്ചുകൊണ്ട് ദൈവത്തോടൊപ്പം പ്രവർത്തിക്കാനുള്ള അവസരങ്ങൾ ദൈവജനത്തിനുണ്ട്. ഉദാഹരണത്തിന്, അവർ ദുരന്തത്തിന്റെ കെടുതികൾ അനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുന്നു. (യോഹ. 13:34, 35; പ്രവൃ. 11:27-30) ശുചീകരണജോലികളിലും പുനർനിർമാണപ്രവർത്തനങ്ങളിലും സഹായിക്കുന്നതാണു മറ്റൊരു വിധം. ഒരു പ്രളയമുണ്ടായപ്പോൾ ഗബ്രിയേല എന്ന പോളണ്ടുകാരിയായ സഹോദരിയുടെ വീട് ഏതാണ്ട് പൂർണമായി നശിച്ചു. അയൽസഭകളിൽനിന്നുള്ള സഹോദരങ്ങൾ സഹായിക്കാൻ എത്തിയപ്പോൾ സഹോദരിയുടെ മനസ്സു നിറഞ്ഞു. സഹോദരി പറയുന്നു: “എനിക്കു നഷ്ടപ്പെട്ടതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതെല്ലാം വെറും ഭൗതികവസ്തുക്കളാണ്. കിട്ടിയതിനെക്കുറിച്ച് സംസാരിക്കാനാണ് എനിക്ക് ഇഷ്ടം. ക്രിസ്തീയസഭയുടെ ഭാഗമായിരിക്കുന്നത് ഒരു അതുല്യപദവിയാണെന്നും അതു സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉറവാണെന്നും ഈ അനുഭവം എനിക്കു കൂടുതൽ ഉറപ്പു തന്നു.” ദുരന്തങ്ങളിൽ സഹായം ലഭിച്ച മിക്കവർക്കും ഇങ്ങനെതന്നെയാണു തോന്നുന്നത്. അത്തരം സഹായം കൊടുത്തുകൊണ്ട് യഹോവയോടൊപ്പം പ്രവർത്തിക്കുന്നവരും വലിയ സംതൃപ്തി ആസ്വദിക്കുന്നു.—പ്രവൃത്തികൾ 20:35; 2 കൊരിന്ത്യർ 9:6, 7 വായിക്കുക.
13. സന്നദ്ധസേവനം ചെയ്യുന്നത് യഹോവയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് എങ്ങനെ? ഒരു ഉദാഹരണം പറയുക.
13 ഐക്യനാടുകളിൽ അഭയാർഥികളായി എത്തിയ സാക്ഷികളെ സഹായിച്ചുകൊണ്ട് സ്റ്റെഫാനിയും മറ്റു പ്രചാരകരും ദൈവത്തോടൊപ്പം പ്രവർത്തിക്കുന്നതിന്റെ സന്തോഷം ആസ്വദിച്ചു. യുദ്ധബാധിതപ്രദേശങ്ങളിൽനിന്ന് എത്തിയ കുടുംബങ്ങൾക്കുവേണ്ടി വീടുകൾ കണ്ടെത്താനും അവ സജ്ജീകരിക്കാനും അവർ സഹായിച്ചു. സ്റ്റെഫാനി പറയുന്നു: “ലോകവ്യാപക സഹോദരസമൂഹത്തിന്റെ സ്നേഹം അനുഭവിച്ചപ്പോൾ അവരുടെ നന്ദിയും സന്തോഷവും ഒന്നു കാണേണ്ടതായിരുന്നു. അതു ഞങ്ങളുടെ ഹൃദയത്തെ ശരിക്കും സ്പർശിച്ചു. ഞങ്ങൾ അവരെ സഹായിച്ചെന്നാണ് അവർ പറയുന്നത്. എന്നാൽ വാസ്തവം പറയട്ടെ, ഞങ്ങൾക്കാണു കൂടുതൽ സഹായം കിട്ടിയത്. സ്നേഹം, ഐക്യം, വിശ്വാസം, യഹോവയിലുള്ള ആശ്രയം ഒക്കെ കാണാനിടയായ ഞങ്ങൾക്ക് യഹോവയോടുള്ള സ്നേഹം ശക്തിപ്പെട്ടു. യഹോവയുടെ സംഘടനയിലൂടെ ലഭിക്കുന്ന എല്ലാത്തിനോടും ആഴമായ വിലമതിപ്പുള്ളവരായിരിക്കാനും ഈ അനുഭവം ഞങ്ങളെ സഹായിച്ചു.”
