രാജ്യതാൽപര്യം ഒന്നാമതു വെക്കുക
1 ഒന്നാമതു രാജ്യം അന്വേഷിക്കുക എന്ന യേശുവിന്റെ ബുദ്ധിയുപദേശം ബാധകമാക്കുന്നവർ തങ്ങളുടെ ജീവിതത്തിൽ മുൻഗണനകൾ വെക്കണമെന്ന് കണ്ടെത്തുന്നു. (മത്താ. 6:33) യേശുവിന്റെ ബുദ്ധിയുപദേശത്തിന്റെ പിൻപററൽ തങ്ങൾക്ക് പ്രതിബന്ധങ്ങളെ തരണം ചെയ്യുക സാദ്ധ്യമാക്കിത്തീർക്കുന്നുവെന്നും അവർ കണ്ടെത്തുന്നു. അവിശ്വാസികളായ കുടുംബാംഗങ്ങളോടുകൂടിയ അനേകം സഹോദരൻമാരും സഹോദരിമാരും അഭിനന്ദനാർഹമായ വിധത്തിൽ രാജ്യതാൽപര്യം ഒന്നാമതു വെക്കുന്നതിൽ വിശ്വസ്തതയോടെ തുടരുന്നു.
2 യേശു തന്റെ ജീവിതത്തിൽ രാജ്യം ഒന്നാമതു വെച്ചതായി എത്ര ബോധ്യംവരുമാറ് പ്രകടമാക്കി! പീലാത്തോസിന്റെ മുമ്പാകെ വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരുന്നപ്പോൾ അവൻ ഉറച്ചുനിന്നു. (യോഹ. 18:36, 37) ഉവ്വ്, അവൻ ദണ്ഡന സ്തംഭത്തിൽ തൂക്കപ്പെട്ട് മരിച്ചുകൊണ്ടിരുന്നപ്പോൾ പോലും ദുഷ്പ്രവൃത്തിക്കാരനോട്, “നീ എന്നോടുകൂടെ പറുദീസായിൽ ഉണ്ടായിരിക്കും” എന്ന് പറഞ്ഞുകൊണ്ട് അവൻ ദൈവരാജ്യപ്രത്യാശയെ തുടർന്ന് ഊന്നിപ്പറഞ്ഞു.—ലൂക്കോ. 23:43.
ചെലവു കണക്കുകൂട്ടൽ
3 യേശു രാജ്യത്തെ ഇത്ര പ്രധാനമായി വീക്ഷിച്ചതെന്തുകൊണ്ടായിരുന്നു? അവൻ, ദൈവത്തിന്റെ രാജ്യം നീതിയിൽ ഭരണം നടത്തുമെന്നും അവന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ചെയ്യപ്പെടുക സാധ്യമാക്കിത്തീർക്കുമെന്നുമുളള “സത്യത്തിനു സാക്ഷ്യം വഹിക്കാൻ” സ്വർഗ്ഗത്തിൽ നിന്ന് അയക്കപ്പെട്ടിരുന്നു. അപ്പോൾ, ആരംഭത്തിൽ ഉദ്ദേശിച്ചിരുന്നപ്രകാരം ഭൂമിയെ പറുദീസയായി രൂപാന്തരപ്പെടുത്തുന്നതിനുളള യഹോവയുടെ ഇഷ്ടം നിർവഹിക്കുന്നതിൽ പങ്കുകൊളളുന്നത് എത്ര വലിയ സന്തോഷമായിരിക്കും! വിശ്വാസമുളള മനുഷ്യ വർഗ്ഗത്തിന് രാജ്യഭരണത്തിൻ കീഴിൽ എന്തനുഗ്രഹങ്ങളാണ് കരുതിവെക്കപ്പെട്ടിരിക്കുന്നത്!
