ഒരു കുടുംബമെന്ന നിലയിൽ നിങ്ങൾ ആത്മീയലക്ഷ്യങ്ങൾ നേടാൻ പ്രവർത്തിക്കുന്നുവോ?
1 ഒരു സമർപ്പിതജനമെന്ന നിലയിൽ യഹോവയെ വിശ്വസ്തമായി സേവിക്കുകയെന്ന ലക്ഷ്യം നമുക്കുണ്ട്. നാം നിത്യജീവന്റെ ദാനം സ്വീകരിക്കാൻ ആകാംക്ഷാപൂർവം നോക്കിപ്പാർത്തിരിക്കുകയും ചെയ്യുന്നു. തീർച്ചയായും, നാം നമ്മുടെ മാത്രം വിശ്വസ്തതയിലും രക്ഷയിലുമല്ല തത്പരരായിരിക്കുന്നത്. ഈ ലക്ഷ്യങ്ങളിലെത്താൻ മററുളളവരെ സഹായിക്കാൻ നാമാഗ്രഹിക്കുന്നു. വിശേഷിച്ച് നമ്മുടെ സ്വന്തം കുടുംബത്തെ സഹായിക്കാൻ നാം ആഗ്രഹിക്കുന്നു.—യോഹ. 1:40, 41; 1 തിമൊ. 5:8.
2 ഒരു പർവതത്തിൽ പടിപടിയായി കയറുന്നതുപോലെ നമുക്ക് നമ്മുടെ ക്രിസ്തീയഗതിയിലും പടിപടിയായി പുരോഗമിക്കാൻ കഴിയും. ഈ ലക്ഷ്യത്തിൽ നാം നമുക്കുവേണ്ടി ആത്മീയലക്ഷ്യങ്ങൾ വെക്കുന്നു. ഇത് വ്യക്തികളിൽ പരിമിതപ്പെട്ടിരിക്കുന്നില്ല. യോഗങ്ങളോടും വയൽസേവനത്തോടും കുടുംബാദ്ധ്യയനത്തോടുമുളള ബന്ധത്തിൽ കുടുംബങ്ങൾക്കും ലക്ഷ്യങ്ങൾ ഉണ്ടായിരിക്കാൻ കഴിയും. അഭിവൃദ്ധികൾ വരുത്തേണ്ടതുണ്ടോ? മുഴുസമയസേവനമെന്ന ലക്ഷ്യത്തിലെത്താൻ കുടുംബത്തിലെ ചില അംഗങ്ങളെ സഹായിക്കാൻ കഴിയുമോ? നിർണ്ണയിക്കപ്പെടുന്ന ലക്ഷ്യങ്ങൾ പ്രാപിക്കാൻ ഒരു കുടുംബചർച്ചക്ക് സഹായിക്കാൻ കഴിയും. ഇവയിലെത്തിക്കഴിയുമ്പോൾ മററു ദിവ്യാധിപത്യലാക്കുകൾ വെക്കാൻ കഴിയും. അങ്ങനെ, പടിപടിയായി ആത്മീയ പുരോഗതി നേടാൻ കഴിയും.
യോഗങ്ങൾ
3 ചില കുടുംബങ്ങൾ യോഗങ്ങൾക്ക് സമയത്ത് എത്താനുളള ലക്ഷ്യം വെക്കേണ്ടതുണ്ടായിരിക്കാം. ഇത് വലിയ കുടുംബങ്ങൾക്കും പ്രയാസമുളള ജോലിപ്പട്ടികകളുളളവർക്കും അല്ലെങ്കിൽ ഗതാഗതപ്രശ്നമുളളടത്ത് ഒരു യഥാർത്ഥ വെല്ലുവിളിയായിരിക്കാൻ കഴിയും. സഹകരണവും നല്ല സംഘാടനവും ആവശ്യമാണ്.
4 കുടുംബം പരിചിന്തിക്കേണ്ട മറെറാരു പ്രായോഗിക ലക്ഷ്യം യോഗങ്ങൾക്ക് ഉത്തരംപറയുന്നതിലാണ്. കുടുംബത്തിലെ ചില അംഗങ്ങൾ ഒരു ഹ്രസ്വമായ ഉത്തരം വായിക്കാൻ ആഗ്രഹിച്ചേക്കാം. എന്നിരുന്നാലും, ഒരുവന്റെ സ്വന്തം വാക്കുകളിൽ ചുരുങ്ങിയ സവിശേഷമായ ഉത്തരങ്ങൾ പറയുന്നത് ആത്മീയ പുരോഗതിയെ സൂചിപ്പിക്കുന്നു, അത് പ്രതിഫലദായകമായിരിക്കാനും കഴിയും. തങ്ങളുടെ അഭിപ്രായങ്ങൾ തയ്യാറാകുന്നതിൽ കുടുംബാംഗങ്ങൾക്ക് അന്യോന്യം സഹായിക്കാൻ കഴിയും. ദിവ്യാധിപത്യശുശ്രൂഷാസ്കൂളിൽ പുരോഗതിപ്രാപിക്കാനും അവർക്ക് അന്യോന്യം സഹായിക്കാൻ കഴിയും. ഇതിൽ പ്രായം കുറഞ്ഞ കുടുംബാംഗങ്ങളെ ശ്രദ്ധിക്കുന്നതും അവരുടെ നിയമനങ്ങൾ റിഹേഴ്സ്ചെയ്യുന്നതും ഒരു ബാഹ്യരേഖ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് അവരെ കാണിച്ചുകൊടുക്കുന്നതും അവരുടെ വാക്കുകളുടെ ഉച്ചാരണങ്ങളെ തിരുത്തുന്നതും മററും ഉൾപ്പെടുന്നു. ഒരു നല്ല ഉപദേഷ്ടാവോ ഒരു വിശിഷ്ട പരസ്യവായനക്കാരനോ ആയിത്തീരുകയെന്ന ലക്ഷ്യം ഉത്സാഹപൂർവമായ ശ്രമം ചെയ്യത്തക്ക മൂല്യമുളളതാണ്.—1 തിമൊ. 4:13.