നിങ്ങളുടെ സേവനം വികസിപ്പിക്കുക
14, 15. (എ) യശയ്യ പ്രവാചകൻ എങ്ങനെയുള്ള മനോഭാവമാണു പ്രകടിപ്പിച്ചത്? (ബി) ഇന്നത്തെ രാജ്യപ്രചാരകർക്ക് യശയ്യ പ്രവാചകന്റെ മനോഭാവം എങ്ങനെ അനുകരിക്കാം?
14 യഹോവയോടൊപ്പം ഇപ്പോഴത്തേതിനെക്കാൾ കൂടുതൽ പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? സംഘടനയുടെ ആവശ്യങ്ങൾക്കനുസരിച്ച് മറ്റൊരു സ്ഥലത്തേക്കു മാറിത്താമസിക്കാൻ നിങ്ങൾ സന്നദ്ധനാണോ? ഉദാരമനസ്കത പ്രകടമാക്കുന്നതിനു ദൈവത്തിന്റെ ദാസന്മാർ വീട്ടിൽനിന്നും അകലേക്കു മാറണമെന്നില്ല എന്നതു ശരിയാണ്. എങ്കിലും അനുകൂലമായ സാഹചര്യങ്ങളുള്ള ചില സഹോദരങ്ങൾ ദൂരെയുള്ള സ്ഥലങ്ങളിലേക്കു മാറിത്താമസിച്ചിരിക്കുന്നു. യശയ്യ പ്രവാചകന്റെ അതേ മനോഭാവമാണ് അവർ കാണിച്ചിരിക്കുന്നത്. “ഞാൻ ആരെ അയയ്ക്കണം? ആരു ഞങ്ങൾക്കുവേണ്ടി പോകും” എന്ന യഹോവയുടെ ചോദ്യത്തിനു മറുപടിയായി യശയ്യ പറഞ്ഞു: “ഇതാ ഞാൻ, എന്നെ അയച്ചാലും!” (യശ. 6:8) സംഘടനയുടെ ആവശ്യങ്ങളോട് ഇതേ രീതിയിൽ പ്രതികരിക്കാനുള്ള ആഗ്രഹം നിങ്ങൾക്കുണ്ടോ, അതിനു സാഹചര്യങ്ങൾ നിങ്ങളെ അനുവദിക്കുന്നുണ്ടോ? നിലവിൽ എന്തൊക്കെ ആവശ്യങ്ങളാണുള്ളത്?
15 പ്രസംഗ-ശിഷ്യരാക്കൽ വേലയെക്കുറിച്ച് യേശു പറഞ്ഞു: “വിളവ് ധാരാളമുണ്ട്; പക്ഷേ പണിക്കാർ കുറവാണ്. അതുകൊണ്ട് വിളവെടുപ്പിനു പണിക്കാരെ അയയ്ക്കാൻ വിളവെടുപ്പിന്റെ അധികാരിയോടു യാചിക്കുക.” (മത്താ. 9:37, 38) പ്രചാരകരുടെ ആവശ്യം അധികമുള്ള ഒരു സ്ഥലത്ത്, ഒരുപക്ഷേ മുൻനിരസേവകനായി, പ്രവർത്തിക്കാൻ നിങ്ങൾക്കു കഴിയുമോ? അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ മറ്റൊരാളെ സഹായിക്കാൻ കഴിയുമോ? ദൈവത്തോടും അയൽക്കാരോടും സ്നേഹം കാണിക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗം കൊയ്ത്തുകാരുടെ ആവശ്യം അധികമുള്ളിടത്ത് മുൻനിരസേവനം ചെയ്യുന്നതാണെന്ന് അനേകം സഹോദരീസഹോദരന്മാർ കണ്ടെത്തിയിരിക്കുന്നു. നിങ്ങളുടെ സേവനം വികസിപ്പിക്കാൻ കഴിയുന്ന മറ്റു മാർഗങ്ങളെക്കുറിച്ച് നിങ്ങൾക്കു ചിന്തിക്കാൻ കഴിയുമോ? അങ്ങനെ ചെയ്യുന്നതു വലിയ സന്തോഷം കൈവരുത്തും.