4 ദൈവരാജ്യത്തിന്റെ ഒരു വക്താവ് എന്ന നിലയിൽ യേശുവിനെ അനുകരിക്കുന്നതിൽ ഒരു “ദണ്ഡനസ്തംഭം” വഹിക്കുന്നതും അതിൽ ഉൾക്കൊണ്ടിരിക്കുന്ന സകലവും ഉൾപ്പെടുന്നു. ‘ചെലവു കണക്കുകൂട്ടുക’ എന്നാൽ അർത്ഥം ഒരു വ്യക്തി ഭൗതിക വസ്തുക്കൾ തന്റെ ദൈവസേവനത്തിനു വിഘാതമായി നിൽക്കുന്നെങ്കിൽ, അവയോടു “വിടപറയാൻ” തയ്യാറാകണം എന്നാണ്. (ലൂക്കോ. 14:27, 28, 33) അതേസമയം തന്നെ, യേശു എല്ലാവരെയും തന്റെ അനുഗാമികളായിരിക്കുന്നതിനും മററുളളവർക്ക് സുവാർത്ത പങ്കുവെക്കുന്നതിനും പ്രോത്സാഹിപ്പിച്ചു. രാജ്യഭരണത്തിൻ കീഴിൽ നിത്യജീവൻ സമ്പാദിക്കുന്നത് ഏതു ചെലവിനും തക്ക മൂല്യമുളളതാണ്.—മത്താ. 13:44-46.
ഉത്ക്കണ്ഠപ്പെടുന്നത് നിർത്തുക
5 പത്തൊൻപതു നൂററാണ്ടുകൾ കഴിഞ്ഞുപോയത് നമ്മുടെ ജീവിതത്തിൽ രാജ്യതാൽപര്യം ഒന്നാമതു വെക്കുന്നതിന്റെ ആവശ്യം കുറച്ചുകളഞ്ഞിട്ടില്ല. യഹോവയെ സേവിക്കുന്നത് യഥാർത്ഥത്തിൽ നമുക്ക് ഏററവും പ്രാധാന്യമർഹിക്കുന്നതാണോ എന്ന് ചോദിക്കുന്നത് നല്ലതാണ്. യേശു ഇപ്രകാരം വിശദീകരിച്ചു: “രണ്ട് യജമാനൻമാർക്കു അടിമവേല ചെയ്യാൻ ആർക്കും കഴിയുകയില്ല . . . നിങ്ങൾക്ക് ദൈവത്തിനു വേണ്ടിയും ധനത്തിനു വേണ്ടിയും അടിമവേല ചെയ്യാൻ കഴിയുകയില്ല. . . . നിങ്ങളുടെ ദേഹികളെ സംബന്ധിച്ച് എന്തു തിന്നുമെന്നൊ എന്തു കുടിക്കുമെന്നൊ അല്ലെങ്കിൽ നിങ്ങളുടെ ശരീരങ്ങളെ സംബന്ധിച്ച് നിങ്ങൾ എന്തു ധരിക്കുമെന്നൊ ഉത്ക്കണ്ഠപ്പെടുന്നതു നിർത്തുക.” (മത്താ. 6:24, 25) നാം നമ്മുടെ ദേഹികളെക്കുറിച്ച് ഉൽക്കണ്ഠയുളളവരാണോ? അല്ലെങ്കിൽ നമുക്ക്, ഈ മറെറല്ലാ കാര്യങ്ങളും കൂട്ടപ്പെടും എന്നതിൽ വിശ്വസിച്ചുകൊണ്ട് യേശുവിന്റെ ബുദ്ധിയുപദേശപ്രകാരം ഒന്നാമതു രാജ്യം അന്വേഷിക്കുന്നതിന് ആവശ്യമായ വിശ്വാസം ഉണ്ടോ?
6 ചില സഹോദരൻമാർ പട്ടികപ്പെടുത്തിയിരിക്കുന്ന ജോലി ദിവ്യാധിപത്യ പ്രവർത്തനങ്ങൾക്കു വിഘാതം സൃഷ്ടിക്കുമെന്നുളളതിനാൽ ഉയർന്ന ശമ്പളമുളള ജോലി ഉപേക്ഷിച്ചിട്ടുണ്ട്. മററു ചിലർക്ക് ബൈബിൾ തത്വങ്ങൾക്ക് എതിരായി വന്നപ്പോൾ ജോലി മാറേറണ്ടതായി വന്നിട്ടുണ്ട്. ചില തൊഴിലുടമകൾ, മനസ്സൊരുക്കമുളളവരും ആശ്രയയോഗ്യരുമായ ജോലിക്കാർ എന്നു തെളിയിച്ച യഹോവയുടെ സാക്ഷികളെ നിലനിർത്തുന്നതിന് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. (കൊലോ. 3:23, 24) തീർച്ചയായും, മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും പയനിയർമാരും ഒന്നാമതു രാജ്യം അന്വേഷിക്കുന്നതിൽ നല്ല മാതൃക വെക്കുമ്പോൾ ഒരു സഭ നന്നായി ശക്തീകരിക്കപ്പെടുന്നു.
