സുവാർത്ത സമർപ്പിക്കൽ—ധൈര്യപൂർവം വരിസംഖ്യകൾ സമർപ്പിച്ചുകൊണ്ട്
1 വീക്ഷാഗോപുരം ആണ് അവിതർക്കിതമായി ഭൂമുഖത്തെ ഏററവും നല്ല ബൈബിൾ പഠന സഹായി! ഇതു സത്യമാണെന്ന് നിങ്ങൾക്കു ബോധ്യമുണ്ടോ? അങ്ങനെയെങ്കിൽ അതിന്റെ വരിസംഖ്യയെടുക്കാൻ എല്ലാവർക്കും അവസരം കൊടുക്കേണ്ടതല്ലേ?
2 നിങ്ങൾ വ്യക്തിപരമായി വീക്ഷാഗോപുരം വായിച്ചതിൽനിന്ന് എങ്ങനെ പ്രയോജനം അനുഭവിച്ചിരിക്കുന്നു? സാദ്ധ്യതയനുസരിച്ച് മാസിക നമ്മെ സഹായിച്ച വിധം നമുക്ക് ഓരോരുത്തർക്കും വിവരിക്കാൻ കഴിയും. ചിലർ നാം ജീവിക്കുന്ന കാലത്തിന്റെ പ്രത്യേകതകൾ സംബന്ധിച്ച് നമ്മെ ജാഗ്രതയുളളവരായി നിർത്തുന്നതിന് പ്രാഥമികമായ ഉപാധിയായിരുന്നിരിക്കുന്നത് അതാണെന്ന് പറഞ്ഞേക്കാം. അല്ലെങ്കിൽ ഇന്ന് മനുഷ്യവർഗ്ഗത്തെ സംഭ്രമിപ്പിക്കുന്ന “കാലത്തിന്റെ അടയാളങ്ങളു”ടെ യഥാർത്ഥ അർത്ഥം ഗ്രഹിക്കാൻ അത് നമ്മെ സഹായിച്ചിരിക്കുന്നു. (മത്താ. 16:3) മററുളളവർ തങ്ങളുടെ സഹമനുഷ്യരെ ഞെരുക്കുന്നവരെ ദൈവരാജ്യം പെട്ടെന്ന് നശിപ്പിക്കുമെന്നുളള സുവാർത്തയാൽ തങ്ങൾ ആശ്വസിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നു. വീക്ഷാഗോപുരം അതിന്റെ 110 വർഷത്തെ ആരംഭം മുതൽ തന്നെ ഈ ആശയത്തെ പ്രചരിപ്പിച്ചിരിക്കുന്നു. അപൂർണ്ണ മനുഷ്യർക്ക് നിത്യജീവൻ നൽകുന്നതിനുളള മറുവിലയുടെ കരുതലിൽ വിശ്വാസം കെട്ടുപണിചെയ്യാൻ ഈ നിർണ്ണായക ആനുകാലികം നമ്മെ സഹായിച്ചിരിക്കുന്നു എന്ന് നമുക്കെല്ലാം നിസ്സംശയമായി പറയാൻ സാധിക്കും. മററുളളവർ ഈ സത്യം പഠിക്കേണ്ടയാവശ്യമുണ്ട്.
നിങ്ങളുടെ വീക്ഷണത്തിൽ ക്രിയാത്മക ചിന്താഗതിയുളളവരായിരിക്കുക
3 വീക്ഷാഗോപുരത്തിൽ ദൈവത്തിന്റെ ജ്ഞാനമാണ് മനുഷ്യരുടെ ന്യായവാദമല്ല ഊന്നിപ്പറയപ്പെടുന്നത്. (യെശ. 55:8, 9) ഇന്ന് അത്തരം ജ്ഞാനം എന്തിനേക്കാളുമുപരി എല്ലാവർക്കും ആവശ്യമാണ്. അതിന് ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനും ശരിയായ ആന്തരങ്ങൾ വികസിപ്പിക്കാൻ സഹായിക്കുന്നതിനും കഴിയും. “ജീവിക്കുന്നതിന്” ഇത് ആവശ്യമാണ്. (സദൃ. 9:1-6) അപ്രകാരമുളള ബോധ്യത്തോടെ, മററുളളവർക്കാവശ്യമായത് നമുക്കുണ്ട് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നാം ക്രിയാത്മക മനോഭാവത്തോടെ വരിസംഖ്യ സമർപ്പിക്കും. വീട്ടുകാർക്ക് സഹായകരമായേക്കാമെന്ന് നിങ്ങൾ വിശ്വസിക്കുന്ന പ്രസ്താവനകൾ കണ്ടുപിടിക്കുന്നതിന് ഓരോ ലക്കവും ശ്രദ്ധാപൂർവം പരിശോധിക്കുക. അത്തരം മുൻകൂട്ടിയുളള തയ്യാറാകൽ നിങ്ങൾ ശുശ്രൂഷയിൽ ഈ മാസികകൾ അവതരിപ്പിക്കുമ്പോൾ ഒരു ക്രിയാത്മക ആത്മാവ് പ്രതിഫലിപ്പിക്കാൻ നിങ്ങളെ സഹായിക്കും.