16, 17. യഹോവയുടെ സേവനത്തിൽ കൂടുതലായി ചെയ്യാൻ നിങ്ങൾക്ക് മറ്റ് എന്തെല്ലാം അവസരങ്ങളുണ്ട്?
16 കുറച്ച് മാസത്തേക്ക് ബഥേലിലോ നിർമാണപ്രവർത്തനങ്ങളിലോ സേവിക്കാൻ നിങ്ങൾ സന്നദ്ധനാണോ? അല്ലെങ്കിൽ വീട്ടിൽനിന്ന് പോയിവന്ന് സേവിക്കാനാകുമോ? ഏതു സ്ഥലത്തും ഏതു നിയമനവും ഏറ്റെടുക്കാൻ മനസ്സുള്ള വ്യക്തികളെ സംഘടനയിൽ എപ്പോഴും ആവശ്യമുണ്ട്. അതുകൊണ്ട് ചില പ്രത്യേകമേഖലകളിൽ കഴിവുകളുണ്ടെങ്കിലും ആവശ്യം കൂടുതലുള്ള മറ്റൊരു മേഖലയിൽ നിങ്ങൾക്കു നിയമനം ലഭിച്ചേക്കാം. ആവശ്യം അധികമുള്ള മേഖലയിൽ സേവിക്കാൻ തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്ന വ്യക്തികളുടെ ആത്മത്യാഗമനോഭാവത്തെ യഹോവ വിലമതിക്കുന്നു.—സങ്കീ. 110:3.
17 യഹോവയെ തികവോടെ സേവിക്കുന്നതിനു കൂടുതൽ പരിശീലനം കിട്ടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുക്കാൻ അപേക്ഷിക്കാവുന്നതാണ്. ഈ സ്കൂളിലൂടെ, മുഴുസമയസേവനത്തിലുള്ള ആത്മീയമനസ്കരായ സഹോദരങ്ങൾക്കു കൂടുതൽ പരിശീലനം കിട്ടുന്നു. സേവനം വികസിപ്പിക്കാൻ അത് അവരെ സഹായിക്കും. ഈ സ്കൂളിൽ ചേരാൻ അപേക്ഷിക്കുന്നവർ കോഴ്സ് പൂർത്തിയാക്കിയശേഷം ലഭിക്കുന്ന ഏതു നിയമനവും സ്വീകരിക്കാൻ മനസ്സുള്ളവരായിരിക്കണം. ഈ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ട് കൂടുതൽ സേവനപദവികൾ എത്തിപ്പിടിക്കാൻ നിങ്ങൾ തയ്യാറാണോ?—1 കൊരി. 9:23.
18. ഓരോ ദിവസവും യഹോവയോടൊപ്പം പ്രവർത്തിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തായിരിക്കും?
18 ഉദാരത കാണിക്കാൻ മനസ്സുള്ളവരാണ് യഹോവയുടെ ജനം. അതു നന്മയുടെയും ദയയുടെയും സ്നേഹത്തിന്റെയും തെളിവാണ്. അതുപോലെ എപ്പോഴും മറ്റുള്ളവരെ സഹായിക്കാനും അവർ ഒരുക്കമാണ്. അങ്ങനെ ചെയ്യുമ്പോൾ ആഹ്ലാദവും സമാധാനവും സന്തോഷവും നമ്മുടെ ഉള്ളിൽ തിരതല്ലും. (ഗലാ. 5:22, 23) നിങ്ങളുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും, യഹോവയുടെ ഉദാരത അനുകരിക്കുക, യഹോവയുടെ വിലയേറിയ ഒരു സഹപ്രവർത്തകനായി തുടരുക, അങ്ങനെ യഥാർഥസന്തോഷം ആസ്വദിക്കുക!—സുഭാ. 3:9, 10.