വയൽസേവനം
5 ചില കുടുംബങ്ങൾ വയൽസേവനത്തിൽ ക്രമം നേടേണ്ടയാവശ്യമുണ്ട്. നിങ്ങളുടെ മുഴുകുടുംബവും ഓരോ മാസവും വയൽസേവനത്തിലേർപ്പെടുന്നുണ്ടോ? നിലവിലുളള സംഭാഷണവിഷയമോ ഒരു പുതിയ മാസികാവതരണമോ പഠിക്കാൻ കുടുംബാംഗങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യം സംബന്ധിച്ചെന്ത്? ഒരു ഭവന ബൈബിളദ്ധ്യയനം തുടങ്ങുകയെന്ന ലക്ഷ്യവുമുണ്ട്. അല്ലെങ്കിൽ ഇപ്പോൾത്തന്നെ സ്ഥാപിച്ചുകഴിഞ്ഞ ഒരു അദ്ധ്യയനം നടത്തുന്നതിലെ വർദ്ധിച്ച ക്രമമായിരിക്കാം ലക്ഷ്യം.
കുടുംബാദ്ധ്യയനം
6 ചില കുടുംബങ്ങൾക്ക് ഒരു കുടുംബാദ്ധ്യയനത്തിന്റെ പട്ടികയോട് വിശ്വസ്തമായി പററിനിൽക്കുന്നത് ഒരു യഥാർത്ഥ വെല്ലുവിളിയായിരിക്കാം. ചിലപ്പോൾ അദ്ധ്യയനപട്ടിക പുനഃക്രമീകരിക്കേണ്ടതാവശ്യമായിരിക്കാം. എന്നാൽ ഇത് ആവശ്യമുണ്ടെങ്കിൽ മതി. മറെറാരു വിശിഷ്ട ലക്ഷ്യം പ്രതിവാര ബൈബിൾനിയമനഭാഗം ക്രമമായി വായിക്കുകയെന്നതാണ്, ഒരുപക്ഷേ അത് കുടുംബാദ്ധ്യയനത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുപോലും. മിക്കയാളുകളും വാരത്തിലേക്ക് നിയമിതമായിരിക്കുന്ന വിവരങ്ങളുടെ യഥാർത്ഥവായനക്ക് 20 മുതൽ 25 വരെ മിനിററുമാത്രമേ എടുക്കുകയുളളു. അതിന് ഒരുവന്റെ തിരുവെഴുത്തുപരിജ്ഞാനം വർദ്ധിപ്പിക്കാൻ കഴിയും, അത് പ്രതിവാര ബൈബിൾവിശേഷാശയങ്ങളുടെ പുനരവലോകനം കൂടുതൽ രസാവഹമാക്കിത്തീർക്കുന്നു.
7 വ്യക്തികൾക്കും കുടുംബങ്ങൾക്കും വെക്കാൻകഴിയുന്ന മററനേകം ലക്ഷ്യങ്ങളുണ്ട്. ദൃഷ്ടാന്തത്തിന്, പെട്ടെന്നുതന്നെയുളള സഹായപയനിയർസേവനത്തിനായുളള കുടുംബശ്രമം സംബന്ധിച്ചെന്ത്? കൂടുതലായി, നല്ല ക്രമീകരണത്താലും സഹകരണത്താലും കുടുംബത്തിന് അതിന്റെ അംഗങ്ങളിലൊരാളെയെങ്കിലും ഒരു നിരന്തരപയനിയർ എന്ന നിലയിൽ നിയോഗിക്കാൻ കഴിയുമോ? ഒരു ശുശ്രൂഷാദാസനോ മൂപ്പനോ ആകുകയെന്ന ലക്ഷ്യവുമുണ്ട്. ചെറുപ്പക്കാരായ സഹോദരൻമാർക്ക് ബെഥേൽസേവനം ഒരു ലക്ഷ്യമാക്കാൻ കഴിഞ്ഞേക്കും. ഈ ലക്ഷ്യങ്ങൾ നേടാവുന്നതാണ്, എന്നാൽ അവക്ക് ഉത്സാഹവും കഠിനവേലയും ആവശ്യമാണ്. നാം നമ്മുടെ വ്യക്തിപരവും കുടുംബപരവുമായ ലക്ഷ്യങ്ങളിലെത്താൻ കഠിനശ്രമം ചെയ്യുമ്പോൾ യഹോവക്കായുളള നമ്മുടെ സേവനത്തിന്റെ ഗുണം മെച്ചപ്പെടും, എല്ലാം അവന്റെ ബഹുമാനത്തിനും മഹത്വത്തിനുംവേണ്ടിത്തന്നെ.—സങ്കീ. 96:7, 8.