4 ചിലർ വരിസംഖ്യകൾ സമർപ്പിക്കുന്നതിൽ നിഷേധാത്മക മനോഭാവം പ്രകടമാക്കാൻ ചായ്വുകാണിച്ചേക്കാം. അവർ വീട്ടുകാരനുമായി സംഭാഷണത്തിൽ ഏർപ്പെടുകയും സംഭാഷണവിഷയം ചർച്ചചെയ്യുകപോലും ചെയ്യുകയും വരിസംഖ്യ സമർപ്പിക്കാതെ രണ്ടു മാസികകളും ഒരു ലഘുപത്രികയും രൂ. 7-ന് സമർപ്പിക്കുകയും ചെയ്തേക്കാം. എന്തുകൊണ്ട്? വിലകൊണ്ടാണോ? ആണെങ്കിൽ അത് പ്രായോഗികമായ ന്യായവാദമല്ല. ലൗകിക പ്രസിദ്ധീകരണങ്ങളുടെ വരിസംഖ്യയോടുപമിക്കുമ്പോൾ വില ഏററവും ചെറുതാണ്, എന്നാൽ വായനക്കാരന് ഇതിൽനിന്ന് ലഭിക്കുന്ന മൂല്യം താരതമ്യപ്പെടുത്തുമ്പോൾ ഇത് വിലമതിക്കാൻ പററാത്തതാണ്. അതുകൊണ്ട് ക്രിയാത്മക മനോഭാവമുളളവരായിരിക്കുകയും വീക്ഷാഗോപുരത്തിന്റെ വരിസംഖ്യ കേവലം രൂ. 20-ന് അല്ലെങ്കിൽ ഉണരുക!യുടേതും ചേർത്ത് കേവലം രൂ. 40-ന് സമർപ്പിക്കുകയും ചെയ്യുക. (അർദ്ധമാസപ്പതിപ്പുകൾക്ക് വരിസംഖ്യ ഇവയുടെ ഇരട്ടി)
5 ഒരു സഹോദരി വരിസംഖ്യകൾ സമർപ്പിക്കാൻ തീരുമാനിച്ചു, അതുകൊണ്ട് അവൾ രണ്ടുമാസക്കാലംകൊണ്ട് മൊത്തം 50 എന്ന ലാക്കു വെച്ചു. അവൾക്ക് ആദ്യമാസം 31 വരിസംഖ്യകൾ ലഭിച്ചു, രണ്ടു മാസംകൊണ്ട് മൊത്തം 50 ലഭിക്കുകയും ചെയ്തു. ചിലർക്ക് പണം ഇല്ലാതിരിക്കയും വരിസംഖ്യക്ക് ആഗ്രഹം ഉണ്ടായിരിക്കയും ചെയ്യുമ്പോൾ അവൾ വീട്ടുകാരന് ഒരുമിച്ചു പണം ഉണ്ടാകുന്നതു വരെ മൂന്നോ നാലോ പ്രാവശ്യം മടങ്ങിച്ചെന്നിരുന്നു എന്ന് പറഞ്ഞു. (വാ.പു.89, പേ. 60-1; 1990-ലെ വാർഷികപുസ്തകം പേ. 47-9ഉം കാണുക.) ഒരു വർഷത്തെ വരിസംഖ്യ രൂ. 235-നു തുല്യമായ തുകയുളള ജപ്പാനിൽ, ഒക്ടോബറിൽ സഹോദരങ്ങൾ 71,600-ലധികം വരിസംഖ്യകൾ സമർപ്പിച്ചു, ഒരു പുതിയ അത്യുച്ചവും ഒരു വർഷം മുമ്പത്തെ അതേ മാസത്തേക്കാൾ 57 ശതമാനം വർദ്ധനവും.
ധൈര്യത്തോടെ തുടരുക
6 നമുക്ക് നമ്മുടെ ശുശ്രൂഷയിൽ ധൈര്യമുളളവരായിരിക്കുന്നതിന് എല്ലാ കാരണവുമുണ്ട്—നമുക്ക് യഹോവയുടെ പിൻതുണയുണ്ട്. (പ്രവൃ. 14:3) ഇന്ന് സുവാർത്ത പരത്തുന്നതിന് യഹോവ ഉപയോഗിക്കുന്ന പ്രാഥമിക ഉപകരണങ്ങളിൽ ഒന്ന് വീക്ഷാഗോപുരമാണ്. നാം വരിസംഖ്യകൾ സമർപ്പിക്കുകയും മാസിക വായിക്കുന്നതിനുളള പ്രോത്സാഹനത്തോടെ പിൻതുടരുകയും ചെയ്യുന്നുവെങ്കിൽ നമ്മുടെ തീവ്രമായ യത്നം ആളുകളുടെ ജീവനെ രക്ഷിച്ചേക്കാം. അതുകൊണ്ട് നാം അറിയുന്ന എല്ലാവർക്കും നാം വയലിൽ കണ്ടുമുട്ടുന്നവർക്കും ഉത്സാഹത്തോടും ധൈര്യത്തോടും കൂടി നമുക്ക് വരിസംഖ്യകൾ സമർപ്പിക്കാം.