ഇപ്പോൾ ആസൂത്രണം ചെയ്യുക
7 യുവാക്കളായ നിങ്ങളിൽ ചിലർ പെട്ടെന്ന് സ്കൂൾ വിടും. നിങ്ങൾ ഒരു ദിവ്യാധിപത്യ ജീവിതവൃത്തിക്ക് ഇപ്പോൾ ആസൂത്രണം ചെയ്യുന്നുണ്ടോ? നിങ്ങൾ പയനിയറിംഗ് ഏറെറടുക്കുന്നതിനു മുമ്പ് കുറച്ചു കാലത്തേക്ക് മുഴു സമയം പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? ഭാവിയിൽ പയനിയർവേലയിൽ പങ്കുണ്ടായിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് അഭിനന്ദനാർഹമാണ്. എന്നിരുന്നാലും രാജ്യം യഥാർത്ഥത്തിൽ നിങ്ങളുടെ ജീവിതത്തിൽ ഒന്നാമതായിരിക്കുകയും നിങ്ങളുടെ സാഹചര്യങ്ങൾ അനുവദിക്കുകയും ചെയ്യുന്നെങ്കിൽ ഒന്നാമത് എന്തുകൊണ്ട് പയനിയറിംഗിനെ വെച്ചുകൂടാ? ലൗകികജോലിക്ക് മുൻഗണന നൽകുന്നെങ്കിൽ നിങ്ങളുടെ ഹൃദയം പയനിയറിംഗിനെ നിരുത്സാഹപ്പെടുത്തുന്ന ഉൽക്കണ്ഠകളാൽ ഭാരപ്പെടാൻ ഇടയായിത്തീരുന്ന ഒരു അപകടമുണ്ട്.—മത്താ. 6:27, 34; ലൂക്കോ. 21:34.
8 ഈ ലോകം അതിനുവേണ്ടി അടിമവേല ചെയ്യാൻ മനസ്സൊരുക്കമുളളവരിൽ നിന്ന് വളരെയധികം ആവശ്യപ്പെടുന്നു. നാം നമ്മുടെ ജീവിതത്തെ ലളിതമാക്കുകയും പ്രാധാന്യമേറിയ കാര്യങ്ങൾ നിശ്ചയപ്പെടുത്തുകയും ചെയ്യുന്നുവെങ്കിൽ ഒന്നാമത് രാജ്യം അന്വേഷിക്കുന്നതിന്റെ അനുഗ്രഹങ്ങൾ അനുഭവിക്കാൻ കഴിയും. ഈ ലോകത്തിന്റെ മോഹങ്ങൾക്ക് വിധേയരാകുന്നതിനു പകരം നമ്മുടെ ആവശ്യങ്ങൾ അറിയുന്നവനും അവ പ്രദാനം ചെയ്യാമെന്നു വാഗ്ദാനം ചെയ്തിരിക്കുന്നവനുമായ യഹോവയിൽ ആശ്രയിക്കുന്നത് എത്രയധികം മെച്ചമാണ്! ഒന്നാമത് രാജ്യതാല്പര്യങ്ങൾ വെക്കുന്നതിനാൽ അനന്തമായ ഭാവി അനുഗ്രഹങ്ങൾ സംബന്ധിച്ച പ്രതീക്ഷയാൽ ശക്തമാക്കപ്പെടുന്ന നമ്മുടെ ജീവിതത്തിന് യഥാർത്ഥ ഉദ്ദേശ്യം ഉണ്ടായിരിക്കും.—മത്തായി 6:32; 1 തിമൊ. 6:17-19.